ശ്രീഹരി ~ അധ്യായം 40, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ജെന്നി ഡോക്ടർ ഫാത്തിമയോട് യാത്ര ചോദിക്കാൻ ചെന്നപ്പോൾ അവർ ഒരു ഓഫർ വെച്ചു നീട്ടി

ഈ ഹോസ്പിറ്റലിൽ ഒരു ജോലി. ജെന്നിയുടെ കണ്ണ് മിഴിഞ്ഞു പോയി

“ഞാൻ മാനേജ്മെന്റിനോട് സംസാരിച്ചു. ജെന്നി എന്നാ ജോയിൻ ചെയ്യുന്നത്?” ജെന്നിക്ക് കണ്ണ് നിറഞ്ഞിട്ട്, ശബ്ദം അടഞ്ഞിട്ട് ഒന്നും പറയാൻ വയ്യാതെയായി

“അഞ്ജലി ചേച്ചി കുറച്ചു കൂടി ആയിട്ട്.. അത് വരെ എനിക്ക് കൂടെ ഉണ്ടാവണം മാം. എന്റെ കടമയാണ് അത്. നിങ്ങൾക്കെല്ലാവർക്കും ഹരിയേട്ടനെ ഇപ്പൊ അറിയാം ആ നൻമ സ്നേഹം ഒക്കെ അറിയാം. പക്ഷെ എന്റെ അഞ്ജലി ചേച്ചി..അതിലുമൊക്കെ എത്രയോ ഉന്നതയായ ഒരു വ്യക്തിയാണ്. ഒരു മാലാഖയെ പോലെ..”അവൾ കണ്ണ് തുടച്ചു

“ഒരു മാസം കൂടി എനിക്ക് തരികയാണെങ്കിൽ ഞാൻ വരും..” അവൾ പുഞ്ചിരിച്ചു

“sure..take your time…”

ജെന്നി തിരിച്ചു പോരുന്നു

അഞ്ജലിയുടെ  വീട് കണ്ട് ജെന്നി അതിശയിച്ചു പോയി

വീടല്ല കൊട്ടാരം. പരിചാരകർ തന്നെയുണ്ട് ഏകദേശം ഒരു  ഡസനോളം ആൾക്കാർ. ഈ വീട്ടിൽ താമസിക്കുന്ന ആളാണ് തങ്ങളുടെ ചെറിയ വീട്ടിൽ തങ്ങളുടെ ഭക്ഷണം കഴിച്ചു കൊണ്ട് ഒപ്പം ഈ മാസങ്ങൾ അത്രയും താമസിച്ചത്. പക്ഷെ അത് ഹരിയേട്ടനോടുള്ള സ്നേഹം കൊണ്ടാണ്. അതും അവൾക്ക് അറിയാം. അവൾക്കായി ഒരുക്കിയ മുറിയിലേക്ക് അവളെ ഒരു പെൺകുട്ടി കൂട്ടിക്കൊണ്ട് പോയി

ഹരി അഞ്ജലിയുടെ മുറിയിൽ തന്നെ

അഞ്‌ജലിക്ക് യാത്രയുടെ ക്ഷീണം ഒഴിച്ച് നിർത്തിയാൽ കുഴപ്പമോന്നുമുണ്ടായില്ല. ജെന്നി പരിശീലിപ്പിച്ചു കൊടുക്കുന്ന വ്യായാമങ്ങളും ഹരിയുടെ സംഗീതവും അഞ്ജലിയെ വളരെ വേഗം പൂർവ അവസ്ഥയിൽ എത്തിച്ചു കൊണ്ടിരുന്നു

അഞ്ജലി തികച്ചും ഒറ്റയ്ക്ക് നടന്നു തുടങ്ങിയപ്പോൾ, അവളുടെ സ്കാനിംഗ് ഒക്കെ അവസാനിച്ചപ്പോൾ മരുന്നുകൾ പൂർണമായും നിർത്തിയപ്പോൾ ജെന്നി പോയി. അവൾ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു

അഞ്ജലി മഴ പെയ്യുന്നത് നോക്കി നിൽക്കുകയായിരുന്നു. ശ്രീഹരി വന്നു പിന്നിൽ നിന്നത് അവൾ അറിഞ്ഞതേയില്ല

“മഴ നനയാം ” അവൻ മെല്ലെ പറഞ്ഞു. അഞ്ജലി പൊടുന്നനെ തിരിഞ്ഞു നോക്കി തലയാട്ടി

അവൻ അവരുടെ മുറിയുടെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു

തൊട്ടടുത്ത് വീടുകളൊന്നുമില്ല. ഏകദേശം ഒരേക്കർ വരുന്ന ഭൂമിയിൽ ഈ ഒരു വീട് മാത്രം. നല്ല ഭംഗിയുണ്ടായിരുന്നു അത് കൊണ്ട് തന്നെ

അഞ്ജലി കൈകൾ വിടർത്തി മഴയെ തന്നിലേക്ക് ആവാഹിച്ചു. അവൻ അത് കണ്ടു നിന്നു

തന്റെ പ്രാണൻ…എത്ര വേദന സഹിച്ചു കിട്ടിയതാണ്..

അവൾ കൈയാട്ടി അവനെയരികിലേക്ക് വിളിച്ചു. അവൻ അരികിൽ ചെന്നു

അഞ്ജലി മെല്ലെ കാൽ വിരലുകളിൽ ഉയർന്ന് അവന്റെ ചുണ്ടുകളിൽ ദീർഘമായ് ചുംബിച്ചു. അവന്റെ കൈകൾ സ്വന്തം ഉടലിൽ വെച്ച് അവളവനെ ഇമ വെട്ടാതെ നോക്കി

“ഉം?”

അവൻ കുസൃതിചിരി ചിരിച്ചു. അഞ്ജലിയുടെ മുഖം ചുവന്നു. അവൾ അവനെ തന്നോട് അമർത്തി പിടിച്ചു

ശ്രീയുടെ മുഖം താഴ്ന്നവളുടെ ഉടലിൽ പതിഞ്ഞു. പൊള്ളുന്ന മുഖം അവളുടെ ഉടലിൽ തീമഴ പെയ്യിച്ചു കൊണ്ട് ഇഴഞ്ഞു കൊണ്ടേയിരുന്നു

നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒരു നേർത്ത വിളിയൊച്ച കേട്ട പോലെ

ശ്രീഹരി തെല്ല് കിതപ്പോടെ അവളുടെ കണ്ണുകളിൽ നോക്കി

“എന്റെ ശ്രീ ” ഒരു മന്ത്രണം

അവൻ അവളുടെ മുഖത്തേക്ക് വിശ്വസിക്കാൻ ആവാതെ നോക്കിക്കൊണ്ടിരുന്നു

“ഹരി..അഞ്ജലിയുടെ ബ്രെയിനിന്റെ ലെഫ്റ്റ് സൈഡിലാണ് ഏറ്റവും പരുക്ക് ഉണ്ടായിരുന്നത്. അത് കൊണ്ടാണ് അഞ്‌ജലിക്ക് സംസാരിക്കാൻ കഴിയാത്തതും.ചിലപ്പോൾ അഞ്ജലി ഇനിയൊരിക്കലും സംസാരിച്ചില്ലെന്ന് വരാം.ചിലപ്പോൾ ഇപ്പൊ നടന്ന പോലെ ഒരു അത്ഭുതം നടന്നേക്കാം.ഞാൻ ഇപ്പൊ ഇത് ഹരിയോട് മാത്രമേ പറയുന്നുള്ളു.ടേക് കെയർ “

അഞ്ജലിയെ ഡിസ്ചാർജ് ചെയ്ത അന്ന് ഡോക്ടർ അവനോട് മാത്രമായ് പറഞ്ഞതായിരുന്നു അത്

അവൻ കണ്ണീരോടെ അവളെ ഇറുകെ പുണർന്നു

“ശ്രീ?”

