തനിയെ ~അവസാനഭാഗം (23), എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“എനിക്കെന്റെ മോളെയൊന്നു കാണണം.”

തുറക്കപ്പെട്ട വാതിലിനപ്പുറം പ്രസാദ് വേണിയോടാവശ്യപ്പെട്ടു.

“നിങ്ങളുടെ മോളോ..? ഇത്രയും വർഷങ്ങൾ നിങ്ങളുടേതല്ലാതിരുന്ന ഒരു മകൾ ഇപ്പോഴെങ്ങനെ നിങ്ങളുടെയായി.?

വേണി മാറിൽ കൈകൾ കെട്ടി മുഖത്തൊരു പുച്ഛഭാവമെടുത്തണിഞ്ഞു.

“തർക്കിക്കാനോ, വഴക്കിടാനോ അല്ല ഞാനിപ്പോ വന്നത്. നീയിവിടെയുണ്ടെന്നറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നി. ഞാനും ഇങ്ങോട്ടു താമസം മാറിയിട്ട് കുറെയായി. ഈ വീടൊന്നു കണ്ടുപിടിക്കാൻ കുറെ അലഞ്ഞു.

“ഇത്രയുമൊക്കെ കഷ്ടപ്പെട്ടതിന്റെ ആവശ്യമെന്താവോ ?

ഞാൻ പറഞ്ഞല്ലോ കാണണം എന്നൊരു തോന്നൽ. പിന്നെ ഇതെല്ലാം അവൾക്ക് കൊടുക്കണമെന്ന് ഒരാഗ്രഹം.

അയാൾ കയ്യിലിരുന്ന കവറുകൾ അവൾക്ക് നേരെ ഉയർത്തിക്കൊണ്ട് പറഞ്ഞു.

“എന്തായിത് ?

“കുറച്ചു ഡ്രസ്സുകൾ, പിന്നെ സ്വീറ്റ്സ്…

“അവൾക്ക് ആവശ്യമുള്ള ഡ്രെസ്സുകളും സ്വീറ്റ്സുമെല്ലാം ഞാൻ വാങ്ങി കൊടുക്കുന്നുണ്ട്. നിങ്ങൾ കൊണ്ടു കൊടുക്കാതിരുന്നിട്ട് പട്ടിണി കിടന്നു നരകിച്ച ഇന്നലെകൾ അവളുടെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയി. ഇനിയിതിന്റെ ആവശ്യമില്ല.

“അത് നീ മാത്രം പറഞ്ഞാൽ പോരല്ലോ എന്റെ മോളുകൂടി പറയട്ടെ.

“നിങ്ങളുടെ മോളോ..? ഇനിയാ വാക്ക് നിങ്ങൾ ഉച്ചരിച്ചു പോകരുത്.

നിങ്ങളുടെ കപടസ്നേഹത്തിൽപെട്ട് ആ കൈപിടിച്ച് കൂടെ വരുമ്പോൾ ഞാൻ വെറുമൊരു പൊട്ടിപ്പെണ്ണായിരുന്നു. എന്തിനും ഏതിനും കരയാൻ മാത്രമറിയുന്ന ഒരു പാവം പെണ്ണ്.

ഇന്നവൾ ഒരുപാട് മാറിയിരിക്കുന്നു. അല്ല നിങ്ങൾ മാറ്റിയെടുത്തിരിക്കുന്നു. അതിനെനിക്ക് നിങ്ങളോട് നന്ദിയുണ്ട്. പക്ഷേ ഇനിയെന്റെ ജീവിതത്തിൽക്കയറി ഇടപെടാൻ വന്നാൽ സമ്മതിച്ചു തരില്ല ഞാൻ. എല്ലാ ബന്ധങ്ങളും 15 വർഷങ്ങൾക്ക് മുന്നേ കോടതിവരാന്തയിൽവെച്ച് അവസാനിപ്പിച്ചു പോയതാ. ഇനിയത് കൂട്ടിച്ചേർക്കാൻ ശ്രമിക്കേണ്ട.

