നാട്ടുകാരുടെ ഈ ഡയലോഗ് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഗ്രാമത്തിലേക്ക് വന്നത്…

ചീത്തപ്പേര്….

Story written by Jishnu Ramesan

===================

ഏഴു വർഷത്തിനു ശേഷം തിരികെ കൂട്ടിക്കൊണ്ട് പോകാൻ അച്ഛനും അമ്മയും വരുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്… പക്ഷെ ആരും തന്നെ വന്നില്ല…

വരാത്തതിന് ഒരു കാരണമുണ്ട്, ഞാൻ ഗൾഫിൽ നിന്നൊന്നും അല്ല വരുന്നത്..”ജയിലിൽ” നിന്നാണ്.. ഒരു പരോളുപോലും ഇല്ലാത്ത കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഞാൻ നന്നായി എന്നു വേണം പറയാൻ…! പക്ഷെ നന്നാവാൻ മാത്രം കൊള്ളരുതാത്തവൻ അല്ല ഞാൻ…

നാട്ടിലേക്കുള്ള ബസ്സിൽ കയറിയപ്പോ തുടങ്ങിയതാണ് പരിചയക്കാരുടെ ഒരു മുഷിഞ്ഞ നോട്ടവും പരിഹാസവും…അമ്പലമുറ്റത്ത് ബസിറങ്ങിയപ്പോ പീടികത്തിണ്ണയിലും ആൽത്തറയിലും ഇരിക്കുന്ന കാർന്നോമാരും മറ്റും എന്തോ ഒരു ഗുണ്ടയെ നോക്കുന്ന പ്രതീതിയിൽ എന്നെ നോക്കി..

എങ്ങനെ നോക്കാതിരിക്കും, നാശം പിടിക്കാനായിട്ട്‌ ശരിക്കും ഒരു ഗുണ്ടയുടെ ലുക്ക് ഉണ്ട്..ജയിലിൽ നിന്ന് പോകാൻ നേരം അവര് തലമുടി പറ്റ വെട്ടി..പിന്നെ ആ ഏഴു വർഷം ജയിലിൽ ജോലി ചെയ്തതിന്റെ കുറച്ച് കാശും കയ്യിൽ ഉണ്ടായിരുന്നു..കാശ് ഞാൻ ഒരു കവറിൽ പൊതിഞ്ഞാണ് കയ്യിൽ പിടിച്ചത്..ഇപ്പൊ ശരിക്കും ഒരു ഭീ കര ലുക്കാണ്…

അതിനിടക്ക് മുറുക്കാൻ കടയിൽ നിന്നിരുന്ന ഒരാള് “അത് വടക്കേലെ ദാമോദരന്റെ മോനല്ലെ, വിഷ്ണു…?” എന്നൊരു ചോദ്യം…!

ഹും ഒരു പാവത്തിനെ കൊ ന്നിട്ട് ജയിലിൽ പോയതാ അവൻ… പണ്ടേ ക ഞ്ചാ വാ അവൻ, അതിന്റെ കൂടെ ഇപ്പൊ ഒരാളെ കൊ ല്ലുകയും ചെയ്തു…ഇവനൊക്കെ ഇനി എന്തിനാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്…!

നാട്ടുകാരുടെ ഈ ഡയലോഗ് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഗ്രാമത്തിലേക്ക് വന്നത്…ഞാൻ വീട്ടിലേക്കുള്ള നടത്തത്തിന് വേഗത കൂട്ടി.. “ഹൊ എന്തൊരു വെയില്.. എവിടെയെങ്കിലും ഒന്നിരിക്കാം..” എന്ന് കരുതി ഞാൻ മുമ്പ് സ്ഥിരം ഇരിക്കാറുള്ള പാടത്തിനു നടുവിലെ ആൽമരചുവട്ടിൽ ഇരുന്നു..

ഞാൻ ഒരു പാവത്തിനെ കൊ ന്നു എന്ന് നാട്ടുകാര് പറഞ്ഞത് വെറുതെയല്ല, സത്യമാണ്…അതിന്റെ കാരണം ഞാൻ പറയാം…

“നാട്ടിൽ അത്യാവശ്യം ചീത്തപ്പേരുള്ള ഒരു പയ്യനായിരുന്നു ഞാൻ.. നമ്മൾ അരുതാത്തത് ഒന്നും ചെയ്യണമെന്നില്ല ചീത്തപ്പേര് കേൾക്കാൻ…അരുതാത്തത് ചെയ്യുന്നവരുടെ കൂടെ ഉണ്ടായാൽ മതി…എന്റെ മോശം സമയം കൊണ്ട് എന്റെ കൂട്ടുകാര് ചെയ്യുന്ന തെമ്മാടിത്തരത്തിന് ഉത്തരവാദി ഞാൻ ആയി..

