ധ്വനി, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ്

ക്യാബിൻ തുറന്നു കൊണ്ട് ചന്തു അകത്തേക്ക് വന്നപ്പോൾ കൃഷ്ണകുമാർ അതിശയത്തോടെ എഴുന്നേറ്റു

“എന്റെ ദൈവമേ ഇതാര് കളക്ടർ സർ എന്താ ഈ വഴിക്ക് ഒന്ന് വിളിച്ചു പോലും പറയാതെ?”

“ശേ കളഞ്ഞു. ഒന്ന് പൊ അച്ഛാ. ഞാൻ ഈ വഴി പോയപ്പോൾ കേറിയന്നെയുള്ളൂ. ഫ്രീ ആണെങ്കിൽ ലഞ്ച് പുറത്ത് നിന്ന് ഒന്നിച്ചു കഴിക്കാം “

“ഫ്രീ ആക്കിയിരിക്കും “അയാൾ അസിസ്റ്റന്റ് മാനേജരെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞെല്പിച്ച് അവനൊപ്പം ചെന്നു

“വെറുതെ കയറിയതല്ല എന്നെ കാണാൻ തന്നെ കയറിയതാ ഇനി കാര്യം പറ”

അവൻ ഒന്ന് ചിരിച്ചു ഭക്ഷണം ഓർഡർ ചെയ്തിട്ട് അവൻ ആ മുഖത്ത് നോക്കി

“ഒരു പഴയ കഥയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചു പോയ ഒരു അമ്മയുടെ കഥയെന്നോ ഉപേക്ഷിച്ച കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളർത്തിയ മറ്റൊരു അമ്മയുടെ കഥ എന്നോ ഒക്കെ ഇതിനെ പറയാം എന്തായാലും ആ കുഞ്ഞ് ഞാനാണ്. ഞാൻ ഒരു കേണൽ അശോക് വർമ്മയുടെ മകനാണ് ഉപേക്ഷിച്ചു പോയത് കൊണ്ട് തന്നെ ആ അമ്മയുടെ പേര് എനിക്ക് അറിയില്ല. ഞാൻ വളർന്നത് ഡോക്ടർ രാജഗോപാൽ വിമല ദമ്പതികളുടെ മകനായിട്ടാണ് അതാണ് എന്റെ അച്ഛനും അമ്മയും. അവർക്ക് ഇതൊന്നും മറ്റൊരാൾ അറിയുന്നത് ഇഷ്ടവുമല്ല. പക്ഷെ ശ്രീക്ക് അറിയാം. അച്ഛനും അറിയണം. ഇതാണ് ഞാൻ “

കൃഷ്ണകുമാർ അൽപനേരം അവനെ നോക്കിയിരുന്നു

“ഇപ്പൊ ഈ കഥയുടെ പ്രസക്തി എന്താണ്?”

“I want to marry sree. “

“അപ്പോഴും ഈ കഥയുടെ പ്രസക്തി എന്താ മോനെ”

ചന്തു അമ്പരപ്പോടെ അദ്ദേഹത്തെ നോക്കിയിരുന്നു

“ജന്മം കൊണ്ട് ഒരാളെ അളക്കുന്നത് തെറ്റാണ് കർമ്മം കൊണ്ട് മനസിലാക്കണം അത് ആണ് എന്റെ പോളിസി. അത് കൊണ്ട് തന്നെ വിവേക് എന്ന എന്റെ മുന്നിലിരിക്കുന്ന ഈ പയ്യന് എന്റെ ഹൃദയത്തിൽ നൂറു മാർക്കാണ്”

ചന്തു കണ്ണ് നിറഞ്ഞു പോയിട്ട് ദൃഷ്ടി മാറ്റി

“ഇതിൽ നാണക്കേട് ഉള്ള എന്താ?അമ്മ പോയതോ? അതോ അച്ഛൻ മരിച്ചു പോയി മറ്റൊരാൾ വളർത്തിയതോ? വിവേക്.. ഇതൊന്നും ഒന്നുമല്ല മോനെ “

അവൻ ചിരിക്കാൻ ശ്രമിച്ചു

“ശരി പിന്നെ എന്താ പറയാനുള്ളത്?”

“അച്ഛൻ എന്നാ ഫ്രീ ആകുക എന്ന് ചോദിച്ചു എന്റെ അച്ഛൻ വീട്ടിലേക്ക് വരാൻ. ഒഫീഷ്യൽ ആയിട്ട് സംസാരിക്കാൻ.”

“നാളെ ബാങ്ക് ഹോളിഡേ ആണ് ഞാൻ വീട്ടിൽ ഉണ്ടാവും. ഉച്ചഭക്ഷണം എന്റെ വീട്ടിൽ നിന്ന്. ഓക്കേ?”

