ധ്വനി, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ്

“ഇത്രയും ചേർച്ച ഉള്ള ഒരു ജാതകം ഇയ്യടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. നല്ല ചേർച്ച. പത്തിൽ പത്ത് പൊരുത്തം. ഇവര് എല്ലാ ജന്മങ്ങളിലും ഒന്നായവരാണ്. അങ്ങനെയുള്ളവരിലെ ഇത്രയും ചേർച്ച കാണുകയുള്ളു “

ജ്യോത്സൻ പറഞ്ഞത് കേട്ട് വീണ നെഞ്ചിൽ കൈ വെച്ചു

“അടുത്ത മാസം നല്ല മുഹൂർത്തം  നോക്കാമോ?”

“ഈ മാസം ഒടുവിൽ നല്ല മുഹൂർത്തം ഉണ്ട്. മാസം തുടങ്ങിയതല്ലേയുള്ളു
സമയം ഉണ്ട്. ഇല്ലെങ്കിൽ പിന്നെ രണ്ടു മാസം കഴിയും.”

“ഈ മാസത്തിൽ ഉള്ള തീയതി മതി ” വിമല വീണയുടെ കൈ പിടിച്ചു

“അത് മതി വീണേ. താമസിക്കേണ്ട “

“ശരി മേടം പത്ത്. വിശേഷ ദിവസമാണ്. പത്തമുദയം. അന്ന് രാവിലെ പത്തിനും പത്തരയ്ക്കും ഇടയിൽ താലി കെട്ട്. എവിടെ ആണ് നടത്തുക അത്?”

“അത് മോൾക്ക് ആറ്റുകാൽ വേണം ന്നാണ് “

“ആയിക്കോട്ടെ നല്ലതാ ദേവി നോക്കിക്കൊള്ളും ബാക്കി “

അവർ തൊഴുത് അവിടെ നിന്നിറങ്ങി

“വിമലേ ഇരുപത്തിരണ്ട് ദിവസമേ ഉള്ളു. അതിനിടയിൽ വാർഷികം ക്ഷണം. സ്വർണം സാരീ ഒക്കെ എടുക്കണം ഈശ്വര എനിക്ക് തല കറങ്ങുന്നു “

വിമല ചിരിച്ചു പോയി

“സ്വർണം ഒന്നും വേണ്ടന്നെ..അതിനൊന്നും ടെൻഷൻ വേണ്ട. ക്ഷണം വേണം. അഡ്ജസ്റ്റ് ചെയ്തു രാത്രി ഒക്കെ പോയി വിളിക്കാം. കാര്യങ്ങൾ പറഞ്ഞാൽ മനുഷ്യർക്ക് മനസിലാകുമല്ലോ.. ഒന്നും കാണാതെ ചന്തു ഇത്രയും വാശി പിടിക്കില്ല വീണ. അവന്റെ മനസ്സിൽ എന്തോ ഉണ്ട്. നമുക്ക് അറിയാത്ത എന്തോ”

വീണ വിമലയെ നോക്കി. വീണയും അത് ചിന്തിച്ചിരുന്നു. അതെന്താവും?

ശ്രീ ഡാൻസ് ക്ലാസ്സിൽ ആയിരുന്നു. ഇടക്ക് ബ്രേക്ക്‌ ടൈമിൽ അവൾ വെളിയിൽ ഇറങ്ങി

ഫോൺ എടുത്തു. അമ്മയുടെ മിസ്സ്കാൾ. അവൾ തിരിച്ചു വിളിച്ചു

എല്ലാം അറിഞ്ഞപ്പോൾ ഉള്ളിൽ ഒരു സന്തോഷം ഇനി കുറച്ചു ദിവസം. കുറച്ചു നാളുകൾ

അവൾ അവന് ഒരു മെസ്സേജ് ഇട്ടു. സമയം കിട്ടുമ്പോൾ വിളിക്കെ കാൾ വരുന്നത് കണ്ട് അവൾ എടുത്തു

“എന്താ ശ്രീ?”

