ശ്രീഹരി ~ അധ്യായം 33, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“മോള് ഒരു തവണ അവനോട് സംസാരിക്കു. അവൻ മനോവിഷമം കേറി എന്തെങ്കിലും ചെയ്തു കളഞ്ഞിട്ട് ഇവിടെ ഇരുന്നു കരഞ്ഞിട്ട് വല്ല കാര്യോം ഉണ്ടൊ?. അവനോത്തിരി വിഷമം ഉണ്ട് മോളെ… പോട്ടെ മനുഷ്യന്മാർ തമ്മിൽ എന്തിന് വാശി”

അഞ്ജലി പശുക്കൾക്ക് വെള്ളം കൊടുക്കുകയായിരുന്നു

“എന്റെ മക്കളെ പോലെ തന്നെ ആണ്  മോളും ഹരിയും ഒക്കെ.. മോള് ക്ഷമിക്ക് “

അഞ്ജലിയുടെ മുഖത്ത് നിന്ന് അവളുടെ മനസ്സിൽ എന്താ എന്ന് അയാൾക്ക് മനസിലായില്ല.

“പപ്പാ പറഞ്ഞോളൂ ട്രിപ്പ്‌ കഴിഞ്ഞു വരുമ്പോൾ അഞ്ജലി മിണ്ടുമെന്ന്… അത് വരെ വിളിക്കണ്ടന്ന് “

“ഇത് മോൾക്ക് നേരിട്ട് പറഞ്ഞൂടെ?”

അവൾ ഇല്ല എന്ന് തലയാട്ടി

“അവനോട് വെറുപ്പാണോ കുഞ്ഞേ? ” അഞ്ജലി നിറകണ്ണുകളോടെ ഇല്ല എന്ന് തലയാട്ടി

“എന്നാ ഒരു തവണ ഫോൺ എടുക്ക് ” അവൾ സമ്മതിച്ചു

ദിവസങ്ങൾ കഴിഞ്ഞു. ഹരിക്ക് സമനില തെറ്റി പോയ പോലെ തോന്നി. പാട്ടിൽ അത് ഇടയ്ക്ക് പ്രതിഫലിക്കുന്നുണ്ടായിരുന്നു

അന്ന് പ്രോഗ്രാം ഉണ്ടായിരുന്നില്ല. ഹരി മുറിയിൽ ഉണ്ടായിരുന്നു. മാധവ് അവന്റെ മുറിയിൽ വന്നു

“നിന്റെ അഞ്ജലിയുടെ നമ്പർ എനിക്ക് താ. ഞാൻ വിളിച്ചു പറയാം ഇതിനൊരു അവസാനം വേണമല്ലോ.. ഇങ്ങനെ നീറി നീറി എത്ര നാൾ? എടാ പോകാൻ പറയടാ. ഇങ്ങനെ ഇട്ടു നീറ്റുന്ന പെണ്ണിനെ എന്തിനാ?”

ഹരി തളർന്നു പോയ മിഴികൾ ഉയർത്തി

“നിന്റെ പാട്ടിനെ ഇത് ബാധിക്കുന്നുണ്ട് ഹരി…”

ഹരി തല കുനിച്ചു

മൊബൈലിൽ ഒരു മെസ്സേജ് വന്നപ്പോൾ അവൻ വെറുതെ എടുത്തു നോക്കി

“call me” അഞ്ജലിയുടെ മെസ്സേജ്

അവൻ വിറയാർന്ന കൈകൾ കൊണ്ട് ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു. അവന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി പരക്കുന്നത് കണ്ട് മാധവ് നടുങ്ങിപ്പോയി

“അഞ്ജലീ…” മറുതലയ്ക്കൽ കാൾ അറ്റൻഡ് ചെയ്തപ്പോൾ അവൻ വിളിച്ചു

“പപ്പയോട് എന്ത് തോന്ന്യാസമാ പറഞ്ഞത്?” രോഷത്തിലാണ്

“ഞാൻ എന്ത് പറഞ്ഞു?”

“അവസാനം പറഞ്ഞു നിർത്തിയ വാചകം ഓർത്തു നോക്ക് “

“ഞാൻ അത് സീരിയസ് ആയിട്ട് തന്നെ പറഞ്ഞതാ..”

“പപ്പയെ വിളിച്ചു സംസാരിക്ക്. സോറി പറ “

“പറഞ്ഞോളാം “

“വെയ്ക്കുവാ “

“പ്ലീസ്… എവിടെയാ നീ?”

