തനിയെ ~ ഭാഗം 03, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“വേണിയേച്ചി ഇന്നലെ മോൾടെ അച്ഛനെ കണ്ടെന്നു ശ്രുതിമോൾ പറഞ്ഞു ലോ. എന്നിട്ടെന്തേ എനിക്ക് കാട്ടി തരാഞ്ഞേ?

പതിവുപോലെ രാത്രിഭക്ഷണമൊരുക്കുകയായിരുന്നു ഗീതുവും വേണിയും.

“പെട്ടന്ന് കണ്ടപ്പോൾ എനിക്കെന്റെ ശ്വാസം നിലച്ചപോലെ തോന്നി. ആകെയൊരു വെപ്രാളം. അതോണ്ടാ ഗീതു.”

വേണി കണ്ണുകൾ ചിമ്മിക്കൊണ്ട് അവളെ നോക്കി ചിരിച്ചു.

“ആ.. വെറുതെയല്ല ഇന്നലെ ബസിൽ വെച്ച് അരിഷ്ടം കുടിച്ചമാതിരി എരിപൊരി കൊണ്ട് നിന്നേ “

ഒരു ക്ലൂ തായോ ..ബസിൽ കയറുന്ന സകലരെയും വായിനോക്കുന്ന ഞാൻ കാണാതിരിക്കില്ല.ഒന്നോർത്തു നോക്കട്ടെ.

ഗീതു വേണിയുടെ അഭിമുഖം വന്നു നിന്നു.

“ആ കണ്ടക്ടർ..

“ങേ.. അയാളോ. അങ്ങേരെ പലവട്ടം ഞാൻ ബസിൽ വെച്ച് കണ്ടിട്ടുണ്ട്. എന്തൊരു പഞ്ചപാവം മനുഷ്യൻ. അതിനെ എന്തിനാ ചേച്ചി ഉപേക്ഷിച്ചു കളഞ്ഞേ.?

“അതിന് ഞാനല്ല കുട്ടി അയാളെ ഉപേക്ഷിച്ചത്. അയാൾ എന്നെയാ വേദനിപ്പിച്ചത്.ഞാൻ സ്നേഹിച്ചിട്ടേയുള്ളു. എന്റെ പ്രാണനായി. ആ സ്നേഹത്തിന്റെ ഇത്തിരിയോളം ഇപ്പോഴും മനസ്സിൽ അവശേഷിച്ചിട്ടുണ്ട് അതുകൊണ്ടാ ഇന്നലെ ഞാൻ പിന്നേം പിന്നേം അയാളെയോർത്തു കരഞ്ഞത്.”

“അയ്യേ… രാത്രി മുഴുവൻ കരയാരുന്നോ അപ്പൊ.?

“ഉം… ഓർമ്മകൾക്ക് ആയുസ്സ് കൂടുതലാ. അവ പെട്ടന്നൊന്നും നമ്മെ വിട്ടു പോകില്ല.ഇങ്ങനെ കുത്തിനോവിച്ചുകൊണ്ടിരിക്കും.

“നമ്മളെ വേണ്ടാത്തവരാ ചേച്ചി നമ്മെ ഉപേക്ഷിച്ചു പോകുന്നത്. അവർക്ക് നമ്മുടെ സ്നേഹം വിധിച്ചിട്ടില്ല. നമ്മെ വേണ്ടെന്ന്വെച്ച് പോകുന്നവരെയൊർത്തു കരയുന്നവർ വിഡ്ഢികളാ ചേച്ചി. അത് ആണായാലും പെണ്ണായാലും.

“ശരിയാടോ… സ്നേഹിക്കാൻ ആരുമില്ലാത്ത ഒരുവൻ എന്ന കണ്ണീരിനുമുന്നിൽ, എന്നെ കൈവിടല്ലേ എന്ന യാചനക്ക് മുന്നിൽ, ജീവിതത്തെക്കുറിച്ച് നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് കാറ്റിൽ പറത്തിക്കളഞ്ഞ ഒരുവളാ ഞാൻ. നിങ്ങളെ എനിക്കിഷ്ടമാണ്. പക്ഷേ കല്യാണം എന്നത് ഒന്നൂടെ ആലോചിക്കണമല്ലോയെന്ന് പറഞ്ഞപ്പോൾ താനില്ലെങ്കിൽ ഞാനീ നാടും വിട്ട് എവിടേക്കെങ്കിലും പോകും എന്ന് പറഞ്ഞയാളാ, ഒടുവിൽ എന്റെ കണ്മുന്നിൽ മറ്റൊരുവൾക്കൊപ്പം……

വേണി പാതിയിൽ മുറിഞ്ഞു പോയ വാക്കുകളെ കൂട്ടിയിണക്കാനാകാതെ നിശബ്ദയായി.

