ദൃശ്യം…
എഴുത്ത്: ശ്രീജിത്ത് പന്തല്ലൂർ
:::::::::::::::::::::::::::
” മോളേ, ഞങ്ങളിറങ്ങാണ്. ആ ഫോണില് തോണ്ടിക്കൊണ്ടിരിക്ക്യാണ്ട് പുസ്തകം തൊറന്ന് വച്ച് വല്ലോം പഠിക്ക്യാൻ നോക്ക്. ഇക്കൊല്ലം പത്താം ക്ലാസാ… അത് മറക്കണ്ട…”.
അച്ഛനേയും കൂട്ടി മുറ്റത്തേക്കിറങ്ങാൻ നേരം അമ്മ ഒന്നു കൂടി ഓർമ്മിപ്പിച്ചു.
” ഞാൻ പഠിക്കണിണ്ടമ്മേ. ഇതൊരു മെസ്സേജ് വന്നപ്പോ നോക്കീതാ…”. ദൃശ്യ ചിണുങ്ങി.
” ശരി ശരി… ആ കുളിമുറീലെ പൈപ്പ് ശര്യാക്കാൻ കണ്ണൻ വരും. അവന് വല്ല ചായേൻ്റെ വെള്ളം ണ്ടാക്കി കൊടുത്തോളോ…”.
” ങാ കൊടുത്തോളാം…”.
അച്ഛനെ ഡയാലിസിസിനു കൊണ്ടു പോകുകയാണ്. ഇനി വൈകുന്നേരമേ തിരിച്ചെത്തുള്ളൂ. അതു വരെ ഫോണിൽ കളിച്ചാൽ ആരും വഴക്കു പറയാൻ വരില്ല.
മുറ്റത്ത് ബൈക്കിൻ്റെ ശബ്ദം കേട്ട് ദൃശ്യ മൊബൈൽ ഫോണിൽ നിന്നും മുഖമുയർത്തി നോക്കി, കണ്ണേട്ടനാണ്. ഒരു അകന്ന ബന്ധു. ടൗണിൽ നിന്ന് പുതിയ പൈപ്പ് വാങ്ങി വരുന്ന വഴിയാണ്. പരിസരത്തുള്ളവരെല്ലാം എന്തു കാര്യത്തിനും ആദ്യം വിളിക്കുന്നത് കണ്ണേട്ടനെയാണ്. ആൾക്കറിയാത്ത, ആള് ചെയ്യാത്ത പണിയൊന്നുമില്ല. എന്തു പണിക്കു വിളിച്ചാലും കണ്ണേട്ടൻ റെഡി…
ഇന്നലെ രാത്രി അച്ഛൻ കുളിക്കാൻ കയറിയപ്പോഴാണ് കുളിമുറിയിലെ പൈപ്പ് പൊട്ടിയത്. അപ്പോത്തന്നെ കണ്ണേട്ടനെ വിളിച്ച് താത്കാലികമായി ലീക്ക് അടപ്പിച്ചു. പുറത്തെ പൈപ്പിൽ നിന്ന് ബക്കറ്റിൽ പിടിച്ച വെള്ളം കുളിമുറിയിൽ കൊണ്ടു വച്ചാണ് ഇന്നു രാവിലെയും വീട്ടിലെല്ലാവരും കുളിച്ചതു തന്നെ…
” ദൃശ്യക്കുട്ടീ… അച്ഛനെവിടെ…?”. കണ്ണേട്ടൻ ചോദിച്ചു.
” അമ്മ അച്ഛനെ ഡയാലിസിസിന് കൊണ്ടു പോയേക്കാണ്…”. ദൃശ്യ പറഞ്ഞു.
” ങാ…”. കണ്ണേട്ടൻ ടൂൾസ് സഞ്ചിയും പുതിയ പൈപ്പും കൊണ്ട് കുളിമുറിയിലേക്ക് നടന്നു.
