അതെ സത്യമാണ് കോടികളുടെ കണക്കാണ് അതിലുള്ളത്. ഞെട്ടി നിൽക്കുന്ന ഫൈസിയേയും മനാഫിനേയും….

ഭാഗം 02, എഴുത്ത്: ഫാരിസ് ബിൻ ഫൈസി

===================

തൊട്ടടുത്ത് എത്തിയപ്പോഴാണ് അവർക്ക് മനസിലായത് അത് ഒരു പെൺകുട്ടി ആയിരുന്നു. അതി സുന്ദരിയായ ഒരു പെൺകുട്ടി….

ഫൈസി അവളുടെ അടുത്തുചെന്ന് ശ്വാസം ഉണ്ടോ എന്ന് നോക്കി. ജീവനുണ്ടായിരുന്നു. അവളെ  ഉടന്‍  ആശുപത്രിയില്‍ എത്തിച്ചാൽ ജീവന്‍ രക്ഷപ്പെടും എന്ന് മനാഫ് പറഞ്ഞു. ജീവിതത്തില്‍ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ട് അതിന്റെകൂടെ ഈ ഒരു തലവേദനയും കൂടി വേണ്ട എന്ന് പറഞ്ഞ് ഫൈസി തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ മനാഫിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ ആ പെൺകുട്ടിയെ പൊക്കിയെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

തലയ്ക്ക് സാരമായി പരിക്കേറ്റതിനാൽ ബോധം തിരിച്ചു കിട്ടാന്‍ കുറച്ച് ദിവസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. അവൾ ആരാണ് എന്താണ് എന്നതിന് ഒരു തെളിവും ഇല്ലാത്തതിനാല്‍ ബോധം വരുന്നത് വരെ കൂടെനിൽക്കാൻ പോലീസ്‌ ഫൈസിയോടും കൂട്ടുകാരോടും ആവശ്യപ്പെട്ടു. ഇത് കേട്ട ഉടന്‍ അവളുടെ എല്ലാ കാര്യങ്ങളും ഒരു കുറവും വരാതെ ഞങ്ങള്‍ നോക്കാം എന്ന് കൃഷ്ണൻ ചാടി കയറി പറഞ്ഞു. ഇത് കേട്ട ഫൈസിയും മനാഫും അവനെ കണ്ണുരുട്ടി നോക്കി. പോലീസ് പോയ ഉടന്‍ ഫൈസി കൃഷ്ണന്റെ കഴുത്തിന് പിടിച്ചു

“തെ* ണ്ടീ…അല്ലെങ്കിലേ ആയിരത്തി അഞ്ഞൂറ് പ്രശ്നങ്ങൾ ഉണ്ട്. അപ്പോഴാ ഓരോ വയ്യാവേലി എടുത്ത് തലയിൽ വെക്കുന്നേ”

ഫൈസിയുടെ കൈകള്‍ തട്ടി മാറ്റിയിട്ട്  കൃഷ്ണൻ അവരെ നോക്കി

“ആ കിടക്കുന്നത് ആരാന്നാ നിങ്ങളുടെ വിചാരം, കോടീശ്വരിയാ കോടീശ്വരി…നമ്മുടെ പ്രശ്നങ്ങള്‍ കണ്ട് ദൈവം മാലാഖ പോലുള്ള ഒരു പെണ്ണിന്റെ രൂപത്തില്‍ അവതരിച്ചതാ”

ഒന്ന് നിറുത്തിയിട്ട് കൃഷ്ണൻ പോകറ്റിൽ നിന്നും ഒരു കടലാസെടുത്ത് ഉയര്‍ത്തി കാണിച്ചു (പഞ്ചാബിഹൗസ് സിനിമയുടെ റഫറൻസ് ആണ്…ഈ രംഗത്തിന് ഇതിനേക്കാൾ ചേരുന്ന മറ്റൊരു റഫറൻസ് ഇല്ലാത്തോണ്ട് അതങ്ങ് അടിച്ച് മാറ്റി)

“ഇതെന്താണെന്ന് അറിയോ…?