“ആയിക്കോട്ടെ.. പിന്നെ.. പിന്നെ..എനിക്ക് ശ്രീയെ.ഉടനെ കല്യാണം കഴിക്കണം ന്നാണ്….ശ്രീ ഓക്കേ ആണ്. പ്ലീസ് എതിർക്കരുത് “

കൃഷ്ണകുമാർ അമ്പരപ്പിലായി

“അത് മോനെ ഇപ്പൊ അവള് പഠിക്കുകയല്ലേ. കൊച്ചല്ലേ നന്ദന കല്യാണം കഴിച്ചിട്ടുമില്ല. പറഞ്ഞു വെച്ചാൽ പോരെ? ഉടനെ ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ ഞങ്ങൾ സാധാരണക്കാരല്ലേ കുട്ടി? “

“എനിക്ക് ഒന്നും വേണ്ട. ഒന്നും ശ്രീ മതി. ശ്രീ മാത്രം. അമ്പലത്തിൽ വെച്ച് ഒന്ന് താലി കെട്ടിയ മതി.. ആർഭാടം ഒന്നും വേണ്ട.”

അയാൾക്ക് ഉള്ളിൽ ഒരു സങ്കടം നിറഞ്ഞു

“പക്ഷെ മോനെ ഞങ്ങളുടെ കുടുംബത്തിൽ ആദ്യത്തെ കല്യാണം അല്ലെ അങ്ങനെ പറ്റില്ല. പ്രത്യേകിച്ച് ശ്രീക്കുട്ടി..”

“ഒത്തിരി വെയിറ്റ് ചെയ്യാൻ വയ്യ അച്ഛാ. എനിക്ക് ഇങ്ങനെ കറങ്ങി നടക്കുക ഫ്‌ളൈർട്ടിങ് ഒന്നും പറ്റില്ല. ഞാൻ ഒരു റെസ്പോൺസിബിൾ ഓഫീസർ ആണ്. കല്യാണം കഴിക്കാതെ ഇങ്ങനെ ശ്രീയുമായി ചുറ്റാൻ എനിക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ട്. കല്യാണം കഴിഞ്ഞു എന്ന് കരുതി ഒന്നും മാറില്ല. പഴയ പോലെ തന്നെ. പക്ഷെ ആ ലൈസൻസ് എനിക്ക് വേണം. അച്ഛൻ മനസിലാക്കണം ആലോചിച്ചു പറഞ്ഞാൽ മതി.”

ഭക്ഷണം കഴിഞ്ഞവൻ പോയിട്ടും അദ്ദേഹം അമ്പരപ്പിൽ തന്നെ ആയിരുന്നു

എങ്ങനെ ഇത്? ആരോടൊക്കെ ഉത്തരം പറയണം?

ശ്രീക്ക് ഓക്കേ ആണ്. ശ്രീക്ക് സമ്മതമാണോ?

അന്ന് രാത്രി വീണയോട് എല്ലാം അദ്ദേഹം പറഞ്ഞു

“ഇപ്പോഴോ അതെങ്ങനെ കൃഷ്ണേട്ടാ?”

“അതാണ് ഞാനും… പക്ഷെ വിവേക് വളരെ സീരിയസ് ആണ്. അവൻ പറയുന്നതിൽ കാര്യങ്ങൾ ഉണ്ട്. കറങ്ങി നടന്ന് പേരുദോഷം കേൾപ്പിക്കാൻ വയ്യ എന്നാ വ്യൂ കറക്റ്റ് ആണ്. പക്ഷെ നന്ദന? ശ്രീയെ ഒന്ന് വിളിച്ചേ “

ശ്രീ വന്നു

“എന്താണ് ചെല്ല കിളിസ്?”

“ശ്രീ ഉടനെ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് നിന്റെ അഭിപ്രായം എന്താ?”

“അച്ഛനുമമ്മയും പറയുന്ന പോലെ “

അവൾ നിഷ്കളങ്കമായി പറഞ്ഞു

“അയ്യടാ ഒരു പച്ചപ്പാവം “

“എന്താ കാര്യം അച്ഛാ എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ പോവാണോ? so sad “

“ഉണ്ട ഈ കൊച്ച് അഭിനയ സിംമം ആണ് അഭിനയ സിംമം. എന്റെ ദൈവമേ മുഖം നോക്ക് ആ ചെറുക്കനെ പറഞ്ഞു വിട്ടത് നീയല്ലെടി?”

“ആരെ?”

