പെട്ടന്ന് അപമാനിതനായ പോലെ നിൽക്കുന്ന രമേട്ടനെ കണ്ട് ഞാൻ ചോദിച്ചതും തൊട്ടടുത്തുള്ള ഒരാൾ വിളിച്ചു പറഞ്ഞു…

എഴുത്ത്: നൗഫു ചാലിയം

==================

“ഷർട്ടോക്കെ കീറിയല്ലേ…രാമേട്ടാ…”

പലചരക്ക് സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ ചെന്നപ്പോൾ ആയിരുന്നു അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന രാമേട്ടന്റെ ഷർട്ടിൽ വലിയൊരു കീറൽ കണ്ടു അബു ചോദിച്ചത്…

“മൂപ്പര് തന്നെ ആയിരുന്നു ആ കുഞ്ഞു കടയുടെ മുതലാളിയും തൊഴിലാളിയും എല്ലാം…

പത്തു മുപ്പത് കൊല്ലമായുള്ള കടയായിരുന്നു അത്…

അടുത്ത് തന്നെ ഉണ്ടായിരുന്ന റഹീമിക്കയുടെ കട…അത് നടത്താൻ എടുത്തതാണ് കുറേ കാലമായി രാമേട്ടൻ…ആദ്യം അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലി ആയിരുന്നു രാമേട്ടന്…

പെട്ടന്ന് ഒരു അറ്റാക്കിന്റെ രൂപത്തിൽ ഇക്കയെ പടച്ചോൻ കൊണ്ട് പോയപ്പോൾ മൂന്നു പെൺ മക്കൾ മാത്രം ഉണ്ടായിരുന്ന ഇക്കയുടെ കുടുംബത്തിനെ സംരക്ഷിക്കാൻ എന്നോണം ഏട്ടൻ തന്നെ കട ഏറ്റെടുത്തു…

മറ്റൊരു ജോലിയും അറിയാതെ ഇരുന്ന ഏട്ടനും അതേ വഴി ഉണ്ടായിരുന്നുള്ളു..

കടയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ പകുതിയും ആ കുടുംബത്തിന് വേണ്ടി തന്നെ ആയിരുന്നു രാമേട്ടൻ ചിലവയിച്ചത്…

ഇക്കാന്റെ ആഗ്രഹം പോലെ മൂന്നു പെൺ കുട്ടികളെയും പഠിപ്പിച്ചു ഡോക്കറ്റെയ്സ് ആക്കി…

അവരെ വിവാഹം കഴിപ്പിച്ചു നല്ല നിലയിൽ തന്നെ പറഞ്ഞു വിട്ടു…”

“അയ്യോ കീറിയോ…

എന്ന് പറഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ രാമേട്ടൻ ആ ഭാഗം കൈ കൊണ്ട് പിടിച്ചു മറക്കാൻ എന്ന പോലെ നോക്കികൊണ്ട് എന്നെ നോക്കി…”

“ഞാൻ മാത്രം ആയിരുന്നില്ല ആ സമയം കടയിൽ ഉണ്ടായിരുന്നത് തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന രണ്ടോ മൂന്നോ ആണുങ്ങളും പെണ്ണുങ്ങളും കൂടേ ഉണ്ടായിരുന്നു..

രാമേട്ടന്റെ വെപ്രാളം കണ്ട് അവർ എല്ലാവരും ചിരിക്കാൻ തുടങ്ങിയിരുന്നു…”

“സാരമില്ല രാമേട്ടാ… വീട്ടിൽ പോയി മാറ്റി വന്നാൽ പോരെ….”

പെട്ടന്ന് അപമാനിതനായ പോലെ നിൽക്കുന്ന രമേട്ടനെ കണ്ട് ഞാൻ ചോദിച്ചതും തൊട്ടടുത്തുള്ള ഒരാൾ വിളിച്ചു പറഞ്ഞു

“മൂപ്പര്ക് ആ ഒരു ഷർട്ടെ ഉള്ളൂ മോനേ…കാലങ്ങളായി മൂപ്പര് അത് മാത്രം ഇട്ടാണ് പണിക്ക്‌ വരുന്നത് തന്നെ…വൈകീട്ട് അലക്കി രാവിലെ അത് തന്നെ ഇട്ടു വരും..…ഇനി അലക്കാറുണ്ടോ എന്നൊക്കോ ആർക്കറിയാം…

അയാൾ അതും പറഞ്ഞു പുച്ഛം പോലെ ഏട്ടനെ നോക്കി ചിരിച്ചു…

വീണ്ടും തുടർന്നു…

നാളെ നോക്കിക്കോ…അവിടെ തുന്നി കെട്ടി…. അത് തന്നെ ഇട്ടു വരും മൂപ്പര്…നീ കണ്ടോ ഇപ്പൊ തന്നെ കിലുക്കം സിനിമയിൽ ജഗതിക്ക്‌ ഇടി കിട്ടിയപ്പോൾ മേല് മുഴുവൻ തുന്നി കെട്ടിയത് പോലെ ആ ഷർട്ട് മുഴുവൻ തുന്നലാണ്..”

