മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഒരു നിമിഷം പകച്ചുപോയ ജിതൻ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത് ഓടി വാസുകിയ്ക്കരികിലെത്തി. ശരീരത്തിൽ നിന്നും അപ്പോഴും ചൂട് വിട്ടുമാറിയിട്ടില്ല എന്നതവന് നേർത്തയൊരു പ്രതീക്ഷ നൽകിയിരുന്നു. ധൈര്യം സംഭരിച്ചവളെ വാരിയെടുത്തവൻ ഹോസ്പിറ്റലിലേക്ക് ഓടി.
********************
ഐസിയുവിന് മുന്നിൽ അക്ഷമനായി നില്കുകയായിരുന്നു ജിതൻ. രക്തം ഒരുപാട് നഷ്ടപ്പെട്ടുവെന്നു അവർ പറഞ്ഞിരുന്നു. എങ്കിലും നല്ലത് പ്രതീക്ഷിക്കാമെന്നും….എന്തിനവൾ ഇതുചെയ്തു എന്ന ചോദ്യമാണ് അപ്പോഴും അവനെ അലട്ടിക്കൊണ്ടിരുന്നത്. വൈകാതെ ഐസിയുവിന്റെ ഡോർ തുറന്ന് ഡോക്ടർ അനീഷ് ചന്ദ്രൻ പുറത്തേയ്ക്ക് വന്നു.
“ഡോണ്ട് വറി ജിതൻ. ഷീ ഇസ് ഓൾറൈറ്റ്. ഞാൻ പറഞ്ഞത് പോലെ നല്ല ബ്ലഡ് ലോസ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കുറച്ചു ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടി വന്നു എന്നേയുള്ളൂ. വേറെ ആരോഗ്യ പ്രശനങ്ങൾ ഒന്നുമില്ല.”
“താങ്ക് ഗോഡ്…അനീഷ്…അവളെന്തിനാണ് ഇത് ചെയ്തത് എന്നാണ് എനിക്കറിയാത്തത്.”
“നിങ്ങൾ തമ്മിൽ പ്രോബ്ലംസ് ഒന്നുമില്ലെന്ന് ഉറപ്പല്ലേ ജിതൻ.”
“എസ്..”
“കുട്ടികൾ ഉണ്ടാവാത്തതിന് ഫാമിലി പ്രഷർ വല്ലതും ഉണ്ടായിരുന്നോ..?”
“എന്റെ അമ്മ അങ്ങു ചേട്ടന്റെ അടുത്തല്ലേ. പിന്നെ അത് ഞങ്ങളായി തന്നെ കുറച്ചു വർഷത്തേക്ക് വേണ്ട എന്നുവെച്ചതാണ് എന്നു അവർക്കെല്ലാം അറിയാം. അതിനെക്കുറിച്ചു ഫാമിലിയിൽ ആരും അങ്ങിനെ സംസാരിക്കാറില്ല.”
“വാസുകിയ്ക്ക് എന്തെങ്കിലും മാനസീക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ ജിതൻ…?”
“വാട്ട് യൂ മീൻ…? അവൾക്ക് അങ്ങിനെ ഒരു കുഴപ്പവുമില്ല. ഷീ ഇസ് കമ്പ്ലീറ്റ്ലി നോർമൽ.”
“ആർ യൂ ഷുവർ…?” ജിതൻ ഉള്ളിലൊളിപ്പിച്ച അമർഷത്തോടെ അനീഷിനെ നോക്കി.
“നീ ദേഷ്യപ്പെടേണ്ട. എന്തായാലും ഇതൊരു സൂയിസൈഡ് അറ്റംപ്റ്റ് ആണ്. സോ ഇങ്ങനെ സംഭവിച്ചാൽ അതിജീവിക്കുന്ന രോഗികളെ ഒരു കൗണ്സിലിംഗ്നു വിധേയമാക്കുന്ന ഒരു പതിവുണ്ട്. ഇവിടെ വാസുകിയ്ക്കും അത് ആവശ്യമാണ്. അപ്പോൾ അറിയാം ഞാനീ ചോദിച്ചതിന്റെ വ്യക്തമായ ഉത്തരം.”
“എന്റെ വാസുകിക്ക് ഭ്രാന്താണ് എന്നാണോ നീ പറയുന്നത്..?”
