പലകാരണങ്ങൾ കൊണ്ടാണ് എനിക്കിത് വരെ അവിവാഹിതയായി തുടരേണ്ടി വന്നത്…..

Story written by Saji Thaiparambu

==================

നാല്പതാം വയസ്സിൽ ഒരു രണ്ടാം കെട്ടുകാരനുമായുള്ള വിവാഹം, അതെനിക്ക്, ഒട്ടും താല്പര്യമില്ലായിരുന്നു,

പലകാരണങ്ങൾ കൊണ്ടാണ് എനിക്കിത് വരെ അവിവാഹിതയായി തുടരേണ്ടി വന്നത്

എങ്കിലും അവിവാഹിതനായ ഒരു പുരുഷനെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്

ഒടുവിൽ അമ്മയുടെയും അമ്മാവൻമാരുടെയും നിർബന്ധത്തിന് മുന്നിൽ എനിയ്ക്ക് അൻപതിനോടടുത്ത് വയസ്സ് പ്രായമുള്ള, വിവാഹിതയായ ഒരു മകളുള്ളയാളെ വിവാഹം ചെയ്യേണ്ടി വന്നു

ലളിതമായ രീതിയിൽ മതിയെന്ന് അദ്ദേഹം പറഞ്ഞത് കൊണ്ട് വീടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ഏറ്റവുമടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത് കൊണ്ടുള്ള ചെറിയൊരു കല്യാണമായിരുന്നു അത്.

ചടങ്ങെല്ലാം കഴിഞ്ഞ് കാറിൽ അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ, അത് വരെ ഒരക്ഷരം പോലും എന്നോട് മിണ്ടാതിരുന്ന അദ്ദേഹത്തിൻ്റെ മുഖത്തേയ്ക്ക്  റിയർവ്യൂ മീറ്റിലൂടെ ഞാൻ നോക്കിയപ്പോൾ എൻ്റെ നോട്ടം കണ്ട് പെട്ടെന്നദ്ദേഹം പുറത്തേയ്ക്ക് മുഖം തിരിച്ചു കളഞ്ഞു.

ഞാനങ്ങ് വല്ലാതെ ആയെങ്കിലും അതൊരു ഇഷ്ടക്കേടാണോ എന്നറിയാനായി കുറച്ച് കൂടെ ചേർന്നിരുന്നിട്ട്, എൻ്റെ വലത് കൈ കൊണ്ട് ഞാനദ്ദേഹത്തിൻ്റെ ഇടത് കരം ഗ്രഹിച്ചു

പക്ഷേ പെട്ടെന്നദ്ദേഹം എൻ്റെ കൈയ്യിൽ നിന്നും പിടിവിടുവിച്ചപ്പോൾ എനിക്കാകെ വെപ്രാളമായി

എന്തായിരിക്കും അദ്ദേഹം ഇങ്ങനൊക്കെ പെരുമാറുന്നത്
ഞാനറിയാതെ എൻ്റെ ഭാഗത്ത് നിന്ന് എന്തേലും വീഴ്ച സംഭവിച്ചോ?

വീടെത്തും വരെ ആ സംശയം എന്നെ അലട്ടികൊണ്ടിരുന്നു

എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ പോലും അദ്ദേഹം എന്നോട് ഒന്നും സംസാരിച്ചിരുന്നില്ല. എല്ലാം ചോദിച്ചതും പറഞ്ഞതും കൂടെ വന്ന അമ്മുവെന്ന് പേരുള്ള മകളായിരുന്നു

കാറ് വീട്ടിലെത്തിയ ഉടനെ എവിടെയോ പോയിട്ട് വരാമെന്ന് മകളോട് പറഞ്ഞിട്ട്, സ്കൂട്ടറുമെടുത്ത് അദ്ദേഹം പുറത്തേയ്ക്ക് പോയപ്പോൾ ഞാൻ വിളറി നിന്ന് പോയി

അത് കണ്ടിട്ടാവണം മകളെന്നെയും കൂട്ടി അകത്തേക്ക് പോയി വീടിനുൾവശമെല്ലാം കാട്ടി തന്നു

നല്ല വലിപ്പമുള്ള അതിമനോഹരമായൊരു വീടായിരുന്നത്.

കല്യാണത്തിന് വന്ന ബന്ധുക്കളൊക്കെ അവരവരുടെ വീടുകളിലേയ്ക്ക് തിരിച്ച് പോയിരുന്നു

അമ്മൂ ഞാനൊരു കാര്യം ചോദിച്ചോട്ടെ ?

ജിജ്ഞാസ കൊണ്ട് ഒടുവിൽ ഞാനവളോട് ചോദിച്ചു

ഉം ചോദിച്ചോളു….

അച്ഛന് ഈ വിവാഹത്തിന് ഇഷ്ടമല്ലായിരുന്നോ?