കൂടി നിൽക്കുന്നവരിൽ ഒരാൾ കളിയാക്കി ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ എനിക്കെന്തോ ഒരു വല്ലായ്മ പോലെ…

“ഒരുപാട് കാലമായി കാണുന്ന ആളാണ് രാമേട്ടൻ… ഇപ്പൊ ഗൾഫിൽ പോയി വന്നിട്ടും വീട്ടിലേക് വേണ്ട സാധനങ്ങൾ ആ കടയിൽ നിന്ന് തന്നെ യാണ് ഞാൻ വാങ്ങിക്കാറുള്ളത്..

ഞാൻ മാത്രമല്ല എന്റെ വീട്ടിലേക്കുള്ള സാധനങ്ങളും അവിടുന്ന് തന്നെയാണ് വാങ്ങിക്കാറുള്ളത്…

അഞ്ചോ പത്തോ നൂറോ ആയിരമോ കൈയിൽ ഇല്ലെങ്കിലും ഓടി പാഞ്ഞു വന്നു രാമേട്ടാ ഇന്ന സാധനം ഇന്ന സാധനം എന്ന് പറയുമ്പോൾ പൈസ ഉണ്ടോ എന്ന് പോലും ചോദിക്കാതെ എടുത്തു തരുന്ന രാമേട്ടൻ…..

ഒരു പക്ഷെ കടം കൊടുത്ത പൈസ ഉണ്ടേൽ നാട്ടിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ഇടാൻ പോലും ആ പണം മതിയാകുമായിരുന്നു…”

പുറത്ത് നിന്നയാള് പറയുന്നത് കൂടേ കേട്ടപ്പോൾ ഇളിപ്യനായ ഒരു ചിരി ആയിരുന്നു മൂപ്പരുടെ മറുപടി..

“ആ ചിരിയിൽ എല്ലാം നിറഞ്ഞിരുന്നു…

മൂപ്പരുടെ നിസ്സഹായവസ്ഥ… സങ്കടം… കരുതൽ എല്ലാം…”

“ആ ചിരിയിലും ഏട്ടന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു തുളുമ്പിയിരുന്നു…”

“സാധനങ്ങൾ വാങ്ങി വീട്ടിലേക് പോകുമ്പോഴും ഏട്ടന് വന്നിട്ട് ഒന്നും കൊടുത്തില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത…

വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഉപ്പാക് കൊണ്ട് വന്നതിൽ ഒരു ടി ഷർട്ടും ഉള്ളതിൽ നല്ലൊരു പെർഫ്യൂമും കയ്യിൽ പിടിച്ചു രാമേട്ടന്റെ കടയിലേക്ക് വെച്ച് പിടിച്ചു…”

“നേരത്തെ അയാൾ പറഞ്ഞത് പോലെ രാമേട്ടൻ ഇട്ടിരുന്ന ഷർട്ട് തുന്നി പിടിപ്പിച്ചു ഇരിക്കുകയായിരുന്നു ഞാൻ കടയിലേക്ക് കയറുന്ന സമയം…..”

കണ്ണട ഒന്ന് നേരെയാക്കി സൂചി കൊണ്ട് കോർത്തു കോർത്തു തുന്നൽ ഇടുകയാണ് “

“രാമേട്ടാ “

ഞാൻ കടയിലെ കയറിയ ഉടനെ കൊണ്ട് വന്ന സാധനങ്ങൾ മൂപ്പരുടെ നേരെ നീട്ടിയതും അത്ഭുതത്തോടെ എന്നെ നോക്കി അരികിലേക് വന്നു..

“എന്താടാ ഇതൊക്കെ…”

“ഇത് ഒന്ന് രണ്ട് ടി ഷർട്ട് ആണ്…പിന്നെ ഒരു സ്പ്രെയും… ഞാൻ വന്നിട്ട് ഒന്നും തന്നിലല്ലോ രാമേട്ടന് അതാ…”

“അയ്യോ…മോനേ ഇതൊന്നും വേണ്ടിയിരുന്നു…

മോന് ആർക്കൊക്കെ കൊടുക്കാൻ ഉള്ളതാണ് ഇതൊക്കെ….

എനിക്ക് ഇതൊന്നും വേണ്ടടാ…”

“രാവിലെ എന്റെ ഷർട്ട് കീറിയത് കണ്ടിട്ടാണോ നീ ഇതൊക്കെ കൊണ്ട് വന്നത്…”

രാമേട്ടന്റെ ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു..

“ഞാൻ തല കുനിച്ചു നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു.. മുപ്പര് എന്റെ തോളിൽ കൈ വെച്ച്..

