തനിയെ ~ ഭാഗം 19, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“വേണി, മോള് സ്കൂളിൽ പോയി തുടങ്ങിയാൽ ഹോസ്പിറ്റലിലെ ജോലി കണ്ടിന്യു ചെയ്യണോട്ടോ നീ. തയ്യൽ നല്ലത് തന്നെ. പക്ഷേ എന്നും ഇങ്ങനെ വർക്ക്‌ കിട്ടിക്കൊള്ളണമെന്നില്ല. ജോലി കളയണ്ട.എക്സ്പീരിയൻസ് ഉണ്ടെങ്കിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാനും സാധ്യതയുണ്ട്.

വേണിയെ കാണാൻ വന്നതായിരുന്നു കാർത്തിക.

ഞാനും അതിനെക്കുറിച്ചു ആലോചിച്ചിരുന്നു.മോളെ ഹോസ്പിറ്റലിനടുത്തു ഏതെങ്കിലും നഴ്സറിയിൽ ചേർത്താലോന്ന്.

“നീ ജോലിക്കു കയറിക്കോ. മോളെ ഞാൻ നോക്കിക്കൊള്ളാം.”

അമ്മ പെട്ടന്ന് കയറി പറഞ്ഞപ്പോൾ വേണി അവിശ്വസനീയതയോടെ അവരെ മിഴിച്ചു നോക്കി. പിന്നെ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

ശാരിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം അമ്മ ആകെ മാറിയിരിക്കുന്നു. ഇത്രയുംകാലം അവളെയോർത്തുള്ള ആകുലതകൾ നിറഞ്ഞു നിന്നത് കൊണ്ടാകാം അമ്മയിങ്ങനെ പരുക്കനായിപ്പോയതെന്നു വേണിക്ക് തോന്നി.

സങ്കടങ്ങളും, ആകുലതകളും ഒന്നിറക്കി വെക്കാൻ അമ്മയ്ക്കും ആരുമില്ലായിരുന്നല്ലോ.

ജോലിക്ക് കയറി ഒരു മാസത്തിനകം അവൾക്ക് എൽ. എഫ്. ഹോസ്പിറ്റലിലേക്ക് മാറ്റം കിട്ടി. പ്രതീക്ഷിച്ചതിലും നല്ലൊരു സാലറിയോടെ.

തനിയെ തുഴഞ്ഞാലും ജീവിതം ഒരു കരപറ്റുമെന്ന ആത്മവിശ്വാസം അവളിൽ പുതിയൊരു ഉണർവ്വ് നൽകി. ജോലി കഴിഞ്ഞു വന്നാൽ ബാക്കി സമയം മുഴുവൻ തയ്യൽ ജോലികൾക്കായി മാറ്റി വെച്ചു.വീട്ടു ചിലവുകളെല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി.

അമ്മ എല്ലാറ്റിനും റസ്റ്റ്‌ കൊടുത്ത് മോൾടെ കാര്യങ്ങളും, വീട്ടു ജോലികളുമായി ഒതുങ്ങിക്കൂടി.

ശ്രുതിമോൾക്ക് രണ്ടു വയസ്സ് കഴിഞ്ഞു. ഒന്നോ രണ്ടോ തവണ തുളസി അവളെ കാണാൻ വന്നു. അവരുടെ ഭർത്താവ് മരിച്ചു പോയെന്നും, തിരികെ വന്ന് തറവാട്ടിൽ താമസം തുടങ്ങിയെന്നും സംസാരമദ്ധ്യേ അവർ വേണിയോട് പറഞ്ഞു.

വീട് വിൽക്കാനുള്ള ശ്രമമാണ് ചേച്ചിമാർ. ഓരോഹരി വേണിക്ക് കൊടുക്കാനും തീരുമാനമായിട്ടുണ്ട്.

എന്റെയും മോൾടെയും ഷെയർ ചേർത്ത് നമുക്കൊരു വീട് മേടിക്കാം. കുട്ടീടെ അഭിപ്രായം പറഞ്ഞോളൂ.

അത് വേണ്ട. എന്റെ ഷെയർ എനിക്ക് തന്നേക്കൂ. എന്നെങ്കിലും സ്വന്തമായി ഒരു വീടുണ്ടാക്കണം. ആരെയും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ പറ്റണം. അതിന് വീട് എന്റെ പേരിൽത്തന്നെ വേണം.

വേണി തുളസിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു.

ശരിയെന്നാൽ… എല്ലാം മോൾടെ ഇഷ്ടം.മോൾക്കുള്ളത് അങ്ങോട്ട് തന്നേക്കാം.

