എഴുത്ത്: ഹണി
================
വരദയും ജയകൃഷ്ണനും സീതാലക്ഷ്മിയുടെ മനസ്സിൽ വേദനയായി നിറയൻതുടങ്ങിയിട്ട് നാളുകളായി. പ്രസവവേദനയെക്കാൾ കഠിനമായ വേദനയിൽ സീതാലക്ഷ്‌മി പിടഞ്ഞു.
സീതാലക്ഷ്മിയുടെ ഇനിയും പൂർത്തിയാക്കാത്ത കഥയിലെ നായകനും നായികയുമാണ് വരദയും ജയകൃഷ്ണനും. നിർണായകമായ ഒരു വഴിത്തിരിവിൽ അവരെക്കൊണ്ടെത്തിച്ചിട്ടു നിസ്സഹായയായി നിൽക്കേണ്ടിവന്നതിലുള്ള വെപ്രാളം അവളെ ഉലച്ചു. പട്ടണത്തിലെ തിരക്കും ഒറ്റപ്പെടുമ്പോഴുള്ള വേദനയും സീതാലക്ഷ്മിയേ ശരിക്കും നിസ്സഹായയാക്കി. കഥയിലെ നായികയായ വരദ ജയകൃഷ്ണനോട് കിന്നാരംപറയുമ്പോൾ സീതാലക്ഷ്മിക്ക് വരദയോട് അസൂയതോന്നി. ജയകൃഷ്ണനോട് വല്ലാത്ത സ്നേഹവും.
രവിയേട്ടൻ എന്താണിങ്ങനെ??? ജോലിതിരക്കും വലിയ സംഖ്യകളും മനസ്സിൽ നിറച്ചാൽ മനുഷ്യൻ ഇങ്ങനെയൊക്കെ ആകുമെന്ന് അവൾക്കുതോന്നി.
“സീതാ…നിന്റെ മുടിയിഴകൾക്ക് താമരപ്പൂവിന്റെ ഗന്ധമാണ്”….
“എന്ത് ഭംഗിയാണ് നിന്റെ പാദങ്ങൾക്ക്….”
അങ്ങനെയൊക്കെ കേൾക്കാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. ഉറക്കം കണ്ണുകളുമായി യുദ്ധംചെയ്യുമ്പോൾ രവിശങ്കർ കയറിവരും. ചിലപ്പോൾ മ-ദ്യത്തിന്റെ ഗന്ധവുമായി…
“കുട്ടിക്ക് ഉറങ്ങിക്കൂടായിരുന്നോ” എന്നോ മറ്റോ വാത്സല്യത്തിൽ ചോദിക്കാറുണ്ട്. മറുപടിയായി സീതാലക്ഷ്മി ആ ചുമലിലേക്ക് മുഖം താഴ്ത്താറുണ്ട്. വല്ലപ്പോഴും മാത്രം…അതിൽ കൂടുതൽ സീതാലക്ഷ്മി ആഗ്രഹിച്ചിരുന്നു.
താനെഴുതിയ കഥകളിലെയും കവിതകളിലെയും ഗ്രാമഭംഗിയായിരുന്നു അവൾക്കുള്ളിൽ. ഗ്രാമത്തിലെ പുഴക്കരയിലെ വീടിനെയും ഇടവഴികളെയും അവളൊരുപാട് സ്നേഹിച്ചുപോയിരുന്നു. അമ്മയില്ലാത്ത കുട്ടിയുടെ അമ്മയുംകൂടിയായി അച്ഛനോപ്പമുണ്ടായിരുന്ന ആ നാളുകളെ അവൾ കൊതിച്ചിരുന്നു. പുഴയിലേക്ക് മഴപെയ്യുന്നത് നോക്കിനിൽക്കുമ്പോൾ അവൾക്കു കവിതയെഴുതാൻ കഴിഞ്ഞിരുന്നു. മനസിലേക്ക് തുളുമ്പിവീണ കഥയുടെ തേൻതുള്ളിയെ ഒരു നദിയാക്കിമാറ്റാൻ കഴിഞ്ഞിരുന്നു.
അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി നടന്ന ഒരു ബാലികയുടെ മുഖം സീതാലക്ഷ്മിക്കോർമ്മവന്നു. വടക്കേതിലെ അമ്മാളുഅമ്മയുടെ കൂടെ തുളസിമാല കെട്ടാനും കൃഷ്ണൻകോവിലിൽ പോവാനും എന്തുരസമായിരുന്നു. അച്ഛൻ കഴിഞ്ഞാൽ തന്നെ ഒരുപാട് സ്നേഹിച്ച വ്യക്തിയാരുയിരുന്നു അമ്മാളുഅമ്മ. ക്ഷേത്രത്തിൽ പോകുംവഴി ഇടയ്ക്ക് കാണാറുണ്ടായിരുന്ന ക്ഷേത്രത്തിലെ തിരുമേനിയുടെ മോൻ കണ്ണനോട് തോന്നിയിരുന്നത് പ്രണയമായിരുന്നോ?? ആയിരുന്നുവെന്നു ഇപ്പോഴാണ് മനസിലാകുന്നത്. കാണുമ്പോ കൈമാറുന്ന ഒരു പുഞ്ചിരി…അത് പക്ഷേ പരിചയമുള്ളവരെ കാണുമ്പോ പതിവുള്ളതാണ്.
