കുറച്ചു കൂടെ ഡീറ്റെയിൽ ആയി പറയാമോ? എന്താണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്….

Story written by Meenu M

===================

ഇരിഞ്ഞാലക്കുടയിൽ നിന്നും കുറച്ചു ഉള്ളിലോട്ടു മാറി ആയിരുന്നു ആ ബാലസദനം.നന്ദനം എന്ന പേരിൽ.. ഒരു ചരിറ്റബിൾ ട്രസ്റ്റ്‌ ആണ്.

അവിടെ ഓഫീസ് മുറിയിൽ ആരെയോ കാത്തിരിക്കുക ആണ് മുടി പാതി നരച്ചു പോയ ഒരു മധ്യവയസ്കനും കൂടെ രണ്ടു ചെറുപ്പക്കാരും….

“ക്ഷമിക്കണം അങ്കിൾ…ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.”

ഒരു യുവതി തിടുക്കത്തിൽ കയറി വന്നു.

നടക്കുമ്പോൾ കോട്ടൺ സാരി ഉലയുന്ന പ്രത്യേക താളം…

അവർക്ക് നേരെ ഓപ്പോസിറ്റ് ഉള്ള കസേരയിൽ അവൾ ഇരുന്നു..

ഡോ :പത്മ രാമമൂർത്തി എന്ന നെയിം ബോർഡിലേക്ക് ജിതിൻ ഒന്ന് കൂടി നോക്കി പോയി…

ഇതാണോ പത്മ… പേര് കേട്ടപ്പോൾ പ്രതീക്ഷിച്ചത് ഒരു പ്രായം ചെന്ന സ്ത്രീയെയാണ്… ഇതു വളരെ ചെറുപ്പം ആണ്. ഒരു വല്ലാത്ത സൗന്ദര്യം തോന്നി അവർക്ക്… വന്നു കയറിയപ്പോൾ മുതൽ അനുഭവപ്പെടുന്ന സുഗന്ധം അവരെ ചൂഴ്ന്നു നിൽക്കുന്നതാണെന്ന് ജിതിൻ മനസിലാക്കി…

“അങ്കിൾ…..എന്തൊക്കെയുണ്ട് വിശേഷങ്ങൾ. ടീച്ചർ ആന്റി സുഖം ആയിരിക്കുന്നോ?

പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാതെ ഇങ്ങനെ പോകുന്നു…ഇവിടുന്നു ആ നാട്ടിൻപുറത്ത് ചെന്നതിന്റെ ഒരു പ്രത്യേക സന്തോഷം ഉണ്ട് അയാൾക് ഇപ്പോൾ…

മാഷിന്റെ തെളിഞ്ഞ മുഖത്ത് നോക്കി അവൾ മനോഹരം ആയി പുഞ്ചിരിച്ചു…

അശ്വതി?

സുഖം… സന്തോഷം. അച്ചു ആഗ്രഹിച്ചത് പോലെ തന്നെ.. യൂ എസിൽ സെറ്റിൽഡാണ്. ശ്രീഹരി നല്ലൊരു ചെറുപ്പക്കാരൻ ആണ് . ഒരു മോളുണ്ട് അവർക്ക്…
തൻവിക… മിടുക്കി ആണ്..പിന്നെ വരവോക്കെ കുറവാ കുട്ടീ… ഈ വീഡിയോ കാളിൽ എന്നും കാണും…ടീച്ചർക്ക് സങ്കടം ണ്ട്… പക്ഷേ പറഞ്ഞിട്ടെന്താ. ഇപ്പോൾത്തെ പിള്ളേർ അല്ലേ.. അവരുടെ ജീവിതം അവര്ക്കിഷ്ടം ള്ള പോലെ ആഘോഷിക്കട്ടെ….

മാഷിന്റെ മുഖത്ത് ചിരി ആണെങ്കിലും ഉള്ളിൽ ഒളിപ്പിച്ച സങ്കടം പത്മ തിരിച്ചറിഞ്ഞു… അവൾ മാഷെ നോക്കി ഒന്നുമില്ലെന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു..

ആ ചിരിയിൽ നോക്കി ജിതിനും അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോയി….ജോബി പതിയെ അവന്റെ കൈമുട്ടിൽ ഒന്ന് തട്ടിയപ്പോൾ ഒരു ചമ്മലോടെ അവൻ നേരെ ഇരുന്നു…

അച്ഛൻ…?

