തനിയെ ~ ഭാഗം 07, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരൂ. ബസിൽ കുറച്ചു പണിയുണ്ട്. രാത്രി എന്നെ കാത്തിരിക്കണ്ട.വേണേൽ രണ്ടു ദിവസം നീ വീട്ടിൽ പോയി നിന്നോ “

രാവിലെ ജോലിക്ക് പോകാൻ റെഡിയായിക്കൊണ്ട് പ്രസാദ് വേണിയോട് പറഞ്ഞു.

അവളത് കേൾക്കാത്ത ഭാവത്തിൽ, നനക്കാനുള്ള തുണികളുമെടുത്തു പുറത്തേക്കിറങ്ങി.

ഈയിടെയായി അങ്ങനെയാണ്. ഒരു വീട്ടിൽ അപരിചിതരെപ്പോലെ. സംസാരം ആവശ്യങ്ങൾക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.

“നിന്റെ കയ്യിൽ പൈസ വല്ലതുമുണ്ടോ.?

“ഇല്ല..

ദേഷ്യം വന്നെങ്കിലും വഴക്കുകൂടാനുള്ള മാനസികാവസ്ഥയിൽ അല്ലാത്തതു കൊണ്ട് അവൾ പെട്ടന്ന് മറുപടി കൊടുത്തു.

“എന്നാ ആ വളയൊരെണ്ണം ഇങ്ങോട്ടു താ. കുറച്ചു ദിവസം കഴിഞ്ഞു എടുത്ത് തരാം.

അവൾ അവനെ കുർപ്പിച്ചു നോക്കിതെല്ലു നേരം നിന്നു.പിന്നെ ശബ്ദമില്ലാത്തവളേപ്പോലെ അലക്കു കല്ലിനടുത്തേക്ക് നടന്നു.

“നിന്നോടാ പറഞ്ഞത്, ആ വളയൊരെണ്ണം ഇങ്ങോട്ട് ഊരിത്തരാൻ.”

അവൻ അവളുടെ പിന്നാലെ ചാടിയിറങ്ങി കയ്യിൽ കടന്നു പിടിച്ചു.

“നിങ്ങൾ വാങ്ങിത്തന്നത് വല്ലോം ഉണ്ടെങ്കിൽ ഊരിയെടുത്തോ. ഇതെന്റെ വീട്ടിൽ നിന്നും എനിക്ക് തന്നതാ. അവൻ പിടുത്തമിട്ടകൈ കുതറിച്ചുകൊണ്ട് അവൾ ശാന്തമായി പറഞ്ഞു.

“വീട്ടിൽ നിന്നും തന്നതാണെങ്കിലെന്താ. അതെനിക്ക് സ്ത്രീധനം കിട്ടിയതല്ലേ. എനിക്കവകാശപ്പെട്ട മുതലാ അത്. കിടന്നു തുള്ളാതെ ഇങ്ങോട്ടു ഊരെടീ.

“ഇല്ല.. എന്നെക്കൊന്നാലും ഇത് ഞാൻ തരില്ല. ആകെയുള്ള രണ്ടു വളയാ. ബാക്കിയെല്ലാം നിങ്ങൾ ഇതുപോലെ ഓരോ ആവശ്യങ്ങൾ പറഞ്ഞു ഊരിക്കൊണ്ട് പോയതല്ലേ. ഒരെണ്ണമെങ്കിലും തിരിച്ചു കൊണ്ട് തന്നിട്ടുണ്ടോ. സ്ത്രീധനം എന്ന പേരും പറഞ്ഞ് എല്ലാം നിങ്ങളെടുത്തു. എത്രപവന്റെ ആഭരണങ്ങൾ വിറ്റ് തുലച്ചു എന്നോർമ്മയുണ്ടോ.

സാലറി കിട്ടുന്ന ദിവസം എന്റെ ബാഗും പേഴ്‌സുമെല്ലാം തപ്പി കയ്യിൽ കിട്ടുന്നതൊക്കെ എടുത്തു കൊണ്ട് പോയിട്ടില്ലേ. ഒക്കെ ഞാൻ ക്ഷമിച്ചു. ഇനിയത് പറ്റില്ല. ഒരു കുഞ്ഞ് വയറ്റിൽ കിടപ്പുണ്ട്. അതിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ നിങ്ങൾ തയ്യാറല്ലല്ലോ. മാസം അഞ്ചായി അനാഥയെപ്പോലെ ഈ വയറും താങ്ങി ഹോസ്പിറ്റലിൽ കയറിയിറങ്ങുന്നു. ഇനിയും കുറച്ചു മാസങ്ങളേയുള്ളു പ്രസവത്തിന്.അപ്പൊ ഇതൊക്കെ എനിക്കാവശ്യം വരും.

“ആദ്യത്തെ പ്രസവം പെണ്ണു വീട്ടുകാരുടെ കെയറോഫിലാ. അതാ നാട്ടുനടപ്പ്.നിനക്കു അതൊന്നും അറിയില്ലേ.?

