തനിയെ ~ ഭാഗം 16, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാത്രി ഏറെ വൈകിയിട്ടും പ്രസാദ് വീട്ടിൽ വന്നില്ല. താളം തെറ്റിയ മനസ്സിനെ തിരിച്ചെടുത്ത് വേണി വീണ്ടും ശ്രുതിമോൾടെ അമ്മയായി. അവളെ കുളിപ്പിച്ച് ആഹാരം കൊടുത്ത് ഉറക്കി.

മോളെയും ചേർത്തു പിടിച്ചു കിടക്കുമ്പോൾ കഴിഞ്ഞു പോയ ഓരോ ദിനങ്ങളുടെയും വേദനയിറ്റുന്ന ഓർമ്മകളിലേക്ക് അവളുടെ മനസ് തിരിച്ചു നടന്നു.

ഇത്രയുമൊക്കെ സഹിച്ചോ നീ..? എവിടുന്ന് കിട്ടി നിനക്കിത്രയും ധൈര്യം..?

വിരലൊന്നു മുറിഞ്ഞാൽ വാവിട്ട് കരയുന്ന, അപരിചിതമായ ഇടങ്ങളിൽ ഒറ്റക്കായാൽ പേടിച്ചു വിറക്കുന്ന,ആരെങ്കിലുമോന്നു സൂക്ഷിച്ചു നോക്കിയാൽ തല താഴ്ത്തി ഒളിക്കാനൊരിടം പരതുന്ന, ഒരെറുമ്പിനെപ്പോലും അറിഞ്ഞോണ്ട് ദ്രോഹിക്കാൻ ശ്രമിക്കാത്ത പാവം വേണിമോളിൽ നിന്നും, പേടിയെന്ന വികാരം മറന്നു പോയ, തനിച്ചായാൽ അത്രയേറെ സന്തോഷിക്കുന്ന, വേണ്ടി വന്നാൽ,അസഹനീയമായ നോട്ടങ്ങൾ സമ്മാനിക്കുന്ന കണ്ണുകളെ ചൂഴ്ന്നെടുക്കാൻ പോലും മടിക്കാത്ത വേണിയിലേക്കുള്ള കൂടുമാറ്റം ഇത്രയെളുപ്പമായിരുന്നോ.

അനുഭവങ്ങൾ പഠിപ്പിച്ചു തന്ന പാഠങ്ങൾ ഒരു സർട്ടിഫിക്കറ്റിലും ഒതുങ്ങില്ലന്ന തിരിച്ചറിവ് കൂടിയാണ് ജീവിതം.സാഹചര്യങ്ങൾ ഉലയിലൂതി മിനുക്കിയെടുക്കുന്ന പെൺജീവിതങ്ങൾക്ക് കരുത്ത് കൂടുതലായിരിക്കും.

അവളോർത്തു.

മോൾക്ക് ഒരു വയസ്സാകാറാകുന്നു.

ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള യോഗമില്ലാതെ ഭാഗ്യദോഷിയായിപ്പോയൊരു ജന്മം.

വേണി നിന്ദയോടെ ചിരിച്ചു പോയി.

രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് പ്രസാദ് പിന്നെ വീട്ടിലെത്തിയത്.

“എനിക്കൊരു കാര്യമറിയണം ?

കുളി കഴിഞ്ഞു ടീവിയും കണ്ടു കൊണ്ടിരുന്ന പ്രസാദിനരികിലെത്തി അവൾ കൈകെട്ടി നിന്നു.

‘എന്താ?

അവൻ ഈർഷ്യയോടെ അവളേ അടിമുടി നോക്കി.

ആ നിൽപ്പ് അവന് ദഹിക്കുന്നില്ലന്ന് ആ നോട്ടത്തിൽ നിന്ന് വേണി തിരിച്ചറിഞ്ഞു.

“നിങ്ങൾക്ക് എന്നെ വിൽക്കാൻ വല്ല പ്ലാനുമുണ്ടോ?

