സൗണ്ട് കുറവായത് കൊണ്ടു തന്നെ ചെവിയോട് ചേർത്ത് പിടിച്ചു. ഹെഡ് സെറ്റ് എടുക്കാൻ റൂമിലേയ്ക്ക് എണീറ്റ് പോകാൻ മടി തോന്നി.

Story written by Meenu M
================

ഫ്ലാറ്റിന്റെ ബാൽകണിയിൽ ഇരുന്നു കൊണ്ടു സുചിത്ര താഴേക്കു നോക്കി.

രണ്ടു ദിവസം ആയി ഓഫീസിൽ നിന്ന് അവധി എടുത്തിരിക്കുകയാണ്.  ചെറുതായി ശ്വാസംമുട്ടു അനുഭവപ്പെടുന്നുണ്ടായിരുന്നു.

റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ….ആളുകളുടെ ബഹളമാണ് എപ്പോളും. രാത്രിയിൽ പോലും ഈ മുംബൈ നഗരം ഉറങ്ങാറില്ലന്നു തോന്നുന്നു.എപ്പോഴും ഇതേ തിരക്ക് തന്നെ ആണ്.

വന്ന നാൾ മുതൽ ഇങ്ങനെ തന്നെ ആണ്. ആദ്യമൊക്കെ സുചിത്രയ്ക്ക് ഇഷ്ടം തോന്നിയിരുന്നു ഈ തിരക്കിനോട്.

കാരണം ഒന്നും ഓർക്കാൻ കൂടി നേരം ഇല്ല. ആർക്കും ആരെയും ശ്രദ്ധിക്കാൻ കൂടി സമയം ഇല്ലാത്ത പരക്കം പാച്ചിലിൽ ആണ് ആളുകൾ.

പുതിയ ജോലി, സുഹൃത്തുക്കൾ പുറത്തുള്ള ഔട്ടിംഗ്, ഡിജെ പാർട്ടികൾ എല്ലാത്തിന്റെയും കൗതുകം കെട്ടടങ്ങിയിരിക്കുന്നു….

അതിരുകൾ ഇല്ലാത്ത ഈ സ്വാതന്ത്ര്യം പോലും ഇപ്പോൾ മടുപ്പ് ഉളവാക്കുന്നു…തിരിഞ്ഞു നോക്കുമ്പോൾ ഇന്നലെകൾ മനസിനെ കൊതിപ്പിക്കുന്നുണ്ട്…അതായിരുന്നു ശരി എന്ന് മനസ് കുത്തിനോവിക്കുന്നു…

വിവാഹത്തോടെ കൂട്ടിൽ അടയ്ക്കപ്പെട്ടു എന്നായിരുന്നു അന്നത്തെ ചിന്ത….

ഒന്നിനും സ്വാതന്ത്ര്യം ഇല്ലെന്ന തോന്നൽ…

അതിന്റെ പേരിൽ തുടങ്ങിയ ഈഗോ…പരസ്പരവഴക്കുകൾ….ഒടുവിൽ ഫാമിലി കോർട്ടിൽ വച്ചു തീർന്നു ആ ബന്ധം…

അതൊരിക്കലും ഒരു ബന്ധനം അല്ലായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.

അവൾ ആ ബീൻബാഗിലേയ്ക്ക് ചുരുണ്ടു കൂടി ഇരുന്നു.

ഉയർന്നു നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ….ഇടയിൽ ഒരു വിടവ് കാണുന്നതിനിടയിൽ എവിടെയോ അസ്തമയസൂര്യൻ ഉണ്ടെന്ന് അവിടുത്തെ ആകാശത്തിന്റെ ചുവപ്പ് ഓർമ്മപെടുത്തുന്നു.

ആ സമയം ആണ് മൊബൈലിൽ മെസ്സേജ് ടോൺ കേട്ടത്.

കയ്യിൽ ഇരുന്ന ചുക്ക് കാപ്പി നിറച്ച മഗ് ടീപോയിൽ വച്ചു മൊബൈൽ എടുത്തു നോക്കി. സായ്‌റാമിന്റെ വോയിസ്‌ മെസ്സേജ് ആണ്..

ഇവൻ എന്ന് വന്നു നാട്ടിൽ നിന്ന്……

ഒരു ആലോചനയോടെ വോയിസ്‌ ഓപ്പൺ ആക്കി. സൗണ്ട് കുറവായത് കൊണ്ടു തന്നെ ചെവിയോട് ചേർത്ത് പിടിച്ചു. ഹെഡ് സെറ്റ് എടുക്കാൻ റൂമിലേയ്ക്ക് എണീറ്റ് പോകാൻ മടി തോന്നി.

ചിത്രേ…ഇന്നലെ തൊട്ട് എത്ര കാൾ ഞാൻ വിളിച്ചു…എടുത്തില്ല..കാണുമ്പോൾ നിനക്ക് ഒന്ന് തിരിച്ചു വിളിച്ചൂടെ…ഞാൻ നിനക്ക് ഒരു ഫോട്ടോ സെന്റ് ചെയ്തിട്ടുണ്ട്. അതൊന്ന് നോക്കിട്ട് പോലും ഇല്ല. അതൊന്ന് ഓപ്പൺ ആക്ക്. എന്നിട്ട് എന്നേ വിളിക്ക്. എനിക്ക് സംസാരിക്കാൻ ഉണ്ട്…

രണ്ടു ദിവസം ആയി തീരെ വയ്യാതിരുന്ന കൊണ്ടു മൊബൈൽ നോക്കിയിട്ടില്ല.

