Written by Anu George Anchani
=====================
“തലേരാത്രിയിലെ മഴ വഴിനീളെ അടയാളങ്ങൾ പതിച്ചു വച്ചൊരു തണുത്ത പുലരിയായിരുന്നു അത്. ആശുപത്രി വളപ്പിലെ മഞ്ഞവാകമരങ്ങളിലെ പൂക്കൾ മുക്കാലും മഴയുടെ പ്രഹരമേറ്റു സിമെന്റകട്ടകൾ പതിപ്പിച്ച തറയിൽ വീണു കിടപ്പുണ്ടായിരുന്നു. മരക്കൊമ്പിൽ നിന്നും വീണു തകർന്ന ഒരു കുഞ്ഞുകിളിക്കൂട് ആയമ്മ അടിച്ചു കൂട്ടുന്നത് കണ്ടു മരച്ചില്ലയിലേയ്ക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ടാണ് മുന്നോട്ട് നടന്നത്. ഒരു കിളി നഷ്ടവേദനയിൽ അലറിക്കരയുന്നുണ്ടെങ്കിലോ?
ക്യാന്റീനിലേയ്ക്ക് ഉള്ള ഇടവഴിയുടെ അടുത്തു എത്തിയപ്പോൾ ഒരു നിമിഷം ആലോചിച്ചു. മനസ്സിലെ ദിവസകലണ്ടറിൽ ഒന്ന് കണക്കുകൂട്ടി.
“ഓ, ഇന്ന് ബുധനാഴ്ചയാണ്. പശിമയുള്ള ഇഡലിയും നല്ലപോലെ വെള്ളം കലക്കിയ കടലചമ്മന്തിയും ആയിരിക്കും പ്രാതലിന്. റൂമിൽ നിവ്യചേച്ചി ഉണ്ടാക്കിയ കട്ടൻകാപ്പിയുടെയും ഫിജിവീട്ടിൽ നിന്നും കൊണ്ടുവന്ന ഏത്തപ്പഴത്തിന്റെയും രുചി കടലയുടെ ചവർപ്പ് കൊണ്ട്പോകുമല്ലോ എന്നോർത്തപ്പോൾ തിരിച്ചു നടന്നു.
ക്യാന്റീനിലെ ബ്രേക്ക്‌ഫാസ്റ്റ് നാളെയാക്കാം. നാളെ നല്ല മൊരിഞ്ഞ ദോശയും സാമ്പാറും ആയിരിക്കും. സാമ്പാർ കാൽകാശിനു കൊള്ളില്ലെങ്കിലും ലിസി ആന്റി ഉണ്ടാക്കി തന്ന ചമ്മന്തിപ്പൊടി കൂട്ടി ആ ദോശതിന്നാലുണ്ടല്ലോ. ഓർത്തപ്പോൾ തന്നെ നാവിലെ രുചിമുകുളങ്ങൾ അശ്രുപൊഴിച്ചു.
ആശുപത്രിവളപ്പിലെ ചെറിയ പൂന്തോട്ടത്തിനടുത്തു സെക്യൂരിറ്റി ചേട്ടനും ആംബുലൻസ് ഡ്രൈവറും എന്തോ പറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. രണ്ടാൾക്കും സലാം പറഞ്ഞ് മെയിൻ റിസപ്ഷൻ കടന്നു പടികൾ കയറി മുകളിലോട്ട്. ഒന്നാം നിലയിലാണ് ന്യൂറോസർജിക്കൽ icu.
രണ്ടര വർഷം കഴിഞ്ഞു ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തിട്ട്. പഠിപ്പ് കഴിഞ്ഞ ഒരു കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റുമായി കയറിയതാണ് . മൂന്നുമാസം ട്രെയിനി ആയി എമർജൻസി ഡിപ്പാർട്മെന്റിൽ. അതുകഴിഞ്ഞിപ്പോൾ രണ്ടു കൊല്ലമായി icu വിൽ. സ്റ്റാഫ് ചെയ്ഞ്ചിങ് റൂമിൽ ബാഗു വച്ചിട്ട് യൂണിഫോം ഇട്ടുകൊണ്ട് നേരെ നഴ്സസ് സ്റ്റേഷനിലേയ്ക്ക്. ബെഡ് നമ്പർ മൂന്നും നാലും ആണ് എനിക്ക് കിട്ടിയിരിക്കുന്നത്. നാലിലെ രോഗിയെ എനിക്ക് അറിയാവുന്നതാണ്. ഇന്നലെയും എന്റെ അലോക്കേഷൻ അവിടെ ആയിരുന്നു.
