നിന്നെയും കാത്ത്, ഭാഗം 22 – എഴുത്ത്: മിത്ര വിന്ദ

വീട്ടിൽ എത്തിയപ്പോൾ അമ്മയോടൊപ്പം അടുത്ത വീട്ടിലെ സരസമ്മ ചേച്ചി ഇരിക്കുന്നത് ഭദ്രൻ കണ്ടിരുന്നു..

ബൈക്ക് കൊണ്ട് വന്നു ഷെഡിലേയ്ക്ക് ഒതുക്കി വെച്ച ശേഷം, അവൻ ഹെൽമെറ്റ് ഊരി മാറ്റി കൊണ്ട് ഇറങ്ങി.

അതിനു മുന്നേ തന്നെ നന്ദു താൻ വീട്ടിൽ നിന്നും എടുത്തു കൊണ്ട് വന്ന സാധനങ്ങൾ എല്ലാം ആയിട്ട് ഉമ്മറത്തേയ്ക്ക് കയറി ചെന്ന്.

“വീട്ടിൽ ചെന്നിട്ട് എന്തോ പറഞ്ഞു കൊച്ചേ, അകത്തേക്ക് ഒക്കെ കേറാൻ സമ്മതിച്ചോ അവര് “

മുറുക്കാൻ ചവച്ചു കൊണ്ട് തന്നെ നോക്കി ചോദിക്കുന്ന സരസമ്മ ചേച്ചിയെ നന്ദു നോക്കി. എന്നിട്ട് തല കുലുക്കി കാണിച്ചു.

“സർട്ടിഫിക്കറ്റ്സ് ഒക്കെയാണ് അമ്മേ..”

തന്റെ കൈയിൽ ഇരുന്ന കവറിലേക്ക് നോക്കി കൊണ്ട് അവൾ രാധമ്മയോട് ആയി പറഞ്ഞു.

“എല്ലാം കൊണ്ട് പോയി സൂക്ഷിച്ചു വെയ്ക്കു, എന്നതെങ്കിലും ഒരു ചെറിയ ജോലി കിട്ടിയാൽ അത്രേം ആയില്ലേ “

രാധമ്മ പറയുന്നത് കേട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി പോയി.

കതക് അടച്ചു കുറ്റി ഇട്ട ശേഷം, ഇട്ടിരുന്ന ചുരിദാർ മാറി വേറൊരെണ്ണം ധരിച്ചു. അപ്പോളേക്കും വാതിലിൽ ഭദ്രൻവന്നു തട്ടി.

ചുരിദാർ വലിച്ചു മുന്നിലേക്ക് ഇട്ട് കൊണ്ട് ചെന്നു വാതിൽ തുറന്നതും അവൻ ഉള്ളിലേക്ക് പ്രവേശിച്ചു.

വീട്ടിൽ ഉണ്ടായ കാര്യങ്ങൾ ഒന്നും ഇവിടെ വിശദീകരിക്കേണ്ട കേട്ടോ.കുഴപ്പം ഒന്നും ഉണ്ടായില്ല, എന്ന് മാത്രം അമ്മയൊ പിള്ളേരോ ചോദിച്ചാൽ പറഞ്ഞാൽ മതി.

ഷർട്ട്‌ ന്റെ ബട്ടണുകൾ ഒന്നൊന്നയ് അഴിച്ചു മാറ്റി കൊണ്ട് ഭദ്രൻ, നന്ദനയെ നോക്കി.

“പുറം പോക്കിൽ കിടക്കുന്ന ചെറ്റയ്ക്ക് വേണ്ടി തല കുനിച്ചു തന്നതിൽ  നിനക്ക് എന്തെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ, വേഗം ഇറങ്ങിക്കോണം കേട്ടോ,നിന്റെ മുന്നിൽ ആരും തടസം നിൽക്കില്ല”

മുഖം കുനിച്ചു നിൽക്കുന്നവളുടെ അടുത്തേക്ക് വന്നു അവളുടെ താടി തുമ്പിൽ തന്റെ ചൂണ്ടു വിരൽ പിടിച്ചു ഉയർത്തി കൊണ്ട് അവൻ അവളെ ദേഷ്യത്തിൽ ഉറ്റു നോക്കി.

“ഞാൻ എന്നതെങ്കിലും പറയുമ്പോൾ നീയ്  ഇങ്ങനെ നിന്നോണം,അല്ലാതെ തല കുമ്പിട്ട് എങ്ങാനും നിന്നാൽ ഉണ്ടല്ലോ” തന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് പറയുന്നവനെ, ദയനീയമായി നോക്കി നിൽക്കാൻ മാത്രം നന്ദുനു അപ്പോൾ കഴിഞ്ഞിന്നൊള്ളു..അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു അപ്പോളേക്കും..

