ശ്രീഹരി ~ അധ്യായം 39, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“മെഡിക്കൽ മിറക്കിൾ. ഇതല്ലാതെയെനിക്ക് ഒന്നും പറയാനില്ല ബാലചന്ദ്രൻ സാർ. ആ വാക്കിൽ അതങ്ങനെ ഒതുക്കി കളയുന്നത് ശരിയുമല്ല. ശ്രീഹരി…ശ്രീഹരി ആ സമയം അവിടെ ഉണ്ടായിരുന്നു. നഴ്സ് പറഞ്ഞു അയാളുടെ സങ്കടം കണ്ടാൽ മരിച്ചു പോയവരും തിരിച്ചു വന്നു പോകുമെന്ന്. അത്രമേൽ ഹൃദയവേദനയോടെ അയാൾ അവളോട് വാശി പിടിച്ചു പറഞ്ഞു കൊണ്ടേയിരുന്നുന്നു ഒരു പക്ഷെ അഞ്‌ജലിക്ക് ഉള്ളിൽ നേർത്ത ബോധം ഉണ്ടായിരുന്നു കാണണം.അല്ലെങ്കിൽ സർവ്വ ശക്തൻ അവരെ പിരിക്കേണ്ട എന്ന് തീരുമാനിച്ചു കാണും. എന്തായാലും നമുക്ക് ആ കുട്ടിയെ തിരിച്ചു കിട്ടി. കുറെയധികം കോംപ്ലിക്കേഷൻസ് ഉണ്ട്. പക്ഷെ മാറും. പൂർണമായും മാറും. കാരണം ശ്രീഹരി എന്ന ഡോക്ടർ ഒപ്പം ഉണ്ടല്ലോ “

ഡോക്ടർ ഫാത്തിമ പുഞ്ചിരിച്ചു

ബാലചന്ദ്രൻ നെഞ്ചിൽ കൈ വെച്ചു ശ്വാസം എടുത്തു. അയാൾക്ക് ഒന്നുറങ്ങണം എന്ന് തോന്നി. എല്ലാം മറന്ന് ഒന്നുറങ്ങണം കുറച്ചു നേരം. എത്ര ദിവസമായി ഉറങ്ങിയിട്ട്..മനസ്സ് തണുത്തു

അയാൾ പുഞ്ചിരിയോടെ എഴുന്നേറ്റു..

“ഇനി സാർ റസ്റ്റ്‌ എടുക്കു വേണേൽ വീട്ടിൽ പോകാം ഇവിടെ എല്ലാവരും വേണ്ട. വെറുതെ എന്തിനാ.. ശ്രീഹരി ഉണ്ട്. പിന്നെ ആ കുട്ടി ഒരു നഴ്സ്.. പേരൂ ഞാൻ മറന്നു.”

“ജെന്നി “

“yes ജെന്നി.. ആ കുട്ടി മിടുക്കിയാണ്. അവൾ നിന്നോട്ടെ.. സാറിന്റെ മക്കൾക്ക് വേണമെങ്കിൽ തിരിച്ചു പോകാം കേട്ടോ.. അവരും ജോലിയും കുടുംബവും ഒക്കെ കളഞ്ഞിട്ട് എത്ര ദിവസമായി ഇങ്ങനെ?”

ഡോക്ടർ ഒരു സ്ത്രീയായത് കൊണ്ടാണ് ഇത്രയധികം കാര്യങ്ങൾ ശ്രദ്ധിക്കുന്നതെന്ന് ബാലചന്ദ്രനു തോന്നി. പുരുഷൻ ഇത്രയധികം ശ്രദ്ധിക്കില്ല

മക്കൾ രണ്ടു പേരും യാത്ര പറയാൻ വന്നപ്പോൾ അയാൾ അവരെ ചേർത്ത് പിടിച്ചു

“ഞാനും ആദിത്യനുമായി വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അയാൾ നാട്ടിലേക്ക് വരുമെന്നോ ഇങ്ങനെ ഒന്ന് ചെയ്യുമെന്നൊ സത്യത്തിൽ എനിക്ക് അറിഞ്ഞൂടാരുന്നു. പിന്നെ അച്ഛന്റെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അതാണ് ഞാനും…”

മൂത്തമകൾ നിഷ പൊട്ടിക്കരഞ്ഞു

“മോൾക്കിങ്ങ് പോന്നൂടെ?” അയാൾ വേദനയോടെ ചോദിച്ചു

“മക്കൾ രണ്ട് പേർക്കും അവിടെയാ ഇഷ്ടം. പിന്നെ എനിക്ക് ജോലി അവിടെയല്ലേ?”

