കടലെത്തും വരെ ~ ഭാഗം 24, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“രണ്ട് ചായ വേണം ട്ടോ പൂമുഖത്തേക്ക് “പാർവതി അവളോട് പറഞ്ഞു. അവൾ തലയാട്ടി

പാർവതി അവിടെ നിന്ന് പോരുന്നു.

പൗർണമിയുടെ മുറിയുടെ വാതിൽ ചാരി കിടന്നു അവൾ വന്നിട്ട് കണ്ടില്ലല്ലോ എന്ന് പാർവതി ഓർത്തു.

ഇവിടെ നടന്ന കോലാഹലങ്ങളൊക്കെ അവൾ അറിഞ്ഞു കാണുമോ ?

പൗർണമി കുളിച്ച് വേഷമൊക്കെ മാറി ഉല്ലാസവതിയായി കാണപ്പെട്ടു. പ്രണയതിന്റെ ഒരു ചുവപ്പ് അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

“ചേച്ചിയെ കാണാൻ  ഇരിക്കുകയായിരുന്നു ഞാൻ ..”

“ഞാൻ ഇങ്ങോട്ട് വന്നല്ലോ ..”പാർവതി കട്ടിലിന്റെ വശത്തു ഇരുന്നു

“ഇവിടെ എല്ലവരും കൂടിയെന്തോ വലിയ തീരുമാനം എടുത്തെന്നു ഞാൻ അറിഞ്ഞു .ചേച്ചിക്കു  ഇവിടെയുള്ളവരേക്കാൾ കൂടുതൽ കാര്യങ്ങൾ മനസിലാകും .ഇവരിതു നടത്തി തന്നില്ലെങ്കിൽ ഞാൻ കിച്ചുവിന്റെ കൂടെ പോകും ചേച്ചി ..എനിക്കിപ്പോ  നിശ്ചയം നടത്തണമെന്നില്ല കല്യാണം നടത്തി തന്നാ മതി ..കിച്ചുവിന്റെ ഒപ്പം ഇപ്പോഴല്ലേ ചേച്ചി ഞാൻ കൂടുതൽ വേണ്ടത് ?എന്തിന നിശ്ചയം എന്ന പ്രഹസനം ?ചേച്ചി നന്ദേട്ടനോട് പറയണം ..ചെറിയൊരു കല്യാണം .കിച്ചു വീട്ടിൽ വന്നിട്ട് .നമ്മുടെ ഈ തറവാട്ടിൽ വെച്ച് മതി.അല്ലെങ്കിൽ കിച്ചുവിന്റെ വീട്ടിൽ വെച്ച് .രജിസ്റ്റർ ചെയ്യുക താലി കെട്ടുക മതി ..”

പാർവതി അതിശയത്തോടെ അവളെ നോക്കിയിരുന്നു കഷ്ടിച്ച് ഇരുപതു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി .അവളെത്ര പക്വതയോടെ തീരുമാനങ്ങൾ എടുക്കുന്നു

“നല്ല തീരുമാനമാണ് ” പുറകിൽ നിന്നൊരു ശശബ്ദം

“വിനുവേട്ടൻ ” പാർവതി പെട്ടെന്ന് എഴുനേറ്റു

“അല്ലെ പാറു?ഇവൾ നിന്നെ പോലെ തന്നെയാണല്ലേ ?” വിനു ചിരിച്ചു

“നിങ്ങൾ പെണ്ണുങ്ങൾ എങ്ങനെയാ ഇങ്ങനെ സ്നേഹിക്കുന്നത് ?എന്തൊരു ധൈര്യമാണ് നിങ്ങൾക്ക് ?” വിനു ചിരിയോടെ ചോദിച്ചു

പൗർണമി പാർവതിയുടെ മുഖത്തേക്ക് നോക്കി. അവിടെ ചെറിയ ഒരു വിളർച്ചയുണ്ട്

“നന്ദൻ എവിടെ ?” അവൻ ചോദിച്ചു

“നല്ല ഉറക്കം ..രണ്ടു മൂന്നു ദിവസമായി ഇതിനു ഓടി നടന്നു രാത്രി ഉറക്കമുണ്ടായിരുന്നില്ല “

വിനു മെല്ലെ ഭിത്തിയിലേക്ക് ചാരി നിന്ന് പാർവതിയെ നോക്കി

മനസ്സിൽ ഇപ്പൊ ആസക്തിയില്ല.അവളുടെ സൗന്ദര്യത്തോടു ഭ്രമമില്ല. അതൊക്കെ എപ്പോഴോ പോയിരിക്കുന്നു.

