പ്രണയത്തിനുമപ്പുറം…
എഴുത്ത്: ദേവാംശി ദേവ
===================
“ഒരിക്കൽ കൂടി എന്നെയൊന്ന് സ്നേഹിക്കാമോ മൃദു.”
ചന്ദുവിന്റെ ചോദ്യം കേട്ടതും ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തി മൃദുല അവന്റെ മുഖത്തേക്കൊന്ന് നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
മറുപടിയൊന്നും പറയാതെ മൃദുല അവനുള്ള ഓട്സ് കോരി കൊടുത്തു. അതിനു ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് ചന്ദുവിന്റെ മുഖവും ചുണ്ടുകളും തുടച്ചു.
അവന് ആഹാരം കൊടുത്ത പാത്രങ്ങളൊക്കെ കഴുകി വെച്ച് അലക്കാനുള്ള തുണിയുമായി വീടിനു പുറകിലെ പുഴയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആയിരുന്നു അവളുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.
goutham calling.
“കഴിച്ചോടി…” കാൾ എടുത്തതും മറു ഭാഗത്തുനിന്നുമുള്ള ചോദ്യം വന്നു.
“ഇല്ല..”
“എന്തേ..സമയം എത്രയായീന്ന് അറിയോ..”
“അയാൾക്കിപ്പോ ആഹാരം കൊടുത്തേയുള്ളു. ഇതുവരെ ഉറക്കം ആയിരുന്നു.”
“എങ്കിൽ നിനക്ക് കഴിക്കാൻ പാടില്ലായിരുന്നോ..”
“വിശപ്പില്ലായിരുന്നു.”‘
“തലവേദന കുറഞ്ഞോ..”
“അതൊക്കെ മാറി..”
“മ്മ്മ്മ്മ്മ്..പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാ ഞാൻ. എങ്കിലും പിന്നെയും പറയുവാ..പറ്റില്ലെന്ന് തോന്നുന്ന നിമിഷം വിളിക്കണം…കൊണ്ടുപോന്നോളാം ഞാൻ.”
“മ്മ്മ്.” അതിന് മറുപടിയായി പുഞ്ചിരിയോടെ അവൾ ചെറുതായൊന്ന് മൂളിയതേയുള്ളു. മറുവശം കോൾ കട്ടായി.
“മോളെ…അലക്കാൻ പോകുവാണോ..അമ്മ കൂടി വരാം സഹായത്തിന്.”
അത് കേട്ടതായി പോലും ഭാവിക്കാതെ അവൾ തുണികളും എടുത്ത് പുഴയിലേക്ക് നടന്നു.
തുണികളൊക്കെ അലക്കിവെച്ച ശേഷം മൃദുല പുഴവക്കത്ത് കുറച്ചു നേരം ഇരുന്നു..പുഴയിലെ തെളിനീരിൽ പ്രധിധ്വനിക്കുന്ന അവളുടെ മുഖത്തിന് പഴയ മൃദുലയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് അവൾ ഓർത്തു.
എങ്ങനെ ബന്ധം ഉണ്ടാകാനാണ്. ഇത് തന്റെ മൂന്നാം ജന്മമാണ്.
ആദ്യത്തെ ജന്മത്തിൽ താനൊരു മകളായിരുന്നു..അച്ഛന്റെയും അമ്മയുടെയും കുറുമ്പിയായ, കുസൃതിക്കാരിയായ മകൾ.
രണ്ടാമത്തേ ജന്മത്തിൽ താനൊരു ഭാര്യയും മരുമകളും ആയിരുന്നു.
ഇത് തന്റെ മൂന്നാം ജന്മമാണ്.
മൃദുലയുടെ ഓർമകൾ പുറകിലേക്ക് സഞ്ചരിച്ചു.
മൃദുല….
അച്ഛന്റെയും അമ്മയുടെയും ഇളയ മകൾ. ഏട്ടന്റെ കുഞ്ഞു പെങ്ങൾ. അദ്ധ്യാപകരുടെ പ്രിയങ്കരി..