“എന്നാപ്പിന്നെ അയാളെയോർത്ത് കരയുന്ന പരിപാടി ഇന്നത്തോടെ നിർത്തിക്കോട്ടാ. അറുബോറൻ കുടുംബസീരിയലിൽ കാണുന്ന കുലസ്ത്രീകളെ അനുകരിക്കാൻ നോക്കണ്ട. ഓർമ്മകളെ അങ്ങോട്ട് അവോയ്ഡ് ചെയ്‌തേക്കുക.അത്രേയുള്ളൂ.

എന്റെ കാര്യം നോക്കിക്കേ. വെറും എട്ടാം ക്ലാസ്സ്‌ വിദ്യാഭ്യാസമേയുള്ളു. ഇരുപത്തഞ്ചു വയസ്സിൽ നാലു പിള്ളേരുമായി. പിന്നെയങ്ങോട്ട് ജീവിതം കട്ടപ്പൊക.ഇപ്പൊ വയസ്സ് മുപ്പത്തിനാല്.എനിക്ക് കൂട്ടിന് ഞാനും എന്റെ കുറെ പ്രാരാബ്ദങ്ങളും മാത്രം.എന്നിട്ടും ഞാൻ ഹാപ്പിയല്ലേ.ഞാൻ കരയുന്നത് ചേച്ചി കണ്ടിട്ടുണ്ടോ.

ചേച്ചിക്ക് ഒന്നുമില്ലേലും ഇത്രയും പഠിപ്പുണ്ട്. നല്ലൊരു ജോലിയുണ്ട്. എല്ലാറ്റിനും സപ്പോർട്ട് ചെയ്യാൻ ശ്രുതിമോളുണ്ട്. പിന്നെന്താ.

“നീ നോക്കിക്കോ നാളെ നിനക്കും നിന്റെ മക്കൾ തുണയാകും അപ്പൊ ഈ സങ്കടമെല്ലാമങ്ങു മാറില്ലേ.

.വേണി അരിഞ്ഞുകൊണ്ടിരുന്ന ബീൻസ് അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

“ഉവ്വ്.. ഈ ചെക്കൻമാര് വലുതാകുമ്പോ അവരുടെ പാടും നോക്കി പോകത്തെയുള്ളു. പിന്നെയെന്റെ മോള് അവള് ഒരുപക്ഷെ എന്നെ മനസ്സിലാക്കുമായിരിക്കും. എന്നാലും വലിയ പ്രതീക്ഷയൊന്നുമില്ല. അവളെന്നെ നോക്കാറാകുന്നവരെ ഞാൻ ജീവിച്ചിരിക്കോന്ന് ആർക്കറിയാം. ഇത്രയും ചെറിയ പ്രായത്തിൽ തുടർച്ചയായുള്ള പ്രസവത്തിനു പുറമെ അവന്റെ ഇടിയും തൊഴിയും കൊണ്ട് ചതഞ്ഞ ശരീരം.പിന്നെ മനസ്സിനേറ്റ മുറിവുകൾ. എല്ലാം കൂടിയായപ്പോ പാതി ചത്തു ഞാൻ.ഇനി എന്നെ എന്തിന് കൊള്ളാം ചേച്ചി. ജോലിയെടുക്കാനുള്ള ആരോഗ്യം വേണം. അതോണ്ട് പരമാവധി എല്ലാം മറന്നു ഹാപ്പിയാകാൻ ശ്രമിക്കുന്നു.

നിറഞ്ഞു വരുന്ന കണ്ണുകളെ വേണിയിൽ നിന്നും മറക്കാനായി അവൾ ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിച്ച് അരിഞ്ഞു വെച്ച ബീൻസ് അതിലേക്കിട്ട് ഇളക്കിക്കൊണ്ടിരുന്നു.