“അതോ.. വെറുതെ പറയാൻ പറ്റില്ല.. ഒരുമ്മ തന്നപ്പറയാം “

“ഞാൻ ഓഫീസിൽ ആണ് കുട്ടി “

“അതോണ്ട് എന്താ?”

“ശരി ഉമ്മ്മ്മ്മ്മ്മ പറ “

“ജാതകം നല്ല ചേർച്ച ആണത്രേ.. നമ്മള് ജന്മങ്ങളായി ഒന്നായിരുന്നവരാണന്ന്… പിന്നെ ഈ മാസം 22നാണു ഫിക്സ് ചെയ്തത്. ആറ്റുകാൽ വെച്ചിട്ട്. അമ്മ പറയും. പക്ഷെ എനിക്ക് ആദ്യം പറയണം അതാ വിളിച്ചേ…”

അവന്റെ മുന്നിൽ പെട്ടെന്ന് ആള് വന്നു

“ശ്രീ ഞാൻ ബിസിയായി. വൈകുന്നേരം കാണാം അതിലെ വരാം “

“ശരി “

അവൾ ഫോൺ വെച്ചിട്ട് തനിയെ ചിരിച്ചു

“എന്താ തനിച്ചു നിന്ന് ഒരു ചിരി “

അവൾ ഞെട്ടി നോക്കി

നന്ദന

“എന്താ ചിരിക്കാൻ പാടില്ലേ?” അവൾ തിരിച്ചടിച്ചു

“ചിരിച്ചോ നല്ലോണം ചിരിച്ചോ “

“ചേച്ചി എന്താ പതിവില്ലാതെ ഈ വഴി? ഇന്ന് ക്ലാസ്സിൽ പോയില്ലേ”

“നിങ്ങൾടെ പ്രാക്ടീസ് ഒക്കെ കാണാം ന്ന് കരുതി വന്നതാ രാവിലെ ക്ലാസുമില്ലായിരുന്നു “

“ആ ശീലം ഇല്ലല്ലോ “

ശ്രീ ചുഴിഞ്ഞു നോക്കി

“പുതിയ ശീലങ്ങൾ നല്ലതല്ലേ. നി കല്യാണം കഴിഞ്ഞു പോയ ഇത് ഞാൻ നോക്കേണ്ടേ? നിന്റെ ഐ എ എസ് ഉടനെ ട്രാൻസ്ഫർ മേടിച്ചു നിന്നേ ഈ നാട്ടിൽ നിന്ന് തന്നെ കൊണ്ട് പോകും “

ശ്രീ അവളെ രൂക്ഷമായി നോക്കി

“അത് എങ്ങനെ അറിയാം”

“വിവേക് സാറിനെ നമുക്ക് അറിഞ്ഞൂടെ? എന്തിനാ പിന്നെ ഇത്രയും പെട്ടെന്ന് കല്യാണം വേണമെന്ന് പറയുന്നത്. He is very possessive.. നിന്നേ പുറം ലോകം കാണിക്കില്ല അയാള് നിന്റെ ഡാൻസ് ഒക്കെ ദേ ഇതോടെ തീർന്നു.. നിന്റെ എല്ലാ സന്തോഷവും തീർന്നു “

ശ്രീ ഒന്ന് ചിരിച്ചു

“എനിക്ക് ഇഷ്ടമാ അത്. എന്റെ ആൾക്കൊപ്പം തനിച്ച് അയാളുടെ മാത്രം ആയിട്ട്… ഞങ്ങളുടെ ലോകത്ത്..എനിക്ക് ഇഷ്ടമാ. എനിക്ക് ഡാൻസ്, പാട്ട് ഒന്നും വേണ്ട. ചന്തുവേട്ടൻ മാത്രം മതി “

നന്ദനയുടെ മുഖം ഇരുണ്ടു. അവൾ ഉദേശിച്ചത്‌ നടന്നില്ല. ശ്രീയുടെ കണ്ണുകൾ ചെറുതായി

എന്നോടാണോ ചേച്ചി നിന്റെ കളി?