ഒരു ആക്‌സിഡന്റ് കേസ് ആണ്. ഓപ്പറേഷൻ കഴിഞ്ഞിട്ടിതു രണ്ടാം ദിനം. ഇന്ന് ഒരു സി ടി സ്കാൻ ഉണ്ടാകും പിന്നെ ബ്ലഡ് ട്രാൻസ്ഫ്യൂഷനും. കാരണം, ഇന്നലെ തന്നെ ഹീമോഗ്ലോബിൻ കുറച്ചു കുറവായിരുന്നു. അങ്ങിനെ ഇന്നത്തെ പണികൾ എല്ലാം കണക്കു കൂട്ടിയാണ് മൂന്നാം നമ്പർ ബെഡിന്റെ അരികിലേക്ക് നടന്നത്. ഏകദേശം മുപ്പത്തഞ്ചു വയസ്സുള്ള ഒരു സ്ത്രീയായിരുന്നു ആ ബെഡിൽ. നല്ല പോലെ വെളുത്തു ഇച്ചിരി തടിച്ച പ്രകൃതം. കണ്ടപ്പോൾ തന്നെ പുള്ളിക്കാരി ഒരു പുഞ്ചിരി കൈമാറി. എന്നിട്ട് കാനുല ഉള്ള ഇടം കൈ തലയിണയുടെ മേലെ പൊക്കി വച്ചു ബെഡിലേയ്ക്ക് ചാരി കണ്ണുകൾ അടച്ചു. ഹാൻഡോവർ തരാൻ വന്നത് എന്റെ പാവക്കുട്ടി സിസ്റ്റർ റൂഹിയായിരുന്നു. പൊക്കം കുറഞ്ഞു കുഞ്ഞി വട്ടമുഖവും, വെള്ളാരം കണ്ണുകളും പിന്നെ എപ്പോഴും ചിരി മാത്രം ഒട്ടിച്ചു വച്ച ചുണ്ടുകളുമുള്ള ആ മിനുസമുടിക്കാരിയെ ഞാൻ പാവക്കുട്ടിയോടു അല്ലാണ്ട് വേറെ എന്തിനോടാണ് ഉപമിക്കുക.
റൂഹിയാണ് പറഞ്ഞത്. ഒരാഴ്ച മുന്നേ അടുക്കളമുറ്റത്തു കാൽ തെറ്റി വീണതാണ് ആ സ്ത്രീ. അന്ന് തൊട്ടു ഉണ്ടായിരുന്ന തലവേദന രണ്ടുദിവസമായി സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് ആശുപത്രിയിൽ വന്നതും സി ടി സ്കാൻ ചെയ്തതും. സ്കാനിംഗ് റിപ്പോർട്ട് പ്രകാരം തലച്ചോറിനുള്ളിൽ ചെറുതായി ബ്ലീഡിങ് ഉണ്ട് അവർക്ക്. അതുകൊണ്ട് ഒരു മുൻകരുതൽ എന്ന രീതിയിലാണ് ഞങ്ങളുടെ സർജൻ അവർക്ക് icu ബെഡ് വേണം എന്ന് നിർബന്ധം പിടിച്ചിരിയ്ക്കുന്നതു.
ഞാൻ ഫയലിനു മുകളിലുള്ള സ്ലിപ്പിൽ ഒന്ന് കണ്ണോടിച്ചു.
“മഞ്ജുഷ ( സ്ത്രീ ) വയസ്സ് 36yrs.