“എന്തോ…”അവൻ വിളി കേട്ടു

അവളാ മുഖം പിടിച്ചുയർത്തി ചുണ്ടുകൾ കൊണ്ട് കണ്ണീരോപ്പി

“ഇനിയെന്നോട് പിണങ്ങല്ലേ ശ്രീ …”അവൾ ഇടറിയിടറി പറഞ്ഞു

ശ്രീഹരി അവളെ തന്നോട് ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു. കനത്ത മഴയിൽ ആ കണ്ണീർ അലിഞ്ഞു പോയി

പുതിയ ജന്മം തുടങ്ങിയ പോലെയായിരുന്നു അഞ്‌ജലിക്ക്

അവൾ ചിലതൊക്കെ മറന്നു പോയി. ചില വാക്കുകൾ, ചില വാചകങ്ങൾ

ശ്രീ അതൊക്കെ ക്ഷമയോടെ അവൾക്ക് പറഞ്ഞു കൊടുക്കും. ബാലചന്ദ്രൻ ഒക്കെ കാണുന്നുണ്ടായിരുന്നു

“തന്നെ എനിക്ക് കിട്ടുന്നില്ലല്ലോ ഹരി? ഒരു പാട്ട് എനിക്ക് വേണ്ടി കൂടി പാടി താടോ ” ഒരു ദിവസം ആയാൾ പറഞ്ഞു

ശ്രീഹരി പാടി

“കൃഷ്ണകൃപാ സാഗരം….”

അവൻ പാടി തീർന്നപ്പോൾ അയാളുടെ കണ്ണ് തുളുമ്പി. ഒന്നും പറയാതെ അയാൾ അവനെ കെട്ടിപ്പിടിച്ചു.

മാധവ് വന്നത് അവർ ഹരിയുടെ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന്റെ തലേ ദിവസമായിരുന്നു

“അഞ്ജലി ഇത്..”

“എനിക്ക് അറിയാം മാധവ്. നമ്മൾ കണ്ടിട്ടുണ്ടല്ലോ ” അവൾ കൈ കൂപ്പി തൊഴുതു

“ഞാൻ ചായ എടുക്കാം ” അവൾ അകത്തേക്ക് പോയി

“ഇപ്പൊ ഒക്കെ ശരിയായില്ലേ?” ഹരി തലയാട്ടി

“നൃത്തം പ്രാക്ടീസ് ചെയ്തു തുടങ്ങി. പഴയ മടിയൊന്നുമില്ല. ആക്റ്റീവ് ആണ്. പിന്നെ ഞാൻ പറഞ്ഞില്ലേ നാട്ടിൽ ക്ഷേത്രത്തിൽ വെച്ച് മറ്റന്നാൾ ഒരു ചെറിയ രീതിയിൽ താലിക്കെട്ട്.. നിയമപരമായി അത് വേണം ന്ന് സാറിന് നിർബന്ധം..”

“നന്നായി വരും… ഇനി നീ ഒന്ന് ആക്റ്റീവ് ആയിക്കോ. എനിക്ക് മറുപടി പറഞ്ഞു വയ്യ.. കുറെ പേര് വിളിച്ചു ചോദിച്ചു.. “

“അങ്ങനെ പറഞ്ഞു കൊടുക്ക് മാധവ്. ശ്രീ ഭയങ്കര മടിയനായി..”

