എഴുത്ത്: ശ്രീജിത്ത് ഇരവിൽ
=======================
‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസം ഇരുപത്തിരണ്ടായിരം രൂപയും സൗജന്യ താമസവും ഭക്ഷണവും നൽകും.’
പത്രത്തിൽ ശ്രദ്ധിച്ചയൊരു തൊഴിൽ പരസ്യമാണ്. അതിൽ കണ്ട നമ്പറിലേക്ക് വിളിച്ച് അക്ഷമനായി ഞാൻ കാത്തിരുന്നു.
‘ഹലോ….’ മറുതലം ശബ്ദിച്ചു.
“ഹലോ…നമസ്ക്കാരം… എന്റെ പേര് സദാശിവൻ … കാവലിന് ആളെ വേണമെന്ന് കണ്ടിട്ട് വിളിക്കുന്നതാണ്…” ഞാൻ പറഞ്ഞു…
തുടർന്ന് മറുതലയിൽ ഉണ്ടായിരുന്ന പ്രായമായ ശബ്ദം എക്സ്പീരിയൻസ് വല്ലതുമുണ്ടോയെന്ന് എന്നോട് ചോദിച്ചു. പ്രസ്തുത ജോലിയിൽ പറയാൻ യാതൊന്നും ഇല്ലാതിരുന്ന ഞാൻ മിണ്ടാതിരുന്നു…
‘എടോ… തനിക്ക് കാവലിൽ എക്സ്പീരിയൻസ് വല്ലതുമുണ്ടോയെന്ന്…?’ അയാൾ വീണ്ടും ചോദിച്ചു.
“ഇല്ല… ഡ്രൈവിംഗ് അറിയാം..”
‘ആ എന്തായാലും നാളെ ഇവിടം വരെ വരൂ… വിലാസം പറയാം… കുറിച്ച് വെച്ചോളൂ…. ‘
വിലാസം ഡയറിയിൽ എഴുതി ഞാൻ ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും കുളിക്കാനുള്ള വെള്ളം ചൂടായിട്ടുണ്ടെന്ന് പറയാൻ ഭാര്യവന്നു.
‘ജോലി കിട്ടുമോ….?’
“സാധ്യതയില്ല… “
അവൾ പിന്നെയൊന്നും മിണ്ടിയില്ല. അടുക്കളയിൽ നിന്ന് പൊള്ളുന്ന ചെമ്പ്, തോർത്തിൽ പിടിച്ച് ഞാൻ കുളിമുറിയിലേക്ക് നടന്നു. ചൂട് വെള്ളത്തെ നേർപ്പിച്ച് ദേഹത്തേക്ക് ഒഴിച്ചപ്പോൾ വല്ലാതെ കുളിരുന്നത് പോലെ…
എനിക്ക് രണ്ട് മക്കളാണ്. രണ്ടാൾക്കും എന്നും അസുഖമാണ്. മൂത്തവന് പനി വന്ന് പോകുമ്പോഴേക്കും ഇളയവൾ ഛർദ്ദിക്കും. അതുകഴിയുമ്പോഴേക്കും മൂത്തവൻ വല്ല വയറ്റിളക്കമോ തൂറ്റലോ കൊണ്ടുവരും..
കുടുംബത്തിൽ ഒരാൾക്ക് ചെറിയയൊരു അസുഖം വന്നാൽ വീണുപോകുന്നയൊരു ഗൃഹനാഥനാണ് ഞാൻ. ആ ഗൃഹനാഥന് ആണെങ്കിൽ കഴിഞ്ഞ രണ്ട് മാസമായി യാതൊരു ജോലിയുമില്ല. വീട്ടുഭരണം കൃത്യമായി നടത്താൻ പറ്റാതെ ഭാര്യയും വിഷമിച്ചു. നിങ്ങള് വല്ലതും കൊണ്ട് വന്നാലല്ലേ മനുഷ്യാ ഇവിടെ അടുപ്പ് പുകയൂയെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി.
