തനിയെ ~ ഭാഗം 14, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മുറ്റത്തു പെയ്തു നിറയുന്ന മഴത്തുള്ളികൾ തണുത്ത കൈകൊണ്ട് വന്നു തൊടുമ്പോൾ ചെറിയൊരു വിറയലോടെ ശ്രുതിമോൾ വേണിയെ നോക്കി കുഞ്ഞിച്ചുണ്ടുകൾ വിടർത്തി.

വേണി അവളെ ചേർത്തു പിടിച്ച് ആ ചുണ്ടുകളിൽ മൃദുവായി ഉമ്മ വെച്ചു.

അതോടെ അവൾ കയ്യും കാലുമിളക്കി അവളുടേതായ ഭാഷയിൽ വേണിയോട് എന്തൊക്കയോ സംസാരിക്കാൻ തുടങ്ങി.

അതിന് കാതോർത്തിരിക്കെ വേണിയുടെ കണ്ണുകൾ നിറഞ്ഞു.അമ്മയോടുള്ള പരിഭവമായിരിക്കാം അവൾ പറഞ്ഞു തീർക്കുന്നത്.

കുഞ്ഞു തുടയിൽ ഇപ്പോഴുമുണ്ട് വിരലുകൾ പതിഞ്ഞു ചുവന്നു തിണർത്ത പാട്. അവൾക്കതു കാണുമ്പോഴേ നെഞ്ചു പൊടിയുകയാണ്. എത്രയോവട്ടം ആ കുഞ്ഞിക്കാലുകളിൽ തൊട്ട് ക്ഷമ യാചിച്ചു എന്ന് അവൾക്കുതന്നെ അറിയില്ല.

ഇത്രയും ഭാഗ്യംകെട്ടവളായി പോയല്ലോ നീ.

അവളുടെ ഒഴിഞ്ഞ കാതിലും കഴുത്തിലുമെല്ലാം തലോടി വേണി നെഞ്ചുരുകി കരഞ്ഞു കൊണ്ടിരുന്നു

മുത്തശ്ശി പോയതിൽ പിന്നെ ആകെ നില തെറ്റിയിരിക്കുന്നു. സ്വന്തമായി കയ്യിൽ ഒരുരൂപപോലുമില്ലാത്ത അവസ്ഥ. മുത്തശ്ശന്റെ പെൻഷനാണ് ആകെയുള്ള വരുമാനം. അത് കിട്ടിയാൽ തന്നെ പകുതിയും മരുന്നിന് ചിലവാകും.

പ്രസാദ് വല്ലപ്പോഴും എന്തെങ്കിലും വാങ്ങിക്കൊണ്ടുവന്നാലായി.എന്തെങ്കിലും ആവശ്യപ്പെട്ടാൽ, എന്നെ അനുസരിക്കാത്തവൾക്ക് ചിലവിനു കൊടുക്കേണ്ട ബാധ്യതയൊന്നുമില്ല എനിക്ക് എന്ന് ദേഷ്യപ്പെടും.

“വേണി, മോള് വലുതാകുന്നവരെ നിനക്കു ജോലിക്കു പോകാൻ പറ്റില്ല. തല്ക്കാലം പ്രസാദിനെ അനുസരിക്ക്.മനസ്സോടെയല്ലെങ്കിലും അവന് വഴങ്ങികൊടുക്കാൻ ശ്രമിക്ക്. അല്ലാതെ വേറെ വഴിയില്ല മോളെ “

കാർത്തിക മോളെക്കാണാൻ വന്നപ്പോൾ വേണിയെ ഉപദേശിച്ചു.

“വീട് നിന്റെ പേരിലാക്കാൻ മുത്തശ്ശിക്ക് കഴിഞ്ഞില്ല. നിന്റെ വീട്ടിലും നിനക്കൊരു സ്ഥാനമില്ല. അപ്പൊപ്പിന്നെ എന്ത് ചെയ്യും.മോളെയും കൊണ്ട് നീയെങ്ങോട്ട് പോകും.അമ്മ നോക്കുമോ നിന്റെ മോളെ. അങ്ങനെയാണേൽ നിനക്ക് അവിടെ തന്നെ ജോലിക്ക് കയറാം. ഡോക്ടർ സമ്മതിക്കും.

ഒന്നിനും മറുപടിയില്ലായിരുന്നു വേണിക്ക്.

അവൾ ശൂന്യതയിലേക്ക് നോക്കി തന്റെ നിസഹായതയോർത്തു നെടുവീർപ്പിട്ടു.