“ഓ… ഈ പേക്കോലം പിടിച്ച നിന്നെ വിറ്റിട്ട് എന്തോന്ന് മൈര് കിട്ടാൻ.?

അവൻ പുച്ഛം വാരി വിതറി.

“ഞാൻ ഇങ്ങനെയാവാൻ കാരണക്കാരൻ നിങ്ങളാണെന്ന് മറക്കരുത്.”

“നീ കാര്യമെന്താന്ന് വെച്ചാ പറഞ്ഞു തുലക്കെടി. വെറുതെ മനുഷ്യനെ മീനക്കെടുത്തതെ.

“നിങ്ങൾ കടമെടുക്കുന്ന പണത്തിനു ഞാനാണോ ഉത്തരവാദി? എന്റെ ശരീരം കൊണ്ട് അത് വീട്ടേണ്ട കടമ എനിക്കാണോ.?

പ്രസാദ്, നീഎന്താ പറഞ്ഞു വരുന്നേ എനിക്കൊന്നും അറിയില്ല എന്നൊരു നിഷ്കളങ്ക ഭാവം മുഖത്തെടുത്തണിഞ്ഞു.

“നിങ്ങൾക്ക് മനസ്സിലായില്ല അല്ലെ? കഴിഞ്ഞ ദിവസം ഒരുത്തൻ ഇവിടെ കയറി വന്നു. പ്രസാദ് ഭാര്യയുടെ കയ്യിൽ കൊടുത്തേൽപ്പിച്ച പലിശപ്പണം വാങ്ങാൻ. അയാൾക്ക് വീട് മാറിയതാകും. ഏത് ഭാര്യയുടെയടുത്തു ചെല്ലണം എന്ന് വ്യക്തമായി പറഞ്ഞു കൊടുക്കാത്തതിന്റെ മിസ്റ്റേക്ക് .അത് അനുഭവിക്കേണ്ടിവന്നത് ഞാനും.

“ഞാൻ ആരെയും എങ്ങോട്ടും പറഞ്ഞു വിട്ടിട്ടില്ല.

പ്രസാദ് നിസ്സംഗനായി പറഞ്ഞു

“ഓഹോ.. എന്നാപ്പിന്നെ എന്നെ കണ്ടു മോഹം തോന്നി ചുമ്മാ നുണയും പറഞ്ഞു വന്നതാവും.”

“ആയിരിക്കും.. ജോലിക്കെന്നും പറഞ്ഞു കുറെ കെട്ടിയൊരുങ്ങി നടന്നവളല്ലേ.വഴിയിൽ വെച്ച് കണ്ടവർക്കൊക്കെ കാമം കേറിയിട്ടുണ്ടാകും.

“അതേടാ നായിന്റെ മോനേ, വേണിയെ കണ്ട് കാമം കേറിയിട്ട് തന്നെയാ അയാൾ വന്നത്. ഇനി വരുന്നവരെ പിണക്കി വിടാനും തീരുമാനിച്ചിട്ടില്ല. നിന്നെപ്പോലെ കഴിവുകെട്ട ഒരുത്തനെ സഹിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല. ഞാനും ചോരയും നീരുമുള്ള ഒരു പെണ്ണാ.നിനക്ക് കണ്ട തേവിടിച്ചികളുടെ കൂടെ പോകാമെങ്കിൽ എനിക്കും പോകാം.

“അങ്ങനെയൊരു പ്ലാൻ ഉണ്ടെങ്കിൽ ആ പോളച്ചനെ തന്നെ പിടിച്ചോ നീ. ഇഷ്ടപ്പെട്ടാൽ കാശ് വാരിയെറിയുന്ന കൂട്ടത്തിലാ അങ്ങേര്. നമ്മുടെ ഷാജിയുടെ കെട്ട്യോൾ അങ്ങനെ കുറെ സമ്പാദിച്ചു. അവള് കാരണം അവന്റെ പെങ്ങളുടെ കല്യാണത്തിന് അഞ്ചു പവനാ അവന് വെറുതെ കിട്ടിയത്.