“നാട്ടുനടപ്പ് അതൊക്കെത്തന്നെ ആയിക്കോട്ടെ. പക്ഷേ കൊച്ചിനെ ഉണ്ടാക്കിയവന് യാതൊരു ഉത്തരവാദിത്തവുമില്ല എന്നും പറഞ്ഞു കൈ കഴുകി നടക്കുന്ന ആചാരം നിങ്ങളുടെ ഈ വീട്ടിൽ മാത്രമേ കാണൂ. നിങ്ങളുടെ തന്ത അമ്മയോട് ചെയ്തതും അത് തന്നെയല്ലേ. അതിന്റെ ബാക്കിയല്ലേ അമ്മയിപ്പോ അനുഭവിക്കുന്നേ.

അവര് രണ്ടുപേരും അവരുടെതായ രീതിയിൽ . ജീവിതം ആസ്വദിക്കുന്നു. നല്ല കുടുംബപാരമ്പര്യം. എന്നിട്ട് നാട്ടുനടപ്പ് പഠിപ്പിക്കാൻ ഇറങ്ങിയെക്കുന്നു.

“നീ അധികം കിടന്നു തിളക്കല്ലേ. ഒരൊറ്റ ചവിട്ടിനു നിന്നെ തീർക്കാൻ എനിക്കറിയാൻ വയ്യാഞ്ഞിട്ടല്ല. എന്റെ ജീവിതം കോഞ്ഞാട്ടയാകുമല്ലോ എന്നോർത്ത് ക്ഷമിക്കുന്നതാ. അവളുടെയൊരു ദിവ്യഗർഭം. കണ്ടവന്റെ കൊച്ചിന് ചിലവിനു കൊടുക്കാൻ എന്നെ കിട്ടില്ല.”

“കണ്ടവന്റെ കൊച്ചോ. ഇനിയാ വാക്ക് നിങ്ങൾ ഉച്ചരിച്ചാലുണ്ടല്ലോ ആ നാവ് ഞാൻ പിഴുതെടുക്കും.

അവൾ വിറച്ചുകൊണ്ട് അവന്റെ നേരെ വിരൽ ചൂണ്ടി.

തെരുവിൽ ആണുങ്ങളെ അന്വേഷിച് നടക്കുന്ന അഭിസാരികയല്ല ഞാൻ. നിങ്ങളുടെ വിഷം പുരട്ടിയ മനസ്സ് കാണാൻ കുറച്ചു വൈകിപ്പോയി എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളു. ഞാൻ അറിയാതെ കുടിച്ചിറക്കിയ വിഷം തുപ്പിക്കളയാൻ വയ്യാഞ്ഞിട്ടല്ല ഇപ്പോഴും ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നത്. ഞാൻ പോയാൽ പാവം മുത്തശ്ശിക്ക് ആരുമില്ലതാകും എന്നോർത്താ.

“അല്ലാതെ നിന്റെ വീട്ടിലേക്ക് കയറിച്ചെന്നാൽ അവരിങ്ങോട്ട് തന്നെ ഇറക്കി വിടും എന്നറിഞ്ഞിട്ടല്ല അല്ലെ… ഹഹഹ…അവൻ ചുണ്ടു കോട്ടി പരിഹസിച്ചു.

“വീട്ടുകാർ ഇറക്കി വിട്ടാൽ കയറിച്ചെല്ലാനൊരിടം വേണിക്ക് നിഷ്പ്രയാസം കണ്ടുപിടിക്കാൻ കഴിയും. അതും പറഞ്ഞ് നിങ്ങളെന്നെ ഇവിടെയിട്ട് ചവിട്ടിത്തേക്കാംന്ന് കരുതണ്ട.

“അതെനിക്കുമറിയാം. കൊണ്ടുപോയി കൂടെപൊറുപ്പിക്കാൻ ഒരുപാട്പേര് കാണുംന്ന്”

ഇനിയും അവനോട് സംസാരിച്ചാൽ നിലവിട്ട് താൻ എന്തെങ്കിലും ചെയ്തു പോകുമെന്ന് ഭയന്ന് അവൾ അകത്തേക്ക് കയറിപ്പോന്നു.

റൂമിൽ കയറി വാതിലടക്കാൻ ഒരുങ്ങിയതും അവൻ ഓടിവന്ന് വീണ്ടും അവളുടെ കയ്യിൽ കടന്നു പിടിക്കുകയും ബലമായി വളകൾ ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

പെട്ടന്നായതുകൊണ്ട് വേണിക്ക് കാലിടറി. വീഴാനാഞ്ഞ് അവൾ വയറിൽ കൈകൊണ്ടമർത്തി . കാൽമുട്ടുകൾ ശക്തിയായി തറയിൽ ചെന്നിടിച്ച് താഴെക്കിരുന്നു പോയി. അമ്മേയെന്നൊരു അടക്കിയ നിലവിളിയോടെ.

ആ ഇരുപ്പിൽ അവനാ വളകളിലൊന്ന് കൈക്കലാക്കി.

പിന്നെ തിരിഞ്ഞോന്ന് നോക്കുകപോലും ചെയ്യാതെ പടി കടന്ന് റോഡിലേക്കിറങ്ങി.

