കുറച്ചു നേരത്തെ നിശബ്ദതയ്ക്കൊടുവിൽ തുളസി തന്റെ മനസ്സിലുള്ളതെല്ലാം ഉണ്ണിയോട് പറഞ്ഞു….

നറുംനിലാവ്
എഴുത്ത്: ഭാവനാ ബാബു
===================

“ന്നാലും ന്റെ ഉണ്ണ്യേ, നീ ഇങ്ങനൊരു കടും കൈ ചെയ്യുമെന്ന് മുത്തശ്ശി സ്വപ്നത്തിൽ പോലും നിരീച്ചില്യാ ട്ടോ….”

തുളസിയുടെ കൈയും പിടിച്ചു വലതു കാൽ വച്ച് സ്വീകരണ മുറിയിലേക്ക് കയറാൻ ഒരുങ്ങിയപ്പോഴാണ് മുത്തശ്ശിയുടെ കണ്ണും നിറച്ചുള്ള പതം പറച്ചിൽ…

അത് കേട്ടതും, ഉണ്ണിയുടെ കാലുകൾ ഇടറി. പക്ഷെ അപ്പോഴും തുളസിക്കൊരു കൂസലും ഇല്ലായിരുന്നു….അവൾ ഉണ്ണിയെ തള്ളി മാറ്റി മുകളിലത്തെ മുറിയിലേക്ക് വേഗത്തിൽ നടന്നകന്നു….

മുത്തശ്ശിയെ വേദനിപ്പിച്ചതിന്റെ നിരാശയിൽ ഉണ്ണി, ഹാളിലെ സോഫയിലേക്ക് ചാരിയിരുന്നു. അവന്റെ മിഴികൾ അപ്പോഴും തൊട്ടു മുന്നിലുള്ള പെങ്ങൾ ലക്ഷ്മിയിലും, ഏട്ടൻ മനുവിലുമായിരുന്നു…..

“എന്നാലും ഏട്ടനീ കാണിച്ചതൊട്ടും ശരിയായില്ല…..എന്തൊക്കെ സ്വപ്നങ്ങളായിരുന്നു, ഏട്ടന്റെ കല്യാണത്തെക്കുറിച്ച്എനിക്കുണ്ടായിരുന്നത്. ഒക്കെ നശിപ്പിച്ചു “

നേരിയ നെടുവീർപ്പോടെ ലക്ഷ്മി പറഞ്ഞത് കേട്ടപ്പോൾ ഉണ്ണിയുടെ ചുണ്ടിലൊരു വിഷാദച്ചി രി വിടർന്നു…..

“നിന്റെ ആഗ്രഹങ്ങളൊക്കെ നിറവേറ്റാൻ മനുവേട്ടൻ ഉണ്ടല്ലോ ഇവിടെ. അതുമല്ല, ഒരു വർഷം  കൂടി കഴിഞ്ഞാൽ നിന്റെ വിവാഹമല്ലേ? ഒക്കെ കഴിഞ്ഞു നീ ഇവിടുന്നിറങ്ങുമ്പോൾ പിന്നെ അവന്റെ  വീടായി നിന്റെ ലോകം. ആ തിരക്കിനിടയിൽ ഈ മുത്തശ്ശിയെയും, പാവം പിടിച്ച ഏട്ടന്മാരെയുമൊക്കെ ഓർക്കാൻ നിനക്കെവിടെ നേരം”?

ഉണ്ണിയുടെ വാക്കുകൾ കേട്ടതും, ലക്ഷ്മി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി….

“എന്നാലും, ഉണ്ണി നീയെന്നോടൊരു വാക്ക് പോലും ചോദിക്കാതെ “

മനു എന്തോ പറയാൻ തുടങ്ങിയതും കൈ ഉയർത്തി ഉണ്ണി അയാളെ തടഞ്ഞു…..

“വേണ്ട മനുവേട്ടാ, ആരും ഒന്നും അറിയേണ്ട….എല്ലാരുടെയും മുന്നിൽ എന്റെ തലയല്ലേ താഴുള്ളു….അപ്പോഴും ഏട്ടന്റെ കേമത്തം നശിക്കില്ലല്ലോ “

പുച്ഛ ഭാവത്തോടെയുള്ള ഉണ്ണിയുടെ സംസാരം മനുവിനൊട്ടും സഹിച്ചില്ല…..

