ഒരുപക്ഷേ അവൾ നന്നായി ഒന്ന് ശ്രദ്ധിച്ചു ഇരുന്നെങ്കിൽ ഇന്ന് എൻ്റെ അമ്മ ജീവിച്ചു ഇരുന്നേനെ…

എഴുത്ത്: മനു തൃശ്ശൂർ

===============

അമ്മയുടെ സഞ്ചയനം കഴിഞ്ഞു ആ വീടിന്റെ പടിയിറങ്ങുമ്പോൾ

പിന്നിൽ നിന്നും നാത്തൂൻ കരയുന്നുണ്ടായിരുന്നു..

“ഞങ്ങളെ തനിച്ചാക്കി എല്ലാവരും പോവാണോ..ഇനി ഞങ്ങൾക്ക് ആരുമില്ലല്ലൊ എല്ലാവരും പോവല്ലെ എന്ന് പറഞ്ഞു

പക്ഷെ നാത്തൂൻ്റെ കരച്ചിൽ ഞാൻ ചെവി കൊണ്ടില്ല..തിരിഞ്ഞു നോക്കാതെ ഞാൻ ഹരിയേട്ടൻ്റെ കൈയ്യും പിടിച്ചു പടിയറങ്ങാൻ നോക്കുമ്പോൾ..മുറ്റത്തെ കസേരയിൽ എല്ലാം നഷ്ടം ആയ നിസ്സഹായതയോടെ തല കുനിച്ചിരിക്കുന്ന മൂത്ത ചേട്ടനെ കണ്ടപ്പോൾ ഉള്ളൊന്നു പിടച്ചു.. യാത്ര പറയാനുള്ള ശക്തി ഇല്ലായിരുന്നു..

അടുത്ത് ചെന്ന് കൈ ഉയർത്തി മെല്ലെ ആ മുടി ഇഴകളിൽ ഒന്ന് വിരലോടിച്ചപ്പോൾ ഉള്ളിലൊരു സങ്കടകടൽ അലയടിച്ചു.

മനസ്സ് ആ നിമിഷം കാലങ്ങൾക്ക് അപ്പുറം ഉള്ള ആ മനോഹര നിമിഷങ്ങളിലേയ്ക്കു ഒരു പോയി..

“ഞാൻ ഇനി തനിച്ചായി ഇല്ലേ..

പെട്ടെന്നാണ് ഏട്ടന്റെ ചിലമ്പിച്ച ആ സ്വരം കേട്ടത്..

പാവം ഒറ്റ പെടൽ ഒരിക്കലും ആഗ്രഹിക്കാത്ത ഏട്ടൻ.. അത്യാവശ്യങ്ങൾക്കല്ലാതെ ഒരു നിമിഷം പോലും വീടും ഞങ്ങളെയും വിട്ട് പുറത്ത് പോയിട്ടില്ല.. ആ ഏട്ടൻ ഇനി ഈ ഒറ്റപെടൽ എങ്ങനെ താങ്ങും..

കണ്ണുകൾ അമ്മയെ അടക്കം ചെയ്തിടത്തേയ്ക്കു നീണ്ടു.ഏതു വിഷമവും അസുഖവും.. എന്താ എന്നൊരു തലോടലോടെ തുടച്ചെടുക്കുന്ന എന്റെ അമ്മയുടെ ആ സ്നേഹ സ്പർശം അതിനി ഇല്ലാലോ എന്ന് ഓർത്തപ്പോൾ ഉള്ളു വിങ്ങി…

ഒന്നും പറയാൻ കഴിയാതെ വിങ്ങുന്ന മനസ്സോടെ അവിടെ നിന്നും മുന്നോട്ട് നടന്നു..സ്റ്റാർട്ട്‌ ചെയ്തിട്ടിരുന്ന വണ്ടിയിലേയ്ക്കു കയറാൻ നേരം. അപ്പേ.. അപ്പ പോകണ്ട എന്ന് പറഞ്ഞു ഏട്ടന്റെ മോൻ പിന്നിൽ നിന്നും എന്റെ കാലുകളിൽ കെട്ടിപിടിച്ചു..
.
അതുവരെ അടക്കിയ സങ്കടം ഒരു ഏങ്ങലോടെ പുറത്തേയ്ക്കു വന്നു.. അവനെ വാരിയെടുത്ത നെഞ്ചോട് ചെയ്തപ്പോൾ ആ കുഞ്ഞി കൈകൾ കൊണ്ട് എന്നെ ചുറ്റി പുണർന്നു മുഖം എന്റെ തോളിലേയ്ക് അമർത്തി കിടന്നു..