ആ സമയത്ത് ആണ് മിന്നുവും അമ്മുവും എത്തിയിരുന്നത്.

അവര് വന്നതോടെ നന്ദുവിന് സമാധാനം ആയി.. രാധമ്മ ആണെങ്കിൽ എല്ലാവർക്കും ഉള്ള ചായയും പലഹാരവും ഒക്കെ എടുത്തു മേശപ്പുറത്തു വെച്ചിരുന്നു.

നന്ദുവിന് ആണെങ്കിൽ വല്ലാതെ വിശന്നു.. കാലത്തെ കാപ്പി കുടിച്ചു പോയതിന് ശേഷം പിന്നീട് ഈ നിമിഷം വരെയും പച്ച വെള്ളം പോലും അവള് കുടിച്ചിരുന്നില്ല..

പെൺകുട്ടികൾ രണ്ട് പേരും അവരുടെ ക്ലാസ്സിലെ ഓരോ വിശേഷം ഒക്കെ പറയുകയാണ്…. രാധമ്മ അപ്പോളേക്കും പുറത്തേക്ക് ഇറങ്ങി പോയിരുന്നു.

ഭദ്രനും കൂടെ വന്നു കുട്ടികളുടെ അടുത്ത് ഇരുന്നു, ഒരു കപ്പ് ചായയും എടുത്തു കൊണ്ട്.

“ചേച്ചി… വായോ, ഇരുന്ന് ചായ കുടിയ്ക്ക് “

ഭദ്രന്റെ അടുത്ത് കിടന്നിരുന്ന കസേരയിൽ മിന്നു, നന്ദുവിന്റെ കൈ പിടിച്ചു കൊണ്ട് പോയി ഇരുത്തി.

അത്യാവശ്യം ചൂട് ഉണ്ടായിരുന്ന ചായ പെട്ടന്ന് പെട്ടന്ന് നന്ദു കുടിച്ചു തീർക്കുന്നത് ഭദ്രൻ കാണുന്നുണ്ട്യിരുന്നു.

പലഹാരം ആയിട്ട് എടുത്തു വെച്ചത് കായ വറുത്തതും ഞാലി പൂവൻ പഴവും ആയിരുന്നു.

അതും അവൾ എടുത്തു വേഗം വേഗം കഴിച്ചു തീർത്തു. അപ്പോളേക്കും ഭദ്രൻ ഓർത്തത് ഇന്നത്തെ ദിവസം അവൾ ഒന്നും കഴിച്ചില്ലലോ എന്ന്.ഒരു വെള്ളം പോലും അവൾക്ക് മേടിച്ചു കൊടുത്തതും ഇല്ല.

താൻ ആണെങ്കിൽ ഇച്ചായന്റെ കൂടെ ഉള്ള സമയങ്ങളിൽ അങ്ങനെ കൃത്യം ആയിട്ട് ഭക്ഷണം കഴിക്കൽ ഒക്കെ കുറവ് ആണ്… അതുകൊണ്ട് തനിക്ക് ഇത് ഒന്നും ഒരു വിഷയം അല്ലെന്ന് അവൻ ഓർത്തു കൊണ്ട് നന്ദു വിനെ നോക്കിയപ്പോൾ ചായ മുഴുവൻ കുടിച്ചു തീർത്തിട്ട്, അവൾ വലം കൈ പത്തി കൊണ്ട് ചുണ്ടും മുഖവും തുടയ്ക്കുകയായിരുന്നു.

ചേച്ചി…… എനിക്ക് മാത്‍സ് ന്റെ പ്രോബ്ലം ചെയ്യുന്നത് ഒന്ന് പറഞ്ഞു തരണേ…

മിന്നു, ആണെങ്കിൽ നന്ദുവിനോട് എന്തൊക്കെയോ സംശയം ചോദിക്കുന്നത് കേട്ട് കൊണ്ട് രാധമ്മ അവരുടെ അടുത്തേക്ക് നടന്നു വന്നു.

തൊടിയിൽ നിന്നും പറിച്ചെടുത്ത ഒരു പിടി ചീര അവരുടെ കൈയിൽ ഉണ്ടായിരുന്നു.ഇടയ്ക്ക് ഭദ്രന്റെ ഫോൺ ശബ്ധിക്കുന്നത് കേട്ടപ്പോൾ അവൻ എഴുന്നേറ്റു മുറിയിലേക്ക് പോയിരുന്നു.

