കൂടെ നിൽക്കാൻ വന്ന ആളെ കണ്ട് അംബിക ടീച്ചർ ഞെട്ടിപ്പോയി. പത്താം തരം വരെ ഒരു ബഞ്ചിലിരുന്ന്, ഒരുമിച്ച് പഠിച്ച…

അമ്മുവേടത്തി

Story written by Mini George

==================

എൻ്റെ ടീച്ചറേ”…..

അമ്മുവേടത്തിക്കു ശെരിക്കും സങ്കടം വന്നു. ഓർമയുള്ള  സമയത്ത് എന്തു മാത്രം വൃത്തിയുള്ള ടീച്ചറായിരുന്നു. ഇപ്പൊ ദേ മേല് മുഴുവനും മ-ലവും മൂ-ത്രവും വച്ചു തേച്ച്….

അമ്മുവേടത്തി വേഗം അംബിക ടീച്ചറുടെ തുണിയെല്ലാം മാറ്റി. ചൂടുവെള്ളം കൊണ്ട്  ദേഹം കഴുകിച്ചു. ബെഡിന് മുകളിൽ വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റും തുണികളും ഡെറ്റോൾ വെള്ളത്തിൽ കുതിർത്ത് വച്ചു.

ഓരോ ദിവസം ചെല്ലും തോറും ടീച്ചറുടെ ഓർമ കുറഞ്ഞു വരികയാണ്. ഇപ്പൊൾ ബെഡ്ഡിൽ നിന്നും തീരെ ഇറങ്ങില്ല. അമ്മുവെടത്തി എത്ര ശ്രമിച്ചിട്ടും ടീച്ചർ പുറത്തിറങ്ങാൻ കൂട്ടാക്കുന്നില്ല.

അമ്മുവെടത്തിക്ക് പേടിയാണ്. ടീച്ചർ കിടന്നു പോകുക!!! അതേക്കുറിച്ച് ഓർക്കാൻ വയ്യ.

ടീച്ചറുടെ മോൾ വിളിക്കാറുണ്ട്, എന്നും. വീഡിയൊ കോൾ ചെയ്യും. പാവം, വരാൻ ഒക്കാത്ത തിരക്കാണ്. പക്ഷേ ഇപ്പോഴത്തെ കുട്ടികളെ പോലെ അല്ല. അമ്മയെ ജീവനാണ്. ആണും പെണ്ണുമായി ടീച്ചർക്ക് ആകെയുള്ള കുട്ടിയാണ്

ബംഗളൂരുവിൽ ഒരു സ്കൂളിൽ പഠിപ്പിക്കുകയാണ്..ഭർത്താവും കുട്ടികളും അവിടെ തന്നെ. ടീച്ചറും അവിടാരുന്നു, ടീച്ചറുടെ ഭർത്താവ് മരിച്ച ശേഷം, ടീച്ചറെ മോൾ കൂടെ കൊണ്ടുപോയി.

പെട്ടെന്നൊരു ദിവസം ടീച്ചറുടെ ഒരു വശം തളർന്നു പോയി. നാട്ടിൽ ആയുർവേദ ചികിത്സയിലൂടെ നേരെ ആക്കാമെന്ന് കൂട്ടുകാർ ആരോ പറഞ്ഞപ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതിയാണ്, നാട്ടിലേക്ക് കൊണ്ട് വന്നത്.

കിടത്തി ചികിത്സക്ക് കൂടെ നിൽക്കാൻ ആളു വേണം എന്നായപ്പോൾ, പറ്റിയ ഒരാളെ ഏർപ്പാടാക്കി തരാം  എന്ന്, അവിടുത്തെ ഒരു അറ്റൻഡർ ആണ് പറഞ്ഞത്.

കൂടെ നിൽക്കാൻ വന്ന ആളെ കണ്ട് അംബിക ടീച്ചർ ഞെട്ടിപ്പോയി. പത്താം തരം വരെ ഒരു ബഞ്ചിലിരുന്ന്,ഒരുമിച്ച് പഠിച്ച ആത്മാർത്ഥ കൂട്ടുകാരി അമ്മു.