പിന്നീടൊരു ദിവസം രാത്രിയുറക്കത്തിൽ ഒരു ചെറിയ സ്വപ്നത്തിൽ കണ്ണന്റെ മുഖവുമുണ്ടായിരുന്നു. അപ്പൊ ആദ്ഭുതമായിരുന്നു. അമ്മയില്ലാത്ത കുട്ടിയായതുകൊണ്ട് അച്ഛന് ധൃതിയായിരുന്നു. തന്റെ വിവാഹമായിരുന്നു അച്ഛന്റ്റെ സ്വപ്നം.
“അച്ഛാ…നമ്മുടെ തിരുമേനിടെ മോനില്ലേ കണ്ണൻ…എനിക്ക് കണ്ണനെ മതി…”
മുഖമടച്ചൊരു അടിയായിരുന്നു മറുപടി.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. രവിയേട്ടനുമായുള്ള വിവാഹം…പട്ടണത്തിലേക്കുള്ള യാത്ര.. പട്ടണത്തിന്റ ഒത്ത മധ്യത്തിലായിരുന്നു ഫ്ലാറ്റ്. ജനാല തുറക്കുമ്പോൾ താഴെ നിരത്തിലൂടെ ചീറിയോടുന്ന വാഹനങ്ങളും തിരക്കും…മുറിക്കുള്ളിലെ വീർപ്പുമുട്ടൽ…ജനിക്കാൻ വെമ്പുന്ന ഒരു കഥയുടെ വേദന…
നാളുകൾ കഴിഞ്ഞപ്പോൾ അവൾ, പട്ടണത്തോടൊപ്പം സീതാലക്ഷ്മി രവിശങ്കറിനെയും വെറുത്തു.
ഒരു ദിവസം ഒരു നാടൻ സഞ്ചിയുമായി അച്ഛൻ കയറിവന്നപ്പോൾ സീതാലക്ഷ്മി സന്തോഷിച്ചു. അച്ഛൻ മടങ്ങുമ്പോൾ അവളും ഒപ്പമിറങ്ങി.
ഇനി നീയെന്റെ ഭാര്യയല്ല എന്ന ആക്രോശവും അച്ഛന്റെ നിസ്സഹായത തിങ്ങുന്ന മുഖത്തെയും അവഗണിച്ചു അവളിറങ്ങി.
ഗ്രാമത്തിലെ പച്ചപ്പ് കണ്ണിൽ തെളിഞ്ഞപ്പോൾ സീതാലക്ഷ്മി ആശ്വസിച്ചു. പുഴ മുറിച്ചുകടക്കുമ്പോൾ കടത്തുകാരനോട് കുശലംചോദിച്ച്…അമ്മാളു അമ്മയെ കണ്ടപ്പോ കെട്ടിപ്പിടിച്ച്….അതൊക്കെ നോക്കിനിൽക്കുമ്പോൾ അച്ഛന്റെയുള്ളിൽ സീതാലക്ഷ്മി വീണ്ടും അമ്മയില്ലാത്ത പാവടക്കാരിയായി.
അസ്തമായസൂര്യന്റെ ചുവപ്പ് രശ്മിപതിച്ചു പുഴ ഇളകിതുടിച്ചു. ഈ കാഴ്ചകളുടെ സൗരഭ്യം ഇപ്പോളാണ് ഇത്രമേൽ ഭംഗിയായി തോന്നിയത്. വേറിട്ട് നിന്നപ്പോഴാണ് തന്റെ ഗ്രാമത്തെ താനെത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് മനസിലാവുന്നത്.
ഇടവഴികളെ….കൈതപൂവ് നിറഞ്ഞ വയലിറമ്പുകളെ…
പെട്ടന്ന് സീതാലക്ഷ്മിക്ക് വരദയെയും ജയകൃഷ്ണനെയും ഓർമവന്നു. ഇടവഴിയിൽ താനുപേക്ഷിച്ചു പോന്ന രണ്ടുപേർ.
സീതാലക്ഷ്മി കടലാസും പേനയുമെടുത്തു. തൂവെള്ള കടലാസ്സിൽ വയലറ്റ് മുത്തുകൾ നിരന്നു.
കഥയെഴുതിയവസാനിച്ചപ്പോൾ സീതാലക്ഷ്മിയിൽനിന്ന് നെടുവീർപ്പുയർന്നു. തന്റെ കരുണയ്ക്ക് കേണ് നിശബ്ദം വേദനിച്ച രണ്ട് കഥാപാത്രങ്ങളെ രക്ഷപെടുത്താൻ കഴിഞ്ഞ സമാധാനം സീതാലക്ഷ്മി അനുഭവിച്ചു.
അന്ന് രാത്രി അവൾ ശാന്തമായുറങ്ങി. ഉറക്കത്തിൽ വരദയും ജയകൃഷ്ണനും ചിരിച്ചുല്ലസിച്ചു യാദൃശ്ചികമായി കടന്നുവന്നു. വരദയ്ക്ക് തന്റെ മുഖമാണെന്ന് സീതാലക്ഷ്മിക്ക് തോന്നി. ജയകൃഷ്ണന്റെ മുഖംമാത്രം മൂടൽമഞ്ഞിന്റെ ഒരു നേർത്ത പാളിവന്നു മൂടിയിരുന്നു…