കടലെത്തും വരെ ~ ഭാഗം 06, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ബസ് ഇറങ്ങി നന്ദൻ ചുറ്റുമൊന്നു നോക്കി .ഒരു മാറ്റവുമില്ല.ഒരു വർഷം മുന്നേ വന്നതാണ് .തറവാട്ടിൽ ഒരു പൂജ നടന്നപ്പോ വന്നേ പറ്റു എന്ന്  നിർബന്ധിച്ചത് കൊണ്ട് വന്നതാണ് .പിന്നെ പാർവതി മകളെയും കൂട്ടി ഒരിക്കൽ വന്നു .പിന്നെ ഇപ്പോഴാണ് വരുന്നത് .

“വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ കാർ  അയച്ചേനെ .”പാർവതി ബാഗ് ഇടത്തെ കയ്യിലേക്ക് മാറ്റി പിടിച്ചു കൈ കുടഞ്ഞു

“ഓ ഇതിപ്പോ നടക്കാവുന്ന ദൂരമല്ലേയുള്ളു “നന്ദൻ പാതയോരങ്ങളിലേക്ക് നോക്കി പറഞ്ഞു. മൂന്ന് വളവു തിരിഞ്ഞാൽ തറവാടായി

“ലഗേജ് ഉള്ളത് കൊണ്ട ..ഹൂ “അവൾ നിന്നു

നന്ദൻ ചിരിയോടെ പാർവതിയുടെ കൈയിലെ  ബാഗ് കൂടി വാങ്ങി തോളിലിട്ട് നടന്നു തുടങ്ങി

പാർവതി ഒരു കള്ളച്ചിരി ചിരിച്ചു കൈ ഒക്കെ വീശി നടന്നു തുടങ്ങി ശ്രീകുട്ടിയെയും  ചേർത്ത് പിടിച്ചു

“നിനക്ക് ഇത് പോലെയുള്ള ഗ്രമങ്ങളാണോ നഗരങ്ങളാണോ ഇഷ്ടം ?”
അവൾ മോളോട് ചോദിച്ചു

ശ്രീക്കുട്ടി കുറച്ചു നേരം  ആലോചിച്ചു

“അതിപ്പോ എവിടെയാണെങ്കിലും സ്നേഹം ഉള്ളവരുടെ ഒപ്പം ആണെങ്കിൽ സന്തോഷം “

“ആഹാ കൊള്ളാമല്ലോ അച്ഛന്റെ മോൾ തന്നെ ..എത്ര ഡിപ്ലോമാറ്റിക് ആയിട്ട പറഞ്ഞത് ഉത്തരം “

“അതിപ്പോ ഡിപ്ലോമസി അല്ല പാറു.സത്യമല്ലേ ? നമ്മൾ ജീവിക്കുന്നിടം എവിടെയാണെങ്കിലും നമുക്കു പ്രിയപ്പെട്ടവർ ഒപ്പമില്ലെങ്കിൽ എന്താ രസം?നമ്മൾ സ്നേഹിക്കുന്ന നമ്മെ സ്നേഹിക്കുന്നവർ ഒപ്പം ഉളളതാണ് സ്വർഗം. അത് കുടിലാണെങ്കിലും കൊട്ടാരമാണെങ്കിലും “നന്ദൻ പറഞ്ഞു

“ഓ സമ്മതിച്ചു ..പക്ഷെ എനിക്കുണ്ടല്ലോ ഇവിടെ ഒക്കെ ഇടക്ക് മിസ് ചെയ്യും ..ദേ ഈ ചാഞ്ഞു കിടക്കുന്ന മാവുണ്ടല്ലോ ഇവിടെയാണ് ഞങ്ങൾ കുട്ടികൾ ഊഞ്ഞാല് ഒക്കെ കെട്ടിയാടുക .തറവാട്ടിലും ഉണ്ട് ഊഞ്ഞാല് .പക്ഷെ അവിടെ കളിക്കുന്നതിനു നിയന്ത്രണം ഉണ്ടല്ലോ. ഇവിടെ ആരും കാണില്ല. ഞങ്ങൾ കുട്ടികൾ അവധിക്കാലം മുഴുവൻ ഈ പറമ്പിലാ.നന്ദൻ ആ വയസ്സൻ മാവിലേക്ക് നോക്കി നിറയെ മാങ്ങാ കായ്ച്ചു നിൽപ്പുണ്ട് .അതിനു അടുത്തായി വലിയ ആഞ്ഞിലി മരം പിന്നെ തെക്ക് പ്ലാവ് ..അങ്ങനെ നിറച്ചും മരങ്ങളുള്ള പറമ്പുകൾ.