നിനക്കിനിയും പ്രസാദിനെ സ്നേഹിക്കാനാവുമോ എന്നവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു.

ഇല്ല എന്നായിരുന്നു ഓരോ വട്ടവും അവൾക്ക് കിട്ടിക്കൊണ്ടിരുന്ന മറുപടി.

എന്നിട്ടും അന്ന് രാത്രിയവൾ വാതിൽ കുറ്റിയിടാതെ കിടന്നു. മനസ്സ് നഷ്ടപ്പെട്ട, നിർജ്ജീവമായ തന്റെ ശരീരത്തെ അവൻ കീറി മുറിച്ചു തിന്നാൻ വരുന്നെങ്കിൽ വന്നോട്ടെ . എന്നാലെങ്കിലും വിശപ്പിനുള്ള ആഹാരം അവൻ കൊണ്ട് തരുമെങ്കിൽ എന്തും സഹിച്ചേ പറ്റൂ.മോൾക്ക് വേണ്ടി ജീവിക്കണമല്ലോ.

തെരുവിലേക്കിറങ്ങിയാൽ ആരുണ്ട് അഭയം തരാൻ.ആശ്രയമറ്റ, നിരാലംബയായ ഒരു പെണ്ണ് ഈ കൈക്കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടു പോകാൻ.

ഭ്രാന്ത്‌ പിടിപ്പിക്കുന്ന ചിന്തകൾ സങ്കടങ്ങളിലേക്ക് വഴിമാറി.

തന്റെ ഗതികേടോർത്തു ഒരു തുള്ളി കണ്ണുനീരില്ലാതെ അവൾ കരഞ്ഞു കൊണ്ടിരുന്നു. ദീന ദീനം.

എപ്പോഴോ ചാരിയിട്ട വാതിൽ തുറക്കപ്പെടുന്നതും, അല്പനേരത്തെ ഇടവേളക്കു ശേഷം വീണ്ടുമത് ചേർന്നടയുന്നതും, മുറിയിലെ നേർത്ത നീല വെളിച്ചം അണയുന്നതുമെല്ലാം കണ്ണുകൾ പൂട്ടി കിടന്നു കൊണ്ടു തന്നെ അവളറിഞ്ഞു.

തളർന്ന ശരീരത്തിൽ അവന്റെ വികാരങ്ങൾ ഭ്രാന്തമായ വേഗം കൈവരിക്കുന്നതറിഞ്ഞ് അടക്കിയ കരച്ചിലോടെ അവൾ ജീവനറ്റു കിടന്നു.

പിറ്റേന്ന് വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളുമായി കയറിവരുന്ന പ്രസാദിനെ കണ്ടപ്പോൾ വേണിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. മോൾക്കുള്ള ബിസ്‌ക്കറ്റും, കുറുക്കുണ്ടാക്കാനുള്ള പൊടിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

വേണി എല്ലാം മറക്കാൻ ശ്രമിച്ചു . വിശപ്പാണ് എല്ലാറ്റിലും വലുത് എന്നവൾ തിരിച്ചറിഞ്ഞു.

ദിവസങ്ങൾക്ക് ശേഷം ഒരുച്ച നേരം.

പ്രസാദ് കയറി വരുമ്പോൾ വേണി മോളെയുറക്കി കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അവനെക്കണ്ടതും അവൾ ചോറ് വിളമ്പിവെച്ചു.

“ഉണ്ടു കഴിയുമ്പോഴേക്കും ഞാൻ കുളിച്ചിട്ട് വരാം. മോളെയൊന്ന് നോക്കണേ.”

അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ടവൾ ബാത്‌റൂമിലേക്ക് നടന്നു.

മുഖം നോക്കി തമ്മിൽ തമ്മിൽ എന്തെങ്കിലും സംസാരിച്ചിട്ട് വർഷങ്ങളേറെയായിരിക്കുന്നു.അവൾ വേദനയോടെ ഓർത്തു. ഒരു ദിവസം പോലും കാണാതിരിക്കാനും, മിണ്ടാതിരിക്കാനും കഴിയാതിരുന്ന മനോഹരമായ നാളുകൾ കഴിഞ്ഞ ജന്മത്തിലോ മറ്റോ ആയിരുന്നു.

കുളി കഴിഞ്ഞു വന്നപ്പോഴേക്കും പ്രസാദ് തിരിച്ചു പോയിരുന്നു.

അവൾ മുത്തശ്ശനുള്ള കഞ്ഞി വിളമ്പി അരികിൽ ചെന്ന് കോരി കൊടുക്കുമ്പോൾ ശബ്ദം നഷ്ടപ്പെട്ട നാവുകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു.