മറ്റെന്തും സഹിക്കാം. ഇടയ്ക്കിടെ വരുന്ന ശ്വാസംമുട്ട് ആണ് സഹിക്കാൻ പറ്റാത്തത്.എത്ര ശ്വസിച്ചിട്ടും വേണ്ടത്ര ഓക്സിജൻ കിട്ടാത്ത അവസ്ഥ. ഇൻഹെലർ ഇല്ലാതെ പറ്റില്ല. ചെറിയൊരു പൊടി അടിച്ചാൽ പോലും ബ്രീത്തിങ് പ്രശ്നം ആകും.

ആലോചിച്ചു ഇരിക്കാതെ സായ്‌ അയച്ച ഫോട്ടോ ഓപ്പൺ ചെയ്തു…

ഹൃദയത്തിൽ ഒരു സ്ഫോടനം നടന്ന പോലെ തോന്നി. ഹാർട്ട്‌ ബീറ്റ് കൂടി…കണ്ണുകൾ നിറഞ്ഞു.

യദു….

ഇതെന്താണ് ഇങ്ങനെ ഒരു രൂപം. മെലിഞ്ഞു കവിൾ ഒക്കെ ഒട്ടി ഇരിക്കുന്നു. തലയിൽ ഒരു കമ്പിളിത്തൊപ്പി വച്ചിട്ടുണ്ട്. മുഖം ഒട്ടിയത് കൊണ്ടാണോ എന്തോ കണ്ണുകൾ ചെറുതായി പുറത്തേക്ക് തള്ളി നിൽക്കുന്ന പോലെ.

വാട്സ്ആപ്പിൽ നിന്നും ബാക്ക് അടിച്ചപ്പോൾ കണ്ട യദുവിന്റെ ഫോട്ടോ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്ന പോലെ സുചിത്രയ്ക്ക് തോന്നി. രണ്ടു വർഷം മുൻപ് തൊട്ട് ഈ ഫോട്ടോ ആണ് വാൾ പേപ്പർ…താനും യദുവും ഒരു ക്രിസ്മസ് രാത്രിയിൽ എടുത്ത ഫോട്ടോ…

അവസാനം ആയി കോർട്ടിൽ വച്ചു പിരിയുമ്പോൾ കണ്ടതാണ്…പിന്നീട് പല തവണ കാണാൻ കൊതിച്ചു. വിവരങ്ങൾ അറിയാൻ കൊതിച്ചു..പക്ഷേ ആരോടും ചോദിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു.

പലപ്പോഴും ആ എഫ് ബി അക്കൗണ്ടിൽ കേറി നോക്കി. ഒരു ഫോട്ടോ കാണാൻ..ഒന്നും ഇല്ല.

തമ്മിൽ പിരിഞ്ഞതിന് ശേഷം എന്നോ പോസ്റ്റ്‌ ചെയ്ത കവി അയ്യപ്പന്റെ വാക്കുകൾ.

“ഞാൻ എന്റെ ജീവിതത്തെ  ഒറ്റയ്ക്ക് ഒരു ആഘോഷമാക്കുകയാണ്. ആഹ്ലാദങ്ങൾ ഒടുങ്ങി പോയതുകൊണ്ട് ജീവന്റെ വ്യഥകളും വ്യാകുലതകളും ഞാൻ ആഘോഷമാക്കുന്നു. എന്റെ ആഘോഷത്തിൽ ഞാൻ തന്നെ കോമാളിയും ബ’ലിമൃ-ഗവും ആകുന്നു…..

അതിനു ശേഷം പോസ്റ്റുകൾ ഒന്നും തന്നെ കണ്ടിട്ടില്ല.

ഇപ്പോൾ ഇങ്ങനെ ഒരു രൂപത്തിൽ. ഇത്രയും തകർത്തു കളഞ്ഞുവോ ഞാൻ എന്റെ യദുവിനെ…

സുചിത്ര വാൾ പേപ്പറിലേയ്ക്ക് തുറിച്ചു നോക്കി.

ഒരു പുഞ്ചിരിയോടെ തന്നെ ചേർത്ത് പിടിച്ചു നിൽക്കുന്ന യദു..തടിച്ചു അതിനൊത്ത ഉയരവും വെളുത്ത നിറവും ഉള്ള യദു..ഒരു അനൂപ് മേനോൻ ഛായ ആണ് യദുവിന്.

സ്നേഹിച്ചാണ് തങ്ങൾ വിവാഹം കഴിച്ചത്…ആദ്യം ആകർഷിച്ചത് ആ ലുക്ക്‌ തന്നെ ആയിരുന്നു…സംശയം ഇല്ല.

നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു സുചിത്ര ഫോൺ എടുത്തു സായ്‌റാമിനെ വിളിക്കാൻ ഒരുങ്ങി….

കൈകൾ വിറച്ചിട്ട് രണ്ടു തവണ വേണ്ടി വന്നു ഫോണിന്റെ പാറ്റേൺ ലോക്ക് മാറ്റാൻ.

ആദ്യത്തേ ബെല്ലിൽ തന്നെ സായ്‌ ഫോൺ എടുത്തു…

ചിത്രേ…

ആഹ്…

നിനക്ക് എന്തേ സുഖം ല്ല്യേ? ശബ്ദം അടഞ്ഞിരിക്കുന്നു. അലർജിടെ ആണോ?