കടലാസ്…

വെറും കടലാസല്ല, കോടികള്‍ വിലമതിക്കുന്ന കടലാസ്. ഇവളുടെ പോക്കറ്റില്‍ നിന്നും കിട്ടിയതാ. ആരൊക്കെ എത്രയൊക്കെ കൊടുക്കാനുണ്ടന്ന് ഈ കടലാസ്സില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. പണം കൊടുക്കാനുള്ള ആരോ ഈ പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊ* ല്ലാന്‍ ശ്രമിച്ചതാണ്”

കൃഷ്ണന്റെ കയ്യില്‍ നിന്നുംആ കടലാസ് വാങ്ങി രണ്ടുപേരും മാറി മാറി നോക്കി. അതെ സത്യമാണ് കോടികളുടെ കണക്കാണ് അതിലുള്ളത്. ഞെട്ടി നിൽക്കുന്ന ഫൈസിയേയും മനാഫിനേയും നോക്കി അല്പം തല ഉയര്‍ത്തി കൃഷ്ണൻ തുടര്‍ന്നു 

“ഈ പെൺകുട്ടിക്ക് ബോധം തിരിച്ചു കിട്ടാന്‍ ഇനിയും ദിവസങ്ങളെടുക്കും. അതിനുള്ളിൽ നമ്മള്‍ ഈ കടലാസ്സിലുള്ള വിലാസത്തിൽ പോകുന്നു.  ലിസ്റ്റിലുള്ള എല്ലാവരോടും പണം നൽകാൻ ആവശ്യപ്പെടുന്നു. തന്നില്ലെങ്കിൽ, ക്വട്ടേഷന്‍ പിള്ളേര് അവിടെ കിടന്ന് മേയുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവര്‍ പേടിച്ച് കാശ് തരുന്നു. ബോധം തിരിച്ച് കിട്ടുന്ന പെൺക്കുട്ടി തന്റെ ജീവനും, പണവും രക്ഷിച്ച നമുക്ക് ആ കാശിന്റെ പകുതി തരുന്നു…പിന്നെ നമ്മള്‍ ആരാ”

കൃഷ്ണൻ പറയുന്നത് കേട്ട് ഫൈസിയും മനാഫും പരസ്പരം നോക്കി. എന്നിട്ട് അവരുടെ പോക്കറ്റില്‍ നിന്നും അതുപോലത്തെ കടലാസ്സെടുത്ത് കൃഷ്ണനെ കാണിച്ചു. ആ കടലാസിലും ലക്ഷങ്ങളുടെ കണക്കുണ്ടായിരുന്നു ആ കടലാസിലും. പക്ഷെ ലക്ഷങ്ങള്‍ കിട്ടാനുള്ളതല്ല, അങ്ങോട്ട് കൊടുക്കാനുള്ളതാണ്. ഒരു ശരാശരി ഇന്ത്യന്‍ പൗരന്റെ പോക്കറ്റില്‍ ഇങ്ങനെയുള്ള കടലാസ്സുകൾ സർവ്വ സാധാരണമാണെന്ന് പറഞ്ഞ് ഫൈസി കൃഷ്ണനെ നോക്കി കണ്ണുരുട്ടി

“ബോധം തിരിച്ചുകിട്ടിയാൽ ഈ പെണ്ണിനെ എവിടെയെങ്കിലും കൊണ്ട് പോയി കളഞ്ഞോണം. നാട്ടിലുള്ള കടക്കാരെ കൊണ്ട് തന്നെ ഇവിടെ നിൽക്കാൻ വയ്യ. അത് പോരാഞ്ഞിട്ടാണ് ഇനി ഇവൾക്ക് കടം കൊടുത്തവരെ കൂടി പേടിച്ച് നടക്കാൻ വയ്യ”

അങ്ങനെ അവര്‍ മൂന്നു പേരും ഒരുമിച്ച് ആ തീരുമാനത്തില്‍ എത്തി. ബോധം തിരിച്ചു കിട്ടിയ ഉടനെ പെൺകുട്ടിയെ ഉപേക്ഷിച്ച് മെല്ലെ തടിയൂരുക എന്ന്.

