ഗെറ്റ് ടുഗെതർ…
Story written by Ummul Bishr
=============
“എന്താ ഇവിടൊരു തർക്കം?”
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് വന്ന അമ്മയുടേതാണ് ചോദ്യം.
“അത് അമ്മ മരുമോളോട് തന്നെ ചോദിച്ചു നോക്കൂ…”
ഞാനൊന്നും മിണ്ടുന്നില്ല എന്നു കണ്ട് ഏട്ടൻ തന്നെ പറയാൻ തുടങ്ങി. “അമ്മേ ഇവളുടെ കോളേജിലെ ‘ഗെറ്റ് ടുഗെതർ’ ഇന്നാണ്. അവൾക്ക് അതിന് പോണം പോലും. ഞാൻ പോവേണ്ട എന്നുപറഞ്ഞതിനാണ് മുഖം കടുന്നിൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചിരിക്കുന്നത്.”
“അമ്മേ… ഞങ്ങൾ എത്ര വർഷം കഴിഞ്ഞാണൊന്ന് കാണുന്നതെന്നറിയോ?എല്ലാവരെയും കാണാൻ എനിക്കും ആഗ്രഹമില്ലേ. ഏട്ടന് എപ്പോഴും ഫ്രണ്ട്സ് എന്നു പറഞ്ഞു നടക്കാം ഞാൻ ഇന്നൊരു ദിവസം മാത്രമല്ലേ ചോദിച്ചൊള്ളൂ…”
“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ. എനിക്കിഷ്ടമല്ല അതൊന്നും എന്ന് എത്ര തവണ പറഞ്ഞു നിന്നോട്.”
“മോളേ…അവന് ഇഷ്ടമല്ലെങ്കിൽ മോളെന്തിനാ ഇങ്ങനെ വാശിപിടിക്കുന്നത്?”
“അങ്ങനെ പറഞ്ഞു കൊടുക്കമ്മേ…” അമ്മയും കൂടെ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് സ്വയം പുച്ഛം തോന്നി.
“ഞാനിറങ്ങുകയാണ്. ഇന്ന് ഒരു മീറ്റിംഗ് ഉണ്ട് എറണാംകുളത്ത് വെച്ചാണ്. വരാൻ വൈകും.”
“ആണോ? ഞാനിന്ന് നീ വന്നിട്ട് ഹോസ്പിറ്റലിൽ പോവണമെന്ന് കരുതിയതാ. നടുവിന് വല്ലാത്ത വേദന രണ്ടു ദിവസമായിട്ട്.”
“എന്നിട്ടെന്താ അമ്മ ഇതുവരെ പറയാഞ്ഞത്. ഞാൻ വരാൻ കാക്കേണ്ട. അമ്മ ഇവളെയും കൂട്ടി ഇപ്പൊത്തന്നെ ഹോസ്പിറ്റലിൽ പൊയ്ക്കോളൂ.”
“വയ്യാത്ത അമ്മയെ ഒറ്റക്കാക്കി കോളേജിൽ പോവാൻ നോക്കുന്നു ഇവിടെ ഒരാൾ.” പരിഹാസത്തോടെ തന്റെ നേരെ നോക്കി പറഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നു തോന്നുന്നിടത്ത് മൗനത്തോളം വലിയ മറുപടി ഇല്ലല്ലോ.
കുറച്ചു സമയം വരെ അടുക്കളയിൽ എന്റെ കൂടെ ജോലി ചെയ്തിരുന്ന ആളാ. പെട്ടെന്ന് എവിടുന്നാ ഒരു നടുവേദന വന്നത്. മോനും കണക്കാ അമ്മയും കണക്കാ….
ഓരോന്ന് ആലോചിച്ചപ്പോൾ സങ്കടം നിയന്ത്രിക്കാനായില്ല. പിന്നെ അവൾ അവിടെ നിന്നില്ല. മുറിയിൽ കയറി കതകടച്ചു. സങ്കടം കണ്ണീരായി ഒഴുക്കിവിട്ടു. എത്ര ആശിച്ചതാണ് ഈ ദിവസത്തിനായി. വലിയ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം ഭാര്യയുടെ മനസ്സ് അല്പം പോലും മനസ്സിലാക്കാനുള്ള കഴിവില്ല ആൾക്ക്. ഇപ്പോഴും ഇങ്ങനെ പെണ്ണുങ്ങളെ തളച്ചിടുന്നവരുണ്ടാവോ. കഷ്ടം! ഇനി അവരോടൊക്കെ എന്തു പറയും ഞാൻ.
