ശ്രീഹരി ~ അധ്യായം 6, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കായിരുന്നു അവർ പോയത്. ഡോക്ടർ സ്ഥലത്തുണ്ടാതിരുന്നത് ആശ്വാസമായി. ഡ്രിപ്പ് സ്റ്റാർട്ട്‌ ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞു കണ്ണ് തുറന്നു

അപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരേ വീണത്ഹരിയും ബാലചന്ദ്രനും ഡോക്ടറുടെ മുറിയിൽ ചെന്നു

“ഡോക്ടർ?”

“ആ ഇരിക്ക്… കുഞ്ഞിന്റെ ആരാണ് നിങ്ങൾ? അച്ഛൻ?” അദ്ദേഹം ഹരിയോടായി ചോദിച്ചു

“അല്ല ഡോക്ടർ. ഞാൻ ഹരി. എന്റെ അയല്പക്കത്തെ മോളാണ്. ഇത് ബാലചന്ദ്രൻ സാർ കാർ ഡ്രൈവ് ചെയ്തിത് വരെ വേഗം എത്തിച്ചത് സാറാണ് “

ഡോക്ടർ ബാലചന്ദ്രനെ ഒന്ന് സൂക്ഷിച്ചു നോക്കി

“എവിടെയോ കണ്ട നല്ല പരിചയം “

“ഹേയ് ഞാൻ ഇവിടെ ആദ്യമായാണ് ” പെട്ടെന്ന് ബാലചന്ദ്രൻ പറഞ്ഞു

ഡോക്ടർ കുറച്ചു പ്രായമുള്ള ഒരാളായിരുന്നു. റിട്ടയർ ചെയ്യാൻ അധികം വർഷങ്ങൾ ഇനിയില്ല എന്ന് തോന്നിപ്പിക്കുന്ന ഒരാൾ. അത് കൊണ്ട് തന്നെ അനുഭവപരിചയം അദ്ദേഹത്തിന് കൂടുതൽ ആയിരുന്നു താനും

“ഹരീ.. കുഞ്ഞ് ഇപ്പൊ ഒക്കെ ആണ്. പക്ഷെ കുറച്ചു ടെസ്റ്റുകൾ ചെയ്യാൻ ഉണ്ട്. എനിക്ക് ചില ഡൗട്സ്. അവരോട് ഇപ്പൊ പറയണ്ട. ഞാൻ ടെസ്റ്റുകൾക്ക് കുറിച്ച് തരാം. ഇത് താലൂക് ആശുപത്രിയല്ലേ ടെസ്റ്റുകൾക്ക് ഇവിടെ സൗകര്യം ഇല്ല. ഒന്നുകിൽ ഇത് പുറത്ത് ചെയ്യുക. എത്രയും വേഗം ചെയ്യുക. അല്ലെങ്കിൽ നിങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുക ഡോക്ടർ സദാനന്ദൻ എന്റെ സുഹൃത്താണ്. അദേഹത്തിന്റെ അടുത്ത് ചെല്ലുക ഞാൻ ലെറ്റർ തന്നു വിടാം. എത്രയും വേഗം ആകാമോ അത്രയും നല്ലത് “

ഹരിയുടെ നെഞ്ചിൽ ഒരു നടുക്കം വന്നു വീണു

“ആ കുഞ്ഞിന് ഡോക്ടർ എന്ത് രോഗം ആണെന്നാണ് സംശയിക്കുന്നത്?”

ബാലചന്ദ്രൻ ഗൗരവത്തോടെ ചോദിച്ചു

“I I think it is Brain tumor ‘

ഹരി ഞെട്ടി പകച്ച് അങ്ങനെ ഇരുന്നു പോയി

“ഉറപ്പില്ല. കണ്ണുകൾ നോക്കിയപ്പോ തോന്നിയതാണ്. നിഗമനം തെറ്റി പോകാനും മതി. എം ആർ ഐ എടുക്കുമ്പോൾ ക്ലിയർ അറിയാം. പിന്നെ ഇപ്പൊ ഇത് അത്രേ പേടിക്കണ്ട ഒന്നല്ല. ഒരു സർജറി കൊണ്ട് മാറും മോള് കുഞ്ഞല്ലേ? റിക്കവർ ചെയ്യാൻ ഈസി ആണ്. പക്ഷെ delay പാടില്ല. ഇന്ന് എങ്കിൽ ഇന്ന് കൊണ്ട് പോകുക “