സായ്…എന്താ യദുന്…ഇതെന്താ ഇങ്ങനെ ഒരു രൂപം? എന്തെങ്കിലും ആക്‌സിഡന്റ് സംഭവിച്ചോ?അതിനു…..എങ്ങനെ ആണ് പതിയെ വണ്ടി ഓടിക്കാൻ പറഞ്ഞാ കേൾക്കില്ലല്ലോ…

സുചിത്ര പറയുന്നതിനു അനുസരിച്ചു കരയുന്നുണ്ട്. വാക്കുകൾ പലതും തേങ്ങലിന്റെ ഇടയിൽ ഒരു ശ്വാസതള്ളിച്ച മാത്രം ആയി മാറി.

സായ് ഒരു നിമിഷം കണ്ണുകൾ അടച്ച് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.

എങ്ങനെ പറയണം എന്നോർത്ത് ഒരിക്കൽ കൂടെ വാക്കുകളെ മനസ്സിൽ ഒരുക്കി വെച്ചു.

അതൊന്നും അല്ല ചിത്രേ..കാര്യങ്ങൾ നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല. സമാധാനമായി കേൾക്കണം….യദു…ആറുമാസത്തോളമായി ട്രീറ്റ്മെന്റിൽ ആണ്. RCC ലു….

പലതവണ…പറയാനുള്ളത് മനസ്സിൽ കരുതി വച്ചെങ്കിലും അത് പറയുന്നതിൽ സായ്‌ പരാജയപ്പെട്ടു പോയി..

എന്താ…എന്താ സായ്‌ പറഞ്ഞെ? RCC?

സുചിത്രയുടെ ചോദ്യത്തിൽ ഒരു അവിശ്വസനീയത ഉണ്ടായിരുന്നു..

മ്മ്. ക്യാൻസർ ആണ്. ഇന്റസ്റ്റൈൻ ലു ആണെന്നാണ് അറിഞ്ഞത്. കീമോ, റേഡിയേഷൻ ഒക്കെ കഴിഞ്ഞു..ഇപ്പോൾ വീട്ടിൽ ഉണ്ട്. ഈ ഫോട്ടോ കുറച്ചു കൂടെ പഴയത് ആണ്..ഇപ്പൊ..ഇപ്പൊ മിടുക്കൻ ആയിന്നാണ്….

ആരാ സായ്‌ ടെ അടുത്ത് ഇതു പറഞ്ഞത്…

സുചിത്രയുടെ ശബ്ദം കല്ലിച്ചു പോയിരുന്നു.

അമ്മയാണോ?

അവൾ വീണ്ടും എടുത്തു ചോദിച്ചു..

മ്മ്…ഞാൻ അവിടെ പോയപ്പോൾ ആന്റി ആണ് പറഞ്ഞത്…നീ അറിയണ്ടന്നും പറഞ്ഞു. പക്ഷേ…പക്ഷേ ഞാൻ എങ്ങനെ ആടീ നിന്നോട് പറയാതിരിക്കാ…ഈ ഫോട്ടോ ഞാൻ ആന്റി അറിയാതെ ആന്റിടെ ഫോണിൽ നിന്ന് എടുത്ത ആണ്…

സുചിത്രയുടെ വിരൽ കാൾ എൻഡ് ബട്ടനിൽ അമർന്നു.

ബീൻ ബാഗിലേയ്ക്ക് തളർന്നു ഇരിക്കുമ്പോൾ ആത്മാർത്ഥമായും മരിച്ചു പോകാൻ അവൾ കൊതിച്ചു…

ഒരിക്കൽ മടിച്ചു മടിച്ചു അമ്മയോട് ചോദിച്ചതാണ്. യദുവിനെ കുറിച്ച്…കാണാറുണ്ടോ?…. എന്തെങ്കിലും വിവരങ്ങൾ അറിയാറുണ്ടോ?…എന്നൊക്കെ

അന്ന് അമ്മ പറഞ്ഞ വാക്കുകൾ സുചിത്ര ഓർത്തെടുത്തു..

ചിത്രേ..നീയാണ് യദുവിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്…ഞാൻ ഇവനെ സ്നേഹിക്കുന്നു….ഇവനെ മാത്രമേ ഞാൻ വിവാഹം കഴിക്കു എന്ന് എന്നോടും നിന്റെ അച്ഛനോടും വാശിയോടെ പറഞ്ഞത് നീയാണ്. ഒരേ ഒരു മോൾ അല്ലേ..നിന്റെ സന്തോഷം ആയിരുന്നു ഞങ്ങൾക്ക് വലുത്. ആർഭാടപൂർവ്വം തന്നെ ആ വിവാഹം ഞങ്ങൾ നടത്തി തന്നു..പിന്നീട് ഒരു സുപ്രഭാതത്തിൽ എനിക്ക് യദുവുമായി ഒത്തു പോകാൻ കഴിയുന്നില്ല. ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടതും നീ തന്നെ….പക്ഷേ ഞങ്ങൾ അതു സമ്മതിച്ചില്ല. പിന്നീട് സ്വയം തീരുമാനം എടുത്തതും വിവാഹബന്ധം വേർപ്പെടുത്തിയതും നിന്റെ ഉത്തരവാദിത്വത്തിൽ മാത്രമാണ്. ഇപ്പോൾ നീയും അവനുമായി യാതൊരു ബന്ധവും ഇല്ല. പിന്നെ എന്തിന്റെ പേരിലാണ് ചിത്രേ ഞങ്ങൾ അവനെ കാണേണ്ടത്. അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല…

സുചിത്ര പെട്ടെന്നുതന്നെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു. ഫോൺ എടുത്തു അമ്മയെ വിളിക്കാൻ ശ്രമിച്ചു.