കാര്യം, ജോലി ചെയ്തിരുന്ന വീട്ടിലെ മുതലാളി ഒരുസുപ്രഭാതത്തിൽ ഞാൻ ഓടിച്ചുകൊണ്ടിരുന്ന സ്വിഫ്റ്റ് ഡിസൈർ വിൽക്കുകയും പകരം മെർസിഡീസ് ബെൻസ് വാങ്ങുകയും ചെയ്തതതാണ്. സ്വാഭാവികമെന്നോണം നരച്ച കുപ്പായവുമിട്ട് വളയം പിടിക്കുന്ന എന്നെ മാറ്റുകയും. ടൈ കെട്ടിയ പുതിയ ഡ്രൈവറെ നിയമിക്കുകയും ചെയ്തു.
അതിനുള്ള എല്ലാ അവകാശവും ആ ആഡംബര കാറിന്റെ മുതലാളിക്ക് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ നിലവിളിച്ചില്ല. പക്ഷേ… സദാശിവനൊന്നും ബെൻസ് ഓടിച്ചാൽ ശരിയാകില്ലെന്ന അദ്ദേഹത്തിന്റെ അടക്കം പറച്ചിൽ എന്റെ കാതുകളിൽ വീണപ്പോൾ ഉള്ള് പൊള്ളിപ്പോയി…
കാരണം മറ്റൊന്നും കൊണ്ടായിരുന്നില്ല. ജീവിതത്തിന് ഡ്രൈവറുടെ വേഷം മതിയെന്ന് തീരുമാനിക്കാനുള്ള കാരണം മറ്റൊരു ബെൻസ് ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ പ്രൊഡക്ഷൻ തുടങ്ങിയ സി ക്ലാസ്സ് മെർസിഡീസ് ബെൻസ്…
അന്ന് എനിക്ക് പതിനാറ് വയസ്സാകുന്നതേയുള്ളൂ.. കൂട്ടുകാരോടൊപ്പം സമീപ പ്രദേശത്തുള്ള പരുന്തൻപാറ കയറുകയായിരുന്നു ഞാൻ. അവിടുത്തെ മനോഹരമായ പ്രകൃതിഭംഗിയും ആസ്വദിച്ച് തിരിച്ചിറങ്ങുമ്പോൾ പാർക്കിംഗ് ഏരിയയിൽ ഞാൻ ഒരു കാർ കണ്ടു. അതിന്റെ അകൃതിയിലും വഴക്കത്തിലും മതിഭ്രമിച്ച് ഏറെ നേരം ഞാൻ അതും നോക്കി നിന്നുപോയി.
വൈകാതെ അതിന്റെ ഉടമസ്ഥൻ എന്നോണം നാൽപ്പത് വയസ്സൊക്കെ പ്രായം തോന്നിക്കുന്ന ഒരാൾ വന്നു…
‘സാറേ… ഇതേതാണ് കാർ…?’ ആകാംഷയോടെ ഞാൻ ചോദിച്ചു.
” ബെൻസാണ് മോനേ… മെർസിഡീസ് ബെൻസിന്റെ സി ക്ലാസ്സ്… ” അയാൾ ലളിതമായി പറഞ്ഞു.
കൂട്ടുകാരോട് നടന്നോളൂവെന്ന് പറഞ്ഞിട്ട് ആ കാറിനെ കുറിച്ച് അയാളോട് ഞാൻ കൂടുതൽ കാര്യങ്ങൾ ചോദിച്ചു. കൂട്ടുകാരന്റെ ചേട്ടന്റെ വണ്ടി ഓടിച്ചിട്ടുണ്ടെന്ന് ഗമയിൽ ഞാൻ പറഞ്ഞു. അതിന് നിനക്ക് ലൈസൻസ് ഉണ്ടോയെന്ന് ചോദിച്ച് അയാൾ ചിരിച്ചു.
‘ആട്ടെ.. ഏത് കാറാണ് ഓടിച്ചത്….’
“ആൾട്ടോ ഏയ്റ്റ് ഹൻഡ്രഡ്..”