“നീയല്ല കാരണമെങ്കിൽ…വേറൊരു കാരണവും ഇല്ല എങ്കിൽ…അവളെന്തിന് ഇത് ചെയ്തു..?നിനക്ക് ഉത്തരമുണ്ടോ..?” വല്ലായ്മയോടെ ജിതൻ നിന്നു.
“അപ്പോ ഉത്തരം അറിയണം എങ്കിൽ അവളോട് തന്നെ ചോദിക്കണം. ഉണരട്ടെ നമുക്ക് ചോദിക്കാം..” പെട്ടെന്ന് ജിതന്റെ ഫോണ് ബെല്ലടിച്ചു.
“ഹെലോ.. ജിതൻ ഹിയർ..”
“സർ, ആനന്ദ് ആണ്. വേഗം ഒന്ന് ഓഫിസിലേക്ക് വരാമോ…വല്ലാത്ത കണ്ഫ്യൂഷനിലാണ് ഞാൻ.”
“ആനന്ദ്, ഞാനിപ്പോ ലേക്ഷോർ ഹോസ്പിറ്റലിലാണ്. വാസുകി…വാസുകിയ്ക്ക് ഒരു പ്രോബ്ലം. എനിക്കുടൻ വരാൻ കഴിയില്ല. ഇവിടെ ഒന്ന് റെഡി ആക്കിയിട്ടു ഞാൻ വരാം. അതുവരെ ഒന്ന് മാനേജ് ചെയ്യൂ..”
“അല്ല.. സർ.. ഇത്..”
അവൻ പറഞ്ഞു കഴിയും മുന്നേ ജിതൻ ഫോണ് കട്ട് ചെയ്തു കഴിഞ്ഞിരുന്നു.
******************
കണ്മുന്നിൽ കാണുന്ന സിസിടിവി ദൃശ്യങ്ങളിലേക്ക് ആനന്ദ് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു. കാര്യങ്ങളൊന്നും വ്യക്തമാകാതെ തല പുകഞ്ഞിരുന്ന ആനന്ദ് ഫോണെടുത്ത് വേഗം സൈബർ സെല്ലിൽ വിളിച്ചു.
“ഹെലോ എസ്.ഐ ആനന്ദ്, മാത്യുവാണ് കസ്ബയിൽ നിന്ന്…കഴിഞ്ഞ ദിവസം ഒരു നമ്പർ ന്റെ ചാറ്റ് ഹിസ്റ്ററി ആൻഡ് കൊണ്ടാക്സ്റ് ബാക്കപ്പ് എടുക്കാൻ തന്നിരുന്നില്ലേ…എന്തായി..?”
“പൂജ് കേസല്ലേ സർ. ഡീറ്റൈൽസ് മെയിൽ ചെയ്തിട്ടുണ്ട്..”
“ഓഹ്..സോറി..ഞാൻ ശ്രദ്ധിച്ചില്ല..നോക്കിക്കോളാം താങ്ക്സ്..”
അവൻ വേഗം മെയിൽ ഓപ്പണ് ചെയ്ത് അവർ അയച്ച ഫയൽ നോക്കി. ചാറ്റ് ഹിസ്റ്ററി മുഴുവൻ നോക്കിയവൻ അതിലേറ്റവും കൂടുതൽ ചാറ്റ് ചെയ്ത ഒരാളുടെ നമ്പർ കോണ്ടാക്ട് ലിസ്റ്റിൽ പരതി. അങ്ങിനെ ഒരു പേര് കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തത് കൊണ്ട് തന്നെ, ഫോണെടുത്ത് വിന്ദുജയുടെ നമ്പർ ഡയൽ ചെയ്‌തു.
“ഹെലോ വിന്ദുജ.. ഞാൻ എസ് ഐ ആനന്ദ് ആണ്. പൂജ പ്രണയിക്കുന്ന ആളെക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല എന്നല്ലേ പറഞ്ഞത്..”
“അതേ സർ..”
“പൂജ എപ്പോഴെങ്കിലും നിരഞ്ജൻ എന്നൊരു പേര് തന്നോട് പറഞ്ഞിരുന്നോ..? ഏതെങ്കിലും സന്ദർഭത്തിൽ..?”
“ഇല്ല.. അങ്ങിനെ ഒരാൾ..ഇല്ല..അവർ പറഞ്ഞിട്ടില്ല..”
“ശരി. ഇഷ്ടപ്പെട്ട ആളോട് ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ. അതോ ചാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളോ..?”