കഷ്ടം

ഞാൻ ഇത് കേട്ട് പേടിച്ചു പോവോ?

എന്റെ ഏട്ടനെ എനിക്ക് അറിഞ്ഞൂടെ? ഇപ്പൊ നിന്നെയും എനിക്ക് അറിയാം

എന്നോട് കളി വേണ്ട

“ചേച്ചി… ചേച്ചിയുടെ ഒരു ഫ്രണ്ട് ഇല്ലായിരുന്നൊ ആലിയ മുഹമ്മദ്‌. പുള്ളിക്കാരി ഇപ്പൊ എന്ത് ചെയ്യുകയാ?”

പെട്ടെന്ന് നന്ദനയുടെ മുഖം വിളറി വെളുത്തത് ശ്രീ കണ്ടു

“അല്ല പിന്നെ ചേച്ചി ഒന്നും പറഞ്ഞു കേട്ടില്ല “അവൾ വീണ്ടും ചോദിച്ചു

“അവൾക്ക് എന്തോ മെന്റൽ ഇഷ്യൂ. ഒരു അഫയർ ഉണ്ടായിരുന്നത് ബ്രേക്ക്‌ അപ്പ്‌ ആയതിന്റെ.. ഇപ്പൊ ഏതോ ഹോസ്പിറ്റലിൽ ഉണ്ട് “

“ശൊ ഒരു അഫയർ ബ്രേക്ക്‌ അപ് ആയാലൊക്കെ ഇങ്ങനെ വരുമോ പാവം.ചന്തുവേട്ടന്റെ അനിയത്തിയുടെ വുഡ് ബി ചേച്ചിക്കൊപ്പം പഠിച്ചതാണ് അറിയുമോ. കാർത്തി പരമേശ്വരൻ..”

നന്ദന വിയർത്തു

“ചന്തുവേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. കഴിഞ്ഞ ദിവസം എന്നോടും സംസാരിച്ചു “

നന്ദന പിന്നെ അധികം നിന്നില്ല എന്തോ പറഞ്ഞു അവൾ സ്ഥലം കാലിയാക്കി

ചന്തുവേട്ടൻ പറഞ്ഞത് അപ്പൊ സത്യം തന്നെ

ഈശ്വര ഇത്രയും ക്രൂ- രത!

അവൾ അൽപനേരം ആ പോക്ക് നോക്കി നിന്നു

നന്ദന മുറിയിൽ എത്തി വാതിൽ അടച്ചു. അവൾക്ക് എന്തെങ്കിലും സംശയം ഉണ്ടൊ? വിവേക് എന്തെങ്കിലും അറിഞ്ഞിട്ടുണ്ടോ. കാർത്തി ഇവരുമായി കോൺടാക്ട് ഉള്ളയാളാണോ. ആ സമയത്തു കാർത്തി ഒക്കെ ഇതിനെ കുറിച്ച് കുത്തി ചോദിച്ചത് അവൾക്ക് ഓർമ്മ വന്നു. വിവേക് എന്തോ അവളോട് പറഞ്ഞു കൊടുത്തിട്ടുണ്ട്. അവളിപ്പോ പഴയ പോലെ തന്റെ മുറിയിൽ വരാറില്ല. തന്റെ വണ്ടിയിൽ വിളിച്ചാൽ പോലും കയറില്ല. ഒപ്പം ഇരുന്ന് ഭക്ഷണം പോലും കഴിക്കില്ല