എന്റെ കണക്കുകൂട്ടലുകൾ ഒന്നും പിഴയ്ക്കാത്ത ദിവസമായിരുന്നു അത്. തിരക്കോടു തിരക്ക്. സ്കാനിംഗ് റൂമിൽ നിന്നും വന്ന പാടേ മൂന്നാം നമ്പർ രോഗിയുടെ തലയിലെ ഡ്രസിങ് മാറ്റുവാൻ ഉണ്ടായിരുന്നു. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ റിക്യുസ്റ്റ് ബ്ലഡ് ബാങ്കിൽ അയച്ചിട്ട് അവരുടെ ഭാഗത്തു നിന്നും താമസം നേരിട്ടതിൽ എനിക്ക് ദേഷ്യം, ജൂനിയർസ് ആരോ എൻട്രി ചെയ്ത മെഡിസിൻ മാറിപോയത് പറയാൻ വിളിച്ച ഫോൺ അറ്റൻഡ് ചെയ്ത എന്നോട് ഫർമസിക്കാരനു ദേഷ്യം.
” ഹോ, ആകെ മൊത്തത്തിൽ ജഗപൊഹ. അതിന്റെ ഇടയിലാണ് മഞ്ജുഷയുടെ വീട്ടുകാർ വന്നത്. അവർ ഒത്തിരി നിർബന്ധിച്ചപ്പോൾ വിസിറ്റിംഗ് ടൈം അല്ലായിരുന്നിട്ടു കൂടി ഇൻചാർജ് വന്നവർ ഓരോരുത്തരായി കടന്നു വരാൻ നിർദേശിച്ചു. ആദ്യം വന്നത് വീൽചെയറിൽ ഇരുന്ന ഒരു മനുഷ്യനാണ്. അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങളുടെ ഹൌസ് കീപ്പിങ് ഡിപ്പാർട്മെന്റിലെ ഒരു ഭയ്യ കൂടി ഉണ്ടായിരുന്നു. മഞ്ജുഷയുടെ കൈകോർത്തു പിടിച്ചു കണ്ണുനിറച്ചതല്ലാതെ അവരൊന്നും പരസ്പരം മിണ്ടുന്നതു ഞാൻ കണ്ടില്ല. പിന്നെ വന്നതും പത്തും അഞ്ചും വയസ്സുള്ള രണ്ടു ആൺകുട്ടികളുടെ ഒപ്പം പ്രായമായ ഒരമ്മയായിരുന്നു . വന്നപാടെ ആ കുഞ്ഞുമകൻ അമ്മയുടെ അടുത്തേയ്ക്ക് നുഴഞ്ഞു കയറുവാൻ ഒരു ശ്രമം നടത്തി. പക്ഷേ , ഒരു പത്തു വയസ്സുകാരൻ അവന്റെ പ്രായത്തിൽ കവിഞ്ഞ കരുതലോടെ തന്റെ കുഞ്ഞനുജനെ ചേർത്ത് പിടിച്ചു നിർത്തി.
എനിക്ക് അധികം പരിചയമില്ലാത്ത ഭാഷയിൽ ആ അമ്മ എന്നോട് എന്തൊക്കെയോ കരഞ്ഞു കൊണ്ട് എണ്ണിപ്പെറുക്കുവാൻ തുടങ്ങി. ആ സ്ത്രീ അവരുടെ അമ്മായിഅമ്മ ആണെന്ന അറിവിൽ എനിക്ക് ആശ്ചര്യം തോന്നി. കണ്ണ് തുടച്ചു പുറത്തേയ്ക്ക് പോയ അവരെ നോക്കിയപ്പോൾ എനിക്ക് എനിക്ക് എന്തോ വല്ലായ്മ തോന്നി. അരുതാത്തത് ഒന്നും സംഭവിക്കല്ലേയെന്നു ഞാൻ ഒരു നിമിഷം പന്ത്രണ്ട് ശ്ലീഹാന്മാരോടും അപേക്ഷിച്ചു. എന്റെ മനസ്സിൽ ഇടവകപ്പള്ളിയിലെ ശ്ലീഹന്മാരുടെ രൂപക്കൂടിനു മുന്നിൽ പന്ത്രണ്ടു മെഴുകു തിരികൾ എരിഞ്ഞു.