“അവൻ ചീത്തയാണെന്ന് അറിഞ്ഞപ്പോ അവനിൽ നിന്ന് അകലാൻ ശ്രമിക്കാതെ എന്തിനാ നീയിങ്ങനെ പെറ്റു കൂട്ടിയെ.

വേണി അമർഷത്തോടെ ചോദിച്ചു.

“ഞാൻ പറഞ്ഞില്ലേ ചേച്ചി, എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താ ഞാനവന്റെ വലയിൽ വീണ് പോയത്.അന്നെനിക്ക് പതിനഞ്ചു വയസ്സ്. പഠിക്കാൻ ഭയങ്കര ബുദ്ധിയായിരുന്നു. അതോണ്ട് ഒരു ക്ലാസ്സിൽ തന്നെ രണ്ടുകൊല്ലമൊക്കെ ടീച്ചർമാര് എന്നെ പിടിച്ചിരുത്തി. വീട്ടിൽ അച്ഛനുമമ്മയും ദിവസവും വഴക്ക്. സമാധാനമില്ല. സ്കൂളിൽ പോകുന്നത് ഒരു രക്ഷപെടൽ ആയിരുന്നു അങ്ങനെയിരിക്കുമ്പോഴാ രാജീവ്‌ സ്നേഹം കാണിച്ചു വന്നത്. ഞാനതിൽ വീണുപോയി.

പിന്നെയെല്ലാം പതിവുപോലെ. ഒളിച്ചോട്ടം, വാടക വീട്.

മോനെ പ്രഗ്നന്റായപ്പോ അവൻ പറഞ്ഞു നമുക്കിപ്പോ കുട്ടികൾ വേണ്ട. ഇതങ്ങു കളയാമെന്ന്. ഞാൻ പക്ഷേ സമ്മതിച്ചില്ല. അങ്ങനെ പതിനേഴാം വയസ്സിൽ ആദ്യത്തെ പ്രസവം. അതിന് ശേഷം അവന്റെ സ്വഭാവത്തിൽ ഓരോ മാറ്റം വന്നു തുടങ്ങി. സ്ഥിരമായി ജോലിക്ക് പോകില്ല. പോയാൽ തന്നെ കിട്ടുന്നത് മുഴുവൻ കള്ള് കുടിക്കും. കൂട്ടത്തിൽ കഞ്ചാവും.

.കുടിച്ചു ബോധമില്ലാതെ വരുന്ന രാത്രികളിൽ മോൻ മുലകുടിച്ചു കൊണ്ടിരിക്കുന്ന സമയമാണെങ്കിൽ പോലും അവനതു വക വെക്കാതെ കുഞ്ഞിനെ തട്ടി മാറ്റി എന്റെ ദേഹത്തേക്ക് ചാടി വീഴും. എതിർക്കാനുള്ള ശേഷിപോലുമില്ലയിരുന്നു എനിക്ക്. കാരണം ദിവസത്തിൽ പാതിയും പട്ടിണിയായിരുന്നു.

രണ്ടാമതും ഗർഭിണിയായപ്പോ ഇതൊന്നും എന്റെ കുറ്റമല്ല എന്നൊരു ഭാവമായിരുന്നു അവന്.

പിടിച്ചു നിൽക്കാൻ വയ്യ എന്ന് തോന്നിയപ്പോ നാട്ടിലേക്ക് വണ്ടി കയറി. വീട്ടിൽ വന്നു. പിന്നെ അമ്മയുടെ വകയായിരുന്നു പീഡനം. വയറും വീർപ്പിച്ചു കേറി വന്നേക്കുന്നു എന്ന പുച്ഛം, കുറ്റപ്പെടുത്തൽ. ഇവിടെ വെച്ചു വിളമ്പി തരാൻ നിന്റെ തന്ത സമ്പാദിച്ചു കൊണ്ടുവരുന്നില്ല എന്ന ആക്ഷേപം.

വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയോർത്ത് എല്ലാം സഹിച്ചു. നേരം വെളുക്കുവോളം മോനെയും കെട്ടിപിടിച്ചു കിടന്ന് കരഞ്ഞു.