“ഈ ഭൂമിയിൽ തന്നെ ഉണ്ട് “

അവന്റെ ഹൃദയത്തിൽ ഒരു വേദന വന്നു

“ഞാൻ അങ്ങോട്ട് വരും “

“ഇത് കൊണ്ടാ ഞാൻ…. ഇത് കാരണമാ ഞാൻ…”അവൾ കിതച്ചു

“ഞാൻ വരുന്നില്ല പോരെ?” അവൻ പെട്ടന്ന് പറഞ്ഞു

ഒരു നിശബ്ദത അവരെ തഴുകി കടന്നു പോയി

“എന്നോട് ക്ഷമിക്ക്. ” അവൻ പറഞ്ഞു

“ക്ഷമിക്കില്ല.. “

അവൻ നെറ്റിയിൽ കൈ വെച്ചു കുനിഞ്ഞിരുന്നു

“എന്ത് പ്രായശ്ചിത്തം വേണേൽ ചെയ്യാം. എനിക്ക് പറ്റുന്നില്ല മോളെ… പ്ലീസ് “

അഞ്ജലിയുടെ ഉള്ളും വേദനിക്കുന്നുണ്ടായിരുന്നു

“നാട്ടിൽ വന്നാൽ ഞാൻ…ഞാൻ അത് വീണ്ടും “

“വേണ്ട ഒരിക്കൽ പൊട്ടിച്ചതല്ലേ. വീണ്ടും ചേർത്താൽ ഭംഗിയുണ്ടാവില്ല..ഇനിം ദേഷ്യം വരുമ്പോൾ പൊട്ടിച്ചു ഉപേക്ഷിച്ചു പോവില്ല എന്ന് ഉറപ്പില്ലല്ലോ “

“എന്നെ വിശ്വാസമില്ലേ നിനക്ക്?”

“ഇല്ലാ “

“എങ്ങനെ വിശ്വസിപ്പിക്കണം ഞാൻ?”

അവൾ മിണ്ടിയില്ല

“പറ… “

“അറിയില്ല… “

“എനിക്ക് അറിയാം… നിനക്കും അറിയാം.. എല്ലാം. നീ അഭിനയിക്കുന്നതാണ് ഈ ദേഷ്യം. “

“ആയിക്കോട്ടെ.. ഞാൻ വെക്കുവാ.. ഇവിടെ രാത്രിയാണ് “

“എന്റെ മനസ്സിലും “

അവന്റെ ശബ്ദം ഒന്നിടറി

“എന്റെ പൊന്നിന് എന്നോട് ക്ഷമിച്ചൂടെടി. ഞാൻ വരുമ്പോൾ അമ്പലത്തിൽ വെച്ചു തന്നെ ഞാൻ ആ മാല കെട്ടിത്തരാം.. അല്ലെങ്കി വേണ്ട ഒറിജിനൽ താലി മാല തന്നെ കെട്ടാം.. പ്ലീസ് “

“വേണ്ട “

അവളുടെ ശബ്ദം താഴ്ന്നു അവൾ കരയുകയാണെന്ന് തോന്നി

“എനിക്ക് നിയെ ഉള്ളു അഞ്ജലി.. നിനക്ക് എന്നെ വേണ്ടെങ്കിൽ എന്റെ ദേവി സത്യം ഞാൻ എന്നെയവസാനിപ്പിച്ചു കളയും എനിക്ക് മടുത്തു.. എനിക്ക് വയ്യ ഇങ്ങനെ വേദന തിന്ന് ജീവിക്കാൻ “

“എന്നെ മറന്നു ജീവിച്ച ഒരു മാസം ഇല്ലേ ഓർമയിൽ?” അവൾ മൂർച്ചയോടെ ചോദിച്ചു

ഹരിക്ക് മറുപടി ഇല്ലായിരുന്നു

“എന്നെ ഉപേക്ഷിച്ചു പോയതല്ലേ?”

“ഞാൻ..എന്റെ.. എന്റേതെല്ലാം തന്ന് സ്നേഹിച്ചതല്ലെ ശ്രീ.?”അവൾ പൊട്ടിക്കരഞ്ഞു.

