സിദ്ധചാരു ~ ഭാഗം 11, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു

ഹോസ്പിറ്റലിൽ നിന്നിറങ്ങിയപ്പോഴാണ് മഹിമയുടെ ഫോൺ വന്നത് …

“ചാരു …!!

നീയെവിടെയാ ….??”

“ഞാൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി മഹി …!!”

“വേഗം വീട്ടിലേക്ക് പോരെ …

രാച്ചിയമ്മയില്ലേ കൂടെ …??”

“ഉണ്ട് …!!”

“സ്പെയർ കീ വച്ച് ഞാൻ വാതിൽ തുറന്നു കയറി …

നിന്നെ കാത്തിരിക്കയാണ് ….

ഒരത്യാവിശ്യ കാര്യം സംസാരിക്കാനുണ്ട് …!!”

“എന്താ മഹി ….??”

“നേരിട്ട് പറയാം …!!

ഇനിയിപ്പോൾ ബസ്സിലൊന്നും കയറാൻ നിൽക്കണ്ട …

ഓട്ടോ പിടിച്ചിങ്ങു വന്നേക്ക് …!!”

ഫോൺവച്ചതും രാച്ചിയമ്മയുടെ ചോദ്യമുണ്ടായി …

“മഹിമോളാണോ വിളിച്ചത് …??”

“അതേ ….!!

അവൾ വീട്ടിലുണ്ട് പെട്ടെന്ന്…

അങ്ങോട്ട് ചെല്ലാൻ പറഞ്ഞു …

ആ ഓട്ടോക്ക് കൈ കാണിക്കൂ രാച്ചിയമ്മേ ….”

വീട്ടിൽ ചെല്ലുമ്പോഴേക്കും അവിടെ അക്ഷമയായി മഹിമ ഇരിപ്പുണ്ടായിരുന്നു …

“ഡോക്ടർ എന്തുപറഞ്ഞു ചാരു …??”

വന്നപാടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് മഹിമ ആരാഞ്ഞു …

ചാരുവിന്റ മുഖം താഴ്ന്നു ….

“ഇപ്പോഴും നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ല അല്ലേ …??”

അവൾ വേദനയോടെ മന്ദഹസിച്ചുകൊണ്ട് വിഷയം മാറ്റാനൊരു ശ്രമം നടത്തി …

“നീയെന്തോ അത്യാവിശ്യ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ….??”

“നീയാദ്യം ഇവിടെ വന്നിരിക്ക് …!!”

ചാരുവിനെ സോഫയിലേക്ക് പിടിച്ചിരുത്തി അവൾ ….

“ഒന്നരമാസമായുള്ള നിന്റെ ഇവിടുത്തെ സ്വൈര്യ വിഹാരത്തിനു ഒരു തടസ്സം വരാൻ പോകുന്നു ….!!

അതാണ് കാര്യം …”

“എന്ത് …??

നീയിതെന്തൊക്കെയാ മഹി പറയുന്നേ …??”

“അതേടീ ….!!

അച്ഛൻ അറിയാതെയല്ലേ നിനക്കീ ഒളിത്താവളം ഞാനൊരുക്കിയത് …

ഇപ്പോൾ കൂടെ വർക്ക് ചെയ്യുന്ന ഒരാളുടെ റെക്കമെൻഡേഷൻ ആണ് …

സിറ്റി ഹോസ്പിറ്റലിലേക്ക് പുതുതായി ജോയിൻ ചെയ്യുന്ന ഒരു ഡോക്ടറിന്റെ താമസസൗകര്യത്തിന് വേണ്ടിയാണ് …!!

റെന്റിന്‌ കൊടുക്കാനാണെങ്കിലും അയാളിത് വിലക്ക് മേടിക്കുന്നുവെന്നാണ് അറിഞ്ഞേ …”

“ഇനി …ഇനി എന്താ ചെയ്ക മഹി …??”

ചാരു വെപ്രാളത്തോടെ ചോദിച്ചു …

“അറിയില്ല …!!

ആൾ നാളെ രാവിലെയോ മറ്റോ ഇവിടേക്ക് താമസത്തിനെത്തുമെന്നാണ് അറിവ് ….

നിന്റെ കാര്യം ഇനി അച്ഛനോട് പറയുക അത്ര എളുപ്പമല്ല …!!

മറച്ചുവച്ചതിനു എനിക്കാകും കുറ്റം …!!”