ഹരി എഴുന്നേറ്റു..അവന് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല

“പിന്നെ ഹരി അവരെങ്ങനെയാണ് ഫിനാൻഷ്യൽ ആയിട്ട്?’ഡോക്ടർ പെട്ടെന്ന് ചോദിച്ചു

“ഡൽഹിയിൽ ജോലിയാണ് കുഞ്ഞിന്റെ പപ്പക്ക്. ചെറിയ ഒരു ജോലിയാണ്. അമ്മക്ക് ജോലിയൊന്നുമില്ല. ഒരു പാട് കാശ് ആകുമോ?”ഹരി അങ്കലാപ്പിൽ ചോദിച്ചു

“ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇതിനു അഞ്ചു ലക്ഷം രൂപ എങ്കിലും മിനിമം ചിലവാകും. പക്ഷെ അതിന് താമസം വരും. കാരണം ഡോക്ടർമാർ നേരെത്തെ സർജറി ഡേറ്റ് എടുത്ത ആൾക്കാരുടെ ചെയ്തിട്ടേ ഇത് ചെയ്യൂ.അങ്ങനെ എങ്കിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ. പോകേണ്ടി വരും. അപ്പൊ ഇതിലും കൂടുതൽ ആകും. പക്ഷെ ഞാൻ എങ്ങനെ എങ്കിലും അത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്യാം ഹരി. പക്ഷെ കുറച്ചു പണം കയ്യിൽ കരുതണം. ടെസ്റ്റുകൾ ഒരു പാട് കാണും പിന്നെ കുറച്ചു നാൾ അവിടെ അഡ്മിറ്റ് ആകണ്ടേ?”

ഹരി തലയാട്ടി. പിന്നെ എഴുന്നേറ്റു

ബാലചന്ദ്രൻ അവന്റെ മുഖം ശ്രദ്ധിക്കുകയായിരുന്നു

നിറഞ്ഞ കണ്ണുകൾ..വിതുമ്പുന്ന ചുണ്ടുകൾ..ഇപ്പൊ കരഞ്ഞു പോയേക്കും

“ഹരീ ” അയാൾ ആ തോളിൽ പിടിച്ചു നിർത്തി

പൊടുന്നനെ ഹരിയുടെ  മുഖം അയാളുടെ തോളിൽ അമർന്നു

അവൻ ഒരു ആശ്രയത്തിനെന്ന വണ്ണം അയാളെ മുറുകെ പിടിച്ചു

“ഞാൻ എന്നും പ്രാർത്ഥിച്ചിരുന്നത് ദേവി എന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കരുതേ എന്ന് മാത്രം ആണ് സാർ. ഞാൻ ഇത് വരെ എനിക്കായ് പ്രാർത്ഥിച്ചിട്ടില്ല. അന്ന മോള് എന്റെ ജീവനാണ്.. ജെസ്സിയും ജെന്നിയുമൊക്കെ എന്റെ കൂടപ്പിറപ്പുകൾ തന്നെ ആണ് സാർ.. ദൈവം എന്തിനാ എന്നെ ഇങ്ങനെ? ഞാൻ ഇത് എങ്ങനെ അവരോടു പറയും?”

ബാലചന്ദ്രന്റെ കണ്ണ് നിറഞ്ഞു..അയാൾ അവനെ ചേർത്ത് പിടിച്ചു

“മോനെ…”

അയാൾ നെഞ്ചിൽ തട്ടി വിളിച്ചു പോയതായിരുന്നു അത്

“വിഷമിക്കണ്ട. ഞാൻ കൂടെ വരാം. എനിക്ക് പരിചയം ഉള്ളവരും ഉണ്ട് അവിടെ.. ഒന്നും പേടിക്കണ്ട. കാശിന്റെ കാര്യം ഒന്നും അവരോടു ഇപ്പൊ പറയണ്ട. നമുക്ക് കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാം..”
ഹരി കണ്ണീർ തുടച്ചു കൊണ്ട് തലയാട്ടി

