ഒരു ദീർഘനിശ്വാസത്തോടെ ഗീത അത് പറയുമ്പോൾ കണ്ണുകളിൽ കണ്ണുനീർ കൊണ്ട് നിറഞ്ഞിരുന്നു…

മനുഷ്യർ…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

=============================

” പൈസ മൊത്തം ഇല്ലാതെ ബില്ല് അടയ്ക്കാൻ പറ്റില്ലെന്ന് നിങ്ങളോട് എപ്പോഴേ പറയുന്നു …. “

ക്യാഷ് കൗണ്ടറിൽ ഇരുന്ന ഗീതയുടെ ശബ്ദം അൽപ്പം ഉച്ചത്തിൽ ആയപ്പോൾ ഗിരീഷ് വീണ്ടും ദയനീയമായി അവരെ നോക്കി…

” കയ്യിൽ ഉള്ളത് തല്ക്കാലം അടയ്‌ക്കാൻ ഡോക്ടർ പറഞ്ഞിരുന്നു….”

ഗീതയ്ക്ക് കേൾക്കാൻ പറ്റുന്ന രീതിയിൽ ശബ്ദം താഴ്ത്തിയാണ് ഗിരീഷ് പറഞ്ഞത്…

” ഇയാളോട് പറഞ്ഞാലും മനസ്സിലാകില്ലേ, ഫുൾ എമൗണ്ട് ഇല്ലാതെ അടയ്ക്കാൻ പറ്റില്ല, നിങ്ങൾ മാറി നിന്നേ വേറെയും ആൾക്കാർ ക്യു നിൽപ്പുണ്ട്…. “

അത് പറഞ്ഞ് ഗീത കയ്യിൽ ഇരുന്ന ബില്ലും പൈസയും കൗണ്ടറിന്റെ മേശപുറത്തേക്ക് ഇടുമ്പോൾ മുഷിഞ്ഞ നൂറിന്റെ നോട്ടുകൾ തറയിലേക്ക് തെറിച്ച് വീണിരുന്നു…

മറുത്തൊന്നും പറയാതെ ഗിരീഷ് ചുറ്റുമോന്ന് നോക്കികൊണ്ട് നോട്ടുകൾ തറയിൽ നിന്ന് എടുക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനൊപ്പം ദയനീയമായി ഗീതയേയും നോക്കി, ആ നോട്ടം നേരിടാൻ കഴിയാതെ ഗീത തല കുമ്പിട്ട് തന്റെ ജോലി തുടർന്ന് കൊണ്ടിരുന്നു, അപ്പോഴും ആരൊക്കെയോ തന്നെ പ്രാകുന്നതും ഗീത കേട്ടിരുന്നു….

” എങ്കിലും നീ ആ പൈസ വലിച്ചെറിയേണ്ടയിരുന്നു…. “

കൗണ്ടറിലെ തിരക്ക് കഴിഞ്ഞപ്പോഴാണ് മായ ഗീതയോട് പറഞ്ഞത്…

” എന്റെ പൊന്ന് ചേച്ചി വേണമെന്ന് കരുതി ചെയ്തതല്ല, കഴിഞ്ഞദിവസം ഇതുപോലെ വന്ന ആ അപ്പൂപ്പന്റെ കയ്യിൽ നിന്ന് പൈസ കുറച്ച് വാങ്ങിയതിന്റെ തെറി മൊത്തം രാവിലെ കേട്ടിട്ടുള്ള വന്നിരിപ്പ് ആണ്, കൂടാതെ വീട്ടിലെ പ്രശ്നങ്ങൾ, എല്ലാം കൂടി….. “

ഗീത രണ്ട് കൈകളും തലയിൽ അമർത്തിക്കൊണ്ട് പറഞ്ഞു…

” നമ്മുടെ അവസ്ഥ പുറത്ത് നിന്ന് വരുന്നവർക്ക് അറിയില്ലല്ലോടാ, ആ സാരമില്ല നീ കുറച്ച് നേരം റസ്റ്റ് എടുക്ക്… “

മായ അത് പറയുമ്പോൾ ഗീത ചിരിക്കാൻ ശ്രമിച്ചുകൊണ്ട് കസേരയിൽ മലർന്നിരുന്നു…

” ഞാനൊന്ന് ആ പുള്ളിയെ കണ്ട് സോറി പറഞ്ഞാലോ എന്നാണ്… “

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പോകാൻ ഇറങ്ങും മുൻപാണ് ഗീത മായയോട് പറയുന്നത്..