************************

സുചിത്രയുടെ ഏറ്റവും പുതിയ ഫോട്ടോസ് ഒരു പുഞ്ചിരിയോടെ സ്ക്രോൾ ചെയ്തു നോക്കി കൊണ്ടിരിക്കുകയാണ് യദു.

അടുത്ത് തന്നെ ഇന്ദിരാദേവി ഇരിപ്പുണ്ട്. മാതളത്തിന്റെ ഓരോ അല്ലികൾ ആയി അടർത്തിയെടുത്ത് യദുവിന്റെ കൈകളിൽ വെച്ച് കൊടുക്കുന്നുണ്ട് അവർ. പതിവുപോലെ വീക്കെൻഡിൽ യദുവിനെ കാണാൻ എത്തിയതായിരുന്നു അവരും ഭർത്താവ് മോഹനും കൂടെ…

അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. യദുവിന്റെ കൈകൾ ഒന്ന് വിറച്ചു. ഡിസ്പ്ലേയിൽ സുചിത്രയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു.

അമ്മേ…ചിത്തുവാണ്.

അവൻ ഫോൺ ഇന്ദിരാദേവിയ്ക്ക് നേരെ നീട്ടി.

ആ..ചിത്രേ പറയു…എങ്ങനെ ഉണ്ട് നിനക്ക്? കുറവായോ? അവർ സംസാരിച്ചു കൊണ്ടു മുറിയ്ക്ക് പുറത്തേക്ക് നടന്നു…

എന്താ ശരിക്കും യദു ന് പറ്റിത്?

സുചിത്രയുടെ ചോദ്യം കേട്ട് ഇന്ദിരാദേവി ഒന്ന് നിന്നു.

സായ് വന്നിരുന്നോ നിന്റെ ഫ്ലാറ്റിൽ?

അമ്മ..ഇതു പറയ്..എന്താ യദു ന്…എന്തുകൊണ്ടാ എന്നേ ഒന്ന് അറിയിക്കാതെ ഇരുന്നേ….ഒരു വാക്ക് നിങ്ങൾ എന്നോട് പറഞ്ഞില്ലല്ലോ..

ദേഷ്യവും സങ്കടവും കൊണ്ടു അവളുടെ വാക്കുകൾ മുറിഞ്ഞു പോയി.

ചിത്രേ…..

അവർ ശാന്തം ആയി വിളിച്ചു.

നടന്നത് നടന്നു. എന്തായാലും ഇവിടെ തന്നെ ഒരു ജോലിക്ക് ശ്രമിക്കാം എന്ന് അച്ഛൻ നിന്നോട് പറഞ്ഞത് നീ ഓർക്കുന്നുണ്ടോ?…. ഡിവോഴ്സ് നു ശേഷം…ഏക മകൾ ആയ നീ കൺവെട്ടത്ത് ഉണ്ടാകണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ..നീ പറഞ്ഞത്..നിനക്ക് സ്വസ്ഥതയും സമാധാനവും വേണം..യദുവിന്റെ ഓർമ്മകളിൽ നിന്നൊരു മോചനം വേണം എന്നൊക്കെയാണ്..അതിനു വേണ്ടി ആണ് നീ മുംബൈയിലെ ആ ജോലി സ്വീകരിച്ചതും ഒറ്റയ്ക്ക് അവിടെ പോയി താമസിച്ചതും അല്ലേ? അപ്പോൾ പിന്നെ എന്തിന് ഞങ്ങൾ ഇതും പറഞ്ഞു…..നീ ആഗ്രഹിച്ച നിന്റെ സ്വസ്ഥത കളയണം…

സുചിത്ര ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു.

ഇപ്പോൾ..ഇപ്പോൾ മാത്രം അവൾക്ക് അമ്മയുടെ വാക്കുകളിലെ മുള്ളും മൂർച്ചയും തിരിച്ചറിയാൻ കഴിഞ്ഞു…

അമ്മ ഒരു ടീച്ചർ ആയിരുന്നു. അതുകൊണ്ട് തന്നെ വാക്കുകൾക്ക് എപ്പോളും ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു. സത്യത്തിന്റെ ഭാഗത്ത് മാത്രം ആണ് അവർ എന്നും നിലകൊണ്ടിരുന്നത് എന്ന് സുചിത്ര വേദനയോടെ ഓർത്തു.

അവൾ ഒരു വാശിയോടെ മുഖം തുടച്ച് റൂമിലേയ്ക്ക് നടന്നു. ഷെൽഫിൽ നിന്നും ട്രാവൽ ബാഗ് വലിച്ചെടുത്ത് കയ്യിൽ കിട്ടിയ ഡ്രസ്സ്‌ എല്ലാം അതിൽ കുത്തി നിറച്ചു.

ഇടയ്ക്ക് സായ്‌ റാമിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ച് കൊണ്ടു തന്നെ ബാക്കി ആവശ്യം ഉള്ള സാധനങ്ങൾ കൂടെ ബാഗിൽ തിരുകി.

പറഞ്ഞോളൂ ചിത്രേ….

