ആഗതനേ സൂക്ഷിച്ചു നോക്കിയ, അമ്മായിയുടെ മിഴികൾ വിടർന്നു. മുഖം പ്രസന്നമായി.

അമ്മ

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

===================

ഗേറ്റിനു മുൻപിൽ കാർ നിർത്തി, മഹേഷ് തെല്ലു ശങ്കിച്ചു നിന്നു. വിമലമ്മായിയുടെ വീട് ഇതുതന്നെയായിരിക്കുമോ?

ഇളയച്ഛൻ പറഞ്ഞു തന്ന വഴികളൊക്കെ പിന്നിട്ട്, ഏറെ ദൂരം സഞ്ചരിച്ച് എത്തിയതാണിവിടെ. അച്ഛൻ്റെ മൂന്നാമത്തെ അമ്മായിയുടെ മകളാണ് വിമലമ്മായി. ഏറെക്കാലം ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലായിരുന്നു. അദ്ദേഹത്തിന് അവിടെയായിരുന്നു ജോലി. റിട്ടയർമെൻ്റും മക്കളുടെ വിവാഹവും മറാത്തയിൽ ആഘോഷിച്ചു തീർന്നപ്പോളാണ്, വേരുകൾ തേടി നാട്ടിലെത്തിയത്.
കേരളത്തിൽ എത്തിയിട്ടിപ്പോൾ നാലുവർഷമായിട്ടുണ്ടാകും.

വിരിയോടു പതിച്ച മുറ്റത്തേ കാൽപ്പെരുമാറ്റം കേട്ടിട്ടാകാം, വാതിൽ തിരശ്ശീല നീക്കി പുറത്തേക്കു വന്ന പ്രൗഢയേ, പൊടുന്നനേ തിരിച്ചറിഞ്ഞു. വിമലയമ്മായി തന്നേ. സായന്തനത്തിലേക്കു നീങ്ങുന്ന ജീവിതയാത്ര നൽകിയ നരയ്ക്കും, മുഖത്തേ ചുളിവുകൾക്കും മായ്ക്കാൻ കഴിയാത്ത ചില പ്രകൃതികൾ, ഛായകൾ. അച്ഛൻ്റെയും, അച്ഛമ്മയുടേയും മുഖത്തിൻ്റെ ഏതോ വിദൂരച്ഛായ തീർച്ചയായും അമ്മായിയിലുണ്ട്.

ആഗതനേ സൂക്ഷിച്ചു നോക്കിയ, അമ്മായിയുടെ മിഴികൾ വിടർന്നു. മുഖം പ്രസന്നമായി.

“മഹി മോനല്ലേ? എനിക്കു ഒറ്റനോട്ടത്തിലേ മനസ്സിലായി. കുട്ടിക്കാലത്തു കണ്ടതാ മോനേ, എന്നാലും ആർക്കും മനസ്സിലാവാണ്ടിരിക്കില്ല. ശേഖരേട്ടൻ്റെ മുറിച്ച മുറി. അച്ഛൻ്റെ ഇത്രയും ഛായ, മോൻ്റെ കൂടപ്പിറപ്പോൾക്ക് ആർക്കുമില്ല. ശേഖരേട്ടൻ ജയിലിൽപ്പോയ കാലത്ത്, ശരിക്കും മോൻ്റെതു പോലായിരുന്നു”

കേട്ടറിവുകളിൽ, ഒരു വെട്ടുകത്തിയുയർന്നു താഴ്ന്നു. പിഞ്ചുകുഞ്ഞിനു കുനിഞ്ഞിരുന്നു മു ലകൊടുക്കുന്ന ഒരമ്മയുടെ ശിരസ്സറ്റു താഴെ വീണു. പിടഞ്ഞടിച്ചു നിശ്ചലമായ കബന്ധത്തിനരികിൽ, ചോരയിൽ പുതഞ്ഞുകിടന്നൊരു കുഞ്ഞു കാറിക്കരഞ്ഞു. കഥകൾ പകർന്ന ചിത്രങ്ങൾ, വീണ്ടും മനസ്സിലുയരുന്നു. കൈതച്ചക്കയൊടിച്ചു കയ്യിൽപ്പിടിച്ചു നടക്കും പോലേ, അറ്റ ശിരസ്സു, മുടിയിൽ തൂക്കിപ്പിടിച്ചൊരാൾ അതിവേഗം നടന്നുനീങ്ങുന്നു. മറുകയ്യിൽ, നിണം പുരണ്ട വെട്ടുക ത്തി. ഉന്മാദം മൂത്ത്, അട്ടഹസിച്ചുള്ള യാത്ര. ഭയചകിതരായ നാട്ടുകാരേ അവഗണിച്ച്, നാട്ടിലെ പോലിസ് സ്റ്റേഷനിൽ, സമാപിച്ച പ്രയാണം.

കരളെരിച്ച മ* ദ്യത്തിനൊപ്പം, കൂട്ടുകാർ അച്ഛൻ്റെ ഹൃദയത്തിൽ പകർന്ന സംശയത്തിൻ്റെ ചിരട്ടക്കനലുകൾ. വീട്ടുപണിക്കു പോകുന്നിടത്തേ വിഭാര്യനുമായി അമ്മയേ ചേർത്തുവച്ച അക്ഷന്തവ്യമായ അപരാധം.

