അമ്മ വേണ്ടാന്നു പറഞ്ഞിട്ടും തെക്കിനിയിൽ പോയി കിടക്കണമെന്ന് എനിക്ക് തോന്നി. പണ്ട് രാധേച്ചി പറഞ്ഞ പോലെങ്ങാനും….

തെക്കിനിയിലെ മോഹിനി

എഴുത്ത്: ഷാജി മല്ലൻ

================

“മോളുടെ പഠിത്തമൊക്കെ തീർന്നോ ആവോ?”

നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ ഹൈവേ പണികൾ കാരണം ബസ് സ്റ്റോപ് മനസ്സിലാകാതെ അടുത്ത സ്റ്റോപിലിറങ്ങി പൊരി വെയിലിൽ ഇടവഴി പറ്റി വീട്ടിലോട്ടു നടക്കുമ്പോഴാണ് പിറകിൽ നിന്നൊരു കുശലാന്വേഷണം കേട്ടത്.

നരപ്പൻ കൊമ്പൻ മീശക്കാരനെ ഓർമ്മയിൽ നിന്നെടുക്കാൻ ഒന്നു രണ്ടു മിനിട്ടെടുത്തു….’ ചെത്തുകാരൻ കേശവേട്ടൻ’, വീട്ടിൽ പണ്ടു പണിക്കു നിന്ന രാധേച്ചിയുടെ അച്ഛൻ.

“പഠിത്തമൊക്കെ കഴിഞ്ഞു, ഇപ്പോൾ എറണാകുളത്തു ജോലിയാ….എന്തുണ്ട് വിശേഷം ?”

“ഓ, എന്തു വിശേഷം മോളെ. അസുഖവും ആശുപത്രിയുമൊക്കെയായി അങ്ങനെ പോണു”

തല ചൊറിഞ്ഞു നില്ക്കുന്ന കേശവൻ ചേട്ടനെ കണ്ടപ്പോൾ ആവശ്യം മനസ്സിലായ പോലെ എന്റെ കൈകൾ ബാഗിലെ പേഴ്സിലേക്ക് നീണ്ടു.

“എന്നാ മോളു പോയാട്ടെ, കേശവൻ മാമനൊന്ന് കവല വരെ പോയിട്ട് വരട്ടെ….എന്റെ രാധ എത്ര എടുത്തോണ്ട് നടന്നിട്ടുള്ളതാ മോളെയെന്ന് അറിയാമോ?…. ആ കടപ്പാട് മോൾക്കുള്ളോണ്ടാ ഈ കാശ് തരാൻ തോന്നിയത്”

കൈയിൽ പിടിപ്പിച്ച അഞ്ഞൂറുരൂപാ നോട്ട് നോക്കി കേശവേട്ടൻ പതം പറച്ചിൽ തുടങ്ങിയപ്പോൾ ഞാൻ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നിരുന്നു.

രാധേച്ചിയുമായി ഓടി നടന്ന തൊടികളൊക്കെ വിസ്മൃതിയിലായി കഴിഞ്ഞിരിക്കുന്നു. വീടുകളുടെ എണ്ണം കൂടിയിരിക്കുന്നു. പണ്ട് വീടിന്റെ മുമ്പിൽ നിന്നു നോക്കിയാൽ പന്താവൂർ പാലവും സ്ളൂയിസുമൊക്കെ കാണുമായിരുന്നു. ഹൈവേയിൽ നിന്നു നൂറുവാര അകലെയാണെങ്കിലും റോഡു നിർമ്മാണം സൃഷ്ടിച്ച പൊടിമണ്ണ് അന്തരീക്ഷത്തിൽ പാറി നടക്കുന്നതായി എനിക്കു തോന്നി.

“ഇപ്പോൾ ഇയ്ക്ക് ശ്വാസമുട്ടിത്തിരി ജാസ്തിയായി. നേരം ഇരുണ്ടാ കിടക്കാൻ മേലാ….ആർക്കെങ്കിലും അറിയണോ”, അമ്മ തുറന്ന വാതിൽ പടിയിൽ നിന്നു കൊണ്ട് പരിതപിച്ചു.

അത് ചേട്ടനും ഭാര്യയും വീട്ടിലില്ലാത്തതിന്റ അസ്വസ്ഥതായണെങ്കിലും ഞാൻ അമ്മയുടെ അടുത്ത് കാണാത്തതിന്റെ പരിഭവവും മണക്കുന്നുണ്ടായിരുന്നു.

