ശ്രീഹരി ~ അധ്യായം 37, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക…

അന്നത്തെ പ്രോഗ്രാം തീർന്നപ്പോൾ ശ്രീഹരിക്ക് ഒരു സന്ദർശകനുണ്ടായിരുന്നു

പ്രശസ്ത സിനിമസംവിധായകൻ ആനന്ദ് മഹാദേവൻ. അദ്ദേഹം അമേരിക്കയിൽ മകളുടെ അടുത്ത് വെക്കേഷന് വന്നതാണ്. ശ്രീഹരിയുടെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടു.അതിലുപരി അവനെ ഇഷ്ടപ്പെട്ടു. അവന്റെ പെർഫോമൻസ് ,അവന്റെ കണ്ണുകൾ അയാൾ ശ്രദ്ധിച്ചു..പാടുമ്പോൾ തീ ആളുന്ന പോലെ… ചിരിക്കുമ്പോൾ മഞ്ഞു പെയ്യുന്ന പോലെയും.

“ഹലോ ശ്രീഹരി ” അയാൾ കൈ നീട്ടി

“ഹലോ സാർ ” അവനാ കയ്യിൽ കൈ ചേർത്തു

“എന്നെ അറിയുമോ ശ്രീഹരിക്ക്?”

“സാറിനെ അറിയാത്ത മലയാളി കാണുമൊ സാർ?” ശ്രീഹരി വിനയത്തോടെ പറഞ്ഞു

“പാട്ട് അസ്സലായി “

“താങ്ക്യൂ സാർ ” അവൻ നെഞ്ചിൽ കൈ വെച്ചു

“ശ്രീഹരി എന്റെ അടുത്ത സിനിമയിൽ അഭിനയിക്കാമോ?”

അവൻ അന്തം വിട്ട് അയാളെ നോക്കി “സാർ?”

“എന്റെ അടുത്ത സിനിമയുടെ ഡിസ്കഷൻ നടക്കുന്നു. താൻ കറക്റ്റ് ആവും. ആലോചിച്ചു പറഞ്ഞാ മതി.. ഇതാണ് എന്റെ നമ്പർ ” അദ്ദേഹം ഒരു കാർഡ് നീട്ടി

“സാർ എനിക്ക് അഭിനയം അറിയില്ല. പാട്ട് പാടാൻ ആണെങ്കിൽ ഞാൻ ഒക്കെ ആണ് “

“അതൊക്കെ പഠിപ്പിക്കാമെടോ “അയാൾചിരിച്ചു

“സാർ.. ഞാൻ ഞാൻ ഇല്ല സാർ… ഞാൻ വേണ്ട ” അവൻ കൈ കൂപ്പി

“ആലോചിച്ചു പതുക്കെ പറഞ്ഞാൽ മതി ” അയാൾ തോളിൽ ഒന്ന് തട്ടി

“വീട്ടിൽ ആരൊക്കെയുണ്ട്?”

“വൈഫ്…”അവൻ പറഞ്ഞു

“മാരീഡ്?”

“അതേ സാർ….”

“അപ്പൊ വൈഫിനോടും ഡിസ്‌കസ് ചെയ്യ് ” ഹരി ഒന്ന് തലയാട്ടി

“ചില അവസരങ്ങൾ ഇത് പോലെ ഇടയ്ക്ക് നമുക്ക് മുന്നിൽ വരും. അപ്പൊ നന്നായി പ്രാർത്ഥിച്ചു കൊണ്ട് ആലോചിച്ചു നോക്കണം.. എന്നിട്ട് തീരുമാനം എടുക്കണം “

“ശരിയായിരിക്കും സാർ. പക്ഷെ എനിക്ക് അങ്ങനെ ഒരു മോഹമില്ല. പിന്നെ നാട് വിട്ട്, വൈഫിനെ വിട്ടൊക്കെ നില്കാൻ മടിയാണ്.”