“എന്നെ മനസിലാകാതെ.. എന്നോട് മിണ്ടാതെ..പോയില്ലേ ” അവൾ ഏങ്ങലടിച്ചു

ഹരി തളർന്നു പോയി

എപ്പോഴുമെന്ന പോലെ ആ കരച്ചിൽ അവനെ തകർത്തു കളഞ്ഞു

“മോളെ ഇങ്ങനെ കരയല്ലേ… ഞാൻ എന്ത് വേണം പറ. നീ പറയുന്ന പോലെ ചെയ്യാം “

അവൾ കണ്ണീര് തുടച്ചു

“ഞാൻ അങ്ങോട്ട് ശ്രീയെ വേണം എന്ന് പറയുന്ന വരെ ശ്രീ എന്നെ വിളിക്കരുത്. ചെയ്യുന്ന ജോലി ഭംഗിയായി ചെയ്യണം.. മറ്റൊന്നുമോർക്കാതെ “
ശ്രീഹരി കണ്ണുകൾ ഇറുക്കിയടച്ചു ചുണ്ട് കടിച്ചു പിടിച്ചു സങ്കടം അമർത്തി

“അങ്ങനെ ചെയ്യാം.. പക്ഷെ എപ്പോഴെങ്കിലും എന്നെ വിളിക്കണം. നിന്നേ സ്നേഹിച്ച പരിഗണന വേണ്ട. ആരുമില്ലാത്ത ഒരുത്തൻ. കുറെ നാൾ നിന്റെ മുന്നിൽ കോമാളി വേഷം കെട്ടിയ ഒരുത്തൻ.. ആ പരിഗണന മതി “അവന്റെ ശബ്ദമിടറി

ഒരു ക-ത്തി നെഞ്ചിൽ കയറിയ പോലെ അവൾക്ക് വേദനിച്ചു

“നിന്നേ മറക്കാൻ കഴിഞ്ഞെങ്കിൽ ശ്രീ ഇങ്ങനെ തകർന്നു പോകില്ലായിരുന്നു എന്ന് മാത്രം ഓർക്കുക “

“ഞാൻ വെക്കുവാ.. ഒരു പാട് രാത്രിയായി ” അവൾ ശാന്തമായി പറഞ്ഞു

ഹരി മിണ്ടിയില്ല

“ശ്രീ…?”

അവൻ ഒന്ന് മൂളി

“ശ്രീ?”

“ഉം..”

“അച്ഛനെ വിളിക്കണം.. നമ്പർ ഞാൻ അയച്ചു തരാം.”

“ഉം “

“വെയ്ക്കട്ടെ “

അവൻ മിണ്ടിയില്ല

“ഞാൻ… ഞാൻ വിളിക്കാം ശ്രീ..” അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി ഇറ്റ് വീണു

“പ്രോഗ്രാം നന്നായി പോണില്ലേ?”

“ശരിയാവുന്നില്ല “അവൻ ഇടറി പറഞ്ഞു

“ഇനിയെന്നാ?”

“നാളെ..”

“ഏതൊക്കെ പാട്ടുകളാ?”

“രണ്ടെണ്ണം.. ഉയിരേ… പിന്നെ ഒരു ഹിന്ദി “

“ബോംബെ സോങ് ആണോ?”

“ഉം “

“എന്നെയോർത്തു പാട് “

അവൻ വിശ്വാസം വരാതെ കേട്ടത് സത്യം തന്നെയൊ എന്ന ഭാവത്തിൽ ഫോൺ നോക്കി

“ഉയിരേ എന്ന പാട്ട് പാടുമ്പോൾ എന്നെ മാത്രം ഓർക്ക് ‘

“ഉം “

അവന്റെ ശബ്ദം അടഞ്ഞു

“വെയ്ക്കട്ടെ ഞാൻ?”

“ഉം “

കാൾ കട്ട്‌ ആയി

ഹരി ഫോൺ കിടക്കയിലിട്ട് കമിഴ്ന്നു കിടന്നു. മാധവ് അവന്റെ അരികിൽ ചെന്ന് അവന്റെ പുറത്ത് കൈ വെച്ചു

അവൻ വിങ്ങി പൊട്ടി കരയുന്നുണ്ട്. ഉടൽ കുലുങ്ങുന്നു

“മോനെ… എടാ.. നിർത്ത് മതി..”

അയാൾ പറഞ്ഞു

“എന്റെ പെണ്ണ് പാവം..എന്റെ പാവം പെണ്ണ്. ഞാൻ എന്തൊരു ദുഷ്ടനാ മാധവ്… ഞാൻ കൊള്ളില്ല. സത്യം.. ഞാൻ ചീത്തയാ..”