നിറ മിഴികൾ ഏട്ടന് നേരെ നീണ്ടപ്പോൾ സ്വന്തം കൈകളിൽ മുഖം ഒളിപ്പിച്ചു പൊട്ടികരയുന്ന ഏട്ടനെയാണ് കണ്ടത്.

വണ്ടി ഓഫാക്കി ഹരിയേട്ടൻ എന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി വണ്ടിയിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തു കൊടുത്ത് അവനെ സമാധാനിപ്പിച്ചു അകത്തേയ്ക് കൊണ്ട് വിട്ട്

.ചേച്ചിമാർ എല്ലാവരും നേരത്തെ മടങ്ങി പോയത് കൊണ്ട് പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി

നാത്തൂനെ ഓർക്കുമ്പോൾ അവളോട് ദേഷ്യം ആയിരുന്നു അത്രമേൽ ഇഷ്ടവും ഉണ്ടായിരുന്നു ..

അവസാന നാളുകളിൽ അമ്മയെ അവൾ തിരിഞ്ഞു നോക്കിയിരുന്നില്ല എന്നിട്ട് ഇപ്പോൾ എല്ലാം തീർന്നപ്പോൾ പെട്ടി കരയണ്..

ഒരുപക്ഷേ അവൾ നന്നായി ഒന്ന് ശ്രദ്ധിച്ചു ഇരുന്നെങ്കിൽ ഇന്ന് എൻ്റെ അമ്മ ജീവിച്ചു ഇരുന്നേനെ..

എന്നാലും കുറ്റം പറയാൻ ആരേയും പറ്റില്ല കഠിനമായ വേദന നിറഞ്ഞ മരുന്നുകളുടെ ലോകത്ത് നിന്നും അമ്മയ്ക്ക് ജീവിതം മടുത്ത പോലെ ആയിരുന്നു..

ചിലപ്പോൾ ആരെയും അടുപ്പിക്കില്ല ആരു കൊടുത്താലും ഒന്നും കഴിക്കില്ല എൻറെ കുഞ്ഞിമോൾ വരുമ്പോൾ കൊണ്ട് വരും പറഞ്ഞു അവസാന നാളിൽ ഒരെ ഇരിപ്പു ആയിരുന്നു.. അമ്മ..

ആ അമ്മയുടെ മരണത്തോടെ എല്ലാം അവസാനിച്ച പോലെ ഒരു കുടുംബത്തിലെ എല്ലാവരും പലവഴിക്ക് പിരിഞ്ഞു ഒരിക്കലും കൂട്ടി ചേർക്കാൻ കഴിയാത്ത വിതം..

ആച്ഛൻ്റെ മരണ ശേഷം വീട്ടിലേക്ക് കയറി ചെല്ലാൻ അമ്മയുണ്ടായിരുന്നു ഇത്രയും നാളും

അമ്മയായിരുന്നു എല്ലാവരെയും കൂട്ടി ഇണക്കിയിരുന്ന ഏക കണ്ണി ഇനി ആരുമില്ല..

ആ വീട് ഇനി നമ്മുടേതല്ല എന്നൊരു തോന്നൽ..

ജനിച്ചു വളർന്നതും ഉണ്ടും ഉറങ്ങിയതും എൻ്റെ വീടെന്ന് പറഞ്ഞു കുഞ്ഞായിരിക്കുമ്പോൾ ഏട്ടൻമാരോടും ചേച്ചിമാരോടും തമ്മിലടിച്ചതും ഒക്കെ വേദനയോടെ മനസ്സിൽ തിങ്ങി കിടന്നു..

ഒരു പെണ്ണ് കല്യാണം കഴിച്ചു പോയാൽ അവർക്ക് പിന്നെ അവരുടെ വീട് സ്വന്തം അല്ലാതെ ആവുന്ന പോലെ ഒരു ദിവസങ്ങൾ കഴിഞ്ഞാൽ മനസ്സ് മടിച്ചു തുടങ്ങും..ഒന്ന് അവിടെയ്ക്കു പോകാൻ

പിന്നെ അവിടെ മറ്റൊരു അവകാശിയായി ഒരു പെണ്ണ് കയറി വരുമ്പോൾ തീർത്തും അന്യമാകും

തിരിച്ചു സ്വന്തം വീട്ടിൽ വന്നപ്പോൾ ഇറങ്ങി പോന്ന വേദന വലുത് ആയിരുന്നു ഇന്നിപ്പോൾ അമ്മയില്ല അച്ഛനില്ല..