എത്ര നാള് ഇവൻ രക്ഷിക്കും? കാണണമല്ലോ

എടാ വിവേകേ നി  എന്റെ കാൽ ചുവട്ടിൽ വരും. എന്നെ പ്രണയിക്കും. എന്റെ ശരീരത്തെ ലാളിക്കും. എന്റെ സൗന്ദര്യത്തിന്റെ അടിമയായി എന്റെ കാൽ ചുവട്ടിൽ കിടക്കും. ഇല്ലെങ്കിൽ ഞാൻ നന്ദനയല്ല. ഈ മണ്ടി ക്ണാപ്പി പെണ്ണിനോടുള്ള നിന്റെ ഭ്രാന്ത് വേഗം തീരും. പിന്നെ ഞാനാണ്. ഞാൻ മതി നിനക്ക്

ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നീ എന്റെയാകും നോക്കിക്കോ. അതിന് വേണ്ടി ഇവളെ ഇല്ലാതാക്കാനും എനിക്ക് മടിയില്ല. അല്ല ഇവളില്ലാതാകും. അപ്പൊ നീ നെഞ്ച് പൊട്ടി കരയും. അത് കഴിഞ്ഞാണ് എന്റെ എൻട്രി. ഞാൻ വരും, നോക്കിക്കോ

അവൾ പകയോടെ പുറത്തേക്ക് നോക്കിയിരുന്നു. പിന്നെ ബാഗ് എടുത്തു പുറത്തേക്ക് പോയി

വൈകുന്നേരം

ചന്തുവിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട് ശ്രീക്കുട്ടി ഓടി ചെന്ന് മുറ്റത്ത് നിന്നു

“ലേറ്റ് ആയി സോറി “

“സാരോല്ല “

അവൻ ചുറ്റും നോക്കി

“എല്ലാരും എവിടെ?”

” അച്ഛനുമമ്മയും കല്യാണത്തിന്റെ എന്തൊക്കെയോ കാര്യങ്ങൾക്ക് പുറത്ത് പോയി.ചേച്ചി ക്ലാസ്സിൽ പോയിട്ട് വന്നില്ല “

അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഹാളിലേക്ക് കയറി

പിന്നെ വാതിൽ ചാരി

“ഹേയ് വേണ്ട “

അവനത് ശ്രദ്ധിച്ചില്ല

വലിച്ചടുപ്പിച്ച് ചുണ്ടിൽ അമർത്തി ഒരുമ്മ

പിന്നെ ഇറുകെ പുണർന്നു മുഖത്തേക്ക് നോക്കി

“ഇനി പറ “

ശ്രീക്ക് ശബ്ദം അടച്ചു പോയി

അവൾ തൊണ്ട ശരിയാക്കാൻ ചുമച്ചു

“എന്താടി?”

അവൻ കളിയാക്കി

“unexpected ആയിട്ട് ഇങ്ങനെ ഒക്കെ ചെയ്ത ബോധം പോവും ട്ടോ “

“എന്റെ കൊച്ചിന് ഇത് ഇത് വരെ പ്രാക്ടീസ് ആയില്ലേ? കാണുമ്പോഴെല്ലാം ട്രെയിനിങ് തരുന്നുണ്ടല്ലോ “

അവൾ ചിരിച്ചു കൊണ്ട് ആ നെഞ്ചിൽ അടിച്ചു

“അങ്ങനെ പെട്ടെന്നൊന്നും ആവൂല. എനിക്ക് എപ്പോ കണ്ടാലും ആദ്യം കാണുന്ന പോലെയാ. എന്റെ നെഞ്ചിടിക്കും “

അവൻ കൗതുകത്തോടെ ആ മുഖം നോക്കി. പിന്നെ കൈ നെഞ്ചിൽ വെച്ചു

സത്യമായിരുന്നു. ശക്തിയിൽ മിടിക്കുന്നു

എന്റെ പാവം..കുഞ്ഞ്

അവൻ സ്നേഹത്തോടെ ചേർത്ത് പിടിച്ചു

“എന്നെ പേടിയാണോ? “

“നേരത്തെ ഇങ്ങനെ ഒന്നുല്ലായിരുന്നു. പിന്നെ.. പിന്നെ അന്ന്.. അന്ന്..എന്നെ ഉമ്മ വെച്ചില്ലേ.അന്ന് തുടങ്ങി നെഞ്ചിടിക്കും.. പേടിച്ചിട്ടല്ല.. അറിയില്ല “