പഠത്തിൽ മാത്രമല്ല..നൃത്തത്തിലും സംഗീതത്തിലും എല്ലാം മുൻപന്തിയിൽ ആയിരുന്നു അവൾ.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് മൃദുല ആദ്യമായി ചന്തുവിനെ കാണുന്നത്. ഒരു ബന്ധുവിന്റെ വിവാഹത്തിന്.
ആ വിവാഹത്തിന്റെ ഫോട്ടോഗ്രാഫർ ചന്തുവായിരുന്നു. ആ പരിചയം വളർന്ന് സൗഹൃദത്തിലും പ്രണയത്തിലും എത്തി..എങ്കിലും വീട്ടുകാർ അറിയാതെ പ്രണയിച്ചു നടക്കാനൊന്നും അവൾക്ക് താല്പര്യം ഇല്ലായിരുന്നു.
അതുകൊണ്ട് തന്നെ ചന്തു അവളുടെ വീട്ടുകരുമായി സംസാരിച്ച് വിവാഹം നടത്തി. വിവാഹം കഴിഞ്ഞു ചെന്നപ്പോഴാണ് ചന്ദുവിന്റെ അമ്മക്ക് ഈ വിവാഹത്തിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെന്ന് മനസിലായത്. അവരുടെ കൂട്ടുകാരിയുടെ മകൾക്ക് ചന്ദുവിനെ ഇഷ്ടമായിരിന്നു. അവർ തമ്മിലുള്ള വിവാഹത്തിന് ചന്ദുവിന്റെ അമ്മ വാക്കും കൊടുത്തതായിരുന്നു. അത് നടക്കാതെ പോയതിന്റെ ദേഷ്യം മുഴുവൻ അവർ മൃദുലയോട് തീർത്തി.
രാവിലെ എഴുന്നേൽക്കാൻ വൈകി, കറിയിൽ ഉപ്പ് കൂടി പോയി, എരിവ് കുറഞ്ഞുപോയി, പുളിയില്ല തുടങ്ങി എന്ത് കാര്യത്തിനും അവർ കുറ്റം കണ്ടെത്തി കൊണ്ടിരുന്നു. ചന്ദുവിനോടുള്ള സ്നേഹം കൊണ്ട് അതൊക്ക ക്ഷമിക്കാൻ അവൾ തയാറായെങ്കിലും അവൻ അതൊന്നും മനസിലാക്കിയില്ല. രാവിലെ ഇറങ്ങി പോകുന്നവൻ രാത്രിയാണ് വരുന്നത്. അവളുടെ ശരീരത്തെ മാത്രമെ അവൻ സ്നേഹിച്ചിരുന്നുള്ളു. അവളെ കുറിച്ചോ അവളുടെ ഇഷ്ടങ്ങളോ അവളുടെ ബുദ്ധിമുട്ടുകളോ അവൻ തിരക്കിയിരുന്നില്ല.
അവനോടൊത്തുള്ള ജീവിതം അവൾ മടുത്തു തുടങ്ങിയപ്പോഴാണ് അവന്റെ കുഞ്ഞ് അവളുടെ ഉദരത്തിൽ തുടിച്ചു തുടങ്ങിയത്.
“ഇപ്പോ നമുക്കൊരു കുഞ്ഞു വേണ്ട..കുറച്ചുകൂടി കഴിയട്ടെ.” സന്തോഷത്തോടെ അവനോട് വിശേഷം പറഞ്ഞ മൃദുലയോടുള്ള ചന്ദുവിന്റെ പ്രതികരണം അങ്ങനെയായിരുന്നു.
“എന്താ ഏട്ടാ ഈ പറയുന്നേ…നമ്മുടെ കുഞ്ഞല്ലേ ഇത്.”
“മൃദു..പറഞ്ഞാൽ മനസിലാക്ക്..ഗർഭിണിയായി കഴിഞ്ഞാൽ ഒരുപാട് റെസ്റ്റ് എടുക്കേണ്ടി വരും. നമുക്ക് നമ്മുടെ ലൈഫ് ആസ്വദിക്കാൻ പറ്റില്ല.”
“ഛേ..നിങ്ങളൊരു മനുഷ്യനാണോ..സ്വന്തം സുഖത്തിന് വേണ്ടി കുഞ്ഞിനെ വേണ്ടെന്ന് പറയാൻ നിങ്ങൾക്ക് എങ്ങെനെ പറ്റുന്നു.”