എന്റെ മോളാത്രേ ത്… ഫൂ. നാണമില്ലാത്ത നായേ കടന്നു പോ എന്റെ മുന്നിൽ നിന്ന്.

വേണി ഉച്ചത്തിൽ അലറി.

“അമ്മേ, മതി നിർത്ത്.

ശ്രുതി അവൾക്കരികിലേക്ക് വന്ന് പ്രസാദിനെയൊന്നു നോക്കി.

“. സ്ഥാനം കൊണ്ട് മാത്രം ആരും ആരുടേയും അച്ഛനും മകളുമൊന്നുമാകുന്നില്ല. മക്കളോടുള്ള കടമകൾക്കു നേരെ കണ്ണടക്കുന്ന ഒരുത്തനും ആ സ്ഥാനത്തിന് അർഹനുമല്ല. എനിക്ക് ആവശ്യമുള്ളതെല്ലാം ഇന്നുവരെ എന്റെയമ്മയാണ് എനിക്ക് നേടി തന്നിട്ടുള്ളത്.

നിങ്ങളിപ്പോ ഈ കൊണ്ടു വന്നിരിക്കുന്നത് എത്ര വിലപിടിപ്പുള്ളതാണെങ്കിലും ഞാനതിനു യാതൊരു വിലയും കൽപ്പിക്കുന്നില്ല.

ഞങ്ങൾ ഇനിയെങ്കിലും സമാധാനമായി ജീവിച്ചോട്ടെ. ഉപദ്രവിക്കരുത്. ഇനി ഞങ്ങൾക്കു വേണ്ടി ചെയ്യാനുള്ളൊരു നന്മ അത് മാത്രമാണ്. അതുകൊണ്ട് ഇനിയും ഇവിടെ നിന്ന് സമയം കളയാതെ ഇറങ്ങിപ്പോകാൻ നോക്ക്.

ശ്രുതി പുറത്തേക്കു വിരൽ ചൂണ്ടി.

“ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട് . നിങ്ങളെ മറന്നു ജീവിച്ചതിന്റെ ശിക്ഷയാകാം, കൂട്ടായി വന്നവരെല്ലാം ഓരോ കാരണങ്ങളുണ്ടാക്കി ഉപേക്ഷിച്ചു പോയി. അച്ഛനിന്ന് തനിച്ചാണ്.ഒറ്റക്കായപ്പോഴാണ് നിങ്ങളുടെ വില ഞാൻ മനസ്സിലാക്കിയത്. അച്ഛനോട് ക്ഷമിക്കാൻ ആകുമെങ്കിൽ ക്ഷമിക്ക് വല്ലപ്പോഴുമെങ്കിലും വന്നുകാണാനുള്ള അനുവാദം കിട്ടിയാൽ മതി. അതിൽ കൂടുതൽ അവകാശങ്ങളോ, അധികാരങ്ങളോ വേണ്ടെനിക്ക്.

പ്രസാദ് ശ്രുതിയുടെ അടുത്തേക്ക് ചേർന്ന് നിന്ന് ആ കൈകൾ സ്വന്തം കൈക്കുള്ളിലാക്കി.

ക്ഷമിക്കാനോ നിങ്ങളോടോ ??

കൂട്ടുകാരൊക്കെ അച്ഛനെക്കുറിച്ചു അഭിമാനം കൊള്ളുമ്പോൾ ഒരുപാട് സങ്കടപ്പെട്ടവളാ ഞാൻ.അതൊക്കെ മറന്ന് ശ്രുതി അമ്മയുടെ മാത്രം മോളായി ജീവിച്ചു തുടങ്ങിക്കഴിഞ്ഞു ഇനി നിങ്ങളുടെ ആവശ്യം എനിക്കില്ല.

