കൂടപ്പിറപ്പ്…
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
======================
ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്, ചായ്പ്പിലെ കട്ടിലിൽ അയാൾ അലസനായി കിടന്നു. നാലുവയസ്സുകാരനായ ഏകപുത്രൻ അവളുടെ കൂടെ അടുക്കളയിലുണ്ട്. ഒച്ച കേൾക്കാനുണ്ട്. അകത്തളത്തിലെ റേഡിയോയിൽ നിന്നും എൺപതുകളുടെ ഒടുവിലെ ഒരു ഗാനം ഒഴുകി വരുന്നു. അയാൾക്ക് കൂടപ്പിറപ്പിനെ ഓർമ്മ വന്നു. അനുജന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്. കണ്ണുകൾ ക്ലോക്കിലേക്കു സഞ്ചരിച്ചു.
രാവിലെ 7.30. അമേരിക്കയിൽ, അനുജനിപ്പോൾ പന്ത്രണ്ടു മണിക്കൂർ പുറകിലായിരിക്കും. അവനവിടെ രാത്രിയായിരിക്കും. അവൻ്റെ ഭാര്യയും മോളും അരികിലുണ്ടാവും.
അയാൾ ഫോണെടുത്തു. അനുജൻ അവസാനം മെസേജ് അയച്ചിരിക്കുന്നത് രണ്ടു വർഷം മുൻപാണ്.
“ശാലിനി പ്രസവിച്ചു. പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.”
ഒറ്റവരി വാചകം. അയാൾ, അനുജൻ്റെ പ്രൊഫൈൽ ചിത്രം എടുത്തു നോക്കി. അനുജനും ഭാര്യയും കുഞ്ഞുമാണ്. രണ്ടുവയസ്സുകാരിയുടെ കണ്ണിൽ കുസൃതിയുടെ നക്ഷത്രത്തിളക്കം.
പിന്നേയും സന്ദേശങ്ങളിലൂടെ കാലം പുറകിലേക്കു സഞ്ചരിച്ചു. കാമ്പസ് സെലക്ഷനിൽ അമേരിക്കയിൽ പോയ അവൻ്റെ വിവാഹത്തിനായുള്ള തൻ്റെ സഞ്ചാരങ്ങൾ. പെണ്ണുകാണലുകൾ. ഓരോ പെൺകുട്ടിയുടെയും വീട്ടിലെ വിശേഷങ്ങൾ. അവൻ്റെ പകലുകളിൽ, ഇവിടത്തെ പാതിരാക്കാലങ്ങളിലാണ് മിക്കവാറും കാളുകൾ വന്നിരിക്കുന്നത്. ഒരിണചേരലിൻ്റെ ആദ്യപടികൾ മൂർച്ഛിക്കുമ്പോളായിരിക്കും, ചിലനേരം ഫോൺ വരുന്നത്. അവനോടു സംസാരിച്ച്, മണിക്കൂറുകൾ പിന്നിടുമ്പോൾ, തെറുത്ത കയറ്റിയ പുടവ വലിച്ചിട്ട്, ഭാര്യയുടെ അസംതൃപ്തി നിറഞ്ഞ പിറുപിറുക്കലുകൾ കേൾക്കാം.
അവനെന്നും പറയും. “ചേട്ടാ, നിനക്കൊരു ബുദ്ധിമുട്ടു വന്നാൽ എനിക്കൊരു മിസ്ഡ് കാൾ തന്നാൽ മതി. പണത്തിനായി, ഇനി നിനക്ക് അലയേണ്ടി വരില്ല. നമ്മുടെ കഷ്ടകാലങ്ങൾ തീർന്നു.”
അവനതു അവസാനം പറഞ്ഞത്, അവൻ്റെ കല്യാണത്തിനു തൊട്ടു മുൻപാണ്. പാവപ്പെട്ട വീട്ടിലെ പെൺകൊടിയെ തിരഞ്ഞെടുത്തതും അവനാണ്. പണക്കാരിപ്പെണ്ണായാൽ, കുടുംബത്തിനു വേണ്ടി ജീവിച്ച ഏട്ടനെ വിലകൽപ്പിക്കില്ലെന്നായിരുന്നു അവൻ്റെ ശങ്ക.
അനുജത്തിക്കു പണമേ കുറവുള്ളൂ, സാമർത്ഥ്യവും സ്വാർത്ഥതയും വേണ്ടുവോളമുണ്ടെന്നു കാലം തെളിയിച്ചു. വിസിറ്റിംഗ് വിസയിൽ, അവളുടെ അമ്മയും ആങ്ങളയും പലകുറി അമേരിക്ക സന്ദർശിച്ചു. അവളുടെ ഓടുവീട്, വലിയ കോൺക്രീറ്റ് കെട്ടിടമായി. അനുജൻ്റെ സന്ദേശങ്ങളിൽ വാക്കുകൾ കുറഞ്ഞു. ഇമോജികൾ മാത്രമായി. പിന്നെ, അതും നിലച്ചു.
അയാൾ എഴുന്നേറ്റിരുന്നു. ഭാര്യ, ചുടുചായയുമായി അരികിൽ വന്നു. അവളുടെ മിഴികളിൽ ഉറക്കമിളപ്പിൻ്റെ ആലസ്യവും, ഒരിണ ചേരലിൻ്റെ സംതൃപ്തിയും സമന്വയിച്ചു. ചായക്കോപ്പയുമായി, അയാൾ അകത്തളത്തിലേക്കു നടന്നു.
റേഡിയോയിൽ,തുടർന്നുകൊണ്ടിരുന്ന ഗാനത്തെ നിർത്തിവച്ചു. അയാൾക്കു വല്ലാത്തൊരാശ്വാസം തോന്നി. പ്രഭാതം പതിയെ, വേവുള്ളൊരു പകലിലേക്കു നീങ്ങി. ആർക്കു വേണ്ടിയും കാക്കാതെ…..