“ഇതിനു താഴെ ഒരു വയലുണ്ട് ചെറുതാ.അത് കൊണ്ട് നെൽ  കൃഷി ഇറക്കില്ല.പച്ചക്കറി ചെയ്യാൻ ഞങ്ങൾ കുട്ടികളെ ഏൽപ്പിക്കും .ആർക്കാണ് ഏറ്റവും വിളവ് കിട്ടുക അവർക്കു സമ്മാനവും ഉണ്ട് .”പാർവതി ഉത്സാഹത്തോടെ പറഞ്ഞു

“അതിനൊന്നാം സ്ഥാനം അമ്മയ്ക്ക് തന്നെ ആവും .നമ്മുട ഇച്ചിരി കുഞ്ഞൻ സ്ഥലത്തു എന്ത് മാത്രമ അമ്മ പച്ചക്കറി നട്ടു പിടിപ്പിച്ചേക്കുന്നേ. എന്റെ കൂട്ടുകാർക്കൊക്കെ അത്ഭുതമാ .ഈ കുഞ്ഞു സ്ഥലത്തു എങ്ങനെയാ ഇത്രയധികം ചെടികളും പച്ചക്കറികളും ഒക്കെ എന്ന് അവർ എന്നോട് ചോദിക്കും “

പാർവതി ചിരിച്ചു

“അതെനിക്ക് വലിയ ഇഷ്ട .ചെടികള്,പൂക്കൾ, പച്ചക്കറികള് ..അതൊക്കെ നട്ടു നനച്ചു വളർത്തുന്ന ഒരു സുഖം സത്യത്തിൽ ൽ ഒരു സർക്കാർ ജോലിക്കും കിട്ടില്ല മോളെ ..”

നന്ദൻ ചിരിച്ചു

“പക്ഷെ  കൃഷി കൊണ്ടൊന്നും ജീവിക്കാൻ വയ്യ ഇപ്പൊ. അത് കൊണ്ട്  നീ നിന്റെ സർക്കാർ ജോലിയെ  .കുറ്റം പറയണ്ട ട്ടോ “

നന്ദൻ പറഞ്ഞു

“ഞാൻ ഒന്ന് താരതമ്യം ചെയ്തു പറഞ്ഞതാണ് .കൃഷി മനസിന് സുഖംകിട്ടുന്നതാ  എന്ന് പറഞ്ഞതാ “പാർവതി പറഞ്ഞു

കാവിനടുത്തു കൂടി വന്നപ്പോൾ അവർ നിന്നു

ശ്രീക്കുട്ടി കണ്ണടച്ച് പ്രാത്ഥിക്കുന്നതു കൗതകത്തോടടെ നോക്കി നിന്നു നന്ദൻ .അല്ലെങ്കിലും ശ്രീക്കുട്ടി ഭയങ്കര വിശ്വാസിയാണ് .ആരും പറഞ്ഞു കൊടുത്തട്ടൊന്നുമല്ല ദിവസവും ക്ഷേത്രത്തിൽ പോകുന്നതും വിളക്ക് കൊളുത്തുന്നതുമൊക്കെ .നന്ദന് അത്രയ്ക്ക് അങ്ങോട്ടു ഭക്തി ഒന്നുമില്ല .ഒരു അദൃശ്യ ശക്തി ഉണ്ടെന്നു അവനറിയാം .അത് ദേവാലയങ്ങളിൽ ആണ് എന്ന വിശ്വാസമൊന്നും ഇല്ല .പിന്നെ പാർവ്വതിക്കും ശ്രീകുട്ടിക്കും വേണ്ടി ഒപ്പം പോകും .അവരുടെ വിശ്വാസങ്ങളെ എതിർത്ത് സംസാരിക്കുകയുമില്ല.തന്റെ വിശ്വാസം തനിക്ക്.അവരുടെ അവർക്ക്.ആ പക്ഷക്കാരനാണ് അവൻ

“വരുന്ന വഴിയായിരിക്കും “

പുത്തൻപുരയ്ക്കൽ രാജീവനാണ് .സ്കൂൾ ടീച്ചർ ആണ് .ഇവിടെ വരുമ്പോൾ ഉള്ള നന്ദന്റെ കൂട്ട്

“അതെ പുലർച്ചെ തിരിച്ചു. എന്നിട്ടും ഉച്ചയാകാറായി “നന്ദൻ ചിരിച്ചു

“വൈകുന്നേരം ഇറങ്ങുമല്ലോ വീട്ടിലേക്ക് ..”