“ആൾ കൊള്ളാല്ലോ.. അപ്പൊ ശരി തിരക്കുണ്ട് ഫോൺ ചെയ്യണം കേട്ടോ നാട്ടിൽ വന്നു കഴിഞ്ഞ് “

“ചെയ്യാം സാർ “

അയാളെ അവൻ കാറിനരികിൽ കൊണ്ട് യാത്രയാക്കി. അവൻ മാധവിനോട് മാത്രം ഇത് പറഞ്ഞു

“പൊളിച്ചല്ലോ ” മാധവ് അവനെ കെട്ടിപിടിച്ചു

മാധവ് നല്ല കൂട്ടുകാരനാണ്. അസൂയയോ സ്പർദ്ധയൊ ഇല്ലാത്ത നല്ല സുഹൃത്ത്. അത് ഹരിക്ക് മനസിലായിട്ടുണ്ട്. വളരെ ചെറിയ കാലയളവിൽ അയാളുമായി നല്ല ആത്മബന്ധം ഉണ്ടായിട്ടുണ്ട്

“എന്റെ പൊന്ന് മാധവാ ഞാൻ അതിന് ആ കക്ഷിയെ വിളിക്കാൻ പോണില്ലന്നെ “ഹരി ഉഴപ്പി

“ങ്ങേ..? ചുമ്മാ വട്ട് പറയല്ലേ.. നീ സൂപ്പറാ “

“ഉവ്വാ… പാടാൻ… പക്ഷെ ആക്ടിങ്. അതൊന്നും എന്നെ കൊണ്ട് പറ്റില്ലടോ “

“സ്റ്റേജിൽ എന്താ പെർഫോമൻസ്? അതിന്റെ പകുതി മതി ” ഹരി പുഞ്ചിരിച്ചു

“അഞ്ജലി ഭയങ്കര പൊസ്സസ്സീവ് ആണ് മാധവ്.. പാട്ട് പാടും പോലെയല്ല അഭിനയം.. അത് വേണ്ട. കുറെ സങ്കടം കൊടുത്തു ഞാൻ ആ പാവത്തിന്. ഇനി വേണ്ട..”

മാധവ് വിസ്മയത്തോടെ ഹരിയെ നോക്കിനിന്നു

“എനിക്ക് സാധാരണ ജീവിതം മതി. അവൾക്കൊപ്പം ഞങ്ങളുടെ മക്കൾഒക്കെയായി അങ്ങനെ…”

മാധവ് ആ കവിളിൽ കൈ അമർത്തി

“ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല പുരുഷൻ ആണ് ഹരി നീ.. proud of you “

അഞ്ജലിയുടെ വീഡിയോ കാൾ വരുന്നത് കണ്ട് അവൻ അത് എടുത്തു. മാധവ് യാത്ര പറഞ്ഞു പോയി

“ഞാൻ വിളിക്കാൻ പോവായിരുന്നു “ഹരി സ്നേഹത്തോടെ പറഞ്ഞു

“അതേയ്.. സാലറി വന്നു ട്ടോ എത്ര എന്നറിയണ്ടേ?”

“വേണ്ട “അവൻ പറഞ്ഞു

“ശ്രീ?”

“എന്റെ കൊച്ച് വേറെ ഒരു കാര്യം കേട്ടെ “

“പറയ് ” അവൻ വന്ന ഓഫറിനെ കുറിച്ച് പറഞ്ഞു

“ആഹാ എനിക്ക് വയ്യ… പക്ഷെ എന്റെ ശ്രീ പൊകണ്ടാട്ടോ.. എനിക്ക് ഇഷ്ടല്ല അത് “

അവൾ അങ്ങനെ വെട്ടിത്തുറന്ന് പറയുമെന്ന് അവൻ വിചാരിച്ചില്ല. ശ്രീ പോകു ശ്രീ എന്ന് പറയുമെന്നാ കരുതിയത്

അവൻ ആ കണ്ണിൽ നോക്കി. ആ മുഖത്ത് കുസൃതിച്ചിരി

“പോണോ?”അഞ്ജലി അടക്കി ചോദിച്ചു

“വേണ്ട “അവൻ മന്ത്രിച്ചു

“എങ്ങും പോകണ്ട ” അവൻ മെല്ലെ പറഞ്ഞു

“അഞ്ജലി?”

“ഉം?”

