ആ നിമിഷം ക്ലാസ് മുറിയിൽ കുട്ടികൾക്കിടയിൽ നിന്നും പിറുപിറുത്തു സംസാരം ഉണ്ടായി..

എഴുത്ത്: മനു തൃശ്ശൂർ

===============

ക്ലാസിലേക്ക് കടക്കും മുന്നെ വാതിൽ മുകളിലുള്ള ചുമരിലേക്ക് നോക്കി ..

2 B എന്നെഴുതീട്ട് ഉണ്ടായിരുന്നു..ഇനി ഈ ക്ലാസ്സിലെ സ്ഥിരം ടീച്ചർ ആണ് ഞാനെന്ന് ഓർത്തെ പതിയെ ക്ലാസ്സിലേക്ക് ചുവടുകൾ വച്ചു..

ക്ലാസ്സിലേക്ക് കയറിയതും കുട്ടികൾ ഒന്നടങ്കം എഴുന്നേറ്റു നിന്നു ഗുഡ് മോർണിംഗ് പറഞ്ഞത് കേട്ട് എല്ലാവരോടും ഇരിക്കാൻ പറഞ്ഞു..

ആ നിമിഷം ക്ലാസ് മുറിയിൽ കുട്ടികൾക്കിടയിൽ നിന്നും പിറുപിറുത്തു സംസാരം ഉണ്ടായി..

ഈ ടീച്ചറുടെ കൈയ്യിൽ വടിയില്ലല്ലോ. കുട്ടികളെ അടിക്കില്ല തോന്നു. ഇല്ലെടാ.. ഓ അങ്ങനെ വരാൻ വഴി ഇല്ല.. കുട്ടികളെ അടിക്കാത്ത ടീച്ചർമാറുണ്ടാകൂവോ ചിലപ്പോൾ. വടി എടുക്കാൻ മറന്നത് ആണെങ്കിലൊ..ഇപ്പോൾ ആരോട് എങ്കിലും കൊണ്ട് വരാൻ പറയുമായിരിക്കും

കുട്ടികളുടെ ഇത്തരത്തിലുള്ള പിറു പിറുക്കൾ കേട്ടപ്പോൾ എനിക്ക് ചിരി വന്നു ഞാൻ ക്ലാസിൽ ഏറ്റവും പിറകിലേക്ക് നോക്കി പറഞ്ഞു..

അതെ ഞാൻ അടിക്കില്ല കേട്ടോ ഞാൻ നിങ്ങളുടെ നല്ല ടീച്ചർ ആണ്.നിങ്ങൾ എൻ്റെ നല്ല അനുസരണ ഉള്ള കുട്ടികളും കേട്ടല്ലൊ..

ക്ലാസിൽ നിന്നും അതെ ടീച്ചർ എന്ന് ഒന്നടങ്കം മറുപടി ഉണ്ടായി..

കൈയ്യിൽ ഉള്ള പുസ്തകം ഡസ്കിൽ വച്ചു ആദ്യ ബഞ്ചിലേ അറ്റത്തേക്ക് നോക്കി ..

ഉണ്ണിമായ അപ്പോൾ സങ്കടത്തോടെയും നന്ദിയോടെയും എന്നെ നോക്കുന്നുണ്ടായിരുന്നു..

ഞാൻ നടന്നു അവളുടെ അടുത്തേക്ക് ചെന്നു തലമുടികളിൽ തലോടി മെല്ലെ പറഞ്ഞു..

“ഇനി എന്നും സ്കൂൾ വരണം കേട്ടോ ..!!

ഹും അവളെന്നെ നോക്കി തല കുലക്കുമ്പോൾ ഉണ്ണിമായ യുടെ കണ്ണുകളിൽ ചെറുതായി കണ്ണുനീർ പൊടിഞ്ഞിരുന്നു..

അവളിൽ നിന്നും മുഖം ഉയർത്തി എല്ലാവരേയും നോക്കി ഇന്നലെ തന്ന ഹോംവർക്ക് ഒക്കെ എല്ലാവരും ചെയ്തു വന്നിട്ടുണ്ടല്ലൊ ഇല്ലേ എന്ന് ചോദിച്ചപ്പോൾ..

