ആ മഴ അതികഠിനമായിരുന്നു. ഒരു പാട് നാശനഷ്ടങ്ങൾ ഉണ്ടാക്കി. അവനു എന്തെങ്കിലും പറ്റിക്കാണുമോ എന്ന ആധിയിൽ അവൾ ആ രാത്രി ഉറങ്ങിയില്ല
രാവിലെ പാല് കൊണ്ട് ചെന്നപ്പോ ആണ് ആശ്വാസം ആയത്. എല്ലാം സാധാരണ പോലെ. അവൾ പാല് കൊടുത്തു കുപ്പികൾ വാങ്ങി
“ഞാൻ വിചാരിച്ചു മോള് താമസിക്കുമെന്ന്. ഇന്നലെ അത് പോലെത്തെ മഴ അല്ലായിരുന്നോ?”
ഷേർലി അമ്മച്ചി
“നേരെത്തെ എണീൽക്കും പരീക്ഷ ആണ്. പഠിക്കാൻ ഉണ്ട് ” അവൾ വിനയത്തോടെ പറഞ്ഞു
“ഈ വർഷം കൂടിയേ ഉള്ളോ?”
“ഉള്ളു “
“നല്ല മാർക്ക് മേടിക്കണം കേട്ടോ “
“ഉം ” അവൾ തലകുലുക്കി
പിന്നെ യാത്ര പറഞ്ഞു ഇറങ്ങി
നി എനിക്കു പറ്റിയ കൂട്ടല്ല. അവൻ പറഞ്ഞത് അവൾ ഓർത്തു. അത് കൊണ്ട് തന്നെ തിരിഞ്ഞു നോക്കിയില്ല
ഇനി വയ്യ. ഒന്നിനും
തന്നോട് തുറന്നു പറഞ്ഞു നി എന്റെ കൂട്ടിനു യോഗ്യയല്ല എന്ന്. ഇതിൽ കൂടുതൽ എന്ത് വേണം. അവൾ സൈക്കിൾ മെല്ലെ ഉന്തി നടന്നു
വഴി നീളെ മരങ്ങൾ വീണു കിടക്കുന്ന കൊണ്ട് ചവിട്ടാൻ ബുദ്ധിമുട്ട് ആണ്. അവൾ നന്നേ പ്രയാസപ്പെട്ടു
ചാർളി അത് കാണുന്നുണ്ടായിരുന്നു. ദേഷ്യം വന്നപ്പോൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അവളെ അടിക്കാൻ കൈ ഉയരുകയും ചെയ്തു
അവൾ പോകുന്നത് നോക്കി നിക്കേ പെട്ടെന്ന് അവനു സങ്കടം വന്നു. കൊച്ചു കുട്ടിയാണ് അവൾ
പാവം
രാവിലെ ഈ ജോലി മുഴുവൻ തീർത്തിട്ടാണ് പഠിക്കാൻ പോകുക. ഒരു ദിവസം പോലും ഇവളുടെ ചേച്ചി വന്നിട്ടില്ല. ആക്‌സിഡന്റ് ആയി കിടന്നപ്പോ അപ്പൻ ആണ് വന്നത്. തന്നെ കൊണ്ട് കഴിയും പോലെ താനും അവളെ വേദനിപ്പിച്ചു
അവൻ മുഖം അമർത്തി തുടച്ചു
സാറയെ പിന്നെ അവൻ കുറച്ചു ദിവസം കണ്ടില്ല
തോമസ് ആണ് പാല് കൊണ്ട് വന്നത്. അവൾ സ്ഥിരമായി പോകുന്ന ബസിൽ അവൻ നോക്കി. അവൾ കയറുന്നില്ല. അവന്റെ നെഞ്ചിൽ ഒരു ഭീതി നിറഞ്ഞു
അവൾ പോയോ ഇവിടെ നിന്ന്?
എന്താ വരാത്തത്?
താൻ ദേഷ്യപ്പെട്ടത് കൊണ്ടാണോ?
തന്നോട് പിണങ്ങിയാണോ?
