കടലെത്തും വരെ ~ ഭാഗം 09, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അല്ലെങ്കിൽ തന്നെ ഇപ്പൊ ഭാര്യ ഭർത്താവു എന്ന ഒരു ലേബൽ മാത്രമേയുള്ളു

പാർവതി …തൻറെ പാറുക്കുട്ടി

എന്നും തന്റെ ഒരേയൊരു സ്വപ്നം

തെറ്റല്ലേ അത്. ആരോ ഉള്ളിലിരുന്ന് പറയുന്നുണ്ട്. പ്രണയത്തിലും യു ദ്ധത്തിലും ശരി തെറ്റുകൾ ഇല്ല എന്ന് പറഞ്ഞ മഹാനാരാണ്?

ശരിക്കും പറഞ്ഞാൽ പ്രണയം ഒരു യുദ്ധം തന്നെ അല്ലെ? കിട്ടിയില്ലെങ്കിൽ പിടിച്ചടക്കാൻ തോന്നുന്നതെന്തോ ഉണ്ട് രണ്ടിലും. കിട്ടും വരെ അത് ഒരാവേശമാണ്

പാർവതി ഇപ്പൊ അതാണ്, കിട്ടാൻ ഉള്ള ആവേശം. കിട്ടിയേ തീരു എന്നാ വാശി

വർഷങ്ങൾ കഴിയുമ്പോൾ അത് കൂടി വരുന്നു. ഒരു ജീവിതം അല്ലേയുള്ളു. അവൾക്കൊപ്പം വേണമത്.

🍁🍁🍁🍁

“ഇതാണെന്റെ നന്ദൻ”

അതിസുന്ദരനായ ഒരു യുവാവിന്റെ വലം കൈയിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് പാർവതി അഖിലയോട് പറഞ്ഞു

അഖിൽ ഒരു വേള കണ്മിഴിച് ആ ഭംഗിയിൽ ലയിച്ചു നിന്ന് പോയി

പാർവതിക്ക് അത് കണ്ടിട്ട് ചിരി വന്നു

നന്ദന് നേരിയ ജാള്യതയും

പാർവതിക്ക് ഈ അന്തം വിടലൊന്നും പുതുമയുള്ളതല്ല. പലപ്പോഴും കൂട്ടുകാരെ, അല്ലെങ്കിൽ ആരെയെങ്കിലും പ്രത്യേകിച്ച് സ്ത്രീകളെ പരിചയപ്പെടുത്തുമ്പോളവരിങ്ങനെ നന്ദനെ നോക്കി മതിമറന്നു നിൽക്കുന്നത് അവൾ കണ്ടിട്ടുണ്ട് ,നന്ദന്റെ സൗന്ദര്യമുള്ള ഒരാളെ അധികം കണ്ടിട്ടില്ല എന്ന് ഏറ്റവും അടുത്ത കൂട്ടുകാരി വീണ പോലുംഅവളോട് പറഞ്ഞിട്ടുണ്ട് ,സിനിമയിലായിരുന്നെങ്കിൽ മമ്മൂട്ടി ഫീൽഡ് ഔട്ട് ആയേനെ മോളെ എന്നുമവൾ പലതവണ കളിയാക്കിയിട്ടുണ്ട്

ഒരു സിനിമാതാരത്തിനേക്കാൾ ഭംഗിയുണ്ടയാൾക്ക് അഖില മനസ്സിൽ ഓർത്തു.
നല്ലഉയരം നന്നേ വെളുത്ത നിറം സാധാരണ മലയാളി പുരുഷന്മാരുടെ ഒരു ഭംഗി അല്ലായിരുന്നു അത്.

ബ്രൗൺ നിറമുള്ള കണ്ണുകൾ ആരെയും വീഴ്‌ത്തുന്ന മയക്കുന്ന കണ്ണുകൾ

“നന്ദൻ മലയാളിയാണോ ?”അവൾ ചോദിച്ചു പോയി

“അതെ “നന്ദൻ ചിരിച്ചു

“കണ്ടാൽ ഉത്തരേന്ത്യൻ പുരുഷന്മാരെ പോലെയുണ്ട് “അവൾ സത്യസന്ധമായി പറഞ്ഞു

“‘അമ്മ പഞ്ചാബി ആയിരുന്നു “നന്ദൻ മെല്ലെ പറഞ്ഞു

“ഓ അതാണ് ആ ഭംഗി കിട്ടിയത് ..പഞ്ചാബി പുരുഷന്മാരല്ലേ ഇന്ത്യയിൽ തന്നെ ഏറ്റവും ബാക്കിയുള്ളവർ ?”