കണ്ടവശം രണ്ടാളും കൈകോർത്ത് പിടിച്ച് കുറെ വിഷമിച്ചു. പത്താം തരം കഴിഞ്ഞു, രണ്ടു വഴിക്ക് പോയതാണ്.

അംബികയെ വീട്ടുകാർ  പഠിപ്പിച്ചു ടീച്ചർ ആക്കി. സ്വന്തമായി സ്കൂൾ ഉള്ള മാധവൻ മാഷേ കൊണ്ട് കല്യാണവും കഴിപ്പിച്ചു.

അമ്മുവെടത്തിക്കു പക്ഷേ തുടർന്ന് പഠിക്കാനൊന്നും പറ്റിയ സാഹചര്യം അല്ലാരുന്നു. അച്ഛനും അമ്മയും കൂലിപ്പണിക്ക് പോകുമ്പോൾ താഴെ ഉണ്ടായിരുന്ന ബുദ്ധിയുറക്കാത്ത അനിയൻ കുട്ടിയെ നോക്കി വീട്ടിൽ ഇരുന്നു.

ആദ്യം അംബിക ടീച്ചർ അമ്മുവേടത്തി, തന്നെ ശുശ്രൂഷിക്കാൻ വിസമ്മതിച്ചു.

“എൻ്റെ അമ്മു, നീ എൻ്റെ ദാസിപണി ചെയ്യണ്ട”…..തളരാത്ത ഇടതു കൈകൊണ്ട് അമ്മുവെടത്തിയെ മുറുക്കി പിടിച്ച് ടീച്ചർ പറഞ്ഞു. പക്ഷേ അമ്മുവേടത്തി സമ്മതിച്ചില്ല.

“എൻ്റെ ടീച്ചറെ ഞാൻ നോക്കിക്കോളാം.”

“ദേ, നീയെന്നെ ടീച്ചർ ന്നു വിളിക്കല്ലേ….”

“ഏയ്, കൂട്ടുകാരി ആണേലും ഒരു ടീച്ചറല്ലേ….” ആ വിളി അമ്മുവേടത്തി മാറ്റാൻ സമ്മതിച്ചില്ല.

വയ്യാത്ത ആങ്ങളക്കുട്ടിയെ മഠക്കാരു നടത്തുന്ന ആതുര കേന്ദ്രത്തിലേക്ക് വിട്ടിട്ടാണ് അമ്മുവെടത്തി ജോലിക്ക് പോയിരുന്നത്.

അച്ഛനും അമ്മയും മരിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വേറെ ഒരു ആങ്ങളയും ഭാര്യയും അമ്മുവേടത്തിയെ കുത്തുവാക്ക് പറയാൻ തുടങ്ങി. നാത്തൂനാണേൽ വയ്യാത്ത ആങ്ങളയെ കണ്ണെടുത്താൽ കണ്ടൂട. അതിൽ നിന്നും രക്ഷപ്പെടാനാണ് അമ്മുവെടത്തി ജോലിക്ക് പോകാൻ തുടങ്ങിയത്.

പിന്നെ വയ്യാത്ത ആങ്ങളകുട്ടിക്കും ചിലവൊക്കെ വേണം. നാത്തൂന് രണ്ടു പേരേയും കാണാതേം കഴിഞ്ഞു. എന്നാലും ജോലിയെടുത്ത കാശിൻറെ ഓഹരി കൃത്യമായി വാങ്ങുകേം ചെയ്യും.

അമ്മുവേടത്തി കൂടെയുണ്ട് എന്ന ധൈര്യത്തിൽ ടീച്ചറെ നാട്ടിലെ വീട്ടിലാക്കി മോള് ജോലിസ്ഥലത്തേക്കും പോയി.

അങ്ങനെ ടീച്ചറും അമ്മുവെടത്തിയും പുതിയ ജീവിതം തുടങ്ങി….

തികച്ചും പുതിയ ജീവിതം…

ആദ്യദിവസം തന്നെ താഴെ പായ വിരിച്ചു കിടക്കാൻ തുടങ്ങിയ അമ്മുവേടത്തിയെ ടീച്ചർ വഴക്ക് പറഞ്ഞു.