ചെയ്തു ടീച്ചർ എന്ന് പറയുന്നതിന് ഇടയിൽ പലരിൽ നിന്നും നിശബ്ദത ആയിരുന്നു മറുപടി..

തിരികെ കസേരയിലേക്ക് വന്നിരുന്നു എല്ലാവരുടെയും ഹാജർ എടുത്തു ഹോംവർക്ക് ചെയ്തവരോട് നോട്ടു ബുക്ക് കൊണ്ട് വരാൻ പറഞ്ഞു ഒരുത്തരും ബുക്ക്‌ കൊണ്ട് വന്നു മേശപുറത്തു വച്ചു പോയി. ചെയ്യാത്തവർക്ക് വേണ്ടി ചെയ്തവരെ കൊണ്ട് ബോഡിൽ എഴുതിച്ചു അവരെ ഹോംവർക്ക് പൂർത്തിയാക്കൻ പറഞ്ഞു..

നോട്ട്ബുക്കിലൂടെ കണ്ണുകൾ ഓടിക്കുമ്പോൾ ഞാൻ ഇടയ്ക്കിടെ ഉണ്ണിമായയെ നോക്കി അപ്പോഴും അവളെൻ്റെ മുഖത്തേക്ക് നോക്കുന്നുണ്ട്..

സ്ക്കൂൾ തുറന്ന രണ്ടാമത്തെ ദിവസം ആയിരുന്നു അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.കാരണം അന്നവൾ സ്ക്കൂളിൽ വന്നിട്ട് ഇല്ലായിരുന്നു..

അസുഖമോ മറ്റ് എന്തെങ്കിലും വിശേഷങ്ങളോ കൊണ്ട് ലീവ് എടുത്തത് ആകുമെന്ന് കരുതി ..

പക്ഷെ അങ്ങനെ അവൾ വരാതെ രണ്ടു ദിവസം കടന്നു പോയി ക്ലാസ്സിലേ മറ്റു കുട്ടികളോട് ചോദിച്ചു അവളെ കുറിച്ച് ..ആർക്കും അറിയില്ലായിരുന്നു..

അങ്ങനെ സ്ക്കൂൾ ഇല്ലാത്ത ദിവസം ഞാനവളെ തിരക്കി വീട്ടിലേക്ക് ചെന്നത്..

ഒരു കൊച്ചു വീട്..ഇല്ലായ്‌മയുടെയും ദാരിദ്രത്തിൻ്റെയും എല്ലാം ആ വീടിന്റെ പൂമുഖത്ത് തെളിഞ്ഞു കിടപ്പുണ്ടായിരുന്നു..

എൻ്റെ കാൽപ്പെരുമാറ്റം കേട്ട് പുറത്തേക്ക് വന്ന സ്ത്രിയോട് ഉണ്ണിമായയുടെ വീടല്ലേ എന്ന് ചോദിച്ചു അതെന്ന് അവർ മറുപടി നൽകി..

ഞാൻ അവളുടെ ടീച്ചർ ആണെന്ന് പറഞ്ഞു അടുത്ത നിമിഷം അവർ അകത്തേക്ക് പോയി അവളെ വിളിച്ചു കൊണ്ട് വന്നു..

സങ്കടപ്പെട്ടു ചീർത്ത കൺതടങ്ങൾ വല്ലാത്തൊരു സങ്കടം അവളിൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു..

ഞാനവളോട് ചോദിച്ചു എന്താ കുട്ടി നീ സ്ക്കൂളിൽ വരാത്തത്..ഇന്നേക്ക് നാല് ദിവസം ആയല്ലോ…

സ്കൂൾ ഇപ്പോൾ തറന്നല്ലെ ഉള്ളൂ അപ്പോഴേക്കും വരാതെ ഇങ്ങനെ ഇരുന്ന ഒന്നും പഠിക്കാൻ പറ്റില്ലട്ടൊ ??ഹാജറും കുറയല്ലേ,,?

