കടലെത്തും വരെ ~ ഭാഗം 15, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“നമ്മുടെ കല്യാണം നടക്കും .ഈ പറഞ്ഞതൊക്കെ കുറവുകളല്ല ഗോവിന്ദ് കൂടുതലാ .ഒരു കാലില്ലാതെയും ജീവിതത്തിൽ വിജയിക്കുന്നവർ എത്ര പേരുണ്ടാവും?പിന്നെ വയസ്സ്. എനിക്കോ പക്വത ഇല്ല അത് കുറച്ചു കൂടുതൽ ഉള്ള ഒരാൾ മതിയെനിക്ക് ..ഗോവിന്ദ് എപ്പോ ഓക്കേ പറയുന്നോ അപ്പൊ കല്യാണം..”

ഗോവിന്ദ് ആ നിഷ്കളങ്കതയിലേക്ക് ,അവളടെ പ്രണയത്തിലേക്ക് ഇമവെട്ടാതെ നോക്കി നിന്ന് പോയി ഒരു നിമിഷം ,ഹൃദയത്തിൽ അടച്ചിട്ടിരുന്ന ഒരു കിളി കൂട് തുറന്നു പുറത്തേക്ക് പറക്കാൻ വെമ്പുന്നു .അവളുടെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി അവൻ ചിരിച്ചു

“വേഗം ചെന്നില്ലെങ്കിൽ ബെൽ അടിക്കും പിള്ളേർ വരും ഒരു പഴംപൊരി പോലും കിട്ടില്ല കേട്ടോ “

ആഗ അവനെ നുള്ളി

“കള്ളൻ ..ആണ് ഗോവിന്ദ് എനിക്കറിയാം എന്നോട് ഇഷ്ട്മുണ്ടെന്നു ..പക്ഷെ സർപ്രൈസ് ആയിട്ട് പറഞ്ഞാൽ  മതി കേട്ടോ അടുത്ത വ്യാഴാഴ്ച എന്റെ പിറന്നാളാണ് .അന്ന് പറഞ്ഞാൽ മതി “

ഗോവിന്ദ് ഉറക്കെ ചിരിച്ചു പോയി. ക്യാന്റീനിൽ ആൾ കുറവായിരുന്നു

“ആഹാ ഇന്നും രണ്ടു പേരും കൂടിയാണല്ലോ “

ചായ എടുത്തു തരുന്ന ലളിത ചേച്ചി കള്ളചിരി ചിരിച്ചു

ഗോവിന്ദ് അത് കേൾക്കാത്ത ഭാവത്തിൽ മൊബൈൽ എടുത്തു നോക്കിയിരുന്നു

“ഞാൻ പഴം പൊരി എടുത്തിട്ട് വരാം കേട്ടോ ..പരിപ്പ് വട വേണോ? “

“ഒരെണ്ണം ..ആ പിന്നെ ഒരു പഴം പൊരി മതി എനിക്ക് “

“ഓക്കേ “അവൾ കൊച്ചു കുട്ടിയെ പോലെ ഓടി പോവുന്നത് നോക്കിയിരിക്കെ ഫോൺ ബെല്ലടിച്ചു

അറിയാത്ത നമ്പർ ആണ്

ആരാണോ എന്തോ ഇന്നലെയും കുറെ പ്രാവശ്യം വിളി വന്നു. അപ്പൊ കുട്ടികൾക്ക് ക്ലാസ് എടുക്കുകയായിരുന്നു .ഇവിടെ പഠിപ്പിച്ചു വീട്ടിൽ ചെന്നാലും തിരക്കാണ്.രാത്രിയിൽ കുറച്ചു കുട്ടികൾ ഉണ്ടാകും.പൈസക്ക് ഒന്നുമല്ല അവരുടെ കയ്യിൽ നിന്ന് ഒന്നും വാങ്ങാറുമില്ല .സംശയങ്ങൾ പറഞ്ഞു കൊടുക്കും .പിന്നെ കളിയായി വർത്തമാനമായി പോകുമ്പോൾ രാത്രി പത്തു മണി എങ്കിലും ആകും. അമ്മയ്ക്കും ഇഷ്ടമാണ് കുട്ടികളെ .എല്ലാവരുടെയും പേര് ഒക്കെ അറിയാം. ഒരാൾ വന്നില്ലെങ്കിൽ പോലും ‘അമ്മ ചോദിക്കും .

