അടുത്ത ദിവസം കാലത്തെ തന്നെ അത്യാവശ്യം പോകേണ്ട ആളുകളുടെ ഒക്കെ ലിസ്റ്റ് എടുത്തു വെച്ച് സീത..
7പേരാണ് ആദ്യം പോകട്ടെ എന്ന് തീരുമാനിച്ചത്…
സീതയുടെ മൂത്ത ജ്യേഷ്ഠനും, പിന്നെ ചേച്ചി യുടെ ഭർത്താവും, ഒരു ചെറിയച്ഛനും, പിന്നെ ഇവിടെ നിന്നും രാമകൃഷ്ണമാരാരുടെ ഇളയ സഹോദരൻ, ഏറ്റവും മൂത്ത സഹോദരി…. പിന്നെ മാരാരും സീതയും…..
കാർത്തി എഴുനേറ്റ് താഴേക്ക് വന്നപ്പോൾ കേട്ടു , പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാനായി ഓരോരുത്തരെ ആയി ക്ഷണിക്കുന്നത്….
അവന്റ തല പെരുക്കുന്നത് പോലെ തോന്നി..
ദേവൻമാമയേ (ദേവികയുടെ അച്ഛനെ )അവൻ തലേദിവസം രാത്രിയിൽ വിളിച്ചിരുന്നു.
ഇന്ന് ഉച്ചയോടെ അയാൾ വീട്ടിൽ എത്തും എന്നാണ് അവനോട് അറിയിച്ചത്.
വൈകുന്നേരം തന്നെ ഇവിടേക്ക് അത്യാവശ്യം ആയിട്ട് വരണം എന്നും, തന്റെയും ദേവൂന്റെ യും കാര്യത്തിൽ ഒരു തീരുമാനം എടുക്കണം എന്നും അവൻ അയാളോട് അപേക്ഷിച്ചു.
“ഇത് എന്താ മോനേ…. ഇപ്പോൾ പെട്ടന്ന് ഇങ്ങനെ “…
“ഹേയ്… ഒന്നുല്ല്യ ദേവമാമേ….. വെച്ചു താമസിപ്പിക്കേണ്ട എന്ന് എനിക്ക് ഒരു തോന്നല് പോലെ…”…
“ഹ്മ്മ്… വേറെ… വേറെ… പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലേ മോനേ “…
“ഇല്ല്യ…. “
“മ്മ്…. ഞാൻ നാളെ തന്നെ എത്തിക്കോളാം…”
..
“ശരി….”
ഫോൺ കട്ട് ചെയ്തിട്ട് ആശ്വാസത്തോടെ അവൻ തലേ രാത്രി യിൽ കിടന്ന് ഉറങ്ങിയത്..
ദേവൂനെ അറിയിക്കാൻ അവനു ഭയം ആയിരുന്നു… അവൾ പൊട്ടബുദ്ധിക്ക് എന്തെങ്കിലും ചെയ്തു കളയുമോ എന്ന വലിയൊരു ഭയം അവനെ കീഴ്പ്പെടുത്തി കളഞ്ഞു.
“കാർത്തി….”
അച്ഛമ്മ വന്നു വിളിച്ചപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു നോക്കി.
“നിയ്…. ഇത് ഏത് ലോകത്തു ആണ് മോനേ….”…
അവൻ അവരെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി…
അര മണിക്കൂർ നടത്തം…. ആ ഒരു പതിവ് ഉണ്ട് അവനു എന്നും കാലത്തെ….
കാവി മുണ്ടും കോഫി ബ്രൗൺ നിറം ഉള്ള ടി ഷർട്ട് ഉം ആണ് വേഷം..
പോകും വഴിയിൽ പല പരിചയക്കാരെയും കാണും…
എല്ലാവരോടും ഒന്ന് രണ്ട് വാചകങ്ങളിൽ കൂടി ഉള്ള സ്നേഹ സംഭാഷണം…..
ദേവൂന്റെ വീടിന്റെ അവിടെ വരെ ആണ് എന്നും നടന്നു ചെല്ലുന്നത്.
അന്ന് ചെന്നപ്പോൾ കണ്ടു അമ്പലത്തിലേക്ക് പോകാനായി ദൃത്യ യിൽ ഇറങ്ങി വരുന്ന പ്രഭേച്ചിയെ…
“ആഹ്… മോനേ…. നിനക്ക് ഇന്ന് കോളേജിൽ പോവണ്ടേ “
“ഉവ്വ്…. ചേച്ചി അമ്പലത്തിലേക്കാ “
“ഹ്മ്മ്… അതേ മോനേ….. വിനീത് നു വേണ്ടി പക്കപിറന്നാൾ തോറും, വഴിപാട് ചെയുന്നുണ്ട്….”