അവന്മാർ ക ഞ്ചാ വ് വലിച്ചതിന് പിടിച്ചത് എന്നെ.. അന്ന് മുതൽ അവരുമായുള്ള ചങ്ങാത്തം നിർത്തി.. പക്ഷെ പിന്നീട് ഒരു ദിവസം അവന്മാർ ചെയ്ത മോഷണം കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ ആയി..

അച്ഛനും അമ്മയും വീട്ടിൽ എന്റെ പേരും പറഞ്ഞ് അടിയും ബഹളവും ആയി.. എങ്ങനെ എങ്കിലും നാട്ടിൽ നല്ലൊരു പേര് ഉണ്ടാക്കി എടുക്കണം എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ… പക്ഷെ പുറത്തിറങ്ങിയാൽ എല്ലാവർക്കും ഒരു അകൽച്ച ആയിരുന്നു എന്നോട്..

അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ കുടുംബശ്രീ മീറ്റിംഗ് നടന്നു..വീടിന്റെ അരികത്തുള്ള ഉമ്മറകോലായിൽ ആണ് അവരെല്ലാം ഇരുന്നത്..

എന്നെ കണ്ടതും അവരിൽ പലരും അമ്മ കേൾക്കാതെ എന്നെ പറ്റി അടക്കം പറയുന്നുണ്ട്..ഞാൻ അവിടെ ഉമ്മറത്ത് കസേരയിൽ ഇരുന്നു…അച്ഛൻ പറമ്പിൽ ആ പൊരി വെയിലത്ത് വാഴക്ക്‌ തടം എടുക്കുന്നുണ്ട്…മനസ്സിൽ നൂറു കൂട്ടം ചിന്തകളായിരുന്നൂ..നാണക്കേട് കൂടാതെ ഒന്ന് പുറത്തിറങ്ങി നടക്കാൻ പറ്റിയെങ്കിൽ..!എനിക്ക് തെളിയിക്കണം ഈ നാട്ടുകാരുടെ മുന്നിൽ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..

ആ സമയത്താണ് ഒരു ഭിക്ഷക്കാരൻ വീട്ടിലേക്ക് “വല്ലതും തരണേ” എന്നും ചോദിച്ചു കൊണ്ട് വരുന്നത്…

“ഇത് തന്നെ അവസരം..ഇയാളെ കാര്യമായിട്ട് സഹായിച്ചാൽ നന്നാവലിന്റെ ആദ്യപടിയായി.. അതും ഇവിടെ കൂടിയിരിക്കുന്ന കുടുംബശ്രീ ചേച്ചിമാരുടെ മുന്നിൽ.. ഇവരാവുമ്പോ നാട്ടിൽ വാർത്ത പരത്താൻ ന്യുസ് പേപ്പെറിനേക്കൾ വേഗതയാണ്…ഞാൻ ഒരാളെ സഹായിച്ചു എന്നെങ്കിലും പറയാതിരിക്കില്ല…

അവര് കേൾക്കെ ഞാൻ ഭിക്ഷക്കാരനോട് പറഞ്ഞു, “നിങ്ങൾ ഇവിടെ ഇരിക്ക്‌ ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ കൊണ്ടു വരാം…”

അതും പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് പോയി..അമ്മ രാവിലെ ഉണ്ടാക്കിയ ദോശ കഴിഞ്ഞു..”ശോ ഇനി എന്ത് കൊടുക്കും അയാൾക്ക്.. “അപ്പോഴാണ് കണ്ടത് അമ്മ ഒരു ചെറിയ പാത്രത്തിൽ ചോറ് ഇട്ടു വെച്ചിരിക്കുന്നത്…

“ചോറെങ്കി ചോറ്, കുറച്ച് അച്ചാറും കൂട്ടി കൊടുക്കാം..അയാള് കഴിച്ചോളും..” എന്ന് വിചാരിച്ച് ചോറും എടുത്ത് ഞാൻ ഉമ്മറത്തേക്ക് നടന്നു..

പാവം അയാള് ഒറ്റ ഇരുപ്പിന് അത് മുഴുവനും അകത്താക്കി.. എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് കൈ പോലും കഴുകാതെ എണീറ്റ് നടന്നു..

പെട്ടന്നാണ് അത് സംഭവിച്ചത്, ചക്ക വെട്ടിയിട്ടത് പോലെ ആ ഭിക്ഷക്കാരൻ നിലത്തു വീണു..ശബ്ദം കേട്ട് കുടുംബശ്രീ ചേച്ചിമാരും അമ്മയും ഓടി വന്നു..ഞാൻ പെട്ടന്ന് ചെന്ന് അയാളെ തിരിച്ചു കിടത്തി..വായിൽ നിന്നും മൂക്കിൽ നിന്നും, അങ്ങനെ എവിടുന്നോക്കെ ആണോ ചോര വരുന്നതെന്ന് എനിക്ക് പോലും അറിയില്ല..