ഇഷ്ടം മാത്രമേയുള്ളു ഇപ്പൊ ..അവൾ കരയാതിരിക്കട്ടെ..ഒരിക്കലും വേദനിക്കാതിരിക്കട്ടെ ..

“അഖില ചേച്ചിയെവിടെ വിനുവേട്ടാ കണ്ടില്ലല്ലോ ?”പൗർണമി ചോദിച്ചു

“ഞാനും ചോദിക്കണമെന്ന് കരുതി അഖില എവിടെ ?”പാർവതി യും ചോദിച്ചു

“അഖില വീട്ടിൽ പോയി .നാളെ വന്നേക്കും “അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു

“വിളിച്ചില്ല ?”പാർവതി ചോദിച്ചു

“ഇല്ല വിളിച്ചില്ല .ഞാൻ ഈ തിരക്കിൽ പെട്ട് പോയില്ലേ ?”

“ഒന്ന് വിളിച്ചു വിവരങ്ങൾ പറയാമായിരുന്നു വിനുവേട്ടന് എന്നാൽ അഖില ഇങ്ങു വന്നേനെ ?”

“എന്തിന് ?”

വിനു ഒരു ചിരി ചിരിച്ചു

“വരുമ്പോ അറിഞ്ഞാ മതി ” പാർവതിയും പൗർണമിയും പരസ്പരം നോക്കി

“ഞാൻ ഒന്ന് പുറത്തു പോവാ ആരെങ്കിലും ചോദിച്ചാ ഒന്ന് പറഞ്ഞേക്ക് “

അവൻ പൗർണമിയോടായി പറഞ്ഞു

“വിനുവേട്ടാ “

പടികൾ ഇറങ്ങുമ്പോൾ പാർവതി പിന്നിൽ നിന്ന് വിളിച്ചു. വിനു നിന്നു

“നിങ്ങൾ  തമ്മിൽ എന്തെങ്കിലും പ്രശനമുണ്ടോ വിനുവേട്ടാ ?”

വിനു ഒരു നിമിഷം നിശബ്ദനായി

“ഒരു ചെറിയ പ്രശ്നം ..എനിക്ക് അവളോട് സ്നേഹമില്ല …”അവൻ പെട്ടെന്ന് പറഞ്ഞു

അവൾ ഞെട്ടി പോയി

“വിനുവേട്ടനെന്താ ഈ പറയുന്നത് ?വർഷം എത്രയായി എല്ലാം കഴിഞ്ഞിട്ട്..വിനുവേട്ടനെന്താ ഇങ്ങനെ ?” അവൾ പൊട്ടിത്തെറിച്ചു

“എല്ലാരും എല്ലാം മറക്കില്ലേ വിനുവേട്ടാ കാലം കഴിയുമ്പോ ?മറക്കണ്ടേ ?അല്ലെങ്കിലെങ്ങനെയാ ജീവിതം മുന്നോട്ടു പോകുക?”

“വിനു അൽപനേരം അവൾക്ക് മുന്നിൽ നിശബ്ദനായി

“ശ്രമിക്കാം പാറു ഞാൻ ..”അവൻ കണ്ണ്  ഒന്ന് കലങ്ങി പാർവതി പുഞ്ചിരിച്ചു

“ശ്രമിക്കണം .പഴയതൊന്നും ഓർമയിൽ വെച്ചേക്കരുത് .ഞാൻ അറിഞ്ഞിരുന്നില്ലല്ലോ ഒന്നും ..എന്നോടും ദേഷ്യം തോന്നരുത് .എന്റെ നന്ദേട്ടനെയും വെറുക്കരുത് ” അവൾ കൈകൂപ്പി. ആ കണ്ണുകൾ നിറഞ്ഞൊഴുകി

വിനു പെട്ടെന്ന് അവളുടെ കൈകളിൽ പിടിച്ചു

“ശേ ..നീയെന്താ ഇങ്ങനെ ..?” നി കരയല്ലേ.പണ്ടും നീ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും അനുസരിക്കും .ഇപ്പോഴും വിനു അങ്ങനെ തന്നെ…ഞാൻ അഖിലയെ സ്നേഹിക്കാൻ ശ്രമിക്കാം …പോരെ ?”