. “ആഹ്…. എങ്കിൽ ചേച്ചി ചെന്നോളൂ.. നേരം വൈകിക്കണ്ട”
.”ശരി മോനേ… കാണാട്ടോ ” അതും പറഞ്ഞു കൊണ്ട് അവർ നേര്യത്തിന്റെ തുമ്പ് എടുത്തു മുന്നിലോട്ട് വട്ടം പിടിച്ചു കൊണ്ട് വേഗത്തിൽ നടന്നു പോയി.
ദേവൂന്റെ കാൾ കണ്ടതും അവൻ ഫോൺ എടുത്തു കാതോട് ചേർത്തു..
“ഹെലോ… കാർത്തിയേട്ടാ “
പൂച്ചക്കുഞ്ഞ് കുറുകും പോലെ ഒരു കുറുകൽ…
“ദേവു….”…
“ഏട്ടൻ ഇപ്പോൾ എവിടെ എത്തി…. കുഞ്ഞിക്കുട്ടന്റെ ഇല്ലം കഴിഞ്ഞോ “
“അവിടെ എത്തിടി….”
“ഹ്മ്മ്….”
എന്നും വിളിക്കുന്നത് കൊണ്ട് അവൾക്ക് അതു ഒക്കെ കാണാപ്പാഠം ആണ്…
കുറച്ചു സമയം അവനോട് സംസാരിച്ച ശേഷം അവൾ ഫോൺ വെച്ചു..
കാർത്തി തിരികെ വീട്ടിൽ എത്തിയപ്പോൾ മീനുട്ടി എഴുനേറ്റു പഠിത്തം ആയിരുന്നു.
ഏട്ടനെ കണ്ടതും അവൾ എന്തൊക്കെയോ സംശയം ചോദിച്ചു കൊണ്ട് അവന്റെ പിന്നാലെ തൂങ്ങി.
അതൊക്കെ ക്ലിയർ ചെയ്തു കൊടുത്തിട്ട് അവൻ കുളിയ്ക്കാനായി പോയി.
കുളത്തിൽ മുങ്ങി കുളിച്ചു കഴിഞ്ഞപ്പോൾ തെല്ലൊരു ആശ്വാസം പോലെ..
എങ്കിലും ദേവൂന്റെ ഓർമയിൽ ആ കുളിരിലും ഒരു നോവ് അവ്നിൽ പടരാൻ അധികം സമയം വേണ്ടി വന്നില്ല.
കുളി കഴിഞ്ഞു റൂമിൽ എത്തിയ ശേഷം അവൻ ഒരു കരിനീല നിറം ഉള്ള ഷർട്ടും ക്രീം നിറം ഉള്ള പാന്റും എടുത്തു ഇട്ടു….
മുടിയൊക്കെ മാടി ഒതുക്കി, അവൻ കോളേജിലേക്ക് പോകാനായി തയ്യാറായി വന്നു.
ഭസ്മ കൊട്ടയിൽ നിന്നും അല്പം ഭസ്മം എടുത്തു നെറ്റിയിൽ വരച്ചു..
അമ്മ എടുത്തു വെച്ച ദോശയിലേക്ക് ഇളം ചുവപ്പ് നിറത്തിൽ ഉള്ള ചമ്മന്തി നിരത്തി ഒഴിച്ച്, ഒരു കഷ്ണം മുറിച്ചു എടുത്തു അവൻ വായിലേക്ക് വെച്ചു.
പാലുകാരി ജാനുവമ്മ അന്ന് വരാൻ വൈകി എന്ന് തോന്നുന്നു..
ചായ ഇതുവരെ എത്തിയിട്ടില്ല.
“മോനേ…. ഇതാ കട്ടൻ ചായ കുടിക്കു…. ഇന്ന് പാലില്ല കേട്ടോ “…
“എന്തേ…”?
“പാല് മുഴുവൻ ഇന്നലെ രാത്രിയിൽ ക്ടാവ് കുടിച്ചെന്നു,, ജനുവമ്മേടെ മകള് ലീല ആയിരുന്നു പയ്യിനെ കെട്ടിയതു… മുറിക്കിയില്ലത്രെ…”
“ഹ്മ്മ്…കട്ടൻ ചായ മതി അമ്മേ .”
“കാർത്തി…”
അച്ഛനാണ്
നീളൻ കാലൻകുടയും കശക്കി കൊണ്ട് അച്ഛൻ ഊണ് മുറിയിലേക്ക് വന്നു…
“എന്തോ “
“ഞായറാഴ്ച ഒരു പത്തു മണി ആകുമ്പോൾ, ഇവിടെ നിന്നും അത്യാവശ്യം വേണ്ടപ്പെട്ട ആളുകൾ ഒക്കെ പോകാൻ തീരുമാനിച്ചു.. പെൺകുട്ടിയുടെ വീട് വരെ “..
