റോഡരികിലെ തട്ടുകടകളിൽ നിന്നും ഉയർന്നു വരുന്ന ഭക്ഷണത്തിന്റെ മണം അവന്റെ നാവിനെ കൊതിപ്പിക്കുന്നുണ്ടായിരുന്നു…

പാദസരം

Story written by Soumya Dileep

=========

“നേരം ഉച്ചയായല്ലോ ഇന്നും ഒന്നും ചിലവായില്ല. അനിയത്തിയോടിനി എന്ത് പറയും. പാവം വിശന്നിരിക്കാവും.”

കൈയിലിരുന്ന വാടിതുടങ്ങിയ മുല്ലപ്പൂക്കളിലേക്ക് നോക്കി മനു നെടുവീർപ്പിട്ടു.

രാവിലെ ആകെയുള്ള ഒരു പിടി അരിയെടുത്ത് കഞ്ഞി വച്ചതാണ്. വറ്റുള്ളത് അനിയത്തിക്ക് മാറ്റി വച്ചിട്ട് വെള്ളം മാത്രം കുടിച്ചു പോന്നതാണ്. സൂര്യൻ ഉച്ചിയിലെത്തിയിരിക്കുന്നു. തൊണ്ട വരളുന്നു. അവൻ പതുക്കെ റോഡിനേതിർ വശത്തുള്ള പൈപ്പിനടുത്തേക്ക് നടന്നു. കുറെ പച്ചവെള്ളം കുടിച്ചു കത്തിയാളുന്ന വയറിനെ ഒന്ന് ശാന്തമാക്കി.

വീണ്ടും അവന്റെ പൂക്കുടക്കരികിൽ ചെന്നിരുന്നു, ആരെങ്കിലും വരുന്നുണ്ടൊന്നും നോക്കി.

സമയം സന്ധ്യയായി. വാടിക്കരിഞ്ഞ പൂക്കളുമായി അവൻ വീട്ടിലേക്കു മടങ്ങി.

റോഡരികിലെ തട്ടുകടകളിൽ നിന്നും ഉയർന്നു വരുന്ന ഭക്ഷണത്തിന്റെ മണം അവന്റെ നാവിനെ കൊതിപ്പിക്കുന്നുണ്ടായിരുന്നു. അവൻ മുഷിഞ്ഞ ഷർട്ടിന്റെ ഒഴിഞ്ഞ കീശ നോക്കി നെടുവീർപ്പിട്ടു. വീട് ലക്ഷ്യമാക്കി നടന്നു.

തീപ്പെട്ടികൂടുകൾ അടുക്കി വച്ച പോലെ കൊച്ചു വീടുകൾ നിറഞ്ഞ ചേരിയിലാണ് അവന്റെ വീട്. അതിനപ്പുറം റെയിൽവേ സ്റ്റേഷൻ ആണ്. പുലർച്ചെ എഴുന്നേറ്റ് പോയി 4 മണിക്കുള്ള വണ്ടിയിൽ വരുന്ന അക്കയുടെ കൈയ്യിൽ നിന്നും പൂ വാങ്ങും. അതും കുട്ടയിലാക്കി ടൗണിൽ കൊണ്ടുപോയി വിൽക്കും. അവനെ പോലെ തൊഴിലെടുക്കുന്ന കുറെ കുട്ടികളുണ്ട് ആ ചേരിയിൽ.

**************

അച്ഛനു ഇസ്തിരിയിടലായിരുന്നു പണി. രാവിലെ തേപ്പു വണ്ടിയുമായി ഇറങ്ങി ഓരോ വീടുകളിൽ പോയി തേച്ചു കൊടുക്കും. ഒരു ദിവസം പണി കഴിഞ്ഞു വരുന്ന വഴി എതിരെ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിച്ചതാണ്. കാറുക്കാരൻ കുടിച്ചിട്ടുണ്ടായിരുന്നു. ആരും ചോദിക്കാനോ പറയാനൊ ചെല്ലാതിരുന്നതുകൊണ്ട് ആ മരണം ഒരു അപകടമരണമായി അവശേഷിച്ചു.