എൻ്റെ ചോദ്യം കേട്ട് അവളുടെ മുഖത്തുണ്ടായ അമ്പരപ്പ് ഞാൻ ശ്രദ്ധിച്ചു

ഇഷ്ടമായിരുന്നു, എന്തേ അങ്ങനെ ചോദിച്ചത്?

ഹേയ്,, ഒന്നുമില്ല

അവൾ പറഞ്ഞത് എനിയ്ക്ക് വിശ്വാസമായിരുന്നില്ല

ഞാൻ അമ്മേന്ന് വിളിച്ചോട്ടെ?

വിക്കി വിക്കി, അവൾ എന്നോട് ചോദിച്ചു

പിന്നെന്താ ? അതിലെന്താ ഒരു സംശയം ?

അല്ലാ ,,കണ്ടാൽ ഞാനുമായി വലിയ പ്രായ വ്യത്യാസമൊന്നും തോന്നുന്നില്ല അപ്പോൾ പിന്നെ ,ചേച്ചീന്ന് വിളിക്കണോ എന്നൊരു സംശയം

അത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു പോയി

നീയാള് കൊള്ളാമല്ലോ ?എന്നെ അത്രക്കങ്ങ് പൊക്കണ്ടാട്ടോ എനിക്കേ വയസ്സ് നാല്പതായി ,നിനക്ക് അമ്മേന്ന് വിളിക്കാനുള്ള പ്രായമൊക്കെ എനിക്കായി

അത് കേട്ട് അവളെന്നെ സ്നേഹത്തോടെ ആലിംഗനം ചെയ്തു.

നേരം ഇരുട്ടി തുടങ്ങിയിരുന്നു

അമ്മുവിൻ്റെ മൂന്ന് വയസ്സുള്ള മകനെ കട്ടിലിൽ കിടത്തി ഉറക്കിയിട്ട് ഞാനും അവളും കൂടി കിച്ചണിൽ ചപ്പാത്തിയും കറിയുമുണ്ടാക്കാനായി കയറി

അപ്പോഴേയ്ക്കും അദ്ദേഹവും വന്നു

ഞങ്ങളൊരുമിച്ചിരുന്ന് അത്താഴം കഴിച്ചെങ്കിലും അപ്പോഴും അദ്ദേഹം എന്നോട് പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല

കൈകഴുകി അദ്ദേഹം റൂമിലേയ്ക്ക് പോയപ്പോൾ എച്ചിൽ പാത്രങ്ങളുമെടുത്ത് ഞാനും അമ്മുവും കൂടി അടുക്കളയിലേയ്ക്ക് പോയി.

പത്ത് മണിയോട് കൂടിയാണ് ഞാൻ അദ്ദേഹത്തിൻ്റെ മുറിയിലേയ്ക്ക് പോയത്

അപ്പോൾ അദ്ദേഹം കട്ടിലിലിരുന്ന് ഒരു കല്യാണ ആൽബം മറിച്ച് നോക്കുകയായിരുന്നു

എന്നെ കണ്ട് ആൽബം മടക്കി മേശപ്പുറത്ത് വച്ചിട്ട് അദ്ദേഹം കട്ടിലിൽ എനിക്ക് എതിർദിശയിലേയ്ക്ക് ചരിഞ്ഞ് കിടന്നു.

കുറച്ച് നേരം നിശ്ചലയായി നിന്ന ഞാൻ മേശപ്പുറത്തിരുന്ന
ആൽബമെടുത്ത് തുറന്ന് നോക്കി

അത് അദ്ദേഹത്തിൻ്റെ കല്യാണ ആൽബമായിരുന്നു

പതിയെ ഞാൻ കട്ടിലിൽ ഇരുന്നു

എന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാ വിവാഹം കഴിച്ചത്?

അസഹനീയതയോടെ ഞാൻ ചോദിച്ചു

എൻ്റെ മകൾക്ക് വേണ്ടി, ഞാൻ ഒറ്റയ്ക്കാണെന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു ,ഒടുവിൽ,, ഞാൻ മറ്റൊരുവിവാഹം കഴിക്കാതെ, അവൾ ഭർത്താവിനൊപ്പം കഴിയില്ലെന്ന് വാശി പിടിച്ചപ്പോൾ, എനിയ്ക്ക് വഴങ്ങേണ്ടി വന്നു , അത് കൊണ്ട് മാത്രമാണ്, ഞാൻ രണ്ടാമതൊരു വിവാഹം കഴിച്ചത്, ഇല്ലെങ്കിൽ, എൻ്റെ ലക്ഷ്മിയുടെ ഓർമ്മയും പേറി ഞാൻ ജീവിച്ചേനെ, എനിയ്ക്കവളെ മറന്ന്, മറ്റൊരു സ്ത്രീയെ സ്നേഹിക്കാൻ കഴിയില്ല നീയെന്നോട് ക്ഷമിക്ക്,,

അത് കേട്ട് ഞാൻ തകർന്ന് പോയി,
അന്ന് രാത്രി എനിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ,കട്ടിലിൻ്റെ ഇങ്ങേ വശത്ത് ഞാൻ കണ്ണ് തുറന്ന് കിടന്നു

ആലോചനകൾക്കൊടുവിൽ നേരം വെളുക്കുമ്പോൾ എൻ്റെ വീട്ടിലേയ്ക്ക് തിരിച്ച് പോകണമെന്ന് ഞാൻ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.