“എന്നാ ഇനി ഉമ്മ വെയ്ക്കുന്നില്ല “

“അയ്യടാ.. ഉമ്മ വേണം. ഇത് മാറിക്കൊള്ളും “

അവൻ പൊട്ടിച്ചിരിച്ചു പോയി

“ചായ തരട്ടെ. വിശപ്പുണ്ടോ?”

“ചെറുതായിട്ട് “

“വാ ദോശ ഉണ്ടാക്കി തരാം ചായയും തരാം “

അവൻ കിച്ചണിൽ സ്ലാബിൽ ഇരുന്നു

ചൂടോടെ ദോശ ഉണ്ടാക്കി കൊടുത്തു ശ്രീ. കൂടെ മുളകും ഉള്ളിയും ചേർത്ത് അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത ചട്ണി

“ഇത് കൊള്ളാം ശ്രീ. എനിക്ക് ഇഷ്ടായി നല്ല എരിവ് “

അവൻ അത് നന്നായി ആസ്വദിച്ചു കഴിച്ചു ഇടയ്ക്ക് അവൾക്കും കൊടുത്തു

അവളോരൊന്നും ചെയ്യുന്നത് അവൻ നിറഞ്ഞ മനസ്സോടെ നോക്കിയിരുന്നു
പത്തൊമ്പതു വയസ്സുള്ള ഒരാളെ പോലെയല്ല ഇപ്പൊ നല്ല ഇരുത്തം വന്ന സ്ത്രീയേ പോലെ..ചില സമയം കുഞ്ഞുങ്ങളെ പോലെ

“മതി ശ്രീ “

അവൾ പുഞ്ചിരിച്ചു കൊണ്ട് ഗ്യാസ് ഓഫ്‌ ചെയ്തു. അവന്റെ പാത്രവും ഗ്ലാസും കഴുകി വെച്ചു. ചന്തു അവളെ മുന്നിലേക്ക് നീക്കി കണ്ണിലേക്കു നോക്കി

“എന്റെ ചാറ്റർ ബോക്സ്‌ “

അവൻ ആ നെറ്റിയിൽ ചുംബിച്ചു

“നെഞ്ചിടിപ്പ് മാറിയോ?”

“ഉം “

“നോക്കട്ടെ “

അവന്റെ നീണ്ട കയ്യിൽ നിന്ന് ഒഴിഞ്ഞു മാറി അവൾ പൊട്ടിച്ചിരിച്ചു കൊണ്ടോടിയെങ്കിലും അവൻ ഓടി പിടിച്ചവളെ തന്റെ ബന്ധനത്തിലാക്കി

“ഞാൻ നോക്കിയാൽ എന്താ?” അവന്റെ മുഖം ചുവന്നു. അവൾ മയങ്ങിയെന്ന പോലെ അവനെ നോക്കി നിന്നു

“ഞാനല്ലേ? ഉം?”

ശ്രീ തളർന്ന പോലെ ഭിത്തിയിൽ ചാരി

“എന്റെ അല്ലെ നീ?”അവൻ സ്നേഹത്തോടെ അവളെ ചുംബിച്ചു

വാതിലിനു പിന്നിൽ നിന്ന് രണ്ടു കണ്ണുകൾ അത് കാണുന്നുണ്ടായിരുന്നു

തീ പോലെ അത് ജ്വലിച്ചു. പുകഞ്ഞു

നന്ദന

തുടരും…

Leave a Reply

Your email address will not be published. Required fields are marked *