ശ്രീഹരി ~ അധ്യായം 14, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“മോളിന്നലെ നൃത്തം ചെയ്തോ വൈകുന്നേരം?” തീരെ നിനച്ചിരിക്കാത്ത ഒരു സമയത്ത് അച്ഛൻ ചോദിച്ചപ്പോൾ അഞ്ജലിയൊന്ന് പതറി

“ചിലങ്കയുടെ ശബ്ദം കേട്ടത് പോലെ തോന്നി “

“അത് ഞാൻ വെറുതെ..” അവൾ മുഖം കൊടുക്കാതെ പറഞ്ഞു

“ഹരിയുടെ പാട്ടും കേട്ടു “

അച്ഛൻ അവളെയൊന്ന് നോക്കി

“അത് ഞാൻ നിർബന്ധിച്ചിട്ടാ ” ഹരി വാതിൽക്കൽ വന്നു

“എന്റെ ബാലു സാറെ ഈ നൃത്തം എന്നൊക്കെ പറയുന്നത് എത്ര വലിയ കഴിവാണ്? ദേ ഈ വീടിന്റെ എല്ലാ മുറിയിലും ഉണ്ട് അഞ്ജലിയുടെ നൃത്തത്തിന്റെ ഫോട്ടോസ്.എത്ര ഗ്രേസ് ആണ്. വെറുതെ ചിലങ്ക പൊടി പിടിച്ചിരിക്കുന്ന കണ്ട് ഞാനാ നിർബന്ധം പറഞ്ഞത് “

“അപ്പൊ ഹരി പറഞ്ഞാ അനുസരിക്കും ” അയാൾ കള്ളച്ചിരിയോടെ പറഞ്ഞു

അവളുടെ മുഖം ഒന്ന് വിളറി.ഹരിയുടെതും….അച്ഛൻ വല്ലോം കണ്ടോ എന്നായി അവളുടെ ചിന്ത

“ഹരി ഇങ്ങ് വന്നേ മോനെ..”

ഹരി അടുത്ത് ചെന്നു. അയാൾ ഹരിയുടെ കയ്യിൽ പിടിച്ചു പതിയെ എഴുന്നേറ്റു നിന്നു

അഞ്ജലി വൗ എന്ന് വിളിച്ചു പോയി. ഹരിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു

“അടിപൊളി ആയല്ലോ. ഇനി ഒന്ന് നടന്നു നോക്ക് “

അയാൾ ഒരു ചുവട് വെച്ചു

രണ്ട്

മൂന്ന്

“ഹൂ മതി വയ്യ “

ബാലചന്ദ്രൻ ഹരിയുടെ കയ്യിൽ മുറുകെ പിടിച്ചു. ഹരി അദ്ദേഹത്തെ മെല്ലെ കസേരയിൽ ഇരുത്തി

“ഇങ്ങനെ ദിവസവും പ്രാക്ടീസ് ചെയ്താ മതി വേഗം ഓഫീസിൽ പോകാം… ഇപ്പൊ സാർ നടന്നു. ഞാൻ എന്റെ വാക്ക് പാലിച്ചു. എനിക്ക് ഇനി പോകാമല്ലോ “

ഒറ്റ നിമിഷം കൊണ്ട് ബാലചന്ദ്രന്റെ മുഖം വാടി. അഞ്ജലിയുടെ മുഖവും

“എന്താ മിണ്ടാത്തെ രണ്ടാളും? ദേ നടക്കുന്ന അന്ന് ഞാൻ പോകുമെന്ന് നേരെത്തെ പറഞ്ഞതാട്ടോ. എന്റെ വീടിന്റെ അവസ്ഥ എന്താന്ന് ചെന്നു നോക്കുമ്പോൾ അറിയാം “

അവൻ ചിരിച്ചു

ബാലചന്ദ്രന് അവൻ പറയുന്നത് ഒക്കെ ശരിയാണെന്നു അറിയാം
അവനല്ലാതെ മറ്റൊരാൾ ഇങ്ങനെ നിൽക്കുകയില്ല എന്നും അറിയാം