അമ്മയെ ചേർത്തുപിടിച്ചു പരിഭവം ചോർത്തി നടുമുറ്റത്തേയ്ക്കിറങ്ങിയിരുന്നപ്പോൾ രാധേച്ചിയെ കുറിച്ചു ചോദിച്ചില്ലെന്നോർത്തു.

“അമ്മേ ഞാനാ കേശവേട്ടനെ കണ്ടു. രാധേച്ചിയുടെ വീട്ടിൽ നിന്നാരെങ്കിലും വരാറുണ്ടോ ?”

“ഹോ ആരും സഹായത്തിനു വരാതിരുന്നാൽ അത്രയും തലവേദന ഒഴിഞ്ഞു കിട്ടും…അച്ഛൻ റിട്ടയറായതിനു ശേഷം രണ്ടു വർഷം മുമ്പാണല്ലോ വീണ്ടും ഇവിടെ വന്നത്. ഇതിനിടയിൽ ഒന്നോ രണ്ടോ തവണ അവളുടെ തള്ള ഇവിടെ വന്നു കാണും. ആ പെണ്ണിന് മരണം സംഭവിച്ചപ്പോഴും പോലീസിലും ആസ്പത്രിയിലുമായി ഓടാനും പണം ചിലവാക്കാനുമെല്ലാം അച്ഛൻ മാത്രമേ ഉള്ളായിരുന്നു. അതിന്റെ നന്ദിയൊന്നും അവർക്കില്ലാതെ പോയി!”

അമ്മയുടെ സംസാരത്തിലെ വിദ്വേഷ സ്വരം മനസ്സിലായതു കൊണ്ട് ഞാൻ വിഷയം മാറ്റി.

“നമ്മുടെ തെക്കിനി എന്താ പെയിന്റൊന്നും ചെയ്യാതിട്ടിരിക്കുന്നേ?”.

“അതു നിന്നോട് പറയാൻ മറന്നു, കക്കിടിപ്പുറത്തേക്ക് പുതിയ റോഡിന്റെ സഥലമേറ്റെടുപ്പ് കഴിഞ്ഞപ്പോൾ തെക്കിനി റോഡിനോട് ചേർന്നു വരും. അപ്പോ ഇനി മെയിന്റനൻസൊന്നും വേണ്ട പൊളിക്കാന്നാ അച്ഛൻ പറഞ്ഞത്”

ഏറെ നാളുകൾക്ക് ശേഷം അമ്മയുമായി താവലരിയുടെ കഞ്ഞിയും മെഴുക്കും കഴിച്ച സുഖത്തിലിരിക്കുമ്പോഴാണ് വീടിനുമുമ്പിലെ റോഡിൽ നാടൻ പാട്ടിന്റെ ശീലു മുഴങ്ങി.

“ആ കേശവനാ… പണ്ടത്തെ പോലില്ല…വല്ലപ്പോഴുമൊക്കെ ക ള്ളും കുടിച്ചു പഴയ പോലെ പാട്ടും പാടി നടക്കാറുണ്ട്, നീയിന്ന് അവന് പൈസ വല്ലതും കൊടുത്തോ?” അമ്മ അർദ്ധോക്തിയിൽ നിർത്തി എന്റെ കണ്ണുകൾ വായിക്കാൻ ശ്രമിച്ചതു പോലെ തോന്നി.

ഇല്ലെന്നർത്ഥത്തിൽ ഞാൻ തോള് വെട്ടിച്ചു കാണിച്ചെങ്കിലും!!. സൈക്കിൾ ബെല്ലും പാട്ടും കോലായിക്കു മുമ്പിൽ ഉറച്ചപ്പോൾ മെല്ലെ വാതിൽ പാളി തുറന്നു നോക്കി.

“ഡോക്ക്ട്ടർ മോളെ പഴയ ഒരു പടിയുമായി വന്നതാ കേശവൻ!!” കയ്യിലിരുന്ന പൊതി ഏൽപിച്ചപ്പോഴെ ചൂട് കല്ലുമ്മക്കായ പൊരിച്ച മണം എന്നെ ഓർമ്മകളിലേക്ക് തള്ളിവിട്ടിരുന്നു.

കുട്ടിക്കാലത്ത് സന്ധ്യകളിൽ കേശവേട്ടന്റെ ഷാപ്പ് സന്ദർശനം കഴിഞ്ഞുള്ള മടക്കത്തിൽ ഉമ്മറത്തെ കോലായിൽ കാത്തു നിന്നിരുന്ന ഒരു പാവാടക്കാരി എന്റെയുള്ളിൽ തുള്ളിച്ചാടി….അമ്മ അനിഷ്ടത്തോടെ അടുക്കളിയിലേക്ക് പോകുന്നത് കണ്ടിട്ടും!!