വിളിച്ചിട്ട് കുറേ ആയി. ഇല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ ലാൻഡ്ഫോണിൽ ഒരു കാൾ പതിവ് ഉള്ളതായിരുന്നു…ഞാനും ഇടയ്ക്ക് രണ്ടു മൂന്നു തവണ വിളിച്ചു നോക്കിയിരുന്നു. ആരും ഫോൺ എടുത്തില്ല..സതീടെ മരണത്തോടെ അയാൾ വല്ലാതെ ഒതുങ്ങിപ്പോയി അല്ലേ കുട്ടീ?

മാഷിന്റെ മുഖത്ത് നിറഞ്ഞ വിഷാദത്തിലേയ്ക്ക് നോക്കി അവൾ ചിരിക്കാൻ ശ്രമിച്ചു.

മ്മ്… അമ്മ പോയതിൽ പിന്നെ ഒന്നിനും ഒരു ഉഷാർ ഇല്ലായിരുന്നു അച്ഛന്…അതിനു ശേഷം പെട്ടെന്ന് ഒരു സ്ട്രോക്ക് വന്നു അങ്കിളെ. പാരലൈസ്ഡ് ആയി പോയി…

അയ്യോ… അറിഞ്ഞില്ല. കഷ്ടായിലോ. എന്തായാലും ഇത്രടം വന്നതല്ലേ. കണ്ടിട്ടേ പോകുന്നുള്ളൂ…

ആയ്ക്കോട്ടെ.. അങ്കിൾ വന്ന കാര്യം വിശദമായി പറഞ്ഞില്ല…

പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് ജോലിയുടെ ഒരു ഗൗരവം നിറഞ്ഞു…

അതേ പറ്റി ഇവൻ സംസാരിക്കും..എനിക്ക് അത്ര പരിചയം പോരാ അവരുടെ ഫാമിലി ആയിട്ട്. ആ കുഞ്ഞുങ്ങളെ മാത്രേ അറിയൂ…ഞങ്ങൾ അങ്ങോട്ട് താമസം മാറിയിട്ട് അധികം ആയില്ലല്ലോ.. ഇവരൊക്കെ ആണ് ആ നാട്ടിലെ മിടുക്കരായ ചെറുപ്പക്കാർ… ഇവർ എല്ലാം ചേർന്ന് അവിടെ ഒരു വായനശാല നടത്തുന്നുണ്ട്. വൈകുന്നേരങ്ങളിൽ അതിനോട് ചേർന്ന് സ്കൂൾ കുട്ടികൾക്ക് ട്യൂഷനും ജോലി ഇല്ലാത്ത ചെറുപ്പക്കാർക്ക് പി എസ് സി പരിശീലനവും ഒക്കെ ണ്ട്.. ഇപ്പൊ ഞാനും ഇവരുടെ കൂടെ ചേർന്ന് സുഖമുള്ള ഒരു തിരക്കിൽ ആണെന്ന് പറയാം..

മാഷ് ഇഷ്ടത്തോടെ പറയുന്നതും കേട്ട് പത്മ താടിയിൽ കയ്യും കൊടുത്ത് പുഞ്ചിരിയോടെ ഇരുന്നു… അവൾ ജിതിനെയും ജോബിയേയും ശ്രദ്ധിച്ചു. ഊർജ്ജ്വസ്വലരായ ചെറുപ്പക്കാർ… മാഷിന് അവരെ അത്രയും ഇഷ്ടം ആണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും അറിയാൻ പറ്റുന്നുണ്ട്…

ഓക്കേ ….പറയു. എന്താണ് ആ കുട്ടികളുടെ ഹിസ്റ്ററി “?

പത്മ ജിതിന് നേരെ തിരിഞ്ഞു.

പത്മ രാമമൂർത്തി?

ജിതിൻ ഒന്നു കൂടി ഉറപ്പിക്കാൻ എന്നോണം ചോദിച്ചു.

യെസ്… ഞാൻ തന്നെ ആണ്. ചോദിക്കാൻ വിട്ടുപോയി.. നിങ്ങളുടെ പേര്?

ജിതിൻ.. ജിതിൻ പരമേശ്വരൻ.ഇതു ജോബി കുരുവിള.
മാഡത്തിന്റെ പേര് കേട്ടപ്പോൾ കുറച്ചു കൂടെ ഏജ്ഡ് ആയ ഒരാളെ ആണ് പ്രതീക്ഷിച്ചത്…

അതിനിവിടെ പ്രസക്തി ഇല്ലലോ ജിതിൻ…, പറഞ്ഞോളൂ….
സമയം വളരെ വിലപ്പെട്ടതാണ്….