അന്നത്തെ ആറുമണിക്കൂർ ഷിഫ്റ്റ് തീരുവാൻ കുറച്ചു സമയം കൂടി ഉള്ളപ്പോഴാണ് മഞ്ജുഷ എന്നെ അടുത്തേയ്ക്ക് വിളിച്ച് അവരുടെ മുടി ഒന്ന് ഒതുക്കി കെട്ടുമോയെന്നു ചോദിച്ചത്. എല്ലാബെഡ്സൈഡിലും ഒരു ചെറിയ കിറ്റ് ഉണ്ടാവും. ചെറിയ ഒരു ചീപ്പും, നെയിൽ കട്ടറും, പിന്നെ ഒരു ബോഡിലോഷൻ ക്രീം. എന്നിവ അടങ്ങിയത്. അതിൽ നിന്നും ഞാൻ ചീപ്പെടുത്തു അവരുടെ മുടി രണ്ടായി വകഞ്ഞു ചീകുവാൻ തുടങ്ങി. നല്ല ഇടതൂർന്ന കറുത്ത മുടിയാണവർക്ക് എണ്ണമയം അധികം ഇല്ലെങ്കിലും നല്ല തിളക്കമുള്ള മുടി. മെടഞ്ഞ മുടി ഡ്രസിങ് ബാൻഡേജ് ഉപയോഗിച്ച് കെട്ടുന്നതിന്റെ ഇടയിലാണ് അവർ എന്നോട് ചോദിച്ചത്.
” ഓപ്പറേഷൻ ചെയ്യുകയാണെങ്കിൽ ഈ മുടി ഒക്കെയും മുറിച്ചു കളയേണ്ടി വരുമല്ലേ സിസ്റ്ററേ..? ഹേയ്, ഓപ്പറേഷൻ ഒന്നും വേണ്ടി വരില്ലന്നെ, മഞ്ജുഷ സമാദാനത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കൂ..
ഹ്മ്മ്.. “
എന്റെ ആശ്വാസവാക്കിൽ വല്യ വിശ്വാസമില്ലാത്ത പോലെ അവരൊന്നു ഇരുത്തി മൂളി. പിന്നെയൊരു ദീർഘനിശ്വാസമെടുത്തു കൊണ്ട് ബെഡിലേയ്ക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു.
ഡ്യൂട്ടി കഴിഞ്ഞു ചെന്നപ്പോൾ ഊണ് കഴിക്കുന്നതിനൊപ്പം എനിക്ക് റൂമേറ്റ്സ്നോട് പറയാനുണ്ടായിരുന്നത് മഞ്ജുഷയുടെ കുടുംബവിശേഷങ്ങൾ ആയിരുന്നു.
“ആഹാ,,അന്നചേച്ചിയ്ക്ക് ഇന്ന് ചിന്തിച്ചു കൂട്ടാനുള്ള വകയായല്ലോ.? എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സേതുവിൻറെ കമ്മന്റാണ്.
ഒന്ന് പോടി എന്ന് പറഞ്ഞ് ചുണ്ടുകോട്ടിയെങ്കിലും അവൾ പറഞ്ഞത് സത്യമായിരുന്നു.
അന്നേ വൈകുന്നേരം പതിവ് നടത്തത്തിനു പോകുവാനോ, റോഡിനു അപ്പുറമുള്ള അപ്പൂപ്പന്റെ കടലകടയിൽ പോയി മസാലകടല വാങ്ങുവാനോ ഒന്നും ഒരുതാല്പര്യം തോന്നിയില്ല ആകെക്കൂടെ ഒരു മൂടിക്കെട്ടിയ അവസ്ഥ.
പ്ലേലിസ്റ്റിൽ ഏറ്റവും പ്രിയഗാനം “മഞ്ചാടിമണികൊണ്ടു ” സെലക്ട് ചെയ്തു ഹെഡ്സെറ്റ് ചെവിയിൽ തിരുകി. മഞ്ജുഷയുടെ അമ്മ പറഞ്ഞ വിവരങ്ങൾ വച്ചു. ഞാൻ അവരുടെ കുടുംബത്തെ ഒന്ന് മനസ്സിൽ വരച്ചു നോക്കി.