പിണങ്ങല്ലേ എന്നവൻ ഉള്ളു കൊണ്ട് അവളോട് പറഞ്ഞു
പള്ളിയിൽ ഞായറാഴ്ച പോയി അവൻ. ഇടയ്ക്ക് അവളുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന കണ്ടു. കുറേ തവണ നോക്കി. നോക്കുന്നില്ല
എന്നേ ഒന്ന് നോക്ക് സാറ അവൻ ഉള്ളിൽ കരഞ്ഞു
ഇല്ല, താൻ ഉണ്ടോന്ന് പോലും നോക്കുന്നില്ല. പള്ളി പിരിഞ്ഞപ്പോ അവർക്കൊപ്പം പോകുകയും ചെയ്തു
അവന്റെ വാശി ഒക്കെ പതിയെ ഇല്ലാതായി. അവളെ കാണാൻ സാധിക്കാത്ത ദിവസങ്ങൾ വരുമെന്ന് അവൻ ആദ്യമായ് അറിയുകയായിരുന്നു
അതിനു ഇത്രയും വേദന ഉണ്ടെന്നും എന്നും പുലർച്ചെ ഉണർന്നു നോക്കും അവൻ
അവളാണോ വരിക? അല്ലെന്ന് കാണുമ്പോൾ നിരാശനാകും
സാറയ്ക്ക് പരീക്ഷ ആയിരുന്നു. ഉച്ചക്ക് ശേഷം ആയിരുന്നു. അത് കൊണ്ട് അവളെ തോമസ് കൊണ്ട് വിടും. വൈകുന്നേരം അവൾ ബസിൽ പോരും
അന്ന് ബസ് ഇറങ്ങി വരുമ്പോൾ മുന്നിൽ ചാർളി
“നി എന്താ ഇപ്പൊ വീട്ടിൽ വരാത്തത്?”
മുഖവുര ഒന്നുമില്ല
“പാൽ പപ്പാ കൊണ്ട് വരുന്നുണ്ടല്ലോ ” അവൾ തണുത്തു പോയ ശബ്ദത്തിൽ പറഞ്ഞു
“അതല്ലല്ലോ ഞാൻ ചോദിച്ചത്?”അവൻ ആ മുഖത്ത് നോക്കി
“എക്സാം ആണ് ” അവന്റെ ഹൃദയം ഒന്ന് തണുത്തു
“എങ്ങനെ ഉണ്ടായിരുന്നു?”
“നന്നായി എഴുതി ” അവൾ മെല്ലെ പറഞ്ഞു
“ഇനി എത്ര എണ്ണം ഉണ്ട്?”
“രണ്ടെണ്ണം “
പിന്നെ ഒന്നും ചോദിക്കാൻ ഇല്ല. ചോദ്യങ്ങൾ തീർന്നു
“സാറ?”
അവൾ മെല്ലെ കണ്ണുകൾ ഉയർത്തി
“നി കുട്ടിയാണെന്ന് ഞാൻ ചിലപ്പോൾ മറന്ന് പോകും. ദേഷ്യം വരുമ്പോൾ അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി. ഞാൻ മനസ് കൊണ്ട് പറഞ്ഞതല്ല അതൊന്നും “
അവൾ ഒന്നും മിണ്ടിയില്ല
“സാറ?”
“കൂട്ട് കൂടാൻ യോഗ്യത ഇല്ല എനിക്ക്. അത് സത്യാ..” അവൾ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു
“എടി പ്ലീസ്..സോറി, അറിയാതെ വായിൽ നിന്ന് വീണു പോയി.”
“അത് സത്യാ..”
ചാർളിക്ക് അവളോട് വഴക്കിടാൻ തോന്നിയില്ല. അവൾക്ക് നല്ല ക്ഷീണം ഉണ്ട്. തളർന്നു പോയ പോലെ
“സാറ…നീ ഇപ്പൊ ഈ എന്നോട് കാണിക്കുന്നത് വെറും വാശിയാ. നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്. പണ്ടൊന്നും ഞാൻ ഈ നാട്ടിൽ ഇത്രയധികം ദിവസങ്ങൾ താമസിച്ചിട്ടില്ല. കൊച്ചിയിൽ പോകും. ഇപ്പോഴാണ് ഇങ്ങനെ. ചിലപ്പോൾ ഇങ്ങനെ ഇനി ഞാൻ നിന്റെ മുന്നിൽ വന്നു നിൽക്കുകയുമില്ല. ഞാൻ നാളെ പോകും..പിന്നെ വരാതെ ഇരിക്കാൻ നോക്കും..വന്നാലും നിന്നെ ശല്യം ചെയ്യാതെ ഇരിക്കാനും…നന്നായി പഠിക്ക്..മിടുക്കിയായിട്ട്.. ഉം?”
അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നു
സ്വയമറിയാതെ സാറ ആ കയ്യിൽ പിടിച്ചു നിർത്തി. ചാർലി ആ മുഖത്ത് നോക്കിയില്ല
“കൊച്ചിയിൽ ആരാ ഉള്ളത് ഉപേക്ഷിച്ചു വരാൻ പറ്റാത്ത പോലെ?”
അവൻ ഞെട്ടി നോക്കി
അവളുടെ മുഖം എപ്പോഴും കാണുന്ന പാവം സാറയുടെ മുഖമല്ല. ഒരു തീ. ചുവന്നു പോയ മുഖം
“പറ, റിലേഷൻ ഉണ്ടോ ആരോടെങ്കിലും?”