ജിതിന്റെ മുഖം ഒന്നു വിളറിപ്പോയി…

ഓക്കേ മാഡം… അവര് രണ്ടു പേരുണ്ട്. പുറത്തു നിൽപ്പുണ്ട്.ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ആരും ഇല്ലാതായി പോയ കുട്ടികൾ.. മൂത്ത ആൾ പൊന്നു 16 വയസ്.. സഹോദരൻ ആദി 14 വയസ്…

മുറിയിലേയ്ക്ക് കടന്നു വരുമ്പോൾ വാടിയ താമരത്തണ്ട് പോലെ തൂണിലേയ്ക്ക് തല ചായ്ച്ച് വരാന്തയിൽ വെറും നിലത്തിരുന്നിരുന്ന അതിസുന്ദരി ആയ പെൺകുട്ടിയെയും അവളുടെ മടിയിൽ തല വച്ചു തളർന്നു കിടന്നിരുന്ന ആൺകുട്ടിയെയും പത്മയ്ക്ക് ഓർമ്മ വന്നു.

കുറച്ചു കൂടെ ഡീറ്റെയിൽ ആയി പറയാമോ? എന്താണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്….മാതാപിതാക്കളും സഹായിക്കാൻ മറ്റു ബന്ധുക്കളും ആരും ഇല്ലാതെ പോകുന്നവർക്ക് ആണ് ഇവിടെ അഭയം നൽകുന്നത്. ആരെങ്കിലും സഹായിക്കാൻ ഉള്ള കുട്ടികൾ ആണെങ്കിൽ അവരെ സ്വീകരിക്കുമ്പോൾ അർഹത ഉള്ള മറ്റൊരാളുടെ അവസരമാണ് നഷ്ടമാകുന്നത്….

അർഹത?….
ആരുമില്ലാതെ പോകുന്നതും ഒരു അർഹതയാണോ?

ജിതിന് അവളുടെ സംസാരം കേട്ട് ചെറുതായി ദേഷ്യം വന്നു.

ചിലപ്പോഴൊക്കെ അങ്ങനെ തന്നെയാണ് ജിതിൻ…

അവൾ ഒന്ന് മുന്നോട്ടാഞ്ഞു ഇരുന്നു അവനെ കൗതുകത്തോടെ നോക്കി…ക്ഷുഭിത യൗവ്വനം ആണ്…കൂടിപ്പോയാൽ തന്റെ പ്രായം കാണും ആയിരിക്കും….

ജിതിൻ എന്തു ചെയ്യുന്നു?

ഞാൻ സർക്കാർ സർവീസിൽ ആണ്. ഒരു എൽ ഡി ആയി ജോലി ചെയ്യുന്നു…

ഓ.. ഗ്രേറ്റ്‌… ബാക്കി പറയു…

അവരുടെ അച്ഛൻ രാജീവേട്ടൻ നാട്ടിലെ അത്യാവശ്യം നല്ല കുടുംബത്തിലെ അംഗം ആയിരുന്നു… അയാൾക്ക് അമ്മയും രണ്ടു അനിയന്മാരും രണ്ടു സഹോദരിമാരും ഉണ്ട്. വലിയ കുടുംബം… സമ്പന്ന കുടുംബം..

മ്മ്

ആ ശ്രീദേവിയെ കല്യാണം കഴിച്ചതോട് കൂടി കുടുംബം ആയി അകന്നു.വീട്ടിൽ നിന്നു പുറത്താക്കി കാരണവർ…. രാജീവേട്ടന്റെ അച്ഛൻ.

ഈ ശ്രീദേവിയ്ക്ക് ബന്ധുക്കൾ ഒന്നുമില്ലേ?

അവളും അവളുടെ വയസായ അമ്മേം മാത്രം ഉണ്ടായിരുന്നുള്ളൂ… ആ തള്ള ഒരു പാവം ആയിരുന്നു. ആ പിള്ളേർക്ക് ഒരു തണൽ ആയിരുന്നു എന്നും….. ഈ അടുത്താ പെട്ടെന്ന് അവരും കൂടെ പോയത്…

ജോബി ആണ് പറഞ്ഞത്.

അവർ എങ്ങോട്ട് പോയി?

മരിച്ചു പോയിന്നാ ഉദ്ദേശിച്ചത്.