അതിനു മറുപടി ആയിട്ട് അവളൊന്നും പറഞ്ഞു ഇല്ല പകരം അടുത്ത നിന്ന ആ സ്ത്രീ പറഞ്ഞു..

അവൾക്ക് ഇതുവരെ യൂണിഫോം എടുത്തില്ല അതു കൊണ്ടാ ടീച്ചർ അവൾ സ്കൂളിൽ വരാത്തത്..ഞാൻ പലരോടും ചോദിച്ചു.. എവിടെ നിന്നും കിട്ടില്ല.. അതു പറയുമ്പോഴേയ്ക്കും അവർ കരഞ്ഞു പോയിരുന്നു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ആ കുഞ്ഞു മുഖം സങ്കടം കൊണ്ട് കുനിഞ്ഞു പോയിരുന്നു.. സ്കൂളിൽ വരാൻ കഴിയാത്തതിൽ അവൾക്കു നന്നേ വിഷമം ഉണ്ട് തോന്നി..

അത് സാരമില്ല ചേച്ചി ഉള്ള ഉടുപ്പ് ഇട്ട് വന്നോട്ടെ യൂണിഫോം പെട്ടെന്ന് വേണം എന്നില്ല സ്ക്കൂളിൽ ഞാൻ പറയാം…

ഞാനും ഇത് അവളോട് പറഞ്ഞു ടീച്ചറെ പക്ഷെ അവൾ കേൾക്കണ്ടെ തല്ലി പറഞ്ഞു വിടാൻ ഒന്നും എന്നെ കൊണ്ട് വയ്യാത്ത കൊണ്ടാ..ഒരു നുള്ള് നോവിക്കാത്തെ .

ഞാനവരുടെ വാക്കുകൾ കേട്ടു അവളുടെ കൈയ്യിൽ പിടിച്ചു എന്നോട് ചേർത്ത് പിടിച്ചു തിണ്ണയിൽ ഇരുന്നു..

മോളെ സ്കൂളിൽ വരണം നന്നായി പഠിക്കണം പഠിച്ചു ഒരു ജോലി ആയി കഴിയുമ്പോൾ ഇതൊക്കെ നമ്മുക്ക് സ്വന്തമായി ഉണ്ടാവും ഒന്നും ഇല്ലെന്ന് വച്ച് ഒന്നും ആകാതെ ആയി പോവരുത്…

ഈ ടീച്ചർ ആയ ഞാനും നിന്നെ പോലെ ആയിരുന്നു ഒരു നേരത്തിനു പോലും ഭക്ഷണമോ ഉടുക്കാൻ നല്ല വസ്ത്രമോ ഇല്ലാതെ ഞാനും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്..

പക്ഷെ എൻ്റെ അമ്മ എനിക്ക് ഒരു വലിയ പാഠം ആയിരുന്നു അങ്ങനെ ഞാൻ പഠിച്ചു വേണ്ടത് ഒക്കെ നേടി എന്നാലും ഇന്നും ഞാൻ ആ പാവപ്പെട്ട അമ്മയുടെ കുട്ടിയ..

അതുകൊണ്ട് തിങ്കളാഴ്ച മുതൽ മടി ഒന്നും ഇല്ലാതെ മോൾ ക്ലാസിൽ വരണം കേട്ടോ..പിന്നെ യൂണിഫോം ഓകെ നമ്മുക്ക് വാങ്ങമെന്നെ ..

അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഒരിക്കൽ കൂടെ ഉണ്ണിമായയെ നോക്കി അവൾ അപ്പോൾ എന്നെ നോക്കി അവിടെ നിൽക്കുന്നു കണ്ടു ഞാനവളെ നോക്കി ചിരിച്ചു..

നോട്ട്ബുക്കിൽ നിന്നും കണ്ണുകൾ എടുത്തു ഉണ്ണിമായയെ നോക്കി കഴിഞ്ഞതെല്ലാം ഓർത്തു വീണ്ടും ഒരു ചിരി അവൾക്ക് നൽകി..

അന്ന് ആ ക്ലാസ് കഴിഞ്ഞു കുട്ടികൾ ഒക്കെ പുറത്തേക്ക് പോയപ്പോൾ ഞാനവളുടെ അടുത്ത് ചെന്നു..