എടാ അബൂ…ഞാൻ ഇവിടെ കട നടത്താൻ തുടങ്ങിയിട്ട് നിന്റെ പ്രായത്തെക്കാൾ ഏറെ ആയിട്ടുണ്ടാവും… അന്ന് മുതൽ ഇന്ന് വരെ ഞാൻ ഈ കടയിൽ നിന്നും എനിക്കും എന്റെ കുടുംബത്തിനും കഴിയാനുള്ള ലാഭമേ എടുക്കാറുള്ളു…

നിനക്ക് അറിയാമല്ലോ ഞാനും എന്റെ ഭാര്യയും മക്കളും മാത്രമല്ല.. കെട്ടിച്ചു വിട്ടിട്ടും എന്റെ വീട്ടിൽ തന്നെ വന്നു നിൽക്കുന്ന മൂന്നു പെങ്ങന്മാരുടെ മക്കളും അവരുടെ ഭർത്താക്കന്മാരും ഈ കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് കഴിയുന്നത്…

പിന്നെ ഇക്കയുടെ കുടുംബവും…

ചിലപ്പോൾ മാസം കൂട്ടി നോക്കുമ്പോൾ ഒന്നും ബാക്കി ഉണ്ടാവാറില്ല… ചില്ലറ പോലും ലാഭം എടുക്കാൻ കാണില്ല…

എന്നാലും എന്റെ കുടുംബം മുഴുവൻ സന്തോഷത്തോടെ കഴിഞ്ഞു പോകുന്നുണ്ട് ഈ ഒരൊറ്റ കട കൊണ്ട്..…

രാവിലെ എന്നെ കളിയാക്കി സംസാരിച്ചവൻ ഇല്ലേ നാസർ…അവൻ പോലും പറ്റായി വാങ്ങിയ സാധനങ്ങളുടെ പൈസ തന്നെ തരാൻ ഉണ്ട് നാലായിരത്തിനു മുകളിൽ…

അങ്ങനെ അങ്ങനെ കുറേ ഏറെ പേര് തരാൻ ഉണ്ട്..

അവരൊക്കെ പൈസ തന്നാൽ തന്നെ…

മൂപര് അതും പറഞ്ഞു എന്നെ നോക്കി..

എനിക്കറിയാം രാമേട്ടൻ പറഞ്ഞതിന്റെ അർത്ഥം..

“നമ്മളെല്ലാം ഒരേ നാട്ടുകാർ അല്ലേടാ…

കുറച്ചു അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൊടുക്കാനും വാങ്ങാനും ഉണ്ടാവും..

അല്ലാതെ എന്ത് നാട്ടുകാർ അല്ലേ…”

രാമേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

“എന്നാലും ഞാൻ ആദ്യമായി ഗൾഫിൽ നിന്നും കൊണ്ട് വന്നതല്ലേ…ഇത് വാങ്ങിക്കണം..

ഞാൻ മൂപ്പരോട് പറഞ്ഞെങ്കിലും…

മൂപ്പര് സ്നേഹത്തോടെ അത് നിരസിച്ചുവെങ്കിലും വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ അത് വാങ്ങിക്കാൻ തയ്യാറായി..…”

“എത്രയോ ആളുകൾ രാമേട്ടാ കാണാട്ടോ എന്നും പറഞ്ഞു സാധനങ്ങൾ വാങ്ങിച് പോയ കടയാ…

ആദ്യമായിട്ട ഒരാൾ എനിക്ക് ഇങ്ങോട്ട് ഒരു സാധനം കൊണ്ട് വന്നു തരുന്നത്…

അതും പറഞ്ഞു രാമേട്ടൻ ഞാൻ കൊടുത്ത ടി ഷർട്ട് എടുത്തു നോക്കി…

“ഇതെനിക്ക് പാകം ആവുമല്ലേ ടാ…

ആദ്യായിട്ട ഗൾഫിൽ നിന്നും കൊണ്ട് വന്ന ഒരു ഷർട്ട് ഇടാൻ പോകുന്നത്..

അതും എന്റെ അബു കൊണ്ട് വന്നത്…”

മുപ്പര് അതു പറഞ്ഞു..നെഞ്ചിലേക് ചേർത്ത് വെച്ച് കൊണ്ട് എന്നെ നോക്കി…

“ഞാൻ പാകമാകുമെന്ന പോലെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…”

രാമേട്ടൻ നെഞ്ചിലേക് ചേർത്തു വെച്ച് എന്നോട് ചോദിക്കുന്നത് കണ്ടപ്പോൾ എവിടെ നിന്നാണെന്ന് അറിയാതെ എന്റെ രണ്ട് കണ്ണുകളിലും കണ്ണുനീർ തുള്ളികൾ നിറഞ്ഞിരുന്നു..

ഇഷ്ടപെട്ടാൽ 👍

ബൈ

നൗഫു…😘