ജിതിൻ കുറച്ചു കടുപ്പത്തിൽ ആണ് പറഞ്ഞത്. അവളുടെ സിബിഐ മോഡലിൽ ഉള്ള ചോദ്യം ചെയ്യൽ അവനു അത്ര രസിച്ചിരുന്നില്ല..

പറഞ്ഞു കഴിഞ്ഞപ്പോഴാണ് പത്മയുടെ കൂർത്ത നോട്ടം ജിതിൻ ശ്രദ്ധിച്ചത്.

ജിതിൻ മാഷേ ഒന്ന് നോക്കി. മാഷ് അവനേ കണ്ണടച്ച് സമാധാനിപ്പിച്ചു

രാജീവേട്ടനും ശ്രീദേവിയും സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്.ആദ്യം ഒക്കെ രാജീവേട്ടന്റെ കുറഞ്ഞ വരുമാനത്തിൽ അവർ സന്തോഷത്തോടെ ശ്രീദേവിയുടെ വീട്ടിൽ ജീവിച്ചു.
അതിനിടയ്ക്കാണ് ഒരു ആക്‌സിഡന്റിൽ രാജീവേട്ടൻ വീണു പോകുന്നത്. തളർന്നു ബെഡിൽ തന്നെ കിടപ്പിലായി.
മൂന്നാലു വർഷത്തോളം.കുറേ ഒക്കെ നാട്ടുകാർ സഹായിച്ചു…. പിന്നെ ശ്രീദേവി ജോലിക്ക് പോയി തുടങ്ങി. ടൗണിൽ തന്നെ ഉള്ള ഒരു ടൈൽസ് ന്റെ ഷോറൂമിൽ സെയിൽസ് ലു ആയിരുന്നു…

ഈ ഒരു അവസ്ഥയിൽ ആണ് ഒരു വർഷം മുൻപ്…..
ആ സ്ത്രീ അവരെ ഇട്ടിട്ട് ജോലി ചെയ്തിരുന്ന ഷോറൂമിലെ ഒരു ഡ്രൈവറിന്റെ കൂടെ ഒളിച്ചോടി പോകുന്നത്..

ഈ പറഞ്ഞ ശ്രീദേവിയോ…..

പത്മ ഒന്നുകൂടെ ഉറപ്പ് വരുത്താൻ ചോദിച്ചു. ഓരോന്നും അവൾ ഒരു ഫയലിൽ കുറിക്കുന്നുണ്ടായിരുന്നു.

ശ്രീദേവി അല്ല മൂധേവി…

ജോബി പിറുപിറുത്തു..

പത്മ അവനേ ഒന്നു നോക്കി ജിതിന്റെ നേരെ തിരിഞ്ഞു.

അവള് പോയിട്ടും ആ തള്ള അവരുടെ കൂടെ നിന്നു. ഈ ശ്രീദേവിടെ അമ്മ. ചിലവൊക്കെ നാട്ടുകാരുടെ കാരുണ്യത്തിൽ ആയിരുന്നു. ഈ അടുത്ത് അവര് മരിച്ചു പോയി.

ജിതിൻ ഒന്ന് നിർത്തി. ബാക്കി ജോബി ആണ് പറഞ്ഞത്.

അതോടെ അവറ്റോൾക്ക് ആരും ഇല്ലാതെ ആയി മാഡം…
ഈ അവസരത്തിൽ രാജീവിന്റെ വീട്ടുകാർ വന്നു അയാളെ കൊണ്ടുപോയി. ഇപ്പൊ എവിടെയോ ആയുർവേദ ട്രീറ്റ്‌മെന്റിൽ ആണെന്ന് കേൾക്കുന്നു. അയാൾക്ക് ഒന്ന് അനങ്ങാൻ കൂടെ വയ്യല്ലോ…ഈ കുട്ടികളെ ആണെങ്കിൽ ആർക്കും വേണ്ട…ശ്രീദേവിയ്ക്ക് ജനിച്ചതല്ലേ എന്നാണ് ഒരിക്കൽ സംസാരിക്കാൻ ചെന്നപ്പോ രാജീവേട്ടന്റെ ആ അനിയൻ പറഞ്ഞത്. ഡോക്ടർ ആണ് പോലും ആ…,…

ജോബി ബാക്കി പറയാതെ നിർത്തി കളഞ്ഞു..

