സ്വന്തം അച്ഛന്റെയും അമ്മയുടെയും വില മനസ്സിലാക്കാൻ മകൻ ഉപേക്ഷിച്ചു പോയ മറ്റൊരു അച്ഛനെയും അമ്മയെയും കാണേണ്ടി വന്നു….

എഴുത്ത്: ശിവ എസ് നായർ

==================

വഴിയിൽ വച്ചു തന്നെ വീടിനു മുന്നിലെ ആൾക്കൂട്ടം കണ്ട് ഞാൻ പകച്ചു പോയി.

“ഈശ്വരാ അമ്മയ്ക്കും അചഛനും ഒന്നും വരുത്തരുതേ….” ഉള്ളിൽ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വിറ കാലുകളോടെ വീടിനു നേർക്ക് നടന്നടുത്തു.

എന്നെ കണ്ടതും മുന്നിൽ തിങ്ങി നിറഞ്ഞു നിന്ന ആളുകൾ ഇരു വശത്തേക്കും ഒതുങ്ങി.

എല്ലാവരുടെയും മുഖത്ത് കാണാൻ കഴിഞ്ഞത് ദുഃഖം മാത്രമാണ്. എന്നെ കണ്ടതോടെ ആളുകളുടെ അടക്കം പറച്ചിൽ കൂടി കൂടി വന്നു.

വർഷങ്ങൾക്ക് മുമ്പുളള ഒരു രാത്രി ഇനിയൊരിക്കലും ഇവിടേക്ക് മടങ്ങി വരരുത് എന്ന് മനസ്സിൽ ഉറപ്പിച്ചാണ് പഠിക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.

കോരിച്ചൊരിയുന്ന മഴയത്ത് കമ്പിയൊടിഞ്ഞ കുട നിവർത്തി പിടിച്ച് ഒരു ചെറിയ ബാഗിൽ ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുത്ത് അച്ഛന്റെയും അമ്മയുടെയും നിറ കണ്ണുകളോടെയുള്ള നിൽപ്പ് കണ്ടില്ലെന്ന് നടിച്ച് ഇടയ്ക്ക് വരണേ എന്ന വാക്കുകൾ കേട്ടിലെന്ന് ഭാവിച്ച് പടിയിറങ്ങുമ്പോൾ മനസ്സ് കൊണ്ട് ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരുന്നില്ല.

അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആയിരുന്നു താൻ. അവർക്ക് വിദ്യാഭാസം കുറവായതിനാൽ കല്ല് ചുമക്കാനും ചൂളയിൽ പണിക്ക് പോയും കൊത്തന്റെ കയ്യാളായി പണിയെടുത്തുമാണ് പട്ടിണി ഇല്ലാതെ കഴിഞ്ഞു കൂടിയത്. ഓർമ്മ വച്ച നാൾ മുതൽ ചോർന്നൊലിക്കുന്ന ഈ കുടിലിൽ ആണ് വളർന്നത്.

ചെറുപ്പം മുതൽ മറ്റു കുട്ടികളുടെ കളിയാക്കലുകളും പിച്ചക്കാരൻ എന്ന വിളിയും കേട്ടാണ് സ്കൂളിൽ പോയിരുന്നത്.

ഉടുതുണിക്ക് മറു തുണി ഇല്ലാതെ ഒരു യൂണിഫോം മാത്രം തുന്നിയുടുത്ത്‌ കുടയില്ലാതെ മഴ നനഞ്ഞു കൊണ്ട് എത്രയോ തവണ മറ്റു കുട്ടികളുടെ മുന്നിൽ പരിഹാസ പാത്രമായി സ്കൂളിൽ പോയിരുന്നു.

അതിനൊക്കെ ദേഷ്യം തീർത്തിരുന്നത് അച്ഛനോടും അമ്മയോടും ആയിരുന്നു.

ചെറുപ്പം മുതലേ മനസ്സിൽ അവരോട് വെറുപ്പായിരുന്നു. എന്തിനു വേണ്ടിയാണ് തന്നെ പ്രസവിച്ചത്…?? നന്നായി വളർത്താനുള്ള ഗതി ഇല്ലെങ്കിൽ എന്തിനു വളർത്തി വലുതാക്കി….?? നല്ലൊരു വീടു പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ലല്ലോ എന്നൊക്കെ ചോദിച്ച് നിരന്തരം ഞാൻ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്തു.