എന്താ മുത്തശ്ശാ…?

അവൾ കുഴിയിലേക്കൊട്ടിയിറങ്ങിയ ആ കവിളുകളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു.

തൊണ്ടക്കുഴിയിലേക്കിറങ്ങിപ്പോയ നാവിനെ ശപിച്ചു കൊണ്ട് അയാൾ മിഴികൾ പൂട്ടി.

വളരെയേറെ നിർബന്ധിച്ചിട്ടും ഒരു സ്പൂൺ കഞ്ഞിപോലും കുടിക്കാതെ വിറ കൊള്ളുന്ന ചുണ്ടുകളുമായി കിടക്കുന്ന മുത്തശ്ശനരികിൽ ശോഷിച്ച കൈകൾ തലോടി ഏറെ നേരം അവളിരുന്നു.

മോള് ചിണുങ്ങിക്കൊണ്ട് ഉണരാൻ തുടങ്ങിയപ്പോൾ അവളെഴുന്നേറ്റു.

കുഞ്ഞിനെയെടുത്തു തോളിലീടാനൊരുങ്ങുമ്പോഴാണ്, ചോറൂണിന് അമ്മ അവൾക്ക് കൊടുത്ത മാലയും, മുത്തശ്ശി ഇട്ടു കൊടുത്ത കമ്മലും, പ്രസാദിന്റെ അമ്മ കയ്യിലിട്ട രണ്ടു വളകളും ആ ദേഹത്തില്ല എന്നവൾ കണ്ടത്.

“അയ്യോ… എന്റെ കുഞ്ഞിന്റെ മാലയും കമ്മലും എവിടെപ്പോയി.. അവൾ പരിഭ്രാന്തിയോടെ ചുറ്റിലും നോക്കി. കുഞ്ഞിനെ കിടത്തിയ ഷീറ്റെടുത്തു നല്ല പോലെ കുടഞ്ഞു

അവളുടെ പ്രവർത്തികൾ കണ്ട് മുത്തശ്ശൻ എന്തൊക്കയോ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു.

അവൾ അയാൾക്കരികിലേക്ക് ഓടിച്ചെന്നു.

“മുത്തശ്ശാ… പ്രസാദ്… അവനെടുത്തോ അത്… കൊണ്ടുപോയോ എല്ലാം?

അവൾ ശ്വാസം കിട്ടാതെ വാക്കുകൾ പെറുക്കിയെടുത്തു.

ഉവ്വ് എന്നയാൾ തല ചലിപ്പിച്ചു.

വേണി തലയിൽ ശക്തമായി ഒരടികിട്ടിയപോലെ താഴെക്കിരുന്നു.

ഒരു പൈസപോലുമില്ലാതെ റോഡിലിറങ്ങി തെണ്ടുന്ന അവസ്ഥ വന്നിട്ടു പോലും ആ ഇത്തിരിപൊന്ന് സൂക്ഷിച്ചു വെച്ചതായിരുന്നു. അതും നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് അവളുടെ സമനില തെറ്റിച്ചു കളഞ്ഞു.

അവൾ പ്രസാദിന്റെതായി കണ്ണിൽക്കണ്ടതെല്ലാം വലിച്ചെറിഞ്ഞു, തറയിലിട്ട് ചവിട്ടിക്കൂട്ടി, ഓരോ വസ്തുവിലും കാറിത്തുപ്പി.

കുഞ്ഞിന്റെ അലറിക്കരച്ചിലിൽ പിന്നെയും അവളുടെ നില തെറ്റി.

അവളുടെ കൈകൾ ആ കുഞ്ഞു തുടയിൽ ആഞ്ഞു പതിച്ചു

“നിർത്തെടീഅസത്തെ … നിന്റെ ശബ്ദമിവിടെ കേട്ടു പോകരുത്. തല്ലിക്കൊന്നുകളയും ഞാൻ. എന്നിട്ട് ഞാനും ചാവും.

അവൾ ഉറക്കെ അലറി.

പിഞ്ചു തുടയിൽ പടർന്നു കയറിയ തീചൂടിൽ വെട്ടി വിറച്ചു പോയ കുഞ്ഞ് ശബ്ദം തൊണ്ടയിൽ കുടുങ്ങി നിശബ്ദയായി.

നിമിഷങ്ങൾ ഒച്ചിന്റെ വേഗത്തെ അനുകരിച്ചു കടന്നു പോയി

വേണി തറയിൽ കുഴഞ്ഞു കിടന്നു.