“എന്നെക്കാരണം നിനക്കും പ്രയാസങ്ങളായിത്തുടങ്ങി അല്ലെ മഹി ….??”

ഒഴുകാൻ ഒരുങ്ങിയ കണ്ണീർ അവളുടെ കവിൾത്തടം നനച്ചു ….

“എന്താ ചാരു ഇത് …!!

അങ്ങനെ ഞാൻ പറഞ്ഞോ ….??

ഞാൻ താമസിക്കുന്നിടത്തേക്ക് കൊണ്ടുപോകാമായിരുന്നു നിന്നെ ….

പക്ഷെ അറിയാല്ലോ …!!

അമ്മ ഒരു പ്രത്യേക സ്വഭാവമാണ് …

എന്റെ അമ്മയിൽ നിനക്കൊരു മോശം പെരുമാറ്റം ഉണ്ടാകുന്നത് എനിക്കും ക്ഷീണമാണ് ….!!

വരട്ടെ നോക്കാം ….!!

ഞാനാലോചിച്ചിട്ട് ഒരു വഴിയേയുള്ളു ….”

“എന്ത് വഴി …??”

“ആ ഡോക്ടറിന്റെ അറിവോടെയല്ലാതെ നിന്നെ ഇവിടെ താമസിപ്പിക്കാൻ കഴിയില്ല …

അയാളറിയാതെ ഒളിച്ച് ഒരു വീട്ടിൽ കഴിയാനും പ്രയാസമാണ് …

നമുക്കൊന്നയ്യാളോട് സംസാരിച്ചു നോക്കിയാലോ ചാരു …”

“അത് ശരിയാവോ …??”

“നോക്കാം എന്നല്ലേ പറഞ്ഞുള്ളൂ …!!

പകുതി റേന്റോ മറ്റോ കൊടുക്കേണ്ടി വന്നാൽ അത് നമുക്ക് കൊടുക്കാം ….

കുറച്ചെങ്കിലും മനസ്സാക്ഷി ഉള്ളയാളാണെങ്കിൽ നിന്റെ അവസ്ഥ പറഞ്ഞാൽ അയാൾക്ക് മനസ്സിലാകും ….!!”

“എന്റെ …എന്റെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല മഹി …!!

ഒരുപക്ഷെ നിനക്ക് പോലും …!!”

ചാരുലത സ്വയം പറഞ്ഞു …

പതിഞ്ഞ ശബ്ദത്തിലെങ്കിൽ പോലും മഹിമയത് കേൾക്കുന്നുണ്ടായിരുന്നു….

” മനസ്സ് തുറക്കാൻ നിനക്ക് താൽപര്യമില്ലെങ്കിൽ ഞാനെങ്ങനെയാ ചാരു അതറിയുന്നേ ….??

ഇപ്പോഴും ഈ കുഞ്ഞിന്റെ രഹസ്യം പോലും നീയെന്നോട് മറച്ചുപിടിച്ചിരിക്കയല്ലേ …!!”

“മഹി… അത് …”

ചാരുവിന് വല്ലായ്മ തോന്നി ….

“സാരല്ല്യ …!!

നിന്റെ മനസ്സ് സ്വസ്ഥാവണ വരെ ഞാനതു കേൾക്കാൻ കാത്തിരിക്കും …

എന്തിനാ നിന്റെ വീട്ടുകാരെ വിട്ടുപോന്നതെന്നറിയാൻ….

എന്തിനാ സിദ്ധാർത്ഥിനെ ഉപേക്ഷിച്ചതെന്നറിയാൻ …

എല്ലാം നീ നിന്റെ സ്വന്ത ഇഷ്ടപ്രകാരം എന്നോട് പറയുന്ന ദിവസം വരും ….

അല്ലേ ചാരു …??”

ചാരു ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു …

ട്രീട്മെന്റിന്റെ ആദ്യത്തെ ദിവസമാണ് ഇന്ന് …

കൂടുതൽ വ്യക്തമായിട്ടല്ലെങ്കിലും ഡോക്ടർ അഞ്ജലിയോട് തന്റെ അവസ്ഥയെപ്പറ്റി ബോധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് …

എന്നാലും ഉള്ളിലൊരു ആന്തൽ ….!!

തന്റെ ജീവനിൽ പറ്റിപ്പിടിച്ച ഒരംശത്തിനെ പറിച്ചെറിയുകയാണ് ….