പ്രസവം അടുത്തപ്പോൾ മോനെ അമ്മയെയേൽപ്പിച്ചു സർക്കാർ ഹോസ്പിറ്റലിൽ ചെന്ന് അഡ്മിറ്റായി. ആരും കൂടേയില്ലാതെ അനാഥയെപ്പോലെ.

പിന്നെ അനുഭവിച്ചതൊന്നും ഓർക്കാനുള്ള ത്രാണിയില്ല ചേച്ചി…. അത്രക്കുമുണ്ട്.. അതും ഇരുപത് വയസ്സിൽ.

വേണി ശബ്ദം നഷ്ടപ്പെട്ട് ചലനമറ്റു നിൽക്കുകയായിരുന്നു.കണ്ണുകൾ നിറഞ്ഞു തൂവി അടുക്കള സ്ലാബിൽ വീണ് ചിതറിക്കൊണ്ടിരുന്നു.

“ചേച്ചി ഇതൊക്കെ കേട്ട് കരയുവാണോ. അപ്പൊ ബാക്കി കൂടി കേട്ടാലോ…അവൾ വേണിയെ കെട്ടിപ്പിച്ച് ചിരിച്ചു.

എന്നിട്ട്…?

എന്നിട്ടെന്താ.. എഴുന്നേറ്റു നടക്കാറായപ്പോ രണ്ടു കൊച്ചുങ്ങളേം വീട്ടിൽ ഇട്ടോണ്ട് പണിക്കിറങ്ങി.ആദ്യമൊക്കെ അമ്മ വീട്ടിലിരുന്നു പിള്ളേരെ നോക്കി. പിന്നെ അമ്മക്ക് വയ്യെന്ന് പറഞ്ഞു തുടങ്ങി. അവർക്ക് വീട്ടിലിരുന്ന് ശീലമില്ല. ലോകം ചുറ്റി നടക്കണം.

അമ്മയുടെ പരാതിയും ചീത്തവിളിയും സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഞാൻ ജോലിക്ക് പോക്ക് നിർത്തി.

ജീവിതം വഴിമുട്ടിയ അവസ്ഥ. മക്കൾക്ക് ഒരസുഖം വന്നാൽ മരുന്ന് വാങ്ങാൻ പോലും നിവർത്തിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് രാജീവ്‌ വീണ്ടും കയറി വരുന്നത്.

അവന് തെറ്റ് പറ്റിയത്രേ. കൂട്ടുകാർ നിർബന്ധിച്ച് കുടിപ്പിച്ചു, കഞ്ചാവ് ഉപയോഗിക്കാൻ ശീലിപ്പിച്ചു ഒന്നും അവന്റെ കുഴപ്പമല്ലായിരുന്നത്രേ.

കയ്യിൽ കാശില്ലാതായപ്പോ കൂട്ടുകാർ ഉപേക്ഷിച്ചു അപ്പൊ നിന്നെയോർത്തു, നമ്മുടെ മക്കളെയോർത്തു എന്നൊക്കെ ഓസ്കാർ അവാർഡ് കൊടുത്തു പോകുന്ന അഭിനയം.

ഞാൻ വെറും പൊട്ടിയായിരുന്നു ചേച്ചി.അവന്റെ കണ്ണീരിൽ ഞാൻ അലിഞ്ഞു പോയി.

അവന്റെയൊപ്പം വീണ്ടും വാടകവീട്ടിലേക്ക് താമസം മാറുമ്പോൾ അമ്മ ഉപദേശിച്ചു, ഇനിയും അവന്റെ കൂടെ ഇറങ്ങി പോയാൽ അടുത്തതിനെക്കൂടി വയറ്റിലുണ്ടാക്കി തന്ന് അവനങ്ങു പോകും. നീയിനി അവനെ വിശ്വസിക്കേണ്ട ന്ന്. പക്ഷേ അപ്പോഴത്തെ വിവരമില്ലായ്‌മ കൊണ്ട് ഞാനത് ചെവിക്കൊണ്ടില്ല..

പക്ഷേ..അമ്മ പറഞ്ഞത് സത്യമായി. കാലം ആ വാക്കുകളുടെ പൊരുൾ എനിക്ക് കാണിച്ചു തന്നു.

തുടരും..