അച്ഛൻ മരിച്ച ശേഷം അമ്മ ആ തൊഴിൽ ഏറ്റെടുത്തു. പൊരി വെയിലത്ത്‌ നടന്നുപണിയെടുത്തു വയ്യാതായെന്നു ഇടയ്ക്കിടെ പറയുമായിരുന്നു. ഒരു ദിവസം കളിയൊക്കെ കഴിഞ്ഞ് വീട്ടിൽ വന്നപ്പോ അമ്മയെ കണ്ടില്ല. ചോറൊക്കെ ഉണ്ടാക്കി അടച്ചു വച്ചിരുന്നു. അടുക്കളയിൽ ഒരു സഞ്ചി നിറയെ അരിയും പച്ചക്കറിയും. ചോറുണ്ണാനായി കമിഴ്ത്തി വച്ച കിണ്ണം എടുത്തു നോക്കിയപ്പോ അതിൽ നിന്ന് കുറച്ചു കാശ് കിട്ടി. കാശെടുത്തു പോക്കെറ്റിൽ വച്ചിട്ട് ചോറുണ്ട് ഉമ്മറത്ത് ചെന്നിരുന്നു. രാത്രിയായിട്ടും അമ്മ വന്നില്ല.

രാവിലെ എണീറ്റ് മുഖം കഴുകാനായി പൈപ്പിൻ ചോട്ടിൽ ചെന്നപ്പോൾ അപ്പുറത്തെ വീട്ടിലെ ഉഷ ചേച്ചിയാണ് പറഞ്ഞത് അമ്മായിനി വരില്ലെന്ന്. ഏതോ തമിഴന്റെ കൂടെ ഒളിച്ചോടി പോയത്രേ. പല്ലുതേച്ചു വീട്ടിൽ ചെന്ന് കുറച്ചു കട്ടനുണ്ടാക്കി കുടിച്ചു.

ഒരാഴ്ച എങ്ങനൊക്കെയോ കഴിഞ്ഞുപോയി. വീട്ടിലെ സാധനങ്ങൾ തീർന്നു തുടങ്ങിയപ്പോഴാണ് പണിക്കു പോകുന്നതിനെ പറ്റി ആലോചിച്ചത്. അപ്പുറത്തെ വീട്ടിലെ രഘുവാണ് പൂക്കച്ചോടത്തെ പറ്റി പറഞ്ഞത്. അവന്റെ അച്ഛൻ തളർന്നു കിടപ്പായതിനു ശേഷം അവൻ പൂക്കച്ചോടം ചെയ്താണ് വീടുനോക്കിയിരുന്നേ.

അങ്ങനെ അവനൊപ്പം പൂകച്ചോടം തുടങ്ങി. കുഴപ്പമില്ല പക്ഷെ ചില ദിവസങ്ങളിൽ പൂക്കൾ ചിലവാകില്ല.

ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൂക്കൾ വാങ്ങി വരും വഴിയാണ് ഒരു ബെഞ്ചിലിരുന്നു കരയുന്ന കുഞ്ഞിനെ കണ്ടത്.1 വയസ് പ്രായം കാണും. ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടില്ല. കരയുന്ന കുഞ്ഞിന് തൊട്ടടുത്ത കടയിൽ നിന്നും ചായയും ബണ്ണും വാങ്ങി കൊടുത്തു. വിശപ്പ് മാറിയപ്പോൾ അവളെന്നെ നോക്കി ചിരിക്കാൻ തുടങ്ങി. കുഞ്ഞി കൈകൾ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കി ചിരിച്ചു. അവളുടെ കൊച്ചരി പല്ല് കൊണ്ട് എന്റെ കവിളിൽ കടിച്ചു. പിന്നെ അവളെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല. വീട്ടിൽ വന്നു തൊട്ടടുത്ത വീട്ടിലെ ചേച്ചിയെ ഏൽപ്പിച്ചു പണിക്ക് പോയി. വൈകിട് പണി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അവൾക്ക് ഭയങ്കര സന്തോഷമായിരുന്നു. കുഞ്ഞി കാലടികൾ വച്ചു എന്റെ പിറകിൽ നിന്ന് മാറാതെ നടപ്പായിരുന്നു. അവളെ ഞാൻ അനു എന്ന് വിളിച്ചു. എന്റെ സ്വന്തം അനിയത്തിയായി വളർത്തി. ഇപ്പോ അവൾക്ക് 4 വയസാവാറായി.

**************

തൊട്ടടുത്തുള്ള പലചരക്കു കടയിൽ കടം പറഞ്ഞു അരിയും വാങ്ങി വീട്ടിലെത്തിയപ്പോൾ എന്റെ വരവും കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു അനുക്കുട്ടി. അവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് കയറി. മൂലയിൽ ഒതുക്കി വച്ച നിറയെ പലഹാരങ്ങളുള്ള കവറുകൾ കണ്ടപ്പോൾ സംശയത്തോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവിടെ നിറഞ്ഞ സന്തോഷമായിരുന്നു.