“ആ പെണ്ണ് വണ്ടിക്ക് മുട്ടി മരിച്ചത് ആ ത്മഹത്യ ആണെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു. പിന്നെ മരിക്കുമ്പോൾ രണ്ടു മാസം ഗർഭിണിയായിരുന്നെന്നാണ് ഡോക്ടർ പറഞ്ഞത്..വെറേയാരാ ഉള്ളത്, അച്ഛൻ പോലീസിലും ആശുപത്രിയിലുമായി കുറച്ചു പണം ചെലവഴിച്ചിട്ടാ പ്രശ്നം ഇല്ലാതെ പോയത്. ഇത് ഈ ക ള്ളു പാച്ചനും പെണ്ണും പിള്ളയും പോലും അറിഞ്ഞിട്ടില്ല. ഇവൻ ക ള്ളും കുടിച്ചു വന്നു ഇവറ്റകളെയൊക്കെ മർദ്ദിക്കലായിരുന്നു പതിവ്. കുടിക്കാൻ കാശും ഇവർ തന്നെ കൊടുക്കണം. നമ്മൾ ഈ നാട്ടിലില്ലാതിരുന്നത് നന്നായി. തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ വന്നപ്പോൾ രാധയെക്കൂടി കൂട്ടാമെന്ന് അച്ഛനും നിന്റെ ആങ്ങളയുമൊക്കെ പറഞ്ഞതാ…ഞാനാ സമ്മതിക്കാതിരുന്നത്..എങ്കിൽ നമ്മള് പ്രശ്നത്തിലായേനെ..നമ്മൾ പോയേന്റെ പിറ്റേവർഷമാണല്ലോ രാധ മരിച്ചത്”

ഉമ്മറത്തെ ചാരുകസേരയിലേക്ക് ദൃഷ്ടി പതിപ്പിച്ച് നാട്ടുകാര്യം പറഞ്ഞു കൊണ്ടിരുന്ന അമ്മയുടെ സ്വരം ചിലമ്പിച്ച പോലെ തോന്നി.

കേശവേട്ടനു കാശു കൊടുത്ത് ഇന്നവരുടെ വീട്ടിൽ താൻ കലഹം സ്പോൺസർ ചെയ്തതുപോലെ എനിക്ക് തോന്നി.

“അമ്മേ റോഡു വീതി കൂട്ടിയപ്പോൾ ആ ഒറ്റപ്പന മുറിച്ചോ?”

അതൊക്കെ റോഡു പണിയാൻ മുറിച്ചെന്ന് പറഞ്ഞപ്പോഴാണ് ഇന്ന് തനിക്കു പറ്റിയ അമളി ഓർത്തത്. ഒറ്റപ്പന തെരഞ്ഞ് കാണാത്തതിനാലാണ് അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങേണ്ടി വന്നത്. അതിനു മുൻപിലായിരുന്നു രാധേച്ചി അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് ഹോസ്റ്റലിലേക്ക് വിളിച്ചു പറഞ്ഞത് ഇന്നലെ പാലെ ഓർമ്മയുടെ നടുത്തളത്തിലേക്ക് ഇറങ്ങിവന്നു. പണ്ടു രാധേച്ചിയുമായി അങ്ങാടിയിൽ പോയി വരുമ്പോൾ സന്ധ്യമയങ്ങുന്ന നേരമായാൽ ഒറ്റപ്പനയുടെ മുമ്പിലെത്തിയാൽ തന്റെ കൈയ്യും പിടിച്ചു കൊണ്ട് ഒറ്റയോട്ടമാണ് ചേച്ചി, ആ പനയിൽ യക്ഷി സാന്നിദ്ധ്യം ഉണ്ടെന്നാണ് ചേച്ചിയുടെ പക്ഷം. പനയിൽ യുറ്റിയിരിക്കുന്ന ചുവന്ന പട്ടുകൾ കാണിച്ചു യക്ഷികഥകൾ എന്നെ കേൾപ്പിച്ചതും രാധേച്ചിയായിരുന്നു.

റോഡിന് എതിർവശത്തെ അമ്പലത്തിലെ പൂജാരി തറച്ച യക്ഷിയുടെ ചുവന്ന വലിയ പട്ടും യക്ഷിയുടെ സാന്നിദ്ധ്യം കാരണം പനയ്ക്കു മുമ്പ് നടന്ന അപകടങ്ങളിൽ അപമൃത്യു വന്ന ആത്മാക്കളെ ബന്ധിച്ച കുഞ്ഞു പട്ടുകളുമൊക്കെ എന്റെ മനസ്സിലേക്കോടിയെത്തി. രാധേച്ചിയുടെ പട്ടും ഒറ്റപ്പനയോടൊപ്പം റോഡു പണിയിൽ അലിഞ്ഞില്ലാതായി കാണും.