സായ്‌..എനിക്കിപ്പോൾ തന്നെ നാട്ടിലേക്ക് ടികെറ്റ് ബുക്ക്‌ ചെയ്തു തരണം. എത്രയും പെട്ടെന്ന്.

ചിത്രേ…നീ എന്തൊക്കെ ആണ് പറയുന്നത്…ഇങ്ങനെ പെട്ടെന്ന് പറഞ്ഞാ നടക്കുന്ന കാര്യം ആണോ. ലീവ് സാങ്ഷൻ ആവണ്ടേ…

അതൊന്നും എനിക്ക് അറിയണ്ട. ഞാൻ നിനക്ക് എമർജൻസി ലീവ് അപ്ലിക്കേഷൻ മെയിൽ ചെയ്യാം. നീ അതു ഫോർവേഡ് ചെയ്താ മതി. ഇൻകേസ് ഇനി അതു പറ്റില്ലെങ്കിൽ ഞാൻ ഒരു റെസിഗ്നേഷൻ മെയിൽ ചെയ്യാം. അതുപോരെ…

എന്റെ ചിത്രേ..ഇതാണ് നിന്റെ കുഴപ്പം..ഈ എടുത്തു ചാട്ടം. നീ ഇന്ന് എന്തായാലും വെയിറ്റ് ചെയ്യ്. നാളെയ്ക്ക് ഓക്കേ ആക്കാം. നാളെ ഞാനും കൂടെ വരാ…..നിന്റെ കൂടെ…

സുചിത്ര ഒരു തളർച്ചയോടെ ഫോൺ കട്ട്‌ ചെയ്തു ബെഡിലേയ്ക്ക് തന്നെ ഇരുന്നു.

യദു…ഐസ് ക്രീം കഴിക്കാം..അൽഫം കഴിക്കാം…ഓരോ തവണ ആഗ്രഹം പറയുമ്പോളും യദു പറയാറുണ്ട്..

എന്റെ പൊന്നു ചിത്തു..നീ കഴിച്ചോ..നിനക്ക് ഞാൻ വാങ്ങി തരാം. എനിക്കിതൊന്നും പറ്റാഞ്ഞിട്ടാണ്. എന്റെ വയറു വളരെ സെൻസിറ്റീവ് ആണ്. ഇതൊക്കെ കഴിച്ചാ ഒടുക്കത്തെ വയറു വേദന ആകും പിന്നെ..രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് ടോയ്‌ലെറ്റിൽ നിന്നും എണീക്കാൻ കൂടെ നേരം കിട്ടില്ല. അതോണ്ടാ..

അതൊന്നും അല്ല. ഒന്നാമത് നിനക്ക് നിന്റെ അമ്മ വയ്ക്കുന്ന ഫുഡ്‌ വേസ്റ്റ് ആക്കാൻ പറ്റില്ല. രണ്ടാമത്തെ കാര്യം രണ്ടു പേർക്കുള്ള പൈസ കളയാൻ മടി…ഞാൻ കൊടുത്തോണ്ട് പൈസ. നിനക്ക് എന്റെ കൂടെ വന്നാൽ എന്താ. ഇതൊക്കെ ഒരു രസം ല്ലേ…

ചിത്തൂ….ആദ്യം പറഞ്ഞത് സത്യം തന്നെ ആണ്. ചെറുപ്പത്തിലേ എന്റെ അച്ഛൻ മരിച്ചു പോയതാണ്. അമ്മ ആണ് എന്നേ വളർത്തിയത്. അമ്മയോടൊത്ത് ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത് തന്നെ ആണ് എനിക്കിഷ്ടം. എന്ന് വെച്ച് നിന്റെ കൂടെ ഫുഡ്‌ കഴിക്കാൻ വരാതിരിക്കുന്നത് അല്ല. ഹോട്ടൽ ഫുഡ്‌….അതിൽ ചേർക്കുന്ന പ്രിസെർവേറ്റീവ്സ് ഒന്നും എനിക്ക് പിടിക്കില്ലെടോ. അതുകൊണ്ടാ…

തന്റെ ഈഗോയിൽ ഇതും ഉണ്ടായിരുന്നു….ഒരിക്കൽ പോലും പുറത്തു നിന്ന് ഫുഡ്‌ കഴിക്കാൻ യദു കൂട്ടാക്കാറില്ല…

ശരിക്കും പറഞ്ഞതായിരുന്നോ യദു..അന്നേ അവനിൽ ഈ അസുഖം വേര് ഉറച്ചു തുടങ്ങിയിരുന്നോ….

സുചിത്ര ഒരു വീർപ്പുമുട്ടലോടെ ബെഡിൽ ചുരുണ്ടു കിടന്നു.

യദു നേ കാണണം. കാലിൽ വീണു മാപ്പ് പറയണം..യദു ന്റെ ഭാര്യ ആയി അവിടെ തന്നെ കഴിഞ്ഞാൽ മതി.

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ചാടി എഴുന്നേറ്റു.

ഷെൽഫിൽ നിന്നു ചെറിയൊരു ജ്വല്ലറി ബോക്സ്‌ എടുത്തു തുറന്നു…

യദു കൃഷ്ണ എന്ന് പേര് കൊത്തിയ താലി. സുചിത്ര മാലയുടെ കൊളുത്ത് വിടുവിച്ചു. താലി അതിൽ ഇട്ടു കഴുത്തിൽ അണിഞ്ഞു..