പക്ഷെ അവൻ പോകുക എന്ന് പറയുമ്പോൾ ആത്മാവിന്റെ ഒരു ഭാഗം അടർന്നു പോകുന്നത് പോലെയാണ്

എന്നാലും അവന് പോകണം. അത് അനിവാര്യമാണ്

“രണ്ടു ദിവസം കഴിഞ്ഞു പോരെ? ഇന്ന് വെള്ളിയാഴ്ച…വെള്ളിയാഴ്ച ആയിട്ട് വീട്ടിൽ നിന്ന് പോകരുത് എന്നാണ് പഴയ ആൾക്കാർ പറയുന്നത് ” അദ്ദേഹം പറഞ്ഞു

ഹരി ഒന്ന് ചിരിച്ചു “ശരി. അങ്ങനെ എങ്കിൽ അങ്ങനെ ” അവൻ സമ്മതിച്ചു

അഞ്ജലി ഓഫീസിൽ പോകാൻ ഉള്ള വസ്ത്രങ്ങൾ എടുത്തു വെച്ചു

ഒരു ഉത്സാഹം ഇല്ല..അവൾ കട്ടിലിൽ ഇരുന്നു…പോണില്ല…വയ്യ

ശ്രീ പോയ്കഴിഞ്ഞാൽ വീണ്ടും ഒറ്റയ്ക്ക്

“കൂയ്…”ഹരി

“പോകാൻ എന്താ ഉത്സാഹം?” അവൾ ശുണ്ഠിയോട് പറഞ്ഞു

“പിന്നെ എനിക്ക് എന്റെ വീട്ടിൽ പോകണ്ടേ? വന്നിട്ട് ഇന്ന് ഇരുപത് ദിവസമായ്.”

“ശ്രീക്ക് ഇവിടെ മടുത്തോ?”

“മടുത്തോ എന്ന് ചോദിച്ചാൽ… നുണ പറയാൻ വയ്യ. മടുത്തു.. എനിക്ക് ഇങ്ങനെ വെറുതെ ഇരുന്നു ശീലമില്ല. എപ്പോഴും ജോലി ചെയ്യണം. വീട്ടിൽ ഞാൻ വെറുതെ ഇരിക്കുന്ന ഒരു സമയം ഇല്ല. അത്രേം ജോലിയുണ്ട്.. പിന്നെ ഇടക്ക് ടൗണിൽ പോകും. കൃഷി ഓഫീസിൽ പോകണം.. പിന്നെ നാട്ടുകാരുടെ കാര്യങ്ങൾ ഉണ്ടാകും.. ഇവിടെ ഇപ്പൊ ഒന്നുമില്ലല്ലോ. വെറുതെ ഇരിക്കുകയാ.. അത് മടുപ്പാ “

“നാട്ടിൽ നല്ല രസാ അല്ലെ?” അവൾ ഉത്സാഹത്തോടെ ചോദിച്ചു

“പിന്നേ… ഇവിടെ പോലെ അല്ലല്ലോ. ഞങ്ങളുടെ കുഗ്രാമാണ്. ബസ് കിട്ടണമെങ്കിൽ ഒരു മൂന്ന് കിലോമീറ്റർ പോകണം. എന്റെ വീട്ടിൽ നിന്ന്. എനിക്ക് ബൈക്ക് ഉള്ളത് കൊണ്ട് ഞാൻ രക്ഷപെട്ടു. അല്ലെങ്കിൽ നടക്കണം.”

“പിന്നെ? പിന്നെ പറ പിന്നെ എന്തൊക്കെയാ?”

“നിനക്ക് ഓഫീസിൽ പോകണ്ടേ?”

