തനിയെ ~ ഭാഗം 06, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“മോൾക്ക് വേദനിച്ചോ?

രാത്രി ശ്രുതിയെ കേട്ടിപ്പിടിച്ചു കിടക്കുമ്പോൾ വേണി അവളുടെ കവിളിൽ മെല്ലെ തലോടി.

ശ്രുതി മിണ്ടിയില്ല.അവൾ പിണങ്ങിയെന്ന് വേണിക്ക് മനസ്സിലായി.

“ഗീതു കോരിയൊഴിച്ച തീചൂടിൽ വെന്തുരുകിയിരിക്കുകയായിരുന്നു ഞാൻ. പെട്ടന്ന് നീയങ്ങനെ പറഞ്ഞപ്പോ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അമ്മയോട് ക്ഷമിക്ക്.അമ്മക്ക് നീയല്ലേയുള്ളൂ. നിനക്കു വേണ്ടിയാ അമ്മ ഈ ജീവിതം ഇങ്ങനെ ഉന്തിയിരുട്ടി കൊണ്ട് പോകുന്നത്.നീയത് മനസ്സിലാക്കുന്നില്ലേ മോളെ. സ്നേഹം കാണിച്ചും, പ്രലോഭിപ്പിച്ചും പെണ്ണിന്റെ മനസ്സും ശരീരവും കൈക്കലാക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കയ്യിൽ ചെന്നു പെട്ടാൽ അവിടെ തീരും എല്ലാം. അതോർമ്മ വേണം.

“അമ്മേ.. പ്ലീസ്.. ഒന്ന് നിർത്തോ. ഇതിങ്ങനെ എപ്പോഴും എന്നെ ഓർമ്മിപ്പിക്കണ്ട.തമാശയിൽ കവിഞ്ഞ് വേറൊന്നും ഉദ്ദേശിച്ചില്ല ഞാൻ.സത്യം പറഞ്ഞാൽ അടി വീണപ്പോൾ ഞാൻ ഞെട്ടിപ്പോയി.എനിക്കറിയാം ഞാൻ എങ്ങനെയാകണമെന്ന്. പഠിച്ച് നല്ലൊരു ജോലി. അതാ എന്റെ ലക്ഷ്യം. അതിനിടയിൽ വേറൊന്നും എന്റെ ലൈഫിൽ കടന്നു വരില്ല. അത്രേ എനിക്കിപ്പോ പറയാനുള്ളു. അമ്മ കിടന്നുറങ്ങാൻ നോക്ക്. എനിക്ക് ഉറക്കം വരുന്നു.

ശ്രുതി അസ്വസ്ഥതയോടെ പുതപ്പെടുത്തു തലവഴി മൂടി.

പ്രസാദും ഇങ്ങനെയായിരുന്നു. ഉപദേശിക്കാൻ ചെന്നാൽ അപ്പൊ വിറഞ്ഞു തുള്ളി ഇറങ്ങിപ്പോകും.വേണിയോർത്തു.

സ്നേഹം കൊണ്ട് തനിക്ക് ചുറ്റിലും ഒരു കൂടാരം തീർക്കുകയായിരുന്നു അവൻ.പക്ഷേ യാതൊരു ഉറപ്പുമില്ലാത്ത ഒരു കടലാസുകൂടാരമായിരുന്നുവെന്ന് കാലം തെളിയിച്ചു.

നമുക്ക് ബെസ്റ്റ് ഫ്രണ്ട്സ് ആയാ പോരെ. കല്യാണം കഴിക്കണോ എന്ന ചോദ്യത്തിന്, എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും വേദനകളിലുമെല്ലാം എന്റെ മരണം വരെ നീയും കൂടി വേണമെടി പെണ്ണേയെന്നവൻ വാചാലനായി.

വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ നിന്റെ കയ്യോണ്ട് ഒരു ഗ്ലാസ്‌ ചായ പിന്നെ നീ വിളമ്പിത്തരുന്ന അത്താഴം കഴിച്ച് നിന്റെ നെഞ്ചിലെ ചൂടുപറ്റി കെട്ടിപിടിച്ചു കിടന്നുറങ്ങണം. ഈയിടെയായി ഞാൻ ദിവസവും കാണുന്ന സ്വപ്നമാണ്. ആ സ്വപ്നത്തെ എനിക്ക് യാഥാർഥ്യമാക്കണം. എനിക്കെന്നും എപ്പോഴും നിന്നെ കണ്ടോണ്ടിരിക്കണം. പറ്റില്ലെന്ന് പറയല്ലെടി…പ്ലീസ്..നിന്നെ നഷ്ടപ്പെട്ടു പോയാൽ സഹിക്കാൻ എനിക്ക് പറ്റില്ല.. സത്യം.

ആ സ്നേഹവായ്പ്പിനു മുന്നിൽ അലിഞ്ഞു പോയി വേണിയുടെ മനസ്സ്.