അവൾ മെല്ലെ തലയാട്ടി

“ഞാൻ പോട്ടെ ?”

“ശരി …”

വിനുവേട്ടനും പാവമാണ് അവൾ മനസ്സിൽ ഓർത്തു ..സ്നേഹമേ നീ  മനുഷ്യന് എന്തൊക്കെയാണ് തരുന്നത്ദൈവമേ?

ഒരു ടാക്സി വിളിച്ച് അഖില കോഫീ ഷോപ്പിലേക്ക് ചെല്ലുമ്പോൾ ഗോവിന്ദ് എത്തിയിരുന്നില്ല.

അവൾ ടാക്സി പറഞ്ഞു വിട്ടിട്ട് അവനെ കാത്തിരുന്നു.

*******************

“അഖിലാ “

തൊട്ടുമുന്നിൽ ഗോവിന്ദ്.

അവൾ അറിയാതെ എഴുനേറ്റു പോയി.വർഷങ്ങൾ എത്ര കഴിഞ്ഞു. അവനൊരു മാറ്റവുമില്ല. കുറച്ചു കൂടി ചെറുപ്പമായി. സുന്ദരനായി. അവൾ കാലിൽ നോക്കി. കാല് വെച്ചതാണെന്നു തോന്നില്ല. സാധാരണ പോലെ തന്നെ.

“ഇരിക്ക് ” ഗോവിന്ദ് കാറിന്റെ കീ ടേബിളിൽ ഇട്ടിട്ടു കസേര വലിച്ചിരുന്നു.

” ഇതെന്റെ favourite കോഫീ ഷോപ് ആണ്..പുതിയതായി തുടങ്ങിയതാ .ഒരു മൂന്നു വർഷം മുൻപ്. ഇവിടുത്തെ കോഫീ നല്ല കോഫിയാ ..”

മനു …അവൻ ഒന്ന് നീട്ടി വിളിച്ചു

മനു എന്ന ചെറുപ്പക്കാരൻ അവിടേക്ക് വന്നു.

“ഇത്  മനു.ഇതിന്റെ ഓണർ ആണ്.എന്റെ സ്റ്റുഡന്റ് ആണ് ..എന്ന് വെച്ച് ഫ്രീയല്ല .ക്യാഷ് കുറച്ചു കൂടുതൽ വാങ്ങുന്നുണ്ട് അല്ലേടാ?”

മനു ഒതുങ്ങി ഒന്ന് ചിരിച്ചു.

“മനു ഇത് അഖില.എന്റെ പഴയ ഒരു ക്ലാസ് മേറ്റ് ആണ് .അഖില ചായ പ്രേമിയാണ് ..അതും ഏലയ്ക്ക ചായ ..ഒരു സ്പെഷ്യൽ ഏലയ്ക്ക ചായ ..ഇഷ്ടമൊന്നും മാറിയിട്ടില്ലല്ലോ അല്ലെ ?” അവൻ കുസൃതിയിൽ ചോദിച്ചു

അവൾ പെട്ടെന്ന് ചുവന്നു പോയി.

ഇല്ല എന്ന് തലയാട്ടി

“പക്ഷെ എന്റെ ഇഷ്ടങ്ങൾ ഒക്കെ മാറി കേട്ടോ .ഞാൻ ചായ നിർത്തി.കോഫീ ആക്കി. “

മനു പോയി

“അപ്പൊ അഖില പറയ്. എന്തൊക്കെയാ വിശേഷങ്ങൾ ?”