“ഇല്ല..സർ..ഫോണിൽ സംസാരിക്കുമായിരുന്നു..അതും മണിക്കൂറുകൾ.”
“ഉറപ്പാണോ..വിന്ദുജ..?”
“അതേ…സർ ഉറപ്പാണ്..”
ഫോണ് കട്ട് ചെയ്ത് ആനന്ദ് വീണ്ടും കോണ്ടാക്ട് ലിസ്റ്റിൽ നിരഞ്ജൻ എന്ന പേര് തിരഞ്ഞു. എംആ പേരിൽ ഒരു നമ്പറും സേവ്ഡ് ആയിരുന്നില്ല. വേറെ ഏതെങ്കിലും പേരിൽ ആയിരിക്കും സേവ് ചെയ്തത് എന്നോർത്തവൻ, ഫോണിൽ ഫ്ബി ആപ്പ് തുറന്ന് അതിൽ നിരഞ്ജൻ ആദി എന്ന ഐഡി സെർച്ച് ചെയ്തു. ഒരു സുമുഖനായ ചെറുപ്പക്കാരന്റെ മുഖചിത്രമുള്ള ഐഡിയായിരുന്നു അത്. പൂജയുടെ എഴുത്തുകൾ എല്ലാം നിരഞ്ജന് ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തിരുന്നത് എന്ന കാര്യം അവൻ ശ്രദ്ധിച്ചു. ആനന്ദ് വേഗം എബൗട്ട് ഓപ്പണ് ചെയ്ത് അതിൽ അയാളുടെ മൊബൈൽ നമ്പർ ഉണ്ടോ എന്ന് നോക്കി. മെയിൽ ഐഡി പോലും ഹിഡൻ ആയിരുന്നു.
അവൻ വേഗം ഫോണ് എടുത്ത് വീണ്ടും സൈബർ സെൽലേക്ക് വിളിച്ചു. “ആനന്ദ് ആണ് ഫ്രം കസ്‌ബ. ഞാനൊരു ഫ്ബി ഐഡി ലിങ്ക് മെയിൽ ചെയ്തിട്ടുണ്ട്. ആ ഐഡിയുടെ ഡീറ്റൈൽസ് ഒന്ന് വേണം. ആക്ടിവേറ്റ് ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ മെയിൽ ഐഡി….പിന്നെ ആക്സിസ് ചെയുന്ന ഫോണ് IMEI നമ്പർ ആൻഡ് ഓണർഷിപ്പ്…അല്ലെങ്കിൽ IP അഡ്രസ് അങ്ങിനെ എന്തെങ്കിലും….ഈ ഐഡിയുടെ ഉടമസ്ഥനെ കണ്ടെത്താൻ സഹായിക്കുന്ന എന്തായാലും അതെനിക്ക് വേണം.”
“ഓകെ സർ.. ഇപ്പോ തിരിച്ചു വിളിക്കാം.”
***************************
ഡോക്ടർ അനീഷിന്റെ ക്യാബിൻ തുറന്ന് ജിതൻ അകത്തേയ്ക്ക് കയറി. അനീഷിനൊപ്പം മറ്റൊരു ചെറുപ്പക്കാരൻ കൂടി ആ റൂമിലുണ്ടായിരുന്നു. ജിതൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അയാളും തിരികെ ഒരു പുഞ്ചിരി കൈമാറി.
“ജിതൻ.. ഇത് വരുണ് വാസുദേവ്. സൈക്കോളജിസ്റ്റ് ആണ്. എന്റെ റിലേറ്റിവ് കൂടിയാണ്. ലേഖയുടെ കസിൻ ബ്രദർ. എനിക്ക് തോന്നുന്നത് വാസുകിയോട് സംസാരിക്കാൻ ഏറ്റവും അനുയോജ്യം വരുണ് ആണെന്നാണ്. എന്ത് പറയുന്നു.?”
“കൊട്ടിഘോഷിച്ച് ചെയ്യണ്ട എന്നാണ് എനിക്കും. നിനക്കറിയാവുന്ന ആളാണ് എങ്കിൽ അതാണ് നല്ലത്. എന്റെ സഹപ്രവർത്തകരോട് പോലും വാസുകി ഇത് ചെയ്ത കാര്യം ഞാൻ പറഞ്ഞിട്ടില്ല. നിനക്കറിയമല്ലോ കേസാകുന്ന കാര്യമാണ്.”
“അതാണ് നല്ലത് ജിതൻ. ആരും…നിൻറെ അമ്മ പോലും ഒന്നും അറിയണ്ട.”