അമ്പലത്തിൽ നിന്നും വന്ന മുത്തശ്ശി അവളുടെയിരുപ്പുകണ്ട് ഓടി അടുത്തേക്ക് വന്നു.

“എന്താ മോളെ.. എന്തുപറ്റി എന്റെ കുട്ടിക്ക്. തല ചുറ്റിയോ..അവനെന്ത്യേ… നിന്നെ ഉപദ്രവിച്ചോ ആ ദ്രോഹി..?

മുത്തശ്ശി അവൾക്കരികിലേക്ക് കുനിഞ്ഞ് മെല്ലെയവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ട് തുരുതുരെ ചോദ്യങ്ങൾ കുടഞ്ഞിട്ടു.

വേണി നിറഞ്ഞു തൂവുന്ന മിഴികളോടെ അവരെ നോക്കി. കണ്ണുകൾ ഹൃദയം പൊട്ടുന്ന വേദനയിൽ അനുസരണയില്ലാതെ കവിളിലേക്ക് തുള്ളികൾ പെയ്യിച്ചു കൊണ്ടിരുന്നു.

അവളുടെയാ നോട്ടം തന്റെയും ഹൃദയം കീറിമുറിക്കുന്നതറിഞ്ഞ് മുത്തശ്ശിയും അവൾക്കരികിൽ ചടഞ്ഞിരുന്നു.

അറുക്കാൻ വിധിക്കപ്പെട്ട ബലിമൃഗത്തിന്റെ നിസ്സഹായതയായിരുന്നു അവളുടെ മിഴികളിൽ നിറഞ്ഞു നിന്നത്.

ഞാൻ.. ഞാൻ… എന്ത് തെറ്റ് ചെയ്തിട്ടാ മുത്തശ്ശി എന്നവൾ ഇടക്കെപ്പോഴോ ഒന്ന് വിങ്ങിപ്പൊട്ടി. പിന്നെ അവരുടെ മടിയിലേക്ക് കുഴഞ്ഞു വീണു.

കണ്ണ് തുറക്കുമ്പോൾ ആദ്യം കണ്ടത് ഡ്രിപ് ബോട്ടിലിലിൽ നിന്നും ഇറ്റി വീഴുന്ന തുള്ളികളാണ്.

തളർന്നമിഴികൾകൊണ്ട് നാലുപാടും അവൾ പതറി നോക്കി.

മുത്തശ്ശിയും അമ്മയും സംസാരിച്ചുകൊണ്ട് കട്ടിലിനരികിലെ സ്റ്റൂളിൽ ഇരിപ്പുണ്ട്.

“ആ.. നീയുണർന്നോ “

അവൾ കണ്ണ് തുറന്നത് കണ്ട് അമ്മ അരികിലേക്ക് വന്നു.

“നീയിത് എന്ത് ഭാവിച്ചാ. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർക്കാതെ ഇങ്ങനെ പട്ടിണി കിടന്നാൽ എന്ത് ചെയ്യും. രാവിലെ യാതൊന്നും കഴിച്ചിട്ടില്ല ന്ന് മുത്തശ്ശി പറഞ്ഞു.”

“വീണു പോയാൽ വാരിക്കൂട്ടി എടുത്തോണ്ട് പോരാൻ കുടുംബത്ത് ആളുമില്ല. എന്നിട്ട് ഓരോന്ന് വരുത്തിവെക്കുന്നു.”

അമ്മയുടെ ദേഷ്യം വാക്കുകളെ ചവച്ചു തുപ്പി.

പാവം മുത്തശ്ശി, രാവിലെ ഒന്നും കഴിക്കാതെ തല ചുറ്റി വീണതാണെന്ന് കരുതിക്കാണും.വേണിയോർത്തു.

“അവനെവിടെപ്പോയതാ. ഞാൻ കുറെ വിളിച്ചു. അവൻ ഫോണെടുത്തില്ല. ഇനി വിളിച്ചാൽ ഞാനും എടുക്കാൻ പോണില്ല. ഇങ്ങനെയുണ്ടോ കണ്ണിൽ ചോരയില്ലാത്ത ദ്രോഹികൾ.

അല്ല.. ഞാനൊന്നു ചോദിക്കട്ടെ നീയെന്തിനാ ഇവനെപ്പോലൊരുത്തന്റെ കുഞ്ഞിനെ പെറാൻ ഇറങ്ങിത്തിരിച്ചെ. ഒറ്റക്ക് ആയിരുന്നെങ്കിൽ നിനക്കു നിന്റെ കാര്യം നോക്കി ജീവിച്ചു പോകായിരുന്നില്ലേ.

വേണി ജീവനറ്റ മിഴികളോടെ മൗനമായി അമ്മയെത്തന്നെ നോക്കി കിടന്നു.മൗനമായി പെയ്തുകൊണ്ട്…ഉള്ളിൽ അലയടിക്കുന്ന കടലിന്റെ അലയൊലികൾ പുറത്തേക്ക് കേൾപ്പിക്കാതെ.

തുടരും…