“നിന്റെ ഇഷ്ടം “

രണ്ടാമത്തെവൾ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് ബാലചന്ദ്രൻ അവളുടെ കൈയിൽ പിടിച്ചു അടുത്തേക്ക് നിർത്തി

“അച്ഛൻ വീണു പോയിട്ടും വരാത്തവൾ വന്നല്ലോ “nഅയാൾ കളിയാക്കി

“അച്ഛാ പ്ലീസ്… അച്ഛൻ കണ്ടു പിടിച്ചു തന്ന ആളാണ്. കാശ് ഉണ്ടാക്കാൻ മാത്രം ജീവിക്കുന്ന ഒരാൾ. ചേച്ചിയേ പോലെ ഉപേക്ഷിച്ചു പോകാൻ ധൈര്യമില്ല. പറഞ്ഞത് അനുസരിച്ചു ജീവിച്ചു ശീലിച്ചു പോയി.. ഇത്തവണയും പറഞ്ഞു പോകണ്ടന്ന്.. ഇത് അനുസരിച്ചില്ല. തോന്നിയില്ല എന്റെ അനിയത്തിയെക്കാൾ വലുതായി തോന്നിയില്ല.അച്ഛൻ എന്നെ മനസിലാക്കിയ മാത്രം മതി. ഞാൻ വിളിച്ചോളാം “

അയാൾ തല കുലുക്കി

അഞ്ജലി കണ്ണ് തുറന്നു കിടക്കുകയായിരുന്നു

അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് കൊണ്ട് തല്ക്കാലം സ്ട്രെസ് കൊടുക്കരുത് എന്ന് ഡോക്ടർ പറഞ്ഞു. സംസാരിപ്പിക്കാൻ ഉടനെ ശ്രമിക്കണ്ടാ പതിയെ മതി..

ശ്രീഹരി അവളുടെ കൈകൾ അവന്റെ മുഖത്തോട് ചേർത്ത് പിടിച്ചു. ഐ സി യുവിൽ തന്നെ ആണ് അഞ്ജലി. പക്ഷെ ദിവസവും കുറച്ചു നേരം അവന് അനുവദിച്ചു കൊടുത്തിട്ടുണ്ട്

“പൊന്നേ..” അവൻ കുഞ്ഞ് വിരലിൽ മൃദുവായ് കടിച്ചു

അഞ്ജലി മെല്ലെ പുഞ്ചിരിച്ചു. അവൾക്കറിയാം അവൻ അവളുടെ ജീവനെ മരണത്തിൽ നിന്ന് വാശി പിടിച്ചു മേടിച്ചതാണെന്ന്..അവന്റെ സ്നേഹത്തിനു മുന്നില് താൻ എത്ര ചെറുതാണെന്ന്. അവനും ഇപ്പോഴാണ് ജീവൻ വെച്ചതെന്ന്

അഞ്ജലി ആ താടി രോമങ്ങളിൽ തലോടി. കൈ കൊണ്ട് ഇനി എന്ന പ്രോഗ്രാം എന്നൊരു ആംഗ്യം കാണിച്ചു

“പ്രോഗ്രാമോ?”

അവൾ അതേയെന്ന് തല അനക്കി

“ആശുപത്രിയായി പോയി..ഇല്ലെങ്കിൽ നല്ലത് പറഞ്ഞേനെ ഞാൻ “

അവന്റെ മുഖം ചുവന്നു

“പ്ലീസ് ” മുഖം കൊണ്ട് വീണ്ടും

അവൻ പുഞ്ചിരിച്ചു

“എന്റെ പൊന്ന് നൃത്തം ചെയ്യുന്ന അന്നേ ശ്രീഹരി ഇനി പാടു… നിനക്ക് പാടി തരാം ട്ടോ..എത്ര പാട്ട് വേണേൽ എന്റെ മോൾക്ക് പാടി തരാം.” അഞ്ജലി പുഞ്ചിരിച്ചു

“ഞാൻ എഴുനേൽക്കട്ടെ ” എന്നവൾ ആംഗ്യം കാട്ടി

അവൻ സംശയത്തോടെ ഒന്ന് നോക്കി. നഴ്സ് ഇതൊക്കെ കണ്ടു നിൽക്കുകയായിരുന്നു

“ഇപ്പൊ എഴുനേൽക്കണ്ട കേട്ടോ.. കുറച്ചു ദിവസം കൂടി കഴിഞ്ഞോട്ടെ.. വേണേൽ ഒന്ന് ചാരിയിരിക്കാം ” ശ്രീഹരിയുടെ നെഞ്ചിൽ ചാരി അവളിരുന്നു