“അതൊക്കെ അമ്മ കൊണ്ട് വന്നതാ ചേട്ടാ “

ഒന്നുമറിയാത്ത പ്രായത്തിൽ തന്നെ ഒറ്റക്കാക്കി പോയെങ്കിലും ഉള്ളിൽ ഇരമ്പിയാർത്തു വന്ന സന്തോഷത്തോടെ ഞാൻ ഉള്ളിലേക്കോടി.

അവിടെയൊന്നും ആരും ഉണ്ടായിരുന്നില്ല.

“അമ്മ…അമ്മ..എവിടാ മോളെ? “

“അവരൊക്കെ പോയി ചേട്ടാ. അമ്മേടെ കൂടെ അച്ഛനും ഉണ്ടായിരുന്നു “

ഏറെ സന്തോഷത്തോടെ അവളത് പറഞ്ഞു നിർത്തുമ്പോൾ അമ്മയെന്നെ കാണാതെ പോയതിലുള്ള സങ്കടം മഴയായി എന്റെ കവിളിലൂടെ  ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

കൈയും കാലും കഴുകി വന്ന് അരിയെടുപ്പത്തിടുമ്പോഴും കണ്ണ് നിർത്താതെ പെയ്തു കൊണ്ടിരുന്നു.

പിന്നിലൂടെ വന്ന് കണ്ണ് പൊതികൊണ്ട് അനുകുട്ടി ഒരു ജിലേബി എടുത്ത് എന്റെ വായിൽ വച്ചു തന്നു. അവളെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി ഒരു കഷ്ണം കഴിച്ചു. ബാക്കി മോൾ കഴിച്ചൊന്നും പറഞ്ഞു വിട്ടു.

അനുമോളെ കാണിക്കാൻ കുറച്ചു കഞ്ഞി കുടിച്ചെങ്കിലും, വറ്റൊന്നും തൊണ്ടയിൽ നിന്നിറങ്ങുന്നുണ്ടായിരുന്നില്ല.

കിടക്കാൻ നേരമാണ് അനുമോൾ പറഞ്ഞത്, അടുത്തയാഴ്ച അനുമോൾടെ പിറന്നാളിന് ഞങ്ങളെ കൊണ്ടുപോവാൻ ആ വരുമെന്ന്.

പറഞ്ഞത് മനസിലാവാതെ ഞാനവളെ നോക്കി. എനിയ്ക്കു പോലും അറിയാത്ത അനുമോൾടെ പിറന്നാൾ അമ്മക്കെങ്ങനെ അറിയാം. അവളെ കണ്ടിട്ട് കൂടെയില്ലാത്ത ആ അവളുടെ പിറന്നാൾ അറിയുന്നതെങ്ങനെ? മനസ്സിൽ വന്നും പൊന്തി വന്ന ഒരായിരം സംശയങ്ങളെ മൂടി വച്ച് ഞാനുറങ്ങാൻ കിടന്നു. മുല്ലപ്പൂവിന്റെ മണമുള്ളൊരു പുലരിയെ വരവേൽക്കാൻ.

**************

ദിവസങ്ങൾ പാഞ്ഞു പോയികൊണ്ടിരുന്നു. അനുമോളുടെ പിറന്നാളെന്നു പറഞ്ഞ ദിവസവും വന്നെത്തി. രാവിലെ തന്നെ അവളെയും കൂട്ടി തൊട്ടടുത്ത അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. അവളുടെ ഇഷ്ടം പോലെ തലയിൽ നിറയെ പൂചൂടിയാണ് പോയത്. വീട്ടിലെത്തുമ്പോൾ മോൾക്ക്‌ കൊടുക്കാനായി കുടുക്ക പൊട്ടിച്ചു വച്ച കാശു കൊണ്ട് ഒരു സമ്മാനവും വാങ്ങി വച്ചിരുന്നു.

അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോഴേ ഞങ്ങളുടെ വീട്ടുവഴിയിലേക്ക് തിരിയുന്നിടത് നിർത്തിയിട്ട ഒരു കാർ കണ്ടു. വർധിച്ച ഹൃദയമിടിപ്പോടെ അവളുടെ കൈയും പിടിച്ചു വീട്ടിലേക്കു നടന്നു. ഓടാമ്പലിട്ട ഉമ്മറത്തെ വാതിലിനു മുന്നിൽ വെളുത് നല്ല ഭംഗിയുള്ളൊരു ചേച്ചിയും അവരുടെ കൂടെ നരച്ച താടി വച്ചൊരു മനുഷ്യനും . അനുമോളെ കണ്ടപാടെ ആ സ്ത്രീ ഓടി വന്ന് കെട്ടിപ്പിടിച്ചു. അവളെ എടുത്ത് ഉമ്മ വച്ചു. ആ നരച്ച താടിക്കാരൻ എന്റെ അടുത്ത് വന്ന് കൈയ്യിൽ പിടിച്ചു.