അവൻ കസേരയിലേക്ക് മെല്ലെ ചാരിയിരുന്നു ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് ലൈറ്റർ കൊണ്ട് കത്തിച്ചു

“ഇതെന്ന് തുടങ്ങി ?” അവൾ മെല്ലെ ചോദിച്ചു

“കുറെ വർഷങ്ങളായി ” അവൻ പുക ഊതി വിട്ടു കൊണ്ട് പറഞ്ഞു

“ഗോവിന്ദിന് ആക്സിഡന്റ് ഉണ്ടായി എന്നും കാലിനെന്തോ…”

“കാലിന് എന്തോ അല്ല ..ഒരു കാൽ മുറിച്ചു കളഞ്ഞു .അത് അങ്ങനെ തന്നെ അല്ലെ അറിഞ്ഞിട്ടുണ്ടാകുക?” അവൻ ചിരിച്ചു

“ഒരു കാൽ പോയതൊന്നും അന്നൊക്കെ എനിക്ക് നഷ്ടമായി തോന്നിയിട്ടില്ല അഖില .അതിലും വലിയ നഷ്ടങ്ങള എന്റെ ജീവിതതിൽ അന്നൊക്കെ സംഭവിച്ചത് എന്നാ ഞാൻ വിശ്വസിച്ചിരുന്നത് .പിന്നെ പിന്നെ അതൊന്നുമല്ല ജീവിതമെന്നും എനിക്ക് മനസിലായി “

അഖില മുഖം താഴ്ത്തി

“വിനു എന്ത് പറയുന്നു ?”

പെട്ടെന്നവൻ ചോദിച്ചപ്പോൾ അഖില പതർച്ചയോടെ മുഖം ഉയർത്തി.

“ഗുഡ് “

അവൾ മെല്ലെ പറഞ്ഞു

“ഇവിടെ അവധിക്ക് വന്നതാവും അല്ലെ ?”

‘തറവാട്ടിൽ ഒരു കല്യാണം ..”

ഗോവിന്ദ് മെല്ലെ തലയാട്ടി.

ഗോവിന്ദിന് സുഖമാണോ ?”

‘പെർഫെക്റ്റ് ആണ് ..”അവൻ പുഞ്ചിരിച്ചു

“എനിക്ക് ..ഞാൻ ഹാപ്പിയല്ല ഗോവിന്ദ് .ഗോവിന്ദിനെ ചതിച്ചതിന് ഞാൻ ഒരുപാട് അനുഭവിച്ചു .ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു .അന്ന് എന്റെ വീട്ടുകാരൊക്കെ കൂടി നിർബന്ധിച്ചപ്പോ ..പ്രായവും കുറവായിരുന്നല്ലോ “അവൾ പറഞ്ഞു

“കഴിഞ്ഞതൊന്നും ഇനി പറയണ്ട അഖില നോ യൂസ്” ഗോവിന്ദ് സിഗരറ്റിലെ ചാരം തട്ടി

“എനിക്ക് …എനിക്ക് ..പഴയ അഖിലയായാൽ കൊള്ളാമെന്നുണ്ട് ..ഗോവിന്ദിന്റെ അഖില .”

അവൻ സൂക്ഷിച്ചൊന്നു നോക്കി പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു.

“തമാശ അല്ല ഗോവിന്ദ് ..ഐ ആം സീരിയസ് ” ഗോവിന്ദ് ചിരി നിർത്താൻ നന്നേ ബുദ്ധിമുട്ടി.

“അഖില ആർ യു മാഡ് ?നിനക്ക് തോന്നുണ്ടോ ഇനിയും ഞാൻ നിന്നിലേക്ക് വരുമെന്ന് ?”

“എനിക്കറിയാം ..ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന് …ഞാൻ പറഞ്ഞല്ലോ അതിന്റെ ശിക്ഷയും എനിക്ക് കിട്ടി ..”

“ഈ വിനു നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ ..നീ ഈ ജീവിതത്തിൽ ഹാപ്പി ആയിരുന്നെങ്കിൽ നീ എന്നെ തേടി വരുമായിരുന്നോ ?” അവൻ ഗൗരവത്തിൽ ചോദിച്ചു

അഖില വിളറി വെളുത്തു

“പറയ് ..ആൻസർ മി ?”

“അത് ..അത് …”

തുടരും