വീണ്ടും ബെഡിലേയ്ക്ക് തന്നെ കിടക്കുമ്പോൾ അവസാനദിവസം യദു താലിമാല തിരികെ ചോദിച്ചത് ഓർത്തു.

ആ മാല തിരിച്ചു ഏൽപ്പിച്ചു. താലി നഷ്ട്ടപെട്ടു പോയി….കുറേ നാളായി….പറയാൻ മടിച്ചതാണ്..എന്ന് പറഞ്ഞപ്പോൾ ആ മുഖത്തൊരു പുച്ഛം കണ്ടു. എന്നിട്ടും തിരികെ കൊടുക്കാൻ മനസ് വന്നില്ല എന്നതാണ് സത്യം.

**********************

വിറയ്ക്കുന്ന വിരലുകൾ കൊണ്ടു കാളിങ് ബെൽ അടിച്ചു കാത്തു നിൽക്കുമ്പോൾ സുചിത്രയുടെ ദേഹം വിയർപ്പിൽ കുതിർന്നിരുന്നു…

വാതിൽ തുറന്നത്. യദുവിന്റെ അമ്മ ആണ്. വല്ലാതെ ക്ഷീണിച്ചു പോയിട്ടുണ്ട് അമ്മ.

സുചിത്രയെ കണ്ടു ഒരു നിമിഷം അമ്പരന്ന് നിന്നു അവർ. പിന്നെ ഒരു പുഞ്ചിരിയോടെ അകത്തേക്ക് വിളിച്ചു.

മോള് വരൂ…

ഹാളിലേയ്ക്ക് കടന്നു എന്തു ചെയ്യണം എന്ന് അറിയാതെ നിന്നു.

മോള് ദൂരയാത്ര ചെയ്തു വരികയല്ലേ. ഒന്നു കുളിച്ചു ഫ്രഷ് ആയിക്കോളൂ. എന്നിട്ട് യദു നേ കാണാം…ദാ..അമ്മേടെ മുറിയിലേയ്ക്ക് ചെന്നോളൂ…

അമ്മ കയ്യിലിരിക്കുന്ന വലിയ ബാഗിലേയ്ക്ക് നോക്കിയാണ് പറഞ്ഞത്. സുചിത്രയ്ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

അമ്മ എന്തുകൊണ്ടാണ് ഒന്നും ചോദിക്കാത്തത്…സ്വന്തം മകന്റെ ജീവിതം തകർത്തു കൊണ്ടു ഒരിക്കൽ ഈ വീടിന്റെ പടി ഇറങ്ങി പോയതല്ലേ?എന്നിട്ടും ഒരു ദേഷ്യവും കാണിക്കുന്നില്ലല്ലോ..ശരിക്കും ജീവിതത്തിൽ തോറ്റു പോയത് താൻ തന്നെ ആണെന്ന് അവൾക്ക് മനസിലായി കഴിഞ്ഞിരുന്നു.

മോളേ..ദാ ഈ ചായ കുടിച്ചോളൂ…

കുളിച്ചു ഇറങ്ങി ഹാളിലേയ്ക്ക് കടന്നപ്പോൾ ഡൈനിങ് ടേബിളിൽ ചായയുമായി കാത്തിരിക്കുന്ന അമ്മയെ കണ്ടു.

ദോശയും സാമ്പാറും എടുത്ത് വച്ചിട്ടുണ്ട്.

എനിക്ക് വേണ്ടമ്മേ..ഞാൻ യദു നേ ഒന്നു കാണട്ടെ…

ഇവിടെ വന്നിരിക്കു മോളേ. കഴിച്ചിട്ട് ആകാം…

പിന്നെ നിരസിക്കാൻ തോന്നിയില്ല.

അരികിൽ ചെന്ന് ഇരുന്നു. ചെറുതായി മുറിച്ചു വായിൽ വെച്ചു. അമ്മേടെ സാമ്പാറിന് പ്രത്യേക മണവും രുചിയും ആണ്. അമ്മയുണ്ടാക്കുന്ന ദോശയും സാമ്പാറും ഒത്തിരി ഇഷ്ടം ആയിരുന്നു തനിക്ക്….

ഇന്ന് ദോശയും സാമ്പാറും കഴിക്കണം ന്നു അവനാ ആഗ്രഹം പറഞ്ഞത്. അതു നന്നായി. മോൾക്കും ഒത്തിരി ഇഷ്ടം അല്ലേ…

ഇതൊക്കെ കഴിക്കാമോ യദു ന്. ഫുഡ്‌ നൊന്നും നിയന്ത്രണം ല്ല്യേ…

മടിച്ചു മടിച്ചാണ് ചോദിച്ചത്..

ഉണ്ടായിരുന്നു…മുൻപ്….ഇനി ഇപ്പൊ അവനു ഇഷ്ടപെട്ട എല്ലാം ഉണ്ടാക്കി കൊടുക്കണം ന്നാ ഡോക്ടർ പറഞ്ഞത്.

അമ്മ പുഞ്ചിരിച്ചു….

അമ്മയുടെ കടക്കണ്ണിൽ ഊറി കൂടിയ കണ്ണുനീർത്തുള്ളി നോക്കി ഇരിക്കെ വളരെ വൈകി ആണ് സുചിത്രയ്ക്ക് ആ വാക്കുകളുടെ അർത്ഥം ഗ്രഹിച്ചെടുക്കാൻ കഴിഞ്ഞത്.