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. നന്ദനും ചിരിച്ചതേയുള്ളു

“അതെങ്ങനെയാ പഞ്ചാബി റിലേഷൻ ..അച്ഛൻ അവിടെയായിരുന്നുവോ ജോലി ചെയ്തിരുന്നത് ?”

“അല്ല ‘അമ്മ അച്ഛന്റെ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് .അവർ വളരെ വര്ഷങ്ങളായി കേരളത്തിൽ ഉള്ളവരാണ് .മിക്കവാറും പേര് തിരിച്ചു പോയി .അമ്മയും അമ്മയുടെ അച്ഛനും മാത്രം ഇവിടെ ജോലിയുള്ളതു കൊണ്ട് ഇവിടെ തങ്ങി”

“ബാക്കി ഞാൻ പറയാം ..പാർവതി ഇടയ്ക്ക് കയറി.

“നന്ദന്റെ അമ്മയുടെ അച്ഛൻ മരിച്ചപ്പോ അമ്മ ഒറ്റയായി അപ്പോഴേക്കും നന്ദന്റെ അച്ഛനും അമ്മയും കൂടി പ്രണയത്തിൽ ആയി കഴിഞ്ഞിരുന്നു .പിന്നെ റിലേറ്റീവ്സ് കൊണ്ട് പോകാൻ വന്നെങ്കിലും അവർ പോയില്ല .വലിയ വിപ്ലവം സൃഷ്‌ടിച്ച പ്രണയമായിരുന്നു ഞങ്ങളുടെ പോലെ.. അവൾ ചിരിച്ചു .”കുറച്ചു കഴിഞ്ഞു അവർ വിവാഹം കഴിച്ചു .ആ അമ്മയുടെ അതെ ഐശ്വര്യവും നിറവുമൊക്കെയാ നന്ദന് “

“ആഹാ കൊള്ളാമല്ലോ ..സിനിമയിൽ ഒരു കൈ നോക്കിക്കൂടെ നന്ദന് ?പലരും ഔട്ട് ആയി പോകും കേട്ടോ “

നന്ദൻ നേര്മയായി ഒന്ന് ചിരിച്ചു

“ഭക്ഷണം കഴിച്ചായിരുന്നോ അഖില ?”അവൻ ചോദിച്ചു

“എന്നെ അറിയാമോ ?എന്റെ പേരൊക്കെ അറിയാമല്ലോ “

അവൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു

“എനിക്ക്  അറിയാം.കണ്ടിട്ടില്ല എന്നേയുള്ളു .പക്ഷെ അറിയാം .ഇത് അഖിലയാണ് വിനുവിന്റെ ഭാര്യ .കൊല്ലത്താണ് വീട് ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം .യൂണിവേഴ്സിറ്റി ടോപ്പർ ആയിരുന്നു .നന്നയി പ്രസംഗിക്കും .പാട്ട് പാടും .കലാതിലകം ആയിട്ടുണ്ട് ഒരിക്കൽ .അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ .പത്തു വർഷമായി അമേരിക്കയിൽ ഇതാദ്യമായി നാട്ടിൽ വന്നു .പോരെ ?

അവൾ അന്തം വിട്ടു പോയി പാർവതിയും അത്ഭുതത്തോടെ അവനെ നോക്കി നിന്ന് പോയി. ഇതൊക്കെ നന്ദന് എങ്ങനെ അറിയാം ? തന്നോടൊന്നും പറഞ്ഞിട്ടില്ല. പൊതുവെ നന്ദൻ ആൾക്കാരെ നിരീക്ഷിക്കുന്ന ആളാണ്. വേണ്ടപ്പെട്ടവരാണെങ്കിലവരെ കുറിച്ച് എല്ലാം അന്വേഷിച്ചു അറിയുന്ന പ്രകൃതമാണ്. ആ അറിവിൽ കൂടിയാണ് അവരോട് സംസാരിക്കുക

മാന്യത കൊടുക്കേണ്ടവരാണെങ്കിൽ അങ്ങനെ. അല്ലാത്തവരാണെങ്കിൽ ഒന്നോ രണ്ടോ വക്കിൽ ഉത്തരം പറഞ്ഞു ഒഴിഞ്ഞു മാറിപ്പോകും .ചിലരോട് ഒരു പാട് സംസാരിക്കും. പക്ഷെ ആദ്യമായാണ് ഒരു സ്ത്രീയോട് നന്ദൻ ഇത്രയധികം സംസാരിച്ചു കാണുന്നത്

അഖില പുഞ്ചിരിച്ചു

“ഐ ആം ഇമ്പ്രെസ്സ്ഡ് “

“ഇപ്പോഴും ഉണ്ടോ ഡാൻസും പാട്ടുമൊക്കെ ?”