അവർക്ക് പേടിക്കാതെ ഉറങ്ങാനും ജീവിതം മുന്നോട്ട് കൊണ്ടു പോകാനും ഒരു ഷെൽട്ടർ…ചിലപ്പോൾ എന്നെങ്കിലും രാജീവേട്ടന്റെ അസുഖം മാറി വരികയാണെങ്കിൽ തീർച്ചയായും ഈ മക്കളെ അങ്ങേര് കൊണ്ടു പോകും. ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ട്. പക്ഷേ വിധി ഇല്ലാത്ത കൊച്ചുങ്ങൾ ആയി പോയി അതുങ്ങള്…

ജോബിയുടെ വാക്കുകളിൽ സഹതാപം തുടിച്ചു നിന്നു.

ഈ ആൺകുട്ടി ഒൻപതാം ക്ലാസ്സിൽ ആണ് ല്ലേ. അതു ഓക്കേ. മറ്റേ കുട്ടി പ്ലസ് വൺ ആയി ന്നു പറഞ്ഞില്ലേ… ആക്ച്വലി 10 ത് വരെ നമ്മൾ വിദ്യാഭ്യാസം പ്രോവൈഡ് ചെയ്യുന്നുള്ളൂ.ബാക്കി ഉള്ള തുടർപഠനത്തിന് സ്‌പോൺസറെ കണ്ടെത്തുക ആണ് പതിവ്..

പത്മ മുന്നിൽ ഇരിക്കുന്ന മൂന്നു മുഖങ്ങളിലേയ്ക്കും മാറി മാറി നോക്കി.

അതിപ്പോ…

ജോബിയും ജിതിനും പരസ്പരം ഒന്നു നോക്കി.

അതു ഞാൻ സഹായിക്കാം കുട്ടി…. നന്നായി പഠിക്കുന്ന ഒരു മോളാണ്. അവൾ പഠിക്കട്ടെ..

ജിതിനും ജോബിയും ഒരു ഞെട്ടലോടെ ആണ് മാഷെ നോക്കിയത്.മാഷിന് അവരെ കാര്യം ആയി പരിചയം പോലും ഇല്ല. തങ്ങൾ പറഞ്ഞു കേട്ട അറിവ് മാത്രം ഉള്ളൂ..

പത്മയുടെ മുഖത്ത് പ്രത്യേക അത്ഭുതം ഒന്നും തോന്നിയില്ല. അവൾ പുഞ്ചിരിച്ചു.

മാഡം… ഞങ്ങളും സഹായിക്കാം. പറ്റുന്ന പോലെ. ഈ പറഞ്ഞ പോലെ അവരുടെ അച്ഛന് സുഖം ആയി വന്നാൽ പിന്നെ അവരെ ആള് കൊണ്ടു പോകും. ജീവനായിരുന്നു രാജീവേട്ടന് മക്കളും …… ഭാര്യേം..

അവസാന വാക്ക് പറയുമ്പോൾ ജിതിന്റെ മുഖം അവജ്ഞ കൊണ്ടു കോടിപോകുന്നത് പത്മ കണ്ടു.

ഓക്കേ ജിതിൻ.18 വയസ് വരെ ആണ് അവരെ ഇവിടെ അക്കമഡേറ്റ് ചെയ്യാൻ പറ്റുക… നോക്കാം. അതിനിടയിൽ നിങ്ങൾ പറയുന്ന മിറാക്കിൾ എന്തേലും സംഭവിക്കുമോ എന്ന്….അല്ലെങ്കിലും പ്രായ പൂർത്തി ആയാൽ അവർക്കൊരു കേസ് ഫയൽ ചെയ്തിട്ട് ആയാലും അവരുടെ അവകാശങ്ങൾ നേടി എടുക്കാമല്ലോ…തല്ക്കാലം ആ കുട്ടികളെ വിളിക്കാം….

ഞാൻ വിളിക്കാം മോളേ… മാഷ് എണീറ്റു.

വേണ്ട.. അങ്കിൾ അവിടെ ഇരുന്നോളു.

പത്മ ഒരു ബെല്ലിൽ വിരലമർത്തി.

അല്ല.. ഞാൻ പുറത്ത് ഇരിക്കാം. മനപ്രയാസം ഉള്ള കാര്യാ എനിക്കിതൊക്കെ..

മാഷ് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ആണ് പൊന്നുവും ആദിയും കടന്നു വന്നത്. അവൾ ആദിയെ ചേർത്ത് പിടിച്ചിരുന്നു.

പത്മ ആ കുട്ടികളെ സൂക്ഷിച്ചു നോക്കി.