യൂണിഫോം നല്ല ചേർച്ച ഉണ്ടല്ലൊ ഇഷ്ടം ആയില്ലെ..

ആണെന്ന് അവളൊരു മൂളലായ് മറുപടി തന്നപ്പോൾ ആരോടും പറയണ്ടെന്ന് ഞാൻ ചിരിയോടെ പറഞ്ഞു

നാലമത്തെ പിരീഡ് ക്ലാസ് എടുത്തു കൊണ്ട് ഇരിക്കുമ്പോൾ പിറകിൽ നിന്നും കുട്ടികൾ പറഞ്ഞു

ടീച്ചറെ വിഷ്ണു ക്ലാസിൽ കയറിട്ടില്ലെന്ന്..

അതെന്ത അവൻ വീട്ടിൽ പോയോന്ന് ചോദിച്ചപ്പോൾ ..

ഇല്ല ടീച്ചർ ബാഗ് ബഞ്ചിൽ ഉണ്ട് കഴിഞ്ഞ പിരീഡ് അവന് വയ്യെന്നും തല കറങ്ങുന്നുണ്ട് എന്ന് പറഞ്ഞിരുന്നു ടീച്ചർ..

ഞാൻ അവൻ ഇരുന്നിടത്തേക്ക് ചെന്നു ബാഗ് എടുത്തു നോക്കി തുറന്നു കിടക്കുക ആയിരുന്നു..

ഞാൻ അടുത്ത് നിന്ന കുട്ടികളോട് ചോദിച്ചു അവൻ ഉച്ചയ്ക്ക് ചോറു കൊണ്ട് വരാണൊ അതൊ വീട്ടിൽ പോവാണൊ..??

അല്ല ടീച്ചർ ഇവിടെ നിന്നും കഞ്ഞി കുടിക്കുകയ ചെയ്യാറ്..

ഞാൻ അവരോടു എല്ലാവരോടും മിണ്ടാതെ ഇരിക്കണം പറഞ്ഞു പുറത്തേക്ക് ഇറങ്ങി ..

വരാന്തയിലുടെ കഞ്ഞി പുരയിലേക്ക് നടക്കുമ്പോൾ അവൻ അതിന്റെ പിറകിൽ നിൽക്കുന്നു കണ്ടു കൈയ്യിൽ കഞ്ഞിക്കായ് കൊണ്ട് വന്ന പാത്രവും ഉണ്ടായിരുന്നു..

എന്നെ കണ്ടതും അവൻ പറഞ്ഞു ടീച്ചറെ എനിക്ക് വിശന്നിട്ടാ..അവന്റെ മുഖത്തേ ആ വിശപ്പിന്റെ നിസ്സഹായതയും തളർച്ചയും സങ്കടത്തോടുള്ള വാക്കുകളും ആരുടേയും കരളലിയിക്കുന്നത് ആയിരുന്നു.

സാരമില്ലെന്ന് പറഞ്ഞു കൊണ്ട് ഞാനവൻ്റെ കൈയ്യിൽ നിന്നും പാത്രം വാങ്ങി കഞ്ഞി പുരയിൽ നിന്നും കഞ്ഞിയും കൊണ്ട് ഒഴിഞ്ഞ ക്ലാസ് മുറിയിൽ കൊണ്ട് ഇരുത്തി..

ഇവിടെ ഇരുന്നു കഴിച്ചൊ എപ്പോഴും ഇങ്ങനെ ആവരുത് കേട്ടോ ..

വിശന്നിട്ട ടീച്ചറെ സഹിക്കാൻ പറ്റിയില്ല.. അവൻ്റെ കണ്ണുകൾ നിറഞ്ഞപ്പോൾ കരയുന്നത് അവൻ്റെ വയറുകൾ ആയിരുന്നു എന്ന് ഞാൻ ഓർത്തു..

രാവിലെ ഒന്നും കഴിക്കാതെ വന്നിട്ട നാളെ സ്ക്കൂളിൽ വരുമ്പോൾ രാവിലെ ഭക്ഷണം കഴിക്കണം കേട്ടോ..??