രണ്ട് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിക്ക് ബോധം തിരിച്ചു കിട്ടി. അവളോട് ഫൈസി കൂടുതൽ സംസാരിക്കാനൊന്നും നിന്നില്ല. ഉടൻ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാൻ ഒരുങ്ങി. പക്ഷേ ആ പെൺകുട്ടി അത് തടഞ്ഞു. തനിക്ക് ബാംഗ്ലൂരിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്ത് തന്നാൽ മതി എന്നവൾ പറഞ്ഞപ്പോൾ ഫൈസി അതിന് തയ്യാറായി.

ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റ് എടുത്ത് അവളെ ട്രയിനിൽ കയറ്റി വിട്ടു. അപ്പോഴാ അവർക്കൊന്ന് ആശ്വാസമായത്. തലയില്‍ നിന്നും  ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി ഫൈസിക്ക്. അന്ന് രാത്രി അവര്‍ മൈതാനത്ത് ഒത്തു കൂടി, ഒരുപാട് മ* ദ്യപിച്ചു. പരസ്പരം കാണാന്‍ പറ്റാത്ത അത്രയും ഇരുട്ടായിരുന്നു അന്ന്. അവരുടെ മുന്നിലൂടെ തീവണ്ടി ചീറിപ്പാഞ്ഞ് പോയപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ അവര്‍ മൂന്ന് പേരെ കൂടാതെ വേറെ ആരോ തങ്ങളുടെ കൂടെ ഇരിക്കുന്നുണ്ട് എന്നവർക്ക് മനസ്സിലായി. മൂന്നു പേരും ഉച്ചത്തില്‍ നിലവിളിച്ച് അവിടെ നിന്നും ഓടാന്‍ ശ്രമിച്ചു. അപ്പോഴാണ് അവർ തങ്ങളുടെ കൂടെ ഇരിക്കുന്ന ആളുടെ മുഖം കാണുന്നത്. അത് അവളായിരുന്നു, ആ പെൺകുട്ടി.

താൻ വീണ്ടും എന്തിനാ ഞങ്ങളുടെ ലൈഫിലേക്ക് വന്നേ എന്ന് ഫൈസി ദയനീയമായി ചോദിച്ചപ്പോൾ പെൺകുട്ടി അവരോട് ഒരു സഹായം ആവശ്യപ്പെട്ടു. തന്റെ പോക്കറ്റില്‍  നിന്നും കിട്ടിയ കടലാസിലുള്ള കാശിന്റെ കണക്ക് താന്‍ കൊടുക്കാനുള്ളതല്ലാ എന്നും തനിക്ക് കിട്ടാനുള്ളതാണന്നും അവൾ പറഞ്ഞു. തനിക്ക് കിട്ടാനുള്ള കാശ് മേടിക്കാൻ സഹായിച്ചാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാമെന്നും പെൺകുട്ടി അവരോട് പറഞ്ഞ്, തനിക്ക് കാശ് തരാനുള്ള ആളുടെ അഡ്രസ് കാണിച്ച് കൊടുത്തു. അഡ്രസ് കണ്ടതും ഫൈസി അവളെ അടിമുടി ഒന്ന് നോക്കി

“ന്റെ പുന്നാര പെങ്ങളേ, നിങ്ങൾക്ക് ഞങ്ങളോട് വല്ല ദേഷ്യവും ഉണ്ടോ…? ഇത് കേരളം മുഴുവൻ അറിയപ്പെടുന്ന വലിയൊരു ബിസിനസ്‌ ഫാമിലിയാണ്.  ഇവരെ അടുത്തേക്കൊക്കെ കാശിനു വേണ്ടി പോയാൽ അവര് ഞങ്ങളെ പഞ്ഞിക്കിടില്ലേ”

ഫൈസിയുടെ ചോദ്യത്തിന് അവളുടെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു

“നിങ്ങളെ കുറിച്ച് എനിക്കറിയാം. ആരേയും പറഞ്ഞ് വീഴ്ത്താൻ നിങ്ങൾ മിടുക്കനാ.. അല്ലേൽ ഒരിക്കൽ കാശ് തന്ന് പെട്ടവർ പോലും വീണ്ടും നിങ്ങൾക്ക് കാശ് തരില്ലല്ലോ”