“നീ എന്നെ ചോദ്യം ചെയ്യാനൊന്നും നിൽക്കേണ്ട..ഞാൻ പറയുന്നത് കേട്ടാൽ മതി.”
“പറ്റില്ല..ഇതെന്റെ കുഞ്ഞാണ്. ഇതിനെ എനിക്ക് വേണം..ഞാൻ വളർത്തും.”
“നിന്റെ കുഞ്ഞ്..അപ്പോ അതിന്റെ അച്ഛൻ ആരാണെന്ന് കൂടി പറയ്.” ചന്ദുവിന്റെ ചോദ്യം കെട്ട് അവൾക്ക് അവനോട് അറപ്പ് തോന്നി.
“പറയെടി..ആരാ കുഞ്ഞിന്റെ അച്ഛൻ.”
“അത് ആരാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.” അവൾ വെട്ടി തിരിഞ്ഞ് അകത്തേക്ക് പോയി.
എന്തു വന്നാലും ആ കുഞ്ഞിനെ കളയില്ലെന്ന് അവൾ ഉറപ്പിച്ചിരുന്നു. എന്നിട്ടും അവൾ പോലുമറിയാതെ ഒരു ഗുളികയിൽ ചന്തു ആ കുഞ്ഞിനെ കളഞ്ഞു. അത് മൃദുലയെ മാനസികമായി തളർത്തി.
ഹോസ്പിറ്റലിൽ ന്നിന്നും മൃദുല അവളുടെ വീട്ടിലേക്കാണ് പോയത്. മാനസികമായി അവൾക്ക് പിന്തുണ കൊടുക്കേണ്ട വീട്ടുകാർ എത്രയും വേഗം അവളെ ചന്തുവിന്റെ വീട്ടിലേക്ക് തിരിച്ചയക്കുവായിരുന്നു.
മൃദുലയുടെ ഏട്ടന്റെ വിവാഹം ഉറപ്പിച്ചതിനാൽ സഹോദരി വീട്ടിൽ വന്ന് നിൽക്കുന്നത് നാണക്കേടാണെന്നായിരുന്നു അവരുടെ പക്ഷം.
തിരികെ പോയ മൃദുല ആരോടും ഒന്നും മിണ്ടാതെ അവർ പറയുന്നതൊക്കെ അനുസരിച്ച് ജീവിച്ചു..ചന്തു അവന്റെ സന്തോഷം മാത്രം കണ്ടു. അവന്റെ അമ്മ അവളെ കൂടുതൽ കൂടുതൽ ഉപദ്രവിച്ചു.
ദിവസങ്ങൾ മുന്നോട്ട് പോയി. വർഷം രണ്ട് കഴിഞ്ഞിട്ടും മൃദുല ഗർഭിണിയായില്ല..അതിന്റെ കുറ്റം അമ്മയും മകനും അവൾക്ക് ചാർത്തികൊടുത്തു. അമ്മയോടൊപ്പം ചന്തുവും അവളെ ശത്രുപക്ഷത്ത് കണ്ട് ഉപദ്രവിക്കാൻ തുടങ്ങി. എല്ലാം അവൾ സഹിച്ചു. ആരോടും ഒന്നും പറഞ്ഞില്ല.
ഒടുവിൽ ചന്തു തന്നെ ഡിവോഴ്സ് ആവശ്യപ്പെട്ടു. എതിരൊതൊന്നും പറയാതെ മൃദുല ഒപ്പിട്ടു കൊടുത്തു. കോടതിയിൽ ഹിയറിങ് തുടങ്ങി.
തിരികെ വീട്ടിലേക്ക് ചെന്ന മൃദുലയെ തന്നിഷ്ടക്കാരിയായും തന്റേടിയായും വീട്ടുകാർ മുദ്രകുത്തി. ചന്തുവിന്റെ വീട്ടിലേതിനേക്കാൾ മനസികമായ പീ- ഡനം അവൾക്ക് സ്വന്തം വീട്ടിൽ നിന്നും നേരിടേണ്ടി വന്നു.