അമ്മക്ക് നിങ്ങളോട് ക്ഷമിക്കാൻ കഴിയാത്തിടത്തോളം എനിക്കുമതിനു കഴിയില്ല.

“വേണു… എന്നോട് ക്ഷമിക്കാൻ നിനക്കും ആകില്ലേ.

അയാൾ യാചനയോടെ വേണിയുടെ കണ്ണുകളിലേക്ക് നോക്കി.

വേണി നിഷേധ ഭാവത്തിൽ തല ചലിപ്പിച്ചു കൊണ്ട് അകത്തേക്ക് നടന്നു.

അവൾക്ക് പിന്നാലെ ശ്രുതിയും അകത്തു കയറി വാതിൽ ചേർത്തടച്ചു.

ഏറെ നേരത്തിനു ശേഷം ഗേറ്റിന്റെ കൊളുത്തെടുക്കുന്നതും പിന്നെയത് ചേർന്നടയുന്നതും ശബ്ദ വീചികളായി വേണിയുടെ കാതിൽ പതിച്ചു.

********************

ഫ്ലാറ്റിലേക്കു മാറും മുൻപ് വേണി ഒരു വട്ടം അമ്മയെ വിളിച്ചു.

“പാല്കാച്ചിന് അമ്മ വരുന്നെങ്കിൽ പറഞ്ഞോളൂ. ഞാൻ വണ്ടിയുമായി വരാം.

“ഓ… വേണ്ട. ഞാനെങ്ങോട്ടും വരുന്നില്ല.എന്നോട് ചോദിച്ചിട്ടല്ലല്ലോ നീ ഫ്ലാറ്റ് വാങ്ങിച്ചതും ഈ സ്ഥലം വിൽക്കാൻ ഒരുങ്ങിയതും. ഇനിയിപ്പോ ബാക്കി കാര്യങ്ങളും നിന്റെയിഷ്ടംപോലെതന്നെ നടക്കട്ടെ.

“ശരി അങ്ങനെതന്നെയായിക്കോട്ടെ. തകർച്ചയുടെ പടവിൽ നിന്നും വേണി അത്യഘാതമായ തോൽവിയുടെ ആഴങ്ങളിലേക്ക് പതിച്ചിരുന്നുവെങ്കിൽ നിങ്ങളൊക്കെ ഒരുപാട് സന്തോഷിച്ചേനെ അല്ലെ..?? വേണിയുടെ വിജയം നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ലായിരിക്കാം. അതിലേനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. വേണി ഇനിയുംമുന്നോട്ട് തന്നെയാണ്. ദൈവം കൂടെയുണ്ടെന്ന വിശ്വാസമുണ്ട്. അതു മാത്രം മതി ഇനിയങ്ങോട്ടുള്ള ജീവിതത്തിലും വേണിക്ക് കരുത്തു പകരാൻ.

ബന്ധങ്ങളും, കടമകളും കടപ്പാടുകളും കാലിൽ വീഴുന്ന ചങ്ങലക്കെട്ടുകൾ തന്നെയാണ്. ഇനിയുള്ള ജീവിതത്തിൽ എനിക്ക് മോളും അവൾക്ക് ഞാനും മാത്രം മതി.

എന്റെ മോൾക്ക് ഞാൻ അന്യയായി മാറുന്ന ഒരു സാഹചര്യം വന്നാൽ അതും തരണം ചെയ്യാൻ വേണിക്ക് കഴിയും. ആരുടെ മുന്നിലും ഒന്നിനുവേണ്ടിയും യാചിക്കാൻ വേണി വരില്ല.

അമ്മ മറുത്തെന്തെങ്കിലും പറയുംമുന്നേ വേണി കാൾ കട്ട്‌ ചെയ്തു.

******************

പ്രസാദ് വന്നു പോയതിനു ശേഷമുള്ളൊരു അവധി ദിവസം. വേണി തുണികൾ നനച്ചു കൊണ്ടു നിൽക്കുമ്പോൾ പുറത്താരോ ബെല്ലടിച്ചു.