എപ്പോഴും ഉണ്ടാവില്ല ടീച്ചറെ എല്ലായിപ്പോഴും ചായ മാത്രം ഉണ്ടാവും ചില ദിവസം തേങ്ങ ചിരകി ചായയിൽ കൂട്ടും അതുകൊണ്ട എല്ലായിപ്പോഴും ഉച്ചവരെ പിടിച്ചു നിക്കണ് ഇന്ന് അതിനു കഴിഞ്ഞില്ല..

വീട്ടിൽ അമ്മ ഇല്ലെ..??

ഉണ്ട് ടീച്ചർ രാവിലെ നേരത്തെ ജോലിക്ക് പോവുന്നത് കൊണ്ട് സമയം കിട്ടാറില്ല ഒരു ദിവസം അമ്മ ജോലിക്ക് പോവുന്നു കൊണ്ട രാത്രി വല്ലാതും കഴിക്കണ്..

അമ്മയ്ക്ക് എന്ത് ജോലിയ…??

അമ്മ അടുത്ത ഒരു വലിയ വീട്ടിൽ ജോലിക് പോകുന്നു.. അവിടെ ജോലി ചെയ്തിട്ട് മിച്ചം വരുന്ന ആഹാരം ഞങ്ങൾക്ക് കൊണ്ട് തരും ചിലപ്പോൾ കഴിക്കാൻ കൊള്ളില്ല.. എന്നാലും അമ്മ അത് ഒന്നൂടെ കഴുകി ചൂടാക്കി ഒക്കെ ഞങ്ങൾക്ക് തരും..

ചിലപ്പോൾ കൊണ്ട് വരാൻ ഒന്നും കാണില്ല അപ്പോൾ അമ്മയ്ക്കു കഴിക്കാൻ കൊടുക്കുന്നത് പൊതിഞ്ഞു കൊണ്ട് തരും..

ഇന്നലെ അമ്മയ്ക്കു സുഖം ഇല്ലാത്തതു കൊണ്ട് ജോലിക് പോകാൻ കഴിഞ്ഞില്ല. വീട്ടിൽ വെച്ചുണ്ടാകാനും ഒന്നും ഇല്ലായിരുന്നു.. അതാണ് ടീച്ചർ എനിക്ക് വിശപ്പ് സഹിക്കാൻ കഴിയാതെ പോയത്..

അത് കേട്ടപ്പോൾ നെഞ്ചു പിടഞ്ഞു പോയി.. എത്രയോ ആഹാരം വെസ്റ്റ് ആക്കി കളയാറുണ്ട്.. പക്ഷേ ഇവിടെ ആ കളയുന്ന ആഹാരത്തിനു കൊതിക്കുന്ന ജീവിതങ്ങൾ… ഈശ്വര ഇത് എന്ത് വിധി ഒക്കെയാണ് ഓരോ മനുഷ്യർക്കും.

ഹൃദയം നുറുങ്ങിയ വേദനയോടെ അവന്റെ തലയിൽ മെല്ലെ തഴുകി.. അല്ല ഇത് എന്താ രണ്ട് പാത്രം..

അതു…അവൻ.. പരുങ്ങാലോടെ എന്നെ ഒന്ന് നോക്കി. പിന്നെ തലതാഴ്ത്തി നിന്നുപറഞ്ഞു.. ഇവിടെ കുട്ടികൾക്കു കൊടുത്തിട്ടു അധികം വരുന്ന കഞ്ഞി കളയുക അല്ലെ പതിവ്..

കഞ്ഞി വെയ്ക്കുന്ന ആയയോടെ ചോദിച്ചു കുറച്ചു വാങ്ങി എന്റെ അമ്മയ്ക്കു കൊടുക്കാൻ ആയിരുന്നു.. പനി കാരണം അമ്മയ്ക്കു എഴുന്നേൽക്കാൻ വയ്യാ രണ്ടു ദിവസം ആയി അമ്മയും ആഹാരം കഴിച്ചിട്ട്..

