അനു ഞെട്ടി അകന്ന് മാറി. പിന്നെ മോളെ എടുത്തു തോളിലിട്ട് ബാഗ് എടുത്തു വാതിൽ കടന്ന് പോയി…

Story written by Ammu Santhosh

==================

“വിവേകിനെ അനു കണ്ടുമുട്ടും മുന്നേ അനുവിനെ സ്നേഹിച്ചവനാണ് ഞാൻ. പക്ഷെ നേരിട്ട് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. ഒരു ജോലിയില്ല സാമ്പത്തിക ബാധ്യത..എല്ലാം അനുവിന് അറിയാമല്ലോ. ഇന്ന് നീ ഇങ്ങനെ വേദനിക്കുന്നത് കാണുമ്പോൾ എനിക്ക്..” അരുണിന്റെ ശബ്ദം ഒന്നിടറി..

“അനു നീ അവനെ ഉപേക്ഷിക്കു..അവന് സ്വബോധം ഉള്ള ഒരു അൽപനേരം എങ്കിലും ഉണ്ടൊ..നിന്റെ മോളെ നമ്മുടെ മോളായി തന്നെ ഞാൻ വളർത്തി കൊള്ളാം..പ്ലീസ് അനു “

അനുവിന് അവനെ മനസിലാകുന്നുണ്ടായിരുന്നു. അവൻ സത്യസന്ധനും നല്ലവനും ആണെന്ന് അവൾക്കറിയാം. അനുവും അരുണും വിവേകും സുഹൃത്തുക്കൾ ആയിരുന്നു. നല്ല സുഹൃത്തുക്കൾ. പക്ഷെ ആദ്യമായി പ്രൊപ്പോസ് ചെയ്തത് വിവേക് ആണ്. വിവേകിനെ  ഉപേക്ഷിച്ചു പോകണം എന്നാലോചിക്കുമ്പോൾ ഉള്ളിൽ നിന്നു ഒരു കടൽ ഇളകും പോലെ..വേദനയുടെ അലകടൽ..മോൾക്ക് അവൻ നല്ല ഒരച്ഛൻ ആണോ എന്ന് പോലും അറിയില്ല. അവൻ വരുമ്പോൾ അവൾ ഉറങ്ങിക്കഴിയും..എത്ര നാൾ ഇങ്ങനെ. അച്ഛനും അമ്മയും പറയുന്നു ഡിവോഴ്സ് ചെയ്യ് എന്ന്.

അവൾ അവനോട് യാത്ര പറഞ്ഞു വീട്ടിൽ വന്നു

വിവേക് നേരെത്തെ വന്നിട്ടുണ്ട്

“അനു ഇന്ന് പോയ ഇന്റർവ്യൂ കിട്ടും കേട്ടോ..എനിക്ക് ഹോപ്‌ ഉണ്ട് ” ജോലി നഷ്ടപ്പെട്ടതിൽ പിന്നെ ആണ് ഈ സ്വഭാവം..അവൾ വെറുതെ തലയാട്ടി. ഇതെത്രാമത്തെ തവണയാണ് ഒരെ വാചകം..അവൻ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമ്പോൾ അവൾ കരയാതെ ഇരിക്കാൻ ശ്രമിച്ചു. ബോധം ഉള്ളപ്പോൾ മാത്രം ഉള്ള സ്നേഹം.

പിറ്റേന്ന് വൈകുന്നേരം ബോധമില്ലാതെ വീണ്ടും..

ആരൊക്കെയോ ചേർന്ന് വീട്ടിൽ കൊണ്ട് വന്നു. അവരുടെ കണ്ണുകൾ ശരീരത്തിലൂടെ ഇഴയുന്നത് കണ്ടപ്പോൾ അന്നാദ്യമായി അവൾക്ക് ഭയം തോന്നി

“ഞാൻ എന്റെ വീട്ടിലേക്ക് പോകുകയാണ് വിവേക് ” അവൾ വിവേക് ഉണർന്നപ്പോൾ പറഞ്ഞു..

വിവേക് തല കുനിച്ചിരുന്നു..അവനറിയാം എല്ലാം..