എന്റെ ചോദ്യങ്ങൾക്ക് മറുപടിയായി എന്നും നിശബ്ദമായി അവർ കരയുക മാത്രമാണ് ചെയ്തിരുന്നത്. അതുകൂടി കാണുമ്പോൾ എനിക്ക് ദേഷ്യം ഇരട്ടിക്കുമായിരുന്നൂ.

ഒരിക്കൽ പോലും ഞാനവരെ മനസ്സുകൊണ്ട് സ്നേഹത്തോടെ അച്ഛാ അമ്മേ എന്ന് വിളിച്ചിട്ടില്ലായിരുന്നൂ.

സ്കൂളിൽ കളിയാക്കിയ കൂട്ടുകാരെയും അത് കേൾപ്പിക്കാൻ വേണ്ടി എന്നെ ജനിപ്പിച്ച അച്ഛനോടും അമ്മയോടും മനസ്സ് നിറയെ വെറുപ്പ് മാത്രമായിരുന്നു.

അതുകൊണ്ട് തന്നെ ഈ നാട്ടിൽ നിന്നും രക്ഷപെട്ട് ദൂരെ പോയി പഠിച്ച് നല്ലൊരു നിലയിൽ എത്തണം എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ പ്ലസ് ടു കഴിഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞു എനിക്ക് ഡോക്ടർ ആകണം എന്ന്. അവർ എതിർത്തില്ല…

പഠിപ്പിക്കാൻ പൈസ ഉണ്ടോ ഇല്ലേ എന്നൊന്നും ഞാൻ ആലോചിച്ചില്ല. എൻട്രൻസ് പരീക്ഷയിൽ പാസ്സ് ആയാൽ എംബിബിഎസ് പഠിക്കണം എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചു നിന്നു.

ആഗ്രഹിച്ച പോലെ എംബിബിഎസിന് സീറ്റ് ലഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ. വയനാടിന് എന്നന്നേക്കുമായി വിട പറഞ്ഞു ഞാൻ തിരുവനന്തപുരത്ത്‌ എത്തിച്ചേർന്നു.

സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ വേണ്ടി ഒരായുസ്സ്‌ മുഴുവൻ മുണ്ട് മുറുക്കിയുടുത്ത് കഷ്ടപ്പെട്ട് അച്ഛനും അമ്മയും ചേർത്ത് വച്ച സമ്പാദ്യം എന്റെ പഠിപ്പിനും ഹോസ്റ്റൽ ഫീസിനും മറ്റു ചിലവുകൾക്കുമായി മാസാമാസം മുടങ്ങാതെ അയച്ചു തന്നു കൊണ്ടിരുന്നു.

നാട്ടിലേക്ക് പോകാത്തതിനാൽ ഒരു ദിവസം അച്ഛനും അമ്മയും എന്നെ കാണാനായി കോളജിൽ വന്നു.

അന്ന് അവരോട് ഒരിക്കലും എന്നെ കാണാനായി വരണ്ട എനിക്ക് ആരെയും കാണണ്ട നാട്ടിലേക്കും ഞാൻ വരില്ല എന്ന് പറഞ്ഞു. നിങ്ങള് നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ചിരുന്നെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ പാത്രമായി എനിക്ക് വളരേണ്ടി വരില്ലായിരുന്നു. ഞാൻ കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ടാ ഇവിടെ വരെ എത്തിയത്.

എന്റെ വാക്കുകൾ അവരെ നന്നായി വേദനിപ്പിച്ചു. പിന്നീട് ഒരിക്കലും അവർ എന്നെ കാണാനായി കോളജിൽ വന്നിട്ടില്ല.

എല്ലാം മറന്ന് ഞാൻ പഠനത്തിൽ മാത്രം ശ്രദ്ധിച്ചു. ഒരിക്കൽ പോലും നാടോ വീടോ വീട്ടുകാരോ എന്റെ മനസ്സിലേക്ക് കടന്നു വന്നില്ല. മനസ്സിൽ നിറയെ കുട്ടികാലം മുതൽ അനുഭവിച്ച നാണകേടും കൂട്ടുക്കാർക്കിടയിൽ നിന്നും നേരിട്ട അവഗണനയും കളിയാക്കലുകളും മാത്രമായിരുന്നു.