അവർ പടികടന്നു പോയപ്പോൾ അവൾക്ക് പെട്ടന്ന് പ്രസാദിനെ ഓർമ്മ വന്നു. കുന്നോളം സ്വപ്നങ്ങളെ താലോലിച്ച് അവന്റെയൊപ്പം ആ വീട്ടിലേക്കു കയറിച്ചെന്ന ദിനങ്ങൾ.

വേണ്ട.. ഒന്നുമിനി ഓർക്കേണ്ട. അതൊരു സ്വപ്നമായിരുന്നു.മറന്നു കളഞ്ഞേക്ക്.

അവൾ സ്വയം ശാസിച്ചു.

ഒരുപാട് സ്നേഹം കാട്ടി, മടുക്കുമ്പോൾ വലിച്ചെറിയാൻ ചിലർക്കൊക്കെ വല്ലാത്ത കഴിവാണ്. അതുവരെ എനിക്കാരുമില്ലെന്നു മൂതലക്കണ്ണീരോഴുക്കുന്നവർ നിമിഷനേരം കൊണ്ട് ചുറ്റിലുമൊരു ആൾക്കൂട്ടം സൃഷ്ടിക്കും. അവിടെ തനിച്ചായി പോകുന്നത് വിശ്വസിച്ചും, സ്നേഹിച്ചും കൂടെ കൂട്ടിയവർ മാത്രമാകും.

“വേണി, പ്രസാദ് തിരിച്ചു വന്നൂട്ടോ.

ഒരു ദിവസം ലഞ്ച് ബ്രേക്കിൽ ഷീജയെ വിളിക്കുകയായിരുന്നു വേണി.

“ഉവ്വോ…? ലീനയുമുണ്ടോ കൂടെ..?

“ഇല്ല… അവളെ കാണാനില്ല ന്ന്.

രണ്ടുപേരും തമിഴ് നാട്ടിൽ എവിടെയോ ആയിരുന്നു. അവിടെ വെച്ച് പ്രസാദിന് എന്തോ ആക്‌സിഡന്റുണ്ടായി. കോമയിൽ ആയിരുന്നുത്രേ. അവൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ അവളെങ്ങോട്ടോ മുങ്ങി. ബോധം തെളിഞ്ഞപ്പോ പ്രസാദ് ഇവിടെയുള്ള ആരുടെയോ നമ്പർ കൊടുത്തു.അവർ നാട്ടിൽ അറിയിച്ചു.

തുളസിചേച്ചിയും, വേറെ ആരൊക്കെയൊ ചേർന്ന് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നു. ഇപ്പോഴും ട്രീറ്റ്മെന്റ്ലാ. എഴുന്നേറ്റു നടക്കാനൊന്നും വയ്യ.

“ഉം…. അവളൊന്നു മൂളി.കേട്ടതൊന്നും മനസ്സിനെ സ്പർശിച്ചിട്ടു പോലുമില്ല.

“എവിടെയാ അവനിപ്പോ താമസം.?

“തുളസി ചേച്ചി ഒരു വീട് എടുത്തിട്ടുണ്ട് വാടകക്ക്. തറവാട് വിറ്റു പോയില്ലേ. ഇനിയിപ്പോ ആ ചേച്ചിയുടെ കഷ്ടകാലം. അവര് നോക്കണ്ടേ ഇനിയെല്ലാം.

ഉം…. വേണി അതിനും വെറുതെ മൂളി.

ദൈവശിക്ഷ വേണ്ടുവോളം കിട്ടിയിരിക്കുന്നു.

അവളൊന്നു നിശ്വസിച്ചു.

“നീയൊന്ന് പോയി കണ്ടിട്ട് പോരേ. അവൻ ഇടയ്ക്കിടെ നിന്റെ പേര് ചൊല്ലി വിളിക്കുന്നെന്നു തുളസി വിളിച്ചപ്പോൾ പറഞ്ഞാരുന്നു.

എന്തായാലും ഈ കൊച്ച് അവന്റെയല്ലാതാകില്ല ല്ലോ. ഒന്ന് പോയി കണ്ടെന്ന് വെച്ച് ഒരു കുഴപ്പവും വരാനില്ല.

ഡ്യൂട്ടി കഴിഞ്ഞു വീടെത്തിയപ്പോൾ അമ്മ അവളെ ഉപദേശിച്ചു.

ഞാൻ എങ്ങോട്ടുമില്ല. അങ്ങനെയൊരച്ചൻ എന്റെ മോൾക്കില്ല.ഇനിയീക്കാര്യം എന്നോട് പറയണ്ട. കേട്ടല്ലോ.

വേണി അവരോട് ദേഷ്യപ്പെട്ടു.