“നമുക്ക് പിരിയാം വിവേക്..എനിക്ക് മോളെ സുരക്ഷിതമായി വളർത്തണം..സോറി “

വിവേക് കുനിഞ്ഞു അവളുടെ കാലിൽ പിടിച്ചു

“പൊറുക്കണം എന്നോട്..എന്റെ ജീവിതം എനിക്ക് നഷ്ടം ആയി അനു..നീ പൊയ്ക്കോ..അവനെ കല്യാണം കഴിക്ക്..സന്തോഷം ആയി ജീവിക്കണം. അവൻ പാവാ നല്ലവനാ..നിന്നേ നോക്കും..ഇന്നലെ കണ്ടാരുന്നു..എല്ലാം പറഞ്ഞു..എന്തോ സങ്കടം സഹിച്ചില്ല അതാണ്‌ കുടിച്ചത്..നീ പറയും ഓരോ കാരണം കണ്ടെത്തുക ആണെന്ന്..അല്ല മോളെ..കാരണം മുന്നിലേക്ക് വരികയാണ്. തോറ്റു പോയി വിവേക്. മോള് പൊയ്ക്കോ… “

അനു ഞെട്ടി അകന്ന് മാറി..പിന്നെ മോളെ എടുത്തു തോളിലിട്ട് ബാഗ് എടുത്തു വാതിൽ കടന്ന് പോയി.

വിവേകിന് ബോധം കെടും വരെ കുടിച്ചിട്ടും അവളെ മറക്കാൻ സാധിച്ചില്ല. മരിച്ചാലോ എന്ന് ചിന്തിച്ചപ്പോൾ അതും അവളെ വേദനിപ്പിക്കുമല്ലോ എന്നവൻ ഓർത്തു..

“അച്ഛാ എന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോകാമോ? “

വിവേക് അവന്റെ അച്ഛന്റെ മുന്നിൽ ചെന്നു. അച്ഛൻ നിറകണ്ണുകളോടെ അവനെ ചേർത്ത് പിടിച്ചു..

വിവേകിനെ കാണാതെ വയ്യ എന്ന് തോന്നിയപ്പോൾ അവൾ വീണ്ടും തിരിച്ചു വന്നു

“ആശുപത്രിയിൽ ആണ് മോൾ കുറച്ചു നാൾ വീട്ടിൽ തന്നെ നിൽക്ക്. അവിടെ അച്ഛനുണ്ട് മോളെ..” വിവേകിന്റെ അമ്മ സ്നേഹത്തോടെ പറഞ്ഞു

അവൾ സ്വന്തം വീട്ടിലേക്ക് പോയില്ല. അവിടെ നിന്നു അമ്മയ്ക്ക് കൂട്ടായിട്ട്

അമ്മയും ഒരു സ്ത്രീ ആണ്

ഒറ്റ മകനാണ് വിവേക്. നല്ല ജോലി ആയിരുന്നു അവന്. കമ്പനി നഷ്ടത്തിലായപ്പോ കുറേ പേരെ പറഞ്ഞു, വിട്ടു കൂട്ടത്തിൽ അവനും. താനും ഒരു പാട് സ്ഥലത്ത് ജോലിക്ക് ശ്രമിച്ചു. ഒന്നും കിട്ടിയില്ല. ശ്രമിച്ചു കൊണ്ടേയിരിക്കുന്നു…

അവൾ എന്ത് ചെയ്യുമിനി എന്ന് ആലോചിച്ചു നോക്കി

അച്ഛനും അമ്മയും വക്കീലിനെ കണ്ട് എല്ലാം ഏർപ്പാട് ചെയ്തു കഴിഞ്ഞു

വിവേക് വരുമ്പോൾ ഒരു ഒപ്പ് ഇടുകയേ വേണ്ടു. അവൾ കല്യാണം കഴിഞ്ഞ നാളുകൾ ആലോചിച്ചു

അവൻ കൊടുത്ത സ്നേഹം. അവന്റെ ചിരി. അവൻ ചിരിക്കാതായത് ജോലി നഷ്ടം ആയതിനു ശേഷമാണ്. ഓരോ ഇന്റർവ്യൂ കഴിഞ്ഞു വരുമ്പോൾ നിരാശ. ചിരി മറന്നു പോയ വിവേക്

അവൾ അമ്മയെവിടെ എന്ന് നോക്കി. അമ്മ പഴയ നൈറ്റി ഒരെണ്ണം തയ്ക്കുന്നു. ഈ വീട്ടിൽ നിന്നിട്ടില്ല താൻ. വിവേകിന്റെ ജോലി സ്ഥലത്തായിരുന്നു

“അമ്മ തയ്ക്കുമോ?”