“ആ കട്ടില് ഇങ്ങോട്ട് ഇട്ടു അതിൽ കിടക്കമ്മു”

എത്ര വേണ്ടെന്ന് പറഞ്ഞിട്ടും ടീച്ചർ സമ്മതിച്ചില്ല.

എന്തിനും ഏതിനും അമ്മുവേടത്തി, ടീച്ചർക്ക് തുണയായി.ആശുപത്രിയിൽ പോകാൻ, പെൻഷൻ വാങ്ങാൻ, ഒക്കെ രണ്ടാളും കൂടി പുറത്തിറങ്ങി. ഒരു ഓട്ടോ പിടിച്ച് പോകും. ഇഷ്ടമുള്ളതോക്കെ വാങ്ങും……

“അമ്മു നമുക്കിന്ന് മാമ്പഴ പുളിശ്ശേരി വച്ചാലോ?”

“പിന്നെന്താ ടീച്ചെറെ വെയ്ക്കാലോ”

“അമ്മു മുരിങ്ങില കറി വച്ചു കഴിക്കണലോ”

“ഇപ്പൊ വക്കാ ട്ടൊ…” ഉച്ചയ്കകത്ത് റെഡി.

ടീച്ചർക്ക് ഒറ്റ സങ്കടെ ഉണ്ടായിരുന്നുള്ളൂ, കയ്യ് വയ്യാത്ത കൊണ്ട് അമ്മുവേടത്തിയെ സഹായിക്കാൻ പറ്റുന്നില്ല എന്ന്.

“പാവം അമ്മു ഒറ്റക്ക് ഒക്കെ ചെയ്യണം ലെ”

“ഒന്ന് വെറുതെ ഇരിക്ക് ടീച്ചറെ ഇതൊക്കെ ഒരു പണിയാണോ?”

അത് ശെരിയാണുതാനും. രണ്ടാളും ഒരേ പ്രായം ആണെങ്കിലും, ജീവിത സാഹചര്യങ്ങളും, ആരോഗ്യവും രണ്ടു തരത്തിൽ ആയിരുന്നല്ലോ.

വാതോരാതെ വർത്തമാനം പറഞ്ഞു അവർ ജീവിതം ശെരിക്കും സന്തോഷം ഉള്ളതാക്കി.

സ്കൂളിൽ പഠിച്ച കാലത്തെ വിശേഷങ്ങൾ പറയാൻ തുടങ്ങിയാൽ അവരങ്ങോട്ട് പോയി ആ ക്ളാസ്സിൽ, ആ ബെഞ്ചിൽ ഇരുന്ന പോലെ ആണ്.

രണ്ടു വർഷം പോയത് അറിയാൻ തുടങ്ങിയത്, ടീച്ചറുടെ ഓർമ കുറേശ്ശെ മങ്ങി തുടങ്ങിയ ശേഷം ആണ്.

അമ്മുവേടത്തിക്ക് ആകെ സങ്കടമാണ്. പാവം ടീച്ചർ,.കട്ടിലിൽ നിന്നും ഇറങ്ങുന്നില്ല. ഒന്നും ആവശ്യപ്പെടുന്നില്ല. കൊടുക്കുന്നത് എന്തായാലും ചിരിച്ചോണ്ട് കഴിക്കും. ചിലപ്പോൾ സംസാരിക്കാൻ ശ്രമിക്കും. പിന്നെ ചുരുണ്ട് കൂടി കിടക്കും.

ടീച്ചറുടെ മോൾ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പൊഴിപ്പോൾ വിളിക്കുമ്പോൾ ടീച്ചർ, എടുക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലല്ലോ. അമ്മുവേടത്തി, ഫോണിൽ കാണിച്ചു കൊടുക്കും, കോളിൽ……