ഏറ്റവും വെറുക്കുന്ന ഒരാളുടെയാണെങ്കിൽ പോലും അത് …അത് തന്റെ കുഞ്ഞല്ലേ ….!!

അല്ല …!!

പെട്ടെന്ന് ചാരു സ്വയം തിരുത്തി…

ആഗ്രഹിക്കാതെ വന്നു ചേർന്ന ഒന്നാണ് …

തന്റെ വെറുപ്പിലൂടെ പിറവി കൊണ്ടത് …!!

ചിലപ്പോൾ പിറക്കുന്നതും അയാളെപ്പോലൊരു സന്തതിയാണെങ്കിൽ വേണ്ട …

ദേഹം പൂർണ്ണമാകും മുൻപേ അത് അലിഞ്ഞില്ലാതാകട്ടെ ….!!

ചാരു നിറഞ്ഞ കണ്ണുകൾ അടച്ചു കുറച്ചുനേരം പൂജാമുറിയിലിരുന്നു ….

ചെയ്യുന്നത് തെറ്റാണ് …!!

ഒരിക്കലും പൊറുക്കാനാവാത്തത് …

ഒരമ്മയും ചെയ്തുകൂടാത്തതാണ് ….!!

പക്ഷെ വേറെ മാർഗ്ഗമില്ലാതായിപ്പോയി …

ക്ഷമിക്കരുത് ഈ അപരാധിയോട് ഒരിയ്ക്കലും …!!

പറ്റുമെങ്കിൽ എന്റെ കുഞ്ഞിനോടൊപ്പം തന്നെ എന്നെയും …..!!

തികട്ടി വന്ന കരച്ചിൽ പിടിച്ചുനിർത്താതെ ഒഴുക്കിക്കളഞ്ഞു അവൾ …

ഹോസ്പിറ്റലിന്റെ ഇടനാഴികളിലൂടെ ഇടറിയ കാൽവെയ്പുകളോടെ നടക്കുമ്പോഴും അവൾ ചുറ്റും നോക്കി ….

എന്തോകള്ളത്തരം ചെയ്യുന്ന കുറ്റബോധത്തോടെ….!!

ആരിൽ നിന്നൊക്കെയോ ഓടിയൊളിക്കുന്നത് പോലെ അവളുടെ കണ്ണുകൾ അവൾക്ക് തന്നെ ചുറ്റും പരതിനടന്നു ….!!

“മോളെ …!!”

രാച്ചിയമ്മ വിളിക്കയാണ് …

“ടോക്കൺ പതിനാലാണ് ….!!

ഇന്ന് നല്ല തിരക്കുണ്ട് …

മോൾക്ക് ഷീണം ഉണ്ടെങ്കിൽ രാച്ചിയമ്മ ക്യാന്റീനിൽ പോയി വല്ലതും വാങ്ങിവരാം …!!”

“വേണ്ട രാച്ചിയമ്മേ …

കാന്റീൻ മുകളിലാണ്…

നടക്കാൻ വയ്യാതെ രാച്ചിയമ്മ ഇനി പടിയൊന്നും കയറേണ്ട ….!!”

“നീയവിടെയിരിക്ക് മോളെ ..

ഞാൻ പോയി കുടിക്കാൻഎന്തെങ്കിലും മേടിച്ചുകൊണ്ട് വരാം …

നേരെ നിന്ന് സംസാരിക്കാൻ പോലും ത്രാണിയില്ല …

ഇന്ന് രാവിലെ കഴിച്ചതും ശർദ്ദിച്ചുകളഞ്ഞില്ലേ …

നിവർന്നുനിൽക്കാൻ കെൽപ്പ് വേണ്ടേ …

മോൾ മറുത്തൊന്നും പറയണ്ട …!!”

ചാരുവിന്റെ എതിർപ്പ് വകവെയ്ക്കാതെ തന്നെ രാച്ചിയമ്മ പടികൾ കയറി …

തർക്കിച്ചു ജയിക്കാൻ കഴിയില്ല അവരെ ….!!

തളർന്ന പുഞ്ചിരിയോടെ ചാരു ബെഞ്ചിലേക്ക് ചാരിയിരുന്നു ..