അമ്മയോടുള്ള അവന്റെ കരുതൽ കണ്ടു കണ്ണ് നിറഞ്ഞു… നീ വേഗം കഴിച്ചിട്ട് പാത്രം കഴുകി വാ എന്ന് പറഞ്ഞു ആ ക്ലാസ്സ്‌ മുറിയിൽ നിന്നും പുറത്തേയ്ക്കു ഇറങ്ങി..ആ മുഖത്തേക്ക് കൂടുതൽ നേരം നോക്കി നിൽക്കാനുള്ള കരുത്തുണ്ടായിരുന്നില്ലാ.

അവൻ കഴിച്ചു പാത്രം കഴുകി വന്നപ്പോൾ ആ മുഖം നേരത്തെതിലും ദീപത്തമായിരുന്നു.. വിശപ്പ് മാറിയവന്റെ ഉള്ളിലെ സംതൃപ്തി..

അവന്റെ കൈയിൽ നിന്നും ആ പത്രങ്ങൾ വാങ്ങി കഞ്ഞി പുരയിലേയ്ക്കു പോയി..

കുറച്ചു കഴിഞ്ഞു രണ്ട് കൈയിൽ പാത്രങ്ങളുമായി അവന്റെ അടുത്തേയ്ക്കു ചെല്ലുമ്പോൾ.. ആ കുഞ്ഞി കണ്ണിൽ നിറയെ ആകാംഷ ആയിരുന്നു..

ഇന്നാ നിന്റെ അമ്മയ്ക്കുള്ള കഞ്ഞി ഇനി ഇന്ന് നീ ഉച്ചക്ക് ശേഷം ക്ലാസ്സിൽ ഇരിക്കണ്ട വീട്ടിലേക്കു പൊയ്ക്കോ. ഓഫിസിൽ ഞാൻ പറഞ്ഞോളാം.. അവൻ നന്ദിയോടെ എന്റെ നേർക്കു ഒന്ന് നോക്കിയിട്ടു ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി നടന്നു..

കുട്ടികളോട് യാത്ര പറഞ്ഞു ബാഗും എടുത്തു സ്കൂൾ ഗേറ്റിന്റെ അടുത്തേയ്ക്കു എത്തിയ അവനെ ഞാൻ പിന്നിൽ നിന്നും വിളിച്ചു

ബാഗും തൂകി ആ സമയത്തു എന്നെ കണ്ടാകും അവൻ സംശയഭാവത്തിൽ എന്നെ നോക്കിയത്..

ടീച്ചർ നേരത്തെ പോവണോ..?

ഉം.. നിനക്ക് സുഖം ഇല്ല വീട്ടിൽ കൊണ്ട് ആകട്ടെ എന്ന് പറഞ്ഞു ആണ് ഉച്ചക്ക് ശേഷം ലീവ് എടുത്തത്..

ആണോ ടീച്ചർ എന്റെ വീട്ടിൽ വരുവോ.. അവൻ സംശയത്തോടെ വീണ്ടും ചോദിച്ചു..

അതെ എന്താ വരണ്ടേ.. ഞാൻ?

അത് ടീച്ചറെ എന്റെ തീരെ ചെറിയ ഒരു വീടാ..

അതിന് എന്താ.. ആട്ടെ നിന്റെ വീട്ടിലേക്കു ഒരുപാട് ദൂരം ഉണ്ടോ..

ഉം.. കുറെ പോകണം

എന്നാ നമുക്കൊരു ഓട്ടോയ്ക്കു പോകാം എന്ന് പറഞ്ഞു..അവനു വേണ്ടി ഒരുപാട് ഭക്ഷണ സാധനങ്ങളും വാങ്ങി അത് വഴി വന്നൊരു ഓട്ടോയ്ക്കു കൈ കാണിച്ചു അതിൽ അവനെയും കൊണ്ട് അവന്റെ വീട് ലക്ഷ്യമാക്കി നീങ്ങുമ്പോൾ..

ആ യാത്ര അവൻ നന്നായി ആസ്വദിക്കുന്നതായി എനിക്ക് തോന്നി..◼️

~മനു തൃശ്ശൂർ