അവൾ ഒരു പകപ്പോടെ അമ്മയെ തുറിച്ചു നോക്കി. പെട്ടെന്ന് എണീറ്റ് കൈ കഴുകി തുടച്ച് സ്റ്റെയർകേസിനു അരികിലേയ്ക്ക് നടന്നു.

താഴെ ആണ് മോളേ…ആ മുറിയിൽ…

സുചിത്ര ഒന്നു ഞെട്ടിയ പോലെ തോന്നി. അവൾ ചെല്ലുമ്പോൾ യദു കിടക്കുക ആയിരുന്നു. ശോഷിച്ചു പോയ ശരീരം.

വായ് പൊത്തിയിട്ടും തേങ്ങൽ പുറത്തേക്ക് കേട്ടു. യദു കണ്ണു തുറന്നു അവളെ നോക്കി പുഞ്ചിരിച്ചു.

ചിത്തു. ഇരിക്ക്…വന്നു ന്നു അമ്മ പറഞ്ഞു. കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. കാണരുത് ന്നും ആഗ്രഹിച്ചിരുന്നു….സുഖാണോ?

മ്മ്..യദു….എന്തേ എന്നേ ഒന്നു വിളിച്ചില്ല നീ….പണ്ടും ഞാൻ പിണങ്ങുമ്പോൾ യദു അല്ലേ തോറ്റു തരാറ്…അതുപോലെ വിളിക്കും ന്നു കരുതി… നമ്പർ പോലും ഞാൻ മാറ്റി ല്ല്യ. വാട്സ്ആപ്പും….അറിയോ….

ചിത്തു ന് വരായിരുന്നില്ലേ? നിനക്ക് മുന്നിൽ ഒരിക്കലും ഈ വാതിൽ അടയില്ലെന്നു അറിയാഞ്ഞിട്ടാണോ?

അതിനു എന്നത്തേo പോലെ ഒരു സൗന്ദര്യ പിണക്കം അല്ലായിരുന്നു ലോ. കോടതി…കേസ്….പിന്നെ എത്ര വട്ടം എനിക്ക് പറ്റിയ തെറ്റ് ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട് ന്നോ…

അറിയാം…ആദ്യം ഒക്കെ എനിക്കും കുറച്ചു വാശി തോന്നിയിരുന്നു….കുറച്ചു നാള് കൂടെ അങ്ങനെ പോട്ടെ ന്നു കരുതി…പിന്നെ..പിന്നെ ആണ് അറിഞ്ഞത്. ഇങ്ങനെ ഒരു അതിഥി എന്നേ കാത്തിരിപ്പുണ്ടെന്നു…അപ്പോൾ മനസ്സിൽ ആയി…ചിത്തുന് ഒന്നും വെറുതെ തോന്നിച്ചതല്ല ന്നു. എന്നായാലും പിരിയേണ്ടവർ ആയിരുന്നു നമ്മൾ. അതു അങ്ങനെ ആയിലോ ന്നു ഓർത്ത് സന്തോഷിച്ചു…

ഇങ്ങനെ ഒന്നും പറയണ്ട. ഞാൻ ഇനി യദുനേ വിട്ട് എങ്ങോട്ടും പോണില്ല. എന്നോട് ക്ഷമിച്ചേക്ക്….

സുചിത്രയ്ക്ക് കരച്ചിൽ വന്നു.

പക്ഷേ….എനിക്ക്….എനിക്ക് വിട്ടു പോകാതെ വേറെ വഴി ഇല്ലെടോ….

ബെഡിൽ ഇരുന്ന സുചിത്രയുടെ കൈകൾ എടുത്തു യദു ചുണ്ടോട് ചേർത്തു. അതിൽ കണ്ണുനീരിന്റെ നനവ് പടർന്നു..

ഇങ്ങ് അടുത്തിരിക്ക്…ചിത്തു നല്ലോണം മാറി ട്ടാ…കുറേ കൂടെ മോഡേൺ ആയി. സുന്ദരി ആയി..ആഗ്രഹിച്ച പോലെ മനസ് ഫ്രീ ആയെന്റെ ആകും…

യദു ചിരിക്കാൻ ശ്രമിച്ചു.

സുചിത്ര കട്ടിലിലേയ്ക്ക് ഇരുന്നു. പതിയെ യദുവിന്റെ നെഞ്ചോട് മുഖം ചേർത്തു. അപരിചിതനായ ഒരാളെ സ്പർശിക്കുന്നത് പോലെ ആണ് സുചിത്രയ്ക്ക് തോന്നിയത്. വല്ലാതെ മെലിഞ്ഞു പോയ…..തനിക്ക് ഒട്ടും പരിചയം ഇല്ലാത്ത ഒരാൾ…

അവൾ യദുവിന്റെ നെറ്റിയിൽ മൃദുവായി ചുണ്ട് ചേർത്തു.

ചിത്തു…സഹതാപം ഒന്നും വേണ്ട….എനിക്ക് ആ പഴയ ചിത്തുവിനെ കണ്ടാൽ മതി. എപ്പോഴും സന്തോഷത്തോടെ പാറി പറന്നു നടക്കാൻ ആഗ്രഹിക്കുന്ന പഴയ ചിത്തുവിനെ..അങ്ങനെ ഒരു രൂപം മതി എന്റെ മനസ്സിൽ…പിന്നെ തിരിച്ചു പോകുന്നില്ലെന്ന് ഒന്നും തീരുമാനിക്കേണ്ട. എത്രയും പെട്ടെന്ന് പോണം…

ഇല്ല…വെറുതെ പറഞ്ഞത് അല്ല. ഞാൻ പോണില്ല…ഞാൻ അവിടെ ഒട്ടും സന്തോഷത്തോടെ ആയിരുന്നില്ല യദു. നിന്നെ കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല…നീ ഒന്ന് വിളിക്കാൻ കൊതിച്ച് കാത്തിരിക്കുവായിരുന്നു….ഓടി വരാൻ.