വീടിനു പിന്നിലായി പുറത്ത് അടുക്കള വശത്തായാണ് കുളിമുറി. ദൃശ്യ വേഗം അടുക്കളയിലേക്കു നടന്നു. ഗ്യാസ് സ്റ്റൗ ഓണാക്കി ചായയ്ക്കുള്ള വെള്ളം ചൂടാക്കാൻ വച്ചു. വെള്ളം തിളച്ച് ചായപ്പൊടി ഇട്ടപ്പോഴാണ് അടുക്കള വാതിലിൽ നിന്നും കണ്ണേട്ടന്റെ ശബ്ദം കേട്ടത്.
” മോളേ ഒരു മിനിറ്റൊന്നു വന്നേ, ഒരു സൂത്രം കാണിച്ചു തരാം…”.
ദൃശ്യ കൗതുകത്തോടെ അടുത്തേക്കു ചെന്നു. കണ്ണേട്ടൻ്റെ മൊബൈലിൽ ഒരുപാട് തമാശ വീഡിയോസുണ്ടാകാറുണ്ട്. ചിലത് കണ്ടാൽ ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടും…
കണ്ണൻ ഏതോ വീഡിയോ പ്ലേ ചെയ്തതിനു ശേഷം മൊബൈൽ സ്ക്രീൻ ദൃശ്യയ്ക്കു നേരെ തിരിച്ചു പിടിച്ചു… ആരോ കുളിക്കുന്ന വീഡിയോയാണ്…
” ഛീ…”. ദൃശ്യ മുഖം തിരിച്ചു.
” നിൽക്ക് പോകാൻ വരട്ടെ… ഇതാരുടെ വീഡിയോയാണെന്നു കൂടി നോക്ക്…”. കണ്ണൻ്റെ സ്വരമല്പം മാറി.
മൊബൈലിലേക്ക് ഒന്നു കൂടി നോക്കിയ ദൃശ്യ ഞെട്ടി… ആ വീഡിയോയിലെ ദൃശ്യങ്ങൾ തൻ്റേതാണെന്നു മനസ്സിലായ അവൾ സ്തംഭിച്ചു നിന്നു പോയി…
” ഇന്നലെ രാത്രി ഞാൻ പൈപ്പു നന്നാക്കാൻ വന്നപ്പോൾ എൻ്റെ മൊബൈൽ ഫോണിവിടെ വച്ചു മറന്നിരുന്നു. മറന്നതല്ല, ഞാൻ സ്വയമേ അവിടെ വച്ചതാണ്. എന്തായാലും അതു കൊണ്ട് നല്ല കിടുക്കാച്ചി വീഡിയോയല്ലേ കിട്ടിയേക്കണത്… ഈ വീഡിയോയിൽ കാണുമ്പോ ദൃശ്യക്കുട്ടി വല്ല്യ കുട്ടിയാട്ടോ, ആരും ഒന്നു കൊതിച്ചു പോവും…”. കണ്ണൻ ഒരു പ്രത്യേക ചിരിയോടെ പറഞ്ഞു.
ദൃശ്യയുടെ മിഴികൾ നിറഞ്ഞു, ചുണ്ടുകൾ വിതുമ്പി. ഒരു സ്വന്തം സഹോദരനെപ്പോലെ കരുതിയിരുന്ന കണ്ണേട്ടനാണ് ഇപ്പോഴിങ്ങനെ…
” അയ്യേ… എന്തിനാ കരയുന്നേ… ഇതിപ്പോ ഞാൻ മാത്രല്ലേ കണ്ടുള്ളൂ… വേറാരേയും കാണിക്കാനും പോണില്ല്യ… ഇതിപ്പോ തന്നെ ഡിലീറ്റാക്കേം ചെയ്യാം. പക്ഷേ, ഒരു കാര്യണ്ട്… ഇവിടിപ്പോ നമ്മൾ മാത്രമല്ലേയുള്ളൂ. ആരും ഇപ്പോ വരാനും പോണില്ല്യ…” കണ്ണൻ ദൃശ്യയ്ക്കരികിലേക്ക് നീങ്ങി നിന്നു.