ഇത്തിരി ആപ്പിൾ, ജ്യൂസ് ആക്കി ടീച്ചർക്ക് കോരികൊടുത്തപ്പോൾ അമ്മുവെടത്തീടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു വിലയും ഇല്ലായിരുന്ന തൻ്റെ ജീവിതം, ഇവിടെ എത്തിയപ്പോഴാണ് ഒന്ന് സന്തോഷമായത്. കുട്ടിക്കാലത്തെ കൂട്ടുകാരിയെ അവരുടെ അവശതകൾ ചേർത്ത് പിടിച്ചു കൂടെ നടന്നപ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനം ആയിരുന്നു. ആരൊക്കെയോ ഉണ്ട് എന്ന തോന്നൽ. വിലയുണ്ട് എന്ന തോന്നൽ. പണിയെടുത്താലും,എത്ര കൊണ്ട് കൊടുത്താലും  സന്തോഷമില്ലാത്ത പിറുപിറുക്കുന്നമുഖങ്ങൾ കാണേണ്ട. ആട്ടും തുപ്പും കേൾക്കേണ്ട. പിന്നെ മഠത്തിലായാലും സഹോദരന് ഇല്ലാത്തവൻ എന്ന വേർത്തിരിയൽ കേൾക്കണ്ട.

താൻ ഇല്ലാതായാലും അവനെ നോക്കാൻ ഒരു തുക അവിടെ ഏൽപ്പിക്കണം..അതിനു വേണ്ടി ആയിരുന്നു അമ്മുവേടത്തി ജോലിക്ക് പോയിരുന്നതു തന്നെ,.എന്നാൽ ഇവിടെ സ്വന്തം വീടുപോലെ പെരുമാറാൻ കഴിയുന്നു..അവരും അമ്മുവേടത്തിയെ സ്വന്തമായി കരുതുന്നു.

“അമ്മു” വിളികേട്ട് അമ്മുവേടത്തി ചിന്തയിൽ നിന്നും ഉണർന്നു,പകച്ചു നോക്കി.

ടീച്ചർ തന്നെ ആണോ വിളിച്ചത്?

ഏകദേശം ഒരു മാസമായി ഒന്ന് പേരു വിളിച്ചിട്ട്. സന്തോഷം കൊണ്ടു നിറഞ്ഞ കണ്ണു തുടച്ച്, അമ്മുവെടത്തു ടീച്ചറോട് ചേർന്ന് നിന്നു.

“അമ്മു” ക്ഷീണിച്ച ശബ്ദത്തിൽ ടീച്ചർ വിളിച്ചു.

“എന്തോ” നിറഞ്ഞ മനസ്സോടെ അമ്മുവേടത്തി വിളി കേട്ടു.

“നമുക്ക് തേങ്ങ ചേർത്ത് കഞ്ഞി കുടിക്കാം”

“പിന്നെന്താ ഇപ്പൊ തരാം”

അമ്മുവേടത്തി വേഗം തേങ്ങ ചിരവി പിഴിഞ്ഞ് വെന്ത കഞ്ഞിയിൽ ചേർത്ത് പാകത്തിന് ഉപ്പും ഇട്ട് സന്തോഷത്തോടെ കൊണ്ടുവന്നു. ടീച്ചർക്ക് മെല്ലെ കോരികൊടുത്തു. എത്ര ദിവസമായി ഇതുപോലെ ഒന്ന് ഭക്ഷണം കഴിച്ചിട്ട്,ഒന്ന് മിണ്ടിയിട്ട്.

കുറച്ചേ കഴിച്ചുള്ളൂ.ആൾ മെല്ലെ കണ്ണടച്ച് കിടന്നു. അമ്മുവേടത്തി വേഗം ടീച്ചറുടെ മോൾക്ക് ഫോൺ ചെയ്ത് സന്തോഷത്തോടെ തന്നെ വിളിച്ചതും കഞ്ഞി കുടിച്ചതും ഒക്കെ പറഞ്ഞു.

അവർ പുറപ്പെട്ടു എന്നറിഞ്ഞപ്പോൾ, അമ്മുവേടത്തി എല്ലാം ഒരുക്കി വച്ചു.മുറ്റവും അകവും എല്ലാം വൃത്തിയാക്കി. എന്തോ, സ്വന്തം മകൾ വരുന്ന പോലെ ഒരു തോന്നൽ…..

ഇടക്കിടക്ക് ടീച്ചറുടെ അടുത്ത് പോയി നോക്കും. ആൾനല്ല ഉറക്കത്തിലാണ്.

ഉച്ചകഴിഞ്ഞപ്പോഴേക്കും അവരെത്തി. മോൾ അമ്മുവേടത്തിയോട് സംസാരിച്ചു കൊണ്ട്  ടീച്ചറുടെ അടുത്തെത്തി.