ജെസ്സിയോടുമാതാപിതാക്കളോടും അവൻ ഒന്നും വിട്ട് പറഞ്ഞില്ല

പക്ഷെ മെഡിക്കൽ കോളേജിൽ കൊണ്ട് പോകണം എന്ന് കേട്ടപ്പോൾ ജെന്നിക്ക് ഇത് സീരിയസ് ആണെന്ന് മനസിലായി

“ജെസ്സിചേച്ചി അച്ചായൻ എന്ന് വരും?” ഹരി ജെസ്സിയുടെ അരികിൽ ചെന്നു

“നാളെ രാവിലെ ” ജെസ്സി അടച്ച ശബ്ദത്തിൽ പറഞ്ഞു

“നേരേ തിരുവനന്തപുരം… അങ്ങോട്ട് വരാൻ പറ “ജെസ്സി ഭയന്ന പോലെ അവനെ നോക്കി

ഹരി അവളുട മുഖത്ത് നോക്കിയില്ല

“മോളെ മെഡിക്കൽ കോളേജിൽ കൊണ്ട് പോകണം എന്ന് ഡോക്ടർ പറഞ്ഞു. കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യാൻ ഉണ്ട്. ഇവിടെ അതിനുള്ള സൗകര്യം ഇല്ല “

ജെസ്സി നെഞ്ചിൽ കൈ വെച്ച് കരഞ്ഞു പോയി

“അതിന്നു മാത്രം എന്താ മോൾക്ക്? ഇന്നലെ വരെ ഓടി കളിച്ചു നടന്ന മോളാ ഹരിയും കണ്ടതല്ലേ? അവൾക്ക് വല്ല പനിയോ മറ്റൊ ആവും. ക്ലൈമറ്റ് മാറിയില്ലേ അതാവും “

ഹരി എന്ത് പറയണം എന്നറിയാതെ നിശബ്ദനായി

ബാലചന്ദ്രൻ കുറച്ചു ദൂരെ ഭിത്തിയിൽ ചാരി നില്കുന്നുണ്ടായിരുന്നു

അയാൾ വളരെയധികം വർഷങ്ങൾക്ക് ശേഷം ഒരു ഗവണ്മെന്റ് ആശുപത്രിയിൽ വരികയായിരുന്നു

പഴയ രീതി ഒക്കെ പോയി..ഇപ്പൊ കണ്ടാൽ പ്രൈവറ്റ് ആശുപത്രിയിൽ കിട്ടുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയുമുണ്ട്..വൃത്തിയും വെടിപ്പുമുള്ള മുറികള്..സദാ ജോലിയിൽ മുഴുകിയിരിക്കുന്ന സ്റ്റാഫ്‌..ധാരാളം ഡോക്ടർമാർ..മാറ്റങ്ങൾ വരട്ടെ

അയാൾ ദീർഘമായി ശ്വസിച്ചു..പിന്നെ മൊബൈൽ എടുത്തു വരാന്തയിലേക്ക് നടന്നു

“ആഭ്യന്തര മന്ത്രിയുടെ ഫോൺ ശബ്ദിച്ചു..അദ്ദേഹം രാത്രി ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു

“ആഹാ ബാലചന്ദ്രൻ.. സർപ്രൈസ് ആണല്ലോ..എന്താ ഈ നേരത്ത്?”

ബാലചന്ദ്രൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു

“എല്ലാം ഒന്ന് വേഗത്തിൽ ആക്കാൻ എന്ത് ചെയ്യാൻ കഴിയും “

“എടോ താൻ എന്താ ഇങ്ങനെ ഫോർമൽ ആയിട്ട് സംസാരിക്കുന്നത്? കുട്ടിയെ എത്രയും വേഗം എത്തിക്കു. ബാക്കി ഞാൻ ഏറ്റു “

“താങ്ക്സ് മോഹൻ ” അയാൾ കാൾ കട്ട്‌ ചെയ്തു..