കൈകൾ തുടച്ച് അവൾ വാതിൽ തുറന്നു.

തളർന്ന ചിരിയുമായി തുളസി.

“വരൂ..”

അവളവരെ അകത്തേക്ക് ക്ഷണിച്ചു.

“അമ്മയിരിക്ക്. ഞാൻ ചായയെടുക്കാം.

വേണ്ട മോളെ. ഞാനിപ്പോ ചായകുടിച്ചതേയുള്ളു.

“അമ്മ വന്ന കാര്യം പറയാം. മോൾക്ക് അമ്മയോട് ദേഷ്യമൊന്നും തോന്നരുത്.

പറഞ്ഞോളൂ എന്ന ഭാവത്തിൽ വേണി അവർക്കെതിരെ കസേരവലിച്ചിട്ടിരുന്നു.

“പ്രസാദിപ്പോ പഴയപോലെയൊന്നുമല്ല അന്നത്തെയാ ആക്‌സിഡന്റിനു ശേഷം അവനൊരുപാട് മാറി. ഒന്നര വർഷത്തോളമെടുത്തു ആ കിടപ്പിൽ നിന്നും അവനെണീറ്റ് നടക്കാൻ.

ചെയ്തു കൂട്ടിയ പാപങ്ങളെല്ലമോർത്തു പശ്ചാത്തപിക്കാൻ ആ ഒരു കാലയളവു മതിയായിരുന്നു അവന്.

വീണ്ടും ജോലിക്കു പോയിത്തുടങ്ങിയപ്പോൾ വേറൊരു കല്യാണത്തിന് നിർബന്ധിച്ചത് ഞാനാ.

അവള് പക്ഷെ അധികകാലമൊന്നും അവനൊപ്പമുണ്ടായില്ല. അവർ തമ്മിലുള്ള പ്രശ്നങ്ങൾ എന്തായിരുന്നുവെന്നും എനിക്കറിയില്ല.

അവന്റെ മനസ്സിൽ നീയും മോളുമായിരുന്നു.നിങ്ങളോട് ചെയ്തു കൂട്ടിയ തെറ്റുകൾ ഓർത്തോർത്തു വിലപിച്ചു നടക്കുകയായിരുന്നു അവൻ. നിന്നെയും മോളെയും വന്നു കാണാൻ പല വട്ടം ശ്രമിച്ചതാ അവൻ. പിന്നെ സ്വയമെന്നോണം പറയും, ഞാനായിട്ട് വെട്ടി മുറിച്ചു കളഞ്ഞതല്ലേ, എവിടേലും സമാധാനമായി ജീവിച്ചോട്ടെ.

നാട്ടിലെ വീട് വിറ്റപ്പോൾ കിട്ടിയ പൈസയൊക്കെ ചേർത്തു ഈയിടെ ഇവിടൊരു വീട് വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞതെല്ലാം മറക്കാനാകുമെങ്കിൽ നീ മോളെയും കൂട്ടി വീട്ടിലേക്കു വരണം.

“അമ്മ ക്ഷമിക്കണം.ഞാൻ വരില്ല.. കൂടുതലൊന്നും എനിക്ക് പറയാനില്ല ഇക്കാര്യത്തിൽ.

വേണി ഇരുന്നിടത്തു നിന്നെണീറ്റ് അകത്തേക്ക് പോയി.

അവൾക്ക് പിന്നാലെ പോകണോ, അതോ പുറത്തേക്കു പോകണോ എന്നറിയാതെ തുളസി അല്പനേരം കൂടി അവിടെ തറഞ്ഞു നിന്നു. പിന്നെ സാവധാനം വാതിൽ കടന്ന് മുറ്റത്തേക്കിറങ്ങി.