“താഴെയൊള്ളത്, നിൻ്റല്ലടാ ശേഖരാ? അത്, ആ സുകുമാരൻ നായരുടേയാ”

അവർ അച്ഛൻ്റെ കാതിൽ ഉരുക്കഴിച്ച മന്ത്രശ്ശീലുകൾ. അതിനേ ഹൃദയത്തിലാവാഹിച്ച്,
അച്ഛൻ ചെയ്ത കടുംകൈ.

“കേറിയിരിക്ക് മോനേ, മാമനൊരു കല്യാണത്തിനു പോയിരിക്ക്യാ, വരുമ്പോ വൈകും, മോൻ, മാമൻ വന്നിട്ടുപോയാൽ മതി. ശേഖരേട്ടൻ എന്തു പറയണൂ മോനേ? അച്ഛൻ്റെ ഈ പ്രതിബിംബം പോലുള്ള മോനെയാണല്ലോ, ആ ദുഷ്ടൻമാർ സുകുമാരൻ നായർക്കു ചാർത്തിക്കൊടുത്തത്”

അമ്മായി, മനസ്സിനെ വീണ്ടും കേട്ടറിവുകളിലേക്കു പിൻതിരിക്കുന്നു. അച്ഛൻ്റെ കാരാഗൃഹ ജീവിതം, ഒന്നു രണ്ടും വർഷമല്ല, നീണ്ട ഇരുപതു വർഷങ്ങൾ, അമ്മാവൻമാരുടെ കാരുണ്യത്തിലുള്ള പഠനം, അദ്ധ്യാപക ജോലി, ഒടുവിൽ,  എസ് ഐ സെലക്ഷൻ കിട്ടിയപ്പോൾ മാഷെന്നുള്ള പദവിക്കു വിട നൽകിയത്. എല്ലാം, ആവർത്തനങ്ങളായി മനസ്സിൽ തികട്ടുന്നു.

“അച്ഛൻ എൻ്റെ വീട്ടിലുണ്ടമ്മായി, മറ്റുള്ള കൂടപ്പിറപ്പുകൾ അച്ഛനേ സ്വീകരിച്ചില്ല, ആരോഗ്യ പ്രശ്നങ്ങളുണ്ട്, പുറംലോകബന്ധങ്ങൾ ജയിലിൽ നിന്നും വന്ന ശേഷം കുറവാണ്. മാമൻ വരാൻ നിൽക്കാൻ വയ്യല്ലോ അമ്മായി. നാളെ മുതൽ ഡ്യൂട്ടിക്കു കയറണം. വിവാഹക്ഷണം ഇന്നുകൊണ്ടു തീർക്കണം. ഔപചാരികമായി ക്ഷണിക്കട്ടേ, എൻ്റെ കല്യാണമാണ്, തറവാട്ടിലേ അവസാനത്തേത്, മാമനും അമ്മായീം രണ്ടുദിവസം മുൻപേയെത്തണം. മഹാരാഷ്ട്രയിൽ നിന്നും ആശംസകൾ വന്നിരുന്നു. അവർക്കു വരാൻ കഴിയില്ല. പിന്നേ, പെൺകുട്ടി ടീച്ചറാണ്,
ഞാൻ മുൻപ് പഠിപ്പിച്ച സ്കൂളിലാണ് അവൾക്കു ജോലി. അവൾക്കെൻ്റെ ഇന്നലേകളേ വ്യക്തമായറിയാം. ഇനി, ഞങ്ങളൊന്നിച്ചു വരുമ്പോൾ ഭക്ഷണം കഴിക്കാം. മാമനോട് സ്നേഹം പറയുക, കാർഡു കൊടുക്കുക. നേരത്തേ വരണം,
അച്ഛൻ കാത്തിരിക്കും”

യാത്ര പറഞ്ഞു, തിരികേ മടങ്ങുമ്പോൾ കാറിൻ്റെ മിററിൽ സ്വന്തം മുഖം ഒരാവർത്തി കൂടി നോക്കി. അമ്മായി പറഞ്ഞതോർത്തു.

“അച്ഛൻ്റെ അതേ പകർപ്പ്, മുറിച്ച മുറി”

മനസ്സിലൊരു ചിത്രം തെളിയുന്നു. നിലവിളക്കുമേന്തി ഭർതൃവീട്ടിലേക്കു കയറുന്ന നവവധു. കോടിപ്പുതുമയുമായി കൂടെ താനും, അരിയും പൂവുമെറിഞ്ഞ് കുരവയിട്ടെതിരേൽക്കയാണ്. നോക്കുമ്പോൾ, നടുക്കമുയരുന്നൊരു കാഴ്ച്ച പിറക്കുന്നു. അരിയെറിഞ്ഞ രൂപത്തിനു ശിരസ്സുണ്ടായിരുന്നില്ല, പകരം, ഉതിരുന്ന രക്തപ്രവാഹം.

“അമ്മേ”

മനസ്സറിയാതൊന്നുലഞ്ഞു. ഒന്നു പാളാൻ തുടങ്ങിയ കാറിനേ, നിയന്ത്രണത്തിലാക്കി യാത്ര തുടർന്നു. ഉത്തരവാദിത്വങ്ങളിലേക്ക്, എടുത്തണിഞ്ഞ പരുക്കൻ ഭാവങ്ങളിലേക്ക്, പകൽ എരിഞ്ഞു തീരുകയാണ്. ഒപ്പം, അമ്മക്കഥകളും….