അമ്മ വേണ്ടാന്നു പറഞ്ഞിട്ടും തെക്കിനിയിൽ പോയി കിടക്കണമെന്ന് എനിക്ക് തോന്നി. പണ്ട് രാധേച്ചി പറഞ്ഞ പോലെങ്ങാനും വന്നാലോ!!. “ഞാനെങ്ങാനും ഇപ്പോൾ മരിച്ചാൽ മിനിക്കുട്ടി ഉറങ്ങുമ്പോൾ കാതിനടുത്ത് വന്നു നിന്ന് മന്ത്രിക്കും!”

ലൈറ്റണച്ച് ഉറക്കം വരാൻ വെറുതെ കിടക്കുമ്പോഴാണ് നടുമുറ്റത്ത് അമ്മയുടെ പതം പറച്ചിൽ കേട്ടത്. അച്ഛന്റെ സ്വരത്തിൽ നല്ല കുഴച്ചിൽ ഉള്ളതുപോലെ തോന്നി.

“അവധിക്ക് രണ്ടീസം വന്ന മോളേക്കൂടി അറിയിക്കണോ മനുഷ്യാ നിങ്ങൾക്ക്….രണ്ടു ദിവസമെങ്കിലും മോന്താതിരുന്നൂടെ”

നാട്ടുകാര്യം പറഞ്ഞപ്പോഴും അമ്മ അച്ഛനെ കുറിച്ച് അധികം പറഞ്ഞില്ലെന്നോർത്തു. അച്ഛൻ പണ്ടെങ്ങും മ ദ്യത്തിന് അഡിക്ട് ആയ കാര്യം ഓർമ്മയിൽ വരുന്നുമില്ല. അച്ഛന്റെ നാക്കു കുഴച്ചിലും അമ്മയുടെ ശാപ വാക്കുകളുടെയും ശബ്ദം ക്രമേണെ കെട്ടടങ്ങി, മെല്ലെ നിദ്രാ ദേവി എന്റെ കൺപീലികളിൽ കനം വെപ്പിച്ചു.

പണ്ട് രാധേച്ചിയുടെ കൂടെ തെക്കിനിയിലായിരുന്നു കിടത്തം. സന്ധ്യക്ക് ഒറ്റപ്പനയ്ക്ക് മുന്നിലൂടെയുള്ള ട്യൂഷൻ കഴിഞ്ഞു മടങ്ങി വരുമ്പോഴുള്ള അന്നത്തെ ഓട്ടത്തിൽ ഒന്ന് നല്ലവണ്ണം വീണിരുന്നു. മുട്ടിൽ പാവടയ്ക്കുള്ളിലെ വേദന സഹിച്ചാണ് വീട്ടിലെത്തിയത്.

“മോൾ വെള്ളിയാഴ്ച്ചകളിൽ അതു വഴി വരാതെ ഇടവഴി വന്നാൽ പോരെ, യക്ഷികൾ നമ്മടെ കൂടെ വരാൻ പനയിൽ നിന്ന് ചാടിയിറങ്ങും”, രാധേച്ചി കാൽ മുട്ടിൽ ബാം പുരട്ടവെ കാതിൽ മന്ത്രിച്ചു. രാപ്പനിയുടെ ലക്ഷണ കോളിൽ രാധ ചേച്ചിയുടെ ചൂടുപറ്റി പതിവു കിന്നാര വർത്തമാനം ഇല്ലാതെ കിടന്നുറങ്ങി പോയി.രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ യക്ഷിയെ കണ്ടെന്നു പറഞ്ഞ് ഉറക്കെ ബഹളം വെച്ച തന്റെടുത്ത് അച്ഛനും മുത്തശ്ശിയും അമ്മയുമൊക്കെ ഓടി വന്നതൊക്കെ പെട്ടനോർമ്മ വന്നു. രാത്രി ശുദ്ധി വരുത്താതെ കുട്ടിയെ തെക്കിനിയിൽ കിടത്തിയതിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് മുത്തശ്ശി അമ്മയെ വഴക്കു പറയുമ്പോൾ അച്ഛൻ ചേച്ചിയെ നോക്കി കണ്ണിറുക്കി ചിരിച്ചത് അമ്മയുടെ കണ്ണിൽപ്പെട്ടതും അമ്മയെ കളിയാക്കിയതിന്റെ കലിപ്പ് അടുക്കളയിലെ പാത്രങ്ങളോട് തീർത്തതും ഓർമ്മയിൽ അവ്യക്തതയോടെ ഓർത്തെടുത്തപ്പോഴേക്ക് ഞാൻ നിദ്രയുടെ അടിത്തട്ടിലേക്ക് ഊർന്നിരുന്നു.