അവൻ ഇല്ല എന്ന് തലയാട്ടി
“നുണ പറയരുത്..ഏതെങ്കിലും പെണ്ണുണ്ടോ അവിടെ?”
കുറച്ചു ഉറക്കെയാണ് ഒരു അധികാരമുണ്ട് ചോദ്യത്തിന്
അവന്റെ മുഖം വിളറി വെളുത്തു. അവൻ ചുറ്റും നോക്കി
“എടി ആരെങ്കിലും കാണും നീ കൈ വിട്ടേ “
“പറയാൻ ” അവൾ ഒന്ന് മുറുകി പിടിച്ചു
“കർത്താവാണേ ഇല്ല ” അവൻ പെട്ടെന്ന് പറഞ്ഞു
“പിന്നെ എന്തിനാ എപ്പോഴും ഓടി ഓടി പോണത്? ഇതല്ലേ തറവാട് ഇവിടെ അല്ലെ അപ്പനും അമ്മയും? ഇവിടെ അല്ലെ താമസിക്കണ്ടത്?”
ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ചു. അവൻ ഞെട്ടിപ്പോയി. ഇത്രയധികം സ്വാതന്ത്ര്യം അവനോട് സ്വന്തം അപ്പനും അമ്മയും പോലും എടുത്തിട്ടില്ല
പേർസണൽ ആയിട്ടുള്ള ഒന്നിലും ആരും അഭിപ്രായം പറയുന്നത് അവനു ഇഷ്ടം അല്ല താനും
സാറ കൈ വിട്ടു
“പോകുന്നതും പോകാത്തതും സ്വന്തം ഇഷ്ടം ആണ്. എന്നോട് മിണ്ടുന്നതു മിണ്ടണ്ട എന്ന് തീരുമാനിക്കുന്നത് അത് ഒക്കെ തികച്ചും പേർസണൽ ആണ്. എന്നോട് മിണ്ടാതിരിക്കാൻ നാട് വിട്ട് പോകണ്ട. ഞാൻ മുന്നിൽ വരാതെ ഇരുന്നോളാം,
അവൻ ആ മുഖത്ത് നോക്കി. ആ ശബ്ദം ഒന്ന് ഇടറി
“ഞാനും ഒരിക്കൽ ഈ നാട്ടിൽ നിന്ന് പോകും..കാരണം ഇത് എന്റെ നാടല്ല..വന്നു താമസിച്ചതാ. പക്ഷെ നിങ്ങൾക്കിതു സ്വന്തം നാടാ. ഇവിടെ ആണ് എല്ലാം. ഇവിടെ വിട്ട് പോകണ്ട..ഞാൻ കാരണം തീരെ വേണ്ടാ..”
ചാർളിയുടെ കണ്ണുകൾ ഒന്ന് കലങ്ങി ചുവന്നു
“വേറെ വഴി കോളേജിലേക്ക് ബസ് ഇല്ല. ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇത് ഒഴിവാക്കിയേനെ. കുറച്ചു നാളുകൾ. കൂടിയേ ഉള്ളു.. ക്ഷമിക്ക്,”
“സാറാ..അങ്ങനെ പറയാതിരിക്ക്..അങ്ങനെ ഒന്നുമില്ല..എനിക്കു നിന്നെ..നിന്നെ..എനിക്ക് നിന്നോട് സംസാരിക്കാൻ ഇഷ്ടം ആണ്..സന്തോഷം ആണ്..സത്യം,
സാറയുടെ കണ്ണുകൾ നിറഞ്ഞു
തന്നോട് സംസാരിക്കാൻ ഇഷ്ടം ആണെന്ന്…. സന്തോഷം ആണെന്ന്….
ഉള്ളിൽ ഒരു കടൽ നിറഞ്ഞ പോലെ
“നമുക്ക് കൂട്ടുകാരാകാം..അതായത്..നല്ല സുഹൃത്തുക്കൾ..കാണുമ്പോൾ മിണ്ടാം..വെറുതെ മിണ്ടാൻ..”
അവൾ ആ മുഖത്തേക്ക് നോക്കി
അവന്റെ കണ്ണുകളിലും ഒരു കടൽ, നീല നിറമുള്ള ആഴമുള്ള ഒരു കടൽ, വലിയ കണ്ണുകൾ ആണ് അവന്റെ. നിറച്ചും പീലികളുള്ള വലിയ കണ്ണുകൾ
അത് ഇപ്പോഴാണ് സാറ ശ്രദ്ധിച്ചത്
ആ മുഖത്തേക്ക് അധികം നോക്കിയിട്ടില്ല. നല്ല സുന്ദരനാണ്. ആരും മോഹിച്ചു പോകുന്ന ഭംഗിയുള്ള ഒരാണ്
അവൾ കുനിഞ്ഞു നിന്നു
“സാറ?