അയാളുടെ ശ്വാസം നിലച്ചിരുന്നു…അപ്പോഴാണ് ഞാൻ അറിഞ്ഞത് ” എലിയെ കൊ ല്ലാ ൻ അമ്മ വി ഷം കലർത്തി വെച്ചിരുന്ന ചോറാണ് ഞാൻ ഇയാൾക്ക് കഴിക്കാൻ എടുത്ത് കൊടുത്തതെന്ന്..”

അങ്ങനെ നാട്ടിൽ നല്ലപേര് ഉണ്ടാക്കാൻ നോക്കിയ ഞാൻ ഭിക്ഷക്കാരന് വി ഷം കൊടുത്തു കൊ ന്നു എന്നും പറഞ്ഞ് ജയിലിൽ ആയി.. മനപൂർവ്വമല്ലാത്ത കുറ്റം ആയിട്ടും നാട്ടിലെ ക ഞ്ചാ വടിയനെന്നും ക ള്ള നെന്നും അറിയപ്പെടുന്നത് കൊണ്ട് നാലു വർഷമുള്ള ശിക്ഷ ഏഴു വർഷമായി കിട്ടി…..

ആൽത്തറയിൽ കിടന്നു സമയം പോയതറഞ്ഞില്ല..ഞാൻ വീട്ടിലേക്ക് നടന്നു..ഉമ്മറത്ത് അച്ഛൻ ചാരു കസേരയിൽ ഇരിക്കുന്നുണ്ട്…

എന്നെ കണ്ടതും, ” അകത്തേക്ക് ചെല്ല്‌…കുളിച്ച് എന്തെങ്കിലും കഴിക്ക്‌” എന്നൊരു ഡയലോഗ് മാത്രമാണ് അച്ഛൻ മൊഴിഞ്ഞത്..

ഞാൻ അടുക്കളയിലേക്ക് ചെന്നതും അമ്മ എന്നെ ഒരു ദേഷ്യത്തിലെന്ന പോലെ നോക്കി…ഞാൻ ഇന്ന് ഇറങ്ങുന്നത് അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു എന്നെനിക്ക് മനസ്സിലായി..

ഞാൻ ഒന്നും മിണ്ടാതെ നേരെ പോയി കുളിയൊക്കെ കഴിഞ്ഞ് വന്നു…ഒരു പ്രതികാരമെന്ന പോലെ ഞാൻ ഭിക്ഷക്കാരന് ചോറു കൊടുത്ത അതേ പാത്രത്തിലാണ് അമ്മ എനിക്ക് കഞ്ഞി വിളമ്പിയത്…അത് കണ്ട് ഞാൻ അമ്മയെ ഒന്ന് നോക്കി..

“നോക്കണ്ട വിഷമൊന്നും ചേർത്തിട്ടില്ല…ഇങ്ങനെ എങ്കിലും ചെയ്തില്ലെങ്കി…..!” അമ്മ അത്രയും പറഞ്ഞ് അടുക്കളയിലേക്ക് കയറി..

കഞ്ഞി കുടിച്ച് കഴിഞ്ഞ് ഉമ്മറത്തേക്ക് വന്നപ്പോ അച്ഛൻ പതിവു പോലെ ഇപ്പോഴും പറമ്പിൽ കിളയ്ക്കുന്നുണ്ട്..നാട്ടുകാരുടെ പരിഹാസവും ആട്ടിയകറ്റലും പേടിച്ച് പുറത്തിറങ്ങണ്ട എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു…

അന്നാദ്യമായി ഞാൻ ഒരു തൂമ്പയും എടുത്ത് അച്ഛനൊപ്പം പറമ്പിലേക്ക് നടന്നു..ഇത് കണ്ട് അച്ഛൻ ഞാൻ കാണാതെ കരയുന്നുണ്ടായിരുന്നു.. അന്ന് തുടങ്ങിയ അധ്വാനമാണ്, ഇന്ന് ഒമ്പത് വർഷം കഴിഞ്ഞു..

കഴിഞ്ഞ ഒമ്പത് വർഷത്തെ ഈ നാട്ടിലെ ഏറ്റവും കൂടുതൽ വിളവ് ഞാൻ ചെയ്ത കൃഷിക്ക് ആയിരുന്നു.. ഇന്നത്തെ രാത്രി മനസ്സിൽ നിന്ന് വലിയൊരു ഭാരം ഇറക്കി വെച്ച സുഖമാണ്..

കാരണം, നാളെ ഞാൻ കർഷകശ്രീ അവാർഡ് വാങ്ങാൻ പോവുകയാണ്..ഇന്നെനിക്ക് മനസ്സിലായി ദൈവം എന്നൊരു ശക്തി ഉണ്ടെന്ന്..എന്ത് നല്ല കാര്യത്തിനും ഒരു പരീക്ഷ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.. ഈ കാലത്തിനിടക്ക്‌ എന്റെ നാട്ടുകാർക്ക് അവരുപോലും അറിയാതെ ഞാൻ അവർക്ക് പ്രിയപ്പെട്ടവൻ ആവുകയായിരുന്നു….

~ജിഷ്ണു രമേശൻ