” എന്റെ ഗീതേ അങ്ങേര് രാവിലത്തെ ദേഷ്യമെല്ലാം കൂടി നിന്നോട് തീർക്കും അതൊന്നും വേണ്ട, നമ്മൾ നമ്മുടെ ഡ്യൂട്ടി ചെയ്യുന്നു അത്രേം കരുതിയാൽ മതി…. “

മായ അത് പറയുമ്പോൾ ഗീത തലയാട്ടി സമ്മതിച്ചെങ്കിലും അവളുടെ മനസ്സ് അസ്സസ്ഥമായിരുന്നു.

” മായേച്ചി വിട്ടോ ഞാനിപ്പോ വരാം… “

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ഗീത അതും പറഞ്ഞ് മായയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ വേഗം നടന്നകന്നു…

ഐ.സി. യു ന്റെ മുന്നിൽ ഇരിപ്പുറയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആ മനുഷ്യനെ ഗീത ദൂരെനിന്നേ കണ്ടിരുന്നു, അയാളെ അശ്വസിപ്പിക്കാനെന്നോണം ഒന്ന് രണ്ട് പേർ എന്തൊക്കെയോ പറയുന്നുണ്ട്…

ഈ അവസ്ഥയിൽ അവിടേക്ക് കയറി ചെന്നാൽ ചിലപ്പോൾ ആ മനുഷ്യൻ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാൻ പറ്റില്ല, അതോർത്ത് അൽപ്പനേരം കൂടി നിന്ന ശേഷം ഗീത തിരികെ നടന്നു…

” എന്തേയ് കണ്ടോ ആളിനെ…. “

ഗീത തിരികെ ഇറങ്ങുമ്പോഴക്കും ആശുപത്രിയിയുടെ പുറത്ത് മായ നിൽപ്പുണ്ടായിരുന്നു.

” കണ്ടു പക്ഷേ അരികിലേക്ക് പോയില്ല, ചേച്ചി പറഞ്ഞത് പോലെ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല… “

അത് പറഞ്ഞവർ ഒരുമിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു…

” ഭാര്യയോ മരിച്ചു, ആ കുഞ്ഞിനെ എങ്കിലും കിട്ടിയാൽ മതിയായിരുന്നു,.. “

മായ ആരോടെന്നില്ലാതെ പറയുമ്പോൾ ഗീതയൊണ് മൂളിയതേയുള്ളു..

” അതെങ്ങനെ ഇങ്ങനെ തല തെറിച്ചവന്മാർ അല്ലേ വണ്ടിയും കൊണ്ട് റോഡിലൂടെ പോകുന്നത്…. “

അവരെ മറികടന്ന് ഉച്ചത്തിൽ ശബ്ദവും കേൾപ്പിച്ചു കൊണ്ട് പോയ ബൈക്കിനെ നോക്കി മായ പറയുമ്പോൾ ഗീതയ്ക്ക് ചിരിയാണ് വന്നിരുന്നത്…

” അതൊക്കെ പോട്ടെ, അനിയ്ക്ക് ഇനി എന്നാണ് ചെക്കപ്പ്… “

” ഇനിയിപ്പോ അടുത്ത മാസം പോണം ചേച്ചി… “

ഗീത അത് പറയുകഴിഞ്ഞ് ബസ്സ്‌ സ്റ്റോപ്പിൽ എത്തുന്നതുവരെ അവർ പിന്നെയൊന്നും സംസാരിച്ചിരുന്നില്ല…

” എന്താണ് വന്നപ്പോഴേ ശ്രദ്ധിക്കുന്നു നിന്റെ മുഖത്ത് ഒരു വാട്ടം… “

പാലിൽ മുക്കിയ ബ്രെഡ് അനിയുടെ വായിലേക്ക് വച്ചു കൊടുക്കുമ്പോഴാണ് അയാൾ ഗീതയോട് അത് ചോദിച്ചത്…

” ഇന്നൊരു സംഭവമുണ്ടായി അനിയേട്ടാ, ഒരാൾ ബില്ല് അടയ്ക്കാൻ വന്നതാ, പൈസ മൊത്തവും ഇല്ലായിരുന്നു, അതുകൊണ്ട് അടയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞു കൊണ്ട് പൈസയും ബില്ലും മേശയിലേക്ക് വെച്ചതാണ്, പക്ഷേ നോട്ട് എല്ലാം താഴേക്ക് വീണു, അതും എടുത്തുകൊണ്ട് അയാൾ ഒരു നോട്ടം നോക്കി അനിയേട്ടാ,…. ഹോ വല്ലാത്തൊരു വേദന ആയിപ്പോയി അത്…. “

അത് പറയുന്നതിനിടയിൽ അനിയുടെ താടിയിൽ വീണ ബ്രെഡിന്റെ കക്ഷണം ഗീത തുടച്ചു കളയുന്നുണ്ടായിരുന്നു..

