നിന്നെയും കാത്ത്, ഭാഗം 24 – എഴുത്ത്: മിത്ര വിന്ദ

കൂട്ടുകാരൻ ആയ ആന്റപ്പനും, ദാമുവും ആയിട്ട് ഒന്ന് കൂടാൻ ആയിരുന്നു പ്ലാൻ..കുപ്പി മേടിക്കാൻ ഉള്ള ഷെയർ ഗൂഗിൾ പേ ചെയ്തു കൊടുത്ത ശേഷം ആണ്, താൻ കത്തിച്ചു വിട്ട് വണ്ടിയും ഒടിച്ചു വന്നത്… അപ്പോളാണ് അവളുടെയൊരു കോപ്പിലെ വർത്തമാനം കുളി കഴിഞ്ഞു കേറി വന്നിട്ട് കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുകയായിരുന്നു ഭദ്രൻ.

“മുഖം കുനിച്ചു നിന്നാല്  കവിളിൽ കുത്തി പിടിച്ചു വേദനിപ്പിക്കും, മുഖത്ത് നോക്കിയാലോ, പേടിപ്പിക്കുവാണെന്ന് പറയുന്നു… ഇത് എന്തൊരു കഷ്ടം ആണ് എന്റെ ഈശ്വരാ

അവള് പറഞ്ഞത് ഓർത്തു കൊണ്ട് അവന്റെ മിഴികൾ നിലത്തേക്ക് പാഞ്ഞു.

സമയം 12മണി ഒക്കെ കഴിഞ്ഞു. ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.

പെട്ടന്ന് ആയിരുന്നു നന്ദന ഉറക്കത്തിൽ ഒന്ന് ഞരങ്ങിയത്.

അവൻ പെട്ടന്ന് തല ഉയർത്തി നോക്കിയപ്പോൾ കണ്ടു നിലത്തു നിന്ന് എഴുന്നേറ്റു വരുന്നവളെ.

“എന്താടി….”

അവൻ അവിടെ കിടന്നു കൊണ്ട് ചോദിച്ചു.

“എന്റെ കാലിൽ എന്തോ കടിച്ചത് പോലെ തോന്നി ഭദ്രേട്ടാ….”

അവള് പറഞ്ഞു നിറുത്തിയതും ഒറ്റ കുതിപ്പിന് അവൻ ചാടി എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു.

എന്നിട്ട് അവളെ പിടിച്ചു ബെഡിലേക്ക് ഇരുത്തി..

എവിടെ… നോക്കട്ടെ..

പറഞ്ഞു കൊണ്ട് അവൻ അവളുടെ പാവാട പിടിച്ചു മേല്പോട്ട് ഉയർത്തിയതും നന്ദു അവന്റെ കൈയിൽ കയറി പിടിച്ചു.

അയ്യേ… ഇതെന്താ ഈ കാട്ടുന്നത്…

“എവിടെ ആണ് കടിച്ചത്, കാണിച്ചേടി…”

അവൻ പറഞ്ഞപ്പോൾ നന്ദു കണങ്കാലിന്റെ ഓരം കാണിച്ചു കൊടുത്തു.

ഇവിടെ ആണ്…..

അവൾ ചൂണ്ടിയ ഭാഗത്തേക്ക്‌ അവൻ മൊബൈൽ ടോർച്ചു അടിച്ചു.

“വല്ല പാ- മ്പും ആണോ ആവോ, നോക്കട്ടെ, രക്തം വല്ലതും വരുമോന്നു…”

“ആഹ് എന്നാൽ പിന്നെ ഞാൻ രക്ഷപെട്ടു, എത്രയും പെട്ടന്ന് എന്റെ പ്രാർത്ഥന കേട്ട് കൊണ്ട് ഈശ്വരൻ അങ്ങട് വിളിച്ചാൽ മതി ആയിരുന്നു…… “

മെല്ലെ ഇരുന്ന് കൊണ്ട് അവൾ പിറു പിറുത്തു..ഭദ്രന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.ഒരൊറ്റ ഒരെണ്ണം വെച്ച് തന്നാൽ ഉണ്ടല്ലോ…..അവൻ കൈ വീശിയതും നന്ദു അവനെ തുറിച്ചു നോക്കി.

എന്നിട്ട് അവന്റെ കൈയിൽ ഇരുന്ന മൊബൈൽ ടോർച്ചു മേടിച്ചു തന്റെ മുഖത്തേക്ക് അടിച്ചു കൊണ്ട് അവൾ വായ തുറന്ന് കാണിച്ചു.

“ദേ കണ്ടൊ….നിങ്ങള് അടിക്കുകയും, കവിളിൽ കുത്തി പിടിക്കുകയും ഒക്കെ ചെയ്തപ്പോൾ മുറിഞ്ഞത് ആണ്, ഇതും വെച്ചോണ്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാൻ ആവാത്ത അവസ്ഥ യിൽ ആണ് ഞാന്… എന്നിട്ടും എല്ലാം സഹിച്ചു നിൽക്കുവാ, ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലാത്തത് കൊണ്ട്… പിന്നെ എല്ലാം വരുത്തി വെച്ചത് ഞാൻ ഒരാൾ ആയി പോയത് കൊണ്ടും….”