“ശരി…എന്നാൽ പിന്നെ, അവൾക്ക് ബോധം വന്നതും വരുണ് സംസാരിച്ചോട്ടെ..”
“അതിന് മുമ്പ് എനിക്ക് ജിതനോട് ഒന്ന് സംസാരിക്കണം. പ്രൈവറ്റ് ആയി.” വരുണ് പറഞ്ഞത് കേട്ട് ജിതൻ സംശയഭാവത്തിൽ വരുണിനെ നോക്കി.
“നമുക്കൊന്ന് നടക്കാം ജിതൻ, വരൂ…” വരുണ് വേഗം എഴുന്നേറ്റ് കതക് തുറന്നു. ജിതൻ പെട്ടെന്ന് അനീഷിനെ നോക്കി. ചെല്ലു എന്ന് കണ്ണുകൾ കൊണ്ട് അനീഷ് പറഞ്ഞതും ഒരു ദീർഘനിശ്വാസമെടുത്ത് അവൻ വരുണിനെ അനുഗമിച്ചു.
“ജിതന് എന്ത് തോന്നുന്നു…വാസുകി എന്തിനിത് ചെയ്തു..?”
“അറിയില്ല വരുണ്.”
“സോ…ജീവിതം അവസാനിപ്പിക്കാൻ തക്കവണ്ണം ഒന്നും തന്നെ വാസുകിയ്ക്ക് ഉള്ളതായി ജിതനറിയില്ല.”
“ഇല്ല..ഞങ്ങൾ രണ്ടുപേരും നല്ല അണ്ടർസ്റ്റാന്റിംഗ് ആയിരുന്നു. എല്ലാ കാര്യവും തുറന്ന് സംസാരിക്കും. അവൾ നന്നായി എഴുതും, വായിക്കും….വീട്ടിൽ അവളുടേതായി ഒരു മിനി ലൈബ്രറി തന്നെയുണ്ട്.”
“ലിറ്ററേച്ചർ അധ്യാപികയായിരുന്നല്ലോ വാസുകി. എന്തുകൊണ്ട് ആണ് പെട്ടെന്ന് ജോലി വേണ്ടെന്ന് വച്ചു വീട്ടിൽ ഇരുന്നത്.?”
“അത്…അവൾക്ക് ഉറങ്ങുമ്പോ ദുസ്വപ്നം കാണുന്ന ഒരു പതിവുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അത് അസഹനീയമായിരുന്നു. ആകെ ഡിസ്റ്റർബ്ഡ് ആയ ആ സമയത്ത് അവളെന്റെ അമ്മയോടൊപ്പം പ്രാർത്ഥനയും അമ്പലങ്ങളുമായി കുറച്ചുകാലം കഴിച്ചുകൂട്ടി. ലോങ് ലീവ് അധികം എടുക്കാൻ കഴിയാത്തത് കൊണ്ട് ആണ് അവൾ ജോലി രാജിവെച്ചത്. പിന്നെ ചേട്ടന് കുഞ്ഞുണ്ടായപ്പോൾ അമ്മ അങ്ങോട്ട് പോയി. അതോടെ വാസുകിയുടെ അമ്പലം വിസിറ്റ് നിന്നു.”
“എന്നിട്ട്…പ്രാർത്ഥന കൊണ്ടു റെഡി ആയിരുന്നോ..?”
“കുറച്ചു കാലം. പക്ഷെ പിന്നെയും അവൾക്ക് ഉറങ്ങാൻ കഴിയാത്ത വിധം ദുസ്വപ്നം ഉണ്ടാകാൻ തുടങ്ങി. ഈയിടെയായി അവൾ രാത്രി ഉറങ്ങാറില്ലായിരുന്നു.”
“സ്വപ്നം കാണുമോ എന്ന ഭയം കൊണ്ടോ..?”
“അതേ…”
“എത്ര നാളായി വാസുകി ഉറങ്ങാതെ ആയിട്ട്..?”
“ഏകദേശം നാല് മാസമായി..”
“മൈ ഗോഡ്..പകലുറങ്ങുമായിരുന്നൊ..?”