പക്ഷേ വെളുപ്പാൻ കാലത്തെപ്പോഴോ ഉറങ്ങിപ്പോയ ഞാൻ ഉണർന്നപ്പോഴേക്കും ക്ളോക്കിൽ സമയം ഒന്പത് മണി ആയിരുന്നു

ചാടി പിരണ്ടെഴുന്നേറ്റ ഞാൻ വേഗം ബാത്റൂമിലേയ്ക്ക് കയറി, പ്രാഥമികാവശ്യങ്ങളൊക്കെ നിറവേറ്റി, വേഗം കുളിച്ചൊരുങ്ങി,

കൂടെ കൊണ്ട് പോകാൻ ചെറിയൊരു ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു ,അതുമെടുത്ത് സ്റ്റെയർകെയ്സിറങ്ങി താഴെ ചെല്ലുമ്പോൾ, അച്ഛനും മകളും കൂടി ഡൈനിങ് ടേബിളിലിരുന്ന്, ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു.

അല്ലാ,, അമ്മയിത്ര രാവിലെ എങ്ങോട്ടാണ് പോകുന്നത്?

നിൻ്റെ അച്ഛന് ,എന്നെ ഇഷ്ടമല്ലാതെയാണ് വിവാഹം കഴിച്ചത്,അപ്പോൾ പിന്നെ, അങ്ങനെയൊരാളുമായി ജീവിക്കുന്നതിലും ഭേദം, സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതാണ് നല്ലതെന്ന് തോന്നി ,ഞാനെൻ്റെ വീട്ടിലേയ്ക്ക് പോകുവാണ്,,

അവരുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞിട്ട് ഞാൻ പുറത്തേയ്ക്ക് പോകാനൊരുങ്ങുമ്പോൾ, പുറകിൽ നിന്നും പൊട്ടിച്ചിരികേട്ടു.

അച്ഛനും മകളും കൂടി എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നത് കണ്ട് ഞാൻ അന്തം വിട്ട് നിന്നു.

എൻ്റമ്മേ, ഈ ഇരിക്കുന്നത് എൻ്റെ ചെറിയച്ഛനാണ് , അതായത് മരിച്ച് പോയ എൻ്റെ അച്ഛൻ്റെ ഇരട്ട സഹോദരൻ, ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ച് പോയ എന്നെ വളർത്തിയതും പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതും അവിവാഹിതനായ ഈ ചെറിയച്ഛനാണ് ,ഇദ്ദേഹം, അമ്മയോട് പറഞ്ഞ ഒരു കാര്യം സത്യമാണ്, എൻ്റെ നിർബന്ധം കൊണ്ടാണ് ഈ കല്യാണം നടന്നത് പക്ഷേ, അമ്മയോട് കാണിച്ച ഇഷ്ടക്കേടും ഇന്നലെ രാത്രി പറഞ്ഞ ഡയലോഗുകളുമെല്ലാം ഇദ്ദേഹം ക്രിയേറ്റ് ചെയ്ത ഒരു നാടകമായിരുന്നു ,അത് അമ്മയെ ഒന്ന് പ്രാങ്ക് ചെയ്യാൻ വേണ്ടി അമ്മയുടെ വീട്ടുകാർ കൂടി അറിഞ്ഞോണ്ടുള്ള പണി ആയിരുന്നു ,ഇന്നലെ കണ്ട കല്യാണ ആൽബം, എൻ്റെ അമ്മയുടെയും അച്ഛൻ്റെയുമായിരുന്നു, സംശയമുണ്ടെങ്കിൽ അമ്മ വീട്ടിലേയ്ക്ക് ഒന്ന് വിളിച്ച് ചോദിയ്ക്ക്

അത് കേട്ട് എനിയ്ക്ക് സങ്കടമാണോ സന്തോഷമാണോ വന്നതെന്ന് അറിയില്ലായിരുന്നു

ടേബിളിനടുത്തേയ്ക്ക് നടന്ന് ചെന്ന ഞാൻ അദ്ദേഹത്തിൻ്റെ പുറത്തിട്ട് കുറെ അടിയുമിടിയും കൊടുത്തു

അതെല്ലാം കൊണ്ട് കഴിഞ്ഞ് അദ്ദേഹമെന്നെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചപ്പോൾ ശരിയ്ക്കും ഞാൻ ദൈവത്തെ സ്തുതിച്ച് പോയി.

~sajithaiparambu