“നോക്കട്ടെ അവിട  തിരക്കില്ലെങ്കിൽ തീർച്ചയായും വരാം.നാളെ ഉത്സവമല്ലേ ?അതിന്റെ ഒരുക്കങ്ങൾ കാണും .പിന്നെ കല്യാണ നിശ്ചയത്തി ന്റെ തിരക്ക്. എന്നാലും വരും ..താനും വരുമല്ലോ അങ്ങോട്ട് “

“പിന്നെ വരാതെ?നമ്മുടെ കുട്ടിയുടെ കല്യാണ നിശ്ചയം. നമ്മുടെ കാവിലെ ഉത്സവവും ..നമ്മൾ ഇല്ലാതെ എന്ത് ആഘോഷം ?”

നന്ദൻ പൊട്ടിച്ചിരിച്ചു

“ശ്രീക്കുട്ടി ഇപ്പൊ എട്ടിലാണ് .അല്ലെ ?”

ശ്രീക്കുട്ടി അതെ എന്ന് തലയാട്ടി

“പഠിത്തമൊക്കെ ങ്ങനെ പോകുന്നു മോളെ ?”

“നന്നായി പോകുന്നു അങ്കിൾ “അവൾ ചുറുചുറുക്കോടെ പറഞ്ഞു

“മിടുക്കിയായിട്ട് പഠിക്കണം.എന്താവാനാണ് മോൾക്കിഷ്ടം ?”.അവൾ അച്ഛനെ ഒന്ന് നോക്കി “പറഞ്ഞോളൂ എന്ന് തലയാട്ടി നന്ദൻ പുഞ്ചിരിച്ചു

“നിക്ക് ബിസിനസ് വുമണവണമെന്നാ “അവൾ നേർത്ത ലജ്ജയോടെ പറഞ്ഞു

“ആഹാ മിടുക്കി.ഞാൻ വിചാരിച്ചു ഡോക്ടറോ  കളക്ടറോ ക്കെ ആവണമെന്ന് ആവും പറയുക എന്ന് .ഇതിപ്പോ കൊള്ളാല്ലോ നന്നായി ട്ടോ .”രാജീവൻ വാത്സല്യത്തോടെ പറഞ്ഞു

ശ്രീക്കുട്ടി വിനയത്തോടെ  തലയാട്ടി

“സുഖമല്ലേ പാറു?”

“അതെ ചേട്ടാ “പാർവതിയും മറുപടി പറഞ്ഞു

“ശരി നിങ്ങൾ നടന്നോ .അവിടെ പകുതിയും ആൾക്കാർ ഇന്നലെ തന്നെ എത്തിക്കഴിഞ്ഞു. ഞാൻ ഇപ്പൊ അവിടെ നിന്ന വരുന്നത്  .കുറെ പേര് ഓൺ ദി വേയാ. .ലേറ്റ് ആക്കണ്ട വേഗം നടന്നോളു “

“അങ്ങനെ ആവട്ടെ രാജീവാ കാണാം “

“കാണാം “രാജീവൻ നടന്നു തുടങ്ങി

“ആരൊക്കെ വന്നോ ആവൊ “.പാർവതി ഉത്സാഹത്തോടെ പറഞ്ഞു

അവളുടെ നടത്തത്തിന്റെ സ്പീഡ് കൂടി. ശ്രീക്കുട്ടി അത് കണ്ടു ചിരിച്ചു കൊണ്ട് അച്ഛനെ നോക്കി

“നീ ചിരിക്കേണ്ട.ഒരിക്കൽ നീയും കല്യാണം കഴിഞ്ഞു പോകും .പിന്നെ കിട്ടുന്ന അവധികളിൽ ഇങ്ങനെ അച്ഛനെയും അമ്മയെയും കാണാൻ വരും .അന്ന് ഇത് പോലത്തെ എക്സൈറ്റമെന്റ് നിനക്കും ഉണ്ടാകും “നന്ദൻ കളിയിൽ പറഞ്ഞു

“അത് അച്ഛന് വെറുതെ തോന്നുന്നത “ഞാൻ അച്ഛനെയും അമ്മയെയും വിട്ടു വേറെ ഒരിടത്തു കല്യാണം കഴിച്ചു പോകില്ല .കല്യാണം കഴിക്കുന്ന ആൾ എന്റെ വീട്ടിൽ താമസിക്കട്ടെ .ഒരു മാറ്റം നല്ലതല്ലേ ?”അവൾ പുരികം തെല്ല് ഉയർത്തി