ബാലചന്ദ്രൻ ഫോൺ വെച്ചു

“പോകാം ” അയാൾ അവർക്കരികിൽ വന്നു

“സാർ.. ഇത്രയും ചെയ്തു തന്നത് തന്നെ ഉപകാരം. ഇനിയും സാറിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല സാർ. ഞങ്ങൾ ഒരു ടാക്സി വിളിച്ചു പൊയ്ക്കൊള്ളാം “

ഹരി വിനയത്തോടെ പറഞ്ഞു

ബാലചന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു

“ഹരിയുടെ ആരാ ഇവർ എന്നാ പറഞ്ഞത്?”

“എന്റെ വീടിന്റെ അടുത്തുള്ളവർ ” ഹരി നിഷ്കളങ്കമായി പറഞ്ഞു

“ആ നാട്ടിൽ ആർക്ക് ഈ അവസ്ഥ വന്നാലും ഹരി ഇങ്ങനെ തന്നെ ആവില്ലേ പെരുമാറുക?”

ഹരി അതെ എന്ന് തലയാട്ടി

“കുറച്ചു ദിവസങ്ങൾ മനസ്സ് ഒന്ന് ശാന്തമാക്കാൻ വന്നതാ ഞാൻ നിങ്ങളുടെ നാട്ടിൽ. ഇപ്പൊ ഞാനും ആ നാട്ടുകാരൻ ആയത് പോലെ ഒരു ഫീൽ. നിന്നേ എനിക്ക് വലിയ ഇഷ്ടമാ ഹരി. നീ എന്നെ പോലെ തന്നെയാ.. ചെറുപ്പത്തിൽ ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. സാരമില്ല.എനിക്ക് കുറച്ചു ദിവസം കൂടി ഫ്രീ ടൈം ഉണ്ട്. അത്രയും ദിവസങ്ങൾ നിനക്ക് ഉപകാരപ്പെടട്ടെ “

ഹരി നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ തൊഴുതു

“ഞാൻ കാർ എടുത്തു വരാം. നിങ്ങൾ ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നാ മതി “

ഹരി അയാൾ പോകുന്നത് നോക്കി നിന്നു..ദൈവം പോലെ ഒരു മനുഷ്യൻ..ഒരു പക്ഷെ എന്റെ ദേവി തന്നെ ആയിരിക്കും ഈ നേരത്ത് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്.

പൊടുന്നനെ ഹരിയുടെ മൊബൈൽ ശബ്ദിച്ചു. അമ്പലകമ്മറ്റിയിലെ മണി ചേട്ടൻ

“എന്താ ചേട്ടാ?’

“നീ എവിടെയാ? ഇവിടെ താലപ്പൊലി തുടങ്ങി ” അവൻ അപ്പോഴാണ് അതൊക്കെ ഓർത്തത് തന്നെ

അവൻ കാര്യങ്ങൾ പറഞ്ഞു

“എടാ അതിന് കൊച്ചിന്റെ വീട്ടുകാർ ഇല്ലെ? ഇവിടെ ഉത്സവം നീ ഇല്ലെങ്കിൽ എങ്ങനെയാ? കൊച്ചിനെ അവർ കൊണ്ട് പോകുകലെ?”

അവന്റെ ഉള്ളിൽ നിന്ന് എന്തോ തിളച്ചു വന്നു

“നിങ്ങൾ ഒരു മനുഷ്യൻ ആണോ ഹേ? ഇച്ചിരി ഇല്ലാത്ത ഒരു കുഞ്ഞിന്റെ ജീവനിലും വലുതാണോ അത്? നിങ്ങൾ ഒക്കെ ഇല്ലെ അവിടെ? ദേവിക്ക് അറിയാം എന്നെ. എന്റെ അവസ്ഥ… നിങ്ങൾ എല്ലാരും കൂടി എല്ലാം ഭംഗിയായി നടത്ത്. ഞാൻ ഇതൊക്കെ കഴിഞ്ഞേ ഇനി വരൂ “

അവൻ ഫോൺ വേച്ചു

“ഹരിയേട്ടാ..” ചിലമ്പിച്ച ഒരു വിളിയൊച്ച

ജെന്നി..

“എന്താ മോളെ?”

“ശരിക്കും ഹരിയേട്ടൻ ദൈവാ… ശരിക്കും “

അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ ഇറുക്കെ പിടിച്ചു

(തുടരും)