വേണിക്ക് പെരുവിരൽ മുതൽ വിറഞ്ഞു കയറി. അവനെ ചവിട്ടിക്കൂട്ടാനുള്ള ദേഷ്യം തോന്നിയെങ്കിലും അവൾ സമചിത്തത കൈവിടാതെ നിന്നു.

പിന്നെ പുച്ഛത്തോടെ പറഞ്ഞു

“അപ്പൊ നിങ്ങൾക്ക് പോളച്ചനെ ശരിക്കും അറിയാം ല്ലേ..? ഷാജിയുടെ ഭാര്യ ഉണ്ടാക്കിയ അഞ്ചു പവൻ വേണി ശ്രമിച്ചാൽ പത്തു പവനുമാക്കാം. നീയെന്ന നായ അതും കയ്യിട്ടു വാരാൻ വരും എന്നെനിക്ക് നല്ല പോലെയറിയാം. അന്ന് നിങ്ങളുടെ അന്ത്യമായിരിക്കും ഓർത്തോ വേണി പഴയ വേണിയല്ല. അത്രമാത്രം അറിഞ്ഞൽ മതി ഇപ്പൊ.

ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഭാവം അവളുടെ മുഖത്തു മിന്നിമറയുന്നകണ്ട് പ്രസാദ് നിശബ്ദനായി.

********************

മോൾടെ പിറന്നാൾ ദിനം. വേണി രാവിലെ കുളിച്ച് കുഞ്ഞിനേയും കൊണ്ട് അമ്പലത്തിൽ പോയി. തിരിച്ചു വരുന്ന വഴി കുറച്ചു പച്ചക്കറികളും പായസം വെക്കാനുള്ള സാധനങ്ങളും വാങ്ങി.

“കയ്യടിയും ആശംസകളും വാരിവിതറി പ്രിയപ്പെട്ടവരെല്ലാം ചുറ്റിലും നിൽക്കുമ്പോൾ കത്തിച്ചു വെച്ച മെഴുകുതിരി ഊതിക്കെടുത്തി വർണ്ണമനോഹരമായൊരു കേക്ക് മുറിക്കാനൊന്നും അമ്മേടെ മോൾക്ക് ഭാഗ്യമില്ല. അമ്മേയെക്കൊണ്ട് ആവും പോലെ ഇത്തിരി പായസം വെച്ച് തരാട്ടോ. ഇവിടെയിരുന്നു കളിച്ചോ.”

കുഞ്ഞിനെ ഡ്രസ്സ്‌ മാറ്റി അടുക്കളയിൽ കൊണ്ടിരുത്തി വേണി.

രണ്ടു കറികൾ ഉണ്ടാക്കാനുള്ള പച്ചക്കറിയുണ്ട്. അവളത് തരം തിരിച്ച് അരിഞ്ഞെടുക്കാൻ തുടങ്ങി.

“ആഹാ അമ്മയും മോളും പിറന്നാൾ സദ്യ ഉണ്ടാക്കുന്ന തിരക്കിലാണെന്ന് തോന്നുന്നല്ലോ.”

ഷീജ ചേച്ചി പെട്ടന്ന് അടുക്കളയിലേക്ക് കയറി വന്നപ്പോൾ വേണി പകച്ചു പോയി.

“ആര് പറഞ്ഞു ഇന്ന് മോൾടെ പിറന്നാൾ ആണെന്ന്.?

വേണി അത്ഭുതത്തോടെ കണ്ണ് മിഴിച്ചു.

“എന്തായാലും നീ പറഞ്ഞില്ല. എന്നാലും ഞാൻ അറിഞ്ഞു. മോശമായിപ്പോയിട്ടോ ഒരു വാക്ക് ആരോടും പറയാഞ്ഞത്.”

“അതു പിന്നെ… നിങ്ങളോടൊക്കെ പറഞ്ഞു ക്ഷണിച്ചിട്ട് ഞാൻ എന്താ തരിക. ഇത്രയും തന്നെ ഒപ്പിച്ചത് കഴിഞ്ഞമാസം മുന്നേ ഓരോ ചിലവുകൾ ചുരുക്കി പിടിച്ചിട്ടാ.