രാവിലെ ഉറക്കമെഴുന്നേറ്റ് കോലായിലേക്ക് ചെന്നപ്പോൾ അച്ഛൻ പത്രവായനയിലാണ്. അച്ഛൻ നന്നായി മെലിഞ്ഞിരിക്കുന്നു.

“നീ രണ്ടു ദിവസം കാണില്ലേ? അവര് നാളെ വരും. ചെറുക്കന് അധിക ലീവില്ലാത്രേ”

കല്യാണക്കാര്യം പറഞ്ഞുള്ള വരവാണ്.

“എനിക്ക് ജോലി സ്ഥിരം ആകാതെ കല്യാണമൊന്നും വേണ്ടച്ചാ”, എന്റെ സ്വരത്തിലെ ദൈർഡ്യം അച്ഛനേയും അമ്മയെയും നീരസപ്പെടുത്തിയെന്ന് തോന്നുന്നു.

ജോലി കിട്ടിയില്ലെങ്കിൽ നാലാംവേദക്കാരന്റെ കാര്യം തനിക്കു വീട്ടിൽ പറയാൻ പോലും കഴിയില്ല. അതുകൊണ്ട് എനിക്കീ മുഖം മൂടി അണിയാതിരിക്കാൻ പറ്റില്ല.

“എല്ലാ ശാപവും കുടുംബത്തിനിരിക്കട്ടെ നീയെന്തിന്റെ പുറപ്പാടാണ്?”, ആ തെക്കിനിയിലല്ലേ കിടന്നത്….തറവാട്ടിലെ തളച്ച യക്ഷികളാരെങ്കിലും ചങ്ങല പൊട്ടിച്ച് കയറിക്കാണും ശരീരത്ത്”. അമ്മയുടെ മുഖം കോടി

“ആഹ് എന്റെ ദേഹത്ത് തെക്കിനിയിലെ മോഹിനി ഉണ്ട്. അങ്ങനൊന്നും ഇറങ്ങില്ല!!”, അമ്മയോട് അങ്ങനെ പറഞ്ഞുവെങ്കിലും മോഹിനിയെന്ന പേര് എവിടെയോ കേട്ട് തന്റെ ഉപബോധ മനസ്സിൽ പതിഞ്ഞതാണ്.

ആരാണ് അതു പറഞ്ഞത്. അന്നു താൻ യക്ഷിയെയും ഗന്ധർവ്വനെയുമൊക്കെ കണ്ടെന്നു പറഞ്ഞിട്ടും എല്ലാരും ദുസ്വപ്നം കണ്ട് നിലവിളിച്ചതാണെന്നും സ്ഥാപിച്ചെങ്കിലും രാധേച്ചി തന്നെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ പിന്നെ പറഞ്ഞു, “ചേച്ചിക്ക് വിശ്വാസമാ…മിനിക്കുട്ടി, ഗന്ധർവ്വൻ മോഹിനിയെന്ന് വിളിക്കുന്നതല്ലേ കേട്ടത്. ചേച്ചിയും ഇടയ്ക്ക് രാത്രികളിൽ ഇങ്ങനെ കേൾക്കാറുണ്ട് “

അച്ഛന്റെ കലിച്ച മുഖം കാണാൻ തിരിഞ്ഞ എനിക്ക് കാണാൻ കടലാസ് പോലെ വിളറിയ ഒരു ഗന്ധർവ്വ മുഖം സമ്മാനിച്ച് അച്ഛൻ മറ്റൊരു മൂടുപടത്തിലൊളിച്ചു.

“എന്നാൽ നിന്റെ ഇഷ്ടം പോലെ ആകട്ടെ…”

തൽക്കാലം ലഭിച്ച പരോളിൻമേൽ തുടർ നടപടി വീണ്ടും എടുക്കുന്നതിനു മുൻപ് സ്ഥലം കാലിയാക്കാൻ തെക്കിനിയിൽ ബാഗെടുക്കാൻ ചെന്നപ്പോൾ വീശിയ പുതുക്കാറ്റിന് മണമുണ്ടായിരുന്നു… തെക്കിനിയിലെ മോഹിനിയുടെ!!!!….

~ഷാജി മല്ലൻ