അവൾ ചായ കൊണ്ട് വെച്ചു

മാധവ് അഞ്ജലിയെ ഒരു നിമിഷം നോക്കി

ശ്രീഹരി അവളിൽ അഡിക്ട് ആയി പോയതിൽ തെറ്റൊന്നുമില്ല എന്നവന് തോന്നി. അവളത്ര നല്ല പെൺകുട്ടിയാണ്.അവരെന്നും ഇങ്ങനെ പ്രണയിച്ചു ജീവിക്കട്ടെ. മാധവ് അൽപനേരം കൂടി ഇരുന്നിട്ടാണ് പോയത്

നാട്ടിലെത്തിയപ്പോൾ സന്ദർശകരുടെ തിരക്ക്. ശ്രീക്ക് ഒന്നിനും സമയം തികയുന്നില്ലായിരുന്നു

“ഹരിയുടെ കല്യാണം നാടിന്റെ ആഘോഷമാ. സാർ ഒന്നും അറിയണ്ട എല്ലാം ഞങ്ങള് ചെയ്തോളാം ” നാട്ടുകാർ ബാലചന്ദ്രനോട്‌ പറഞ്ഞു

അങ്ങനെ ആ ദിനം വന്നു ചേർന്നു

ശ്രീഹരി weds അഞ്ജലി

ക്ഷേത്രത്തിന്റെ പുറത്ത് നാട്ടുകാർ ആരോ ഉയർത്തിയ വലിയ ബാനറിൽ അവൻ നോക്കി. ഈ ദിവസത്തിന് വേണ്ടിയാണ് സത്യത്തിൽ ഇത് വരെ ജീവിച്ചത്…

ബാലചന്ദ്രൻ എടുത്തു കൊടുത്ത താലി ചരട് അവൻ പ്രാർത്ഥനയോടെ അവൾടെ കഴുത്തിൽ കെട്ടി

ബാലചന്ദ്രൻ നകുലന്റെ കയ്യിൽ മുറുകെ പിടിച്ചു

“ഒരു വർഷം മുന്നേ ആഗ്രഹിച്ചത്  ദേവി എനിക്ക് തന്നു “

നകുലൻ അയാളെ ചേർത്ത് പിടിച്ചു ചിരിച്ചു

ഉത്സവത്തിന്റെ ഒന്നാം ദിവസം പതിവ് പോലെ ശ്രീഹരിയുടെ ഗാനമേളയായിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും അതിന് തൊട്ട് മുന്നേ അഞ്ജലിയുടെ നൃത്തം ഉണ്ടായിരുന്നു.

ശ്രീഹരിയുടെ സംഗീതത്തിനൊപ്പം അഞ്ജലി സ്വയം മറന്നാടി

പിന്നെയായിരുന്നു ഗാനമേള

അഞ്ജലിക്കേറ്റവും ഇഷ്ടം ഉള്ള കറുത്ത കര മുണ്ടും കറുത്ത ഷർട്ടുമണിഞ്ഞു ശ്രീഹരി.

കടും ചുവപ്പ് പട്ടു സാരിയിൽ അഞ്ജലി.

ഹരി പാടി തുടങ്ങി

“കാണാക്കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ  മായാതേ മാഞ്ഞോ
മായാകിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറു..”

അവൻ ഒന്ന് നിർത്തി. കണ്ണ് നിറയുന്നു. തൊണ്ട കഴച്ചു പൊട്ടും പോലെ. ഇത്രയും നാൾ അനുഭവിച്ചത് ഓരോന്നും ഉള്ളിലേക്ക്

അവൻ മുഖം തുടച്ചു… മുന്നിലേക്ക് നോക്കി

അഞ്ജലി പകപ്പോടെ അവനെ നോക്കി സദസ്യരുടെ ഇടയിൽ നിൽക്കുകയായിരുന്നു. അവൻ അവളെ നോക്കി അടുത്തേക്ക് വരാൻ കൈ കാണിച്ചു. അഞ്ജലി അങ്ങോട്ടേക്ക് ചെന്നു

അവൻ ഇടതു കൈ കൊണ്ടവളെ ചേർത്ത് പിടിച്ചു. ഹൃദയത്തിൽ ചേർത്ത്. പിന്നെ ശ്വാസം എടുത്തു

“ആത്മാവിലെ ആനന്ദമേ ആരോരും അറിയാതെ കാക്കുന്നു ഞാൻ
ആളുന്നോരീ തീനാളമായി…നീ അലയുന്നോരോമൽ പ്രണയാർദ്രമേ…”