“കൊൽക്കത്തയിലെ ഒരിടത്തരം കുടിയേറ്റ കുടുംബത്തിലേക്ക് മരുമകളായി വന്ന പത്തൊൻപത്കാരി പെൺകൊടി. മീൻവിഭവങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ നീണ്ട വിരലുകളോട് അടുക്കളയിലെ ചൂടുള്ള പാത്രങ്ങൾ എപ്പോഴും യുദ്ധം പ്രഖ്യാപിക്കുമായിരുന്നു. അപ്പോഴുണ്ടാകുന്ന മുറിവുകളിൽ ഒക്കെയും ഒലിവെണ്ണ പുരട്ടി അവളെ സ്വാന്തനിപ്പിച്ചത് അവളുടെ ഭർത്താവിന്റെ അമ്മയായിരുന്നു. അതുമാത്രമല്ല കുങ്കുമനിറം പടരുന്ന സന്ധ്യയിൽ പഴയ ബംഗാളിപ്പാട്ടുകളിൽ അലിഞ്ഞു ചേരുവാനും, ആഴ്ചയുടെ അവസാനം തലമുടിയ്ക്ക് മൈലാഞ്ചിയുടെ തണുപ്പ് പകർന്നു കൊടുക്കാനുമൊക്കെ അവർ അവളെ ശീലിപ്പിച്ചിരുന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ എത്തിയ സന്താനഭാഗ്യത്തിന്റെ സന്തോഷത്തിനു വിരാമമിട്ടത് രണ്ടാമത്തെ മകന്റെ പിറന്നാൾ ദിനത്തിൽ അവളുടെ ഭർത്താവിന് പറ്റിയ ഒരു അപകടമായിരുന്നു .
സമ്പാദ്യം ഒട്ടു മുക്കാലും ചിലവഴിച്ചതിനു ശേഷം അയാളുടെ ജീവിതം കിടന്ന കിടപ്പിൽ നിന്നും ഒരു വീൽചെയറോളം എത്തിക്കാൻ അവർക്കായി. പിന്നീട് അതിജീവനത്തിന്റെ പാതയിൽ ആയിരുന്നു നാളിതുവരെ. രുചിയേറും ചെറുപലഹാരങ്ങളുടെ ഒരു ചെറുകിട വ്യവസായം അവൾ പലരുടെയും സഹായത്താൽ കെട്ടിപ്പടുത്തു. അതിന്റെ ഇടയ്ക്കാണ് ഈ വീഴ്ചയും ആശുപത്രി വാസവും.
കടുത്ത കാറ്റിനും മഴയ്ക്കും ശേഷം വീണ്ടും നേരം പുലർന്നു. ക്യാന്റീനിലെ പ്രഭാതഭക്ഷണത്തിനു ശേഷം വീണ്ടും സ്ഥിരം പടക്കളത്തിലേയ്ക്ക്..അന്ന് ഷിഫ്റ്റ് ചാർജ് ഡ്യൂട്ടി ഉള്ളത് കൊണ്ട് എനിക്ക് പേഷ്യന്റ്നെ ഇട്ടിട്ടില്ല. എന്നാലും നേരെ പോയത് മൂന്നാം നമ്പർ കട്ടിലിലേക്ക് ആണ്. വെന്റിലേറ്റർ ഓൺ ആയി ഇരിക്കുന്നത് കണ്ടപ്പോളേ കാര്യം ഊഹിച്ചു . തലയിൽ ബ്രൗൺ കളർ ബാൻഡേജ് കൊണ്ട് മറച്ച വലിയ ഒരു കെട്ടുമായി മഞ്ജുഷ. തലേ രാത്രിയിൽ ശർദ്ദിച് അവശയായി ബോധരഹിത ആയ അവരെ പെട്ടന്ന് തന്നെ ഇന്റുബേറ്റു* ചെയ്യുകയും. എമർജൻസി ഓപ്പറേഷന് വേണ്ടി കയറ്റുകയായിരുന്നുവത്രേ..