പിന്നെപ്പിന്നെ ബസിൽ അഞ്ചുരൂപ കൊടുത്താൽ പോലും മേടിക്കാതെയായി. അതിനെക്കുറിച്ച് ചോദിക്കുമ്പോ, നീയെന്റെ പെണ്ണല്ലേ ഇനിമുതൽ യാത്രയൊക്കെയങ്ങു ഫ്രീയാണ് മോളെയെന്ന് ചെവിക്കരുകിൽ മർമ്മരമുതിർക്കും.

ആരും കാണാതെ കൈവെള്ളയിൽ വെച്ചു തരുന്ന നാരങ്ങാ മിഠായിയും, ചോക്ലേറ്റും അവന്റെ സ്നേഹത്തിന്റെ ആഴങ്ങളെന്നു കരുതി ഹൃദയത്തിൽ ചേർത്തു വെച്ചു.പക്ഷേ കൗതുകം തീരുമ്പോൾ വലിച്ചറിയാൻ വിധിക്കപ്പെട്ട വെറുമൊരു കളിപ്പാട്ടം മാത്രമായിരുന്നു താനെന്ന് തിരിച്ചറിയാൻ, വിവാഹം കഴിഞ്ഞു അധികനാൾ വേണ്ടി വന്നില്ല.

ചേർത്തുപിടിച്ച കൈകൾകൊണ്ട് തന്നെ വലിച്ചെറിയാനും അവന് കഴിഞ്ഞു.

“മുത്തശ്ശി, പ്രസാദെന്താ ഇങ്ങനെ. അന്ന് എന്നോട് പറഞ്ഞില്ലേ സ്നേഹിക്കാനും, ചേർത്തുപിടിക്കാനും ആരുമില്ലാത്തതിന്റെ സങ്കടമാ അവനെന്ന്. ഞാൻ കൊടുക്കുന്നില്ലേ അവൻ ആഗ്രഹിക്കുന്നതിലുമധികം സ്നേഹം. പരിഗണന എന്റെ പ്രണയം.എന്നിട്ടുമെന്താ എന്നോടിങ്ങനെ.

പ്രസാദിന്റെ ചില നേരത്തെ സ്നേഹശൂന്യത കാണുമ്പോൾ വേണി മുത്തശ്ശിയോട് പരിഭവം പറയും.

“എനിക്കൊന്നുമറിയില്ല കുട്ടി. അവന്റെ മനസ്സിൽ ഇത്രേം വിഷമുണ്ടെന്ന് എനിക്കുമറിയില്ലായിരുന്നു.തന്തയുടെ ഗുണം കാണിക്കാതിരിക്കോ. അവൻ ഇതിലും വലിയ ചെറ്റയായിരുന്നു. എന്റെ മോള് കുറെ സഹിച്ചു. പിന്നെ അവളും അവനെക്കാൾ വലിയ ചെറ്റയായി അഴിഞ്ഞാടി നടപ്പ് തുടങ്ങി. ഞാനും അച്ഛനും കുറെ ദേഷ്യപ്പെട്ടു. എന്ത് കാര്യം.

തെറ്റാണെന്ന് അറിഞ്ഞോണ്ട് അത് തന്നെ ചെയ്തു മറ്റുള്ളവരെ വേദനിപ്പിക്കാൻ അവന് നല്ല മിടുക്കാ.പറഞ്ഞു തിരുത്തുന്നത് പണ്ടേ അവനിഷ്ടമല്ല. മോള് എല്ലാം നേരെയാക്കിയെടുക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു മുത്തശ്ശിക്ക്. ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് കൊല്ലം ഒന്നായിട്ടല്ലേയുള്ളൂ.അപ്പോഴേക്കും ഇങ്ങനെ അടിപിടിയായാൽ ഭാവി എന്താകും എന്നൊരു നിശ്ചയവുമില്ല. ഇപ്പോ തോന്നാ മുത്തശ്ശി കാരണം മോൾടെ ജീവിതം നശിച്ചു പോയെന്ന്.ഒരു കുഞ്ഞുണ്ടായാൽ ചിലപ്പോൾ ഇതൊക്കെ മാറിയേക്കും. മോള് കുറച്ചു കൂടി കാക്ക്.അല്ലാതെ ഞാനെന്താ പറയാ.

അത് മാത്രമല്ല മുത്തശ്ശി,ജോലിക്ക് പോയി വന്നാൽ ഒരു രൂപപോലുമില്ല അവന്റെ കയ്യിൽ. ഈ പൈസയെല്ലാം എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അപ്പൊ എന്നോട് തട്ടിക്കയറും, നിന്റെ തന്ത സ്ത്രീധനം തന്ന വകയൊന്നുമല്ലല്ലോ. ഞാൻ അധ്വാനിച്ചുണ്ടാക്കുന്നതല്ലേ എന്റെയിഷ്ടം പോലെ ചിലവാക്കും . എന്നെ കയറി ഭരിക്കാൻ വരരുതെന്ന് അലറും.