” ഊഹും പോണില്ല. വയ്യ “

“അയ്യടാ.പോയെ “

“തിങ്കൾ മുതൽ എന്നും പൊയ്ക്കോളാം. പറ ശ്രീ..അവിടുത്തെ വിശേഷങ്ങൾ പറ “

അവൾ അവന്റെ അരികിൽ വന്നിരുന്നു

“നമുക്ക് മുറ്റത്തു പോയാലോ… ഞാൻ നട്ട വാഴയ്ക്കും പച്ചക്കറികൾക്കുമൊക്കെ വെള്ളം ഒഴിക്കാൻ ഉണ്ട്. വാ “

അവൾ മുടി വാരി കെട്ടി എഴുന്നേറ്റു

“നല്ലൊരു മുടി.അതിനെ ഇങ്ങനെ വൃത്തികേടായിട്ട് ഇടല്ലേ കൊച്ചേ. ആ ചീപ് ഇങ് താ”

അവൾ ചിരിയോടെ ചീപ്പ് കൊടുത്തു

“അങ്ങോട്ട്‌ നീങ്ങി നിൽക്ക്

അവളെ പിടിച്ചു ജനലിനരികിൽ നിർത്തി അവൻ മുടി ചീകി കൊടുത്തു

“നല്ല മുടിയാ നിന്റെ.. നല്ല നീളൻ മുടി..” അവൻ പെട്ടെന്ന് ആ മുടിയിൽ മുഖം അമർത്തി

അവൾക്ക് ഒന്ന് കുളിർന്നു

“നല്ല മണം ” അവൻ അത് മുഖത്തേക്കിട്ട് ഗന്ധം ഉള്ളിലേക്ക് എടുത്തു

“പൊയ്ക്കഴിഞ്ഞ ഓർക്കാൻ എനിക്ക് എന്തെല്ലാം ഉണ്ടെന്ന് അറിയുമോ?”

അവൻ അവളുടെ കാതിൽ മന്ത്രിച്ചു

അഞ്ജലി ഒന്ന് തിരിഞ്ഞു നോക്കി. ഹരിയുടെ മുഖം പ്രണയം കൊണ്ട് നിറഞ്ഞിരുന്നു

“ഈ ജന്മം മുഴുവൻ ഓർക്കാൻ ഉള്ളതുണ്ട്.. നിന്റെ ചിരി, നോട്ടം, ശ്രീ എന്നുള്ള വിളിയൊച്ച, നിന്റെ മണം…”

അവനവളുടെ കഴുത്തിൽ മൃദുവായി ചുംബിച്ചു

അഞ്ജലി ആ നെഞ്ചിലേക്ക് ചാരി അവന്റെ കൈകളെ ഉദരത്തിലൂടെ ചുറ്റി

“പിന്നെ..?”

“പിന്നെയോ.. പിന്നെ… പിന്നെ.”

ഹരി അവളുടെ പിൻ കഴുത്തിൽ നോവാതെ ഒന്ന് കടിച്ചു

“ആവൂ ദേ ഞാൻ ശരിക്കും കടിക്കും കേട്ടോ. എന്റെ മോന് നോവും “

“ഓ പിന്നെ..”

അവനത് നിസാരമാക്കി

അഞ്ജലി അവന്റെ ഷർട്ടിന്റെ മുകളിലത്തെ രണ്ടു ബട്ടൺ അഴിച്ചു. ഇവൾ എന്താ ചെയ്യാൻ പോകുന്നത് എന്നോർത്ത് ഹരി ഒന്നമ്പരന്നു

അഞ്ജലി അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു…അവന് നോവുന്ന പോലെ തന്നെ

“ഈശ്വര… ദേ മുറിഞ്ഞു ചോര വരുന്നു “

അവൻ നോക്കി. ചെറിയ ഒരു മുറിപ്പാട്

“അത് ഇരിക്കട്ടെ.. അതും കൂടി ചേർത്ത് എന്നെ ഓർക്ക് “

അവൾ കുസൃതിയിൽ പറഞ്ഞു

“എടി രാ-ക്ഷസി, പി-ശാചേ.. ക-ള്ളിയങ്കാട്ട് നീലി.. ര-ക്തം കുടിക്കുന്ന യ-ക്ഷി ആണോടി നീ?”