” വേണ്ട… ഞാൻ പറഞ്ഞു കൊടുക്കും…”. ദൃശ്യ പേടിയോടെ പിന്നിലേക്കു മാറി…
” ആരോടു പറഞ്ഞു കൊടുക്കുംന്ന്… ആ പാതി പ്രാണനും കൊണ്ട് നടക്കുന്ന നിൻ്റെ അച്ഛനോടോ… രണ്ടടി വയ്ക്കുമ്പോഴേക്കും അരമണിക്കൂർ നിന്ന് കിതയ്ക്കുന്ന അയാള് എന്നോട് പ്രതികാരം ചെയ്യാൻ വരുംന്നാണോ നീ വിചാരിച്ചേക്കണേ…?”. കണ്ണൻ പരിഹസിച്ചു.
ദൃശ്യയുടെ മിഴികൾ വീണ്ടും നിറഞ്ഞു. രോഗിയായ തൻ്റെ അച്ഛനെ ഗതികേടിനെയാണയാൾ പരിഹസിക്കുന്നത്…
” ഇനിയിപ്പോ സിനിമയിലൊക്കെ കാണുന്ന പോലെ എന്നെ കൊന്ന് കുഴിച്ചുമൂടി കേസൊക്കെ ജയിച്ചു വരാമെന്നെങ്ങാനും നീ കരുതുന്നുണ്ടോ… എടി മോളേ സിനിമയല്ല ജീവിതം, ജീവിതമല്ല സിനിമ…”. കണ്ണൻ വീണ്ടും പരിഹസിച്ചു.
കണ്ണൻ അടുത്തേക്കു നീങ്ങിയപ്പോൾ ദൃശ്യ പതിയെ പിന്നോട്ടു നടന്നു.
” ഇതിപ്പോ അതിൻ്റെയൊന്നും ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞില്ലേ… ആരും ഒന്നും അറിയില്ല. ഈയൊരൊറ്റ തവണത്തേക്ക് നീയൊന്നു സഹകരിച്ചാൽ ഈ പ്രശ്നം ഇതോടെ തീരും… അല്ലെങ്കിൽ നാട്ടിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നാട്ടുകാര് മുഴുവൻ നിൻ്റെ ശരീരം കാണുന്നതിനെപ്പറ്റി ചിന്തിക്കണോ…?”. കണ്ണൻ അല്പം മയത്തിൽ പറഞ്ഞു.
” വേണ്ട…”. ദൃശ്യ പറഞ്ഞു.
” മിടുക്കി… നിനക്കു ബുദ്ധിയുണ്ട്… ചിലതൊക്കെ കണ്ടില്ലെന്നും നടന്നിട്ടില്ലെന്നും ഒക്കെ വിചാരിക്കുമ്പോഴാണ് ജീവിതം സുഖമാകുന്നത്…”. കണ്ണൻ ദൃശ്യയുടെ തോളിൽ കൈവച്ചു.
” ഛീ…”. ദൃശ്യ കൈ തട്ടി മാറ്റി.
” ങാഹാ… അത്രയ്ക്കായോ എങ്കിലീ വീഡിയോ ഇപ്പത്തന്നെ യൂട്യൂബിലിടട്ടേ… അപ്പോ ലോകത്തെല്ലാവർക്കും കാണാല്ലോ…”. കണ്ണൻ മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ചു.
” എന്നാൽ നീ യൂട്യൂബിലിട് കാണട്ടെ…”. ദൃശ്യയുടെ സ്വരം ഉറച്ചതായിരുന്നു.
” ങേ…”. ഒരു നിമിഷം പതറിയെങ്കിലും കണ്ണൻ പറഞ്ഞു. ” പെണ്ണേ, സ്കൂളിലും നാട്ടിലും മൊത്തം നീ നാണം കെടുമേ…”.
” എനിക്കൊരു നാണക്കേടുമില്ല, എൻ്റെ വീട്ടിലെ കുളിമുറിയിൽ കുളിക്കുമ്പോൾ ഞാനറിയാതെ നീയെടുത്ത വീഡിയോയല്ലേ… അല്ലാതെ ഞാനാരുടെയെങ്കിലും കൂടെ കിടന്നപ്പോഴുള്ള വീഡിയോയൊന്നുമല്ലല്ലോ…?”. ദൃശ്യ പറഞ്ഞു.