“ഇല്ല. പകൽ വീട്ടിലെ ജോലികളുമായി അവൾ തിരക്കിൽ ആയിരിക്കും. ഉണ്ടായിരുന്ന ജോലിക്കാരിയെ പറഞ്ഞു വിട്ടു അവൾ. ബോറടി മാറ്റാൻ ജോലി ചെയ്യണം എന്ന് പറഞ്ഞിട്ട് രാത്രി പുസ്തകം വായിച്ചിരിക്കും. അല്ലെങ്കിൽ എന്റെ അമ്മ യൂഎസ്ലാണല്ലോ ചേട്ടന്റെ കൂടെ…അമ്മയെ വിളിച്ചു സംസാരിക്കും.”
“നാല് മാസം…അഥവാ 2928 മണിക്കൂറുകൾ ഉറങ്ങാതെയിരിക്കുക. ഇതിൽപ്പരം എന്ത് വേണം ജിതിൻ ഒരാളുടെ മാനസീക നില തെറ്റാൻ…?”
“പക്ഷെ…അവൾ തികച്ചും നോർമൽ ആയിരുന്നല്ലോ വരുണ്..”
“മനസിന്റെ അസുഖം പുറത്ത് കാണാൻ കഴിയുമോ ജിതൻ. അല്ലെങ്കിൽ തന്നെ ജിതന്റെ തിരക്കുകൾക്കിടയിൽ ജിതൻ അത് കണ്ടിരുന്നോ…?കാണിക്കാതെയിരിക്കാൻ വാസുകി ശ്രമിച്ചിരുന്നു എന്നുവേണം കരുതാൻ വാസുകി അനുഭവിക്കുന്ന മാനസീക സങ്കർഷം….പോട്ടെ…എന്താണ് വാസുകി കാണുന്ന സ്വപ്നം എന്നത് ജിതന് അറിയാമോ..?”
“ഇല്ല…വരുണ്…എന്തോ ദുസ്വപ്നം എന്നെ എനിക്കറിയൂ…”
“വാസുകി എന്തിനിത് ചെയ്തു എന്നതിനുത്തരം ആ സ്വപ്നങ്ങളാണ് ജിതൻ. വാസുകിക്ക് മാത്രം അറിയാവുന്ന ആ സ്വപ്നങ്ങൾ.”
***********************
ആനന്ദ് പൂജയുടെ ചാറ്റ് ബോക്‌സിൽ നിന്ന് നിരഞ്ജന്റെയും പൂജയുടെയും ചാറ്റ് ഓപ്പണ് ചെയ്തു വായിക്കാൻ തുടങ്ങി.
“ഏട്ടാ…ഇന്നും നമ്മൾ തമ്മിൽ വഴക്കാണ്..”
“ആകുമല്ലോ..കുറച്ചൊന്നുമല്ലല്ലോ നിനക്ക് അഹങ്കാരം.”
“ഞാനൊന്നും ചെയ്തതല്ല. ദശരഥം സിനിമ കണ്ടു കരഞ്ഞുകൊണ്ട് ഇരുന്നതാണ് ഞാൻ. ഏട്ടൻ വന്നു ടിവി ഓഫ് ആക്കി. അങ്ങിനെ ഇപ്പൊ കരയണ്ടെന്നു.”
“ഹാ..അത് തന്നെ..കരയാൻ വന്നേക്കുന്നു അവൾ.”
“ഒരു സിനിമ കാണാൻ പോലുമുള്ള സ്വാതന്ത്ര്യം എനിക്കി വീട്ടിൽ ഇല്ലേ….ഇതെന്ത് ജീവിതമാണ്.”
“വേറെ എന്തെങ്കിലും നല്ലത് കണ്ടുടെ. ഈ സമയത്ത് ഇങ്ങനെ കരഞ്ഞുകൂടാ…അത് എന്റെ കുഞ്ഞിനാണ് കേട്..”
“ഓഹ്..അതാണ്..ഇപ്പോ എന്നെ വേണ്ട. അതിനേക്കാൾ വലുത് കുഞ്ഞാണ് അല്ലെ..?”
“നീയല്ലേ എന്റെ ആദ്യത്തെ കുഞ്ഞു…നീ കഴിഞ്ഞേയുള്ളൂ ആ വാവ…എന്നാലും സൂക്ഷിക്കണ്ടേ..”
“വേണ്ട.. വേണ്ട..ഒന്നും പറയണ്ട..എനിക്കെല്ലാം മനസിലായി.”