ധാരാളമെന്ന് പറഞ്ഞ് അയാൾ എന്നോട് കാറിനകത്തേക്ക് കയറാൻ പറഞ്ഞു. അതും ഡ്രൈവിംഗ് സീറ്റിലേക്ക്.. ആദ്യം മടിച്ചെങ്കിലും കൗതുകത്തോടെ ഞാൻ അകത്തേക്ക് കയറി. സമീപ സീറ്റിൽ അയാളും ഇരുന്നു..
‘ഓടിച്ചോടാ… ‘
എനിക്കുണ്ടായ സന്തോഷം സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയൊരു അനുഭൂതിയായി എന്നിൽ നിറഞ്ഞു. അയാൾ സ്റ്റാർട്ട് ചെയ്ത് തരുകയും, റിവേഴ്‌സ് ഗീയർ ഇടുകയും വണ്ടി നിരത്തിലേക്ക് ഇറക്കാൻ ആവിശ്യപ്പെടുകയും ചെയ്തു. ഗീയർ മാറ്റി ക്ലച്ചിൽ നിന്ന് കാലെടുത്തപ്പോൾ കുതിരയെ പോലെ അത് ഞങ്ങളേയും കൊണ്ട് മുന്നോട്ട് പോയി..
‘പതുക്കെ….’
അയാൾ പറഞ്ഞു.. ഞാൻ സന്തോഷം കൊണ്ട് കൂവി…. അപ്പോഴേക്കും മുമ്പേ നടന്ന കൂട്ടുകാരുടെ അടുത്തേക്ക് ഞങ്ങൾ എത്തിയിരുന്നു. അയാൾ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ ബ്രേക്കിൽ ആഞ്ഞുചവിട്ടി. ഞങ്ങളെ രണ്ടുപേരേയും മുന്നോട്ട് തള്ളിയിട്ട് ആ ബെൻസ് നിന്നു. എന്നിട്ടും സന്തോഷമായില്ലേയെന്ന് അയാൾ എന്നോട് ചോദിച്ചു.
ഇന്ന് ചോദിച്ചാലും സന്തോഷമെന്നാൽ ആ നിമിഷങ്ങളാണെന്ന് ജീവൻ അറിയാതെ പറഞ്ഞുപോകും. ഗമയിൽ കാറിൽ നിന്ന് ഇറങ്ങി വരുന്നയെന്നെ കൂട്ടുകാർ തലയിൽ കൈവെച്ച് നോക്കിയത്, ഇന്നുമൊരു സിനിമാചിത്രം പോലെ എന്റെ ഓർമ്മയിലുണ്ട്…
അങ്ങനെയാണ്, എന്നെങ്കിലുമൊരു ബെൻസ് കാറിന്റെ ഡ്രൈവർ ആകണമെന്ന ആഗ്രഹത്തിൽ ഞാൻ ഡ്രൈവിംഗ് പഠിച്ചത്. ഏത് കാറും ലളിതമായി ചലിപ്പിക്കാൻ പഠിച്ചിട്ടും ആ ആഗ്രഹം നടന്നില്ല. നടന്നില്ലെന്ന് മാത്രമല്ല, ആ ആഗ്രഹത്തിന് എന്നെ തീരേ വേണ്ടായെന്ന തലത്തിൽ ജീവിതം ഇങ്ങനെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു….
അന്നേ രാത്രിയിൽ കഞ്ഞിയും കുടിച്ച് കൈകഴുകുമ്പോൾ ഇഷ്ടിക കമ്പിനിയിൽ ആളൊഴിവുണ്ടെന്ന് ഭാര്യപറഞ്ഞു. ഞാൻ മിണ്ടിയില്ല. പിള്ളേരേയും പൊത്തിപ്പിടിച്ച് കിടക്കുമ്പോൾ നിങ്ങൾക്ക് പറ്റില്ലെങ്കിൽ താൻ പോയിക്കൊള്ളാമെന്ന് അവൾ പറഞ്ഞു. വേണ്ടെന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ അടച്ചു.
വളയം പിടിക്കാതെ എനിക്ക് ജീവിക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടുമാസമായി ഡ്രൈവർ ജോലി അന്വേഷിച്ച് കാത്തിരുന്നത്. ആരും വിളിച്ചില്ല.