“എന്നാലും എൻ്റെ മോളെ എത്ര നാളായി ടീച്ചർ എന്നെ തിരിച്ചറിഞ്ഞിട്ടും, ഒന്ന് പേര് വിളിച്ചിട്ടും, കുറച്ചു കഞ്ഞിയും കുടിച്ചു. ഇത് ഭേദം ആവും ട്ടോ.മോള് നാളെ തന്നെ അമ്മയെ  ആ ഡോക്ടറെ കാണിക്കണം.”

“അതിനെന്താ അമ്മുവേടത്തി നാളെ തന്നെ കൊണ്ട് പോകാം” അവൾക്കും ഒരുപാട് സന്തോഷം.

“അമ്മേ, അമ്മേ……..” മോൾ തൊട്ടു വിളിച്ചു.

ഒന്ന് കണ്ണുപോലും തുറക്കാഞ്ഞപ്പോൾ അവളുടെ ഉള്ളാന്തി.

“അമ്മേ”…………

ഇല്ല, കുലുക്കി വിളിച്ചിട്ടും ഒരു മറുപടിയും ഇല്ല. അവളുടെ കൈകുള്ളിൽ നിന്നും ടീച്ചറുടെ കൈ വഴുതി വീണു.

“അമ്മേ..എന്റമ്മേ…അവളും കുട്ടികളും ഉറക്കെ കരയാൻ തുടങ്ങി.

അമ്മുവേടത്തിക്കു  ഭൂമി പിളർന്നു പോകുന്നത് പോലെ തോന്നി….

വർഷങ്ങൾക്ക് ശേഷം കൂടെ കിട്ടിയകൂട്ടുകാരി. ജീവിതത്തിലേക്ക് പ്രകാശം ചൊരിഞ്ഞവൾ………

അവൾഇല്ലാതായിരിക്കുന്നു.താഴെ മുട്ടുകുത്തിയിരുന്ന് അവർ ടീച്ചറെ നോക്കിയിരുന്നു. കുറെ കരഞ്ഞു.അടുത്തിരുന്നു കരയുന്ന മോളെ ചേർത്തു പിടിച്ചു. അല്ലാതെന്തു ചെയ്യും. ജീവിതം ഇരുളു നിറഞ്ഞതായി തീരുമ്പോൾ….

മോളുടെ ഭർത്താവ് ഓടിനടന്നു വേണ്ടതെല്ലാം ചെയ്തു. ബന്ധുക്കൾ അധികം ഇല്ലാത്തത് കൊണ്ട് എല്ലാം വേഗം കഴിഞ്ഞു. മോളും അമ്മുവേടത്തിയും കട്ടിലിൻ്റെ താഴെ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ പരസ്പരം  സമാധാനിപ്പിച്ചു.

വൈകുന്നേരം അമ്മുവേടത്തി മെല്ലെ എണീറ്റ് തൻ്റെ തുണികളും സഞ്ചിയും എടുത്തു മോളുടെ അടുത്തെത്തി.

“എന്റെ ടീച്ചർ പോയില്ലേ…ഞാൻ ഇറങ്ങട്ടെ മോളെ”

കരയാതിരിക്കാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. പുറം തിരിഞ്ഞ് നടന്നു

“അമ്മുവേടത്തി” മോൾ പുറകിൽ നിന്നും വിളിച്ചു. തിരിഞ്ഞു നിന്നപ്പോൾ ഓടിവന്നു കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“പോകരുത്. എനിക്കിനി ആരും ഇല്ല…എൻ്റെ ഈ വീട്ടിൽ  എൻ്റെ അമ്മയായി ഇനി അമ്മുവേടത്തി വേണം. ഞങ്ങൾ ഇടക്കിടക്ക് വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കാൻ, എൻ്റെ അമ്മയായി  അമ്മുവേടത്തി വേണം. എന്നെ സ്വന്തം മോളായി കാണില്ലേ?

അന്തം വിട്ടു നിന്നുപോയ അമ്മുവേടത്തിയെ അവൾ കെട്ടിപിടിച്ചു.

പരസ്പരം താങ്ങ് ആവുന്ന പോലെ….

~മിനി ജോർജ്