” വേദന തോന്നുന്നോ?” മുഖം ചുളിയുന്നത് കണ്ട് അവൻ ചോദിച്ചു

അവൾ അവന്റെ കൈ പിടിച്ചു ഉദരത്തിൽ ചേർത്ത് വെച്ചു. എന്നിട്ട് ഇല്ല എന്ന് കണ്ണടച്ച് കാണിച്ചു

“നമുക്ക് വീട്ടിൽ ചെന്നിട്ട് വേണം…” അവൻ കുസൃതിയിൽ കൈ ഉദരത്തിൽ ഒന്ന് അമർത്തി

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. മുഖം തിരിച്ചവന്റെ മുഖത്തേക്ക് നോക്കി

“ഇവിടെ ഒരു പ്രൈവസിയില്ലെടി “അവൻ കാതിൽ പറഞ്ഞു

അവൾ വീണ്ടും ചിരിച്ചു

പിന്നെ മാലയിൽ വിരൽ കോർത്തു നെഞ്ചിൽ ഇട്ടു

“എപ്പോ ശരിയാക്കി?”എന്ന് ആംഗ്യം കാട്ടി

“അത് മുംബൈയിൽ വെച്ചു തന്നെ ശരിയാക്കിയിരുന്നു. ഇതെന്റെ ഷർട്ടിന്റ പോക്കറ്റിൽ തന്നെ ഉണ്ടായിരുന്നു എപ്പോഴും. ഒരു ധൈര്യത്തിന്.. നീ ഒപ്പം ഉണ്ട് എന്ന തോന്നലുണ്ടാകും അപ്പൊ..”അവൻ നിറുകയിൽ ചുംബിച്ചു

“ആഹാ മിടുക്കിയായല്ലോ. വൈകുന്നേരം റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യുവാ ട്ടോ അഞ്ജലി ” ഡോക്ടർ ഫാത്തിമ അങ്ങോട്ടേയ്ക്ക് വന്നു

“കുറച്ചു പരിശോധനകൾ ഉണ്ട് ശ്രീഹരി. ഒന്ന് പുറത്തേക്ക് നില്ക്കു “

അവൻ അവളെ നോക്കി. അവൾ തല മെല്ലെ ചലിപ്പിച്ചു

തോമസ് ചേട്ടനും മേരി ചേച്ചിയും ജെന്നിയും പുറത്ത് ഉണ്ടായിരുന്നു

“നിങ്ങൾ പൊയ്ക്കോ ട്ടോ..എത്ര ദിവസമായി ഇങ്ങനെ..വീട്ടിലെ കാര്യങ്ങൾ ഒക്കെ കുഴഞ്ഞു മറിഞ്ഞു കാണും. ഇവളിവിടെ നിൽക്കട്ടെ എനിക്ക് ഒരു കൂട്ടിന് “. അവൻ ജെന്നിയെ ചേർത്ത് പിടിച്ചു.

തോമസ് ചേട്ടൻ അവന്റെ മുഖത്ത് തലോടി. ഇപ്പോഴാണ മുഖം തെളിഞ്ഞു കാണുന്നത്

“എന്റെ മോൻ ക്ഷീണിച്ചു പോയി ” അയാൾ വേദനയോട് പറഞ്ഞു

“അത് ഞാൻ അങ് വരുമ്പോൾ എന്റെ മേരി കൊച്ച് നല്ല കപ്പയും ബീ-ഫും തന്നു എന്നെയങ്ങ് പോഷിപ്പിക്കുകലെ?, ഇല്ലെ ചക്കരെ “

മേരി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് അവനെ രണ്ടു കൈ കൊണ്ടും മുറുകെ പിടിച്ചു

“ഞാൻ വേഗം വരും… ഞാൻ മാത്രം അല്ല അഞ്ജലിയും വരും… ആ നാട് വിട്ട്, എന്റെ മേരി കൊച്ചിനെ വിട്ട് ഹരിക്കുട്ടൻ എങ്ങും പോവില്ല..” മേരി ഒന്ന് വിങ്ങിപ്പൊട്ടി

“കരയല്ലേ.ദൈവം നമ്മളെ കരയിച്ചില്ലല്ലോ എന്നോർത്ത് സന്തോഷിക്ക്..” അവരും ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടിരുന്നു

അവർക്ക് പോകാൻ ഒരു ടാക്സി അറേഞ്ച് ചെയ്തു കൊടുത്തു അവൻ. പോകാൻ നേരം തോമസ് ചേട്ടന്റ കയ്യിൽ ഒരു പൊതിയും

“ഇതെന്താ?”