ഏറെ ദിവസങ്ങൾക്ക് ശേഷം തുളസിയുടെ കാൾ അവളെത്തേടിയെത്തി.

“മോളേ.. പ്രസാദ് നിന്നെയും മോളെയും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഈയിടെ കൊച്ചു കുട്ടികളെപ്പോലെ വാശി പിടിച്ചു തുടങ്ങിയിരിക്കുന്നു. ഒന്ന് വന്നിട്ട് പൊയ്ക്കൂടേ.

“അവൻ വാശി പിടിക്കട്ടെ. എന്നോട് ചെയ്തതെല്ലാം ഓർത്തവൻ നെഞ്ചു പൊട്ടി കരയട്ടെ. അവന്റെ മോളല്ല എന്ന് അവൻ സ്വയം ചമച്ചെടുത്ത ഒരു കാരണം കൊണ്ട് എന്റെ മോൾക്ക് ഒരു ഷഡ്ഢിയെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ. പിറന്നാളിനെങ്കിലും ഒരു മിഠായിത്തുണ്ട് വാങ്ങി കൊടുത്തോ.എന്നിട്ട് മോളെ കാണണം ത്രേ.

ഓരോ സ്ത്രീകളുടെയും പേര് ചേർത്തു ഓരോന്ന് കേൾക്കുമ്പോ എന്തുമാത്രം വേദനിച്ചിരുന്നു എന്റെ മനസ്സ്. ഒടുവിലത് കണ്മുന്നിൽ കാണേണ്ടിയും വന്നു.

വേണിക്ക് അവനോട് ക്ഷമിക്കാൻ കഴിയില്ലന്ന് പറഞ്ഞേക്ക്. ഇങ്ങനെയൊരു വ്യക്തി ഇനിയെന്റെ ലൈഫിലില്ലാ.

ഇനിമേലിൽ ഇക്കാര്യം പറഞ്ഞു അമ്മയെന്നെ വിളിക്കണ്ട. അവനെ ചികിൽസിക്കാനുള്ള പണമോ, മനസ്സോ എന്റെ കൈവശമില്ല.

ലോകം കാൽക്കീഴിലാക്കി, മദിച്ചു നടന്നപ്പോൾ വേണിയെ അവന് പുച്ഛമായിരുന്നു. എല്ലാം ഒടിഞ്ഞു തൂങ്ങി വീണുപോയപ്പോ വേണിയെ ഓർമ്മ വന്നു അല്ലെ.

പട്ടിണിയും വിശപ്പും പേറി മോളെയും മടിയിൽ വെച്ച് അടുക്കളച്ചുമരും ചാരിയിരുന്നു കരയുന്ന വേണിയെ കണ്ടിട്ടും കാണാത്ത പോലെ അവഗണിച്ചു കടന്നു പോയിട്ടുണ്ടവൻ.

വേണി വിശന്നു കരഞ്ഞുറങ്ങിയ രാത്രികളിൽ കാമുകിമാർക്കൊപ്പം ആഘോഷിക്കുകയായിരുന്നു അവൻ.

ഇപ്പോ അതൊക്കെ ഓർമ്മ വന്നു കാണും…ഓർക്കട്ടെ… ഓർത്ത് നെഞ്ചു പൊട്ടി കരയട്ടെ… അതിന്റെയിരട്ടി കണ്ണുനീർ വീണിട്ടുണ്ട് ആ പഴയ വീടിന്റെ ഓരോ കോണിലും. വേണിയുടെ നെഞ്ചുരുകി വീണ കണ്ണുനീർ.

ഇനിയവൻ കരയട്ടെ.. എന്റെ ഹൃദയത്തിൽ നിന്നടർന്ന തുള്ളികളുടെ ഇരട്ടിയായി അവന്റെ ഹൃദയം മുറിഞ്ഞു മുറിഞ്ഞു വീഴട്ടെ . വേണിക്കതു കേട്ട് പൊട്ടിപ്പൊട്ടി ചിരിക്കണം.

ഇനിയങ്ങോട്ട് വേണിയുടെ ദിവസങ്ങളാ വരാൻ പോകുന്നത് എന്നുകൂടി അവനോടു പറഞ്ഞേക്ക്.

അവൾ ഒരു കിതപ്പോടെ ഫോൺ കട്ട്‌ ചെയ്തു. പിന്നെ സംതൃപ്തിയോടെ കട്ടിലിലേക്ക് ചാരിയിരുന്നു. ഇതുവരെ ഒതുക്കി വെച്ച കാർമേഘങ്ങൾ പെയ്തു തോർന്ന ആശ്വാസത്തോടെ.

തുടരും….