അവരുടെ കാഴ്ചപ്പാടിൽ ഭൂമിയോളം ക്ഷമിക്കുന്നവളാകണം പെണ്ണ്. പക്ഷെ പാതാളത്തിലായിരുന്നു അവളുടെ ജീവിതമെന്ന് ആരും മനസിലാക്കിയില്ല.
ഒടുവിലൊരു ജോലി കണ്ടെത്തി അവൾ ഹോസ്റ്റലിലേക്ക് മാറി..
അവളിലേക്കൊതുങ്ങി അവൾ ജീവിച്ചു തുടങ്ങി.
ഗൗതം….
ആ സമയത്തായിരുന്നു അവന്റെ കടന്നു വരവ്. അകന്നു നിന്നവളിലേക്ക് മനഃപൂർവം അവൻ അടുക്കുകയായിരുന്നു. ഒരിക്കലും തുറക്കില്ലെന്ന് വാശിപിടിച്ചവളുടെ മനസ്സ് അവൻ തുറന്നു..
അവൾക്ക് സ്നേഹവും സാന്ധ്വനവും നൽകി…അവളും അവനെ സ്നേഹിച്ചു തുടങ്ങി. ആരുമില്ലാത്തവൾക്ക് അവൻ ആരൊക്കെയോ ആയി.
അമ്മയുടെ കൂട്ടുകാരിയുടെ മകളുമായി ചന്ദുവിന്റെ വിവാഹം ഉറപ്പിച്ചതും ഡിവോഴ്സ് കിട്ടിയാലുടനെ അത് നടക്കുമെന്നുമൊക്കെ മൃദുലയറിഞ്ഞെങ്കിലും അതൊന്നും അവളെ ബാധിച്ചില്ല..
ഗൗതം..അവനായിരുന്നു അവളുടെ സന്തോഷം.
ഡിവോഴസിന്റെ വിധി വരുന്ന ദിവസം കോടതിയിലേക്ക് പോകുമ്പോഴാണ് ചന്തുവിന്റെ ബൈക് അക്സിഡന്റ് ആകുന്നത്. നട്ടെല്ലിന് പരിക്കേറ്റ് ചന്തു കിടപ്പിലായി. തിരികെ ജീവിതത്തിലേക്ക് വരാൻ യാധൊരു സാധ്യതയും ഇല്ലെന്ന് ഡോക്ടർമാർ വിധി എഴുതിയതറിഞ്ഞതും ചന്തു വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി അവനെ ഉപേക്ഷിച്ചുപോയി.
ഒരു ദിവസം രാവിലെ മൃദുല കണി കാണുന്നത് ചന്ദുവിന്റെ അമ്മയെയാണ്.
“മോള് തിരിച്ചു വരണം..എന്റെ മോന് ആരും ഇല്ല…ഞാനും എന്റെ മോനും നിന്നോട് ചെയ്ത എല്ലാ തെറ്റിനും ഞങ്ങളോട് ക്ഷമിച്ച് മോളു എന്നോടൊപ്പം വരണം.” പൊട്ടി കരഞ്ഞു കൊണ്ടാണ് അവരത് പറഞ്ഞത്. അവൾ മറുപടിയൊന്നും പറയാതെ മുറിയിൽ കയറി വാതിലടച്ചു.
“നീ എന്ത് തീരുമാനിച്ചു.” ഗൗതം അവളുടെ കണ്ണിലേക്ക് നോക്കി.
“എനിക്ക് പോകണം ഗൗതം..അയാളെ നോക്കാൻ എനിക്ക് പോകണം. സ്നേഹം കൊണ്ടല്ല..ഒരു ഭാര്യയുടെ വില അയാളെ അറിയിക്കാൻ..കൂടെ കിടക്കാനുള്ളവൾ മാത്രമല്ല ഭാര്യയെന്ന് അയാളെ മനസിലാക്കിക്കാൻ ഈശ്വരൻ എനിക്ക് തന്ന അവസരമാണിത്..പക്ഷെ….”
“ഒരു പക്ഷയും ഇല്ല..താൻ പോയിട്ട് വാ
ഞാനുണ്ട് കൂടെ..” പൂർണ മനസോടെ ഗൗതം അവളെ ചന്ദുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു.