ഒന്നും മനസിലാകാതെ ആനന്ദ് ഇരുന്നു. ഓട്ടോപ്സി റിപ്പോർട്ട്ൽ പൂജ ഇപ്പോഴും വിറ്ജിൻ..പിന്നെങ്ങനെ കുഞ്ഞു….? പെട്ടെന്ന് ജിതൻ ചോദിച്ച ചോദ്യം അവന്റെ മനസിലേക്ക് ഓടിയെത്തി. “ഓട്ടോപ്സി റിപ്പോർട്ട്ൽ വല്ലതും കാണാനുണ്ടോ…ഐ മീൻ റീസന്റ്ലി അബോട്ടായത് പോലെ എന്തെങ്കിലും..?” എന്താവും സർ അങ്ങിനെ ചോദിച്ചത്. വിർജിൻ ആയ ഒരാൾ എങ്ങിനെ ഗർഭിണിയാകും…? ആനന്ദ് ഇരുന്ന് തലമുടി കശക്കി. ഒന്നാലോചിച്ചിട്ടു…പൂജ മരിക്കുന്നതിന് മുൻപുള്ള ചാറ്റ് അവൻ ഓപ്പണ് ആക്കി നോക്കി.
“ഏട്ടാ…”
“നീ ഉറങ്ങിയില്ലേ…ഉറങ്ങാൻ പോകുന്നെന്നു പറഞ്ഞിട്ട്…”
“നമ്മുടെ..കുഞ്ഞു.. നമ്മുടെ കുഞ്ഞു പോയി..”
“ങേ..എന്താ പറയുന്നേ നീ..”
“വയറ്റിലിപ്പോ വല്ലാതെ അനക്കമായിരുന്നു. ഏട്ടൻ കൈവെച്ചാൽ മാത്രമല്ലേ വാവ അടങ്ങു…എന്നും അങ്ങനെയല്ലേ…ഇപ്പൊ ഏട്ടൻ അടുത്തില്ലാതെ….അതിനറിയില്ലല്ലോ ഏട്ടൻ വരില്ലെന്ന്.”
“പൂജാ… നീയൊന്ന് സമാധാനപ്പെട്. നീയൊരു ദുസ്വപ്നം കണ്ടതാണ്. നമ്മുടെ കുഞ്ഞിന് ഒന്നുമില്ല.”
“ഇല്ല ഏട്ടാ…പെട്ടെന്ന് ഒരു വേദന പോലെ തോന്നി. അത് കൂടി കൂടി വന്നു. തൊണ്ട വരണ്ടത് പോലെ…വെള്ളം കുടിക്കാൻ ഞാൻ ടേബിളിലേക്ക് നടന്നു. ജഗിൽ നിന്ന് വെള്ളമെടുത്തതും കുഴഞ്ഞു നിലത്തേയ്ക്ക് വീണു. അപ്പൊ…വല്ലാത്ത വേദന…തുടകൾക്കിടയിലൂടെ ഒഴുകി ഇറങ്ങുന്ന രക്തം. പിന്നെ…വാജിനയിലൂടെ പുറത്തേക്ക് വന്ന എന്റെ ഒരു വിരലിനോളം പോലും വലുപ്പമില്ലാത്ത ഒരു കുഞ്ഞുകൈ…നമ്മുടെ കുഞ്ഞിന്റെ….”
അസ്വസ്ഥതയോടെ മുഖം വെട്ടിച്ച് ആനന്ദ് കണ്ണുകൾ ഇറുകേയടച്ചു. അവളുടെ വാക്കുകളിലൂടെ ആ കാഴ്ച അവന്റെ കണ്മുന്നിൽ മിന്നി മറഞ്ഞു. ബാക്കി വായിക്കാൻ ആവാതെ അവനതിൽ നിന്നും കണ്ണ് മാറ്റിയതും ഫോണ് അടിച്ചു.
“സർ.. സൈബർ സെല്ലിൽ നിന്നാണ് വിനോദ്. ആ ഫ്ബി ഐഡിയുടെ സോസ്‌ഴ്‌സ് കിട്ടി.”
“ആണോ.. പറയൂ വിനോദ് ഞാൻ നോട്ട് ചെയ്യാം.”
തുടന്ന് വിനോദ് പറഞ്ഞത് കേട്ട് ആനന്ദിന്റെ അടി മുതൽ മുടി വരെ ഒരു വിറയൽ പാഞ്ഞു കയറി. തന്റെ മുന്നിലിരുക്കുന്ന ചാറ്റ്ലേക്ക് ഒന്ന് കൂടി നോക്കിയവൻ ആകെ വിയർത്തു നിന്നു…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…