തനിയെ ~ ഭാഗം 11, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“നീ എന്തിനാടി കിടന്നു മോങ്ങുന്നേ. അവനെപ്പോലെ ഒരുത്തന്റെ കൊച്ചിനെ ഒണ്ടാക്കാൻ പോയപ്പോ ഓർക്കണമായിരുന്നു ഇതിങ്ങനെയൊക്കെയെ വരൂ എന്ന്. ഇനിയങ്ങോട്ട് അനുഭവിച്ചോ. തനിയെ കണ്ടുപിടിച്ച മുതലല്ലേ. ആരെയും കുറ്റം പറയണ്ട.

അമ്മയുടെ ശാപം പോലുള്ള വാക്കുകൾ കേട്ട് വേണി കണ്ണീരിലും അവരെ ക്രൂദ്ധമായൊന്നു നോക്കി.

“അമ്മേ, ഇത് ഹോസ്പിറ്റലാ. വീടല്ല. ഓർമ്മ വേണം.

“ഗിരീജേ എന്തായിത്. അവള് ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കിയാ ഇവിടെകിടക്കുന്നെ. അതിന്റെ കൂടെ നീയും ഇങ്ങനെ തുടങ്ങുന്നത് ശരിയാണോ..?

മുത്തശ്ശി അമ്മയെ നോക്കി ദേഷ്യപ്പെട്ടു

“ഓ.. ഞാൻ പറയുന്നതാ കുറ്റം. അവനെപ്പോലെ ഒരുത്തനെയല്ലേ ഇവൾക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ. ഞാൻ എങ്ങനെ വളർത്തിക്കൊണ്ടു വന്നതാ. അച്ഛനില്ലാതെ മൂന്ന് പെൺകുട്ടികളെ വളർത്തി വലുതാക്കി പഠിപ്പിച്ചു. മൂത്തതിനെ കെട്ടിച്ചു. അതിന്റെ പ്രസവം നോക്കി. ഇതിന്റെയൊക്കെ ബാധ്യതകൾ ഇപ്പോഴും തലയിൽ നിന്നൊഴിഞ്ഞിട്ടില്ല.അതിനിടക്ക് ഇവളുടെ കല്യാണം. അതിന്റെ കടങ്ങൾ വേറെ. ഇനിയും താഴെ ഒന്ന് കൂടിയുണ്ട്. അതിനേം ഒരാളുടെ കൈ പിടിച്ചു കൊടുക്കണ്ടേ. ഇവൾക്ക് ഇങ്ങനൊരാവശ്യം വന്നപ്പോൾ അവൻ കൈകഴുകി. ഇനിയും ചിലവുകളല്ലേ വരുന്നത്. അതിനൊക്കെ എന്ത് ചെയ്യും.

” ഹോസ്പിറ്റൽ ബില്ലടക്കാനുള്ള പൈസ ഞാൻ ഉണ്ടാക്കിയില്ലേ. ബാക്കിയുള്ള കാര്യങ്ങൾ ഒന്നും മുറ പോലെ നടത്തണ്ട.. ജോലിക്ക് പോകാറായാൽ ഞാൻ നോക്കിക്കൊള്ളാം എന്റെ മോൾടെ കാര്യം. ദൈവത്തെയോർത്തു അമ്മയിത്തിരി സമാധാനം തരോ. “

വേണി ശബ്ദം താഴ്ത്തി അവർക്ക് നേരെ കൈകൂപ്പി. പിന്നെ കുഞ്ഞിനരികിലേക്ക് ചെരിഞ്ഞു കിടന്ന് ശബ്ദമില്ലാതെ കരഞ്ഞു.

” ജീവിതം ഇങ്ങനെയായതിന് ഇവളെന്ത് പിഴച്ചു ഗിരീജേ. തലവിധി എന്ന് പറയുന്ന ഒന്നുണ്ട് . അത് മായ്ച്ചാൽ മായില്ലല്ലോ. പെണ്ണിന്റ ഭാഗ്യം പെരുവഴിയിൽ എന്നാ കാർന്നോൻമാര് പറയുന്നേ. കിട്ടുന്നത് നല്ലതോ ചീത്തയോയെന്ന് അനുഭവം കൊണ്ടേ അവർക്ക് മനസ്സിലാക്കിയെടുക്കൻ പറ്റൂ. ഒരു കുഞ്ഞായാൽ എല്ലാം ശരിയാകും എന്നു കരുതിക്കാണും ഇവള്.