ഈയിടെയായി കുടിയും തുടങ്ങിയിട്ടുണ്ട്.

“ങേ… കുടിയോ. മുത്തശ്ശി അറിഞ്ഞില്ലല്ലോ മോളെ.അവനിങ്ങു വരട്ടെ ഞാൻ ചോദിച്ചോളാം അവനോട്. മോള് വിഷമിക്കാതിരിക്ക്.”

ഓരോ വഴക്കുകൾക്ക് ശേഷവും കണ്ണ് നിറച്ച് തൊണ്ടയിടറി ചോദിക്കും ഇതിനാണോ നീയെന്നെ കൂടെ കൂട്ടിയത്. ഇങ്ങനെയൊരു ജീവിതമായിരുന്നില്ലല്ലോ നമ്മൾ സ്വപ്നം കണ്ടത്.

“ഞാൻ ഇങ്ങനെയാ, ഇഷ്ടമുണ്ടെങ്കിൽ കൂടെ നിന്നാ മതി. അല്ലേൽ ഇറങ്ങിപൊയ്ക്കോ എവിടെക്കെന്നു വെച്ചാ.അവകാശം പറയാൻ കുഞ്ഞുങ്ങളും ആയിട്ടില്ല. എനിക്കു പിന്നെന്തു പുല്ലാ നീ പോയാൽ.

അവന്റെ ഭാവമാറ്റം കണ്ട് പകച്ചുപോകും. ഇങ്ങനെയൊരു പ്രസാദിനെ തനിക്ക് പരിചയമില്ലല്ലോ എന്നവൾ വേവലാതിപ്പെടും

“അങ്ങനെ ഇറക്കി വിടാനാണോ എന്റെ കഴുത്തിൽ താലി കെട്ടിയത്. എനിക്ക് തന്ന വാഗ്ദാനങ്ങൾ, എന്നോട് കാണിച്ച സ്നേഹം, നീയില്ലെങ്കിൽ മരിച്ചു കളയും എന്ന വിങ്ങിപ്പൊട്ടൽ, എല്ലാം വെറും അഭിനയമായിരുന്നോ.

“ആണെന്ന് തന്നെ കരുതിക്കോ. എനിക്ക് ഇങ്ങനെയൊക്കെ സ്നേഹിക്കാനെ പറ്റൂ.”

അതിനൊരു കാരണം വേണ്ടേ. അതെന്താന്ന് എനിക്കറിഞ്ഞേ പറ്റൂ.”

വേണിയുടെ സ്വരം കടുത്തപ്പോൾ ബൈക്കിന്റെ കീയുമെടുത്ത് അവനിറങ്ങിപ്പോയി. അന്ന് രാത്രിയായിട്ടും തിരിച്ചു വന്നുമില്ല.

വേണിക്ക്, താൻ ഹൃദയം പൊട്ടി മരിക്കും എന്ന് തോന്നി.വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം. അപ്പോഴേക്കും ജീവിതം ഇങ്ങനെയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. നെയ്തു കൂട്ടിയ കനവുകളെല്ലാം മഴവെള്ളം പോലെ ഒഴുകിപ്പോകുന്നു. കൈകുമ്പിളിൽ കോരിയെടുക്കാൻ ഒരു തുള്ളി പോലും ബാക്കി വെക്കാതെ.

ദിനങ്ങൾ ഇതളൂർന്നു പോകെ തമ്മിലുള്ള സംസാരം കുറഞ്ഞു. എന്തെങ്കിലും ചോദിച്ചാൽ മറുപടി കിട്ടാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. രാത്രികളിലെ സ്നേഹപ്രകടനം അവൾക്ക് വെറുപ്പായി തുടങ്ങി.

നീലച്ചിത്രങ്ങൾ പ്ലേ ചെയ്ത് അതിൽ നോക്കിക്കൊണ്ടായിരുന്നു അവന്റെ പേക്കൂത്തുകൾ.

ആരോടും പറയാനാകാത്ത സങ്കടങ്ങൾ പേറി എന്തിനോ വേണ്ടി ജീവിക്കുന്ന ഒരുവളായി ഒതുങ്ങിപ്പോയി വേണി.

തനിയെ കണ്ടുപിടിച്ചതല്ലേ. അനുഭവിച്ചോയെന്ന് ചുറ്റിലുമുയരുന്ന പരിഹാസങ്ങൾക്ക് മുന്നിൽ കനവുകണ്ട ജീവിതം കൈകുമ്പിളിൽനിന്നും ഊർന്നു പോകുന്നത് നിസ്സഹായതയോടെ, അതിലേറെ ഹൃദയവേദനയോടെ നോക്കി നിൽക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.