നീ തിരിച്ചു പോണം ചിത്തു… എനിക്ക് ഇതുവരെയും ഇവിടം വിട്ട് പോവാൻ സങ്കടം തോന്നിയിട്ടില്ല.. നീ..നീ ഇവിടെ നിന്നാൽ ചിലപ്പോൾ ഒരു ദിവസം എങ്കിൽ ഒരു ദിവസം കൂടുതൽ ചോദിച്ചു പോകും ഞാൻ ദൈവത്തോട്…

ഇല്ല..ഞാൻ വിട്ടു കൊടുക്കില്ല..യദു നേ…

സുചിത്ര ഒരിക്കൽ കൂടെ അവന്റെ ഇരു കണ്ണുകളിലും അമർത്തി ചുംബിച്ചു..

ചിത്തു…മരണത്തോട് മത്സരിക്കാൻ ആവില്ല പെണ്ണെ…എത്ര ഇഷ്ടം ഉള്ളവർ ആണെങ്കിലും ഒരു പരിധി കഴിഞ്ഞാ നമ്മൾ അങ്ങ് വിട്ടു കൊടുത്തേക്കണം…ഇല്ലെങ്കിൽ മരണം ഒരു ക്രൂ-രൻ ആകും… വേദനിപ്പിക്കും….. ദേഹിയെയും…ദേഹത്തെയും…

ഇങ്ങനെ ഒന്നും പറഞ്ഞാൽ എനിക്ക് അറിയില്ല. യദു എങ്ങോട്ടും പോണ്ട..ഡോക്ടർമാര് എന്താ പറഞ്ഞെ…എവിടെ പോയാലാ ഇതൊക്കെ മാറാ….യദു…നീ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും വയ്യാ…

യദുവിനു ചിരി വന്നു…ചിത്തു ഇപ്പോഴും ആ വാശിക്കാരി കുട്ടിയിൽ നിന്നും ഒട്ടും മാറിയിട്ടില്ല എന്ന് അവനു തോന്നി…

അവൻ സുചിത്രയുടെ മൂർദ്ധാവിൽ ചുംബിച്ചു…

വല്ലാത്ത സന്തോഷം തോന്നി. അവനു.. ഒന്നു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു..പക്ഷേ അതേ കുറിച്ച് ചിന്തിക്കുമ്പോൾ ഒക്കെയും മനസ് ഭീരു ആകും…അതുകൊണ്ട് തന്നെ ആരോടും പറഞ്ഞില്ല. എല്ലാവരും തന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ഉള്ള ശ്രമത്തിലാണ്..

യദു ന് ഇപ്പോൾ മെഡിസിൻ എന്തേലും ണ്ടൊ? ഞാൻ എടുത്തു തരാ

സുചിത്ര പെട്ടെന്ന് ഓർത്തത് പോലെ എണീറ്റിരുന്നു…

ഇല്ല…നീ ഒന്ന് റസ്റ്റ്‌ ചെയ്തോ..യാത്ര കഴിഞ്ഞു വന്നതല്ലേ..പിന്നെ പറഞ്ഞത് മറക്കേണ്ട കേട്ടോ..തിരിച്ചു പോണം…

അവൻ ഒന്നുകൂടെ ഓർമ്മിപ്പിച്ചു. സുചിത്രയുടെ മുഖം മങ്ങി.

പോവില്ല….ദേ നോക്ക്…ഞാൻ ഇപ്പളും യദു കൃഷ്ണന്റെ ഭാര്യ തന്നെ ആണ്..ഞാൻ എങ്ങോട്ടും പോകുന്നില്ല…ഇനി ഉള്ള കാലം ഇവിടെ തന്നെ കാണും…ഒന്നും വരില്ല നിനക്ക്…

അവൾ താലി ഉയർത്തി കാട്ടി.. യദു അത്ഭുതത്തോടെ ആണ് അതു കണ്ടത്….

അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു……കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി…

യദു…യദു…

ഉറങ്ങി കാണും മോളേ..സംസാരിച്ചിരിക്കുമ്പോൾ തന്നെ ഉറങ്ങി പോകും..മരുന്നിന്റെ ആണ്..മോള് കുറച്ചു നേരം റസ്റ്റ്‌ എടുത്തോളൂ..

സുചിത്ര തിരിഞ്ഞു നോക്കി. അമ്മ ആണ്. വാതിൽക്കൽ നിൽപ്പുണ്ട്…

മ്മ്….ഞാൻ കുറച്ചു നേരം ഇവിടെ ഇരുന്നോട്ടെ അമ്മേ…

അവൾ ഒരിക്കൽ കൂടെ യദുവിന്റെ മുഖത്തേയ്ക്ക് നോക്കി. ശാന്തം ആയി ഉറങ്ങുകയാണ് അവൻ…മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്…..

യദു ഉണരുന്നതും കാത്ത് സുചിത്ര ആ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു. കണ്ണു ചിമ്മാൻ പോലും മറന്നു കൊണ്ട്….

❤️ മീനു ❤️