ദിവസങ്ങൾ കുറച്ചധികമായിട്ടും മഞ്ജുഷയുടെ നിലയിൽ വല്യ മാറ്റമൊന്നും ഉണ്ടായില്ല. ഇടയ്ക്ക് ഒന്ന് കണ്ണ് തുറന്നു അത്രമാത്രം.അവരുടെ കൺപോളകൾ കരുവാളിച്ചു തുടങ്ങിയിരുന്നു. പ്രെഷർ സോർ വരാതെ ഇരിക്കുവാൻ ആ ബെഡിൽ എത്തുന്ന ഓരോ സ്റ്റാഫും കിണഞ്ഞു ശ്രമിച്ചിരുന്നു. രണ്ടു മണിക്കൂർ കൂടുമ്പോൾ അവരെ പൊസിഷൻ മാറ്റി കിടത്തുന്നതിൽ എല്ലാവരും ശ്രദ്ധപതിപ്പിച്ചിരുന്നു
സന്ദർശക സമയത്തു വീട്ടുകാർവരുകയും ആ അമ്മ അലമുറയിട്ടു കരയുകയും ചെയ്യുന്ന കാഴ്ച്ച ഇപ്പോൾ ഞങ്ങൾക്ക് ശീലമായി. ഞങ്ങളുടെ ആശ്വാസവാക്കുകൾക്ക് ക്ഷാമം ഉണ്ടായെങ്കിലും അവരുടെ കണ്ണുനീർ തോർന്നതേയില്ല.
അങ്ങിനെ ഇരിക്കെ ഒരു ദിവസമാണ്. അവർ ലാമ* ഡിസ്ചാർജ് പോകുവാനുള്ള റിക്യസ്റ്റും ആയി വരുന്നത്. വേറൊന്നും കൊണ്ടല്ല കുതിച്ചുയരുന്ന ആശുപത്രി ബില്ല് തന്നെ പ്രധാനകാരണം. ടൗണിൽ തന്നെയുള്ള സർക്കാർ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുവാനായിരുന്നു അവരുടെ ശ്രമം.
ആശുപത്രി അധികൃതരുടെയും ഞങ്ങളുടെ ഡിപ്പാർട്മെന്റ് തലവന്റെയും ഒക്കെ ഇടപെടലുകൾ മൂലം ആ ശ്രമം രണ്ടു മൂന്നു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുവാൻ സാധിച്ചുവെങ്കിലും ഒരു വ്യാഴാഴ്ച മഞ്ജുഷയെ അവരുടെ വീട്ടുകാർ ഏർപ്പെടുത്തിയ ആംബുലൻസിൽ കയറ്റി വിടുവാൻ നിയോഗിക്കപ്പെട്ടതും ഞാനും റൂഹിയും തന്നെയായിരുന്നു.
ജീവൻരക്ഷാ മാർഗങ്ങൾ ഉള്ള ആംബുലൻസ് അവരെയും കൊണ്ട് ആശുപത്രിഗേറ്റ് കടന്നു പോയത് മഴ നനഞ്ഞ വാകപ്പൂക്കളെ ഞെരിച്ചരച്ചു കൊണ്ടായിരുന്നു.
ഞാൻ മരച്ചില്ലകളുടെ ഇടയിലൂടെ ആകാശത്തേയ്ക്ക് നോക്കി. കാർമേഘങ്ങൾ മൂടിയ മാനത്തു പ്രതീക്ഷയുടെ ഒരു തുണ്ട് പ്രകാശം പോലും ഉണ്ടായിരുന്നില്ല.
കാലം കുറേ കടന്നു പോയി. മഞ്ജുഷയ്ക്കും അവരുടെ കുടുംബത്തിനും പിന്നീടെന്തു സംഭവിച്ചു എന്ന് എനിക്കറിയില്ല. ആ നാട്ടിലെ ജോലിയും കളഞ്ഞു ഞാനൊരു പ്രവാസിയായി. എങ്കിലും മഞ്ഞവാകപ്പൂക്കളുടെ ഓർമ്മകൾക്ക് ഇന്നും എന്റെ മനസ്സിൽ മഞ്ജുഷയുടെ മുഖമാണ്…
=============
**ഇന്റുബേഷൻ :- രോഗിയെ വെന്റിലേറ്ററിലേയ്ക്ക് ഘടിപ്പിക്കുന്ന ജീവൻ രക്ഷാമാർഗം. *പ്രെഷർ സോർ :-ദീർഘകാലം ഒരേ കിടപ്പു കിടക്കുമ്പോൾ ദേഹത്തു ഉണ്ടാകുന്ന മുറിവുകൾ.
**ലാമ ( lama:- Left Against Medical Advice ) സ്വന്തം ഇഷ്ടപ്രകാരം രോഗിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി പോകുന്നത്
~Anu george anchani