“എന്റെ കയ്യിൽ ഇരുന്ന ചിലവായി പോകുമെന്നെ ” അവൻ കണ്ണിറുക്കി ചിരിച്ചു

“ഇത് വേണ്ട മോനെ..”

“വേണം… ഞാനല്ലേ തരുന്നത്?” അയാൾ ഹരിയുടെ മുഖം പിടിച്ചു താഴ്ത്തി നിറുകയിൽ ഉമ്മ വെച്ചു

“വേഗം വരണം രണ്ടാളും “

അവൻ തലകുലുക്കി

അവർ പോകുന്നത് ജെന്നിയും അവനും നോക്കി നിന്നു

അഞ്ജലിയെ റൂമിലേക്ക് മാറ്റി. അവൾക്ക് നല്ല പുരോഗതി ഉണ്ടായിരുന്നു

ജെന്നി അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു

ആരെങ്കിലും സമയം തെറ്റിയാണ് മരുന്ന് കൊണ്ട് വരുന്നതെങ്കിൽ, സ്കാനിങ് കുറച്ചു താമസിച്ചു പോയാൽ, ട്രിപ്പ്‌ തീർന്ന് അടുത്തത് വൈകിയാൽ ഒക്കെ അവൾ പുലിക്കുട്ടിയെ പോലെ ചീറും. ഡോക്ടർ ഫാത്തിമയാണ് ഹോസ്പിറ്റലിന്റെ ചീഫ്. അവർക്ക് ജെന്നിയെ വളരെയിഷ്ടപ്പെട്ടു. ബാംഗ്ലൂർ മെഡിക്കൽ കോളേജിലെ സ്റ്റുഡന്റ് ആയിരുന്നു എന്നറിഞ്ഞപ്പോ മതിപ്പ് വർദ്ധിച്ചു

ഡിസ്ചാർജ് ചെയ്തു കൊണ്ട് പോകാം എന്ന് ഡോക്ടർ പറയുമ്പോൾ സന്തോഷത്തോടെ ബാലചന്ദ്രൻ ശ്രീഹരിയെ നോക്കി

“വീട്ടിൽ ചെന്നാലും കുറച്ചു നാൾ കൂടി മെഡിസിൻ ഉണ്ട്. പിന്നെ ഒന്ന് രണ്ടു സ്കാനിംഗ്.. ഫിസിയൊ ചെയ്യണം.. മനസ്സിൽ എപ്പോഴും സന്തോഷം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ഇപ്പൊ ആള് പിടിച്ചു നടക്കുന്നത് തന്നെ നല്ല സൈൻ ആണ്. ഇനി വേഗം പഴയ അഞ്ജലിയാകും “

“താങ്ക്യൂ ഡോക്ടർ. ഡോക്ടറുടെ ഒരു സപ്പോർട്ട് അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല..”

ശ്രീഹരി കൈ കൂപ്പി

“ഹരി.. ഞങ്ങളുടെ മുഴുവൻ സ്നേഹവും നന്ദിയും നിങ്ങളോടാ. മരുന്ന് കൊടുക്കാൻ മാത്രേ ഞങ്ങൾക്ക് കഴിയു. അത് ഫലിക്കാൻ ഇത് പോലെ ഒരാൾ വേണം അല്ലെ സാർ?”

ബാലചന്ദ്രൻ നിറഞ്ഞ കണ്ണുകൾ ഒന്ന് ഒപ്പി

“എന്നാ ഇവരുടെ ശരിക്കും ഉള്ള കല്യാണം?”

അവൻ ബാലചന്ദ്രൻ പറയുന്നതെന്താണ് എന്നറിയാൻ അദ്ദേഹത്തെ നോക്കി

“ശ്രീഹരിയുടെ ക്ഷേത്രത്തിലേ ഉത്സവത്തിന് മുൻപ് ” അവൻ കണ്ണ് നിറയും പോലെ തോന്നിട്ട് എഴുന്നേറ്റു

“ഞാൻ അഞ്ജലിയുടെ അടുത്തേക്ക് പോട്ടെ.. സാർ വീട്ടിൽ പോകുവല്ലേ”

ബാലചന്ദ്രൻ ചിരിച്ചു. “ഞാൻ പൊയ്ക്കോളാമേ “

ഹരിയുടെ മുഖം ചുവന്നു. അവൻ മുറിയിൽ നിന്നിറങ്ങി

“you are lucky balachandran sir.. He is a fantastic guy…”

അയാൾ അഭിമാനത്തോടെ പുഞ്ചിരിച്ചു

(തുടരും )