*********************
“മോള് ഇവിടെ ഇരിക്കയാണോ..ഒന്നും കഴിച്ചില്ലല്ലോ. എഴുന്നേറ്റ് വന്ന് എന്തെങ്കിലും കഴിക്ക്.” മൃദുല ചന്തുവിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി
അവരുടെ സ്നേഹം കണ്ടപ്പോൾ അവൾക്ക് പുച്ഛമാണ് തോന്നിയത്.
മുൻപ് വിശപ്പുമാറാനുളള ആഹാരം ഒരിക്കലും അവർ തന്നിട്ടില്ലെന്ന് അവൾ ഓർത്തു.
രണ്ട് വർഷങ്ങൾ കടന്നു പോയി..ഒരിക്കലും കിടക്കയിൽ നിന്നും എഴുന്നേൽക്കില്ലെന്ന് ഉറപ്പിച്ച ചന്ദു എഴുന്നേറ്റ് നടന്നുതുടങ്ങി..അത് മൃദുലയുടെ കഴിവാണെന്ന് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും ഒരുപോലെ പറഞ്ഞു.
അവളെയൊന്ന് ചേർത്തു പിടിക്കാൻ ചന്തു ഒരുപാട് ആഗ്രഹിച്ചെങ്കിലും അതിനവന് കഴിഞ്ഞില്ല.
“നീ ഇവിടുന്ന് പോകുന്നെന്ന് പറഞ്ഞോ..” അവളുടെ അച്ഛനാണ് ചോദിച്ചത്.
പതിവില്ലാതെ വെളുപ്പിനെ തന്നെ മൃദുലയുടെ അച്ഛനും അമ്മയും ഏട്ടനും വീട്ടിലേക്ക് വന്നതാണ്.
“ഞാൻ വന്ന കാര്യം കഴിഞ്ഞു..അയാൾ എഴുന്നേറ്റ് നടന്നു തുടങ്ങി..ഇനി എന്റെ ആവശ്യം എന്താ..ഞാൻ പോകുവാ..”
“എങ്ങോട്ട്..അവൻ നിൻറെ ഭർത്താവാ..മര്യാദക്ക് അടങ്ങി ഒതുങ്ങി അവനോടൊപ്പം ജീവിച്ചോണം.” അവളുടെ ഏട്ടൻ ദേഷ്യത്തോടെ പറഞ്ഞു.
“ഞാൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ ഏട്ടാ..”
“പെണ്ണുങ്ങൾക്ക് ഇത്രയും അഹമ്മതി പാടില്ല.” ചന്ദുവിന്റെ അമ്മയാണത് പറഞ്ഞത്.
മൃദുല അത് ശ്രെദ്ധിക്കാൻ പോലും പോയില്ല.
“കുടുംബത്തിന്റെ മാനം കളയാൻ ശ്രെമിച്ചാൽ കൊ- ന്നു കളയും ഞാൻ.” മൃദുലയുടെ അമ്മ അവൾക്കു നേരെ കൈയ്യോങ്ങി.
”ആരും ഒന്നും ചെയ്യില്ല..നിങ്ങൾക്ക് ഞാൻ ചെയ്യുന്നത് തെറ്റായിരിക്കും. ഈ ലോകം മുഴുവൻ എനിക്ക് നേരെ തിരിഞ്ഞാലും എനിക്ക് പ്രശ്നമല്ല..എനിക്ക് ഞാൻ ചെയ്യുന്നത് ശരിയാണ്.
ഇയാളൊന്ന് വീണെന്ന് കേട്ടപ്പോൾ ഞാൻ ഓടി വന്നത് സ്നേഹം കൊണ്ടോ മനുഷത്വം കൊണ്ടോ അല്ല…അത് രണ്ടും കിട്ടാനുള്ള ഒരർഹതയും ഇയാൾക്കില്ല..”
”പിന്നെ എന്തിനാടി നീ ഇങ്ങോട്ടേക്ക് വന്നത്.” മൃദുലയുടെ അച്ഛനാണ് ചോദിച്ചത്.