തന്നെ മറികടന്നാരോ പോയതുപോലെ പെട്ടെന്നവൾ കണ്ണുകൾ തുറന്നു …

ടോക്കൺ നമ്പർ മുറയ്ക്ക് വിളിക്കുന്നുണ്ട് …

അല്പമൊന്നു ചാരിയിരുന്നാൽ തന്നെ ഈയിടെയായി കണ്ണുകളടയാൻ തുടങ്ങിയിരിക്കുന്നു …

വീങ്ങിയ കൺപോളകൾ ബലപ്പെട്ട് തുറന്നുകൊണ്ട് അവൾ നോക്കി …

“എത്ര വരെയായി …??”

അടുത്തിരിക്കുന്ന വയറൊരൽപ്പം ഉന്തിയ സ്ത്രീയോടായി തിരക്കി പന്ത്രണ്ട് അകത്തേക്ക് വിളിച്ചു …

“അടുത്തത് ഞാനാണ് …

എത്രയാ കുട്ടിയുടെ നമ്പർ …??”

“പതിനാല് …”

“എത്ര മാസമായി ….??”

പെട്ടെന്നവരുടെ ചോദ്യം കേട്ട് ഒന്ന് പകച്ചു …

ചെക്കപ്പിന് വന്നിരിക്കുന്നവരാണ് അധികവും …

അതിനിടയിലേക്കാണ് താൻ ….!!

ഉരുത്തിരിഞ്ഞ ഒന്നിനെ നശിപ്പിക്കാനുള്ള ദൗത്യം ഇവരോരോരുത്തരും തന്റെ പുതിയ നാമ്പിനെ ജീവനോടെ അടർത്തിയെടുക്കുമെന്ന പ്രതീക്ഷയർപ്പിച്ചു വന്നിരിക്കുന്ന അതെ ഡോക്ടറെ തന്നെ ഏൽപ്പിക്കാൻ ….!!

അവളറിയാതെ തന്നെ നീണ്ട വിരലുകൾ വയറിനു മേൽ സ്ഥാനം പിടിച്ചു …!!

മറുപടി പറയുന്നതിന് മുൻപായി തന്നെ ആ സ്ത്രീ അകത്തേക്ക് കടന്നിരുന്നു …

അൽപ സമയം കഴിഞ്ഞു നഴ്സ് വന്ന് ചാരുലതയുടെ ടോക്കൺ നമ്പർ വിളിച്ചു ….

ആഗ്രഹമില്ലാഞ്ഞിട്ടുപോലും വെറുതെയെങ്കിലും കൈകൾ വയറിനു മുകളിൽ വച്ച് ഒരമ്മയാവാൻ തയ്യാറെടുക്കുന്നതുപോലെ നടക്കാൻ അവൾ വെറുതെ കൊതിച്ചു …!!

അധികം വീർത്തതല്ലെങ്കിലും ഒതുങ്ങിയ ദേഹവടിവിനൊരു ഒടിവ് വീഴ്ത്തിയ വയറിനു മേൽ മെല്ലെ കൈ വച്ച് അവൾ അകത്തേക്ക് നടന്നു….

പുഞ്ചിരിയോടെ തന്നെ ഡോക്ടർ അഞ്ജലി അവളെ സ്വീകരിച്ചു …

“ഇരിക്കൂ ചാരുലത ….!!”

അവൾ മെല്ലെ കസേരയിൽ അമർന്നിരുന്നു…

“എന്തായി തന്റെ ഡിസിഷൻ …??

തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ….??”

അവൾ മുഖം കുനിച്ചു …

“സീ മിസ് ചാരുലത …!!

എന്നെക്കൊണ്ട് കഴിയാവുന്ന വിധത്തിൽ ഞാൻ തന്നെ പറഞ്ഞുമനസ്സിലാക്കി എന്നുതന്നെയാണ് വിശ്വാസം ….

അതുകൊണ്ടാണ് ഇന്നലെ ഒരിക്കൽ കൂടി തന്നെ ഞാൻ ഫോൺ ചെയ്തത്… “

ഇന്നലെ രാത്രിയിലെ ഫോൺ സംഭാഷണം ചാരു ഓർത്തു ….

ഡോക്ടറെ ഒന്നുകൂടി വിളിച്ച് ഉറപ്പുവരുത്തണമായിരുന്നു തനിക്ക് …

പക്ഷെ എവിടെനിന്നും ഈയൊരു തീരുമാനത്തിൽ എതിർപ്പുകൾ മാത്രം ….!!

“ഡോക്ടർ …!!

ഇനിയീ തീരുമാനത്തിൽ ഒരു പുനഃപരിശോധന ഞാൻ ആഗ്രഹിക്കുന്നില്ല ….