അതിന് മറുപടി ഒന്നും പറയാതെ അവൻ പാത്രത്തിലേക്ക് വെറുതെ കൈയിട്ട് കുഴച്ചു കൊണ്ട് ഇരുന്നു.
“സീതേ “
“എന്തോ…”
“ഞാൻ കിഴക്കേതൊടിയിലേക്ക് ഒന്ന് പോകുവാ…. നാളികേരം പിരിക്കാൻ രാവിലെ ദാമു വരും… ഇന്ന് ഇത്തിരി തെളിവ് ഉള്ളത് കൊണ്ട് കേറാൻ പറ്റും എന്നാണ് അയാൾ പറഞ്ഞത്…. എന്തെങ്കിലും പീടികയിൽ നിന്നു മേടിക്കാൻ ഉണ്ടങ്കിൽ ഞാൻ തിരികെ വന്നിട്ട് പോകാം “
“ഉവ്വ്….”
അയാൾക്ക് ഒരു ഗ്ലാസ് കട്ടൻ ചായ യും ആയിട്ട് അവർ വേഗം വന്നു…
അതു മേടിച്ചു ഒരിറക്കു കുടിച്ചപ്പോൾ ആണ് സരസ്വതിയമ്മ അവിടേക്ക് വന്നത്…
“രാമ…..”..
“എന്താ അമ്മേ “
“നീയ് വരുമ്പോൾ മൂന്നാല് ഇളനീർ ഇട്ടു കൊണ്ട് വരണം കേട്ടോ “
“ഹ്മ്മ്…”
ഈ ദിവസങ്ങളിൽ അച്ഛമ്മക്ക് പതിവ് ആണ് ഇളനീർസേവ “
മീനുട്ടി അതും പറഞ്ഞു ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു.
കോളേജി ല്ലേക്ക് പോകാൻ റെഡി ആയി ആണ് വരവ്.. ഏട്ടന്റെ ഒപ്പം ആണ് എന്നും പോകുന്നതും.
കുളി കഴിഞ്ഞു നീളൻ മുടി ഇരു വശത്തു നിന്നും അല്പം ആയി എടുത്തു കൊണ്ട് പിന്നി കൊണ്ട് ആണ് അവളുടെ വരവ്… ഇളം പിങ്ക് നിറം ഉള്ള ഒരു സൽവാർ ആണ് അവളുടെ വേഷം..
ഉമ്മറത്തു ചായ കുടിച്ചു കൊണ്ട് ഇരിപ്പുണ്ട് അച്ഛൻ..
“മീനുട്ടി…..”
“എന്തോ….”
“മിത്തു വന്നു വിളിക്കുന്നു “
അച്ഛൻ പറഞ്ഞപ്പോൾ അവൾ വേഗം ഉമ്മറത്തേക്ക് ചെന്നു.
അവളുടെ കൂട്ടുകാരി ആണ് മിത്ര… ഒരുമിച്ചു ആണ് പഠിത്തം.. ഏട്ടന്റെ ഒപ്പം രണ്ടാളും കൂടി കാറിൽ ആണ് യാത്രയും.
“എന്താടി “
“എടി.. എന്റെ അമ്മയ്ക്ക് സുഖം ഇല്ല… ബി പി ലോ ആയത് ആണ് എന്ന് തോന്നുന്നു… ഞങ്ങൾ ഒന്ന് ഹോസ്പിറ്റലിൽ പോകുവാ…. ഇന്ന് അതുകൊണ്ട് കോളേജിൽ വരാൻ പറ്റണില്ല “
“അയ്യോ… കലയാന്റിക്ക് എന്ത് പറ്റി…”
“തല കറക്കം ആടി… പിന്നെ ചെറിയ പനിയും ഉണ്ട് “
“ആണോ… ഹോസ്പിറ്റലിൽ പോകാൻ റെഡി ആയോ “
“അമ്മ ഒരുങ്ങി ഇരിക്കുവാ ..അച്ഛൻ പോവുകയും ചെയ്തു.ഞങൾ എന്നാൽ പോയിട്ട് വരട്ടെ…. കണ്ണൻ ചേട്ടന്റെ ഓട്ടോ വിളിച്ചു… ഇപ്പോൾ വരും…”ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“ഹ്മ്മ്… ശരി ടി.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ..”
“ശരി ടി….. ഞാൻ വിളിച്ചോളാം…”തിരികെ ഓടി പോകുമ്പോൾ മിത്തു വിളിച്ചു പറഞ്ഞു
തുടരും….