******************

“ചേച്ചി, അതൊന്നും ശരിയാകില്ല.. ഒന്നാമത്തെ ഫ്ലാറ്റിൽ ആകെ രണ്ടു മുറികളെയുള്ളൂ. ചേച്ചിക്ക് ആരെങ്കിലുമൊരതിഥികൾ വന്നാൽ കിടക്കാനൊരിടമില്ലാതെ പെട്ടുപോകും. ഞാനും പിള്ളേരും ചേച്ചിക്ക് ശല്യമാകുകയും ചെയ്യും.”

ഫ്ലാറ്റിലേക്ക് ഒന്നിച്ചാണ് താമസം മാറുന്നതെന്ന വേണിയുടെ തീരുമാനമറിഞ്ഞപ്പോൾ ഗീതു ഒഴിഞ്ഞു മാറി.

“ഇത്രയും നാൾ ഇവിടെ ആരും ആർക്കും ശല്യമാകാതെതന്നെ കഴിഞ്ഞു പോയില്ലേ നമ്മൾ. ഇനിയങ്ങോട്ടും അങ്ങനെ തന്നെ . നീ എതിർപ്പൊന്നും പറയണ്ട. പിന്നെ അതിഥികളുടെ കാര്യം.. നൊന്തുപെറ്റ തള്ളപോലും തിരിഞ്ഞു നോക്കാത്ത എനിക്കാണോ അതിഥികൾ.

“നമ്മുടെ സന്തോഷങ്ങളിലേക്ക് ആരെയും കടന്നു വരാൻ നമുക്കനുവാദം കൊടുക്കേണ്ടടോ. വാടക കൊടുക്കാൻ മാറ്റിവെച്ചിരുന്ന പൈസ ഇനി ആഘോഷങ്ങൾക്കായി മാറ്റി വെക്കാം. നമ്മുടെ മക്കളും ജീവിതം ആസ്വദിക്കട്ടെ. നമുക്ക് കിട്ടാതെപോയതെല്ലാം അവർക്കെങ്കിലും നേടികൊടുക്കാൻ നമുക്ക് ശ്രമിക്കണം. നാളെ അവരുടെ തണലിൽ സ്വസ്ഥമായി ജീവിക്കാൻ വിധിയുണ്ടെങ്കിൽ അതിൽപരമൊരു ഭാഗ്യം വേറെ കിട്ടാനുമില്ല.

ഇനിയഥവാ വലുതാകുമ്പോൾ അവരവരുടെ കാര്യം നോക്കി പോകുന്നെങ്കിൽ പോട്ടേ ന്ന്.. അപ്പോഴും എനിക്കു നീയും നിനക്ക് ഞാനുമുണ്ടാകും. അത് പോരേ.

ഗീതു വാക്കുകൾ നഷ്ടപ്പെട്ട് വേണിയെ കെട്ടിപ്പിടിച്ച് , പെയ്യാൻ വെമ്പുന്ന മേഘങ്ങളെ ഉള്ളിലൊതുക്കി നിന്നു.അവളുടെ നിശബ്ദമായ കരച്ചിൽ വേണി അറിയുന്നുണ്ടായിരുന്നു.

അവൾ ഗീതുവിന്റെ മുടിയിൽ മെല്ലെ തഴുകി തന്നോട് ചേർത്ത് പിടിച്ചു.

തനിച്ചായിപ്പോയ രണ്ടുപേർ പരസ്പരം താങ്ങും തണലുമാകുന്ന നിമിഷങ്ങൾക്ക് കൂട്ടായി, വീശിയടിച്ച കാറ്റിനൊപ്പം കാലം തെറ്റിയൊരു മഴയും കൂടെ വന്നു. മണ്ണും മനസ്സും കുളിർപ്പിച്ചു കൊണ്ട്.

ശുഭം 🥰

ഇതുവരെയും കൂടെ നിന്ന് പ്രോത്സാഹനം തന്ന എല്ലാ കൂട്ടുകാരോടും ഒത്തിരി നന്ദി 🙏സ്നേഹം 🥰❤️