“അതേ ഇതൊക്കെ ഞാനാ “

അവൾ കൈ എളിയിൽ വെച്ചു

“ശ്രീഹരിയുടെ പെണ്ണ് എങ്ങനെ വേണം? നല്ല ധൈര്യം ഉള്ളവളാവണം. തൊട്ടാവാടി ആവരുത്.. അങ്ങനെ ഏതാണ്ടൊക്കെ പറഞ്ഞില്ലേ. ഇല്ലേ?”

ഹരി കൗതുകത്തോടെ അവളെ നോക്കിക്കൊണ്ട് നിന്നു

മുഖത്ത് വിരിയുന്ന ഭാവങ്ങൾ കാണാൻ തന്നെ എന്ത് രസം

“ഇത് ഇങ്ങനെ ഒരു പാട് കിടക്കട്ടെ. നല്ല വെളുത്ത നെഞ്ചിൽ കണ്ണ് കിട്ടാതിരിക്കാൻ എന്ന പോലെ ” അവൾ അതിൽ തൊട്ട് പറഞ്ഞു

“ഇത് പോലെ ഓർക്കാൻ ഒരെണ്ണം തരാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല..കേട്ടോ “

അവൻ അവളുടെ മാറിലേക്ക് നോക്കി

“അയ്യടാ… ആശ നോക്ക്. മുടി വേഗം കെട്ടി താ ചെക്കാ “

അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു. ഹരിക്ക് ചിരി വന്നു. അവൻ മുടി ചീകി വൃത്തിയായിട്ട് പിന്നി മെടഞ്ഞിട്ട് കൊടുത്തു

“നോക്കിക്കേ.”കണ്ണാടിയിലേക്ക് തിരിച്ചു നിർത്തി അവൻ പറഞ്ഞു

“ഇത് പോലെ വൃത്തി ആയിട്ട് നടക്കണം ” അവൾ ഡ്രോയിൽ നിന്ന് ഐ ലൈനർ എടുത്തു കൊടുത്തു

“എന്തായാലും ഒരുക്കി തുടങ്ങി. മുഴുവൻ ചെയ്തിട്ട് പോയ മതി “

അവൻ അവളുടെ കണ്ണുകളിൽ അത് ഭംഗിയായി വരച്ചു

വലിയ കണ്ണുകൾ ആണ് അവളുടെ എഴുതി കഴിഞ്ഞപ്പോൾ കുറച്ചു കൂടെ വലുതായി

“ഹോ ഇങ്ങനെ നോക്കരുത് ട്ടോ ” അവൾ സൂക്ഷിച്ചു നോക്കിയപ്പോൾ അവൻ പറഞ്ഞു

“നോക്കിയാൽ എന്താ?’

“ഇങ്ങനെ ഒക്കെ നോക്കിയാൽ പ്രശ്നം ആകും “

അവൻ അവളുടെ നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട് ഒട്ടിച്ചു വെച്ചു

“ഇനി ഈ ഡ്രസ്സ്‌ കൂടെ മാറിയാൽ ഒന്ന് പുറത്ത് പോയി വരാം. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട് “

“റിയലി? അപ്പൊ വാഴ, വെള്ളം…”

“അനന്തുവിനോട് പറയാം “

“ഒക്കെ എന്നാ പൊ ഞാൻ ഡ്രസ്സ്‌ മാറട്ടെ “

“അതെന്തിനാ? ഇത് മുഴുവൻ ഞാൻ അല്ലെ ചെയ്തു തന്നത്? അതും ഞാൻ മതി”

“അയ്യേ..ദേ… ശ്രീ…പോയെ “

ഹരി അവളുടെ വാർഡ്റോബ് തുറന്നു

“സാരീ വേണ്ട..ഉം.. ചുരിദാർ വേണ്ട…” ഒടുവിൽ അവൻ ഒരു നീളൻ പാവാടയും ടോപ്പും എടുത്തു

കടും ചുവപ്പ് പാവാടയും കടും നീലയിൽ ചുവപ്പ് പ്രിന്റ് ഉള്ള ടോപ്പും

“ഇത് മതി.. ഇത് ഇട് “

അഞ്ജലി അവനെയിങ്ങനെ നോക്കിക്കൊണ്ടിരുന്നു

“ഉം?”