” തനിക്കൊന്ന് മയത്തിൽ പറയായിരുന്നില്ലേ… “

” അതെങ്ങനെ രാവിലെ ചെന്നപ്പോൾ തന്നെ ഇന്നലെ ആ പ്രായം ചെന്ന മനുഷ്യൻ മൊത്തം പൈസ തന്നില്ലെന്ന് പറഞ്ഞില്ലേ, അത് പെന്റിങ് ആയതിനു മുട്ടം തെറി കെട്ടിട്ടാണ് അങ്ങോട്ട് ചെന്നത് അപ്പോഴാണ് ഇത്, എല്ലാം കൂടി കയ്യിൽ നിന്ന് പോയി… “

” സാരമില്ല പോട്ടെ…. “

അനി ഗീതയുടെ തലയിൽ തഴുകി ഇരുന്നു…

” പക്ഷേ അയാളുടെ നോട്ടം കണ്ണിൽ നിന്ന് മായുന്നില്ല, പുള്ളിയുടെ വൈഫും, മോനും സഞ്ചരിച്ച സ്കൂട്ടറിൽ വേറേ വണ്ടി ഇടിച്ചതാണ്, അവർ അപ്പോഴേ പോയി, ഈ കുഞ്ഞും വല്യ പ്രതീക്ഷ ഒന്നും ഇല്ല, ആ ആളിനോടാ ഞാൻ… “

ഒരു ദീർഘനിശ്വാസത്തോടെ ഗീത അത് പറയുമ്പോൾ കണ്ണുകളിൽ കണ്ണുനീർ കൊണ്ട് നിറഞ്ഞിരുന്നു…

” ഒരു കണക്കിന് എന്നെപോലെ കിടക്കാതെ അവർ അങ്ങ് പോയത് നന്നായി… “

ജന്നലിലൂടെ പുറത്തേക്ക് നോക്കിയാണ് അനി പറഞ്ഞത്…

” ദേ അനിയേട്ടാ ഒന്നാമതെ മനുഷ്യൻ ആകെ സങ്കടം അടിച്ചിരിക്കുകയാണ് അപ്പോഴ…. “

ദേഷ്യം നടിച്ച് ഗീത പറയുമ്പോൾ അനി അവളുടെ മുഖത്ത് നോക്കി ചിരിച്ചു…

” ഒരുപാട് കിണിക്കേണ്ട… “

അവൾ ചുണ്ട്കോട്ടി പരിഭവം പ്രകടിപ്പിച്ചു…

” എന്നാ തനിക്ക് ഒരു സോറി അങ്ങ് പറഞ്ഞൂടായിരുന്നോ അയാളോട്… “

” പറയാൻ പോയതാണ് പക്ഷെ, ആൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ട് ഒരു പേടി…. “

ഗീത പിന്നെയും ബ്രെഡ്‌ അനിയുടെ വായിൽ വച്ചുകൊണ്ട് പറഞ്ഞു…

” അത് ശരിയാ, ഇനി നാളെ ചെല്ലുമ്പോൾ കയ്യോടെ ഒന്ന് പറഞ്ഞേരെ, അപ്പോ നിനക്കും ആശ്വാസം ആകും… “

ഗീതയൊന്ന് മൂളികൊണ്ട് പിന്നേയും അനിക്ക് ബ്രെഡ്‌ കൊടുത്തു…

” എന്നാ അനിയേട്ടൻ കിടക്ക് എനിക്ക് അടുക്കളയിൽ കുറച്ച് പണി കൂടി ഉണ്ട്. പാവം അമ്മ എല്ലാം തനിച്ചു ചെയ്ത് ആകെ ക്ഷീണിച്ചിട്ടുണ്ട്… “