ഒരു വെള്ളാമ്പൽ മൊട്ടുപോലെ അഴകുള്ള മുഖം ആണ് പൊന്നുവിന്റെ. ചമയങ്ങൾ ഒന്നും ഇല്ലെങ്കിലും പ്രത്യേകമായ ഒരു ചൈതന്യം തുടിച്ചു നിൽക്കുന്ന മുഖം.ആദിയുടെ മുഖം കരഞ്ഞു കരഞ്ഞു ചുവന്നുപോയിട്ടുണ്ട്.

പൊന്നു എന്നാണോ റെക്കോഡിക്കൽ നെയിം?

പത്മ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

അല്ല. അനുപമ രാജീവ്‌നാഥ്‌…
ആദിദേവ് രാജീവ്‌നാഥ്‌…

പൊന്നു മുഖത്ത് നോക്കി ഇല്ല…… താഴ്ന്ന ശബ്ദത്തിൽ അത്രയും പറഞ്ഞു.

ഇനി മുതൽ നിങ്ങൾ ഇവിടെ ആണ് സ്റ്റേ ചെയ്യുന്നത്. ഇവിടുത്തെ റൂൾസ്‌ ഒക്കെ പറഞ്ഞു തരാൻ ആരെങ്കിലും ഏർപ്പെടുത്താം.. പിന്നെ രണ്ടു പേർക്കും വേറെ വേറെ ബിൽഡിംഗ്‌ ആണ്. ബോയ്സ് ആൻഡ് ഗേൾസ്. എന്നും കാണാൻ ഒന്നും പറ്റില്ല. ഏതെങ്കിലും വിസിറ്റർസ് വരുമ്പോ കാണാൻ സൗകര്യം ഉണ്ടാക്കാം.

ആദി ഒരു വീർപ്പുമുട്ടലോടെ പൊന്നുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. പൊന്നു അവനേ ചേർത്ത് പിടിച്ചു.

എന്തുകൊണ്ടോ മുഖം ഉയർത്തി അവരെ നോക്കാൻ ജിതിന് പ്രയാസം തോന്നി.

ഇവരോട് എന്തെങ്കിലും പറയാൻ ഉണ്ടോ?
ഇല്ലെങ്കിൽ പിന്നെ ഇവർക്കും അങ്ങ് പോകാമായിരുന്നു…ആ..പിന്നെ സർട്ടിഫിക്കറ്റ്സ് എല്ലാം കയ്യിൽ ഉണ്ടല്ലോ?

കുട്ടികളോട് ആയാണ് പത്മ ചോദിച്ചത്..
പൊന്നു തലയാട്ടി. ഒപ്പം ആദിയെ ഒന്നു കൂടെ തന്നോട് ചേർത്തു.

അവരുടെ ദൈന്യത നിറഞ്ഞ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് വേദന തോന്നി….

അനാഥരായി പോകുന്ന എല്ലാ കുട്ടികൾക്കും ഒരേ മുഖം ആണെന്ന് പത്മയ്ക്ക് തോന്നി.

മുഖത്ത് ഒരേ ദൈന്യത.. കണ്ണുകളിൽ ഒരേ നിസഹായത… അതേ.. അനാഥരായ എല്ലാവർക്കും ഒരേ മുഖം തന്നെ…..

തളർന്നു കിടക്കുന്ന അച്ഛൻ കൂടെ പോയാൽ തനിക്കും ഇവരുടെ മുഖം കൈ വരും.

പത്മ ഒന്നു നിശ്വസിച്ചു….

ജിതിൻചേട്ടാ..

ആദി എന്തോ പറയാൻ വന്നു. എന്നാൽ പൊന്നു അവന്റെ കൈകളിൽ മുറുകെ പിടിച്ചു. അരുത് എന്ന് വിലക്കി.

അവിടുന്നു പോരുമ്പോൾ മുതൽ ചേച്ചി തന്നോട് പറഞ്ഞിരുന്നത് ആദി ഓർത്തു.

ആരും ഇല്ലാത്തവരാ നമ്മൾ.ആർക്കും വേണ്ടാത്തവർ…ആരെയും ബുദ്ധിമുട്ടിക്കരുത്…

ജിതിന്റെ ഹൃദയമിടിപ്പ് ഒന്നുയർന്നു പോയിരുന്നു അവന്റെ വിളി കേട്ടപ്പോൾ.

ഒരു ദിവസം ആദി ചോദിച്ചത് ജിതിന് നല്ല ഓർമ്മയുണ്ട്.

എന്റെ പൊന്നു ചേച്ചിയെ ജിതിൻചേട്ടന് കല്യാണം കഴിച്ചൂടെ… അപ്പോ പിന്നെ ഞങ്ങൾക്ക് ഈ നാട് വിട്ട് എങ്ങോട്ടും പോകണ്ടല്ലോ….