“ഹേയ്..അതൊക്കെ കല്യാണത്തോടെ പെട്ടിയിലായി അവിടെയാർക്കു വേണം ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ “

അവളുടെ കണ്ണിൽ വിഷാദത്തിന്റെ  ഒരല ഉണ്ടായിരുന്നു.നന്ദന് അത് മനസിലായി

“പക്ഷെ യൂണിവേഴ്സിറ്റി ടോപ്പർ വീട്ടിൽ വെറുതെ ഇരുന്നു കാലം കളയുന്നത് ഭംഗിയുള്ള കാര്യമല്ല ” നന്ദൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“അതൊക്കെ പോട്ടെ ഇതൊക്കെ നന്ദന് എങ്ങനെ അറിയാം? അവൾക്ക് അതറിയാനായിരുന്നു ഉത്സാഹം

“തന്റെ ഒപ്പം പഠിച്ചിരുന്ന ഒരാളെ എനിക്കറിയാം ” അവളുടെ മുഖം വിടർന്നു

“ആഹാ അതാരാ?”

“ഗോവിന്ദ് “

അഖിലയുടെ മുഖം വിളറിവെളുത്തു നന്ദൻ തുടർന്നു

“.യാദൃശ്ചികമായി പരിചയപ്പെട്ടതാണ് ..ഒരിക്കൽ ജോലി സംബന്ധമായിട്ട് കൊല്ലത്തു പോകേണ്ടി വന്നു. അപ്പൊ റോഡിൽ ഒരു ആക്സിഡന്റ് .ഒരാൾ വീണു കിടക്കുകയാണ് .വഴിയേ പോകുന്നവർ മൈബൈലിൽ ചിത്രം പകർത്തുന്നതല്ലാതെ അയാളെ ആശുപത്രിയിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നില്ല. എനിക്ക് തിരക്കുണ്ടായിരുന്നു പക്ഷെ ഒരു ജീവനേക്കാൾ വലുതല്ലലോ അത് .ഞാൻ അയാളെ ആശുപ്ത്രിയിൽ എത്തിച്ചു .അയാൾക്ക് ഓർമയില്ല .ആരാണെന്നോ എവിടെയുള്ള ആളാണെന്നോ അറിയില്ല .പരുക്ക് സീരിയസ് ആയിരുന്നു .വെന്റിലേറ്ററിൽ ആയിരുന്നു കുറെ ദിവസം .ഞാൻ എനിക്ക് അവിടെ പരിചയമുള്ള കുറച്ചു പേരോട് പറഞ്ഞേൽപ്പിച്ചു തിരിച്ചു പോരുന്നു .ഇടക്ക് ഞാൻ പോകും .ഒരു ദിവസം അയാൾക്ക് ബോധം വന്നു .ഒരു സർജറി ഒക്കെ കഴിഞ്ഞു അപ്പോഴേക്കും .ബോധം വന്നെങ്കിലും ഓര്മ ശരിയായില്ല തലയ്ക്കും കാലിനുമാണ് കൂടുതൽ പരുക്കേറ്റത് ..എന്നെ നോക്കിയിങ്ങനെ കിടക്കും .ഞാനാണ് അവിടെ കൊണ്ടുവന്നത് എന്നും ഇത്രയും ദിവസം ഒപ്പമുണ്ടായിരുന്നതെന്നും ഒക്കെ നഴ്സുമാര് പറഞ്ഞു കൊടുത്തിരുന്നു .പിന്നെ ഓർമ്മകൾ തിരിച്ചു കിട്ടിയപ്പോ പേര് പറഞ്ഞു .സ്ഥലം പറഞ്ഞു .പിന്നെ ഞാൻ വീട്ടിൽ അറിയിച്ചു.ആകെ ഒരു ‘അമ്മ മാത്രമാണ് ഉളളത്.പാവം ഒരു ‘അമ്മ .അമ്മയെ കൊണ്ടെന്താവാൻ ?ഞാൻ തന്നെ ബാക്കി ദിവസവും ഒപ്പം നിന്ന് . അപ്പൊ പകൽ ഒക്കെ കഥകൾ പറയും ..ആ കഥകളിലൊക്കെ കോളേജണ് ഉണ്ടാവുക .ഞാൻ കോളേജിൽ പോയിട്ടില്ലാത്തത് കൊണ്ട് എനിക്കാ ആ കഥകൾ ഒക്കെ കേൾക്കാൻ വലിയ ഇഷ്ടമാണ് .ആ കഥകളിലൊക്കെ അയാളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുണ്ടായിരുന്നു .അഖില എന്ന് പറയാത്ത ഒരു കഥ പോലുമില്ല .എന്ത് പറഞ്ഞാലും പറയും അന്ന് അഖിലയുണ്ടായിരുന്നു .ഞാൻ കളിയാക്കും .അങ്ങനെ അഖില എനിക്കും പരിചയമായി .അവന്റെ ഫോൺ വീട്ടിൽ നിന്ന് കൊണ്ട് വന്നപ്പോൾ അഖിലയുടെ ഫോട്ടോകൾ ഒക്കെ കാട്ടി തന്നു .ഡാൻസിന്റെ ഒക്കെ ഫോട്ടോകൾ .ഇപ്പൊ അമേരിക്കയിലാണ് ഭർത്താവിന്റെ സ്ഥലം പേര് ഒക്കെ പറഞ്ഞപ്പോൾ എനിക്ക് മനസിലായി .എന്റെ തറവാട് ആണല്ലോ അത് ,പിന്നെ നമ്മുടെ കൂട്ടത്തിൽ അമേരിക്കയിൽ ഉളളത് വിനു മാത്രമാണ് .വിനുവിന്റെ ഭാര്യയെ ഞാൻ കണ്ടിട്ടില്ലെങ്കിലും പേര് അറിയില്ലെങ്കിലും അത് തന്നെ എന്നെനിക്ക് മനസിലായി ,ഇപ്പൊ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റി”

അഖിലയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു

“എപ്പോഴായിരുന്നു ആക്‌സിഡന്റെ ?’ഇപ്പൊ എങ്ങനെ ഉണ്ട് ?”അവൾ ഇടർച്ചയോടെ ചോദിച്ചു

“അത് പത്ത് വർഷം മുന്നെയായിരുന്നു .ഇപ്പൊ അയാൾ ഓക്കേ ആയി .നിങ്ങളുടെ കോളേജിലെ പ്രൊഫെസ്സർ ആണ് ഇപ്പൊ കഷി “

അവൾ നിറകണ്ണുകളോടെ തലയാട്ടി

പാർവതി അത് കേട്ടു നിൽക്കുകയായിരുന്നു അവളുടെ ഉള്ളിൽ ഒരു കരട് വീണു കഴിഞ്ഞിരുന്നു .ഈ കഥകൾ നന്ദൻ അവളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല .ഒരു ആക്സിഡന്റ് നടന്നു.അയാളെ പരിചരിക്കാൻ പോകുമായിരുന്നു.ഇതവൾ ക്കറിയാമായിരുന്നു മറ്റൊന്നും അവളോട് അവൻ പറഞ്ഞിരുന്നില്ല

“ഗോവിന്ദ് കല്യാണം കഴിഞ്ഞോ ?ഫാമിലി ഒക്കെ ..?അഖില വീണ്ടും ചോദിച്ചു

“ഗോവിന്ദ് കല്യാണം കഴിച്ചില്ല. അന്നത്തെ ആക്‌സിഡന്റിൽ അയാളുടെ കാലു മുറിച്ചു കളയേണ്ടി വന്നു ..ജയ്പൂർ നിന്ന് കൃത്രിമകൾ വെച്ച് പിടിപ്പിച്ചു ഡോക്ടർമാർ ,പ്രത്യക്ഷത്തിൽ കാൽ കൃത്രിമമാണെന്നു തോന്നില്ല അയാൾ വളരെ നാച്ചുറൽ ആയിട്ടാണ് നടക്കുക .പക്ഷെ അയാൾ പറയും വിവാഹം ആലോചിക്കുമ്പോൾ ഇത് വിശദീകരിക്കാനും ചോദ്യങ്ങൾ നേരിടാനും ഒന്നും വയ്യ .ഞാൻ ഇങ്ങനെ ഫ്രീ ആയി നടന്നോട്ടെ ന്നു “

അവൾ സ്തംഭിച്ചു നിന്നു പോയി. ശരീരം തളരുന്ന പോലെ

വല്ല വിധേനയും യാത്ര പറഞ്ഞവൾ മുറിയിലേക്ക് പോയി. പാർവതി അതു  നോക്കി നിന്നു

“അത് അവളുടെ കാമുകനായിരുന്നോ ?” നന്ദൻ തലയാട്ടി

“നന്ദൻ ഇത് എന്നോട് പറഞ്ഞിട്ടില്ലലോ “

( തുടരും)