“അമ്മു എന്ത്യേടി.. അവളോട് കേറി കുളിക്കാൻ പറ, നന്ദനയും ചെന്നു കുളിച്ചു തുണി മാറ് കേട്ടോ, നേരം 5മണി കഴിഞ്ഞു…”

രാധമ്മ പറഞ്ഞതും നന്ദു എഴുനേറ്റ് മുറിയിൽ ചെന്നു..

ഭദ്രൻ കട്ടിലിൽ ഇരിപ്പുണ്ട്, ഒരു സിഗരറ്റ് പുകച്ചു കൊണ്ട്.

കാലത്തെ അലക്കി ഇട്ടിട്ട് പോയ ചുരിദാർ ഒക്കെ ഉണങ്ങി കിടപ്പുണ്ടയിരുന്നു, അമ്മ ആണെന്ന് തോന്നുന്നു അത് എടുത്തു മുറിയിൽ കൊണ്ട് വന്നു വെച്ചത്. അതുകൊണ്ട് അവൾ അതെടുത്തു.. എന്നിട്ട് അഴയിൽ നിന്നും ഭദ്രന്റെ തോർത്തും എടുത്തു, മാറാനുള്ള തുണിടെ കൂടെ കൂട്ടി പിടിച്ചു..

“ആ പിള്ളേർക്ക് മേടിച്ച മാലേം പൊട്ടും ഒക്കെ എന്ത്യേ.. അത് അവർക്ക് കൊടുത്തില്ലല്ലോ “

ഭദ്രൻ ഒരു പുക ഊതി പുറത്തേക്ക് വിട്ട് കൊണ്ട് അവളെ നോക്കി.

അലമാര തട്ടിൽ നിന്നും തന്റെ ബാഗ് പുറത്തേക്ക് എടുത്തു കൊണ്ട് അതിലെ കവർ നന്ദു വലിച്ചെടുത്തു. എന്നിട്ട് സിന്ദൂരവും ബ്രഷും മാത്രം എടുത്തു വെച്ചിട്ട്, ബാക്കി സാധനങ്ങൾ അവൾ ഭദ്രന്റെ നേർക്ക് നീട്ടി.

“അത് അങ്ങോട്ട് കൊടുത്തേയ്ക്ക്, എന്തിനാ എന്റെ കൈയിൽ തരുന്നത് “

ആ സമയത്ത് ആയിരുന്നു മിന്നു അങ്ങോട്ട് കേറി വന്നത്.

“വല്യേട്ടാ, എനിക്ക് ഒരു നോട്ട് ബുക്ക്‌ വേണം,200പേജിന്റെ വര ഇട്ട ബുക്ക്‌….”

“ഹ്മ്മ്.. മേടിക്കാം..വൈകുന്നേരം പോയിട്ട് വരുമ്പോളു പോരേ “

“മതി വല്യേട്ടാ….” അപ്പോളേക്കും തന്റെ കൈയിൽ ഇരുന്ന കവർ നന്ദു അവളുടെ കൈയിൽ കൊടുത്തു.

“ഇതെന്താ ഏട്ടത്തി “

“ഏട്ടൻ മേടിച്ചതാ, നിങ്ങൾക്ക് രണ്ടാൾക്കും ” അവൾ പറഞ്ഞതും മിന്നു അത് പൊട്ടിച്ചു നോക്കി.

അമ്മുചേച്ചി…. ഇങ്ങു വന്നേ…. ഒപ്പം വിളിയും കഴിഞ്ഞു.

മാലയും, ക്ലിപ്പും, പൊട്ടും, ഷാമ്പുവും ഒക്കെ എടുത്തു തിരിച്ചും മറിച്ചും നോക്കുന്ന മിന്നു വിനെ ഒരു ചിരിയോട് കൂടി നൊക്കി നിൽക്കുകയാണ് നന്ദു.

ഏടത്തിയ്ക്ക് ആ പൊട്ടും കണ്മഷിയും കൊടുക്ക് മിന്നു.. നമ്മൾക്ക് ഐ ലൈനർ ഒക്കെ ഉണ്ടല്ലോ…..

അമ്മു പറഞ്ഞു.

വേണ്ട വേണ്ട… എനിക് അതൊന്നും വേണ്ടന്നേ…നിങ്ങൾ അല്ലേ എല്ല ദിവസോം സ്കൂളിൽ ഒക്കെ പോകുന്നത്.. അത് നിങ്ങള് കൊണ്ട് പോയി സൂക്ഷിച്ചു വെച്ചോ.. എന്റെ കൈയിൽ ഇതൊക്കെ ഉണ്ട് താനും…

നന്ദു അതൊന്നും വാങ്ങാതെ കൊണ്ട് തിരിച്ചു കൊടുത്തു.