അതുകൊണ്ട് തന്നെ ഞാൻ എന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിച്ചു. അവസാനം പഠനം പൂർത്തിയാക്കുമ്പോൾ മികച്ച വിദ്യാർത്ഥിക്കുള്ള സമ്മാനത്തിന് അർഹനായപ്പോഴും മകനെന്ന നിലയിൽ ഞാൻ ഒരു പരാജയം ആയിരുന്നെന്ന് മനസിലാക്കിയിരുന്നില്ല.

തുടർന്ന് തിരുനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ടെസ്റ്റ് എഴുതി ജനറൽ ഡോക്ടർ ആയിട്ട് കയറി.

നല്ലൊരു ഡോക്ടർ എന്ന പേര് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ലഭിച്ചു. രോഗികളെ എല്ലാം സ്നേഹത്തോടെ പരിചരിച്ചു പോന്നു. ആയിടയ്ക്കാണ് ഒരു വൃദ്ധൻ തന്റെ സുഖമില്ലാതായ വൃദ്ധയായ ഭാര്യയെയും കൂട്ടി വന്നത്.

അവർക്ക് പനി കൂടുതലായതിനാൽ പത്തു ദിവസത്തേക്ക് അഡ്മിറ്റ് ആക്കിയിരുന്നു. അത്രയും ദിവസം കൊണ്ട് ഞാൻ അവരെ കൂടുതൽ അടുത്തറിഞ്ഞു. ആ അമ്മയെ നന്നേ കഷ്ടപ്പെട്ടാണ് അദ്ദേഹം പരിചരിച്ചിരുന്നത്. അത് കണ്ടിട്ടാണ് ഞാൻ അവരോട് മക്കൾ ആരുമില്ലേ അമ്മയെ നോക്കാൻ എന്ന് തിരക്കിയത്.

“ആണായിട്ടും പെണ്ണായിട്ടും ഒരു മോനെ ഉണ്ടായിരുന്നുള്ളൂ.അവനെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കി. അവന് ഉദ്യോഗം കിട്ടി ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹവും ചെയ്തു…. പഠിപ്പും വിവരവും ഇല്ലാത്ത ഞങ്ങൾ മരുമകൾക്ക് നാണകേട് ആണെന്ന് പറഞ്ഞു അവർ പോയി. മാസം ചിലവിനു മുടങ്ങാതെ പൈസ അയക്കും. പക്ഷേ അതുകൊണ്ടായില്ലല്ലോ ഈ വിശ്രമ വേളയിൽ അല്ലെ മകന്റെ സ്നേഹവും പരിചരണവും മാതാപിതാക്കൾ ആഗ്രഹിക്കുന്നത്…..ഞങ്ങൾക്ക് അത് വിധിച്ചിട്ടില്ല. പൈസ തന്നാൽ തീരുന്നതാണോ സ്നേഹബന്ധം…” ആ മറുപടി എന്നെ വല്ലാതെ നോവിച്ചു.

എന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും പിന്നിൽ അച്ഛന്റെയും അമ്മയുടെയും വിയർപ്പിന്റെ ഫലമാണ് എന്ന് ഞാൻ വേദനയോടെ മനസ്സിലാക്കിയ നിമിഷങ്ങൾ ആയിരുന്നു അത്. അന്നുവരെ എന്റെ പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിയത് എന്ന് സ്വയം അഹങ്കരിച്ചിരുന്നതെല്ലാം വെറുതെയായിരുന്നുന്നെന്നും അവരുടെ കഷ്ടപ്പാടിന്റെയും പ്രാർത്ഥനയുടെയും ഫലം ആണ് ഇവിടെ വരെ എത്താൻ കാരണം എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഞാൻ കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചത്.

ഉടനെ തന്നെ അച്ഛനെയും അമ്മയെയും കാണാൻ ഞാൻ വണ്ടി കയറി. അതുവരെ ഉള്ളിൽ കൊണ്ട് നടന്ന വെറുപ്പ് ഓർത്തപ്പോൾ സ്വയം കഴുത്ത് ഞെ-രിച്ച് കൊ-ല്ലാൻ തോന്നിപ്പോയി. സ്വന്തം അച്ഛന്റെയും അമ്മയുടെയും വില മനസ്സിലാക്കാൻ മകൻ ഉപേക്ഷിച്ചു പോയ മറ്റൊരു അച്ഛനെയും അമ്മയെയും കാണേണ്ടി വന്നു.