അവൾ മുറത്തിലെ ഇത്തിരി പച്ചക്കറിയും, പായസം വെക്കാനുള്ള സാധനങ്ങളും ചൂണ്ടിപ്പറഞ്ഞു.

“വീട്ടിൽ നിന്ന് ആരും വന്നില്ലേ??

“ഞാൻ ആരോടും പറഞ്ഞില്ല. പിന്നെ മോളെ ഓർക്കുന്നുണ്ടെങ്കിൽ ഇന്നത്തെ ദിവസവും പറയാതെ തന്നെ അവർ ഓർക്കും. പറഞ്ഞിട്ട് വേണോ ?

“ഉം… ഷീജ വേദനയോടെ ഒന്ന് മൂളി.

“ഇങ്ങു വന്നേടി കള്ളിപ്പെണ്ണേ.. ആന്റിയൊരു ചുന്ദരിയുടുപ്പ് കൊണ്ടു വന്നിട്ടുണ്ട്. ഒന്നിട്ട് നോക്കിക്കേ പകമാണോന്നു.”

ഷീജ കുഞ്ഞിനെ വാരിയെടുത്തു സ്ലാബിന് മുകളിൽ നിർത്തി. പിന്നെ കയ്യിലിരുന്ന കവറിൽ നിന്ന് നിറയെ ഞൊറിവുകളുള്ള ഒരു കുഞ്ഞുടുപ്പെടുത്തു നിവർത്തി അവളെ അണിയിച്ചു.

“അയ്യോടാ ചക്കരേ.. ഇപ്പൊ എന്റെ കള്ളിപ്പെണ്ണിനെ കാണാൻ എന്തൊരു ചന്തമാ.ഇനി നമുക്ക് കേക്ക് മുറിച്ചാലോ?

ഷീജ കവറിൽ നിന്നും ചെറിയൊരു പ്ലം കേക്കെടുത്തു സ്ലാബിൽ വെച്ചു. പിന്നെ ഒരു മെഴുകുതിരി കത്തിച്ച് അതിൽ കുത്തി നിർത്തി.

കുഞ്ഞിക്കയ്യിൽ ചേർത്തു പിടിച്ച കത്തികൊണ്ട് കേക്ക് കട്ട്‌ ചെയ്യുമ്പോൾ വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. യാതൊരു തടസ്സവുമില്ലാതെ അനസ്യൂതം…

ഷീജ രണ്ടുപേരെയും തന്നിലേക്ക് അണച്ചു പിടിച്ചു.

തൂശനിലയിൽ ചോറ് വിളമ്പി മോൾക്ക് മുന്നിലേക്ക് വെച്ചു കൊടുത്ത് വേണി അവൾക്കരികിലിരുന്നു.

അവൾ ചോറ് കൈകൊണ്ട് തട്ടി നാലു വശത്തേക്കും ചിതറിപ്പിച്ചു. പിന്നെ താഴെ വീണ ഓരോ വറ്റുകളും പെറുക്കിയെടുത്തു വായിലേക്ക് കൊണ്ടു പോയി.

വേണി കൗതുകത്തോടെ അതും നോക്കിയിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ്, തുന്നാനുള്ള തുണികളെടുക്കാൻ ചെന്നപ്പോൾ തൈച്ചുകൊണ്ടിരുന്ന ഗായത്രിച്ചേച്ചിയുടെ വിശേഷം ചോദിക്കലിൽ അറിയാതെ നാവിൽ നിന്നു വീണു പോയതാണ് മോൾടെ പിറന്നാൾ. പ്രസാദിനെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അവർ അപ്പൊത്തന്നെ കളിയായി പറയുകയും ചെയ്തു, ആഹാ അച്ഛന്റെ വക ഗംഭീര സദ്യ ഉണ്ടാകുമല്ലോയെന്ന്.