“യ്യോ… ഈ ചേച്ചിടെ കവിൾ എന്താ ഒരു മാറ്റം പോലെ…. ചെറുതായി നീരില്ലേടി… നോക്കിക്കേ…

അമ്മു ചോദിച്ചതും ഭദ്രൻ ആയിരുന്നു ആദ്യം മുഖം ഉയർത്തി നോക്കിയത്..

“ശരിയാണ് കേട്ടോ… ഇതെന്ന പറ്റി ചേച്ചി…. “

മിന്നു വന്നു അവളുടെ കവിളിൽ പിടിച്ചതും നന്ദു അല്പം പിന്നോട്ട് മാറി.. എരിവ് വലിച്ചു..

അത്.. കുഴപ്പമില്ല ടാ… വായുടെ ഉൾ വശം മുറിഞ്ഞിട്ടുണ്ട്,അതുകൊണ്ട് ആണേ…. ഞാൻ പോയി കുളിച്ചിട്ട് വരാം കേട്ടോ.. വിളക്ക് വെയ്ക്കാൻ നേരം ആയില്ലേ…

ആരെയും നോക്കാതെ കൊണ്ട് നന്ദു പുറത്തേയ്ക്ക് പെട്ടന്ന് തന്നെ ഇറങ്ങി പോയി..

“അമ്മു…. വന്നു മുറ്റം അടിയ്ക്ക് കൊച്ചേ, നീ എന്തോ ചെയ്യുവാ അവിടെ ഇരുന്നു… മിന്നുവേ ഇങ്ങോട്ട് വന്നെടി…”

അമ്മ വിളിച്ചതും പിള്ളേര് രണ്ടു പേരും ഇറങ്ങി പോയിരിന്നു.

ശരിയാണ് അവളുടെ കവിളിൽ ഇപ്പോൾ ലേശം നീര് വന്നത് പോലെ ഉണ്ട്… നല്ല വേദന ഉണ്ടെന്ന് തോന്നുന്നു. മിന്നു വന്നു പിടിച്ചപ്പോൾ വേദന കൊണ്ട് അവളുടെ നെറ്റി ചുളിഞ്ഞിരുന്ന് ..താൻ കുറച്ചു മുന്നേ കവിളിൽ കുത്തി പിടിച്ചപ്പോൾ, സംഭവിച്ചത് ആണോ….

ഭദ്രൻ അതായിരുന്നു ചിന്തിച്ചു കൊണ്ട് നിന്നത്…

നന്ദു പെട്ടന്ന് തന്നെ കുളിച്ചു ഇറങ്ങി വന്നിരുന്നു..

മുടിയിലെ തോർത്ത്‌ അഴിച്ചു എടുത്തു ഉള്ള ശക്തിയിൽ അവള് അത് പിഴിഞ്ഞ് വെള്ളം കളയുന്നത് കണ്ട് കൊണ്ട് ഭദ്രൻ ഇറങ്ങി വന്നത്..

“ഇങ്ങു താ…..”

അവൻ കൈ നീട്ടിയതും നന്ദു അത് അവന്റെ കൈയിൽ കൊടുത്തു.

ഭദ്രൻ ആണെങ്കിൽ കൂൾ ആയിട്ട് തോർത്ത്‌ പിഴിഞ്ഞ ശേഷം അവളുടെ കൈയിൽ കൊടുത്തു. എന്നിട്ട് ബൈക്ക് എടുത്തു പുറത്തേക്ക് പോയിരുന്നു.

മുറിയിൽ വന്ന ശേഷം, അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു.

മേശപ്പുറത്തു ഇരുന്ന സിന്ദൂരം അല്പം നുള്ള് എടുത്തു നെറുകയിൽ അണിഞ്ഞു.തന്റെ പ്രതിബിബം കണ്ടതും മനസിന്‌ വല്ലാത്ത ഒരു അനുഭൂതി… അത് വന്നു തഴുകി തലോടും പോലെ….

ഒരാണ്ട് തികയില്ല… അതിനു മുന്നേ നിന്നേ പട്ടടയിൽ വെയ്ക്കൂടി……

വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞ ശാപവാക്കുകൾ..

ഓർത്തതും അവൾക്ക് നെഞ്ചു പൊട്ടി.

ആഹ്.. അമ്മയുടെ സങ്കടം കൊണ്ട് ആവും, പോട്ടെ സാരമില്ല…

സമാധനിച്ചു കൊണ്ട് അവൾ ഉമ്മറത്തേയ്ക്ക് ചെന്നു.

തുടരും…

ഇഷ്ടം ആകുന്നുണ്ടോ..