ഫൈസി അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു. അവൾ ഫൈസിയെ നോക്കി

“എനിക്ക് കേരളത്തിൽ ആരേയും അറിയില്ല. ഞാൻ ബാംഗ്ലൂർ സെറ്റിൽഡ് ആണ്. എനിക്ക് അവരുടെ വീട്ടിൽ കയറിച്ചെന്ന് കാശ് ചോദിക്കാന്‍ പറ്റില്ല. അവരുടെ വീട്ടിലുള്ള ചിലർക്ക് എന്നെ അറിയാം. വീടിന്റെ ഏഴയകലത്ത് ഞാന്‍ കാലുകുത്തിയാൽ അവർ എന്നെ അപായപ്പെടുത്തും, അതുറപ്പാണ്. എനിക്ക് ഈ കേരളത്തില്‍ നിങ്ങളെ മാത്രമേ പരിചയമൊള്ളൂ. നിങ്ങള്‍ വിചാരിച്ചാല്‍ എന്റെ കാശ് കിട്ടും. കാശും കൊണ്ടല്ലാതെ എനിക്ക് ബാംഗ്ലൂരിലേക്ക് തിരിച്ച് പോകാൻ കഴിയില്ല. നിങ്ങളെന്നെ സഹായിക്കണം, പ്ലീസ്”

പെൺകുട്ടി അവരോട് അഭ്യര്‍ത്ഥിച്ചു. ഇത് കേട്ടപ്പോള്‍ അവര്‍ മൂന്നു പേരും ഒരേ സ്വരത്തില്‍ ചോദിച്ചു

“എങ്ങനെ…?”

“ആ വീട്ടിലെ അവസാന വാക്ക് ആസിഫ് എന്ന ആളുടേതാണ്. നിങ്ങള എങ്ങനെയെങ്കിലും ആ വീട്ടിൽ കയറിപ്പറ്റി ആസിഫിന്റെ വിശ്വാസ്യത നേടിയെടുക്കണം”

“എന്നിട്ട്…?”

തനിക്ക് കാശ് കിട്ടാനുള്ള എല്ലാവരുടേയും അടുത്ത് നിന്ന് കാശ് തിരികെ മേടിച്ചു തരണമെന്നും പെൺകുട്ടി അവരോട് അപേക്ഷിച്ചു. ഇതൊക്കെ കേട്ട് ആദ്യം ഇതൊന്നും ശരിയാകില്ല എന്ന് പറഞ്ഞ് ഫൈസി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും മനാഫിന് എന്തോ ഒരു ആത്മവിശ്വാസം

“എന്തായാലും ഒരു മാസം കൊണ്ട് നമ്മുടെ പ്രശ്നങ്ങള്‍ ഒന്നും തീരില്ല. എന്തായാലും നമുക്ക് ഇവിടെ നിന്ന് ഒന്ന് മാറി നിൽക്കണം. അതെന്തുകൊണ്ട് ആസിഫിന്റെ വീട്ടിലേക്കായിക്കൂടാ…? എന്നാ കടക്കാരെ പേടിക്കുകയും വേണ്ട. ഒളിച്ച് താമസിക്കാൻ ഒരിടവുമായി, കിട്ടിയാ ഓണം ബമ്പർ പോയാ കഞ്ഞീം പയറും”

മനാഫ് ധൈര്യം കൊടുത്തപ്പോൾ ഫൈസിക്ക് എന്തോ ഒരു ആത്മവിശ്വാസം തോന്നി. കിട്ടാനുള്ള മൊത്തം കാശും മേടിച്ചുകൊടുക്കാമെന്ന് അവര്‍ പെൺകുട്ടിക്ക് വാക്ക് കൊടുത്തു. അങ്ങനെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവര്‍ മൂന്നുപേരും അവസാന കച്ചിതുരുമ്പും തേടി ആസിഫിന്റെ കൊട്ടാരം പോലുള്ള വീട്ടിലേക്ക്…

തന്റെ ഉമ്മയുടെ പൂർവകാല കാമുകന്റെ വീട്ടിലേക്ക് ഫൈസിയും കൂട്ടുകാരും കൊട്ടേഷനുമായി…

ഇനിയെന്ത്…?

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…