ഇനിയിപ്പോ വെറുതെ അതുമിതും പറഞ്ഞ് കാടും പടലും തല്ലണ്ട. അവൾക്കിത്തിരി സമാധാനം കൊടുക്ക്‌. വീട്ടിൽ കൊണ്ടോയി നോക്കാൻ പറ്റില്ലെങ്കിൽ പറയാ.ഞാൻ നോക്കിക്കൊള്ളാം ഇവളേം കുഞ്ഞിനേം.

“അത്രക്ക് ത്യാഗമൊന്നും വേണ്ട. ഞാൻ നോക്കിക്കൊള്ളാം തൊണ്ണൂറ് ആകും വരെ. അതല്ലേ നാട്ടു നടപ്പ്. അവനും ആവശ്യം കഴിഞ്ഞു മൂട്ടിലെ പൊടിയും തട്ടി എണീറ്റ് പോയത് ആദ്യത്തെ പ്രസവം പെണ്ണ് വീട്ടുകാരുടെ ചുമതലയാണെന്ന് പറഞ്ഞു പഠിപ്പിച്ചോണ്ടല്ലേ.ഇവൾക്ക് നാണമുണ്ടോ അതും കേട്ട് ഇങ്ങോട്ടു കെട്ടിയെടുക്കാൻ.

മുത്തശ്ശിയെങ്കിലും ഒന്ന് മിണ്ടാതിരി. തലവേദന സഹിക്കാൻ പറ്റണില്യ അതോണ്ടാ.

വേണി മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു യാചനയോടെ.

കുഞ്ഞിനെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ ആർത്തലച്ചു പെയ്യുകയായിരുന്നു അവളുടെ മനസ്സ്. പെയ്തു തോരാൻ ഒരിടം കാണാതെ നെഞ്ചുപൊട്ടിപ്പിളരുന്ന വേദനയോടെ. ആലംബമറ്റ ഒരു പെണ്ണിന്റെ നിസ്സഹായതയോടെ.

ഞാൻ കുഞ്ഞിന്റെ തുണികളൊന്നു കഴുകിയിട്ട് വരാം. മുത്തശ്ശി ഇവിടെ ഇരിക്കുവല്ലേ.

“ചെറുക്കന്റെ അമ്മയ ഇതൊക്കെ ചെയ്യേണ്ടത്. ഒന്നിനേം കൊണ്ടും ഗുണമില്ലാതായി.”

ഗിരിജ പിന്നെയും ആവലാതിയുടെ ഭാണ്ഡക്കെട്ടിൽ നിന്നും എന്തൊക്കയോ അവൾക്ക് ചുറ്റും വാരിയിട്ട്, കട്ടിലിനടിയിൽ വെച്ചിരുന്ന ബക്കറ്റുമെടുത്തു പുറത്തേക്ക് നടന്നു.

“കുട്ടീ, ഇവിടുത്തെ ബില്ലടക്കാനുള്ള പൈസ തന്റെകയ്യിൽ ഉണ്ടോ. സത്യം പറഞ്ഞതാണോ നീ.?

കുറെ നേരത്തെ നിശബ്ദതക്കു ശേഷം മുത്തശ്ശി അവളോട് ചോദിച്ചു.

“ഉണ്ട്‌ മുത്തശ്ശി. ശമ്പളം കിട്ടുമ്പോ കുറച്ചു പൈസ ഞാൻ മാറ്റി വെച്ചിരുന്നു. പിന്നെയൊരു മോതിരം പ്രസാദ് കാണാതെ ഒളിപ്പിച്ചു വെച്ചിരുന്നു. അത് വിറ്റു.

“ഉം.. അത് പോരാന്നുണ്ടെങ്കിൽ ഇതും കൂടി കയ്യിൽ വെച്ചോളൂ.”

മുത്തശ്ശി കുറച്ചു കാശ് അവൾക്ക് നേരെ നീട്ടി.