ഉള്ളിൽ ഭീതിയോടെയാണ് ഞാൻ വീടിന് നേർക്ക് നടന്നത്. അന്ന് ഇവിടുന്ന് പോകുമ്പോൾ ഓല പാകിയതായിരുന്നു ഇന്നും ഒരു മാറ്റവുമില്ല.

ഞാൻ എന്നെ സ്വയം പുച്ഛിച്ചു. ലോകത്തെ ഏറ്റവും നീചനായ വ്യക്തി ഒരുപക്ഷേ ഞാൻ ആയിരിക്കും.

അകത്ത് നിന്നും നേരിയ തേങ്ങൽ കേൾക്കാം.

“ഈശ്വരാ ചെയ്ത പാപങ്ങൾക്കുള്ള പരിഹാരം ചെയ്യാനുള്ള അവസരം എങ്കിലും തരണേ… അച്ഛനും അമ്മയ്ക്കും ഒന്നും വരുത്തരുതേ…”

ഉമ്മറത്തേക്ക് കാലെടുത്ത് വെച്ചപ്പോൾ തന്നെ ഉള്ളിൽ ഒരാന്തൽ ഉണ്ടായി…
അകത്തേക്ക് കയറി നോക്കിയപ്പോഴാണ് സമാധാനം ആയത്…

ചുമര് ചാരി പൊട്ടിക്കരയുന്ന അവരെ ആരൊക്കെയോ സമാധാനിപ്പിക്കുന്നുണ്ട്.
സകല നിയന്ത്രണവും വിട്ടു ഞാൻ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു.

എന്നെ കണ്ടതും അവരുടെ കണ്ണുകളിൽ ഉണ്ടായ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു.
സങ്കടവും സന്തോഷവും കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.

പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ അവരെ കെട്ടിപിടിച്ചു. ഇത്രയും വർഷത്തിനിടയിൽ ആദ്യമായിട്ടാണ് എന്നിൽ നിന്നും ഇത്തരം ഒരു മാറ്റം അച്ഛനും അമ്മയും കാണുന്നത്. ഒരിക്കൽ പോലും സ്നേഹത്തോടെ ഞാൻ പെരുമാറിയിട്ടില്ല എന്നതായിരുന്നു സത്യം.

തെറ്റുകൾ ഏറ്റു പറഞ്ഞു അവരുടെ പാദങ്ങളിൽ വീണ് ഞാൻ എങ്ങലടിച്ച് കരഞ്ഞു..

“മോനെ നിന്നെ വെറുക്കാൻ ഞങ്ങൾക്ക് കഴിയില്ല. കുട്ടികാലം മുതൽ എന്റെ മോൻ അനുഭവിച്ച മാനസിക അവസ്ഥ കണ്ട് അച്ഛന്റെ നെഞ്ച് പൊടിഞ്ഞിട്ടുണ്ട്. മോൻ അന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്ത് ഉത്തരം നൽകണം എന്നറിയില്ലായിരുന്നു.

എന്നെയും നിന്റെ അമ്മയെയും സ്കൂളിൽ അയച്ചു പഠിപ്പിച്ചില്ല മോനെ. പഠിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ പത്തു വയസ്സ് ആയപ്പോഴേക്കും പണിക്ക് പറഞ്ഞു വിട്ടു. പഠിപ്പിക്കാൻ വിടാൻ വീട്ടിൽ ആർക്കും താൽപര്യം ഇല്ലായിരുന്നു. അതുകൊണ്ടാ മോനെ നിന്നെ കഷ്ടപ്പെടുത്തേണ്ടി വന്നത്…. മോൻ അച്ഛനോടും അമ്മയോടും ക്ഷമിക്ക്…”