വീണ്ടും ബെൽ അടിച്ചപ്പോൾ എടുക്കാൻ ആഞ്ഞതും ആഗ വന്നു മൊബൈൽ തട്ടിയെടുത്തു സ്വിച്ച് ഓഫ് ചെയ്തു

“അങ്ങനെ ഇപ്പൊ എന്റെ എടുത്തിരുന്നു ഫോൺ വിളിക്കണ്ട ..ആകെ ഈ കുറച്ചു സമയമാ സ്വസ്ഥമായി കിട്ടുക. അപ്പൊ  ഫോൺ ..ദേ കല്യാണം കഴിഞ്ഞാൽ ഞാൻ ഇത് അനുവദിക്കില്ല ട്ടോ.എപ്പോളും ഫോൺ നോക്കുന്ന പരിപാടി ..”അവൾ ഒന്ന് ചെറുതായി ചിരിച്ചു പിന്നെ നേർത്ത സ്വരത്തിൽ പറഞ്ഞു

“എന്നെ നോക്കിയാൽ മതി “

ഗോവിന്ദ് മെല്ലെ അവളുടെ കൈകളുടെ മുകളിൽ കൈ വെച്ച് ആ കണ്ണുകളിലേക്ക് നോക്കി

“നീ ആരാ ആഗ? “

അവളുടെ കണ്ണുകൾ ഒന്ന് കലങ്ങി നിറഞ്ഞു

“നീ എന്തിനാ എന്നെ ഇത്രയധികം സ്നേഹിക്കുന്നത്? ഇത് കാണുമ്പോൾ എനിക്ക് പേടിയാണ് ..ഇനിയൊരു വേദന കൂടി താങ്ങാൻ എനിക്ക് പറ്റില്ല ആഗ..”

“ഞാൻ അഖിലയല്ല ..ഒരാൾ ഒരിക്കലും  മറ്റൊരുവൾ ആവില്ല ..ഞാൻ ഒരിക്കലൂം ഗോവിന്ദിനെ വിട്ടു പോവില്ല ..വീട്ടുകാർ എതിർത്താലും എത്ര വർഷം കഴിഞ്ഞും ഞാൻ ഗോവിന്ദിന്റെ മാത്രമായിരിക്കും .ഗോവിന്ദ് എന്റെയും ..”

ഗോവിന്ദിന്റെ കണ്ണുകളും ഇക്കുറി നിറഞ്ഞു

“താങ്ക്യു “

അവൾ ചായ നീട്ടി

“കുടിക്ക് “

അവൻ അത് വാങ്ങി സിപ് ചെയ്തു

“പിന്നെ ‘അമ്മ വിളിച്ചിരുന്നു ട്ടോ വൈകുന്നേരം ചെല്ലുമ്പോൾ പച്ചമുളക്,തക്കാളി മല്ലിയില ഒക്കെയും വാങ്ങി കൊണ്ട് ചെല്ലാൻ പറഞ്ഞു “അവൾ പഴം പൊരി തിന്നുകൊണ്ട് പറഞ്ഞു

“അയ്യേ ‘അമ്മ ഇത് നിന്നെ വിളിച്ചു പറഞ്ഞോ?”അവന് നാണക്കേട് തോന്നി

“പിന്നല്ലാതെ ?മോനെ വിളിച്ചു കിട്ടാതെ വന്നപ്പോൾ മരുമോളോട് പറഞ്ഞു അതിനെന്താ ?”