ഈയൊരു തീരുമാനത്തിലൂടെ പല ഓർമ്മകളിൽ നിന്നും മുക്തയാവാൻ ശ്രമിക്കയാണ് ഞാൻ ഇപ്പോൾ …!!”

ദൃഢതയുള്ള സ്വരം ഡോക്ടർ അഞ്ജലിയുടെ ചെവിയിൽ മുഴങ്ങി …

“ശരി …!!

ഒരു കാര്യം ഞാൻ പറയാം ….

ഒരു ഡോക്ടർ എന്ന പദവി ഞാൻ ഏറ്റെടുത്തത്

ഒരുപാട് ജീവന്റെ രക്ഷയെ സ്വപ്നം കണ്ടാണ് …

പക്ഷെ തന്റെ അവസ്ഥ ….

ഇങ്ങനെയൊന്നിൽ എത്തിച്ചേരാനുള്ള കാരണം ….

ഒക്കെയും ഒറ്റയടിക്കൊരു സംഭാഷണത്തിലൂടെ തനിക്കെന്നോട് പങ്കുവെയ്ക്കാനും കഴിയുന്നില്ല …

ഒരു കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് തന്റെ സ്ഥാനത്തെങ്കിൽ എനിക്കീ അവസ്ഥയെ കുറിച്ച് ഊഹിക്കാൻ കഴിയും …!!

പക്ഷെ താനൊരു വിവാഹിതയായ പെൺകുട്ടി ..

ഗർഭിണിയാകുന്നതും സാധാരണം …

പിന്നെന്തുകൊണ്ടാണ് ഈയൊരു ഡിസിഷൻ ….??

നേരത്തെയായിപ്പോയി എന്ന് തോന്നലാണോ …??”

“പ്ളീസ് ഡോകട്ർ ….

കൂടുതലൊന്നും എന്നോട് ചോദിക്കരുത് …

എന്നെ സഹായിക്കാൻ ഡോക്ടർക്ക് മാത്രേ കഴിയുള്ളൂ …

പറ്റില്ലന്ന് മാത്രം പറയരുത് …!!”

ചാരു കൈകൾ രണ്ടും കൂപ്പി പറയുമെന്ന സ്ഥിതിയായി ….

ഡോക്ടർ അഞ്ജലി അവളെ സഹതാപപൂർവ്വം വീക്ഷിച്ചു ….!!

നല്ല ഐശ്വര്യമുള്ള പെൺകുട്ടി …!!

ഇത്ര ചെറുപ്രായത്തിലേ എന്തായിരിക്കും അവൾക്ക് സംഭവിച്ചിട്ടുണ്ടാവുക …??

“ശരി….!!

തന്നെ ഞാൻ സഹായിക്കാം …

പക്ഷെ ഒരു ഉപേക്ഷയുടെ പുറത്ത് …”

എന്താണെന്ന മട്ടിൽ ചാരു നോക്കി …

“ഈ കുഞ്ഞിനെ അബോർട് ചെയ്യാൻ സമ്മതമാണെന്നുള്ള കുഞ്ഞിന്റെ അവകാശിയുടെ സമ്മതം എനിക്കറിയണം ….!!”

“എനിക്ക് സമ്മതമാണ് ഡോക്ടർ …!!”

“കുഞ്ഞിന്റെ അവകാശി താൻ മാത്രമല്ലല്ലോ ചാരുലത ….

ഞാൻ ഉദ്ദേശിച്ചത് ഈ കുഞ്ഞിന്റെ അച്ഛനെയാണ് …

അങ്ങനെയൊരാളുടെ അറിവോടെയാണോ ഇത് എന്ന് എനിക്കൊരുറപ്പ് വേണ്ടേ ….!!”

“ഡോക്ടർ …അത് ….”

ചാരു വിറയാർന്ന ശബ്ദത്തിൽ അവരെ വിളിച്ചു ….

ടേബിളിനു മുന്നിലിരുന്ന ഫോൺ ശബ്ദിച്ചത് അപ്പോഴായിരുന്നു …

“യെസ് മാം …!!”

ഫോണിൽ അവർ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടുകൊണ്ട് ചാരു ഇരുന്നു …

ഇവർ കൂടി കൈവിട്ടാൽ എന്താണ് ചെയ്ക…??