കയ്യടിയൊച്ചയിൽ ബാക്കി   പാടിയത് കേൾക്കാനായില്ല. അഞ്ജലിക്ക് അവന്റെ ഹൃദയം മിടിക്കുന്നത് കേൾക്കാമായിരുന്നു. അവരുടെ പകലുകളും രാത്രികളും ആനന്ദത്തിന്റേത് മാത്രമായി

അഞ്ജലി തുടങ്ങിവെച്ചതോരൊന്നും തോമസ് ചേട്ടൻ അവന് കാട്ടി കൊടുത്തു. നിറകണ്ണുകളോടെയല്ലാതെ അത് കണ്ടു തീർക്കാൻ അവന് കഴിഞ്ഞില്ല

ദിവസങ്ങൾ കഴിഞ്ഞു

ഹരി വീണ്ടും പാടി തുടങ്ങി. എല്ലാ ഭാഷകളിലും അവന് ആരാധകരുണ്ടായത് കൊണ്ട് തന്നെ എല്ലാ ഇൻഡസ്ട്രിയിൽ നിന്നും ഓഫർ വന്നു

ഹരി പഴയ പോലെ തന്നെ. ഏത് ഓഫർ വന്നാലും ഞാൻ പോകണോ എന്നൊരു മടി പിടിച്ച ചോദ്യം ഉണ്ടാകുമവന്

അഞ്ജലിയും ഒപ്പം പോകുമെങ്കിൽ അവൻ ഹാപ്പിയാണ്. മിക്കവാറും അവൾ പോകുകയും ചെയ്യും

അത്തവണ അഞ്‌ജലിക്ക് ഒരു ക്ഷീണം ഉണ്ടായിരുന്നു. അത് ഹരിയെ വിഷമിപ്പിക്കുകയും ചെയ്തു

“ഞാൻ പോണില്ല ” അവൻ തീർത്തു പറഞ്ഞു. ഒടുവിൽ അഞ്ജലി ഒപ്പം ചെന്നു

റെക്കോർഡിങ് കഴിഞ്ഞിറങ്ങിയപ്പോൾ അവൾക്ക് തീരെ വയ്യ. ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഹരിയവളെ കൊണ്ട് പോയി. പരിശോധനകൾക്ക് ശേഷം അവർ മുറിയിൽ വന്നു

“ഇരിക്ക്  “ഡോക്ടർ ആൻസി ശ്രീഹരിയോടും അഞ്ജലിയോടുമായി പറഞ്ഞു

“എന്താ ഞങ്ങൾക്ക് വാങ്ങി തരിക? ലഡ്ഡു? ജിലേബി?” അവൻ ഒന്നും മനസിലാകാതെ അവരെ നോക്കി

“ശ്രീഹരി…അഭിനന്ദനങ്ങൾ ” അവൻ അഞ്ജലിയെ നോക്കി

ആ മുഖത്ത് നാണിച്ച ഒരു ചിരി

“നല്ല ഒരു അച്ഛൻ ആകാൻ തയ്യാറെടുത്തു കൊള്ളുക ” ഡോക്ടർ പുഞ്ചിരിച്ചു

ശ്രീഹരിയുടെ കണ്ണ് പെട്ടെന്ന് നിറഞ്ഞു. അവൻ അഞ്ജലിയുടെ വിരലുകളിൽ ഒന്ന് അമർത്തി

“അഞ്‌ജലിക്ക് ഒരു കുഴപ്പവുമില്ല. പെർഫെക്ട് ഓക്കേയാണ്. നന്നായി ഭക്ഷണം കഴിക്കുക വ്യായാമം ചെയ്യുക..”

അവൻ തല കുലുക്കി”ശരി അപ്പോൾ “

അവർ എഴുന്നേറ്റു. തിരിച്ചു പോകുമ്പോൾ ഹരി നിശബ്ദനായിരുന്നു

“എന്താ ഒരു സന്തോഷം ഇല്ലാണ്ട്?” അഞ്ജലി അവന്റെ മുഖത്ത് തൊട്ടു

“പേടിയാ… ഇത് നമുക്ക് ഇപ്പൊ വേണോ മോളെ?”

“ദേ ഒരു കുത്ത് വെച്ചു തരും.. എന്നും ഈ മുഖം മാത്രം കണ്ട് എനിക്ക് ബോറടിച്ചു ഹും “

“എന്റെ ഈശ്വര കൊള്ളാമല്ലോ നീ? അങ്ങനെ സത്യം പുറത്ത് വരട്ടെ ദുഷ്ടത്തി “
ഹരി കണ്ണ് മിഴിച്ചു

വിവരം അറിഞ്ഞപ്പോൾ ഏറ്റവും സന്തോഷം ബാലചന്ദ്രനായിരുന്നു. മാധവ് വിളിച്ചപ്പോൾ അവൻ വിവരം പറഞ്ഞു

“congrats ടാ. ഇപ്പൊ ഞാൻ വിളിച്ചത് മറ്റൊരു കാര്യത്തിനാണ് നീ ടീവി ഒന്ന് വെയ്ക്കുക. അഞ്ജലിയെയും കൂട്ടിക്കോ… നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ ചിലതൊക്കെ നടക്കും “

അവൻ അഞ്ജലിയെയും കൂട്ടി ടിവിയുടെ മുന്നിൽ ഇരുന്നു. നാഷണൽ അവാർഡ് പ്രഖ്യാപിക്കുന്നു. ശ്രീഹരി വെറുതെ കണ്ടു കൊണ്ടിരുന്നു. അഞ്‌ജലിക്ക് ടെൻഷൻ ഉണ്ട്

അവൾ അവനെ അമർത്തി പിടിക്കുന്നുണ്ടായിരുന്നു

“best singer tamil..ശ്രീഹരി മേനോൻ ” ശ്രീഹരി കണ്ണുകൾ ഒന്നടച്ചു

അഞ്ജലി അവനെയിറുക്കി പിടിച്ചു

“എന്റെ ശ്രീ…” അവൻ അവളെ നെഞ്ചിൽ അമർത്തി പിടിച്ചു

“നമ്മുടെ കുഞ്ഞിന്റെ ഭാഗ്യാ ” അവൾ മന്ത്രിച്ചു

“നോ… നിന്നിലും വലിയ ഒരു ഭാഗ്യം ശ്രീഹരിക്കില്ല. അതിലും വലുതായി ഒന്നുമില്ല… ഒന്നും. ഇത് നിന്റെ ഭാഗ്യാ. നിന്നിലൂടെ എന്നിലേക്ക് വന്ന ഭാഗ്യം” അഞ്ജലി ആ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കിയിരുന്നു

“എന്റെ പൊന്നിന്നുള്ളതാ ഇത്… ഈ അവാർഡ് ” അവനാ കണ്ണുകളിൽ ഉമ്മ വെച്ചു

അഞ്ജലി ആ നെഞ്ചിലേക്ക് മുഖമണച്ചു

ദുരിതങ്ങൾ ഒഴിയുകയാണ്..ഒരു മഴ പെയ്തു തോർന്നത് പോലെ…

പുതിയ പുലരികൾ പകലുകൾ…

ക്ഷേത്രത്തിൽ ദീപാരാധന തൊഴുതു അവർ

“എന്നുമിത് പോലെ പിരിയാതെ… അത് മാത്രം മതി ” ഹരി കണ്ണടച്ചു ദേവിയോട് പ്രാർത്ഥിച്ചു

അഞ്ജലി അവനോട് ചേർന്ന് നിന്നു. സർവമറിയുന്ന മഹാമായ അവരെ നോക്കി പുഞ്ചിരിച്ചു. ഇനിയൊരു ദുരിതകാലമില്ല എന്ന്  അനുഗ്രഹിക്കും പോലെ…

അവസാനിച്ചു

സീരിസ് അവസാനിച്ചു