അത് പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു…

” രാവിലേ തന്നെ അയാളെ കണ്ടേക്കാം അല്ലേ അനിയേട്ട… “

രാത്രി കിടക്കുമ്പോഴാണ് ഗീത പിന്നേയും അത് പറയുന്നത് …

” താനിതുവരെ അത് വിട്ടില്ലേ… “

” എന്തോ മനസ്സിൽ വല്ലാത്ത വേദന… “

” ഒരുപാട് ആലോചിച്ച് കൂട്ടാതെ, ഇപ്പോൾ കിടന്നുറങ്ങാൻ നോക്കിക്കെ… “

ശകാരമെന്നോണം അനി പറയുമ്പോൾ ഗീത അയാളെ ചേർന്ന് കിടന്നു…

” അനിയേട്ടാ ഞാൻ ഇറങ്ങുവാണേ, നേരം വൈകി…. “

ഉറങ്ങി കിടന്ന അനിയുടെ കവിളിലേക്ക് ചുണ്ടുകൾ ചേർത്ത് അതും പറഞ്ഞ് ബസ്സ്‌ കിട്ടാൻ ഓടുന്ന ഗീതയെ നോക്കി അയാൾ കിടക്കുമ്പോൾ പതിവുപോലെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..

” എന്താ ചേട്ടാ പ്രശ്നം…. “

ആശുപത്രിക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടു കൊണ്ടാണ് ഗീത സെക്യൂരിറ്റിയോട് ചോദിച്ചത്…

” കുഞ്ഞേ ആ ആക്‌സിഡന്റ് കേസ് ഇല്ലായിരുന്നോ അമ്മയും കുഞ്ഞും, ആ കുഞ്ഞും മരിച്ചു, അവർ എന്തോ പൈസ അടയ്ക്കാൻ ഉണ്ട്, അത് അടയ്ക്കാതെ കുഞ്ഞിന്റെ ബോഡി കൊടുക്കില്ലെന്ന്…. “

അപ്പോഴേക്കും ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനായി സെക്യൂരിറ്റി പോകുമ്പോൾ, ആൾക്കൂട്ടത്തിനിടയിൽ എല്ലാം നഷ്ട്ടപ്പെട്ടു കസേരയിൽ തല കുമ്പിട്ട് ഇരിക്കുന്ന ഗിരീഷിനെ ഗീത കണ്ടിരുന്നു..

” എത്ര രൂപ ഉണ്ട് ചേച്ചി ഇനി അടയ്ക്കാൻ… “

ഗീത കൗണ്ടറിലേക്ക് എത്തുമ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മായയോട് ചോദിച്ചു…

” ഏഴെട്ട് രൂപ കൂടി കാണും… “

അത് കേട്ടപ്പോഴേക്കും മായ കൗണ്ടറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…

” നീയിത് എങ്ങോട്ടാ… “

മായ ചോദിക്കുമ്പോഴേക്കും കൈകൾ ഉയർത്തി കാണിച്ചു കൊണ്ട് ഗീത പുറത്തേക്ക് എത്തിയിരുന്നു….

” എടി മോളെ ഇത് വച്ചിട്ട് എത്ര കിട്ടുമെന്ന് വച്ചാൽ താ…. “

അടുത്തുള്ള ഫിനാൻസിൽ എത്തുമ്പോഴേക്കും ഗീത മാലയൂരി താലി കയ്യിൽ പിടിച്ചിരുന്നു…

” എന്താ ചേച്ചി അത്യാവശ്യം ചേട്ടന് എന്തെങ്കിലും…. “

മാലയുടെ തൂക്കം നോക്കുന്നതിനിടയിൽ അവിടത്തെ സ്റ്റാഫ്‌ ഗീതയോട് ചോദിച്ചു…

” ഇല്ലടി ഇത് വേറൊരു അത്യാവശ്യം… “

അത് പറഞ്ഞ് കിട്ടിയ പൈസ മടക്കി കയ്യിൽ പിടിച്ചുകൊണ്ടു ഗീത പിന്നേയും ആശുപത്രിയിലേക്കോടി..

” ചേച്ചി ആ ബില്ല് അടച്ചേ വേഗം… “

അത് പറഞ്ഞ് കയ്യിൽ ഇരുന്ന കാശ് മായയ്ക്ക് കൊടുക്കുമ്പോൾ അവർ സംശയത്തോടെ ഗീതയെ നോക്കികൊണ്ട് ബില്ല് അടച്ചു….