“തല്ക്കാലം നീ ഹോസ്റ്റലിലേക്ക് മാറ്. ചെറുതെങ്കിലും ഒരു ജോലിയുണ്ടല്ലോ. നിന്റെ കാര്യങ്ങൾ നടന്നു പോകാൻ അത് പോരെ”

രാവിലെ ഡ്യൂട്ടിക്കിടയിൽ സ്മിത അവളുടെ മനസ്സിൽ തോന്നിയ വഴി പറഞ്ഞു തന്നു. എങ്കിലും അതുമായി മുന്നോട്ടു പോകാൻ എന്തോ താല്പര്യം തോന്നിയില്ല. മുത്തശ്ശി തനിച്ചാവുമല്ലോ എന്ന സങ്കടമായിരുന്നു.

രണ്ടു ദിവസമായി ഇടയ്ക്കിടെ വരുന്ന തല ചുറ്റലും ക്ഷീണവും, ശർദ്ധിയിലേക്കു വഴിമാറിയപ്പോ സ്മിത തന്നെയാണ് നിർബന്ധിച്ചു ലാബിലേക്ക് പറഞ്ഞു വിട്ടത്.

“ഒരു ഗർഭിണിയുടെ എല്ലാ ലക്ഷണങ്ങളും നിന്റെ മുഖത്തുണ്ട്. ചെന്ന് നോക്കീട്ട് വാ പെണ്ണേ..”

റിസൾട്ട്‌ കിട്ടിയപ്പോ മനസ്സിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കുറുകി. ഇതുവരെ നേരിടേണ്ടി വന്ന അവഗണനകളെയും, വാരിക്കോരിയിട്ടു തന്ന സങ്കടത്തുള്ളികളെയും മറന്ന്‌ പ്രസാദിനെ കാത്തിരുന്നു.

“നോക്കു.. ഞാനിന്ന് ഹോസ്പിറ്റലിൽ യൂറിൻ ടെസ്റ്റ്‌ ചെയ്തുട്ടോ. രണ്ടുമാസമായി പീരീഡ്‌സ് വന്നിട്ടില്ല. അപ്പൊ ചെറിയൊരു ഡൗട് തോന്നി. റിസൾട്ട്‌ പോസറ്റീവാണ്.

“അതിപ്പോ എന്റെതന്നെയാണെന്ന് ഉറപ്പുണ്ടോ?

ഒരു നിമിഷത്തിന്റെ ഇടവേള പോലുമില്ലാതെ അവന്റെ നാവിൻ തുമ്പിൽ നിന്നും തെറിച്ചു വീണ വാക്കുകൾ അവളെ പൊള്ളിച്ചു.

“അല്ല…നിങ്ങളുടെയല്ല. ഇതെന്റെ മാത്രം കുഞ്ഞാ.റോഡിലിറങ്ങി തെണ്ടേണ്ടി വന്നാലും ഞാനീ കുഞ്ഞിനെ പ്രസവിക്കും. എനിക്ക് ആവുംപോലെ വളർത്തിക്കൊണ്ട് വരും. നിങ്ങളുടെ യാതൊന്നും എന്റെ കുഞ്ഞിന് വേണ്ട.നിങ്ങൾ അതിനർഹനല്ല.

കരണം പുകക്കാൻ കൈകൾ തരിച്ചുവെങ്കിലും, വാക്കുകൾ കൊണ്ട് അവന്റെ മുഖത്തു കാറിത്തുപ്പി ബാഗുമെടുത്തു പടിയിറങ്ങുമ്പോൾ മുത്തശ്ശി വഴി തടഞ്ഞു നിന്നു.

വേണി.. നിന്റെ കുഞ്ഞിനെ എനിക്കും വേണം. നീ എങ്ങോട്ടും പോകുന്നില്ല. ഇവിടെ തന്നെ നിന്റെ കുഞ്ഞ് വളരണം.

ഞാനെന്ത് തെറ്റ് ചെയ്തിട്ടാ മുത്തശ്ശി എന്നോടിങ്ങനെ….

പൊട്ടിക്കരച്ചിലോടെ അവരുടെ ദേഹത്തേക്ക് കുഴഞ്ഞു വീഴുമ്പോൾ,നിങ്ങളൊരച്ചനാകാൻ പോകുന്നു എന്നറിയിക്കുമ്പോൾ , കോരിയെടുത്തു വട്ടം കറങ്ങുന്ന ഭർത്താവ് സിനിമകളിൽ ൽ മാത്രമേയുള്ളു എന്നവൾക്ക് ബോധ്യപ്പെട്ടു.അതുമല്ലെങ്കിൽ അത്രയേറെ ഭാഗ്യം ചെയ്ത പെൺകുട്ടികൾക്കും.

തുടരും.