എന്നാൽ പിന്നെ നിങ്ങൾ ഇറങ്ങുക അല്ലേ?…..
അങ്കിൾ….പത്മ ഒന്ന് ശബ്ദം ഉയർത്തി പുറത്തേക്ക് നോക്കി വിളിച്ചു.

മാഷിന്റെ മുഖം വാതിൽക്കൽ കണ്ടു. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അകത്തെ സംസാരം എല്ലാം കേട്ടിട്ടുണ്ട്.

കുട്ടി എപ്പോളാ ഇറങ്ങാ…എനിക്ക് രാമമൂർത്തിയെ ഒന്നു കാണണം ന്നുണ്ട്.

കുറച്ചു നേരം കൂടെ ഒന്ന് വെയിറ്റ് ചെയ്യാമോ അങ്കിൾ? ഒരു തേർട്ടി മിനിറ്റ്സ്…

പത്മ വാച്ചിൽ നോക്കി..

ചെയ്തോളാം…

ജിതിൻ ആണ് പറഞ്ഞത്.

അവൻ എണീറ്റു ആദിയെ നെഞ്ചോട് ചേർത്തു.

വിഷമിക്കരുത്. നന്നായി പഠിക്കണം.എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നേ വിളിക്കാൻ ഇവിടെ പറഞ്ഞിട്ടുണ്ട് ഞാൻ. പിന്നെ…. പിന്നെ നിന്റെ ചേച്ചിയും ഒരു ചെറിയ കുട്ടി ആണ്. പഠിക്കട്ടെ അവൾ. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി ആണ് ആദ്യം പെൺകുട്ടികൾക്ക് വേണ്ടത്. കല്യാണം അല്ല കേട്ടോ…

പൊന്നുവിന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത്. അവൾ ഒരു പിടച്ചിലോടെ മുഖം താഴ്ത്തി.

പത്മ ജിതിനെ തന്നെ നോക്കി.

കാണുമ്പോൾ ചെറിയ ഒരു പയ്യൻ ആയി തോന്നുന്നു എങ്കിലും പക്വത ഉള്ള മനസാണെന്ന് അവന്റെ സംസാരം വിളിച്ചോതുന്നുണ്ട്…

പത്മ ഒരിക്കൽ കൂടെ അവന്റെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ടു തന്റെ ജോലിയിൽ മുഴുകി…..

ജിതിനും ജോബിയും പുറത്തേക്കിറങ്ങി.

ദാ… ഈ ആന്റിടെ കൂടെ ചെന്നോളൂ.

അവരെ കൊണ്ടു പോകാൻ വന്ന സ്ത്രീയെ നോക്കിയാണ് പത്മ പറഞ്ഞത്.

യശോദാമ്മേ… ഈ കുട്ടികൾക്ക് റൂൾസ്‌ ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കണം. തല്ക്കാലം ഇവരെ പ്രയർ ഹാളിൽ ഇരുത്ത്. ഞാൻ ദേ വന്നേക്കാം.

പത്മ അവർക്ക് നിർദേശം കൊടുത്തു. പോകാൻ നേരം പൊന്നു രണ്ടു കൈകളും അവൾക്ക് നേരെ കൂപ്പിപിടിച്ചു.

ധൈര്യം ആയി ചെന്നോളൂ…ഒന്നു കൊണ്ടും പേടിക്കേണ്ട കേട്ടോ… മാഷ് അങ്കിൾ എനിക്ക് അത്രയും വേണ്ടപ്പെട്ട ആൾ ആണ്. എന്റെ അച്ഛനെ പോലെ… ഓക്കേ..ഞാൻ അങ്ങോട്ട് വരാം…

പത്മയുടെ സ്വരം അവൾ പോലും അറിയാതെ മൃദുവായി.

പുറത്ത് മാഷും ജിതിനും ജോബിയും നിന്നിരുന്നു.
അരികിലൂടെ കടന്നു പോകുമ്പോൾ ആദി ദയനീയമായി അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
പൊന്നു മുഖം ഉയർത്തിയതേ ഇല്ല.