“എന്നെ മറന്നു പോവോ ശ്രീ എന്നെങ്കിലും?” അവൾ ചോദിച്ചു

ശ്രീ ഒന്ന് പുഞ്ചിരിച്ചു

“മറന്നിട്ട് എങ്ങോട് പോവൊന്ന്?”

“അറിയില്ല.. എങ്ങോട്ടെങ്കിലും.. കുറച്ചു കൂടെ നല്ല ആരിലേക്കെങ്കിലും “

ശ്രീ ആ കവിളിൽ ഒന്ന് തൊട്ട് തഴുകി

“ശ്രീഹരി കാണുന്ന ആദ്യത്തെ പെണ്ണല്ല നീ. എന്തെങ്കിലും ഒക്കെ പറഞ്ഞു വെറുതെ പഞ്ചാര അടിക്കുന്ന തരവുമല്ല. നിന്നോട് പറഞ്ഞത് ഒന്നും ആരോടും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ തൊട്ട, ഞാൻ ഉമ്മ വെച്ച ആദ്യത്തെ പെണ്ണാ നീ.. എനിക്ക് ഈ ജീവിതത്തിൽ ഇനിയാരെയും സ്നേഹിക്കണ്ട. അറിയണ്ട. അനുഭവിക്കുകയും വേണ്ട. പക്ഷെ അഞ്ജലി..ഞാൻ ഒരിക്കലും ഇവിടെ താമസിക്കില്ല. എന്റെ ലോകം ഇതല്ല. നിനക്ക് എന്നെ വേണെങ്കിൽ എന്റെ ലോകത്തേക്ക് നിന്റെ ലോകം ചെറുതാക്കേണ്ടി വരും.. ശ്രീഹരി ഒരു സാധാരണ മനുഷ്യനാണ്. ഒരു കൃഷിക്കാരൻ. നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാ മതി. ഇപ്പൊ തോന്നും എന്തും സഹിക്കാൻ പറ്റും എന്നൊക്കെ. പ്രേമം എന്നത് അങ്ങനെയാണ്. ഭ്രാന്ത് പോലെ. ഭ്രാന്ത് തീരുമ്പോൾ നിരാശ തോന്നും. സ്വയം പഴിക്കും അപ്പൊ ജീവിതം രണ്ടു പേർക്കും നരകതുല്യമാകും. അത് കൊണ്ട് ആലോചിച്ചു പതിയെ മതി.”

അവൾക്ക് അതൊക്കെ മനസിലാകുന്നുണ്ടായിരുന്നു.

“ഞാൻ ഇപ്പൊ എന്ത് പറഞ്ഞാലും ആവേശത്തിൽ പറയുന്നത് ആണെന്ന് ശ്രീക്ക് തോന്നും.. അതോണ്ട് കാലം തെളിയിക്കട്ടെ. അഞ്ജലി ശ്രീഹരിയുടെ മാത്രം പെണ്ണാണെന്ന്. ശ്രീഹരിക്ക് യോജിച്ചവളാണെന്ന്… അന്ന് മതി എന്നെ കല്യാണം കഴിക്കുന്നത്… ഇപ്പൊ മുറിയിൽ നിന്ന് പൊ. ഞാൻ ഡ്രസ്സ്‌ മാറ്റട്ടെ “

ഹരി ഒരു കള്ളച്ചിരി ചിരിച്ചു

“ഞാൻ കണ്ണടച്ചാൽ പോരെ?” അവൾ അവനെ ഉന്തി തള്ളി പുറത്താക്കി

“മോൻ പോയി ആ ബ്ലാക്ക് ഷർട്ടും കറുപ്പ് കരയുള്ള മുണ്ടുമുടുത്ത് റെഡി ആക്. അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വേഷം.പോയി റെഡി ആയിക്കെ “

ഹരി ചെറിയ ഒരു ചിരിയോടെ തലയാട്ടി

(തുടരും )