“അതൊന്നും വേണ്ട. പിന്നെ പറയും എന്നേ അറിയില്ലെന്ന് “
“എന്റെ അമ്മയാണെ പറയില്ലെടി. സത്യം. എനിക്കു നിന്നെ ഇഷ്ടം ആണ് സാറ. എന്നെ വിശ്വസിക്ക്. ഞാൻ എന്ത് വേണം? അമ്മയോട് ഞാൻ പറയാം ഞാൻ അന്ന് നുണ ആണ് പറഞ്ഞത്. നീ എന്റെ സുഹൃത്താണെന്ന്. മതിയോ?”
“എനിക്ക്..വലിയ ഇഷ്ടമാണ് സാറ നിന്നെ..സത്യം..”
സാറയുടെ കണ്ണുകൾ വിടർന്നു. മുഖം ചുവന്നു
ഇഷ്ടം…
ചാർളിയുടെ മുഖത്തും ആ ഇഷ്ടം നിറഞ്ഞിരുന്നു
കൺപീലികൾ തിങ്ങി നിറഞ്ഞ കണ്ണുകളിൽ ഇഷ്ടത്തിന്റെ തിരമാലകൾ..
“എന്നോട് പിണങ്ങാതെ. ഈ നാട്ടിൽ എനിക്ക് വേറെ കൂട്ടില്ല.. “
“ഇനി കൊച്ചിയിൽ പോവോ പിണങ്ങിയ ഉടനെ?”
“ഇല്ല..നിന്നോട് പറയാതെ പോവില്ല.”
“ഇനി എന്നേ അറിഞ്ഞൂടാ എന്ന് പറയുവോ?”
“ഇല്ല..”
“ഞാനാരാണെന്ന് പറയും? “
“എന്റെ ഏറ്റവും പ്രിയമുള്ള കൂട്ട് ആണെന്ന് പറയും “
“സത്യം ” അവൾ കൈ നീട്ടി
അവൾ മെല്ലെ ചിരിച്ചു
നുണക്കുഴി വിരിഞ്ഞു
ചാർലി തലയ്ക്കു കൈ കൊടുത്തു കുനിഞ്ഞു നിവർന്നു..മുഖം അമർത്തി തുടച്ചു തലയൊന്നു കുടഞ്ഞു
“ഹൊ.. എന്റെ കർത്താവെ നീ ചുമന്ന കുരിശ് ഒക്കെ എന്ത്?”
സാറ പൊട്ടിച്ചിരിച്ചു
നുണക്കുഴികൾ വിരിഞ്ഞപ്പോൾ ആ മുഖം അതിസുന്ദരമായി. ഇത്രയും ഭംഗി ഉള്ള ഒരു മുഖം അവൻ ജീവിതത്തിൽ കണ്ടിട്ടില്ല
“താമസിച്ചു. വീട്ടിൽ അന്വേഷിക്കും. പോട്ടെ?” അവൾ മെല്ലെ പറഞ്ഞു
“നിന്റെ നമ്പർ ഒന്ന് തന്നെ?”
സാറ നെറ്റി ചുളിച്ചു
“നീ ഉദ്ദേശിക്കുന്നതിനല്ല. എക്സാം പോലെ എമർജൻസി വരുമ്പോൾ എന്നെ വിളിച്ചു പറയാൻ. അല്ലാതെ ദിവസങ്ങളോളം ഇങ്ങനെ നടക്കരുത് എന്ന് “
അവൾ മൊബൈൽ എടുത്തു കൊടുത്തു
“ലോക്ക് ഒന്നുല്ല തുറന്നോ ” അവൻ അവന്റെ നമ്പർ ഡയൽ ചെയ്തു
“രണ്ടു നമ്പർ ഉണ്ട് രണ്ടും ഞാൻ സേവ് ചെയ്തിട്ടുണ്ട്. ദേ..”
അവൾ തലയാട്ടി
“പോവാണേ “
അവൻ തലയാട്ടി. അവൾ നടന്നിട്ട് നിന്ന് തിരിഞ്ഞു
“രാത്രി ഒന്നും വിളിക്കല്ലേ ഞാൻ പപ്പയുടെയും മമ്മിയുടെയും കൂടെയാ കിടക്കുന്നെ “
അവൻ പൊട്ടിച്ചിരിച്ചു പോയി
“എടീ നീ…അയ്യേ “
“പൊ അവിടുന്ന്..വിളിക്കല്ലേ ട്ടോ “
അവൾ ഓടി പോകുന്നത് ചിരിയോടെ അവൻ നോക്കി നിന്നു
അപ്പൊ അവന്റെ വീടിന്റെ ഒരു മുറിയിൽ നിന്ന് മറ്റൊരാളും അത് കണ്ടു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു
സ്റ്റാൻലി….
തുടരും…