അതും പറയുമ്പോൾ പാവം നന്ദു വിന്റെ ശബ്ദം വിറച്ചു..

മിഴികളിലൂടെ ചാലിച്ചു ഇറങ്ങുകയാണ് കണ്ണീര്…

ഒരു നിമിഷത്തേയ്ക്ക് ഭദ്രന് പോലും ഒന്നും മിണ്ടാൻ പറ്റിയില്ല, അവളുടെ കവിളിന്റെ ഉള്ളിലെ മുറിവ് കണ്ടതും അവനും വല്ലാത്ത വിഷമം തോന്നി പോയിരിന്നു.

നന്ദു വിരിച്ചു കിടന്ന ഷീറ്റ് എടുത്തു അവൻ കുടഞ്ഞു..

ഒരു പഴുതാര ഇഴഞ്ഞു നീങ്ങി പോകുന്നത് അവനും നന്ദുവും പെട്ടന്ന് കണ്ടു.

യ്യോ… ഭദ്രേട്ടാ, പഴുതാരാ

അവന്റെ കൈയിൽ പിടിച്ചു അവൾ പെട്ടന്ന് പിന്നിലേക്ക് വലിച്ചു.നന്ദു വിന്റെ ഒരു ജോഡി ചെരുപ്പ് അപ്പുറത്ത് മാറി കിടന്നിരുന്നു.അത് വേഗം എടുത്തു കൊണ്ട് വന്ന ശേഷം,അവൻ ആ പഴുതാരയെ അടിച്ചു കൊ- ന്നു.

ശബ്ദം കേട്ട് കൊണ്ട് രാധമ്മ ഉണർന്നു. മുറിയുടെ വാതിൽക്കൽ വന്നു അവര് ഭദ്രനെ വിളിച്ചു.

“എന്താമ്മേ……”

“എന്നാടാ ഒരു ബഹളം കേട്ടത്”

“ആഹ് അവളുടെ കാലിൽ ഒരു പഴുതാരാ കടിച്ചു, അതിനെ ഞാൻ അടിച്ചു കൊ- ന്നതാ….”

ഭദ്രൻ അലക്ഷ്യമായി പറഞ്ഞു.

യ്യോ…. എവിടെ, നോക്കട്ടെ….എന്ന് പറഞ്ഞു കൊണ്ട് അമ്മ നന്ദു വിന്റെ അടുത്തേക്ക് ഓടി വന്നു.

എവിടെയാ മോളെ….

അവർ ചോദിച്ചതും നന്ദു തന്റെ കാല് കാണിച്ചു കൊടുത്തു.

“ഇതെങ്ങനെ പറ്റി കുഞ്ഞേ, നീ നിലത്താണോ കിടന്നത് “

“ഉം…….”

അവൾ മുഖം കുനിച്ചു കൊണ്ട് മൂളി..

“നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു ഭദ്ര, ഒരു കട്ടില് മേടിച്ചു ഇടാൻ…. ഇനി ഈ കൊച്ച് എത്രമാത്രം വേദന സഹിക്കണം, കാല് കട്ടു കഴച്ചു പൊട്ടും, നേരത്തോട് നേരം വരെ….. അല്ല അതൊന്നും പറഞ്ഞാലു നിനക്ക് മനസിലാവില്ലലോ….”

പച്ച മഞ്ഞളും തുളസിയിലയും കൂടി അരച്ച് കൊണ്ട് വന്നു നന്ദു വിന്റെ കാലിലേക്ക് ഇടുകയാണ് രാധമ്മ..

ഒപ്പം മകനെ വഴക്ക് പറയാനും അവർ മറന്നില്ല.

“മോളെ, എഴുന്നേറ്റു വാ, ആ പിള്ളേരുടെ കട്ടിലിൽ കിടക്കാ, ഇനി ഈ നിലത്തു കിടന്നിട്ട് വേദന കൂടും “

രാധമ്മ ആണെങ്കിൽ നന്ദു വിനെ വിളിച്ചതും ഭദ്രൻ പെട്ടന്ന് തന്നെ വിലക്കി.

അതൊന്നും വേണ്ട…ഇവളിവിടെ കിടന്നോളും . അമ്മ പോയി കിടന്ന് ഉറങ്ങാൻ നോക്ക്, നേരം വെളുക്കാറായി…..ബാക്കിയുള്ളോൻ വന്നിട്ടൊന്ന് കണ്ണടച്ച് പോലും ഇല്ല….