കാലിയായ അടുക്കളയിൽ നിന്ന് ഭാര്യയിങ്ങനെ കലി തുള്ളുന്നത് കൊണ്ടാണ് ഇതെങ്കിൽ ഇതെന്ന് കരുതി ആ കാവൽക്കാരന്റെ ജോലിക്കായി ഞാൻ വിളിച്ചത്. എന്തായാലും വിലാസമുണ്ടല്ലോ.. പറഞ്ഞതുപോലെ നാളെ അവിടം വരെയൊന്ന് പോയിനോക്കാമെന്ന ചിന്തയെ മുറുക്കെപ്പിടിച്ച് ഞാൻ എപ്പോഴോ ഉറങ്ങി…
പിറ്റേന്ന് രാവിലെ പത്തുമണിയോട് കൂടി ഞാൻ ആ വിലാസത്തിൽ എത്തി കാളിംഗ് ബെല്ലിൽ രണ്ടുവട്ടം വിരൽ കുത്തി. ഒരു നരച്ച തല കതക് തുറന്നു. അയാളെ കണ്ടപാടേ എന്റെ കണ്ണുകൾ മൂന്നിരട്ടി വിടർന്നുപോയി….!
വന്ന കാര്യം ഇമവെട്ടാതെ പറഞ്ഞപ്പോൾ എന്നെ അധികമൊന്നും ശ്രദ്ധിക്കാതെ അകത്തേക്ക് വരാനും ഇരിക്കാനും അയാൾ പറഞ്ഞു. ഞാനൊരു കുട്ടിയെപ്പോലെ അനുസരിച്ചു.
‘കാവൽ രാത്രിയില് മതി.. പകല് ചിലപ്പോൾ വണ്ടി ഓടിക്കേണ്ടി വരും.. നിനക്ക് ലൈസൻസൊക്കെ ഉണ്ടോ…’
“ഉണ്ട് സാറേ….”
അയാൾക്ക് എന്നെ തീരേ മനസിലായിട്ടില്ല…. എങ്ങനെ മനസ്സിലാകാനാണ്… വർഷങ്ങൾ ഇരുപതോളം ആയില്ലേ….
ജോലിക്കാരൻ കൊണ്ടുവന്ന ചായ കുടിച്ച് തീരാറായപ്പോഴേക്കും കൈയ്യിലൊരു താക്കോലുമായി അയാൾ വന്നു.
‘കുറച്ച് പഴയതാണെങ്കിലും ബെൻസാണ്.. പോർച്ചിൽ നിന്ന് ഇറക്കിയൊന്ന് കഴുകി വെച്ചേക്ക്…..’
“അറിയാം സാറേ… മെർസിഡീസ് ബെൻസിന്റെ സി ക്ലാസ്സല്ലേ….!”
അതുകേട്ടപ്പോൾ അയാൾ എന്നെ സൂക്ഷിച്ച് നോക്കി… പണ്ട് പരുന്തൻപാറയിൽ നിന്നൊരു പയ്യനെ സന്തോഷത്തിന്റെ അറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയ കഥ കൂടി ഞാൻ പറഞ്ഞപ്പോൾ, എടാ വിരുതായെന്ന് വിളിച്ച് അയാൾ എന്നെ പുണർന്നു..
ജീവിതമെത്ര വിചിത്രമാണ് ! കൗതുകപരമാണ് ! കാലത്തിന്റെ കുസൃതി പോലെ അവസാനം ഞാൻ ചെന്നെത്തിയ ഇടത്തേക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരു സ്വപ്നത്തിലേക്കെന്ന പോലെ എന്റെ കാലുകൾ ചലിക്കുന്നു. ആഗ്രഹങ്ങളുടെ മെർസിഡീസ് ബെൻസ് ക്ഷമയോടെ ഇത്രയും കാലമെന്നെ കാത്തിരുന്നുവെന്നത് അപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…..!!!
~ശ്രീജിത്ത് ഇരവിൽ