ഇനിയും താനവിടെ നിന്നാൽ ശരിയാകില്ലെന്ന് തോന്നിയപ്പോൾ ആരോടും പറയാതെ ഉണ്ണി അമർഷത്തോടെ വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി.

വഴിവക്കിൽ നിന്നും ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതൊന്നും ഉണ്ണി ശ്രദ്ധിക്കുന്നെ ഉണ്ടായിരുന്നില്ല….. അവന്റെ മനസ്സിലപ്പോഴും ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു.

ഒരാഴ്ച മുൻപാണ് കാവിലെ ഉത്സവത്തിനിടയ്ക്ക് ലക്ഷ്മിക്ക് ആലോചന കൊണ്ടു വന്ന കൈമെളേട്ടൻ ശിങ്കാരി മേളത്തിന്റെ താളക്കൊഴുപ്പിൽ സ്വയം ലയിച്ചു നിൽക്കുകയായിരുന്ന  തന്നെത്തേടി വന്നത്…….

“എന്റെ ഉണ്ണി, നിന്നെ ഞാൻ എവിടെയൊക്കെ തിരക്കി, ഒരു ചെറിയ പ്രശ്നമുണ്ട് ഇങ്ങോട്ടൊന്നു വന്നേ “എന്നും പറഞ്ഞുകൊണ്ട് കൊണ്ടു അയാൾ ഉണ്ണിയെ   അവിടുന്ന് ബലമായി പിടിച്ചു കൊണ്ടു വന്നു.

“എന്താ കൈമളേട്ടാ കാര്യം?”ലേശം ഈ ർഷ്യയോട് തന്നെയായിരുന്നു ഉണ്ണിയുടെ ചോദ്യം.

“നിനക്കാ പടിഞ്ഞാറ്റത്തെ തുളസിയെ അറിയോ “?

” ഏത് തുളസി, നിങ്ങൾക്കെന്താ പ്രാന്ത് പിടിച്ചോ?  മനുഷ്യന് മനസ്സിലാകുന്നത് പോലെ ചോദിക്ക് കൈമളേട്ടാ “.

” ഞാനിന്നലെ വായനശാലയിൽ പോയി തിരികെ വരുമ്പോഴാണ് തുളസിക്ക്
നിന്നെ കണ്ട് എന്തൊക്കെയോ പറയാനുണ്ടെന്നെന്നോട് പറഞ്ഞത്.
അതൊക്കെ ക്ഷമയോടെ കേട്ടു നിന്ന് പരിഹരിച്ചില്ലെങ്കിൽ അവൾ നമ്മുടെ
ലക്ഷ്മി മോളുടെ കല്യാണം മുടക്കുമെന്നൊക്കെ പറയുന്നത് കേട്ടു.”

ആ വാചകം മുഴുമിപ്പിക്കാൻ ഉണ്ണി,കൈമളെ അനുവദിച്ചില്ല.

“ആരാണീ തുളസി, ഞങ്ങളുടെ കുടുംബത്തിൽ അവൾക്കെന്താണ് കാര്യം? “

ക്ഷുഭിതനായി കൊണ്ടു ഉണ്ണി ചോദിച്ചു.

അതിനൊന്നും കൈമൾ മറുപടി പറഞ്ഞില്ല.

പിറ്റേദിവസം കൈമളേട്ടൻ പറഞ്ഞതനുസരിച്ചാണ് തുളസിയെ കാണാൻ ഉണ്ണി അമ്പലത്തിലെത്തിയത്. അവിടെ ആലിൻ ചുവട്ടിൽ സ്വർണ്ണക്കരയുള്ള  നേര്യേത് സാരിയുടുത്ത് ആരെയോ കാത്തു നിൽക്കുന്ന പെൺകുട്ടി തുളസിയാകുമെന്ന്  ഉണ്ണി ഊഹിച്ചു….

തുളസി ആണോ…. മടിച്ചു മടിച്ചു ഉണ്ണി ചോദിച്ചു….