“മോളെ നീ എഴുന്നേറ്റു വാടി, ഇവൻ ഇനി ഒരു കട്ടില് മേടിക്കാതെ നീയ് ഈ മുറിയിൽ കിടന്ന് പോലും പോകരുത് കേട്ടോ “

രാധമ്മ അപ്പോളേക്കും നന്ദു വിന്റെ കൈയിൽ കയറി പിടിച്ചു കഴിഞ്ഞു.

“അമ്മേ…. പോയി കിടന്ന് ഉറങ്ങുന്നുണ്ടോ,ഇവള് ഇവിടെ കിടന്നോളും എന്ന് മലയാളത്തിൽ അല്ലേ ഞാൻ പറഞ്ഞത്.

അവൻ ഒച്ച വെച്ചതും രാധമ്മ പിന്നീട് അവിടെ നിൽക്കാതെ കൊണ്ട് മുറിക്ക് പുറത്തേയ്ക്ക് ഇറങ്ങി പോയിരിന്നു.

“നീ ഇവിടെ കിടന്നോ, ഞാൻ നിലത്തു കിടന്നോളാം…. “

ഭദ്രൻ ഒരു സി- ഗരറ്റ് എടുത്തു ചുണ്ടിലേയ്ക്ക് വെച്ച് കൊണ്ട് നന്ദനയെ നോക്കി പറഞ്ഞു.

“അതൊന്നും വേണ്ട, ഭദ്രേട്ടൻ കട്ടിലിൽ കിടന്നോ, ഞാൻ ഇവിടെ…”

“പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി, അല്ലാണ്ട് ഇങ്ങോട്ട് ഒന്നും പറയണ്ട….”

കടുപ്പത്തിൽ അവളെ നോക്കി പറഞ്ഞ ശേഷം ഭദ്രൻ, നന്ദു വിരിച്ചു കിടന്ന ബെഡ്ഷീറ്റ് എടുത്തു വിരിച്ചു, എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തിട്ട് അവിടെക്ക് കിടന്നു.

“ഭദ്രേട്ടാ ഇവിടെ കിടന്നോ, ഞാൻ അമ്മേടെ കൂടെ കിടന്നോളാം “

യാതൊരു മറുപടിയും പറയാതെ കൊണ്ട് അവൻ കണ്ണുകൾ അടച്ചുകിടന്നു.

ഞരങ്ങിയും മൂളിയും കിടക്കുകയാണ് നന്ദു. അമ്മ പറഞ്ഞത് പോലെ കാല് കഴച്ചു പൊട്ടാഞാൻ തുടങ്ങിയിരുന്നു. ഇടയ്ക്ക് ഒക്കെ ഭദ്രൻ ഉണർന്നു അവളുടെ കാലിൽ തിരുമ്മി കൊടുക്കുന്നുണ്ട്. സത്യത്തിൽ അവനും അറിയില്ല എന്ത് ചെയ്യണം എന്നുള്ളത്…

“ഹോസ്പിറ്റലിൽ പോയി കാണിക്കാം, നീ റെഡി ആകു “

ഇടയ്ക്ക് അവൾക്ക് വേദന കൂടിയപ്പോൾ ഭദ്രൻ എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.

“വേണ്ട… കുറഞ്ഞോളും ഭദ്രേട്ടാ…”..

ചിലമ്പിയ ശബ്ദത്തിൽ നന്ദു മെല്ലെ പറഞ്ഞു.

അന്ന് രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാതെ ഭദ്രനും നന്ദുവും നേരം വെളുപ്പിച്ചു.

രാവിലെ ആയപ്പോൾ അത്യാവശ്യ നല്ലത് പോലെ നീര് വെച്ചു വീങ്ങിയിരുന്നു അവളുടെ കാൽ പാദം..

രാധമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന്, അടുത്ത കവലയിലുള്ള ഒരു വൈദ്യന്റെ വീട്ടിലേക്ക്,നന്ദനയെയും കൂട്ടി ഭദ്രൻ പോയിരുന്ന്..

അവിടെ ചെന്ന ശേഷം അയാള് എന്തൊക്കെയോ പൊടി തേനിൽ ചാലിച്ചു പുരട്ടാൻ അവൾക്ക് കൊടുത്തു.

തിരികെ വീട്ടിൽ വന്ന ശേഷം അത് പുരട്ടി അല്പം കഴിഞ്ഞതും അവൾക്ക് തെല്ലു ആശ്വാസം തോന്നി.

ഉച്ചയ്ക്ക് ശേഷം പുറത്തേക്ക് പോയ ഭദ്രൻ തിരികെ എത്തിയത് മമ്മദ് ഇക്കാടെ കടയിൽ നിന്നും ഒരു ഡബിൾ കോട്ട് കട്ടിലും ബെഡും ഒക്കെ മേടിച്ചു കൊണ്ട് ആയിരുന്നു.

തുടരും…

വായിച്ചു ഇഷ്ടം ആയെങ്കിൽ ഒരു വാക്കു പറയണേ

Leave a Reply

Your email address will not be published. Required fields are marked *