” ബില്ല് അയച്ചിട്ടുണ്ടേ…. “

തല കുമ്പിട്ടിരിക്കുന്ന ഗിരീഷിന്റെ മുഖത്ത് നോക്കാനുള്ള ധൈര്യം സംഭരിച്ചു കൊണ്ടാണ് ഗീത അയാൾക്ക് അരികിൽ ചെന്ന് നിന്ന് ബില്ല് അടച്ച റസീപ്റ്റ് നീട്ടിയത്…

മെല്ലെ തലഉയർത്തി അവളെ നോക്കുന്ന ഗിരീഷിനോട് എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും ഒന്നും പറയാൻ കഴിയാതെ, ഏറെ നേരം ആ നോട്ടം നേരിടാൻ കഴിയാതെ റസീപ്പിറ്റ് അയാളുടെ കയ്യിലേക്ക് വച്ചു കൊടുത്തു കൊണ്ട് ഗീത തിരിഞ്ഞു നടന്നു….

” എന്തായി കണ്ടോ ആളിനെ… “

ഗീത വീട്ടിലേക്ക് എത്തുമ്പോഴേക്കും അനി ആദ്യം ചോദിച്ചത് അതാണ്…

” ആ കുഞ്ഞും പോയി അനിയേട്ട…. “

ഒരു ദീർഘനിശ്വാസത്തോടെ അനിക്കരികിൽ ഇരുന്ന് ഗീത പറയുമ്പോൾ അനിയ്ക്കും ഒന്നും മിണ്ടാൻ കഴിഞ്ഞിരുന്നില്ല…

” രാവിലെ ചെല്ലുമ്പോൾ തന്നെ ബില്ലടയ്ക്കാതെ കുഞ്ഞിന്റെ ബോഡി വിട്ട് കൊടുക്കില്ല എന്നും പറഞ്ഞ് ആകെ ബഹളം… “

ഗീത പറഞ്ഞു തുടങ്ങുമ്പോൾ അനിയൊണ് മൂളിക്കൊണ്ട് അവളെ നോക്കി…

” ന്നിട്ട് നിന്റെ മാല എവിടെ… “

ഗീത പറയാൻ തുടങ്ങുമ്പോഴേക്കും അനി ചോദിച്ചു….

” അത് അനിയേട്ടാ,,, “

” എത്ര രൂപയ്ക്ക് പണയം വച്ച് ബില്ല് അടച്ചു…”

ഗീതയുടെ പരുങ്ങൽ കണ്ട് ചിരിയോടെയാണ് അനി ചോദിച്ചത്….

” എനിക്കെന്തോ അപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്, അയാളുടെ ആ അവസ്ഥയും, പിന്നെ ഞാൻ കാണിച്ചതും എല്ലാം കൂടി….. “

പറഞ്ഞു പൂർത്തിയാക്കാതെ ഗീത അനിയുടെ മുഖത്തേക്ക് നോക്കി….

” അല്ലേലും താൻ അങ്ങനെ ചെയ്യുള്ളു എന്നെനിക്ക് അറിയാം… “

അനി അത് പറയുമ്പോഴേക്കും ഗീത അനിയുടെ തോളിലേക്ക് തല ചായ്ച്ചു…

” ഇനിയിപ്പോ ഈ വീട്ടിൽ പണയം വയ്ക്കാൻ ഞാൻ കൂടിയേ ഉള്ളൂ കേട്ടോ… “

” അയ്യടാ അങ്ങനെയിപ്പോ ഇതിനെ ആർക്കും പണയം വയ്ക്കുന്നില്ല… “

അത് പറഞ്ഞ് ഗീത ഒന്നുകൂടി അനിയെ ചേർത്ത് പിടിച്ചു…

” ഞാൻ കഴിക്കാൻ എന്തേലും എടുക്കാം… “

അൽപ്പനേരം കൂടി അനിയെ ചേർന്ന് ഇരുന്ന ശേഷമാണ് അത് പറഞ്ഞ് ഗീത എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നത്…

” അതേ അനിയേട്ടാ ഈ മാസത്തെ ചെക്കപ്പ് കുറച്ചു നീട്ടി വയ്ക്കേണ്ടി വരും ട്ടാ… “

അടുക്കളയിൽ നിന്ന് ഗീത വിളിച്ചു പറയുമ്പോൾ പുഞ്ചിരിയോടെ ഗീതയെയും നോക്കി അനിയിരുന്നു….

✍️ശ്യാം….