” എന്തായാലും ഇതിൽ കാണുന്നത് നിൻ്റെ ശരീരം തന്നെയല്ലേ… നിന്നെപ്പോലെ കുടുംബത്തിൽ പിറന്ന പെൺകുട്ടിയുടെ ഇതു പോലെയുള്ള വീഡിയോ നാട്ടുകാരു കണ്ടാലുള്ള അവസ്ഥയൊന്ന് ഓർത്തു നോക്കിയേ…”. കണ്ണൻ പറഞ്ഞു.
” എന്തവസ്ഥ…? നിൻ്റമ്മയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ… അങ്ങനെ ചിന്തിക്കുമ്പോൾ എൻ്റെയാ വീഡിയോ ആരു കണ്ടാലും എനിക്കൊരു ചുക്കുമില്ല… നീ പോയി യൂട്യൂബിലോ വാട്ട്സാപ്പിലോ എവിടെ വേണമെങ്കിലും പോസ്റ്റ് ചെയ്യ്… കാണട്ടെ നിൻ്റെ ചങ്കൂറ്റം…”. ദൃശ്യ ചങ്കൂറ്റത്തോടെ പറഞ്ഞു.
” മോളേ നീ കൊച്ചു കുട്ടിയാണ്, സൂക്ഷിച്ചു സംസാരിക്കണം…”. കണ്ണനൊന്നു പതറി.
” കൊച്ചു കുട്ടിയാണെന്ന ചിന്ത ആ വീഡിയോ എടുത്തപ്പോഴും കുറച്ചു മുൻപു വരെ എന്നോടങ്ങനെയൊക്കെ പറഞ്ഞപ്പോഴും നീ ഓർത്തില്ലല്ലോ… ഇനി ഒന്നൂടെ പറയാം. ഞാൻ കൊച്ചു കുട്ടി തന്നെയാണ്. പതിനഞ്ചു വയസ്സേ ആയിട്ടുള്ളൂ. നീയെങ്ങാനും ഈ വീഡിയോ സോഷ്യൽ മീഡിയയിലിട്ടാൽ അതിൻ്റെ സോഴ്സ് കണ്ടെത്തി നീയാണെന്നു മനസ്സിലാക്കാൻ ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടൊന്നുമില്ല. അറിയാല്ലോ എനിക്കു പതിനഞ്ചു വയസ്സേയുള്ളൂ, അതായത് ഇത് കേസായാൽ വകുപ്പ് വേറെയാണ്, പോക്സോ… പിന്നെ നിൻ്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ… തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ ആത്മഹത്യ ചെയ്യാനൊന്നും ഞാൻ നിൽക്കില്ല. നിന്നെ പൂട്ടിയിട്ടേ ഞാൻ പിന്നോട്ടുള്ളൂ…”. ദൃശ്യ പറഞ്ഞു നിർത്തി.
കണ്ണൻ സ്തംഭിച്ചു നിൽക്കുകയാണ്.
” ഇനി നീയൊന്നു ചിന്തിച്ചു നോക്ക്. ഈ ഫോണും വീഡിയോയും ഇവിടെ വച്ച് മറക്കണോ അതോ പോക്സോ കേസിൽ ജയിലിൽ പോണോ…?”.
കണ്ണൻ്റെ കൈയിൽ നിന്നും ദൃശ്യ മൊബൈൽ പിടിച്ചു വാങ്ങി. ഗ്യാസ് സ്റ്റൗവിലെ ചായപ്പാത്രം ഇറക്കി വച്ച് ബർണറിലെ തീ നാളത്തിനു മുകളിലേക്ക് അവളാ മൊബൈൽ ഫോൺ വച്ചു കൊടുത്തു. തീ നാളങ്ങൾ ആ വീഡിയോ മൊബൈൽ ഫോണോടു കൂടി വിഴുങ്ങുന്നതു നോക്കി വല്ലാത്തൊരു ഭാവത്തിൽ അവൾ നിന്നു.
തല താഴ്ത്തി അവിടെ നിന്നും പിൻ വാങ്ങാൻ തുടങ്ങിയ കണ്ണനെ നോക്കി ദൃശ്യ ഉറക്കെ വിളിച്ചു പറഞ്ഞു.
” കണ്ണേട്ടാ… അമ്മയോട് എൻ്റെ അന്വേഷണം പറഞ്ഞോളോ ട്ടാ…”.
~ശ്രീജിത്ത് പന്തല്ലൂർ