ആലോചിക്കുന്തോറും അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.
“മോളേ വാതിൽ തുറക്ക്…ഫോണിൽ ആരോ വിളിക്കുന്നുണ്ട്.” മറുതലക്കൽ പ്രസീതയാണ്.
“നീ ഇറങ്ങിയോടാ? ഇല്ലേൽ ഞാനതിലേ വരാം. നമുക്കൊരുമിച്ചു പോവാം.”
“വേണ്ടടാ. ഞാൻ വന്നോളാം. അമ്മക്ക് സുഖമില്ല. ഹോസ്പിറ്റലിൽ പോണം. നീ വെച്ചോ ഞാൻ പിന്നെ വിളിക്കാം.” അവൾ കൂടുതൽ ചോദിക്കുന്നതിനു മുമ്പ് ഫോൺ കട്ട് ചെയ്തു.
“മോൾ വേഗം ഡ്രസ്സ്മാറി വായോ. അമ്മ ഓട്ടോക്ക് വിളിക്കട്ടെ അപ്പോഴേക്കും.” അവൾ യാന്ത്രികമായി തലയാട്ടി ഡ്രസ്സ് മാറാൻ പോയി.
മുറ്റത്ത് ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോളാണ് മുറിയിൽ നിന്നിറങ്ങിയത്. വാതിൽ പൂട്ടി അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ അവൾ നിശബ്ദമായിരുന്നു.
കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നു. ഓട്ടോ നിറുത്തിയപ്പോഴാണ് ഇതുവരെ ഉറങ്ങുകയായിരുന്നെന്ന് മനസ്സിലായത്. ചമ്മലോടെ ചുറ്റും നോക്കിയപ്പോൾ അവൾ വാ പൊളിച്ചു. തന്റെ കോളേജ്! വിശ്വസിക്കാനായില്ല അവൾക്ക്….
“അമ്മേ…എന്താ ഇവിടെ? ഏട്ടൻ അറിഞ്ഞാൽ….”
“ഒന്ന് പോ കൊച്ചേ, എന്നെ ചോദ്യം ചെയ്യാനൊന്നും എന്റെ മോൻ വളർന്നിട്ടില്ല. നീ ചെല്ല്.”
“അപ്പൊ അമ്മക്ക് വയ്യാന്ന് പറഞ്ഞിട്ട്?”
“അമ്മക്കൊരു അസുഖവുമില്ല. അതൊക്കെ ഒരു നമ്പറല്ലേ. അവനെത്ര നമ്പർ ഇറക്കിയതാ നമ്മളോട്. ഇടക്കൊക്കെ നമുക്കും ആകാമെന്നേ. നിന്റെ കഴിയുമ്പോൾ അമ്മയെ വിളിച്ചാൽ മതി. അതുവരെ അമ്മ വല്ല്യമ്മടെ അടുത്തുണ്ടാവും. ഇവിടുന്ന് ഏറിയാൽ ഒരു മൂന്ന് കിലോമീറ്ററേ ഒള്ളൂ വല്ല്യമ്മടെ വീട്ടിലേക്ക്.”
“എന്നാലും ഇത് വല്ലാത്ത സസ്പെൻസ് ആയി അമ്മേ.”
“നിന്റെ സന്തോഷം ആണ് എന്റെയും സന്തോഷം മോളേ. നിന്നെ താലി കെട്ടിയതവനാണെങ്കിലും അവനെ കണ്ട് മാത്രമല്ലല്ലോ മോൾടെ അച്ഛൻ മോളേ ആ വീട്ടിലേക്ക് പറഞ്ഞു വിട്ടത്. അപ്പൊ നിന്റെ ആഗ്രഹം നിറവേറ്റൽ എന്റെയും കൂടി കടമയല്ലേ?”
അമ്മയുടെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ടവളുടെ കണ്ണ് നിറഞ്ഞു. പാവം ഒരു നിമിഷത്തേക്കെങ്കിലും തെറ്റിദ്ധരിച്ചല്ലോ ഞാൻ. അവൾക്ക് കുറ്റബോധം തോന്നി.
ആടിയും പാടിയും പറഞ്ഞും ഗെറ്റ് ടുഗെതർ അവസാനിക്കുമ്പോൾ ഇരട്ടി മധുരമുള്ള ഒരുപിടി ഓർമകളുമായി അവളും കോളേജിന്റെ പടിയിറങ്ങി കാത്തു നിൽക്കുന്ന ഓട്ടോയിലേക്ക് നടന്നു…