മോളുടെ ഏങ്ങലടികൾ വീണ്ടും കാതിൽ പതിച്ചപ്പോൾ കൈകൾ കുത്തി അവളെഴുന്നേറ്റു.

മ-*ലത്തിലും മൂ-*ത്രത്തിലും ആണ്ടു കിടക്കുകയായിരുന്നു അവൾ.

തിണർത്തു കിടക്കുന്ന തുടയിലേക്ക് നോക്കി അവൾ നെഞ്ചിൽ തല്ലി. അമ്മയോട് ക്ഷമിക്കെടാ പൊന്നേയെന്ന് ആർത്തു കരഞ്ഞുകൊണ്ട് അവൾ കുഞ്ഞിനെ വാരിയെടുത്തു നെഞ്ചിൽ ചേർത്തു.പിന്നെ എല്ലാം നഷ്ടപ്പെട്ടവളേപ്പോലെ ഉറക്കെയുറക്കെ കരഞ്ഞു

മഴയുടെ ആരവം ഒടുങ്ങിയിരിക്കുന്നു. മഴവെള്ളത്തിൽ ഇരുൾ വീണു കിടക്കുന്നു.

ഉമ്മറത്തു വന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു

അവൾ മോളെയും തോളിലിട്ട് അടുക്കളയിലേക്ക് ചെന്നു.വൈകുന്നേരത്തേക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ല.ഉച്ചക്ക് മുത്തശ്ശന് കൊടുക്കാനെടുത്ത കഞ്ഞി അതേപോലെ ഇരിപ്പുണ്ട്.

മുത്തശ്ശാ , കുറച്ചു ഓട്സ് കുറുക്കി തരട്ടെ. ഉച്ചക്കും ഒന്നും കഴിച്ചില്ല ല്ലോ.

തളർന്ന സ്വരത്തിൽ അവൾ അയാളോട് ചോദിച്ചു.

വേണ്ട എന്നയാൾ കണ്പീലികൾ ചേർത്തടച്ചു.

അവൾ മോളെയും കൊണ്ട് കയറിക്കിടന്നു.

പതിവ് സമയമായിട്ടും പ്രസാദ് തിരിച്ചെത്തിയില്ല.

കൈ നിറയെ കാശുമായി കാമുകിയെ സുഖിപ്പിക്കാൻ പോയിക്കാണും എന്നവൾക്ക് തോന്നി.

വാതിലുകളെല്ലാമടച്ച് വീണ്ടും വന്നു കിടക്കാനൊരുങ്ങുമ്പോൾ മുത്തശ്ശൻ കണ്ണുകൊണ്ട് അവളെ അരികിലേക്ക് വിളിച്ചു.

ചെറുതായി ചലിപ്പിക്കാൻ കഴിയുന്ന ഇടതു കൈ ബെഡിനടിയിലേക്ക് ചൂണ്ടി.

അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കിയിട്ട് ബെഡ് മെല്ലെ ഉയർത്തി.മുത്തശ്ശിയുടെ പേഴ്സ് അവിടെ ഇരിപ്പുണ്ടായിരുന്നു.

അവളതെടുത്തു തുറന്നു.

നേരിയ രണ്ടു വളകളും, ചെറിയൊരു മാലയും, കുറച്ചു നോട്ടുകളും അതിൽ ഉണ്ടായിരുന്നു.

“മുത്തശ്ശൻ പോയാൽ അടുത്തതായി ഞാനും അവിടെ കയറി കിടക്കേണ്ടി വരും. അപ്പൊ എടുത്തു ചിലവാക്കാനുള്ളതൊക്കെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. ആരെയും ബുദ്ധിമുട്ടിക്കരുതല്ലോ. നിന്റെ കെട്ട്യോന്റെ കണ്ണിൽ പെടാതിരുന്നാൽ മതി.

മുത്തശ്ശി ഇടയ്ക്കിടെ പറയാറുള്ളത് വേണിയോർത്തു.

വിതുമ്പിക്കൊണ്ടവൾ മുത്തശ്ശനെ നോക്കി.

കണ്ണുകൾ കൊണ്ടയാൾ അവളെ ആശ്വസിപ്പിച്ചു.

അന്ന് പുലരാൻ നേരത്തെപ്പോഴോ മുത്തശ്ശൻ മരിച്ചു.

ഉറങ്ങാതെ കിടന്നിട്ടും വേണിയറിഞ്ഞില്ല മുത്തശ്ശി വന്ന് ആ കൈ പിടിച്ചതും രണ്ടുപേരുമോന്നിച്ചു പടികടന്നു പോയതും

തുടരും