“അതെ “കാറ്റത്ത് ഇളകിയാടുന്ന മുടിയിഴകളെ ഒതുക്കി വച്ചുകൊണ്ട് അവൾ പറഞ്ഞു

“നമുക്ക് പാടവരമ്പത്തൂടെ നടന്നുകൊണ്ട് സംസാരിക്കാം …. ഇവിടെ നിന്നാൽ ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കും.”

ചുറ്റിലും നിൽക്കുന്ന മുഖങ്ങളിലേക്ക് കണ്ണോടിച്ചായിരുന്നു തുളസിയുടെ സംസാരം.

ഉണ്ണി ഒന്നും മിണ്ടാതെ അവൾക്കൊപ്പം നടക്കാൻ തുടങ്ങി. ഈ പെണ്ണിനെന്താണ് ഇത്രമാത്രം തന്നോട് പറയാനുള്ളതെന്ന ചിന്ത മാത്രമായിരുന്നു അപ്പോഴും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നത്.

കുറച്ചു നേരത്തെ നിശബ്ദതയ്ക്കൊടുവിൽ തുളസി തന്റെ മനസ്സിലുള്ളതെല്ലാം ഉണ്ണിയോട് പറഞ്ഞു.

ഏറെ നടുക്കത്തോടെയാണ് അവൾ പറഞ്ഞതെല്ലാം ഉണ്ണി കേട്ടു നിന്നത്.

“എന്താ നിങ്ങൾക്ക് ഞാൻ പറഞ്ഞതൊന്നും വിശ്വാസമായില്ലേ “?

അവന്റെ മുഖത്തേക്ക് രൂക്ഷമായൊരു നോട്ടമെറിഞ്ഞാണ് തുളസിയത് ചോദിച്ചത്.

അതോടെ  ഉണ്ണി ആസ്വസ്ഥനായി.

“മനുവേട്ടൻ…. ഇല്ല എന്റെ ഏട്ടൻ  ഇത്രത്തോളം ഒരിക്കലും അധഃപതിക്കില്ല. കെട്ടിച്ചമച്ചകഥകൾ പറഞ്ഞ് നീയെന്നെ  വിശ്വസിപ്പിക്കാൻ നോക്കേണ്ട “

ഉണ്ണി അവജ്ഞയോടെ അവളെ നോക്കി പറഞ്ഞു.

അത് കേട്ടതും തുളസി പുച്ഛത്തോടെ  അവനെ വീണ്ടുമൊന്ന് നോക്കി.

“നിനക്കെന്നെ അത്രക്ക് സംശയമാണെങ്കിൽ ചെന്ന് നിന്റെ ഏട്ടനോട്  ചോദിക്ക്…. അതിന് മുന്നെ കുറച്ചു കാര്യങ്ങൾ കൂടി നിന്നോടെനിക്ക് പറയാൻ ബാക്കിയുണ്ട് “.

“എംപ്ലോയ്മെന്റ് വഴി താൽക്കാലിക പോസ്റ്റ് കിട്ടിയാണ് ഞാൻ മനുവിന്റെ ഓഫീസിൽ ജോയിൻ ചെയ്യുന്നത്. അയാളപ്പോൾ  എൽ. ഡി. കളർക്ക് ആയി  ജോലി ചെയ്യുകയായിരുന്നു. ഒരുപാട് സംസാരിക്കുന്ന അയാളോടെപ്പോഴോ തോന്നിയൊരിഷ്ടം പ്രണയമായി മാറുകയായിരുന്നു . ഒരു ദുർബലനിമിഷത്തിൽ അതിന്റെ അതിരുകൾ ഞങ്ങൾ രണ്ടാളും ഭേദിക്കുമ്പോഴും, ഇങ്ങനെയൊര
വസ്ഥയിൽ അയാളെന്നെ കൈവിടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. ഞാൻ അയാളിൽ നിന്നും ഗ-ർഭിണി ആണെന്നറിഞ്ഞതും,ഒന്നും മിണ്ടാതെ ഒരു കാരണവും ഇല്ലാതെ അയാളെന്നെ കൈയൊഴിഞ്ഞു. “

“ഇനി നിങ്ങൾക്കെന്താണ് വേണ്ടത് “?