“ചന്തുവിനെ “

“അയ്യേ ചന്തുവേട്ടനാ ഇപ്പൊ കല്യാണം വേണം ന്ന് പറഞ്ഞത്. ഞാൻ പറഞ്ഞതാ ഇപ്പൊ വേണ്ട ന്ന്.. ഏട്ടന് എന്തോ മനസ്സിൽ ഉണ്ട്. ഞാൻ തേച്ചിട്ട് പോയാലോന്നു കരുതിയാവും.. ഹിഹിഹി “

“പോടീ.. നീ ആണ് ഇതിന്റെ കംപ്ലീറ്റ് സൂത്രധാരാ “

“എന്റെ അമ്മേ ദോഷം കിട്ടും കേട്ടോ ഞാനല്ല. ചന്തുവേട്ടനാ.. പാവാ അമ്മേ. എന്നെ വലിയ ഇഷ്ടാ. സമ്മതിച്ചു കൊടുത്തേക്ക്.. ഊം “

അവൾ കണ്ണിറുക്കി. വീണ ചിരിയോടെ അവളെ നോക്കി

“നീ ചേച്ചിയെ വിളിക്ക് അവളോടും കൂടി സംസാരിക്കാൻ ഉണ്ട് “

ശ്രീ ചെന്നു നന്ദനയെ വിളിച്ചു

“അച്ഛൻ വിളിക്കുന്നു വരാൻ പറഞ്ഞു “

നന്ദന അങ്ങോട്ടേക്ക് ചെന്നു

“മോൾക്ക് ഇപ്പൊ ഒരു വിവാഹം താല്പര്യമുണ്ടോ?”

കൃഷ്ണ കുമാർ നന്ദനയോട് ചോദിച്ചു

“ഒരു മൂന്ന് വർഷത്തേക്ക് നൊ അച്ഛാ “

“ഉറപ്പാണല്ലോ “

“അതേ. ഇപ്പൊ ഇതിന്റെ എക്സ് തന്നെ ഈ വർഷം കഴിയും റിസൾട്ട്‌ വരുമ്പോൾ കിട്ടിയ പിന്നെ ട്രെയിനിങ് പോസ്റ്റിങ്ങ്‌ പിന്നെയും ഒരു വർഷം. അത് കഴിഞ്ഞു ജോലി ഒരു വർഷം കഴിഞ്ഞു മതി കല്യാണം. ഞാൻ പറഞ്ഞോളാം “

“ശ്രീക്കുട്ടിയുടെ കല്യാണം നടത്തുന്നതിന് എന്തെങ്കിലും എതിർപ്പ് ഉണ്ടൊ?”

നന്ദന ഞെട്ടലോടെ അവളെ നോക്കി

“പ്രൊപോസൽ ഒഫീഷ്യൽ ആയി വന്നു കഴിഞ്ഞു. വിവേകിന്റെ വീട്ടുകാർ നാളെ വരും. ഡേറ്റ് ഫിക്സ് ചെയ്യണം. എന്തെങ്കിലും അഭിപ്രായം ഉണ്ടൊ?”

“എന്ത് അഭിപ്രായംഅവളുടെ ലൈഫ് നിങ്ങളുടെ ഡിസഷൻ. എനിക്ക് എന്താ?”

അവൾ ചിരിച്ചു. ആ ചിരി വരുത്തിക്കൂട്ടിയ ഒരു ചിരിയാണെന്ന് വീണയ്ക്ക് മനസിലായി

ശ്രീയെ നോക്കുന്ന അവളുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന അസൂയയും ദേഷ്യവും അവരുടെ കണ്ണുകൾക്ക് മനസിലായി

“അപ്പൊ പൊയ്ക്കോ രണ്ടാളും.”

ശ്രീ അവളുടെ മുറിയിലേക്കും നന്ദന അവളുടെ മുറിയിലേക്കും പോയി

നന്ദന മുറിയടച്ച് കിടക്കയിൽ വന്നിരുന്നു. അവൾ അവനെ കല്യാണം കഴിക്കുന്നു…പിന്നെ അവർ രണ്ടു പേരും ഒന്നിച്ച് തന്റെ മുന്നിലൂടെ… ഇവിടെ…താൻ ആഗ്രഹിച്ചവന്റെയൊപ്പം അവള്…

അവന്റെ മുഖം അവളുടെ ഉള്ളിൽ വന്നു. തന്നെ തീർത്തും അവഗണിച്ചു കളയുന്ന മുഖം. ആദ്യമായിട്ടാണ് ഒരു പുരുഷൻ തന്നെ അവഗണിച്ചത്. ആദ്യമായിട്ടാണ് താൻ ഒന്നുമല്ല എന്ന് തോന്നിപ്പിച്ചത്. അവളെ എന്ത് കണ്ടിട്ടാണ് അവൻ

ശേ..ഇനി കൂട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും. അവരുടെ പരിഹാസങ്ങൾക്ക് എങ്ങനെ മുഖം കൊടുക്കും. ഇവള് ച- ത്തു പോയ മതിയാരുന്നു

നാശം!

അവളുടെ കണ്ണുകൾ കുറുകി

ഇവള് ജീവിച്ചിരുന്ന അല്ലെ നീ കല്യാണം കഴിക്കു.. അവൾ ഇരുട്ടിനോട് പറഞ്ഞു

ഞാൻ അവളെ കൊ- ല്ലാൻ പോവാ..ആരും അറിയാതെ…

നീ എന്റെ കാൽ ചുവട്ടിൽ വരും വിവേക്, എന്റെ കാൽ ചുവട്ടിൽ…

തുടരും…