അവൾ കണ്ണിറുക്കിയടച്ചു ചിരിച്ചു

“എങ്കിൽ പിന്നെ മരുമോൾ വാങ്ങിച്ചു കൊടുക്ക്.എന്നെ കൊണ്ട് വയ്യ ഇനി പച്ചക്കറി വാങ്ങാൻ പോകാൻ “

“ആ ഞാൻ വാങ്ങി കൊടുക്കും ..ഞാൻ കൂടി വരട്ടെ വീട്ടിലേക്ക് ?”.അവൻ ചിരിച്ചു

“നിനക്കിന്നു എന്റെ അമ്മയെ കാണണം ..അത്രയല്ലേ ഉള്ളു ?അതിനു എന്റെ അനുവാദം എന്തിനാ പോയി കണ്ടൂടെ ?”

“ഗോവിന്ദിന്റെ ഒപ്പം വരാം”

“ഓക്കേ “

അവൻ ചിരിച്ചു

അഖില വീണ്ടും വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആണ്

അവൾ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു ബെഡിൽ  കമിഴ്ന്നു കിടന്നു

ഗോവിന്ദ് ഞാൻ വരും എനിക്ക് കാണണം അവൾ പിറുപിറുത്തു കൊണ്ടിരുന്നു.

************””

“മോൾ അതൊന്നുമിപ്പോ ചെയ്യണ്ട അവിടെ വെച്ചെക്കു “.തക്കാളി  മുറിക്കാനൊരുങ്ങുന്ന ആഗയുടെ കയ്യിൽ നിന്ന് അമ്മ ബലമായി കത്തി വാങ്ങി മേശമേൽ വെച്ച് ചിരിച്ചു.

“സത്യത്തിൽ അടുക്കളപ്പണിയൊന്നും എനിക്ക് അറിയില്ല അമ്മെ .എന്റെ അമ്മയും അച്ഛനും അതൊന്നും പഠിപ്പിച്ചില്ല .എനിക്ക് കുക്കിംഗ് ഇഷ്ടമാണ് ‘അമ്മ പറഞ്ഞു തരു “

അവൾ പറഞ്ഞു

“പെൺകുട്ടികൾ അടുക്കളപ്പണി പഠിക്കണമെന്ന് എവിടെ എഴുതി വെച്ചിരിക്കുന്നു? അങ്ങനെയൊന്നുമില്ല .നളപാചകം എന്നല്ലേ പറയുക?പുരാണങ്ങളിൽ പോലും എഴുതി വെച്ചിട്ടില്ലേ അത്?അപ്പൊ പുരുഷൻ പാചകം ചെയ്തിരുന്നു എന്നതിന് തെളിവുണ്ട്.കാലം പോകെ പോകെ പെണ്ണിനെ അടുക്കളയിൽ തളച്ചിടാൻ ആണുങ്ങൾ കണ്ടുപിടിച്ച സൂത്രം അല്ലെ ഇത് ?പാവം പെണ്ണുങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത് അടുക്കള അവരുടെ സാമ്രാജ്യം ആണെന്നാ .”

ആഗ പൊട്ടിച്ചിരിച്ചു

“‘അമ്മ ഫെമിനിസ്റ്റ് ആണോ ?”

“ദേ കണ്ടോ മോൾ പോലും ചോദിക്കുന്നത് ?എന്തെങ്കിലും പെണ്ണിന്റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യുന്നവരെ ഫെമിനിസ്റ്റ് എന്ന ലേബലിൽ അങ്ങ് നിർത്തിയേക്കും .പിന്നെ ചോദിക്കുകേലല്ലയോ ?”

“അയ്യോ അമ്മെ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ??

“എന്താണ് കുറെ നേരമായല്ലോ രണ്ടു പേരും കൂടി ?”

ഗോവിന്ദ് കുളിച്ചു വേഷം മാറി വന്നു

കടും ബ്രൗൺ നിറത്തിലുള്ള ടി ഷിർട്ടിൽ അവനെ കാണാൻ നല്ല ഭംഗി  ഉണ്ടായിരുന്നു

നനഞ്ഞ മുടി ചിതറി നെറ്റിയിലേക്ക് വീണു കിടന്നു

“ഞങ്ങൾ ആഗോള വിപണിയിൽ തക്കാളിയുടെ വിലയിടിവ് ഉണ്ടായതിനെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു “

ആഗ കള്ള ചിരിയോടെ പറഞ്ഞു

“എന്നിട് എന്തായി ?ഉടനെയെങ്ങാനും കൂടുമോ ?” അവൻ ആ  നാണയത്തിൽ തന്നെ   മറുപടി കൊടുത്തു

“ആൾ കൊള്ളാല്ലോ? അമ്മയ്ക്കറിയുമോ കോളേജിൽ പൂച്ചയാ.പാവം നോക്ക് പറയുന്നത് …”

“ഇവനോ പൂച്ചയോ?ബെസ്ററ്.എന്റെ മോളെ ഇവൻ  പൂച്ചയുമല്ല  എലിയുമല്ല സിംഹമാ സിംഹം .മോളിവന്റെ നല്ല മുഖം കണ്ടിട്ടില്ലല്ലോ .കണ്ട  പിന്നെ ഈ പരിസരത്തു വരില്ല ഓടി രക്ഷപെടും ..പണ്ടത്തെ കലിപ്പനാ”‘അമ്മ വാ പൊത്തി ചിരിച്ചു

ഗോവിന്ദിന്റെ മുഖം ഒന്ന് വിളറി

“ആർക്കെങ്കിലും ചായ വേണെങ്കിൽ പറഞ്ഞോ.ഞാൻ ഒരു ചായ ഇടാൻ പോവാ. “

അവൻ ഉറക്കെ പറഞ്ഞു കൊണ്ട്  അടുക്കളയിലേക്ക് പോയി. അമ്മ പച്ചക്കറി നുറുക്കി  തുടങ്ങി

“എന്തിനാ അമ്മെ ഇത് ?

“രാത്രി ഗോവിന്ദ് ചോറ് ആണ് കഴിക്കുക .കൂടുതൽ നിർബന്ധമൊന്നുമില്ല പക്ഷെ തക്കാളി രസം വേണം .അതിനാ തക്കാളി .എടാ എനിക്കൊരു ചായ കൂടി കേട്ടോ “‘അമ്മ ഉറക്കെ പറഞ്ഞു

“എനിക്കും വേണം ഞാൻ കൂടി ചെല്ലാം. ഹെല്പ് ചെയ്യാം “

‘അമ്മ ഒന്ന് മൂളി . ആഗ അടുക്കളയിലേക്ക് ചെന്നു 

“നിനക്ക് വേണോ ചായ ?”

ആഗക്ക്  ആ ചോദ്യം ഇഷ്ടായി

അവന്റെ മുഖം ,നോട്ടം ചിരി ഒന്നും കോളേജിൽ കാണും പോലെയല്ല

വേറെ ഗോവിന്ദ്

“വേണോടി ?”അവൻ കുനിഞ്ഞ് ആ മുഖത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു

“ഉം “അവൾട്ട് മുഖം ചുവന്നു

അവൻ ചായ തിളപ്പിച്ച് ഇറക്കി വെച്ചു

അത് കപ്പുകളിൽ പകർന്നു .

“അമ്മയ്ക്ക് കൊടുത്തിട്ടു വാ. ഞാൻ ടെറസിൽ ഉണ്ടാകും “

അവൾ തലയാട്ടി

“അമ്മെ ചായ “അവൾ ചായ കൊടുത്തു

“അമ്മെ ഞാൻ ടെറസിലോട്ട് പോകുന്നെ. പച്ചക്കറികളൊക്കെ എങ്ങനെയുണ്ടെന്നു നോക്കട്ടെ. ഇന്നലെ പോകാൻ പറ്റിയില്ല “ഗോവിന്ദ് അമ്മയോട് പറഞ്ഞു

“അപ്പൊ എനിക്കിന്ന് പോകണ്ടല്ലോ :’അമ്മ ആശ്വാസത്തോടെ പറഞ്ഞു

“ആഗ..എന്റെ ചായ കൂടെ എടുത്തോ “

അവൻ ആഗയോട് പറഞ്ഞിട്ട് നടന്നു തുടങ്ങി

അമ്മയുടെ മുഖത്ത് ഒരു കള്ളച്ചിരി വന്നത് ആഗ കണ്ടില്ലന്നു നടിച്ചു.

തുടരും…