നിസ്സഹായതയോടെ ഉണ്ണി ചോദിച്ചു.

“എന്റെ കുഞ്ഞിനൊരച്ഛൻ വേണം. മനുവെന്നെ കൈയൊഴിഞ്ഞ സ്ഥിതിക്ക് ഒരു പ്രായശ്ശ്ചിത്തമെന്നോണം നിങ്ങളെന്നെ വിവാഹം കഴിക്കണം. “

ഒരു കൂസലുമില്ലാതെ തുളസി പറയുന്നത് കേട്ട് ഉണ്ണി അക്ഷരാർത്ഥത്തിൽ ഞെട്ടി.

ഉണ്ണിക്ക് തന്റെ ദേഹം തളരുന്നത് പോലെ തോന്നി.  മറുത്തൊന്നും പറയാതെ അവൻ അവിടുന്ന് നേരെ വീട്ടിലേക്ക് പോയി.

“നീ എവിടെയാടാ രാവിലെതന്നെ തെണ്ടി തിരിഞ്ഞു നടക്കുന്നത്?

ഓഫീസിലേക്ക് പോകാൻ  നിൽക്കുന്ന മനുവിന്റെ ചോദ്യം കേട്ടതും, ഉണ്ണിയുടെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി.

“ഏട്ടനൊരു  തുളസിയെ അറിയോ”?

യാതൊരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു ഉണ്ണിയുടെ നീക്കം.നടുക്കത്തോടെ മനു ഉണ്ണിയെ നോക്കിയതും, അവന്റെ കണ്ണുകളിൽ നൂറായിരം ചോദ്യങ്ങളുണ്ടെന്ന് മനുവിന് മനസ്സിലായി.

ഒന്നും മിണ്ടാതെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടുന്ന് രക്ഷപെടാൻ തുടങ്ങിയ മനുവിനെ ഉണ്ണി തടഞ്ഞു നിർത്തി.

“അപ്പോൾ അവൾ പറയുന്നതൊക്കെ സത്യമാണല്ലേ.നിങ്ങളാണ് സ്നേഹിച്ച പെണ്ണിനെ പെഴപ്പിച്ചയാ മഹാൻ. കഷ്ടം.”?

വെറുപ്പോടെ  മുഖം തിരിച്ചു കൊണ്ടു ഉണ്ണി പറഞ്ഞു.

ഉണ്ണി….. അലർച്ചയോടെ മനു വിളിച്ചു.

“പേടിക്കില്ല ഏട്ടാ…. ഇതൊരു നട്ടെല്ലില്ലാത്തവന്റെ പ്രഹസനമല്ലേ?പരിഹാസത്തോടെ ഉണ്ണി ചോദിച്ചു.

അധികം ആലോചന ഒന്നുമില്ലാതെയാണ്  തൊട്ടടുത്ത ദിവസം  തുളസിയുടെ കഴുത്തിൽ ഉണ്ണി താലി ചാർത്തിയത്….. ശൂന്യമായ മനസ്സോടെ അവളെ സ്വന്തം വീട്ടിലേക്ക് കൈ പിടിച്ചു കേറ്റുമ്പോൾ അവളുടെ ഉദരത്തിൽ വളർന്നു തുടങ്ങിയ കുരുന്നു ജീവനെ കുറിച്ച് മാത്രമായിരുന്നു ഉണ്ണിയുടെ ചിന്ത മുഴുവൻ.

ഓരോന്നോർത്ത് കറങ്ങിത്തിരിഞ്ഞു രാത്രിയോടെ വീടെത്തുമ്പോൾ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. മുറിയിൽ ലൈറ്റ് ഇട്ടപ്പോൾ പാതി മയക്കത്തിലായ തുളസി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു.

“എനിക്ക് താഴെ കിടക്കാനൊന്നും പറ്റില്ല…. നിങ്ങൾ വേണേൽ കട്ടിലിന്റെ ചുവട്ടിലുള്ള പായ് വിരിച്ച് അവിടെ കിടന്നോ “

അതും പറഞ്ഞവൾ നിസ്സംഗതയോടെ കട്ടിലിലേക്ക് ചാഞ്ഞു…..