“ബെസ്ററ്.അതിനു ആരെങ്കിലും സമ്മതിക്കുമോ മോളെ ?ഇപ്പൊ തന്നെ കല്യാണം കഴിഞ്ഞു ഉടനെ ഒരു ഫ്ലാറ്റ് എടുത്തു മാറി താമസിക്കുന്നതാണ് ആൾക്കാരുടെ ശീലം ..അപ്പോഴാ. അച്ഛനും അമ്മയുമൊക്കെ പിന്നേ പലർക്കും ഒരു ബാധ്യതയാവും. ജീവിതം എൻജോയ് ചെയ്യാനുള്ളതാ എന്നല്ലേ പലരുടെയും കോൺസെപ്റ് “

“ഞാൻ അങ്ങനെയാവില്ലന്നേ പറഞ്ഞുള്ളു . ഞാൻ നമ്മുട വീട്ടിൽ തന്നെ ആവും താമസിക്കുക .ജോലി സംബന്ധമായി മാറി താമസിക്കേണ്ടി വന്നേക്കാം. അത് താല്കാലികമായതല്ലേ ?പക്ഷെ ഞാൻ എന്നും നിങ്ങൾക്കൊപ്പമായിരിക്കും .അതാണ് എന്റെ സന്തോഷം “

നന്ദന്റെ കണ്ണ് ഒന്ന് നിറഞ്ഞു അത് മറച്ചു അയാൾ ചിരിച്ചു

“അച്ഛനല്ലേ ഇപ്പൊ പറഞ്ഞത് എവിടെയാണെങ്കിലും നമുക്ക് പ്രിയപ്പെട്ടവരുടെ ഒപ്പം ജീവിക്കുന്നതാണ് നമ്മുടെ സന്തോഷം എന്ന്.അവിടെയാണ് നമ്മുടെ സ്വർഗമെന്ന് ..അപ്പൊ ഇതാണ് എന്റെ സന്തോഷം “

“അച്ഛനും മോളും  കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞൂ ചുമ്മാ സമയം കളയണ്ട.ഇനി എത്ര വര്ഷം കിടക്കുന്നു ..ഈ തീരുമാനം ഒക്കെ മാറാനും അത്ര സമയമൊന്നും വേണ്ട ..എന്നെ തന്നെ നോക്കിയേ.ഈ നാട് വിട്ട് ഒരിടത്തും പോകില്ല എന്ന് വാശി പിടിച്ച ഞാൻ നിന്റെ അച്ഛനെ കണ്ടതും ഡിം തീർന്നു “

പാർവതി ചിരിച്ചു

“അത് പ്രണയത്തിനു ‘അമ്മ ഒന്നാം സ്ഥാനം കൊടുത്തിട്ടാ.ഞാൻ അതിനു ഒരിക്കലും ഫസ്റ്റ് ചോയ്സ് കൊടുക്കില്ല ..എന്റെ ചോയ്സ് എന്നും എന്റെ അച്ഛമുമമ്മയുമാ .അത് കഴിഞ്ഞ ഇനി ആരുമുള്ളു “

പാര്വ്വതിയുടെ കണ്ണ് വിടർന്നു ശ്രീക്കുട്ടി പണ്ടേ ഇങ്ങനെയാണ് അറുത്തു മുറിച്ച വാക്കുകൾ പറഞ്ഞാൽ പറഞ്ഞതാണ് ..

വളരെ ആലോചിച്ചു മാത്രം പറയുകയുള്ളൂ എന്ന് മാത്രം

“നന്ദ ..ഇവൾ നമ്മുടെ തന്നെ മോളാണോ എന്നൊരു സംശയം “

പാർവതി മെല്ലെ പറഞ്ഞു കൊണ്ട് അവനെ നടന്ന് തോണ്ടി

“അവൾ നമ്മുട മാത്രം മകൾ ആണ് ..മകൾ എന്നാൽ ഇങ്ങനെ തന്നെ ആണ് വേണ്ടത്. അല്ലാതെ…”

നന്ദൻ കുസൃതിയിൽ പാതി നിർത്തി 

“അയ്യടാ “അവൾ അയാളുടെ വയറ്റത്ത് ഒന്ന് നുള്ളി

ദൂരെ മാളികപ്പുറത്തിന്റെ ഔട്ഹൗസിലെ മട്ടുപ്പാവിൽ ബൈനോക്കുലറിലൂടെ ആ കാഴ്ച കണ്ടു നിന്നയാളുടെ കണ്ണുകൾ കുറുകി അണപ്പല്ലുകൾ ഞെരിഞ്ഞു

അയാൾ ബൈനോക്കുലർ മാറ്റി ഒരു സി-ഗരറ്റിനു തീ കൊളുത്തി.

തുടരും