അയാളുടെ മുഖത്തു നോക്കി ചിരിച്ച എന്നെ ചേർത്ത് നിർത്തി മുഖത്ത്‌ തട്ടി

“എന്റെ മോൾക്ക് വിവാഹത്തിന് മുൻപുണ്ടായ കുട്ടിയാണ്. ഒരു വയസു വരെ അവൻ വരുമെന്ന് വിചാരിച്ചു ഒരു ബന്ധുവിന്റെ വീട്ടിൽ സംരക്ഷിച്ചു പിന്നീട് എന്റെ  സ്വാർത്ഥത കാരണം ഞാനവളെ ആരും കാണാതെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. നീ എടുത്ത് കൊണ്ട് പോകുന്ന കണ്ടാണ് ഞാൻ അടുത്ത ട്രെയിനിൽ കയറി പോയത്. പക്ഷെ അതിനു ശേഷം എന്റെ മോൾടെ മാനസിക നില  തകർന്നു. അവൾ ഒരു ഭ്രാ ന്തിയായി. ഒരു വർഷത്തോളം ഭ്രാ ന്താശുപത്രിയിലെ സെല്ലിലായിരുന്നവൾ. ഇപ്പോ കുറേശേ ശരിയായി വരുന്നു. ഡോക്ടർ പറഞ്ഞതനുസരിച് കുഞ്ഞ് ഇവിടെയുണ്ടാവും എന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ വന്നത്. അപ്പോ തന്നെ മോളെ കൊണ്ട് പോകാൻ അവൾ ബഹളം വച്ചിരുന്നു. നിന്റെ അനുവാദത്തോടെ കൊണ്ടുപോവാമെന്ന് പറഞ്ഞാണ് ഇന്ന് വീണ്ടും  വന്നത്. കൊണ്ട് പൊയ്ക്കോട്ടേ ഞാൻ? “

എന്റെ മുൻപിൽ കൈകൾ കൂപ്പി  നിൽക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ എനിക്കും കരചിൽ വന്നു. അനുമോളപ്പോഴും അമ്മയുടെ കൂടെ കളിക്കുകയായിരുന്നു.

ഞാൻ പോയി മോളെ എടുത്ത് അമ്മയുടെ കൈയ്യിൽ കൊടുത്തു. ഒന്നും മനസിലാവാതെ നിന്ന അനുമോളോട് മോളു പോയി അമ്മേടെ കൂടെ കുറച്ചൂസം നിന്നിട്ടു  വരാൻ പറഞ്ഞു. അപ്പൊ ചേട്ടനെന്താ വരാതെന്നു ചോദിച്ചവളുടെ കവിളിൽ തട്ടി ചേട്ടൻ പിന്നെ വരാമെന്നും പറഞ്ഞു ഒരുമ്മയും കൊടുത്തു.

കുഞ്ഞിനെ കൈയ്യിൽ കിട്ടിയ സന്തോഷത്തിൽ യാത്ര പറഞ്ഞവർ പോയി. ആദ്യമായി അമ്മയെ കണ്ട സന്തോഷത്തിൽ എനിക്ക് ടാറ്റാ തന്നു അനുമോളും. അവൾക്കറിയില്ലലോ അവളിനി ഈ ചേട്ടനെ കാണാൻ പോകുന്നില്ലെന്നു.

കണ്ണുനീർ മറച്ച കാഴ്ചയിൽ പിന്തിരിഞ്ഞു നടന്നു വീടിനകത്തു കയറി, അടുക്കളയിൽ ജീരക പാത്രത്തിനകത്തു നിന്നും ഒരു പൊതി പുറത്തെടുത്തു. അനുമോൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കാൻ ഞാൻ  വാങ്ങിയ ചുവന്ന മുത്തുകളുള്ള പാദസരം. ഇനിയവൾക്കതിന്റെ  ആവശ്യമില്ലലോ.

പാദസരവും നെഞ്ചോട് ചേർത്തു ഞാൻ കിടന്നു. ഇനിയാരും എന്നെ തേടി വരുവാനില്ലെന്ന ഉറപ്പോടെ…..

~സൗമ്യ ദിലീപ്