തുളസി വീട്ടിൽ ഉള്ളതൊരു ബുദ്ധിമുട്ട് ആയി തോന്നിയത് കൊണ്ടാകും,  രണ്ട് മാസത്തിനുള്ളിൽ മനു  ട്രാൻസ്ഫർ വാങ്ങി ദൂരേക്ക് മാറിയത് … അതോടെ തുളസിയുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങി…. വീട്ടിലെ ജോലികളൊക്കെ ചെയ്ത് അവൾ മുത്തശ്ശിയോടും , ലക്ഷ്മിയോടും വലിയ കൂട്ടായി.അവർക്കിപ്പോൾ അവളില്ലാതെ ഒന്നിനും പറ്റില്ലെന്ന അവസ്ഥയായി.

ഒരു ദിവസം പാതി രാത്രി, തുളസിയുടെ, ഞെരക്കവും, മൂളലും കേട്ടാണ് ഉണ്ണി ഞെട്ടിയുണർന്നത്…. നോക്കുമ്പോൾ തുളസി കാലും തടവി സങ്കടത്തോടെ കട്ടിലിൽ ഇരിക്കുന്നു.

“എന്ത് പറ്റി, വയ്യേ….”? പരിഭ്രത്തോടെ ഉണ്ണി ചോദിച്ചു.

“ഇന്നൊരു ദിവസത്തേക്ക് നിങ്ങളീ കട്ടിലിൽ വന്ന് കിടക്കുമോ? എന്താണെന്നറിയില്ല വല്ലാത്തൊരൊറ്റപ്പെടലും,അകാരണമായ പേടിയും “.

ആദ്യമായിട്ടായിരുന്നു തുളസിയുടെ  ആർദ്രമായ  സ്വരം ഉണ്ണി കേൾക്കുന്നത്. അത് കൊണ്ടു തന്നെ അവനത് നിരാകരിക്കുവാനും കഴിഞ്ഞില്ല.

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ ഉണ്ണി കട്ടിലിന്റെ ഓരം ചേർന്നു കിടന്നു…. അവൾ തിരിഞ്ഞും കിടന്നു….

നേരം വെളുത്തപ്പോൾ തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന തുളസിയെ കണ്ടതും ഉണ്ണിയൊന്ന് ഞെട്ടി…..കുറച്ചു നേരം കഴിഞ്ഞതും അവൻ അവളുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി….. അവളുടെ ആധരങ്ങളിൽ പാതി വിരിഞ്ഞൊരു പുഞ്ചിരി മറഞ്ഞു നിൽക്കുന്നത് പോലെ ഉണ്ണിക്ക് തോന്നി.എത്ര നേരം അവൻ അങ്ങനെ അവളെയും നോക്കി കിടന്നുവെന്ന് അവനു തന്നെ ഓർമ്മയില്ല. പെട്ടെന്ന് അവൻ അവളെ ശല്യപ്പെടുത്താതെ മെല്ലെ എഴുന്നേറ്റു.

പിന്നീടുള്ള എല്ലാ പകലുകളിലും തന്റെ മാറോടൊട്ടി കിടക്കുന്ന തുളസിയെയാണ് ഉണ്ണി കണി കണ്ടിരുന്നത്….. ഒന്നും അറിയാതെ, പരസ്പരം പങ്കു വയ്ക്കലുകളില്ലാതെ മൗനമായൊരു പ്രണയം അവർ പോലും അറിയാതെ അവരുടെ ഇടയിൽ വളരാൻ തുടങ്ങി.

ഡോക്ടർ പറഞ്ഞ തിയതിക്കു ഒരാഴ്ച മുന്നെ തുളസിക്ക് പ്രസവവേദന തുടങ്ങിയതും ഉണ്ണിയാകെ പരിഭ്രാന്തിയിലായി….വണ്ടിയോടിക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ വേദന കൊണ്ടു ഞെളിപിരി കൊള്ളുന്ന തുളസിയിൽ മാത്രമായിരുന്നു.