“ആ സ്വന്തം ആവശ്യങ്ങൾക്ക് തയ്ക്കും മോളെ “

“എന്നേ കൂടെ പഠിപ്പിക്കാമോ?”

ഡിഗ്രി എടുത്ത നാളുകളിൽ ഉടനെ ജോലി കിട്ടും എന്ന പ്രതീക്ഷയിൽ കറങ്ങി തിരിഞ്ഞ ഒരു കാലമുണ്ടായിരുന്നു

കൂട്ടുകാരി ധന്യ സ്വന്തം ആയി ഒരു തയ്യൽക്കട ഇട്ടപ്പോൾ ഡിഗ്രി വരെ പഠിച്ചത് ഇതിന് ആയിരുന്നോ എന്ന് ചോദിച്ചിട്ടും ഉണ്ട്

ഇപ്പൊ അവൾക്ക് മൂന്ന് കടകൾ ഉണ്ട്. അവളും ഭർത്താവും ചേർന്നാണ് നടത്തുന്നത്. ആരുടെയും കീഴിൽ അല്ല താനും…

ആ ഓർമ ആയിരുന്നു അനുവിന്റെ ഊർജം…

അവളത് വേഗം പഠിച്ചെടുത്തു. അമ്മ നന്നായി തയ്ക്കും. അയല്പക്കത്തെ സ്ത്രീകളുടെ തുണിത്തരങ്ങൾ കിട്ടീതുടങ്ങി

വിവേക് ആശുപത്രിയിൽ നിന്ന് വന്ന് അവരോടൊപ്പം ചേർന്നപ്പോൾ ദൂരെയുള്ള ഓർഡറും പിടിച്ചു തുടങ്ങി. സ്വർണം പണയം വെച്ച് ടൗണിൽ ഒരു ചെറിയ ഷോപ്പ് വാടകക്ക് എടുത്തു. അമ്മയും അവളും ഇരുന്നു

ഓർഡർ എടുത്തു കൊണ്ട് കൊടുക്കുന്നത് വിവേക്
അവനും രാവന്നില്ലാതെ പകലിനില്ലാതെ അധ്വാനിച്ചു

ഒരു ദിവസത്തിന്റെ മുക്കാലും അവിടെ തന്നെ. അമ്മയ്ക്ക് സന്തോഷം. അച്ഛന് സന്തോഷം. അവൾക്കും വിവേകിനും സന്തോഷം

ജീവിതം ഒരു കരയ്ക്ക് അടുക്കുകയാണ്

നേരെത്തെ എന്ത് കൊണ്ട് തോന്നിയില്ല എന്ന് അവൾ വിവേകിനോട് ഇടക്ക് ചോദിച്ചു പോകും

ജീവിതം കയ്യിൽ നിന്ന് പോകുമ്പോൾ മാത്രം ആണ് മനുഷ്യൻ എന്തും ചെയ്ത് പോകുന്നത്

ആ “എന്തും. ” ആണ് പ്രധാനവും

വിവേക് പുഞ്ചിരിച്ചു

വിവേകിന്റെ മുഖത്തേക്ക് വീണ്ടും ചിരി മടങ്ങിയെത്തി

അത് കാണുന്നതായിരുന്നു അവളുടെ ഏറ്റവും വലിയ സന്തോഷവും

കാരണം വിവേക് അവളുടെ ഭർത്താവ് മാത്രം ആയിരുന്നില്ല

അവളുടെ ആദ്യ പ്രണയം കൂടിയായിരുന്നു…ഒരിക്കലും അകന്നു പോകാൻ കഴിയാത്ത ആദ്യപ്രണയം…

~അമ്മു