ചേച്ചി.. നമുക്കൊന്ന് കൂടെ ജിതിൻ ചേട്ടനോടും ജോബി ചേട്ടനോടും ചോദിച്ചു നോക്കാ.. ഞാൻ എന്തേലും പണിക്ക് പൊയ്ക്കോണ്ട്..ഒന്നുല്ലെങ്കിലും കിടക്കാൻ നമുക്കൊരു വീട് ഉണ്ടല്ലോ… എനിക്ക് ചേച്ചിയെ കാണാതെ ഒറ്റയ്ക്ക് നിക്കാൻ മേലാഞ്ഞിട്ടാ…

ആദി എങ്ങലടിച്ചു കൊണ്ടു കണ്ണും മൂക്കും ഷർട്ടിന്റെ ഷോൾഡർ ഭാഗത്ത് അമർത്തി തുടച്ചു…

വേണ്ട… ആരേം ബുദ്ധിമുട്ടിക്കണ്ട. നമുക്ക് പഠിക്കണ്ടേ… പഠിക്കണം…. നന്നായി പഠിച്ചാ ആരെങ്കിലും ഒക്കെ സഹായത്തിനു ഉണ്ടാകും. ഒരു ജോലി കിട്ടുന്ന വരെ പഠിപ്പിക്കാൻ….സങ്കടപെടരുത്….അതു കഴിഞ്ഞാ നമ്മൾ ഒരുമിച്ച് അല്ലേ… ആദിക്ക് പൊന്നേച്ചിയും പൊന്നേച്ചിക്ക് ആദികുട്ടനും…

പൊന്നു ആദിയെ ചേർത്ത് പിടിച്ചു അവന്റെ നെറുകിൽ അമർത്തി മുത്തി.

മാഷ് ഒരു ഹൃദയവേദനയോടെ മുഖം തിരിച്ചു കളഞ്ഞു. ആ നേരത്ത് ആണ് മൊബൈൽ അടിച്ചത്. അയാൾ കണ്ണട ഒന്നു കൂടെ തുടച്ച് മുഖത്ത് ഉറപ്പിച്ചു. എടുത്തു നോക്കിയപ്പോൾ ഡിസ്പ്ലേയിൽ ഉഷപ്രഭ കാളിങ്…..ഭാര്യ ആണ്.

ആ…പറയെടോ..

അവിടെ എത്തിയോ മാഷെ?

മ്മ് .. തിരികെ പോരാൻ ഒരുങ്ങുന്നു.സഹിക്കാൻ വയ്യെടോ. വല്ലാത്ത ഒരു നൊമ്പരം മനസിന്‌…

മാഷ് നെഞ്ചോന്നു തിരുമ്മി.

നൊമ്പരം വേണ്ട മാഷെ… അതുങ്ങളെ ഇങ്ങോട്ട് കൂട്ടിയെരെ…. അച്ചു വിളിച്ചിരുന്നു…. വയസ് കാലത്ത് നമുക്ക് കൂട്ടിനു രണ്ടു മക്കളെ കിട്ടിയതിൽ അവൾക്ക് സന്തോഷം ള്ളൂ ന്നു പറഞ്ഞു. കരഞ്ഞിട്ടാ ഫോൺ വച്ചത്… ഒന്നല്ലേ ഉള്ളൂ. അച്ഛന്റേം അമ്മേടേം സ്നേഹം പങ്കു വച്ചു പോകുന്നെന്റെ കുശുമ്പ് ആയിരുന്നു പെണ്ണിന്… അതോണ്ടാ നമ്മൾ ആദ്യം ഈ കാര്യം പറഞ്ഞപ്പോ അവൾ എതിർത്തത്… ശ്രീക്കുട്ടൻ പറഞ്ഞു മനസിലാക്കി കാണും… പിന്നെ എത്ര ആയാലും നമ്മുടെ മോളല്ലേ.. നമ്മളെ മനസിലാക്കാതെ ഇരിക്കുമോ?
മാഷ് അവരെ കൂട്ടി ഇങ്ങു പോരെ…. നമ്മുടെ കാലം വരെ നമുക്ക് നോക്കാന്നെ… പിന്നെ ഒക്കെ ദൈവം കാത്തോളും…

ഫോൺ കട്ട്‌ ചെയ്തപ്പോൾ എന്തിനോ മാഷ് വിതുമ്പിപ്പോയി…

വരാന്തയുടെ അങ്ങേ അറ്റം പൊന്നുവും ആദിയും മറയുന്നത് നോക്കി മാഷ് കണ്ണു തുടച്ചു ചുറു ചുറുക്കോടെ….. ഒരു പുഞ്ചിരിയോടെ…
പത്മയുടെ മുറിക്കുള്ളിലേക്ക് തന്നെ കയറി…

❤️മീനു❤️