ഹോസ്പിറ്റലിൽ എത്തി ഒരു മണിക്കൂർ കഴിഞ്ഞതും, തുളസി പ്രസവിച്ചു…..പെൺകുഞ്ഞ്…. കുഞ്ഞിനെ തന്റെ കൈയിലേക്കാദ്യമായി ഏറ്റു വാങ്ങുമ്പോൾ, ഉണ്ണിയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകി…. അവനാ കുഞ്ഞി കവിളിൽ മെല്ലെയൊരു  മുത്തം നൽകി.

“ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോൾ തുളസിയെ റൂമിലേക്ക് മാറ്റും “

നഴ്സിന്റെ വാക്കുകൾ കേട്ടപ്പോൾ ഉണ്ണിക്ക് സമാധാനമായി…. അവൻ മുത്തശ്ശിയെയും കൊണ്ടു ക്യാന്റീനിലേക്ക് നടന്നു.

“മോനെ, ഉണ്ണി, കുറച്ചു നേരമായിട്ട് ഞാനൊരു കാര്യം ചിന്തിക്കുകയാണ്.
കണക്കും പ്രകാരം തുളസി പ്രസവിക്കുവാനുള്ള സമയം ആയിട്ടില്ല.എന്നാൽ, സമയം തികയാതെ പ്രസവിച്ചതിന്റെ ഏനക്കേടൊന്നും കൊച്ചിനൊട്ട് കാണാനുമില്ല. അതെന്താടാ അങ്ങനെ “?

മുത്തശ്ശിയുടെ സംശയം നിറച്ചുള്ള സംസാരം കേട്ടതും ഉണ്ണി   ഞെട്ടി.

മുത്തശ്ശിയോട്  നടന്നതെല്ലാം തുറന്നു പറഞ്ഞാലോ എന്നു പോലും ആ നിമിഷം അവനോർത്തു.

“അവൾ വിവാഹത്തിന് മുന്നെ ഗർഭിണി ആയിരുന്നു അല്ലെ?

മുത്തശ്ശിയുടെ ചോദ്യം കേട്ടതും, ചോര വാർന്നത് പോലെയായി ഉണ്ണിയുടെ മുഖം. എന്ത് പറയണം എന്നറിയാതെ അവനാകെ പതറി.

“അത് മുത്തശ്ശി, ആ സാഹചര്യത്തിൽ…..”

“എനിക്ക് സന്തോഷമായി മോനെ…. ജീവനോളം സ്നേഹിച്ച അവളെ നീ കൈവിടാതെ കൂടെ കൂട്ടിയല്ലോ…. ഇതാണ് ആൺകുട്ടി. അല്ലെങ്കിലും, വരണ്ടുണങ്ങിയ മണ്ണിനോട് പൊരുതി പുതു നാമ്പു വിളയിക്കുന്ന നല്ലൊരു കൃഷിക്കാരൻ കൂടിയല്ലേ നീ.?? നിന്നോളം അവളെ ചേർത്തുപിടിക്കാൻ ആർക്കും കഴിയില്ല.”?

ഉണ്ണിയെ സ്നേഹത്തോടെ അണച്ചു പിടിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു.

അത് കേട്ടപ്പോൾ, തുളസിയുടെ സത്യം മുത്തശ്ശിയെ അറിയിക്കേണ്ടെന്ന് ഉണ്ണിയും കരുതി….

തുളസിയെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റിയതും, മുത്തശ്ശിയെ  ലെച്ചുവിനോപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു.

ചെറിയൊരു ക്ഷീണം തുളസിയുടെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ കുഞ്ഞിനെ ലാളിക്കുന്നതിൽ ആയിരുന്നു.

“തന്റെ വീട്ടിൽ അറിയിക്കേണ്ടേ “? ഉണ്ണിയുടെ ചോദ്യം കേട്ടതും തുളസി മെല്ലെ തലയാട്ടി.

“അവരെന്നെ അങ്ങോട്ടേക്ക് കൊണ്ടു പോകാൻ താല്പര്യം കാണിച്ചാൽ ഉണ്ണിയേട്ടനെന്നെ വിടല്ലേ “.

“ഉണ്ണിയേട്ടൻ,” ആദ്യമായിട്ടാണ് അവൾ തന്നെ അങ്ങനെ വിളിക്കുന്നതെന്ന് ഉണ്ണിയോർത്തു.ഉള്ളിൽ നിറഞ്ഞു പൊന്തിയ സന്തോഷം അവൻ പുറമേയ്ക്ക് കാണിച്ചില്ല.