വേണി അതിന് മറുപടി പറയാതെ തുണികളുമെടുത്തു തിരിച്ചു പോന്നു.

തന്റെ അസാന്നിധ്യത്തിൽ മോളുടെ പിറന്നാൾ ചർച്ചാവിഷയമായത് വേണിയറിഞ്ഞില്ല. ഷീജ ചേച്ചി അവളെ അറിയിച്ചുമില്ല.

പ്രതീക്ഷിക്കാതെ കിട്ടിയ സന്തോഷത്തിൽ മനസ്സ് നിറഞ്ഞെങ്കിലും അതിനും മുകളിൽ നെഞ്ചു പൊട്ടുന്ന വേദനയായിരുന്നു വേണിക്ക്. എല്ലാരുമുണ്ടായിട്ടും ആരുമില്ലാതെ പോയ രണ്ടു അനാഥ ജന്മങ്ങൾ.

“വേണി… വേണി…

പുറത്താരോ വിളിക്കുന്ന കേട്ട് വേണി കണ്ണുകൾ തുടച്ച് ഉമ്മറത്തേക്ക് ചെന്നു.

അമ്മയും ശാരിയും ഒതുക്കുകല്ലുകൾ ചവിട്ടി ഇറയത്തേക്ക് കയറുന്നു.

രാവിലെ വരണംന്ന് വിചാരിച്ചതാ. കുടുമ്മത്തെ പണി തീർന്നിട്ട് വല്ലേനും നേരമുണ്ടോ.

അമ്മയുടെ പതിവ് പായാരം പറച്ചിൽ കേട്ട് വേണി അസാഹ്യതയോടെ പുറത്തേക്കു നോട്ടമയച്ചു

പ്രസാദില്ലേ ഇവിടെ..?

കയ്യിലിരുന്ന കവറുകൾ അവൾക്ക് നേരെ നീട്ടി അമ്മ ചോദിച്ചു.

അവളത് വാങ്ങാതെ, പ്രസാദിനെ കാണാനാ വന്നതെങ്കിൽ നേരെ ബസ് സ്റ്റാൻഡിലേക്ക് ചെല്ല് എന്ന് ശബ്ദമുയർത്തി.

“കണ്ടോ… നല്ലൊരു ദിവസമായിട്ടു ഒന്ന് കയറി വന്നതാ. അപ്പൊ അവള് അവളുടെ കരിഞ്ഞമോന്തയും,തെറിച്ചനാക്കും പുറത്തെടുത്തു.ഇങ്ങനെയായാൽ ആരെങ്കിലും ഒന്ന് കയറിവരോ ഇങ്ങോട്ട്. ഇത്രയുമൊക്കെ ആയിട്ടും അഹങ്കാരത്തിന് കുറവുണ്ടോന്ന് നോക്യേ.?

വേണി അതു കേൾക്കാത്ത ഭാവത്തിൽ കുഞ്ഞിനരികിലേക്ക് നടന്നു.

%അമ്മയൊന്നു മിണ്ടാതിരി.രണ്ടും കണക്കാ. വെറുതെ മനുഷ്യനെ മിനക്കെടുത്താൻ.ഇന്ന് നീതുവിന്റെ ബർത്ത്ഡേയാ. അതിന് വിടാതെ ഇങ്ങോട്ടു കെട്ടിയെടുപ്പിച്ചു. ഇപ്പോ തൃപ്തിയായില്ലേ.

ശാരി അമ്മയെ ശാസിക്കുന്നതും, അവളുടെ നല്ലൊരു ദിവസം പോയിക്കിട്ടിയതിന്റെ ദേഷ്യം തീർക്കുന്നതും വേണി കേട്ടു.

എന്നിട്ടും യാതൊന്നും കേൾക്കാത്തവളെപ്പോലെ, കണ്ണുകൾക്കു മുന്നിലെ എല്ലാ കാഴ്ച്ചകളും അന്യമായിപ്പോയവളെപ്പോലെ അവൾ കുഞ്ഞിനരുകിലിരുന്നു.

ശില പോലെ

തുടരും