അവൻ പുലമ്പി കൊണ്ടിരുന്നു

ആ പകൽ അങ്ങനെ കഴിഞ്ഞു പോയി പക്ഷെ അഞ്ജലിയുടെ ആ ഫോൺ കാളിൽ വാടി പോയ ഒരു ചെടി വീണ്ടും തളിർത്തു പൂവിട്ട പോലെ ഹരി ഊർജസ്വലനായി. അത്ഭുതകരമായ ഒരു മാറ്റമായിരുന്നു അത്

അവൻ മിടുക്കനായി കാണപ്പെട്ടു. അത് വരെയാരും കണ്ടിട്ടില്ലാത്ത ഒരു ഹരി

പിറ്റേന്ന് രാത്രി. സ്റ്റേജിൽ ഹരി. നീല ജീൻസ്. വൈറ്റ് ടി ഷർട്ട്‌. നീല ജാക്കറ്റ്

അലസമായ മുടി ചിതറി നെറ്റിയിൽ വീണു കിടപ്പുണ്ട്. ചെറിയ താടി രോമങ്ങൾ അവന്റെ ഭംഗി കൂട്ടി

അവനെയാർക്കും അത്രയ്ക്ക് അറിയാത്തത് കൊണ്ട് ശ്രോതാക്കൾക്കിടയിൽ
പ്രത്യേകിച്ച് ഓളം ഒന്നുമില്ലായിരുന്നു

മ്യൂസിക് തുടങ്ങി

പെർഫോം ചെയ്യണം. അത് കൊണ്ട് സ്റ്റാൻഡിങ് മൈക്ക് വേണ്ടന്നവൻ നേരെത്തെ പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു

വീഡിയോ എടുക്കാൻ മാധവിനോടും നിർദേശിച്ചു

സോങ് തുടങ്ങി

ഹരിയുടെ മാസ്മരിക സ്വരം

ഉയിരേ… ഉയിരേ.. വന്ത് എന്നോട് കലൈന്ത് വിട്

ഉയിരേ…. ഉയിരേ…എന്നൈ ഉന്നോട് കലൈന്ത് വിട്

നിനൈവേ നിനൈവേ വന്നെൻ നെഞ്ചോട് കലൈന്തു വിട്..

നിലവേ നിലവേ ഇന്തേൻ വീണ്ണോട് കലന്ത് വിട്

കാതൽ.. ഇരുന്താൽ ഇന്ത മണ്ണോടു കലന്ത് വിട്.

ശ്രീഹരി നിലത്ത് മുട്ട് കുത്തി കൈകൾ വിടർത്തി

വീണ്ടും പാടി

ഉയിരേ…. ഉയിരേ…

സദസ്സ് തരിച്ചിരുന്നു. പലരും കരഞ്ഞു. പലരും ഉറക്കെ വിളിച്ചു ഉയിരേ….
ഉയിരേ….

അവൻ ഒന്നും കേട്ടില്ല. ഉള്ളിൽ അവന്റെ കാതൽ മാത്രം. അവളുടെ മുഖം

എന്നെയോർത്തു പാട്…എന്നെ മാത്രം..

അവൻ പാടിക്കൊണ്ടിരുന്നു

പാട്ട് തീർന്നപ്പോൾ കാതടിപ്പിക്കുന്ന കരഘോഷം

അവൻ സ്റ്റേജിൽ മുഖം അമർത്തി ഒരു നിമിഷം

പിന്നെ എഴുനേറ്റ് കൈ വീശി

പിന്നെ മൈക്ക് എടുത്തു കയ്യിൽ പിടിച്ചു

“This song is dedicated to my love, my life… my every thing…”

സദസ്സ് കയ്യടിച്ചു

അവനാ മൈക്ക് ഉയർത്തി

“I love you anjali..and love you all..”

പുഞ്ചിരിച്ചു കൊണ്ട് കൈ വീശി. വീണ്ടും പറഞ്ഞു

thank you for the support..love you….

റഹ്മാൻ ഒരു പുഞ്ചിരിയോടെ അവനെ നോക്കിയിരുന്നു

“ആരാ അത് പുതിയ ആളാണല്ലോ? ചെക്കൻ തകർത്തു “അടുത്തിരുന്ന ബിസിനസ് മാഗ്നറ്റ് സിദ്ധാർഥ് പറഞ്ഞു

“He is sreehari .and you just note this sidhu.this is the begining of a new era.his era . “

ഹരിയുടെ യുഗം

അതേ ശ്രീഹരിയുടെ യുഗം അവിടെ ആ രാത്രി ആരംഭിച്ചു

(തുടരും )