“അതൊരു നാട്ട് നടപ്പല്ലേ തുളസി…. അതിനെ ഞാനെങ്ങനെ എതിർക്കും “?
നിസ്സഹായതയോടെ ഉണ്ണി അവളോട് ചോദിച്ചു.

“എനിക്ക് പോണ്ട… ഞാൻ പോകൂല്ല… എനിക്ക് മുത്തശ്ശിയുടെയും, ഏട്ടന്റേം ഒപ്പം നിന്നാൽ മതി”.

ഒരു കൊച്ചു കുഞ്ഞിന്റെ വാശി യോടെന്നപോലുള്ള അവളുടെ സംസാരം കേട്ട് ഉണ്ണി അമ്പരന്നു.

കുറച്ചു കഴിഞ്ഞതും  രെജിസ്റ്റർ ബുക്കും കൈയിലെന്തിയൊരു നഴ്‌സ് റൂമിലേക്ക് വന്നു.

“കുഞ്ഞിന്റെ ഡീറ്റെയിൽസ് അറിയാനാണ്. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകണം “.അവർ പറഞ്ഞു.

പെട്ടെന്നാണ് തുളസിയുടെ കൈയിലിയുന്നു കുഞ്ഞു കരയാൻ തുടങ്ങിയത്. ഉണ്ണി കുഞ്ഞിനെ  വാങ്ങി അവളുടെ തൊട്ടപ്പുറത്തായി ഇരുന്നു.

“കുഞ്ഞിന്റെ പേര് “?

“കാർത്തിക….”

വാത്സല്യത്തോടെ കുഞ്ഞിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയാണ് തുളസി പറഞ്ഞത്.

കുഞ്ഞിന്റെ പേര് കേട്ടതും ചോദ്യ ഭാവത്തിൽ ഉണ്ണി തുളസിയെ നോക്കി.

“മോളാണെങ്കിൽ കാർത്തികയെന്നു പേരിടുമോന്ന് മുത്തശ്ശി മുൻപ് ചോദിച്ചിരുന്നു.ഏട്ടനീ  പേര് ഇഷ്ടായോ “?

ഒന്നും പറയാതെ  നേർത്ത മന്ദഹാസത്തോടെ ഉണ്ണി തലയാട്ടി.

“കുഞ്ഞിന്റെ അച്ഛന്റെ പേര് “? ആ ചോദ്യം കേട്ടതും ഉണ്ണിയൊന്നു ഞെട്ടി.
അവൻ ആശങ്ക നിറഞ്ഞ മിഴികളോടെ തുളസിയെ നോക്കി.

അവളുടെ നോട്ടവും ഉണ്ണിയിലായിരുന്നു. അവന്റെ ഭാവമാറ്റങ്ങൾ തുളസിയപ്പോൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“കുഞ്ഞിന്റെ അച്ഛന്റെ പേര് പറഞ്ഞില്ല ” നഴ്‌സ് ചോദ്യം അവർത്തിച്ചു.

“എന്റെ മോളുടെ അച്ഛന്റെ പേര് ഉണ്ണി കൃഷ്ണൻ “.

തുളസിയുടെ ശബ്ദം ഉറച്ചതായിരുന്നു.

അത് കേട്ടതും, നേർത്തൊരു നിശ്വാസത്തോടെ ഉണ്ണി മകളെ നെഞ്ചോട് ചേർത്തു പിടിച്ചു…. അവന്റെ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞത് പോലെ….

“എന്റെ മോളാ.എന്റെ മാത്രം മോൾ….”കുഞ്ഞിന്റെ കാതിൽ ഉണ്ണി മെല്ലെ മന്ത്രിച്ചു…. അത് കണ്ടതും തുളസിയുടെ മനസ്സ് നിറഞ്ഞു. അവളുടെ വിരലുകളപ്പോൾ ഉണ്ണി ചാർത്തിയ താലിയെ മെല്ലെ തഴുകുകയായിരുന്നു.

✍️ ചെമ്പകം