സന്തോഷത്തോടെ കറി ചെല്ലുമ്പോൾ മോളെന്ന് വിളിക്കാനും എന്താ വേണ്ടെന്ന് ചോദിച്ചു ഇഷ്ടം ഉള്ളതൊക്കെ വെച്ച് വിളിമ്പാനും. കാത്തിരിക്കാനും. ഒരു ദിവസം വിളിക്കാൻ വൈകിയ എന്താ സങ്കടം എന്നൊക്കെ തിരക്കാനും ആരും ഇല്ലാത്ത പോലെ..

വീട്ടിൽ വന്നു കിടന്നിട്ടും കണ്ണുകൾ നിറഞ്ഞു മനസ്സ് ശാന്തമാവും വരെ കരഞ്ഞു ..

ഹരി ഏട്ടൻ മുറിയിലേക്ക് കയറി വന്നപ്പോൾ ഒന്നെഴുന്നേറ്റ് ഇരുന്നു..

വന്നപ്പോഴെ പറഞ്ഞു…കഴിഞ്ഞത് കഴിഞ്ഞു ദുഃഖിച്ചിട്ടു കാര്യം ഇല്ല..

നമ്മളും അങ്ങനെ ഒക്കെ തന്നെ ഒരുദിവസം പോവും അപ്പോൾ അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നമ്മുക്ക് തോന്നണ് ആരും സങ്കടപ്പെട്ടു ഇരിക്കരുത് സന്തോഷത്തോടെ ഇരിക്കണം എന്ന..

ഉള്ളിൽ വലിയ സങ്കടം ഉണ്ടെങ്കിലും ഒന്നിനും ഒരു പരിഹാരം ആവില്ലെടി നമ്മൾ അതൊക്കെ തരണം ചെയ്യണം..

ശരിയല്ലെ..??

ഞാൻ ഒന്നും പറഞ്ഞില്ല ആ നെഞ്ചിലേക്ക് ചാഞ്ഞു അങ്ങനെ കിടന്നു..

സമാധാനം കിട്ടാതെ വന്നപ്പോൾ മെല്ലെ എഴുന്നേറ്റു ഇരുന്നു..

ഇനി എനിക്ക് ആരുമില്ല ഏട്ടാ.. ഞാൻ ഒരു അനാഥ അയപോലെ..എൻ്റെ മോൾക്കും,എനിക്കും ഇനി നിങ്ങളല്ലാതെ വേറെ ആരും ഇല്ല എന്തൊരു വിധിയാണ് ജീവിതം..

ആരൊ പറഞ്ഞത് പോലെ അത് വളരെയധികം ശരിയ.ഹരിയേട്ട.

ഈ സ്വന്തവും ബന്ധവും എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് വരെ ഉള്ളൂ..

ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും, സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ കാലം അവളുടെ അച്ഛന്റെ അമ്മയുടെ ഒപ്പം ഉള്ള കാലമാണ്

അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു ..

മനസ്സ് വീണ്ടും പിടിവാശി തകർന്നു പോയെന്ന് തോന്നിയ നിമിഷം ഹരി രണ്ടു കൈകൊണ്ടും തന്നിലേയ്ക്കു ചേർത്ത് പിടിച്ചപ്പോൾ..മിഴികൾ നിറഞ്ഞു

ഇല്ല ഇനി ഒരിക്കലും നീ തനിച്ചാകില്ല.. ഞാൻ ഉണ്ടാകും എന്റെ ജീവന്റെ അവസാനം വരെ നിന്നെ എന്റെ നെഞ്ചോട് ചേർത്ത്..

നിറഞ്ഞു തുടങ്ങിയ തന്റെ മിഴികൾ തുടച്ചു കൊണ്ട് ഹരി മൂകമായി അവൾക്കു ഉറപ്പ് കൊടുക്കുവായിരുന്നു

ശുഭം
മനു തൃശ്ശൂർ