അറിയില്ല …

പക്ഷെ മുന്നോട്ടുള്ള ജീവിതത്തിൽ ഈയൊരു അഴിച്ചുമാറ്റൽ അത്യാവിശ്യമാണ് തനിക്ക് …

എന്തുവന്നാലും എങ്ങനെയും അതുതനിക്ക് സാധിച്ചെടുത്തേ പറ്റുള്ളൂ …

റീസിവർ തിരികെ വച്ചുകൊണ്ട് അവർ വീണ്ടും ചാരുലതയെ നോക്കി മന്ദഹസിച്ചു …

“ചാരുലതയുടെ ഇഷ്ടപ്രകാരം തന്നെ എല്ലാം നടക്കും…

ആദ്യം ഞാൻ പറഞ്ഞതുപോലെ ചെയ്യൂ …

ഇപ്പോൾ ഞാനല്പം തിരക്കിലാണ് …

പുതിയ ഡോക്ടർ ഇൻചാർജ് എടുത്തിട്ടുണ്ട് …

ഇൻട്രൊഡക്ഷൻ സെറിമണി പോലൊന്ന് കണ്ടക്ട് ചെയ്തിട്ടുണ്ട് ..

അതിനു അറ്റൻഡ് ചെയ്യണം …

താൻ രണ്ട ദിവസം കഴിഞ്ഞു വരൂ …!!”

ഡോക്ടറുടെ മുറിയിൽ നിന്ന് നടക്കുമ്പോഴേക്കും ച)രുവിന്റെപകുതി പ്രതീക്ഷയും നഷ്ടമായിരുന്നു …

താൻ പറഞ്ഞതൊന്നും ഡോക്ടർ പൂർണ്ണമായും വിശ്വസിച്ചിട്ടില്ലെന്ന് ച)രുവിനു മനസിലായി …

പൂർണ്ണമായും തനിക്കതൊന്നും പറയാനും കഴിയില്ലല്ലോ…!!

ഇതുവരെ ആരോടും പറഞ്ഞിട്ടുമില്ല …

ദീർഘനിശ്വാസത്തോടെ ചാരു പുറത്തേക്കു നടന്നപ്പോഴായിരുന്നു രാച്ചിയമ്മയെ കണ്ടില്ലല്ലോന്ന് ഓർമ്മിച്ചത് …

ഡോക്ടറെ കാണാൻ കയറുന്നതിനു മുൻപേ ക്യാന്റീനിലേക്ക് കയറിയതാണ് …

ചാരു വീണ്ടും ഹോസ്പിറ്റലിനകത്തേക്ക് കയറാൻ തുടങ്ങവേയായിരുന്നു തട്ടി തട്ടിയില്ലെന്നൊരു ഗതിയിൽ പിറകിലായി ഒരു കാർ സഡൻ ബ്രേക്കിട്ടുനിന്നത് ….

ഒരല്പമൊന്നൊഴിഞ്ഞില്ലായിരുന്നെങ്കിൽ കൃത്യം ദേഹത്തു വന്നിടിച്ചേനെ ….!!

ദേഷ്യത്തോടെ തിരിഞ്ഞുനോക്കിയ ചാരുലത ഡോർ തുറന്നിറങ്ങുന്ന ആളെ കണ്ട് സ്തംഭിച്ചു നിന്നു പോയി …

“സിദ്ധു ……!!!”

ഡോക്ടർ അഞ്ജലിയും വേറെ കുറച്ചു ഡോക്ടർസും ഹസ്തദാനം നൽകി അയാളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട് …

സിദ്ധുവാണോ ഇവിടെ പുതുതായി ഇൻചാർജ് എടുക്കുന്നത് …!!

കൈകാൽ തളർന്നപോലെ അവൾ തൂണിന്റെ മറവിലായി അള്ളിപ്പിടിച്ചു നിന്നൂ …

തന്നെ കണ്ടുകാണുമോ ….??

എവിടേക്കെങ്കിലുമൊന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിപ്പോയിരുന്നു അവൾ …

പുതുതായി ജോയിൻ ചെയ്യുന്ന ഡോക്ടർ സിദ്ധുവാണെങ്കിൽ മഹി പറഞ്ഞതും ഇയാളെക്കുറിച്ചു തന്നെയായിരിക്കില്ലേ… !!

വീണുപോകാതിരിക്കാൻ ശ്രമിക്കുംതോറും ചരുവിന്റെ കാലുകൾ നിലത്തേക്ക് കുഴഞ്ഞു വീഴുന്നുണ്ടായിരുന്നു …

തുടരും …