“അറിയിച്ചു കൊടുക്കാൻ..ഭാര്യയായി കയറി വരുന്ന പെണ്ണിന്റെ വില എന്താണെന്ന് അമ്മക്കും മോനും അറിയിച്ചു കൊടുക്കാൻ. ഭാര്യ എന്താണെന്ന് ഇയാൾ നന്നായി ഇപ്പോ അറിഞ്ഞു. ഇനി എനിക്ക് പോകാം.”
”മോളെ നിന്നോട് ചെയ്‌തതിനെല്ലാം ഞങ്ങൾ മാപ്പ് പറഞ്ഞല്ലോ..ഇനി നീ ഇങ്ങനെ ഒറ്റക്ക് ജീവിക്കരുത് മോളെ..”
ചന്ദുവിന്റെ അമ്മ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. അവളാ കൈ തട്ടി മാറ്റി.
“അതിന് ഞാൻ ഒറ്റക്കല്ലല്ലോ ജീവിക്കുന്നത്. ഞാനൊരാളുമായി ഇഷ്ടത്തിൽ ആണ്. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
“നീ എന്തൊക്കെയാണ് മൃദു ഈ പറയുന്നത്. നീ ഇങ്ങനെയൊക്കെ ചെയ്താൽ ഞങ്ങളെങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും.”
“അല്ലെങ്കിലും ഏട്ടൻ എന്നും നാട്ടുകാരെ പറ്റിയല്ലെ ചിന്തിച്ചിട്ടുള്ളു..എന്നെ പറ്റി ഓർത്തിട്ടുണ്ടോ..എനിക്ക് മറ്റുള്ളവരെ പറ്റി ചിന്തിക്കേണ്ട ആവശ്യം ഇല്ല..ഇത് എന്റെ തീരുമാനമാണ്. എന്റെ ജീവിതമാണ്.”
”നിയമപരമായി നീ ഇപ്പോഴും എന്റെ ഭാര്യയാണ്..ഞാൻ ഡിവോഴാസ് തരാതെ നീ വേറൊരുത്തനോടൊപ്പം എങ്ങനെ ജീവിക്കും.”
“നിയമപരമായ വിവാഹത്തിനോ താലി കെട്ടിനോടോ ഒന്നും എനിക്കിപ്പോ വിശ്വാസം ഇല്ല മിസ്റ്റർ ചന്തു. നല്ലൊരു ദാമ്പത്യ ജീവിതത്തിനാവശ്യം പരസ്പര വിശ്വാസവും പ്രണയവുമാണ്. അത് ഞങ്ങൾക്കുണ്ട്.” മൃദുല പറഞ്ഞു നിർത്തിയതും മുറ്റത്ത് ഗൗതമിന്റെ കാർ വന്നു നിന്നു.
“ഇത് ഗൗതം..ഇനി മുതൽ ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കാൻ പോകുന്നത്.”
“നിന്റെ തീരുമാനം മാറില്ലെങ്കിൽ ഞങ്ങൾക്കിനി ഇങ്ങനെയൊരു…”
“മകൾ ഇല്ലെന്നല്ലേ അച്ഛൻ പറയാൻ പോകുന്നത്. ഇതുവരെയും അങ്ങനെ തന്നെ ആയിരുന്നല്ലോ അച്ഛാ..അപ്പോ ഇനിയും അങ്ങനെ മതി..”
ശാന്തമായി തന്നെ അവൾ അച്ഛനോട് പറഞ്ഞു
അവളുടെ തീരുമാനത്തിന് മാറ്റമില്ലെന്ന് എല്ലാവർക്കും ഉറപ്പായി. ചന്തു, ഗൗതമിനെ നോക്കി കാണുകയായിരുന്നു..
തന്നേക്കാൾ ചെറുപ്പം, തന്നേക്കാൾ സുന്ദരൻ, അവന്റെ സ്മ്പത്തിക സ്ഥിതി വിളിച്ചു പറയുന്നതായിരുന്നു പുറത്ത് കിടക്കുന്ന കാർ.
“പോകാം..” അവൾ ഗൗതമിനോട് ചോദിച്ചപ്പോൾ അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു..അവരുടെ ജീവിതത്തിലേക്ക്.
അത് കണ്ട് ഒന്നും മിണ്ടാൻ കഴിയാതെ മറ്റുള്ളവർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു….