ഒന്നും ചെയ്തുതീർക്കാനില്ലാതെ, ഇനി രാത്രിയെത്തും വരേ മുഷിച്ചിൽ തന്നേ. നീന, കിടപ്പുമുറിയിലേക്കു നടന്നു…

പൊയ്മുഖങ്ങൾ…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

രാവിലെ ഒൻപതു മണി. നീനയും പ്രദീപും വീടിന്റെ ഹാളിൽ നിന്നും പൂമുഖത്തേക്ക് വന്നു. പ്രദീപ്, സ്വന്തം സൂപ്പർ മാർക്കറ്റിലേക്കാണ്.

“ഞാൻ പോട്ടേ ഡീ, വൈകീട്ട് കാണാം”

പ്രദീപ് അവളുടെ തോളിൽ തട്ടി. പിന്നേ, പോർച്ചിൽ കിടന്ന സ്വിഫ്റ്റിൽ കയറി. കാർ മെല്ലേ മുറ്റത്തേക്കുരുണ്ടു. നീന, ഓടിച്ചെന്ന് ഗേറ്റ് തുറന്നുകൊടുത്തു. ഗേറ്റ് കടക്കുമ്പോൾ, പ്രദീപ്, ഒരാവർത്തികൂടി കൈവീശി. നീന തിരിച്ചും യാത്രാമംഗളങ്ങൾ സുസ്മിതത്തോടെ നൽകി.

ഗേറ്റടച്ചു തിരിയും മുൻപേ, വീടിന്നഭിമുഖമായി നിന്നിരുന്ന റോഡിന്നപ്പുറത്തേ വീട്ടിലേക്ക് അവൾ മിഴികൾ പായിച്ചു.

ഓ, അരുണും രശ്മിയും കുട്ടികളും പോയ്ക്കഴിഞ്ഞിരിക്കുന്നു. ഗേറ്റ് പൂട്ടിയിട്ടുണ്ട്. ചേട്ടന്റെയും അനുജന്റെയും വീടുകൾ മുഖാമുഖം വരണമെന്നത്, പ്രദീപിന്റെയും അരുണിന്റെയും ചിരകാലമോഹമായിരുന്നു.

തന്നേ വിവാഹം ചെയ്തു കൊണ്ടുവന്ന ആദ്യനാളുകളിൽ,  കഴിഞ്ഞുപോയ ഇന്നലെകളേക്കുറിച്ച് പ്രദീപ് വിശദമായി പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും കഷ്ടപ്പെട്ട് രണ്ടാൺമക്കളേ പഠിപ്പിച്ചത്. മുണ്ട് മുറുക്കിയുടുത്ത്, അവർ തങ്ങളേ പട്ടിണിയറിയിക്കാതെ വളർത്തിയത്. ഇല്ലായ്മകൾ എന്ന ഒറ്റക്കാരണം കൊണ്ട്, സമ്പന്നരായ ബന്ധുക്കൾക്കു മുന്നിൽ പരിഹാസപാത്രങ്ങളായത്. അന്തസ്സായി ജീവിക്കണമെന്ന വാശിയോടെ ജ്യേഷ്ഠനും അനുജനും കഷ്ടപ്പെട്ട് പഠിച്ചത്. മികച്ച ജോലി നേടിയത്, എല്ലാം.

പക്ഷേ, പ്രദീപിന്റെ ഏറ്റവും വലിയ സങ്കടം, സമ്പത്തിന്റെ ഉത്തുംഗ ഗോപുരങ്ങളിൽ എത്തിയപ്പോഴേക്കും, അച്ഛനമ്മമാർ ഓരോ വർഷത്തെ ഇടവേളയ്ക്കിടയിൽ ഭൂമിയേ വിട്ടുപിരിഞ്ഞതായിരുന്നു.

അങ്ങനേ, അമ്മായിയമ്മയും, അമ്മായിയച്ഛനും ഇല്ലാത്ത വീട്ടിലേക്ക്, താൻ പ്രദീപിന്റെ വധുവായി കടന്നുവന്നു. കല്യാണത്തിനു മുൻപേ, അരുൺ തറവാട്ടിന്നഭിമുഖമായി അവനുവേണ്ടി ഒരു വീടു പണിതു പൂർത്തിയാക്കിയിരുന്നു. തങ്ങളുടെ വിവാഹത്തിനപ്പുറം, ആറുമാസത്തോളം കഴിഞ്ഞാണ്, അരുൺ, രശ്മിയേ വിവാഹം കഴിച്ചത്. അരുണിന് തന്നേ എത്ര ഇഷ്ടമാണ്. നീന മനസ്സിലോർത്തു.

ശരിക്കും വല്യേച്ചി തന്നെയാണ്, താൻ അവന്. അന്നുമിന്നും. രശ്മിയ്ക്കും, അങ്ങനേത്തന്നേ.

പത്തുവർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയത്..വിവാഹത്തിന്റെ ആദ്യമാസങ്ങളിലൊന്നിലാണ്, ആദ്യമായി ‘വിശേഷം’ ഉണ്ടാകുന്നത്.

പ്രദീപ്, അതറിഞ്ഞ നിമിഷം സന്തോഷത്താൽ കരഞ്ഞു.  പിന്നേ പുഞ്ചിരിച്ചു.
പിന്നേയതൊരു ആഹ്ലാദത്തിരയടിയായി. വീട്ടിലന്നൊരു ഉത്സവലഹരി തന്നേയായിരുന്നു.

എത്ര പെട്ടന്നാണ്, ജീവിതത്തിൽ ഇരുളു പരന്നത്. മൂന്നാം മാസത്തിൽ വച്ച്, കുളിമുറിയിൽ കാലു വഴുതി വീണു. രക്തസ്രാവത്തിന്റെ രൂപത്തിൽ അതില്ലാതാക്കിയത് , തങ്ങളുടെ ജീവിതത്തിലെ ആദ്യത്തേ അഥിതിയേയാണ്.

പിന്നേ, കാത്തിരുപ്പിന്റെ കാലങ്ങളായിരുന്നു. എന്തൊക്കെ ചെയ്തിട്ടും, പ്രാർത്ഥിച്ചിട്ടും, പ്രതിമാസം വരുന്ന ഗ ർഭപാത്രത്തിന്റെ രക്തക്കണ്ണീർ ചോർച്ച, പിന്നീട് ഒരിക്കലും മുടങ്ങിയിട്ടില്ല. പത്തുവർഷത്തിനപ്പുറവും അത് തുടരുന്നു.

അരുണിനും, രശ്മിക്കും തുടരേത്തുടരേ രണ്ട് കുട്ടികളുണ്ടായി. രണ്ട് ആൺകുട്ടികൾ. ആദ്യമൊക്കെ, രശ്മിയോട് ശരിക്കും കുശുമ്പായിരുന്നു. പക്ഷേ, കുട്ടികൾ മുതിർന്നപ്പോൾ ആ പക അലിഞ്ഞില്ലാതായി. കുട്ടിക്കാലം തൊട്ടേ, ഇപ്പോൾ ലോവർ പ്രൈമറിയുടെ കാലമെത്തി നിൽക്കുമ്പോഴും അവർക്ക് ഈ വല്ല്യമ്മയെ പ്രാണനാണ്.  അത്താഴമൊക്കെ താനാണ് വാരിക്കൊടുക്കാറ്. കിടക്കാൻ നേരമാണ് അവർ, അച്ഛനമ്മമാരെ തേടുന്നത്. സ്കൂളിന്റെ അവധിദിനങ്ങളിൽ, അവർ സദാ നേരവും ഇവിടെയാണ്. സ്വന്തം വീട്ടിലേക്കാൾ അസംഖ്യം കളിക്കോപ്പുകൾ ഇവിടെ ചിതറിക്കിടപ്പുണ്ട്. പ്രദീപ്, അനവധി തവണ കൊണ്ടുവന്നത്.

അരുണിനും, രശ്മിയ്ക്കും ഒരേ ബാങ്കിലാണ് ജോലി. രാവിലെ കുട്ടികളുമൊന്നിച്ച് അവർ പോയാൽ, ആ വീട് ശൂന്യമാകും. ഏകാന്തതയ്ക്ക് ബലി നൽകപ്പെട്ട്, താനിരിക്കും.  വിരസതയുടെ നിമിഷങ്ങൾ താങ്ങാനുള്ള ഉപാധികൾക്കായി ഉഴറും.

ഒന്നും ചെയ്തുതീർക്കാനില്ലാതെ, ഇനി രാത്രിയെത്തും വരേ മുഷിച്ചിൽ തന്നേ. നീന, കിടപ്പുമുറിയിലേക്കു നടന്നു. കട്ടിലിൽ കിടന്ന മൊബൈൽ ഫോണെടുത്തു. ഫേസ്ബുക്ക് തുറന്നു. മുഖപുസ്തകത്തിലേ ചുവരിൽ എല്ലാവർക്കുമായി ഒരു ശുഭദിനം നൽകി. ഉടനേ മറുപടികൾ വന്നുതുടങ്ങി. അറിയുന്നവരും അറിയാത്തവരുമായി നാലായിരത്തോളം ചങ്ങാതിമാരുണ്ട്.

പെട്ടന്നാണ്, ഒരു മെസേജ് വന്നത്. മെല്ലെ തുറന്നുനോക്കി.

ഓഹോ, ഇത്  ‘വിളക്കിനെ പ്രണയിച്ച ശലഭ’ മാണല്ലോ. മുഖപുസ്തക സൗഹൃദങ്ങളിൽ പേരു വെളിപ്പടുത്താത്ത അപൂർവ്വം ചില വനിതാസുഹൃത്തുക്കളിൽ ഒന്ന്. അവർക്കും, നാല്പതുകൾ പിന്നിട്ടു കാണണം. ആഴ്ച്ചയിൽ രണ്ടോമൂന്നോ തവണ പ്രൊഫൈൽ പിക്ച്ചർ മാറ്റും. എത്ര പട്ടുസാരികളാണവർക്ക്.

മുഖപുസ്തക ജീവിതത്തിൽ ആറുവർഷം പിന്നിട്ടുവെങ്കിലും, ‘വിളക്കിനേ പ്രണയിച്ച ശലഭത്തേ’ പരിചയപ്പെട്ടിട്ട് ഒരു വർഷം ആകുന്നേയുള്ളൂ. ഫോൺ നമ്പർ പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് വല്ലപ്പോഴും വിളിക്കാറുമുണ്ട്. വളരേ ആകർഷണിയമാണ് അവരുടെ സംസാരം. അൽപ്പം വികടസരസ്വതികളുമുണ്ട്. എന്തും തുറന്നുപറയുന്ന വിധം. ചില കാര്യങ്ങളിൽ അതിരുകടക്കുമ്പോൾ, താൻ ചൂളാറുണ്ട്. എങ്കിലും, ആ കൂട്ടുവെട്ടാൻ തോന്നാറില്ല.

മെസേജ് ബോക്സിൽ, വീണ്ടും കണ്ണോടിച്ചു. അതിൽ, ഇങ്ങനേ എഴുതിയിരിക്കുന്നു.

“എന്താണിത്ര സന്തോഷം? രാവിലെത്തന്നെ കുഞ്ഞുമാലാഖയുടെ ചിത്രമിട്ട്, ഒരു ഗുഡ് മോണിംഗ്. എന്താ, മുറ തെറ്റിയോ ഭയങ്കരി?”

” ഇല്ലേച്ചീ” മനസ്സിൽ, വീണ്ടും നിരാശ കൂടുകൂട്ടാൻ തുടങ്ങി. ചികിത്സകൾക്കും മരുന്നിനുമപ്പുറം, കുട്ടികൾ ഉണ്ടാകാൻ ഈശ്വരാനുഗ്രഹം കൂടി വേണം, എന്ന് എത്രയോ മുൻപേ മനസ്സിലാക്കിയിരിക്കുന്നു.

“എന്റെ, മറ്റൊരു കൂട്ടുകാരിക്കും നീനയുടേ പോലെ കുട്ടികൾ ഇല്ലായിരുന്നു. ഭർത്താവിന്റെ അനുജനു കുട്ടികളുണ്ട് താനും. ചികിത്സകൾക്കപ്പുറം കാര്യങ്ങൾ ഫലിക്കാതായപ്പോൾ, അവൾ ഒരു പൊടിക്കൈ പ്രയോഗിച്ചു. അങ്ങനേ, അവൾക്കും കുഞ്ഞുണ്ടായി. എങ്ങനെയാണെന്ന് പറഞ്ഞു തരണോ? നിനക്കും ഉപകാരപ്പെടും”

“ശരി, പറയൂ”

നീന, വേഗം മറുപടി ടൈപ്പ് ചെയ്തു. ചാറ്റ് ബോക്സിൽ, ഒരു കഥ ഇതൾ വിടരുകയായിരുന്നു. നീന, സാകൂതം പിന്നാലെ പിന്നാലെ വരുന്ന അക്ഷരക്കൂട്ടങ്ങളിലേക്ക് മിഴികൾ പായിച്ചു. എത്ര വേഗമാണവർ ടൈപ്പ് ചെയ്യുന്നത്. ഒടുവിൽ, കഥ പെയ്തൊഴിഞ്ഞു.

നീന, ചാറ്റ് ബോക്സിലെ കഥ ഒരാവർത്തികൂടി വായിച്ചു. പതിവില്ലാതെ, “ബൈ ” പറയാതെ ചാറ്റ് ബോക്സ് ക്ലോസ് ചെയ്ത്,.ഫേസ്ബുക്ക് ലോഗൗട്ട് ചെയ്തു.

രാത്രി…

ഉറക്കത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ, നീന ഞെട്ടിയുണർന്നു. കട്ടിലിന്റെ ക്രാസിയോട് ചേർന്ന ടേബിളിൽ നിന്നും, മൊബൈൽ ഫോൺ തപ്പിയെടുത്ത് സമയം നോക്കി.
രാത്രി ഒരു മണിയാകുന്നേയുള്ളൂ.

അവൾ, പ്രദീപിനേ നോക്കി. കിടപ്പറവിളക്കിന്റെ അരണ്ട വെട്ടത്തിൽ ശാന്തമായുറങ്ങുന്ന പ്രദീപ്. ഒരു സഫലപ്രണയത്തിന്റെ ക്ഷീണമാകാം, ആ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ വറ്റിയിട്ടില്ലായിരുന്നു. അവൾ കയ്യെത്തിച്ച്, താഴെ വച്ചിരുന്ന പാതിമുക്കാലും അൽപ്പം മുൻപ് കുടിച്ചുതീർത്ത പച്ചവെള്ളം നിറച്ചിരുന്ന മഗ്‌ ചുണ്ടോടു ചേർത്തു. പ്രദീപിന്റെ മുഖം എത്ര നിഷ്കളങ്കമാണ്. ഒരു കുഞ്ഞിനേപ്പോലെ.

രാത്രിയുടുപ്പിന്റെ, വിടർത്തിയിട്ട ഹുക്കുകൾ പൂട്ടിക്കൊണ്ട് അവൾ മെല്ലെയെഴുന്നേറ്റു. മൊബൈൽ ഫോണെടുത്ത്, മുഖപുസ്തകം തുറന്നു.

“വിളക്കിനേ സ്നേഹിച്ച ശലഭ” ത്തിന്റെ പ്രൊഫൈൽ എടുത്തു. എന്നിട്ട്, മെല്ലേ പറഞ്ഞു.

“ഗുഡ് ബൈ ചേച്ചീ, എനിക്കു വേണ്ടത് ഭർത്താവിന്റെ അനുജന്റെ കുഞ്ഞിനേയല്ലാ; ഞങ്ങളുടെ സ്വന്തം മക്കളെയാണ്. മുഖമില്ലാത്തവരുടെ സൗഹൃദം ഇനിയൊരിക്കലുമില്ല “

വിരൽത്തുമ്പ്, ബ്ലോക്ക് ഓപ്ഷനിൽ പോയി നിന്നു. ബ്ലോക്ക് വേണോ എന്ന് മുഖപുസ്തകത്തിന്റെ സംശയം. നിസ്സംശയം, അത് കൺഫേം ചെയ്തു. അവരുടെ മൊബൈൽ നമ്പർ ബ്ലാക്ക്ലിസ്റ്റ് മോഡിലിട്ടു.

ഫോൺ മേശമേൽ വച്ചു..ഒന്നിളകിക്കിടന്നു.

പ്രദീപ്, പാതിമയക്കത്തിൽ ഒരു ഞെരക്കത്തോടെ ചോദിച്ചു.

“എന്തു പറ്റി നീനാ?”

അവൾ ഒന്നും മിണ്ടിയില്ല. അവന്റെ വിയർപ്പു പുരണ്ട നെറ്റിയിൽ മൃദുവായി ഒന്നു ചുംബിച്ച്, അവനെ തന്നിലേക്കു ചേർത്തുകിടത്തി.

അപ്പോൾ അവളുടെ ഹൃദയത്തിൽ നിന്നും ആരും കേൾക്കാതെ, ഒരു താരാട്ട് പിറവിയെടുക്കുന്നുണ്ടായിരുന്നു.