“ഇങ്ങനെയൊന്നും പറയല്ലേ അച്ഛാ….നിങ്ങളെ മനസ്സിലാക്കാൻ വൈകി പോയി. മാപ്പ് ചോദിക്കേണ്ടത് ഞാനാ. ഞാനാ പാപി. നിങ്ങളുടെ സ്നേഹവും ത്യാഗവും മനസ്സിലാക്കാൻ കഴിയാതെ പോയതിൽ മാപ്പ്…. സ്കൂളിലെ കളിയാക്കലും ഓരോന്നും കേട്ട് വളർന്നപ്പോൾ അച്ഛനോടും അമ്മയോടും ചെറിയ പ്രായത്തിൽ മനസ്സിൽ കയറി കൂടിയ വെറുപ്പ് എന്റെ കഴിവില്ലായ്മ കൊണ്ട് ഉണ്ടായി പോയതാ. സ്നേഹിക്കുന്നതിനു പകരം ഞാൻ വേദനിപ്പിക്കുകയാ ചെയ്തത്…. എല്ലാത്തിനും മാപ്പ്…. തെറ്റ് മനസ്സിലാക്കാൻ വൈകി പോയി…”

കാലിൽ പിടിച്ചു കരയുന്ന എന്നെ അച്ഛനും അമ്മയും ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. ഉള്ളുരുകി മതിവരുവോളം അച്ഛന്റെ നെഞ്ചില് ചാഞ്ഞു കിടന്നു ഞാൻ കരഞ്ഞു.

സങ്കടം തെല്ലൊന്ന് ശമിച്ചപ്പോഴാണ് ഞാൻ വീടിന് മുന്നിൽ കൂടിയ ആൾകൂട്ടത്തെ പറ്റി ചോദിച്ചത്.

അതുകേട്ടപ്പോൾ വിതുമ്പി കൊണ്ട് അമ്മ പറഞ്ഞു.

“മോനെ ഇന്നലെ അച്ഛന് രണ്ട് ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. വീടൊക്കെ ഒന്ന് നന്നാക്കി എടുക്കാം എത്ര നാളായി ചോർന്നൊലിച്ച് കിടക്കുവാ.എന്ന് കരുതി വച്ചിരുന്ന പൈസ രാത്രി ആരോ കൊണ്ട് പോയി. ഇവിടെ സൂക്ഷിച്ചു വയ്ക്കാനുളള സൗകര്യം കുറവല്ലേ…..”

“സാരമില്ല…. പോയതൊക്കെ പോട്ടെ അമ്മ… നമുക്ക് ഇവിടുന്ന് നല്ല വീട്ടിലേക്ക് പോകാം. ഇത്ര നാൾ വീടിന് വേണ്ടി ചേർത്ത് വച്ച സമ്പാദ്യം ഉപയോഗിച്ച് എന്നെ ഡോക്ടർ ആക്കിയതല്ലെ. ആ പൈസ നമുക്ക് വിധിച്ചിട്ടില്ല….”

“മോൻ തിരിച്ചു വന്നില്ലേ അതിൽ കൂടുലൊന്നും ഞങ്ങൾക്ക് വേണ്ട…” അച്ഛന്റെ വാക്കുകൾ എന്നെ നൊമ്പരപ്പെടുത്തി.

അവരെയും കൂട്ടി ഞാൻ അവിടുന്ന് ജോലി സ്ഥലത്തേക്ക് വന്നു. എത്രയും നന്നായി നോക്കാൻ പറ്റുമോ അത്രയും നന്നായിട്ട് ഞാൻ അച്ഛനെയും അമ്മയെയും പരിചരിച്ചു. ഓർമ്മ വച്ച കാലം മുതൽ നൽകാൻ കഴിയാത്ത സ്നേഹം ഞാനവർക്ക്‌ നൽകി. എന്നിരുന്നാലും കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ ഹൃദയം കീറിമുറിക്കുന്ന വേദന ഞാൻ അനുഭവിച്ചു. എന്തൊരു പാപിയയിരുന്നൂ ഈശ്വരാ ഞാൻ. അച്ഛന്റെയും അമ്മയുടെയും വാത്സല്യം അനുഭവിക്കുമ്പോൾ മാത്രമായിരുന്നു ഏക ആശ്വാസം. മനസ്സ് കൊണ്ട് ഈശ്വരനോടും അച്ഛനോടും അമ്മയോടും ചെയ്തുപോയ തെറ്റുകൾക്ക് ഒരായിരം തവണ ഞാൻ ക്ഷമ യാചിച്ചു.

story by ശിവ എസ് നായർ