“വേണ്ട മുത്തശ്ശി. അത് മുത്തശിയുടെ കയ്യിൽ ഇരുന്നോട്ടെ. ഞാൻ സ്വയം വരുത്തിവെച്ച ബാധ്യതകളല്ലേ ഇതൊക്കെ. ഞാൻ തന്നെ വീട്ടിക്കൊള്ളാം.

അവളുടെ തൊണ്ടയിടറി

“അമ്മ പറയുന്നതൊന്നും മോള് കാര്യമാക്കണ്ട. അവരുടെ വിഷമം പറഞ്ഞു തീർക്കുന്നതാ. അവരുടെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയൊക്കെ പറഞ്ഞു പോകും. നിന്റെ താഴെ ഒരനിയത്തികൂടിഉണ്ടല്ലോ. അതിനെ കെട്ടിച്ചു വിടണ്ടേ. എല്ലാം കൂടി ഓർത്തിട്ടുള്ള ടെൻഷനാകും.”

“എന്നാലും എന്റെ മുത്തശ്ശി.. ഒരു നേരം എനിക്ക് മനസ്സമാധാനം തന്നിട്ടില്ല അവർ. എവിടേലും പോയി ചാവ് എന്നൊക്കെയാ എന്നോട് പറയുന്നേ. ഞാൻ എന്ത് തെറ്റ് ചെയ്തു. പ്രസാദ് കുറേ സ്നേഹം അഭിനയിച്ചു. എന്റെ പാവം മനസ്സ് അതിൽ പെട്ടുപോയി. അവിടുന്ന് തിരിച്ചിറങ്ങി പോന്നാലും അമ്മ ഇതു തന്നെയെ പറയുമായിരുന്നുള്ളു. കുടുംബത്തിന്റെ അഭിമാനം, അനിയത്തിയുടെ ഭാവി, നാട്ടുകാരുടെ ചോദ്യങ്ങൾക്ക് കൊടുക്കാൻ മറുപടിയില്ല, അങ്ങനെ കുറെ ന്യായങ്ങൾ നിരത്തും. ഞാൻ എവിടേക്ക് പോകും.. ഒന്ന് പറഞ്ഞു താ മുത്തശ്ശി.

“നീ എവിടേക്കും പോണ്ട. ഞാൻ പറഞ്ഞില്ലേ ആ വീട് ഇനിമുതൽ നിന്റെയും കൂടിയാ. ആധാരം മാറ്റിയെഴുതാനുള്ള കാര്യങ്ങളൊക്കെ എത്രയും പെട്ടന്ന് ചെയ്യാം. പിന്നെ മോളോട് ഒരപേക്ഷയുണ്ട് തുളസി വല്ലപ്പോഴും കയറി വന്നെന്നിരിക്കും. എന്റെയും മുത്തശ്ശന്റേം കാലം കഴിഞ്ഞാലും അവള് വരുമ്പോൾ കയറിക്കിടക്കാൻ ഒരിടം കൊടുക്കണം. അവൾക്ക് പോകാൻ വേറൊരിടമില്ല മോളെ.”

മുത്തശ്ശി, എന്തായീ പറയുന്നേ. അമ്മ സ്ഥിരമായി അവിടെ വന്നു നിന്നോട്ടെ. അതെനിക്ക് സന്തോഷമേയുള്ളു. ഞാനായിട്ട് അമ്മ കരയാൻ ഒരിട വരുത്തില്ല.

വേണി പറഞ്ഞു നിർത്തിയതും വാതിൽ കടന്ന് തുളസി കയറി വന്നു.

“ആഹാ, നിന്റെ കാര്യം പറഞ്ഞു നാവെടുത്തെയുള്ളു അപ്പോഴേക്കും എത്തിയല്ലോ.

മുത്തശ്ശി ചിരിച്ചു കൊണ്ട്, കുഞ്ഞിനെ അവൾക്ക് കാണാൻ പാകത്തിൽ മാറിയിരുന്നു.

“ജീവിതം വെറുത്തുപോയവർക്ക് ആയുസ്സ് കൂടുതലാ അമ്മേ. കല്ലിൽ വെച്ചു ചതച്ചാലും ചാവില്ല.