“മോളെന്താ മാല ഇടാത്തത്? ഞാൻ അങ്ങനെ ചെയ്തത് കൊണ്ടാണോ?”
പലതവണ ചോദിക്കാൻ ആഞ്ഞിട്ട് ഹരി മടിച്ചതാണ്. ഇത്തവണ വീണ്ടും നഗ്നമായ ആ കഴുത്ത് കണ്ടപ്പോൾ ചോദിച്ചു പോയി
അവളുടെ മുഖം ഒന്ന് വാടി

“ഇങ്ങനെ കാണുമ്പോൾ എന്റെ ചങ്ക് പൊട്ടും പോലെ തോന്നും..ഞാൻ അങ്ങനെ ചെയ്ത കൊണ്ടല്ലേ എന്ന് ഓർക്കുമ്പോൾ ” അവൻ പാതിയിൽ നിർത്തി

“ഒരു മാല ഇടുമോ?” അവൾ ഇല്ല എന്ന് തലയാട്ടി

“ശ്രീ എന്ന് എന്റെ കഴുത്തിൽ മാല ഇട്ടു തരുന്നോ അന്നേ ഇടു ഞാൻ ” ഹരിക്ക് പിന്നെ ഒന്നും പറയാനില്ലാതെയായി

“വാശി വേണ്ടടാ “

“വാശി ഒന്നുല്ല.. ആഗ്രഹം അതേയുള്ളു ” ശ്രീയുടെ കണ്ണ് നിറഞ്ഞു

“ശ്രീ ഞാൻ നാളെ വീട്ടിൽ പോവാണ്.. കുറച്ചു ദിവസം അച്ഛന്റെ ഒപ്പം. ശ്രീ വരുമ്പോൾ ഞാനും വരാം. പിന്നെ മൂന്ന് മാസം കഴിഞ്ഞു ഇവിടെ ഉത്സവം അല്ലെ? ഒരു വർഷം എത്ര പെട്ടെന്ന് അല്ലെ?”

ശ്രീഹരിയും അത് തന്നെയാണ് ആലോചിച്ചത്. ഒരു വർഷം ആവുന്നു. അതിനിടയിൽ എന്തൊക്കെ?

“നിന്റെ നൃത്തം, എന്റെ പാട്ട്,നമ്മുടെ കല്യാണം… ഇത്രയും ഉണ്ട് ഈ ഉത്സവത്തിന് “

അവൾ ചിരിച്ചു

“എന്ന് പോകും?”

“നാളെ..”

“ഞാൻ വരുന്ന അന്ന് വരണം “

“ഉം “

“എങ്ങനെ പോകും?ഫ്ലൈറ്റ്?”

“അയ്യടാ ഫ്ലൈറ്റ് എനിക്ക് പേടിയാ… ഞാൻ കാറിൽ പോകും.അച്ഛൻ കാർ അയയ്ക്കും “

“വിളിക്കണേ “അവൻ പറഞ്ഞു

അവൾ തലയാട്ടി. അവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ അവളെ നോക്കിയിരുന്നു

“പൊറുക്കണം ” അവൻ മെല്ലെ പറഞ്ഞു

“സാരോല്ല ശ്രീ ” അവൾ ചിരിച്ചു

“വെയ്ക്കട്ടെ ” അവൻ തലയാട്ടി. ഹൃദയത്തിൽ ഒരു ഭാരം നിറഞ്ഞ പോലെ. അവൾ യാത്ര ചോദിക്കുമ്പോൾ വീട്ടിൽ എല്ലാവർക്കും വിഷമം ആയിരുന്നു

“വേഗം വരണേ മോളെ ” അവർ വീണ്ടും പറഞ്ഞു

“വേഗം വരും. ശ്രീ വന്നാലുടനെ വരും.. “

അവൾ കാറിൽ കയറി യാത്ര പറഞ്ഞു

സ്കൂൾ കെട്ടിടത്തിന്റെ പണികൾ തുടങ്ങിയത് കൊണ്ട് തോമസ് ചേട്ടൻ രാവിലെ അങ്ങോട്ട് പോകും. ഇടയ്ക്ക് ജെന്നിയും പോകും. വഴിയിൽ വിഷ്ണുവിനെ കാണാറുണ്ട്. പക്ഷെ ഇപ്പൊ പരസ്പരം സംസാരിക്കാൻ പറ്റാറില്ല.ഇടയ്ക്ക് കൈമാറുന്ന നോട്ടം മാത്രം ആണ് ആശ്വാസം. ഹരി വരുമ്പോൾ ശരിയാകും എന്നുള്ള പ്രതീക്ഷയിലാണ് അവർ

ശ്രീഹരി പ്രോഗ്രാം കഴിഞ്ഞു റൂമിൽ വന്നു

രണ്ടു ദിവസം ആയി അഞ്ജലി വിളിച്ചിട്ട്. വീട്ടിൽ ചോദിച്ചപ്പോൾ അവരെയും വിളിച്ചിട്ടില്ല. അവൻ ബാലചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു

എടുക്കുന്നില്ല. രണ്ടു മൂന്ന് തവണ വിളിച്ചിട്ടും അങ്ങനെ തന്നെ

തിരിച്ചു വിളിക്കുമ്പോൾ ചോദിക്കാം എന്ന് കരുതി അവൻ കിടന്നു വെറുതെ ഫോൺ എടുത്തു

അഞ്ജലിയേ ഓൺലൈൻ കാണിക്കുന്നത് മൂന്ന് ദിവസം മുന്നെയാണ് എന്ന് വാട്സാപ്പിൽ ശ്രദ്ധിച്ചത് അപ്പോഴാണ്. അവന് എന്തോ ഒരു അപകടം മണത്തു. പക്ഷെ അവൻ നിസ്സഹായനായിരുന്നു. ആരോട് ചോദിക്കാൻ?

പ്രോഗ്രാം കഴിഞ്ഞ അന്ന് തന്നെ അവൻ ടിക്കറ്റ് എടുത്തിരുന്നു

കൂടുതൽ നേരം നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് അവൻ അത്യാവശ്യം ഉള്ളത് മാത്രം എടുത്തു. പിന്നെ മാധവിനോട് പറഞ്ഞിട്ട് ഒരു ടാക്സി അറേഞ്ച് ചെയ്തു. എയർപോർട്ടിലേക്ക് പോകുമ്പോളും അവന്റെ മുഖം ഭയം കൊണ്ട് നിറഞ്ഞത് കണ്ട് മാധവ് ആശ്വസിപ്പിച്ചു

പക്ഷെ ഹരിയുടെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. അഞ്‌ജലിക്ക് എന്തോ സംഭവിച്ചിരിക്കുന്നു. എയർ പോർട്ടിൽ വെച്ചും അവൻ വിളിച്ചു നോക്കി. ഇല്ല കിട്ടുന്നില്ല

എന്റെ ദൈവമേ എന്റെ പെണ്ണിനെ കാത്തോളണേ അവൻ കണ്ണീരോടെ പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നു. അവൻ മുംബൈയിൽ ഇറങ്ങിയെങ്കിലും അഞ്ജലി പറഞ്ഞത് പോലെ ബന്ധുക്കളുടെ വീട്ടിൽ പോകാൻ അവന് തോന്നിയില്ല

അവിടെ നിന്ന് നേരേ ബാംഗ്ലൂർ. അവളുടെ വീട് ഒരിക്കൽ അവൾ അഡ്രസ് പറഞ്ഞു കൊടുത്തത് കൊണ്ട് അവന് അറിയാം

വാതിൽക്കൽ സെക്യൂരിറ്റി ഉണ്ട്

“ഞാൻ ശ്രീഹരി.. ബാലചന്ദ്രൻ സാർ ഉണ്ടോ?”അവൻ ചോദിച്ചു

“സാർ വരികയാണെങ്കിൽ ഈ അഡ്രസ്സിലേക്ക് ചെല്ലാൻ ബാലചന്ദ്രൻ സാർ പറഞ്ഞിട്ടുണ്ട് ” അയാൾ ഒരു കുറിപ്പ് നീട്ടി

ദേവമാതാ ഹോസ്പിറ്റൽ. മഹാദേവപുര

“ഇവിടെ ആരാ?”ഹരിയുടെ ശബ്ദം വിറച്ചു

“അഞ്ജലി മാം “

അയാളുടെ മുഖത്ത് വിഷാദം നിറഞ്ഞു നിന്നു. ഹരിയുടെ ഉള്ളിൽ ഒരു നടുക്കമുണ്ടായി

“എന്താ സംഭവിച്ചത്?” അവൻ  വിറയലോടെ ചോദിച്ചു

“കേരളത്തിൽ നിന്ന് വരുമ്പോൾ കാർ ആക്‌സിഡന്റ് ആയി സാർ..കുറച്ചു സീരിയസ് ആണ് “

ഹരിയുടെ തല കറങ്ങി. അവൻ ഭിത്തിയിലേക്ക് ശരീരം ചേർത്ത് വെച്ചു.

ഈശ്വര… എനിക്ക് ഇത് താങ്ങാൻ വയ്യാ

അവൻ മുഖം പൊത്തി വിങ്ങി കരഞ്ഞു

(തുടരും )