തുളസി ചിരിയോടെ കയ്യിലിരുന്ന, കുഞ്ഞുടുപ്പുകൾ പൊതിഞ്ഞ കവർ വേണിയുടെ കയ്യിൽ കൊടുത്ത് കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു നെഞ്ചോട് ചേർത്തു. ചിരിക്കിടയിലും അവരുടെ കണ്ണിൽ നിന്നിറ്റിവീണ തുള്ളികൾ കുഞ്ഞിന്റെ കവിളിൽ വീണു ചിതറി.

എത്ര സന്തോഷത്തോടെ കഴിഞ്ഞു പോകേണ്ട ദിനങ്ങളാ. എനിക്ക് വിധിയില്ല മോളെ നിന്നെ കളിപ്പിച്ചു ഉമ്മറത്തു കാലും നീട്ടിയിരുന്നു കഥ പറഞ്ഞു തരാനും താരാട്ട് പാടിയുറക്കാനും.

സ്വന്തം വീട്ടിൽ അന്യയായി.നൊന്തു പെറ്റ മകനും ഞാൻ അന്യയായി.

“നീയിതെന്ത് വർത്താനാ പറയണേ ന്റെ തുളസി. നിനക്കീ ഊരുതെണ്ടൽ നിർത്തി കുടുമ്മത്തിരുന്നൂടെ. ദിവസവും പോയി വരാവുന്ന എന്തോരം ജോലികളുണ്ട് നാട്ടിൽ. നീയിങ്ങനെ അലഞ്ഞു നടക്കേണ്ട കാര്യമുണ്ടോ. അവൻ വല്ലതും പറഞ്ഞാ കേട്ടില്ലന്ന് വെച്ചേക്കണം. നീയുണ്ടെങ്കിൽ വേണിക്കും ഒരു സമാധാനമുണ്ട്. ഞാനിനി എത്രകാലം ഉണ്ടെന്ന് ആർക്കറിയാം.

“ഉം… വരാം.കുറച്ചു കൂടി കഴിയട്ടെ. എന്തായാലും ഇറങ്ങി പുറപ്പെട്ടു. നാളേക്ക് ഒരു സമ്പാദ്യം എനിക്കും വേണമല്ലോ. എന്റെ വരും കാലം ഇനിയെന്തെന്നു ആർക്കറിയാം.

എന്റെ മോൻ കാരണം ഒരു പെണ്ണിന്റെ ജീവിതവും നശിച്ചു. അതിന്റെയൊക്കെ ശാപം എന്റെ തലയിലും വന്നു വീഴില്ലേ.

ചിരിച്ചുകൊണ്ടാണ് പറയുന്നതെങ്കിലും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

വേണിക്ക് വല്ലാത്ത വേദന തോന്നി. എന്തൊക്കെ അനുഭവങ്ങളാണ് ഓരോ പെണ്ണുടലുകളെയും ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. അതിൽ നിന്ന് മോചിതയാവാൻ എന്നെങ്കിലും അവൾക്ക് കഴിയുമോ. കണ്ണുനീരടക്കി, ഉള്ളു തുറന്ന് പൊട്ടിപ്പൊട്ടിച്ചിരിക്കാൻ ഒരവസരം അവൾക്ക് കിട്ടുമോ ഈ ജീവിതവഴിയിൽ. എങ്ങോട്ട് തിരിഞ്ഞാലും അടിച്ചമർത്തപ്പെടുന്ന ഒരുവളുടെ കരച്ചിൽ ഓരോനിമിഷവും കാതിൽ വന്നലക്കുന്നുണ്ട്.സ്വന്തം ആകാശം തേടി പറക്കാൻ അവൾ പ്രാപ്തയകാത്തിടത്തോളം ചവിട്ടിയരക്കപ്പെട്ടുകൊണ്ടേയിരിക്കും . അതാകും കാലത്തിന്റെ നിയതി..

ഇനിയും വിധിക്കുകാത്തുനിൽക്കാതെ ചിറകുകൾ വിടർത്തി പറന്നുയർന്നേ പറ്റൂ .വലിച്ചു താഴെയിടാൻ ശ്രമിക്കുന്ന ഓരോ കൈ- കളും വെ ട്ടിയരിഞ്ഞു മഴവില്ലഴകു വിരിയുന്ന സ്വച്ചന്ദനീലിമയിലേക്ക്.

തുടരും.